malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ജൂൺ 30, ശനിയാഴ്‌ച

ചരിത്രം




ചരിത്രത്തിന്റെ
ചിത്രത്തൂണുകൾ
ചിതലരിച്ചു പോകുന്നേയില്ല
അടിയാർ പെണ്ണുങ്ങളുടെ
അടിവസ്ത്രങ്ങളുടെ തേങ്ങൽ
അടിച്ചമർത്തിയ യുവാക്കളുടെ
അടങ്ങാത്ത വിങ്ങൽ
വിപ്ലവത്തിൽ വീണടിഞ്ഞ
അധികാര കസേരകൾ
അധ്വാനത്തിന്റെ ആടുകളെ
വേട്ടയാടുന്ന
അധികാരത്തിന്റെ ചെന്നായകൾ
തെറ്റു ചെയ്യുന്നവർ മാത്രം
കല്ലെറിഞ്ഞ കാലം
പരദേശി അല്ലാതിരുന്നിട്ടും
പാലായനം ചെയ്യേണ്ടി വന്നവർ
നോക്കൂ ;
ഒത്തിരി കണ്ണീരു വീണമണ്ണ് ചവുട്ടി-
ക്കുഴച്ചാണ്
ചരിത്രം കടന്നു പോയിട്ടുള്ളത്.
പറേ

2018, ജൂൺ 29, വെള്ളിയാഴ്‌ച

അമ്മ ഒരിക്കലും മരിക്കില്ല




ഇലയുടെ കണ്ണീർ പോലെ
വഴിവക്കിൽ മഞ്ഞ് പൊഴിയുന്നു.
ഭയം പുരണ്ട നഗ്നതമറയ്ക്കാൻ
വരമ്പിൽനിന്ന് വയലിലേക്ക് തവള -
കൾ ചാടി
ഇരുട്ടും, കണ്ണീരും കണ്ണുകാണാതാക്കുന്നു
വിതുമ്പുന്ന ചുണ്ടുകൾ വിറകൊള്ളുന്നു
കുഴിമാടത്തിലെ പച്ചമൺകൂനയ്ക്ക്
മുന്നിൽ അവൻ നിന്നു.
നഷ്ടപ്പെട്ടു പോയ ഒരു വാക്കാണമ്മ.
സ്നേഹത്തിന്റെ ഒരു തുരുത്ത്.
ചിറകറ്റുപോയിരിക്കുന്നു
സ്വപ്നങ്ങൾ പാളങ്ങൾപോലെ
അനന്തതയിലേക്കു നീളുന്നു
രാപ്പക്ഷിയുടെചിറകിന് കനമേറുന്നു
നരച്ച വഴിവിളക്കിൽ നിന്ന് ദുഃഖം
തുളുമ്പുന്നു
ലക്ഷ്യത്തിന്റെ ഭൂപടമായിരുന്ന അമ്മ
കണ്ണിലൊരു മുഖമായി മണ്ണിൽച്ചേർന്നു
കിടക്കുന്നു
വേദനമാത്രം വിളമ്പിതരുന്നു ജീവിതം
സ്നേഹങ്ങൾ ആകാശമേഘംപോലെ
വേഗം കടന്നുപോകുന്നു
സ്നേഹത്തെ ഹൃദയത്തിലേറ്റിയ സമാധനത്തിന്റെ ഒലീവിലയാണ് അമ്മ
അമ്മ ഒരിക്കലും മരിക്കുന്നില്ല

2018, ജൂൺ 28, വ്യാഴാഴ്‌ച

പ്രണയ വിളക്ക്




എന്റെ ഹൃദയത്തിൽ ടാറ്റു
കുത്തിയിരിക്കുന്നു
നിന്നോടുള്ള പ്രണയം.
എന്റെ സ്വപ്ന തീരത്ത്
അലയടിച്ചെത്തുന്ന ഒരു
സൂര്യകാന്തിപ്പൂവ്
കുങ്കുമപ്പൂവുപോലെ ചുവന്ന
മുഖമുള്ള സന്ധ്യയിൽ
അരളിപൂപ്പട്ടുവിരിച്ച ചരൽ -
പാതയിൽ
സ്നേഹത്തിന്റെ ഭാഷ
മൗനമെന്നു നീ പറഞ്ഞു തന്നു .
പ്രണയം ഒരു മഹാവൃക്ഷമാണ്
നാമതിൽ ചേക്കേറുന്ന പക്ഷികളും .
പ്രണയികളുടെ കണ്ണുകളിൽ
ലഹരി പുകഞ്ഞു കൊണ്ടേയി -
രിക്കുന്നു
അവ പിന്നെയുംപിന്നെയും
മൗനത്തിന്റെ തിരകളെ മുറിച്ച്
വാചാലതയുടെ തെളിവിളക്കുകൾ -
കൊളുത്തുന്നു.

2018, ജൂൺ 27, ബുധനാഴ്‌ച

ഇന്ന്.......!



ഇന്നലെ കണ്ട
പച്ചയുടിപ്പിട്ട ഒരു മൊട്ടക്കുന്ന്
ഇന്നാരോടും പറയാതെ
ഇറങ്ങി നടന്നു.
സുന്ദരിപെണ്ണായമുളങ്കാട്
തലയൊലുമ്പിയിരുന്ന
കൈത്തോട്
ഇന്ന് കറുത്ത കോട്ടിട്ട റോഡ്.
സ്വപ്ന ലോകത്തിലാണ്
നാം ജീവിക്കുന്നത്
യാഥാർത്ഥ്യമായതെല്ലാം
ഒരു നിമിഷം കൊണ്ട് സ്വപ്നംപോലെ
മറയുന്നു
മണ്ണിന്റെ നിലവിളിയിൽ ഉന്മാദം
കൊള്ളുന്നമക്കൾ
അമ്മയെ ബലാൽസംഗം ചെയ്തു
കൊണ്ടിരിക്കുന്നു
ചോരനദികളുടെ ഉറവയിൽ
ആത്മരതി നുണയുന്നു
ക്രൂരമായൊരാനന്ദത്തിന്റെ സീൽക്കാര
മുതിർക്കുന്നു.
എല്ലാം സഹിക്കുമ്പോഴും ചില അടയാള
ങ്ങൾ കാട്ടുന്നുണ്ടവൾ
നീ തിരിച്ചറിയാതെ പോകുന്ന  അടയാളങ്ങൾ
നീ നിന്റെ ചോരകൊണ്ട് ചാർത്തിയ
നിന്റെപെണ്ണിന്റെ നെറ്റിത്തടത്തിലെ
സിന്ദൂരം
വടിച്ചെടുക്കുന്നുണ്ടിടയ്ക്കിടെ.
ചായങ്ങൾ കൊണ്ട് കോറിയിട്ട ചിത്രങ്ങൾ
മാത്രമാണ് നിനക്കിന്ന് പ്രകൃതി
കിളികളുടെ സിംഫണി നിലച്ച
കനച്ച ഒരു കാട്
കാവുകളെല്ലാം കാൽച്ചിലമ്പുകൾ
ഊരിയെറിഞ്ഞിരിക്കുന്നു
ഒറ്റച്ചിലമ്പുമായ് ഒരിക്കൽ ഉറഞ്ഞാടി
യേക്കാം
പുരിചുട്ട് കണ്ണകിയായ് കത്തിനിന്നേക്കാം


2018, ജൂൺ 26, ചൊവ്വാഴ്ച

നെരിപ്പോട്




പച്ചപ്പട്ടിൽ നീലക്കണ്ണുള്ള
കുഞ്ഞിനെപ്പോലെ
തലയാട്ടി കളിക്കുന്നു
കുന്നിൽ ചരുവിൽ കാക്കപ്പൂവ്
കരയിലിട്ട പരൽ മീനിനെപ്പോലെ
ഓർമ്മകൾ പിടയ്ക്കുന്നു
വെള്ളം ചൂടാകുന്നതു പോലെ
പതുക്കെ സംസാരിച്ചിരുന്നവൾ
കാക്കപ്പൂവിന്റെ കുഞ്ഞിക്കണ്ണിലേക്ക്
നോക്കിയിരിക്കുന്നവൾ
കുസൃതിക്കിടയിൽ കണ്ണൊരു വലിയ
ജലാശയമെന്ന് കാട്ടിതന്നവൾ
തേക്കിലവട്ടിയിൽ പൂക്കളിറുക്കുവാൻ
കാടുതോറും തുമ്പിയായ് പറന്നവൾ
താളത്തിൽ തുമ്പിതുള്ളി തങ്കക്കുടമെന്ന്
ചെല്ലപ്പേര് ചൊല്ലുമ്പോൾ
ചൊടിച്ചുകൊണ്ട് പിന്നാലെയോടി
പിച്ചിയും, മാന്തിയും അരിശം തീർത്തവൾ
അരശിച്ചെടിയെന്ന്നെൽച്ചെടിയെ വിളിച്ച
തമിഴത്തിക്കുട്ടിയെ കളിയാക്കി
കണ്ണുപൊട്ടിച്ചവൾ
പിന്നെയെന്നാണ് താഴ്വരയിലെ
തണ്ണീർതടത്തിലേക്ക് അവൾ പോയത്
കണ്ടപ്പുല്ലുകൾക്കിടയിൽ വെട്ടിയിട്ട
തടപോലെ
ജലത്തിൽ പൊങ്ങിക്കിടന്നത്.
നിറങ്ങളായ് നിറഞ്ഞു നിന്നവൾ
നെരിപ്പോടായ് ഇന്നുമുണ്ടുള്ളിൽ.





2018, ജൂൺ 24, ഞായറാഴ്‌ച

കണി


സുഹൃത്തുപോൽ വന്നെത്തി
നൽസുപ്രഭാതം
പ്രണവമന്ത്രമുരുവിട്ടു വിളിക്കയായ് .
പ്രകൃതീശ്വരിക്കൊരു വിളക്കുമായി
പ്രഭാത കിരണം വിരികയായി.
പച്ചവില്ലീസു പുതപ്പുമൂടി
പച്ചപ്പുൽക്കൊടികൾ
കുളിർന്നിരിപ്പായ്.
സുമമാല ചാർത്തി ചെറുകാവു തോറും
കിളികൾതൻ കളിചിരി മേളമായി
ഹിമവൈരമാല, യണിഞ്ഞു കൊണ്ട്
ചെറുകുന്ന് കുശലം പറഞ്ഞു നിൽ-
പ്പായ്.
വല്ലികൾ താളത്തിൽ തലകളാട്ടി
തെന്നലുമായി സല്ലാപമായി.
മാറ്റൊലി കൊള്ളുന്നു
മുറ്റു ,മാശംസകൾ
അമ്പലപ്രാവിൻ, അരയാൽ കിളികൾതൻ.
പൂവിൻദലങ്ങളിൽ
കവിതകൾ കോറുന്നു
ചോടുകൾവെച്ചു തുള്ളീടുന്നു മൈനകൾ
ശൈലാഗ്രത്തിലിരുന്നു
ചെറുപുഞ്ചിരിയാലെ
ഇളവെയിൽ നാളം നീട്ടീടുന്നു തരണിയും
...........
തരണി = സൂര്യൻ.

യാത്രയ്ക്കൊടുവിൽ



വണ്ടിവരാൻ ഇനിയും -
താമസമുണ്ടെന്ന്
ചൂളംവിളിയോടുകൂടി
ഒരു കാറ്റ് ഫ്ലാറ്റ്ഫോമിൽ
വന്നുനിന്നു.
അക്ഷമരായി നിന്നവരിൽ -
പലരും
വർത്തമാനത്തിന്റെ ഒച്ച
പ്പാടിലേക്ക് ഊളിയിട്ടു
ചിലർ അക്ഷമയെ ഒരുകാലിൽ
നിന്ന്
മറ്റേ കാലിലേക്ക് മാറ്റിചവുട്ടി
ഒരു കൂട്ടർവാച്ചിലെ സമയത്തെ
അളന്നുകൊണ്ടിരുന്നു
മറ്റൊരുകൂട്ടർ  മണ്ണിലേക്ക്തല
പൂഴത്തിയ
ഒട്ടകപ്പക്ഷികളെപ്പോലെ
മൊബൈൽ ഫോണിലേക്ക് തല -
പൂഴ്ത്തി
ക്ഷമയുടെ നെല്ലിപ്പടിക്കണ്ട ഏതാനും -
പേർ
ചൂടുചായ ചവച്ചരച്ച് ആവിയാക്കി
പറത്തിക്കൊണ്ടിരുന്നു
എത്രയെത്ര ആൾക്കാർ
പല ജാതി, മതം, ദേശം, ഭാഷ,
പ്രായം, പ്രീയം, വേഷം, വിഷയം
ഒരു മേൽക്കൂരയ്ക്കുകീഴെ
ഒടുവിൽ പലപല വഴികളിലേക്ക്
വിടചൊല്ലി പിരിയുന്നു
ഒരു നനുത്ത ചിരി, കൈവീശൽ
തീർന്നു
പിന്നെ,ഒരു നാളും കണ്ടുമുട്ടിയെന്നു
വരില്ലപലരേയും.



2018, ജൂൺ 23, ശനിയാഴ്‌ച

മഴ




രാവിലെമുതലേ ചുറ്റിതിരിയുന്നു -
ണ്ടൊരു മഴ
സ്കൂളിനരികിലായി.
വീട്ടീന്നിറങ്ങിയപ്പോൾ
കൂടെ കൂടിയതാണ്
മുരണ്ടു മുരണ്ട് ചാടി -
പിടിക്കുമെന്ന ഒരുഭയത്തിന്റെ
പന്ത്മനസ്സിലുരുട്ടിയിടുന്നുണ്ട്
വേഗത്തിൽ നടന്നും
ചിലപ്പോഴൊന്നോടിയും
സ്കൂളിലെത്തിയപ്പോൾ
പുറത്ത് നിന്നു.
ഇടയ്ക്കിടെ എത്തിനോക്കുന്നു
ണ്ടകത്തേക്ക്
കണക്ക് മാഷിന്റെ സ്‌കെയിലളവിൽ
ചുവന്ന കൈവെള്ളയിൽ
ഊതിതരുന്നുണ്ട്.
ഇടവേളയിൽ മൂത്രമൊഴിക്കാൻ
തെങ്ങിൻ ചോട്ടിൽ കൂട്ടുവന്നിരുന്നു
മണിയടിച്ച് അകത്ത് കയറി തിരിഞ്ഞു
നോക്കുമ്പോൾ
പിന്നെകാണാനില്ല
ഉച്ചയ്ക്ക് റോഡുവരേ ചെന്നു നോക്കി -
യതാണ്
വന്നിരുന്നെങ്കിലെന്ന് കൊതിയോടെ
കാത്തിരുന്നതാണ്
ഉച്ചയ്ക്ക് ഹാജർപോലും പറഞ്ഞത്
പുറത്ത് കണ്ണുംനട്ടാണ്
പഠിച്ചപാഠങ്ങളൊക്കെയും പാടവും
പറമ്പും
നീണ്ടമണിയടി നിരാശയാണ്തന്നത്
ആകാശത്തെ കൊഴിഞ്ഞ പൂവുകളാണ് -
മഴകളെന്നോർത്തുകൊണ്ട് നടക്കുമ്പോൾ
അതാ, കണ്ടത്തിലെ കുണ്ടുകുളത്തിൽ
ചെളി തെറിപ്പിച്ചു കൊണ്ടു നിൽക്കുന്നു -
മഴ.

2018, ജൂൺ 22, വെള്ളിയാഴ്‌ച

കൊഴിഞ്ഞു പോയ ഇല




മുറിയുടെ മൂലയിൽ
മുഖമില്ലാതൊരുവൾ
കുനിഞ്ഞിരിക്കുന്നു.
പക്ഷിയിരിക്കുമ്പോ
ഴുള്ള
തുഞ്ചത്തെ ചില്ല
പോലെ
വിറയ്ക്കുന്നു.
അന്തിവെയിലിന്റെ
ഒരു ചീള്ള്
അകത്ത് വീണു കിട
ക്കുന്നു
കരിഞ്ഞ സ്വപ്നങ്ങൾ
സ്വേദബാഷ്പമായി
മണം പരത്തുന്നു.
പനിക്കണ്ണാൽ
മിഴിച്ചു നോക്കാൻ
കഴിയാതെ
കുഴഞ്ഞ് കൊഴിഞ്ഞു
വീഴുന്നൊരു ഇല
തൊടിയിൽ.

2018, ജൂൺ 21, വ്യാഴാഴ്‌ച

പ്രണയഭംഗി




മധുരമായൊരു വൈവശ്യം
എന്നിൽ വന്നു പടരുന്നു.
മങ്ങിയവെയിലിന് വെളിച്ചം
വെച്ചതുപോലെ
ലജ്ജയുടെ ഒരു തെഴുപ്പ്
മുളയിട്ടു വരുന്നു.
ഭൂമിയിലേക്കടർന്നു വീണ
സ്വർഗത്തിന്റെ തുണ്ടാണ്
പ്രണയം.
ഉള്ളിലൊരു സൂര്യകാന്തി
പൂക്കുന്നു
മോഹ സാന്ദ്രമായ ആനന്ദ
ത്തിന്റെ
ഒരു ചിത്രശലഭം നൃത്തം വെയ്
ക്കുന്നു.
പ്രണയം അങ്ങനെയാണ്
കടലിലും, കരയിലും നിലാവെ
ന്നപോലെ.
അടിയിൽ നിന്ന് അണിയം
വരേയും
ഏതു കാറ്റിലും, കോളിലും
ആടിയുലയുമ്പോഴും
പ്രണയത്തിന്റെ ഉപ്പു പരലുകൾ
ആകെ പൊതിഞ്ഞു നിൽക്കുന്നു .
നിലാവിന്റെ ഇരട്ടി ഭംഗിയാർന്നതാണ്
പ്രണയം

2018, ജൂൺ 20, ബുധനാഴ്‌ച

ശാരികയോട്



എങ്ങുപോയെങ്ങുപോയ്
ശാരികപൈതലേ
എന്നാണു നിൻ,പാട്ടു തോർന്നു
പോയി
നോവൂറുമുള്ളത്തിൽ
നാവിന്റെ തുമ്പത്തിൽ
പാട്ടിന്റെ തുണ്ടം തുടിച്ചു നിൽപ്പൂ
ജന്മാന്തരങ്ങളായ് ഒന്നായിരു
ന്നോർനാം
ഒറ്റതിരിഞ്ഞിനു പോയതെന്തെ
ആഴിപോലഗാധമാം സ്നേഹങ്ങ
ളൂഴിയിൽ
കാത്തു വെയ്ക്കേണ്ടവരല്ലെനമ്മൾ
സാന്ത്വനമെന്തെന്നറിയാതെ
ഞാനിന്ന്
സായന്തനത്തിലണഞ്ഞിടുന്നു
സ്വപ്നങ്ങൾ പൂത്തൊരാ
നീപാടി നിന്നൊരാ
തരുശാഖി ശിശിരം കവർന്നിടുന്നു
കവർപ്പുകൾമാത്രമേ ബാക്കിയു
ള്ളൂയിന്
മധുരങ്ങളെന്നോ മൃതിയടഞ്ഞു
എങ്ങുപോയെങ്ങു പോയ്
ശാരികപൈതലേ
എങ്ങുപോയെന്നിലെ പൂക്കാലമേ
ഇനിയെന്നു ജീവിതപച്ച തുടിച്ചിട്ടും
പുലരികൾ ഭൂപാളം പാടിനിൽക്കും

2018, ജൂൺ 19, ചൊവ്വാഴ്ച

ജീവനം




കണ്ടിട്ടുണ്ടോ നിങ്ങൾ?
ആടലോടകം, ആര്യവേപ്പ്,
ആവണക്ക്, എരുക്ക് .
കേട്ടിട്ടുണ്ടോ നിങ്ങൾ?
കുറുന്തോട്ടി, മുത്തങ്ങ ,
നന്നാറി, കണ്ണാന്തളി,
ഉമ്മം, കറുക,ചതുകുപ്പ,
ചെറൂള.
മർമ്മ വൈദ്യൻ തൊടുന്ന
തെല്ലാം മർമ്മമെന്നപ്പോലെ
മുത്തച്ഛനൊപ്പം തൊടിയിലേ
ക്കിറങ്ങിയാൽ
ചവിട്ടുന്നതും തൊടുന്നതു
മെല്ലാം
ഔഷധ സസ്യങ്ങൾ.
ചരകനും, സുശ്രുതനും, വാഗ്-
ഭടനും
മുന്നൂറ്റി നാൽപ്പത്തിയൊന്ന്
ഔഷധ സസ്യങ്ങളും
സമകാലീനരാണെന്നു തോന്നും
മുത്തച്ഛനെ കേൾക്കുമ്പോൾ.
തൊടികളെല്ലാം തുണ്ടുതുണ്ടായി
ഔഷധസസ്യങ്ങളെല്ലാം
നട്ടാമുളക്കാത്ത നുണകളായി.
കാടുകളായി കരുതിയവയൊകെ
കരുതലുകളായിരുന്നു
പഴയവയൊക്കെ പാതാളത്തിലേക്ക്
താഴ്ത്തി
പരിഷ്കാരത്തിന്റെ പടവുകൾ
പടുക്കുമ്പോൾ
കരുതിയിരുന്നില്ല നാടുനീങ്ങിയവ
നന്മയെന്ന്,
തിരഞ്ഞു പോകുന്നുണ്ടിപ്പോൾ
തിരിച്ചുപിടിക്കാൻ ജീവനത്തെ

2018, ജൂൺ 18, തിങ്കളാഴ്‌ച

മൂന്ന് കവിതകൾ



മനുഷ്യൻ


അടിവേരില്ലാത്ത
എപ്പോഴും ഊർന്നു
വീണേക്കാവുന്ന
ഊന്നുവേരുള്ള മരം

ജീവിതം

ചിലർക്ക് രുചിച്ച്
ചിലർക്ക് രുചിയറ്റ്
ചിലർക്ക് കയ്ച്ച്
ചിലർക്ക് ഇനിച്ച്

താന്തോന്നി

എതിർദിശയിലേക്ക്
പടരുന്ന വേര്.

2018, ജൂൺ 17, ഞായറാഴ്‌ച

മൃത്യു




വിശപ്പിന്റെ അപ്പംഅവൻ ഭക്ഷിച്ചു
വിയർപ്പിൻ ജലം പാനം ചെയ്തു
ശരീരം അവനോടു പറഞ്ഞു:
ആത്മാവിന്റെ കരുത്ത് പോര
അപ്പത്തിന്റെ ബലത്തിലേ ജീവിതം
നിലനിൽക്കു
അപ്പം കരുത്താകുന്നു
ആത്മാവിന്റെ ബലമാകുന്നു.
ശരീരത്തെ അവൻ അവഗണിച്ചു
ആത്മാവിനെ ആഹരിച്ചു
വിശപ്പ് കാർന്നു കഴിയാറായ
ശരീരം
പിന്നെയും പറഞ്ഞു:
നോക്കൂ അവരൊക്കെ അവരുടെ
നേട്ടങ്ങളിൽ അഭിരമിക്കുന്നു
വനങ്ങളെ തിന്നുന്നു ,പുഴകളെ
കുടിക്കുന്നു ,ലഹരിയുടെ നീല
ജ്വാലകളിലാറാടുന്നു
പിന്നെ താമസിച്ചില്ല, അവൻ
ശരീരത്തെ ഉപേക്ഷിച്ച്
ആത്മാവിന്റെ ചിറകിലേറി
അനന്തതയിലേക്ക് ആണ്ടു പോയി.

2018, ജൂൺ 16, ശനിയാഴ്‌ച

കാട്ടുമക്കൾ



കാട്ടിൽ കവിത പൂത്തിരിക്കുന്നു
പക്ഷികളുടെ വായ്ത്താരികൾ
ഉയർന്നു കേൾക്കുന്നു
കാടിന്റെ മക്കളിൽപ്രാക്തനമായ
 ഒരുശുദ്ധി നിറഞ്ഞിരിക്കുന്നു
നാടിന്റെ നാഡിയാണവർ.
പട്ടിണിയുടെ പടവിലേക്ക്
കണ്ണീരിറ്റിയിറ്റി വീഴുന്നു
ദൂരവനങ്ങളിൽ വെടിയൊച്ച
കേൾക്കുന്നു
വെടിയേറ്റപക്ഷിയുടെ ആർത്ത
നാദമുയരുന്നു
വസന്തത്തിലെ ഇടിമുഴക്കം
കാല്പനികസ്വപ്നം കാണുന്ന
വനെപ്പോലെ
യെന്നിൽഓർമ്മകൾ പെയ്തി
റങ്ങുന്നു.
ചരിത്രത്തിന്റെ ചിത്രങ്ങളാണവർ
മണ്ണിന്റെ മാഞ്ഞു പോകാത്ത
ഒരടര്
പ്രാക്തനമായ ഒരു പ്രാർത്ഥന.

2018, ജൂൺ 15, വെള്ളിയാഴ്‌ച

ഒരു ഞായറാഴ്ച്ച




ഞായറാഴ്ച്ച ദിവസമാണ്
സന്ധ്യാസമയമാണ്
വായനശാലയിലാണ്
പുസ്തകം മടക്കാനാണ്
പുതിയവ,യെടുക്കാനാണ്
ലൈബ്രേറിയൻ പരിസ്ഥിതി
ക്ലാസിൽ.
തിരക്കൊട്ടുമില്ലെങ്കിലും
തിക്കിതിരക്കുന്നുണ്ട്
ഉള്ളിൽനിന്നൊരുള്ളം
തിരക്കുകളുടെ ലോകത്ത്
ജീവിക്കുന്നതുകൊണ്ടാകാം.
വാനമൊരുകലങ്ങിയ പാടം
പോലുണ്ട്
കാറിന്റെ കാളകൾ തട്ടമുട്ടി
വരുന്നുണ്ട്
വെളുക്കെചിരിക്കുന്നുണ്ട്
മിന്നൽ
ലൈബ്രേറിയൻ വന്നു
കറൻറ് കണ്ണടച്ചു
ഷെൽഫിലെ ഇരുണ്ട മൂല
യിൽനിന്ന്
ടോൾസ്സ്റ്റോയി,സി.വി.ബാല
കൃഷ്ണൻ, എം.മുകുന്ദൻ,
എൻ.പ്രഭാകരൻ, സേതു
തന്റെ പുസ്തകസഞ്ചിയിൽ
കയറി
കക്ഷത്തിൽ ഭദ്രമായിരുന്നു.
പരിസ്ഥിതി ക്ലാസിന്റെ ശബ്ദം
ഇടറിയിഴഞ്ഞു കേൾക്കാം
റോഡിലേക്കിറങ്ങിയതും
മാനം പൊട്ടിവീണതുപോലൊ
രുമഴ
കുത്തിയൊലിച്ചു വരുന്ന
പ്ലാസ്റ്റിക് പ്രളയത്തിൽ
പുതുമഴയ്ക്ക് വയലിലേക്ക്
കയറിയ മുഷിയെപോലെ ഞാൻ.

2018, ജൂൺ 13, ബുധനാഴ്‌ച

പുലരി വരിക തന്നെ ചെയ്യും




അങ്ക പുറപ്പാടിൻ കൊമ്പു വിളിക്കുന്നു
അരയും, തലയും അവർ മുറുക്കീടുന്നു
അഴുകിയ തത്വത്തിന്നാടയണിഞ്ഞവർ
അഴലിന്റെ ശൂലവുമേന്തി വന്നീടുന്നു
നേരും,നെറിയുമെന്തെന്നറിയാത്തവർ
നിറത്തിന്റെ പേരിൽ നിണമൊഴുക്കീടുന്നു
നീലക്കാർവർണ്ണന്റെ കാലിൽ കുമ്പിട്ടവർ
വെറി കൊണ്ട കോലങ്ങൾ,വേതാള രൂപ - ങ്ങൾ
പകയുടെ പങ്കായ മാഞ്ഞു തുഴയുന്നു
കളങ്കമില്ലാതോർതൻ കണ്ഠ മറുക്കുവാൻ
അങ്കം കുറിച്ചവർ ആഞ്ഞു വന്നീടുന്നു
വാശിതൻ പാശമിതെന്തിനെന്ന്
വീശി വരുന്നോരെ ഓർപ്പതുണ്ടോ?
വർണ്ണത്തിലാശങ്കയുള്ളവരെ
വിപിന,മകമേ വളർത്തുവോരെ
നാടിന്റെ മോചന നേർസാക്ഷിയെ
ചോരയിൽ മുക്കാൻ നടക്കുവോരേ
ചേരുമ്പടിചേർക്കാൻ കൊള്ളുകില്ല
ചേടികളായി വളർന്നോർ നിങ്ങൾ
നാടിന്റെ മോചനപോർക്കളത്തിൽ
പൊത്തിലൊളിച്ചുമറഞ്ഞോർ നിങ്ങൾ
കാരാഗൃഹത്തിന്നകത്തളത്തിൽ
മുപ്പതു മുക്കോടി മാപ്പെഴുതി
സായിപ്പിൻ പിന്നിലൊളിച്ചോർ നിങ്ങൾ.
ഭാരതയുദ്ധത്തിലന്നു ചൊല്ലി:
ഇക്കണ്ടതൊന്നും കളിയല്ലയെന്നും
പാണ്ഡവർക്കേ ജയമെന്നുള്ളതും
ഈ രാത്രിയൊരിക്കൽ പിടഞ്ഞുതീരും
പിന്നെ വെളിച്ചം തെളിഞ്ഞു വരും.


ബന്ധങ്ങൾ




വായിച്ചെടുക്കുവാൻ
കഴിയുന്നില്ല,യിപ്പോൾ
അച്ഛനെ, അമ്മയെ,
മക്കളെ .
വിലയിട്ടുവെച്ചിരിക്കുന്നു
ബന്ധങ്ങളെ
നിലവിട്ട കാലത്തിൻ
മുനമ്പിൽ
കടമയെന്നു കരുതി
കടമ്പകളേറുക
കഠിന മനസ്താപം
രുചിക്കാതിരിക്കുവാൻ.
ആക്രിവിലയില്ലാത്ത
ബന്ധങ്ങൾ കൊണ്ട്
ആകാശ കോട്ട കെട്ടാ
തിരിക്കുക.

2018, ജൂൺ 12, ചൊവ്വാഴ്ച

ഇല്ലായ്മയിലും




ശൂന്യതയുടെ ചുരം
കയറുന്ന
 പ്രണയികൾ നമ്മൾ
ജീവിതാടുപ്പിൽ
വെന്തുരുകുന്ന
കവിതാക്ഷരങ്ങൾ
ഇല്ലായ്മകളുടെ
ഗോവണികളിലൂടെ
സ്വപ്നങ്ങളിലേക്കേ
റുന്നു നമ്മൾ
പട്ടിണിയുടെ പടിപ്പുരയിൽ
പുഞ്ചിരിയുടെ വിളക്കു
കൊളുത്തുന്നു
വിശപ്പിന്റെ വിയർപ്പിലും
സാന്ത്വനത്തിന്റെ വിശറി
വീശുന്നു
നിരാശയുടെ അഗാധതയി
ലേക്ക്
ഊർന്നു പോകുമ്പോൾ
ഞാൻ നിന്നിലേക്കും
നീയെന്നിലേക്കും
അടർന്നു വീഴുന്നു
നമ്മുടെ ശ്വാസങ്ങളിൽ നിന്ന്
ആശകളുടെ ശലഭങ്ങൾ
പാറുന്നു
കറുത്ത രാത്രികളിൽ
കവിതയെന്നിൽ
വെളുത്ത വിത്തിടുന്നു
ഒരു പുലരിയിലേക്ക്
പുതു ചെടി നമ്പിടുന്നു.



2018, ജൂൺ 10, ഞായറാഴ്‌ച

വിളമ്പി വെയ്ക്കുന്നത്




അവന്റെ യിടനെഞ്ചിൽ
കുത്തി നിർത്തിയ കത്തി
അമ്മതൻ ഗർഭപാത്രത്തി
ലല്ലയോ തറയ്ക്കുന്നു.
അവന്റെ ശിരസ്സറ്റു വീ
ണോരു ചുണ്ടിൽ
അമ്മതൻ പാലല്ലോ
ഇടറി വീഴുന്നു
സ്ഫോടനത്താലൊരു
പ്രാണൻ പിടയുമ്പോൾ
ചിന്നിച്ചിതറുന്ന,തമ്മതൻ
ചോര
ചോരി വായിലമ്മിഞ്ഞ
യിറ്റിച്ചുനൽകുമ്പോൾ
എന്തെന്തു സ്വപ്നങ്ങളാ
യിരുന്നമ്മയ്ക്ക്
പുതിയ ,ലോകംപടുക്കുന്ന
മക്കളെ
പാപികൾകല്ലെറിയുന്നിവിടെ
"എങ്ങനെ നമ്മൾ നമ്മളായെന്ന് "
അറിയാതൊരുകൂട്ടം കാട്ടാളരിന്നും
കാവി ചുറ്റിയ സന്ധ്യകളെ മാത്രം
സ്വപ്നം കണ്ടു നടക്കുന്നു ,യിന്നും
അവര,മ്മ തൻ മുലയറുക്കുന്നു
അവരമ്മതൻ ചോര നുണയുന്നു
അവർ ജാതിയെ മതത്തെ തിര
യുന്നു
അവർ നിറങ്ങളെ നിങ്ങളെ തിര
യുന്നു
അവർ നിത്യവും അമ്മയ്ക്കു
മുന്നിൽ
പച്ച മാംസം വിളമ്പി വെച്ചീടുന്നു

2018, ജൂൺ 9, ശനിയാഴ്‌ച

പ്രായമില്ലാത്തത്




പുലരിയിലൊരു സൂര്യൻ നമ്മിലുദിക്കുന്നു
ഇരവിലസ്തമിച്ചെന്നു തോന്നുന്നുവെങ്കിലും
ഉള്ളിന്റെയുള്ളിൽ പ്രകാശിച്ചു നിൽക്കുന്നു.
കണ്ടു കണ്ണെടുക്കുവാൻ തോന്നാത്ത
കൊതിയാണ്
കനവിലും കണ്ണിൽ നിറയേ പൂത്തിരിയാണ്
കിളിയും, കുളിരും കൈവളച്ചിരികളും
ചുണ്ടിൽ ചുവന്നുള്ള ചുംബന പൂക്കളും
പ്രണയത്തിൻ താഴ്വര തീരത്തു കായാമ്പു
കൊമ്പിലോടക്കുഴൽ നാദലഹരിയും
മേഞ്ഞു നടക്കുന്നു നമ്മളിൽ നമ്മളാ
ഏതോ പുരാതന ഗുഹാക്ഷേത്രം, കൽത്തറ
ഗോത്രങ്ങൾ തമ്മിൽ കുടിപ്പക്ക
ഗോപ്യമായുള്ള രതിജന്യചാരുത
പ്രാക്തനമായൊരു പ്രാർത്ഥയാകുന്നു
പ്രണയം പരേശ നന്മയെന്നറിയുന്നു
വറ്റാത്ത കടലാണു പ്രണയം
കടലെടുക്കാത്ത,വനമാണ് പ്രണയം
കുളിരിലും ചൂടാണ് പ്രണയം
ചൂടിലും കുളിരാണ് പ്രണയം
ഹൃദയത്തിലെന്നും തരുണരക്തം പേറി
തരളിതമാക്കും പ്രണയം
പ്രായമേ നീ മാറി നിൽക്ക
പ്രീയമാം പ്രണയം തളിർക്ക

2018, ജൂൺ 8, വെള്ളിയാഴ്‌ച

ഉത്തരം കിട്ടാത്ത ചോദ്യം




തെരുവിൽ തലകുനിച്ചുനിൽക്കുന്നു
തരുക്കൾ
ചുളിഞ്ഞ കവിളുപോലെ മഴച്ചാറ
ലേറ്റ മണ്ണ്
അവളുടെ കണ്ണുകൾ നനഞ്ഞു
നരച്ചു തുടങ്ങിയ മുടിനാരു പോലെ
മഴക്കാറിനിടയിൽ വെള്ളിമേഘം
കുഴിഞ്ഞ കണ്ണിലെ കലങ്ങിയ കണ്ണീരു പോലെ
തെരുവിലെ ചെറുകുഴികളിൽ ജലം
ചുരുട്ടു പോലെ എരിഞ്ഞു നിൽക്കുന്നു പടിഞ്ഞാറു സൂര്യൻ
താഴെ ജലത്തിൽ രൂപം കൊള്ളുകയും
നിമിഷത്തിൽ പൊലിഞ്ഞു പോവുകയും
ചെയ്യുന്ന
വലിയകുമിളപോലെ ജീവിതമെന്നവളോ ർത്തു
തണുപ്പ് വിഷം പോലെ സിരകളിലൂടെ
അരിച്ചു കയറുന്നു
കനമില്ലാത്ത ഒരു പ്രതിഭാസം താനെന്ന്
അവൾക്ക് തോന്നി
ഓരോരിക്കലും യുദ്ധം ചെയ്യാറുണ്ട് മനസ്സ്
അവസാനം വരണ്ട ചുണ്ടുകൾ വിതുമ്പു
കയും
തിമിരം പോലെ കണ്ണീർപ്പാടകൾ പടരുകയും
ചെയ്യുന്നു.
ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ജീവിതം

2018, ജൂൺ 7, വ്യാഴാഴ്‌ച

സത്യം




പൊത്തിലുറങ്ങുന്നു
സത്യങ്ങൾ
കള്ളങ്ങൾ
കളത്തിലിറങ്ങി കളിക്കുന്നു
തീ യുമ്മവെയ്ക്കുന്നു നെഞ്ചിൽ
തീപ്പാമ്പുകൾ കൊത്തിയെടുക്കു
ന്നു ജീവൻ
തഥാഗതൻ,നീ കാട്ടുന്നില്ല സാഹസം
സഹനവസ്ത്രം നിൻ ഹൃദയത്തിന്നുടുപ്പ്
കുരുതിയുമായെത്തുന്നു ദൂതുകൾ
കരുതിയിരിക്കുക കാലം കറുത്തു പോയ്
ക്ഷേമം പറഞ്ഞു വന്നുള്ളോർ
ക്ഷോഭവും കൊണ്ടു വരുന്നു
ക്ഷമയെന്നതേയില്ല,യിന്ന്
തൽക്ഷണം യെല്ലാം നടപ്പൂ.
തടവിലാക്കപ്പെട്ട ദൃശ്യങ്ങൾ ഒരിക്കൽ പുറത്ത്
വരും
തടിനിയേപ്പോൽ ,തടഞ്ഞു നിർത്താൻ
കഴിയില്ലതോർക്കുക.

2018, ജൂൺ 6, ബുധനാഴ്‌ച

കടലമ്മ




കടലിനെ നോക്കി ഒരു കുടിലിരിക്കുന്നു
കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ അതി -
ലൊരുവളിരിക്കുന്നു
രാത്രി വലയിട്ടുപിടിച്ചിരിക്കുന്നു കടലിനെ
കറു കറുത്ത പേശികളുരുട്ടി വലിച്ചു
കയറ്റാൻ ശ്രമിക്കുന്നു
മീനിനെപ്പോലെ കുതറി മാറാൻ ശ്രമിക്കുന്നു
ണ്ട് തിരകൾ
ഒരമ്പിളി തേങ്ങാപ്പൂള് പടിഞ്ഞാറേ ചെരുവിൽ
കാത്തിരിക്കുന്നു കാക്കയെ
ചത്ത ഒരുമത്തി ചരുവത്തിലെജലപേടക
ത്തിൽ
അന്ത്യകൂദാശ കാത്തിരിക്കുന്നു
കലിതുളളിയ കടലിന്റെ കൂറ്റിൽ
മിണ്ടാൻ മറന്ന് അവൾ
മിഴി പൂട്ടാൻ മറന്ന് കുടിൽ
മഴ മിഴിനീരു പൊഴിക്കുന്ന പുലരി
രക്തമിറ്റുന്ന തിരുമുറിവു പോലെ
ചുവക്കുന്ന കിഴക്കൻമല
കടൽ അമ്മയാണ്
അമ്മ അന്നമാണ്
അറിവില്ലായ്മയിലും അളവില്ലാതെ
വാരിക്കൊടുത്ത അമ്മ
പ്രാർത്ഥനക്കണ്ണ് അക്കരെനട്ട്
കാത്തിരിക്കുന്നു അവൾ




2018, ജൂൺ 5, ചൊവ്വാഴ്ച

തൃഷ്ണ




ഹിമക്കട്ടയായ്സിര
 തണുത്തുറഞ്ഞീടവേ
പ്രണയോഷ്ണമായെ
ന്നിലെന്തിന്നു വന്നു നീ.
പിഞ്ഞിയപേശിയെ തുന്നി
വിടർത്തി
പഞ്ചേന്ദ്രിയങ്ങളിൽ ചൂടു പകർന്നു നീ
ഗന്ധകഗന്ധത്തെയാട്ടിയോടിച്ചെന്നിൽ
പനിനീർ സുഗന്ധങ്ങളെങ്ങും തളിച്ചു നീ
കോപങ്ങളെയാകെ കാമിതമാക്കി
കരളിൽ കവിത നിറച്ചുതരുന്നു നീ
ഒടുങ്ങിയ ദാഹങ്ങളെല്ലാമെ ചേർത്തെന്നിൽ
അന്തർദാഹത്തിനെ ഗർഭമണിയിച്ചു നീ
കണ്ണീർപുഴകളെയൊന്നാകെ
ചേർത്തെന്നിൽ
ചിരിയുടെ ചോലതൻ താളങ്ങൾ
തീർത്തു നീ
വേദനയൊട്ടാകെയൊപ്പിയെടുത്തെന്നിൽ
വയലിൻന്റെ സംഗീതധാരയൊഴുക്കി നീ
പ്രാണനിൽ പ്രണയത്തിൻ തീക്കാറ്റു
ണർത്തിച്ച്
പാരിജാതത്തിൻ കുളിർ നിറക്കുന്നു നീ.
നമ്മളേ നമ്മൾക്കു പങ്കുവെച്ചീടുവാൻ
ശമിക്കാതൊരാസക്തി സമുദ്രത്തിരകളായ്
മൃഗതൃഷ്ണയായുള്ളിൽ പിടഞ്ഞുണർ
ന്നീടുന്നു


2018, ജൂൺ 4, തിങ്കളാഴ്‌ച

അവസാനം




ബുദ്ധന്റെ ബോധത്തെ
ബോധിയിൽ കെട്ടിയിടുന്നു
അഭിനവ ബുദ്ധൻ.
തലച്ചോറിലെ ചോറിലേക്ക്
ചെളി വാരിയെറിയുന്നു.
അഹിംസയുടെ നെഞ്ചിൽ
ചെഞ്ചോര പൂക്കൾ.
നീതിയുടെ നെറ്റിത്തടത്തിൽ
ചോര കൊണ്ടൊരു ചുംബനം.
അടുക്കളയിലെആഹാരത്തിൽ
ഒരു മൃഗീയ സ്നേഹം.
നിനവിലിനിയൊന്നും നിനക്കവേണ്ട
നിദ്രാടനം മാത്രമിനിയുള്ള മാർഗം
ചരിത്രങ്ങളെല്ലാം തടവറയിൽ
പുതു ചിത്രശാല പൂരപ്പറമ്പിൽ
കൊടുങ്കാറ്റിനെ കുടത്തിൽ തളച്ചു
മുക്കുവൻ കടലിൽ കളി തുർന്നു
നുണകളൊരായിരം ചൊല്ലുന്നവർ
മറവിയിലേക്കു നയിക്കുന്നവർ
തിളയ്ക്കുന്ന രക്തത്തിൽ ഹിമപിണ്ഡ
ങ്ങൾ
ഹിമാലയത്തോളം നിറയ്ക്കുന്നവർ.
തടവിലെ ചരിത്രം തിരിച്ചു വരും
കൊടുങ്കാറ്റ് കുടവുമുടച്ചു വരും
കടലിൽ കളിക്കുന്ന വിഡ്ഢി രാജാ
കടലിന്നഗാധത നിനക്കന്ത്യനിദ്ര

2018, ജൂൺ 3, ഞായറാഴ്‌ച

മരണത്തോട്




പ്രണയമേ നീ വരൂ
നിൻ പാനപാത്രത്തിൽ
പകരാമെൻ രക്തത്തിൻ
മധുര വീഞ്ഞ്.
പ്രണയമേ നീ വരൂ
യെൻ തലച്ചോറിന്ന്
അത്താഴമായി
വിളമ്പി നൽകാം.
പ്രണയമേ നീ വരൂ
ഈ നീലരാവിൽ നിൻ
തൂവൽ കിടക്കയായ്
ഞാൻ നിവരാം
പ്രണയമേ നീ വരൂ
പ്രാണൻ പറിച്ചു ഞാൻ
പ്രണയമെന്തെന്നു നിൻ
കാൽക്കൽ വെയ്ക്കാം
മരണമേ നീ വരു
നിത്യതയിലേക്കെന്നെ
പ്രണയോജ്ജ്വല ജ്വാലയായ്
കൈപിടിക്കൂ.

2018, ജൂൺ 2, ശനിയാഴ്‌ച

ജൂൺ




പാടവരമ്പുകൾ തോറും പറന്നെത്തി
കൊറ്റികൾ വെള്ളയുടുപ്പണിഞ്ഞ്
ഇടയ്ക്കിടേ വന്നു മഴച്ചീന്തു പാടുന്നു
മിഴിയിൽ പച്ചപ്പു തളിർത്തിടുന്നു
ചാലിട്ടൊഴുകും മഴനീരുകൾ ചേർന്ന്
പുഴയായ് തഴച്ചു വളർന്നിടുന്നു
തണുക്കാറ്റു വന്നു തലോടി നിൽക്കുന്നേരം
പ്രണയപരവശയായിടുന്നു
ഋതുവിന്റെ താളത്തിനൊപ്പിച്ച് വാനവും
തട്ടമുട്ടിക്കാലിമേച്ചിടുന്നു
മണ്ണുപരത്തും സുഗന്ധത്തിൽ നിന്നും
വിത്തുമുളപൊട്ടി നോക്കിടുന്നു
മുകിൽ പൈചുരത്തുന്ന പാൽനുരയെ ങ്ങുമേ
പാലാഴിയായി നിറഞ്ഞിടുന്നു
പരൽ മീനിനെപ്പോൽ പുളയ്ക്കുന്നു മോഹം
പാരിതിലെങ്ങും പുതുപ്പിറവി
തവളകൾ താളത്തിൽ പാട്ടുകൾ പാടുന്നു
ഞെണ്ടുകൾ ഞൊണ്ടി നടന്നിടുന്നു
ഇടമുറിയാതിനി ഞാനെത്തുമെന്ന്
പാതിരാ പാട്ടായ് മഴ ചൊല്ലിടുന്നു
ഇടവപ്പാതീനടവരമ്പിൽ നിന്നും
കറുകകൾ താളം പിടിച്ചിടുന്നു

2018, ജൂൺ 1, വെള്ളിയാഴ്‌ച

രാവസ്തമിക്കുമ്പോൾ




കാണുവാൻ കാത്തു നിന്നു ഞാനാരാവിന്നിടവഴിയിൽ
വെറുപ്പിൻ കറുപ്പു നിന്നിലെന്നുഞാ
നറിഞ്ഞിരുന്നില്ല
കാത്തുകാത്തു കഴച്ചു കണ്ണ്
വേരായ് വിരലുകൾ മണ്ണിലാഴ്ന്നിറങ്ങി
രാപാമ്പ് വന്നെന്നെ കൊത്തുന്ന നേരത്ത്
കാൽച്ചിലമ്പിട്ടു നീ ഉറഞ്ഞാടി നിൽക്കുന്നു
മുനകൂർത്ത മൗനത്താൽ മുറിവേൽപ്പിക്കുന്നു നീ
പാതിരാ പ്രാന്തായി പടർന്നേറുന്നു നീ
കടൽ മഞ്ഞുകട്ടയായ് മുഖത്തോടു
മുഖം നോക്കി
മിഴിമുന കൊണ്ടെന്നെ കുത്തിനോവി
ക്കുന്നു നീ
എപ്പോഴോ പിന്നെയായിരുട്ടിൽ കടലിലൂ
ടെങ്ങോ ഒഴുകി ഒലിച്ചു നീ മാഞ്ഞു പോയ്
പിന്നെ പടിഞ്ഞാട്ട് രാവസ്തമിക്കവേ
കെട്ടിപ്പുണർന്നു നാം ചുംബിച്ചു ചുംബിച്ചു
ചുവന്നു പുലരിയായ്