malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ജൂലൈ 31, ചൊവ്വാഴ്ച

കെട്ടാൻ പോകുന്ന പെണ്ണിനോട് വർത്തമാനം പറഞ്ഞ് ഇരിക്കാൻ തോന്നിയാൽ



അവന്റെ ഗ്ലാസിൽ
അവൾ ചായ നിറച്ചു
അവർ പരസ്പരം
കണ്ടിട്ട്
മാസങ്ങളായിരുന്നു
ഇതാകട്ടെ പ്രശാന്തമായ
ഒരു സായാഹ്നം
വീട്ടിൽ അമ്മ
മാത്രമെയുള്ളു.

അവർക്ക് ഒരു പാട്
പറയാനുണ്ട്
പുറത്തേക്കൊന്നിറങ്ങാൻ
കൊതിയുണ്ട്
കെട്ടാൻ പോന്നപെണ്ണങ്കിലും
ദിവസം കുറിച്ചിട്ടില്ല
മോതിരം മാറിയിട്ടില്ല
വളയിടീച്ചിട്ടില്ല
അമ്മയല്ലേയുള്ളു
ആശ്വാസമുണ്ട്
പുറത്തേക്കൊന്നിറങ്ങാം.

അപ്പോഴേക്കും ആങ്ങള
യെത്തി
വർത്തമാനമായി
ചിരിയും കളിയുമായി.

അവന്റെ മിഴികളിൽ നിന്നും
അവൾ
പ്രതികരണം വായിച്ചെടു
ക്കുന്നുണ്ടായിരുന്നു
മുള്ളിൻമേൽ എന്ന
പോലായിരുന്നു അവൾ
സന്ധ്യ നടയിറങ്ങി തുടങ്ങി
അപ്പോൾ, അച്ഛനും വന്നു
കൂട്ടിന് ഇരുട്ടും.

കുറച്ച് കഴിഞ്ഞ് അവനും
ഇറങ്ങി
ജാലകത്തിലൂടെ അവന്റെ
പുറങ്കാഴ്ച്ചയുമായി അവൾ
നിന്നു
മിഴികളിപ്പോൾ നവജാതമായ
 രണ്ടു നദികൾ പോലെ

2018, ജൂലൈ 30, തിങ്കളാഴ്‌ച

പീഡനപർവ്വം



നാടു നിറയെ വീടുകൾ പൊന്തുകയാണ്.
കൂണുപോലെയല്ല
 കൊട്ടാരം പോലെ
കഞ്ഞികുടിക്കാനില്ലാത്തവനും
രണ്ടു നില വീടുണ്ട്
മുറ്റത്തൊരു കാറുണ്ട്
ബി.പി.എൽ കാർഡുണ്ട്
വീടുകളെല്ലാംകൂടിയെന്റെ വീടിനെ
ഞെരിക്കുന്നു
അമർന്നമർന്ന് എന്നാണ്
നിലംപൊത്തുകയെന്നറിഞ്ഞുകൂട
എ.പി.എൽ ആയതിനാൽ
അകറ്റി നിർത്തപ്പെട്ടിരിക്കുന്നു
കെട്ടിമേയാൻ ഓലയില്ല,പുല്ലില്ല, -
ഊന്ന് കൊടുക്കുവാൻ തൂണ് കിട്ടാനില്ല
വാപിളർന്ന് ,വലിയ വീടുകൾ
 പിടിച്ചുതിന്നുമെന്ന്
പേടിപ്പിക്കുന്നു എന്റെ കുഞ്ഞു വീടിനെ
കരയാൻ പേടിച്ച് വിങ്ങിപ്പൊട്ടി കമിഴ്ന്നു
കിടക്കുന്നു മണ്ണിൽ
നെഞ്ചോട് ചേർത്ത് ,നിലവിളിക്കരുതെന്ന്
മുത്തം കൊടുത്ത് ഞാൻ പുറത്തേക്കിറ
ങ്ങിയതാണ്
തിരിച്ചു വന്നപ്പോൾ
വരഞ്ഞു കീറി പൂർണ്ണ നഗ്നയായി
ചലനമറ്റുകിടക്കുന്നു വെളിമ്പറമ്പിൽ
കേൾക്കുന്നുണ്ട് അടുത്തുള്ളമട്ടുപ്പാവിൽ
നിന്ന്
ചില്ലുഗ്ലാസുകളുടെ ചിലമ്പിച്ച പൊട്ടിച്ചിരി
കളും
അട്ടഹാസങ്ങളും.

2018, ജൂലൈ 29, ഞായറാഴ്‌ച

അടുക്കള




കരഞ്ഞു കരഞ്ഞ് തളർന്നിരിക്കുന്നു
അരഞ്ഞരഞ്ഞ് ക്ഷീണിച്ചൊരു
അമ്മിക്കല്ല്
നീറി നീറിവെന്തിടുന്നു
അടുപ്പിന്നുളളം
ചുക്കിച്ചുളിഞ്ഞ് ,കറുത്തു കരിഞ്ഞ്
കുഴിഞ്ഞുതാണ് ഒട്ടിയ വയറുമായ്
കലം
അകലെ അകന്നു നിൽക്കുന്നു
ഒര,ധഃകൃതകൈക്കല.
അരഞ്ഞു ക്ഷീണിക്കുമ്പോൾ
അരുമയായ് തടവിയിരുന്നവൾ
വെന്തുരുകുമ്പോൾ വെള്ളം തന്ന്
തണുപ്പിക്കുന്നവൾ
കരിഞ്ഞാലും, കുഴിഞ്ഞൊട്ടിയാലും
സ്നേഹത്താലെന്നും പെരുമാറിയവൾ
അകറ്റി നിർത്തിയാലും അടുത്തുവന്ന്
തൊട്ടുംപിടിച്ചും നിന്നവൾ
അവളാണിന്ന് നടുത്തളത്തിൽ
വെള്ളവിരിപ്പാൽ മൂടി ചലനമറ്റ്
കിടക്കുന്നത്
പുലർച്ചെ ഉണർന്നിട്ടും സങ്കടം
സഹിക്കവയ്യാതെ
ചുരുണ്ടുകൂടി കിടക്കയാണിന്ന്
അടുക്കള.

2018, ജൂലൈ 28, ശനിയാഴ്‌ച

അച്ഛനെ കാത്ത്




കുടത്തിന്റെ കുത്തിന് പിടിച്ച്
കൂവലിൽ നിന്ന് കയറി വരുന്നു
കർക്കടകത്തിലും അമ്മ.

അപ്പന്റെ അരക്കിറുക്കിൽ
മനംനൊന്തു പെയ്യുന്നു
തോരാത്ത മഴയായി അമ്മ.

പകലിരവില്ലാതെ കാലു വെന്ത
നായപോൽ
തീരാത്ത ദു:ഖമായ, ച്ഛൻ
ചില നേരമെങ്ങോ വെയിൽ
പാമ്പ് മറയുമ്പോൾ
സ്നേഹ നിറകുട, മച്ഛൻ.

അത്തരം നാളൊന്നിൽ
ജീവിത ദുരിതത്തിനുത്തരം
തേടി നടക്കേ
പശിയാൽപൊരിയുമാവയറി
നെയോർത്തൊരാൾ
പച്ചയിറച്ചി കൊടുത്തു.

ഇറച്ചിക്ക് കാൽ വന്നു കൈവന്നു
കവലയിൽ കാലനായ് നിന്നു
പാതിരാ കവലയിൽ പച്ചയിറച്ചി
യായ്
അച്ഛൻ ചമഞ്ഞു കിടന്നു.

അടക്കാത്ത കൂരയിൽ ആറിയ
കഞ്ഞിക്ക്
അമ്മ കാവലിന്നു ,മിരിപ്പൂ.




2018, ജൂലൈ 27, വെള്ളിയാഴ്‌ച

ചതി




ചൂണ്ട ഒരു ചോദ്യചിഹ്നമാണ്
മരണത്തിനും ജീവിതത്തിനു
മിടയിലെ ചോദ്യം.

ചിതമെന്നപോലെകൂർത്തു
വളഞ്ഞതിൽ
കൊരുത്തുവച്ചിരിക്കും ചതി
തിരിച്ചറിഞ്ഞ് കുരുങ്ങാതിരു
ന്നാൽ
ജീവിതമേ, നീ തന്നെ ശരി

2018, ജൂലൈ 26, വ്യാഴാഴ്‌ച

വിയർപ്പിൽ കുരുത്ത കവിത




പണിയെടുത്തെടുത്ത്
കറുത്തു കല്ലിച്ചുപോയ
കവിതയാണച്ഛൻ.

നോക്കൂ.....
എത്ര ഭംഗിയായാണ്
കൈക്കോട്ടു കൊണ്ട്
കവിതവരഞ്ഞിടുന്നത് .

തെറ്റാതെ
ജീവിതവൃത്തം
വൃത്തിയിലും ,താളത്തിലും
മെനഞ്ഞിടുന്നത്.

കഞ്ഞിവെള്ളത്തിൽ
കാന്താരിയും, ഉപ്പും -
 ഞെരടി വലിച്ചൊരു
കുടിയുണ്ട്
ഹോ....!എരുവിനെ
വലിച്ചുക്കുടിച്ചു പോകും
കണ്ടു നിൽക്കുന്നവർ -
 പോലും.

കറുത്ത മെയ്യിൽ
കവിതാക്ഷരങ്ങൾ പോലെ
വിയർപ്പിന്റെ മുത്തുമണികൾ
കുനുകുനേ കുരുത്തിരിക്കും
പണിയുന്നവന്റെ കവിത -
യ്ക്കെന്നും
വിയർപ്പു മണമാണ്.

2018, ജൂലൈ 25, ബുധനാഴ്‌ച

കണ്ണീർ പെയ്ത്ത്




അവളെന്നും പറയും:
രാവിലെ ഓഫീസിലേക്കിറങ്ങിയാൽ
ഉച്ചയ്ക്ക് ഊണിനിറങ്ങിയാൽ
വൈകുന്നേരം വീട്ടിലേക്കിറങ്ങിയാൽ
വീട്ടിലെ പട്ടിയേപ്പോലെ,യെന്നും
കൂടെ കൂടും മഴ.
ചരിച്ചുപിടിച്ച കുടയ്ക്കുള്ളിലേക്ക്
ലൈൻ ബസ്സിൽ വിദ്യാർത്ഥികളെ
തളളിക്കയറ്റുന്നതുപോലെ
മഴയെ തള്ളിക്കയറ്റും കാറ്റ്
നനഞ്ഞ വസ്ത്രങ്ങളിൽ ഒട്ടിച്ചേർന്ന്
തിരക്കുള്ള വാഹനത്തിലെ
പീഡനം പോലെ
മഴവിരലുകൾ തണുപ്പിന്റെ
അട്ടകളായി
ദേഹത്തിലിഴയും
ആളുകളറിഞ്ഞാലോ,യെന്ന
പേടിപോലെ
തട്ടിക്കളയാനാവാതെ അസ്വസ്ഥ-
തപ്പെടും
ഇന്ന്, അവളില്ല
ഈ തോരാമഴയിൽ അവളുടെ, _
യോർമ്മകൾ
കണ്ണീർ പെയ്ത്തായെന്നെ
നനയ്ക്കുന്നല്ലോ.


2018, ജൂലൈ 24, ചൊവ്വാഴ്ച

മുന്നറിയിപ്പ്




കത്തിലെ വരികളെന്നെ കൊത്തി
ക്കീറുന്നു
കിഴക്കാം തൂക്കായ കുന്നിലേക്ക്
വലിച്ചിഴക്കുന്നു
ഉറക്കത്തിലും ഭ്രാന്തൻ കൊടുങ്കാറ്റി
നെയഴിച്ചു വിടുന്നു
തലയിലൊരു ചൂടൻ പാമ്പ് ആഞ്ഞു
കൊത്തുന്നു
അശാന്തനാളുകളുടെ ഓർമ്മകൾ
അവശിഷ്ടം പോലെ
അസ്വസ്ഥതയുണർത്തുന്നു
സന്തോഷിക്കേണ്ടുന്ന സായാഹ്നത്തി
ലേക്ക്
നിശ്ചലത കുടിയേറുന്നു
ചുഴിക്കുത്തിലേക്ക് ആണ്ടു പോകുന്നു
ചോദ്യങ്ങൾ ഉള്ളിന്റെ, യുള്ളിലെ
മണൽച്ചൂടിൽ വറുത്തു കോരിയിടുന്നു
തിരയാനില്ലിനി ഒരിടവും, കാത്തിരിക്കുന്ന
വളെ
 കാലപ്പഴക്കത്താൽ മഞ്ഞച്ച കത്തിലെ കറുത്ത അക്ഷരങ്ങളെ
കരളോടു ചേർത്തു ഞാൻ നടക്കുന്നു
പടിഞ്ഞാറ് പകലിന്റെ ചിതാ പ്രവേശം
കഴിഞ്ഞിരിക്കുന്നു
ഇനി സമയമൊട്ടുമില്ല
അവസാനത്തെ വണ്ടി വരുന്നതിന്റെ
മുന്നറിയിപ്പ് പാളം തന്നു കഴിഞ്ഞു

2018, ജൂലൈ 23, തിങ്കളാഴ്‌ച

സ്നേഹിതയ്ക്ക്



എങ്കിലും സ്നേഹിതേ
കൃതാർഥനാണിന്നു
ഞാൻ
ഒരു തുമ്പി ചിറകിൽ നീ
പറന്നിറങ്ങേ
ഒരു നിമിഷം നാം നിർ_
നിമേഷരായ് നിന്നോ
കുന്നിൽ തടഞ്ഞപുഴ
യെന്നപോൽ
എന്തു ചൊല്ലും നമ്മൾ
എന്നോർത്തു നിന്നുവോ,
എങ്കിലും വാക്കിന്റെ
പൂക്കൾ തുന്നി
അന്നേരമോർത്തുവോ
എന്നും ശുഭദിനം മിണ്ടി
പ്പറഞ്ഞു നിന്നുള്ള കാര്യം
അറിയാത്ത പത്തനം
യെങ്കിലും പുത്തനാം
സൗഹൃദമുണ്ടായതെന്റെ
ഭാഗ്യം
നീ വന്ന നേരത്ത്
ഞാനെന്റെ വീടിന്റെ
മുറ്റത്ത് കുശലം പറയു-
ന്നപോലെ
നിൽക്കുവാനേറെ സമയ
മില്ലെന്നാലും
എത്രയും സന്തോഷമാ-
നിമിഷം
എനിക്കുമുണ്ടീ പത്തന
ത്തിൻ നടുവിലായ്
സ്വന്തവും ബന്ധമുമെന്ന
തോന്നൽ
എത്രയും നന്ദിയും, സ്നേ-
ഹവുമുണ്ടെന്റെ
ഹൃദയച്ചെറു ചെപ്പിൽ
സൂക്ഷിപ്പു ഞാൻ
എങ്കിലും സ്നേഹിതേ
വന്നല്ലോ നീയന്ന്
ഓർമ്മയിലിന്നും തുടിച്ചു
നിൽപ്പൂ

2018, ജൂലൈ 22, ഞായറാഴ്‌ച

മഴ




മേഘങ്ങൾ മേഞ്ഞു മേഞ്ഞ്
തെക്കുപടിഞ്ഞാറൻ
മേച്ചിൽപ്പുറം പിന്നിട്ട്
ഇവിടെയെത്തിയിരിക്കുന്നു
ഒറ്റയൊറ്റയായവയെ
ഒറ്റപ്പെട്ടു പോകാതിരിക്കാൻ
കാറ്റിന്റെ വടിയെടുത്ത്
അടിച്ചോടിക്കുന്നുണ്ട് കൂട്ടത്തി -
ലേക്കിടയ്ക്കിടെ
ഒറ്റപ്പെട്ടു പോയവയുടെ തട്ട
മുട്ടലുകൾ കേൾക്കുന്നുണ്ടകലെ
കറുത്ത മേഘങ്ങൾ വെളിച്ചം
തിന്നു തിന്ന് കൊഴുത്തു വരുന്നുണ്ട്
പരിഭ്രാന്തരായ പക്ഷികളുടെ
പറക്കൽ നോക്കി
പകച്ചു നോക്കുന്നു മേഘങ്ങൾ
നേരം തെറ്റിയ നേരത്തും
മടങ്ങിപ്പോകാൻ കൂട്ടാക്കാതെ
അടിക്കുമ്പോൾ ഇടറിവീണ
മേഘങ്ങളാണ് മഴകൾ

2018, ജൂലൈ 21, ശനിയാഴ്‌ച

ഇഷ്ടം




നാട്ടിൻ നറുമണം നല്ലിളം പൈതലായ്
ഉളളത്തിൽ തുള്ളിക്കളിക്കുന്നതുണ്ടിന്നും
വൃശ്ചികം വിറച്ചു മരവിച്ചിരിക്കവേ
കരിയില ച്ചൂടേറ്റു സിരയുണർന്നിടുന്നു
തൊടിയിലെ തൈമാവിൽ ഊയലാടീടുന്ന
തെന്നൽ ചുനമണമെങ്ങും വിതറുന്നു
പല പല പക്ഷികൾ പാടും തൊടി തോറും
പാറി പറക്കുന്നു ഓർമ്മ ശലഭങ്ങൾ
കാലവർഷത്തിന്റെ കണ്ണിൽ കനക്കുമാ
കറുപ്പിനായ് വേഴാമ്പൽ മലമുഴക്കീടുന്നു
വെള്ളിച്ചിലമ്പിട്ടു തുള്ളുന്ന കോമര വെയി
ലിനോടൊന്നിച്ചു തുള്ളുന്നു പൈതങ്ങൾ
പൈദാഹമാറ്റുവാൻ ആറ്റിറമ്പിൽ ചെന്ന്
പുല്ലു കറുമുറേ തിന്നുന്നു പൈക്കളും
ആറ്റിലാറാട്ടുനടത്തുന്ന കാലിയാ -
പിള്ളേരോ നീറ്റിന്നടിക്കല്ലെടുക്കുന്നു
ഓണം, ക്രിസ്തുമസ്, പെരുന്നാള് ആഘോഷം
ഋതുക്കൾ വന്നെത്തുന്നു നൂറു ഗന്ധങ്ങളായ്
പുലരികൾ സന്ധ്യകൾ ചന്ദന ഗന്ധങ്ങൾ
കുന്നും, പുഴകളും, പൊൻനെൽപ്പാടങ്ങളും
തെങ്ങും,കവുങ്ങും, കശുമാവും, കുളിർ
കാറ്റും
കാവും, കുളങ്ങളും, തെയ്യം, തിറകളും
അക്ഷര പുസ്തകം മാറോടടുക്കി
ചാറ്റൽ മഴയിലൂടോടുന്ന ബാല്യവും
എന്തെന്തു സുന്ദരമായുള്ള കാഴ്ചകൾ
ഗ്രാമമേ പറഞ്ഞറിയിക്കുവാനാകില്ല
അത്രമേല,ത്രമേൽ നിന്നിലെന്നിഷ്ടം

2018, ജൂലൈ 20, വെള്ളിയാഴ്‌ച

അവകാശി



മുഴുപിക്കാതെപോയ
ഒരു കവിത
ചെതുമ്പലും, ചെകിളയുമായി
അവിടവിടെ ചിതറിക്കിടപ്പുണ്ട്

തട്ടിക്കുടഞ്ഞ്
അടുക്കിപ്പെറുക്കി
ബാക്കിക്കൂടി കണ്ടെടുത്ത്
പൂർത്തീകരിക്കണം

അലസതയുടെ
അലർജിയേൽക്കാതിരിക്കാൻ
ഏകാഗ്രതയുടെ
തൂവാല കൊണ്ട്
മൂക്കും, വായും മൂടിക്കെട്ടി

അവസാനം;
മിനുക്ക് പണിക്കായ്
വരണ്ടതൊണ്ടയിലേക്ക്
അക്ഷരവാരി കുറേശെ -
യൊഴിക്കവേ
അവസാന വരിയിലെത്തി -
യപ്പോൾ
ഞെട്ടിപ്പോയി.

"സർവ്വശക്തനായ ദൈവം
ഇത് പൂർത്തീകരിച്ചിരിക്കുന്നു"

താഴെ രണ്ടുവരികൂടി ഞാനെ-
ഴുതി
എങ്കിലിതിന്റെ ഉടമസ്ഥാവകാശം
എനിക്കല്ല
ഇത് ദൈവം തന്നെയെടുത്തു -
കൊൾക

2018, ജൂലൈ 19, വ്യാഴാഴ്‌ച

കർക്കടകം




ചതഞ്ഞ പ്രണയത്തിന്റെ
ചരമത്തിൽ മനംനൊന്ത്
കറുത്ത കർക്കടകം
കൊമ്പിൽ തൂങ്ങി

കദനം കുടിച്ചു തീർക്കാൻ -
കഴിയാതെ
കാർമേഘകുഞ്ഞുങ്ങൾ -
ആർത്തു കരഞ്ഞു
ഇടയ്ക്ക് എപ്പഴോ -
ശവമഞ്ചവുമായി
ഒരു ചണ്ഡാലൻ വന്നു

കത്തുന്ന കണ്ണുള്ളവൻ
തളർന്നുവീണവരെ തട്ടിമാറ്റി
മഞ്ചലുമായി പോയപ്പോൾ
അനാഥനായവനെ
മിഥുനം തിരിഞ്ഞു നോക്കിയില്ല
ചിങ്ങം എത്തിനോക്കിയില്ല

ഇരുണ്ട രാത്രിയുടെ
അരണ്ട വെളിച്ചത്തിൽ
മുടിയഴിച്ചിട്ട പ്രേതങ്ങൾ
തേറ്റയിളക്കി തുള്ളുമ്പോൾ
എന്റെ ശവത്തിൽ കുത്തി -
നിർത്താൻ
കുന്തിരിക്കം തേടുകയാ-
യിരുന്നുഞാൻ.

2018, ജൂലൈ 18, ബുധനാഴ്‌ച

മാ നിഷാദ'




മേട മേഘങ്ങൾ തിളച്ചുപൊന്തുന്നു
ഇല നിഴലുകൾ കരിഞ്ഞു വീഴുന്നു
ഇണക്കിളികൾ പാർക്കുമാ, മരക്കൊ -
മ്പിനെ
ലക്ഷ്യമാക്കി വേടനമ്പു തൊടുക്കുന്നു
കൊതി മുഴുത്ത മിഴി തൻ വിഷബാണ -
മേറ്റൊരാൺകിളി നിലവിളിച്ചീടുന്നു
കുരുതി കൊയ്യുവാൻ കരുതി വെച്ച
പോൽ
അമ്പ് കൊമ്പിനെ ലക്ഷ്യമാക്കുന്നു
അടയിരിക്കുമാ പെൺകിളി തൻമിഴി
പൂട്ടി വ്രത നിർവികാരയായിരിക്കുന്നു.
വിഷാദം വിഷം പുരട്ടും ചില വേളകൾ
ജീവൻമരണത്തിൻവീറുറ്റ നേരങ്ങൾ വർദ്ധിത വീര്യത്താലുണർന്നുവാ
ആൺകിളി
വായു നദിയിലൂടാഞ്ഞു തുഴയുന്നു
ശരം വിട്ട പോലെയാ ശാർങഗ പക്ഷി
വേടന്റെ കണ്ണിലേക്കാഞ്ഞു കൊത്തീടുന്നു
ജന്മമേകാൻ കാത്തു നിൽക്കുന്നൊരമ്മയെ
കൊല്ലുവാൻ കാത്തു നിൽക്കുന്ന ക്രൂരത
കപടലോകത്തിന്റെ ലഹരിയായ് മാറുന്നു
ചപലത മാത്രം ചിതം ചിലർക്കെന്നു നാം
നിത്യവും കൺമുന്നിൽ കണ്ടു മടുക്കുന്നു
ഇണകൾ തൻ നെടുവീർപ്പു കണ്ടിരുന്നീ
ടുന്ന
നിഷാദനു കഴിയുമോ അമ്പു തൊടുക്കു
വാൻ.



2018, ജൂലൈ 17, ചൊവ്വാഴ്ച

ഇതൊന്നുമല്ലാത്തത്




വടിവൊത്ത അക്ഷരങ്ങളിൽ
വരി തെറ്റാതെയെഴുതിയിട്ടുണ്ട്
കോപ്പി പുസ്തകത്തിൽ.
മധുരമനോജ്ഞ വാക്കുകളാൽ -
മോഹിപ്പിച്ചിട്ടുണ്ട്.
പ്രണയത്തിന്റെ പട്ടുറുമാൽ -
നെയ്തിട്ടുണ്ട്
കുളിരാർന്നൊരോർമ്മകൾ പങ്കു -
വെച്ചിട്ടുണ്ട്
തളിരാർന്ന തങ്കമലരായ് -
തഴുകി നിന്നിട്ടുണ്ട്
എന്നാൽ ;ജീവിതമേ
ഇതൊന്നുമല്ലല്ലോ നീ

2018, ജൂലൈ 16, തിങ്കളാഴ്‌ച

സങ്കടം



വന്ധ്യയെന്നേവരും -
കൊഞ്ഞനം കുത്തുന്നു
വിന്ധ്യനെ വിളിച്ചവളാർ -
ത്തുകരയുന്നു
വെയിൽ നാഗം ഫണമു-
യർത്തീടുന്നു
ആസന്നമരണയായ്
അവൾവിണ്ടു കീറുന്നു.
വാക്കിന്റെ മുള്ളാലവർ
മുറിവിൽ കുത്തുന്നു
ചഞ്ചലമനസ്സിനു ചാട്ടവാ
റേൽക്കുന്നു.
അറിവുള്ളവരെന്നുമേനി
നടിക്കുവോർ
അലിവിൻ വിരലൊന്ന-
നക്കാതിരിക്കുന്നു.
മണ്ണിന്റെ കാമുകനായ മഴ
മേഘമദം പൂണ്ടൊരിക്കൽ -
 വന്നു
രതിരമ്യമായവളെ പുണർന്നു
താരുണ്യമുണർന്നു അവൾ
തളിർത്തു
ധ്യാന ഹൃദയം കരകവിഞ്ഞു
പുളകങ്ങൾ പൂത്തു ഉലകി_
ലെങ്ങും
സംതൃപ്തിയോടവൾ ജന്മമേകി.
എല്ലാമറിയുവോരാണെങ്കിലും
അമ്മയെയെന്നും നോവിക്കുന്നവർ
ജലാദ്രമാം മിഴികൾ തുടച്ചുനിൽപ്പൂ
ഇന്നും ;
തോരാമഴയായ സങ്കടങ്ങൾ



2018, ജൂലൈ 15, ഞായറാഴ്‌ച

ശൈശവം




ശൈശവം കൈതവം കാട്ടി നിൽക്കും
സ്മരണകളുണ്ടിന്നുമെന്റെയുള്ളിൽ
കൈതോലപ്പായ വിരിച്ചു വെച്ച്
കടപ്പുറമാക്കിയ കുഞ്ഞുനാള്
കൈത്തോട്ടിൽ കണ്ണിമീൻ ചൂണ്ടയിട്ട്
കാറ്റോട് കഥ ചൊല്ലിയുള്ള നാള്
ഇട്ടിയും കോലും കളിച്ചു കൊണ്ട്
എട്ടു നാടുംചുറ്റി വന്നനാള്
നെടിയ പിലാവിന്റെ പീടികയും
കണ്ണാഞ്ചിരട്ടയും മണ്ണപ്പവും
കൊത്തങ്കല്ലാട്ടവും ,ഗോലികളി
ഗോപാലനും, കള്ളക്കണ്ണനുമായ്.
ഒട്ടിയ വയറിലെ താളമേളം
ദിനചര്യയായിക്കഴിഞ്ഞ കാലം
പൊട്ടിയ സ്ലേറ്റിലേ തറ, പറയും
സ്കൂളിലെ ഉപ്പുമാവിൻ കൊതിയും
ഓർമ്മക്കിളിയോലപാറിടുന്നു
ഓണ മഴവില്ല് തൂകിടുന്നു
അഴലുകളെത്രയുണ്ടെന്നാകിലും
ശൈശവകാലമതെത്ര ഭംഗി.


2018, ജൂലൈ 14, ശനിയാഴ്‌ച

അസ്തമയം




അരുണശോഭയാ,യുദിച്ചുയർന്നൊരീ-
ജീവിതസൂര്യനെ കടലെടുക്കുന്നു
എന്തെന്തു മോഹങ്ങൾ, ദാഹങ്ങൾ
ഹോമിച്ചു
എന്തെന്തു ത്യാഗം സഹിച്ചു മരവിച്ചു
കണ്ണിൽ കരിമ്പടക്കെട്ടുകൾ മൂടുന്നു
സിരകളിൽ തീപാമ്പ് ആഞ്ഞുകൊ ത്തീടുന്നു
മുണ്ടു മുറുക്കി മറുവാക്കു ചൊല്ലാതെ
ഭൂമിയായ് ഭൂമിയോളംക്ഷമ പുതച്ചുഞാൻ
കൺകണ്ട ദൈവമായ് കാത്തുരക്ഷി
ക്കുവാൻ
കൽപ്പിച്ചു തന്നതീ മക്കളെയെന്നോർത്തു.
അസ്തമയത്തിന്നരികത്തണയവേ
അസ്ഥികൂടക്കോലമായി ഞാൻ മാറവേ
സ്നേഹമായൊരു വാക്ക് ചൊല്ലാ,നൊരു
തുള്ളി
വെള്ളമെന്നണ്ണാക്കിലിറ്റിച്ചുനൽകുവാൻ
ആരുമേ,യരികിലില്ലാതെയീ കണ്ണീർ
കടലിലലിയുന്നു ജീവിത സൂര്യൻ

2018, ജൂലൈ 13, വെള്ളിയാഴ്‌ച

മറ്റെന്തുണ്ട് ...!




അമ്മ തന്നതല്ലാതെ
മറ്റെന്തുണ്ടെനിക്കു സ്വന്തമായ്
അമ്മ മൂളിയ പാട്ടല്ലോ
ഞാൻ പാടി നടക്കുന്നു.
അടുക്കളക്കരികളാൽ അമ്മ -
തുന്നിയ ചിത്രമായ്
എന്റെ ചിത്രമെഴുത്തിന്
അമ്മ തന്നെ മോഡലായ്.
മല്ലി, മഞ്ഞൾ, മുളകിനാൽ
അമ്മ ചാർത്തിയ ചായങ്ങൾ
എന്റെ ചിത്ര രുചിക്കൂട്ടായ്
ഇന്നുമൂറി നിൽക്കുന്നു.
അമ്മ ചുട്ട അപ്പങ്ങൾ
നല്ല നല്ല ചിത്രങ്ങൾ
അമ്മ തന്നെ വരച്ചുള്ള ചിത്രമ
ല്ലോ ഞാൻ തന്നെ.
ഇത്രയെല്ലാമായിട്ടും എത്ര നിസ്സാ
രമായ്
തള്ളിടുന്നു ദിനംപ്രതി
നുളളിടുന്നു വാക്കിനാൽ.

2018, ജൂലൈ 12, വ്യാഴാഴ്‌ച

ഓർമ്മപെൻഡുലം




ക്ലോക്കിലെ പെൻഡുലം
 ഞാത്തിയിട്ടോർമ്മയെ
അങ്ങോട്ടുമിങ്ങോട്ടും
തട്ടിക്കളിക്കുന്നു
രാവിന്റെ ഉന്മാദ ശാലയിൽ
സാഗരകന്യമാരൊത്തുള്ള
നൃത്തച്ചുവടുകൾ
സിരകളിൽ ചോരതൻ
സർപ്പ പുളച്ചലിൽ ഉതിർന്നു
വീഴുന്നൊരു
സീൽക്കാരനാദങ്ങൾ
സ്ഫടിക പാത്രത്തിലെ
രക്തച്ചുവപ്പിനെ
ആർത്തിയാൽ നൊട്ടിനുണ
ഞ്ഞുള്ള യൗവ്വനം
വിഗ്രഹമായുള്ള വിധ്വംസനങ്ങളെ
വിപ്ലവ ജ്വാലയിൽ വേവിച്ച
നാളുകൾ
ജന്മജന്മാന്തര പുണ്യങ്ങൾ തേടി
അലയുന്ന അർത്ഥമില്ലാത്ത
ജന്മങ്ങളെ
കർമ്മങ്ങൾ ചെയ്തു കാലത്തി
ന്റെ യർത്ഥമാം നിത്യസത്യ
ങ്ങളെ കാട്ടിക്കൊടുത്തവൻ
വേദന തിന്നു പിടയും മനസ്സിന്
വേദാന്തമല്ലാവിളമ്പേണ്ടതെന്നോ
തിയോൻ
കാലം കറുത്തും വെളുത്തും
കടന്നു പോയ്
പുഴകളിലെത്രയോ മഴകളൊ
ഴുകിപ്പോയ്
എങ്കിലും ഇന്നുമാ പൊള്ളും
ദിനങ്ങളെ
പെൻഡുലങ്ങോട്ടുമിങ്ങോട്ടു
മാട്ടുന്നു

2018, ജൂലൈ 11, ബുധനാഴ്‌ച

ഓർമ്മകൾ




ഓർമ്മതൻ അന്നനാളത്തിൽ നിന്നും
തികട്ടുന്നു അയവിറക്കുന്നു വീണ്ടും
പിന്നിപ്പിരിഞ്ഞു പോകും വഴികൾ
പിന്നിട്ട നാളിന്നടയാളങ്ങൾ
പനിവിങ്ങി നിൽക്കുന്ന ബാല്യകാലം
മുല്ലമലർഗന്ധമായ കാലം
ആകാശ താഴ്വരക്കുന്നരികിൽ
മഴ മേഘം കണ്ണാരം പൊത്തി നിന്നു
കാറ്റുടനേ വന്ന് അച്ചുതൊട്ടു
തോറ്റ മേഘം തല താഴ്ത്തി നീങ്ങി
വലയിൽ പിടയും പരൽമീൻപോലെ
മോഹങ്ങൾ കരേറി വന്നുള്ള കാലം
വഴുതും വയലിൻ വരമ്പിൽ നിന്ന്
ഒറ്റയ്ക്ക് ചിരിച്ചു കളിച്ച ബാല്യം
മാനത്തെ കരിമേഘ കലങ്ങൾ നോക്കി
പാട്ടുകൾ മൂളി നടന്ന കാലം
ഇടതൂർന്ന മുടിയും, ഇലക്കുറിയും
ശ്രീയെഴും മിഴിയിലെ സ്വപ്നങ്ങളും
എല്ലാം യെനിക്കെന്നും സ്വന്തമെന്ന്
കരുതിയ പഴങ്കഥ തുമ്പിയായി
ഓർമ്മയെ തുമ്പിതൻ വാലിൽക്കെട്ടി
ഇന്നും പറത്തി നടക്കുന്നു ഞാൻ

2018, ജൂലൈ 10, ചൊവ്വാഴ്ച

ദർശനം



കണ്ടതില്ല നബിയെ, ക്രിസ്തുവെ,
കൃഷ്ണനെ, ഗാന്ധിയെ ,
മാർക്സിനെ, ബുദ്ധനെ.
ഹേ.... മഹാരഥൻമാരെ
കണ്ടതില്ല ഞാനിതേവരെ
എവിടെയാണു നിങ്ങൾ?
കേട്ടു ഞാനേറെ
സ്നേഹനിധിയാം നബിയെ
മാനവകുലം ചെയ്ത പാപ-
ച്ചുമടുമായ് കുരിശു വരിച്ചൊരു
ക്രിസ്തുവെ.
ധർമ്മാധർമ്മത്തിൻ തേരുതെളി-
ച്ചൊരു കൃഷ്ണനെ .
അഹിംസയാലൊരു ലോകം -
പണിഞ്ഞൊരുഗാന്ധിയെ.
അദ്ധ്വാന വർഗ്ഗത്തിൻകാൽച്ചങ്ങല
തകർത്ത മാർക്സിനെ.
മൗനമാം ബോധിതൻ തീരത്തു നിന്നും
സത്യമെന്തെന്നു പറഞ്ഞൊരു
ബുദ്ധനെ.
ഹേ ..... മഹാരഥൻമാരെ, എവിടെ
യാണു നിങ്ങൾ ?!
എങ്ങുനിന്നെന്നറിയില്ല കേട്ടു ഞാനൊ-
രശരീരി
നിന്നിലുണ്ട് ഞങ്ങൾ കൺ തുറന്നു നീ
കാണുക!
പിന്നെയാ തെരുവിൻ തിരക്കിലേക്ക്
നോക്കുക
പാതി നഗ്നനായ്, പിച്ചയെടുക്കും പാവമായ്,
സഹായഹസ്തമായ്, സ്നേഹവായ്പ്പായ്,
അഭിമാനമോടെ തൊഴിൽ ചെയ് വോരെ.

2018, ജൂലൈ 8, ഞായറാഴ്‌ച

അൽഷിമേഴ്സ്




പെട്ടെന്ന് ലോകം അവസാനി
ച്ചതു.പോലെ
ഭൂമി പിളർന്നു മാറിയതു പോലെ
മണ്ണിടിഞ്ഞതുപോലെ
തുരന്നെടുത്തതുപോലെ
കടലെടുത്തതുപോലെ
പുഴവറ്റിയതു പോലെ
ശുദ്ധ ശൂന്യമാം
വെള്ളക്കടലാസു പോലെ
തലക്കൂട്ടിൽ നിന്നും
ചിന്തയുടെ വാതിൽ തുറന്ന്
ഓർമ്മ പക്ഷികൾ
എങ്ങോ പറന്നു പോയി
ഇപ്പോൾ തൂവൽ ലാഘവത്തോടെ
പറന്നു നടക്കുന്നു

2018, ജൂലൈ 7, ശനിയാഴ്‌ച

രണ്ടു കവിതകൾ




പ്രണയം
..................
ഓർക്കുന്തോറും
മധുരം പോലെ
അലിഞ്ഞലിഞ്ഞ്

ദാമ്പത്യം
.................
നിലവിളിക്കാൻ
കഴിയാത്ത
സഹനം. കവിതകൾ



2018, ജൂലൈ 6, വെള്ളിയാഴ്‌ച

നീ....!




നീയെനിക്കാരുമല്ലെന്നാകിലും
നീയെനിക്കെല്ലാമെന്നറിയുന്നു ഞാൻ
നീ ചുരത്തിയുള്ളോരമൃതമല്ലോ
എന്നെ ഞാനാക്കീ വളർത്തിയത്
കോടി ജന്മങ്ങൾക്കു , മമ്മയാണെങ്കിലും
കന്യയായ്നീയെന്നും വാണിടുന്നു
എത്ര വെയിലിൻ തീ തിന്നുന്നു നീ
എത്ര പെയ്ത്തിൻ ജലം മോന്തുന്നു നീ
എന്തു പേരിട്ടു വിളിക്കും നിന്നെ?'
ഏതു വാത്സല്യത്താൽ മൂടും നിന്നെ
മക്കൾ കിരാതരായ് വാണിടുന്നു
കരുണവറ്റിക്കരൾ കറുത്തിടുന്നു
വെൺപ്രാക്കളെയവർ കൊന്നിടുന്നു
കഴുകുകളെയവർ വാഴ്ത്തിടുന്നു
ശലഭച്ചിറകു പറിച്ചിടുന്നു
ശവക്കൂനകൂട്ടിയുറഞ്ഞിടുന്നു
സഹനമെന്നാലതു നീയല്ലയോ
സ്നേഹമെന്നാലതു നീയല്ലയോ
എൻ മൺചെരാതു തെളിയിക്കുന്നുനീ
ഇരുളിൽ വിളക്കായ് ജ്വലിക്കുന്നു നീ
എന്നിലാനന്ദം നിറയ്ക്കുന്നു നീ
കൈപിടിച്ചെന്നേ നടത്തുന്നു നീ
എനിക്കെന്നുമമ്മയും, ഉൺമയും നീ
അറിവിന്റെ പാലാഴി തീർത്തവൾ നീ
അരുണോദയമായുണർത്തുവോൾ നീ
നീയെനിക്കാരുമല്ലെന്നാകിലും
നീയെനിക്കെല്ലാമെന്നറിയുന്നു ഞാൻ.

2018, ജൂലൈ 5, വ്യാഴാഴ്‌ച

അകലെയാണെങ്കിലും




നിയെൻ ഹൃദയ നികുഞ്ജത്തിൽ
സ്മൃതി തൻ പൂവായ് വിടരുന്നു
സ്നേഹത്തിൻ ചെറുതാഴ്വരയിൽ
ലില്ലി പൂവായ് വിടരുന്നു
കാറ്റിൻ കൈയ്യാൽകരളിൽ തൊട്ട്
പ്രണയത്തിൻ കുളിരേകുന്നു
പല്ലവി പാടി ഞാൻനിർത്തുമ്പോൾ
അനുപല്ലവി നീ പാടുന്നു
മാമ്പൂവിൻ മദഗന്ധം നീ
മാടപ്രാ,പോൽ സ്നിഗ്ധം നീ
അകലേ നാമിരു പേരെന്നാൽ
സ്വപ്നത്തിൽ നാമൊരുമിച്ച്
എന്നുടെ മാനസപുസ്തകത്താളിൽ
നീ പെറ്റുപെരുകും മയിൽ പീലി
പ്രിയേ, നീയൊരു പൂവരശ്
പാരിൽ നേരിൻ പനിനീര്
നീയെൻ ഹൃദയാകാശത്തിൽ
വിടർന്നു നിൽക്കും പൂന്തിങ്കൾ
നീയെൻ പ്രണയക്കുന്നുകളിൽ
പതഞ്ഞു പെയ്യും മഴമേഘം
നീയെൻസ്നേഹ നിലവിളിക്കിൽ
ജ്വലിച്ചു നിൽക്കും നിറദീപം
നീയാമെന്നിൽ നിറഞ്ഞു നിൽക്കും
വാടാ പ്രണയത്തിൻ പൂവ്.

2018, ജൂലൈ 4, ബുധനാഴ്‌ച

ഒക്കെയും....!




ഒക്കെയും പോയി! നേരമിരുട്ടി വെളുത്തപ്പോൾ
ഒക്കെയു,മാരോകവർന്നുപോയി
ഒക്കെ പഴങ്കഥയായി, ഓർക്കുവാനിനിയെ
ന്തുബാക്കി
നന്മയെ നുള്ളിയെടുത്തു ,ഒരു നുള്ള് ഉള്ളതു
കൂടി
വാർത്തകൾ വാനേറി പോയി
ചാനലിൽ ആർത്തു കരേറി
ഹർത്താലുകൾ ആഘോഷമാടി
വർത്തമാനം പിന്നെ നിർത്തി.
എത്ര മഴകൾക്കു കുടയായി നിന്നു
എത്ര വെയിലുകൾക്കു തണലായി
നിന്നു
എത്ര പഥികർക്കു വീടുമായി
എത്ര പ്രണയത്തിൻ കൂടുമായി
എത്ര വീരൻമാരെ കണ്ടു നിന്നു
എത്ര വീരസ്യങ്ങൾ കേട്ടു നിന്നു
എത്ര ഉത്സവത്തിൻ കൊടികളേറി
എത്ര മത്സരത്തിൻ പോർവിളികളാടി
എത്ര സമരങ്ങൾക്ക് സാക്ഷിയായി
രക്തസാക്ഷിത്വത്തിന്നു സാക്ഷിയായി
എത്ര കാലങ്ങൾ കടന്നു പോയി
എത്ര കോലങ്ങൾ മുടിയഴിച്ചു
കീഴാളരെത്ര തളർന്നുവീണു
മേലാളരെത്ര മണ്ണടിഞ്ഞു
തലമുറയെത്രയോ മാറി മറിഞ്ഞിട്ടും
തലയുയർത്തി നിന്നൊരാ,മരമുത്തച്ഛൻ
താങ്ങായ് തണലായ് നിന്നൊരച്ഛൻ
ആരുടെ കോടാലിയാണാവോയിന്നലെ
ആശിരസ്സറുത്തു രക്തം കുടിച്ചു
ഒക്കെയും പോയി! നേരമിരുട്ടിവെളുത്ത
പ്പോൾ
ഒക്കെയുമാരോ കവർന്നു പോയി

2018, ജൂലൈ 3, ചൊവ്വാഴ്ച

കോണിയും,പാമ്പും



കലപിലയുടെ കാക്കവന്ന്
വാക്കിനെ കൊത്തിപ്പറക്കുന്നു
നോക്കിന്റെ കൂർത്ത കല്ലടുത്തു -
തുരുതുരാ,യെറിയുന്നു
കാലം എത്ര വേഗമാണ് മാറിപ്പോയത്
ദേശാടന പക്ഷിയായി മഴ,
നഗരങ്ങൾക്കെല്ലാം ഒരേ മുഖഛായ,
പഴയൊരു പുഴയിലൂടെ
വാഹനങ്ങൾ കുതിച്ചൊഴുകുന്നു
പുഴയെ തടഞ്ഞു നിർത്തുന്ന മലപോലെ
സിഗ്നൽ പോസ്റ്റുകൾ ഉയർന്നു നിൽക്കുന്നു
ദിനോസറിനെപ്പോലെ വാപിളർന്നു
നിൽക്കുന്നു നഗരം.
ഒന്നും മനസ്സിലാകാത്തകവിതയാണ് -
ജീവിതം
കണക്കിന്റെ, കളികളുടെ .
കണ്ണീർ പോലെ ഒലിച്ചുപോകുന്നു ഒരു ദിനം,
കടൽപോലെ ആഴമേറിയ മറുദിനം,
കുരിശിലേറ്റപ്പെടുന്ന മറ്റൊരു ദിനം.
ആർക്കും തിട്ടമില്ല ജീവിതത്തെ
ഓരോ ദിനവും ഓരോ സൂര്യൻ കടലിൽ
പതിക്കുന്നു .
ജീവിതം ഒരു വിലാസമാകുന്നു -
പേരുപോലെ
ജീവിച്ചിരിക്കുന്നു എന്നറിയാനുള്ള വിലാസം.
ഓട്ടമാണ് ജീവിതം
പാതകളെല്ലാം പതിൻമടങ്ങ് വികസിച്ചു
കൊണ്ടിരിക്കുന്നു
മനസ്സിന്റെ പാതകൾ ചുരുങ്ങിക്കൊണ്ടും
കോണിയും പാമ്പും കളിക്കുന്നു നഗര-
ത്തിൽ ജീവിതങ്ങൾ

2018, ജൂലൈ 2, തിങ്കളാഴ്‌ച

ജൂലായ്




മിഥുന മോഹങ്ങൾ
കുതിച്ചു പെയ്യുന്നു
മധുര മോഹങ്ങൾ
കിതച്ചു നിൽക്കുന്നു
മദിരയുണ്ടു മദിച്ചവനെപ്പോലെ
മിഥുന മേഘങ്ങളാടി തിമർക്കുന്നു
കർക്കിടകക്കരിമേഘങ്ങൾ വന്നെത്തി
കാർക്കോടകനെപ്പോൽ തുള്ളി വിറയ്ക്കുന്നു
ഇടതടവില്ലാ,തിടിമുഴക്കുന്നു
ജലതരംഗങ്ങളുയർന്നു നിൽക്കുന്നു
കാറ്റു വന്നു മുടിക്കെട്ടിൽ പിടിക്കുന്നു
വലിച്ചിഴക്കുന്നു ,തൊഴിച്ചു തള്ളുന്നു
പീഡനമേറ്റു പിടയുന്നു കാടുകൾ .
കടപുഴകുന്നു മരങ്ങൾ മഹിതിയിൽ
നഷ്ട കഷ്ടങ്ങൾ, ദു:ഖഭാരങ്ങൾ
കരളുകൊത്തിവലിക്കുന്ന ഓർമ്മകൾ
അപ്പോഴും കാണാം അകലെ പച്ചപ്പിൻ
തെളിവെളിച്ചങ്ങൾ മുളയെടുക്കുന്നു

2018, ജൂലൈ 1, ഞായറാഴ്‌ച

അനശ്വരം




പ്രണയത്തിന്റെ നാൽക്കവലയിൽ,
നഷ്ടപ്പെട്ട എന്റെകാഴ്ച്ചയെ
അവൾ ചുംബിക്കുന്നു
വ്യസനങ്ങളിൽ ഒരു വാസന പൂവു -
മായിവരുന്നു
ശാപമായ ജഡത്തിന്
ജീവവായു ,വേകുന്നു
പ്രണയമെന്ന ഒറ്റവാചകത്തിന്
ഹൃദയ നൊമ്പരം മുഴുവനറിയുന്നു
ഓർമ്മകളുടെ കൈവളകിലുക്കങ്ങ
ളിലേക്ക്
മനസ്സുഖത്തിന്റെ താഴ്വരകളിലേക്ക്
ഊർന്നിറങ്ങുന്നു
സ്നേഹം മുയൽക്കുഞ്ഞുങ്ങളാണ്
കുറ്റിക്കാടുകൾക്കിടയിലൂടെ
കറുകനാമ്പുകൾ കൊറിച്ച്
പ്രണയത്തിന്റെ താജ്മഹൽതീർത്ത്
പരസ്പരമൊന്നാകുന്നവർ
ദുഃഖത്തിന്റെ നെരിപ്പോടിൽ
നീറിപ്പിടയുമ്പോഴും
ജാതി, മത, വർണ്ണവെറിയുടെ
സാലമുയർത്തിയവരോട്
സലാം പറഞ്ഞുള്ള പോക്കാണ്
പ്രണയത്തോളം അനശ്വരമായത്
മറ്റെന്തുണ്ട്.