malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, സെപ്റ്റംബർ 30, ഞായറാഴ്‌ച

സൗഹൃദം



സൗഹൃദങ്ങൾ  ഒഴിഞ്ഞപോക്കറ്റു
പോലെയായിരിക്കുന്നു
ഹൃദയംകൊണ്ട് ചിരിച്ചകാലംകഴിഞ്ഞു
പോയി
ചിരിയുടെനതോന്നതയിൽ പല്ലുകൾ
മൂർച്ചപ്പെടുന്നു.
വാതിലുകൾക്ക് മുന്നേയിന്നൊരു
വലിയവാതിലുണ്ട്
മുട്ടാതിരിക്കുവാനുള്ളത് !
തുറക്കപ്പെടാതിരിക്കുവാനുള്ളത് !!
പ്രളയകാലമെങ്കിലും ഒന്നോർത്തെങ്കിൽ
എന്നോർത്തു പോകുന്നു .
പാoങ്ങൾ പലതുംപഠിച്ചിരിക്കുന്നു
പാഠങ്ങളെല്ലാം മറക്കുവാനുള്ളതെന്ന്
പുതുപാഠം
കാണാത്തമുഖങ്ങളിലെ ഉറച്ചപുഞ്ചിരികൾ
സമ്മാനിച്ച ഒരുജന്മത്തെക്കുറിച്ചോർക്കുക
വരരുതേയെന്നാഗ്രഹിക്കുന്നതാണ്
പലപ്പോഴും ആദ്യംവരിക.
സുഹൃത്തേ;
നിറച്ചുവച്ചില്ലെങ്കിലും ഒഴിച്ചുവെയ്ക്കരുത്
സൗഹൃദത്തെ
മിണ്ടിയാൽ മടുക്കാത്തൊരിഷ്ടം
എന്നുമുണ്ടാവണമുള്ളിൽ
മറന്നുകളയുന്നതിൽ ചിലതുണ്ട്
ഓർമ്മിച്ചു വെയ്ക്കേണ്ടതായി
ഇഷ്ടമുണ്ടാവില്ലെന്നറിയാം
എങ്കിലും.......
നമ്മുടെ ആയുസ്സിൽ കാണാത്തതും
ഒരിക്കലും ഇഷ്ടപ്പെടാത്തതും
കാണുകയും, അനുഭവിക്കുകയും
ചെയ്യേണ്ടി വന്നേക്കാം
ഉള്ള ശീലങ്ങൾ വച്ചുകൊണ്ടുതന്നെ
എങ്ങനെചിരിക്കണമെന്നുകൂടി
ഒന്നാലോചിക്കണേ.....

2018, സെപ്റ്റംബർ 29, ശനിയാഴ്‌ച

എന്റെ അമ്മ



വിശപ്പിനുമേലെ
മുണ്ടു മുറുക്കിയതുകൊണ്ടായിരിക്കും
അമ്മയുടെ വയറിന്
ഇത്രയും വരകൾ വീണിട്ടുണ്ടാവുക
കണ്ണീരു വീണ് കുതിർന്നതുകൊണ്ട്
കവിളിനിത്രയും മിനുപ്പ്
ഒരു കടൽ തന്നെ കൊണ്ടു നടന്നതു -
കൊണ്ട്
കണ്ണിനിത്രയുമാഴം
കെട്ടു പോകാത്ത സ്നേഹത്തിന്റെ
രണ്ടു നക്ഷത്രങ്ങളാണ്
തിളങ്ങുന്ന ആകൃഷ്ണമണികൾ.
അമ്മയിന്ന് കൊച്ചുകുട്ടിയെപ്പോലെ -
കൊഞ്ചുന്നു ,ചിണുങ്ങുന്നു
പക്ഷാഘാതം കൊത്തിയെടുത്ത
വാക്കുകളെ
കണ്ടെടുക്കാൻ ശ്രമിക്കുന്നു ,
പിച്ചവെച്ചു നടക്കുന്നു
എന്നെ മാറോടടുക്കിയ കരങ്ങൾ
മറന്നു വെയ്ക്കല്ലേയെന്ന്
മുറുകെ പിടിക്കുന്നു
കരഞ്ഞ കണ്ണുകളും, വിതുമ്പിയ -
ചുണ്ടുകളും
എത്ര നിഷ്ക്കളങ്കമായാണ്
പൊട്ടിപ്പൊട്ടി ചിരിക്കുന്നത്
എന്റെ കണ്ണീരിന്ന്തോരുന്നേയില്ല.
,,,,,,,,,,,,,
രാജു കാഞ്ഞിരങ്ങാട്

2018, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

വില




അങ്ങാടിയിലെ തെരുവിൽ
ഒരാൾ വാക്കുകൊണ്ടു ചിത്രം
വരയ്ക്കുന്നു
വിശപ്പുകൊണ്ടൊരു പെൺകുട്ടി
ആസക്തിയുടെ കഴുക കൊക്കുകൾ
ഭേദിച്ച്
തീവളയത്തിലൂടെ ചാടുന്നു
ഉദ്ധരിച്ച ലിംഗത്തെ മറികടന്ന്
പല്ലിൽ കുത്തിനിർത്തിയ
മുളവടിയുടെ അറ്റത്ത്
ആകാശത്തിനും ഭൂമിക്കുമിടയിൽ
ഒറ്റക്കാലിൽ ജീവിതത്തെ
ഉയർത്തി നിർത്തുന്നു
തെല്ലകലെ ചളുങ്ങിയപാത്രം
പോലൊരമ്മ
ചുള്ളിക്കമ്പു പോലുള്ളൊരു
കുഞ്ഞിനെ മാറോടടുക്കി
ആശപോലെ തിളച്ചു തൂവുന്ന
അരിമണികളെ നോക്കിയടുപ്പി -
നരികെയിരിക്കുന്നു
മിന്നിപ്പൊലിയുന്ന ഫ്ലാഷ് ക്യാമറയ്
ക്കുള്ളിലെ
മിനുപ്പാർന്ന ചിത്രമല്ല ജീവിതം
കുട്ടിക്കുരങ്ങൻ ചെണ്ടകൊട്ടി
നടത്തിക്കുന്നു ജീവിതത്തെ
നാണയത്തുട്ടുകളാണ് ജീവിതത്തിന്
വിലയിടുന്നത്

2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

വരച്ചു ചേർക്കപ്പെടുന്നത്




അത് ആഗ്രഹങ്ങളുടെ
അസ്ത്രമുന
ലിപിയില്ലാത്ത ഭാഷ.

ജീവന്റെ വേര്
കണ്ണടച്ചാലും
കവിഞ്ഞൊഴുകുന്നത്.

ഓർമ്മയിലൂടെ വളർന്ന-
ഒറ്റമരം
തെളിനീരിലെ നിലാത്തുണ്ട്.

കടലിൽ നിന്നും കരകയറ്റം
കുന്നുകൾക്ക് മുകളിലെമഴ

ഇങ്ങനെയൊക്കെയല്ലാതെ
മറ്റെങ്ങനെയാണ്
ഒരു പ്രണയം വരച്ചു ചേർക്ക-
പ്പെടുക

2018, സെപ്റ്റംബർ 26, ബുധനാഴ്‌ച

പ്രവാസി




ഇരിക്കരുത്
നടന്നു കൊണ്ടേ -
യിരിക്കുക
കാലുവെന്ത
നായയെപ്പോൽ
ഓടിക്കൊണ്ടിരിക്കുക

കണ്ടുകിട്ടരുത്
കൊടുങ്കുറ്റവാളിയെപ്പോലെ
കാണാമറയത്തൊളിക്കുക

വരണം
ഡ്രാഫ്റ്റായി
ചെക്കായി
എ.സി കാറായി
മണിമാളികയായി

അവധി കൊടുക്കുക
വികാരങ്ങൾക്ക്
വിചാരങ്ങൾക്ക്

വിചാരണനേരിടേണ്ടി വരും
അച്ഛൻ
അമ്മ
ഭാര്യ
മക്കളുടേത്

വാക്കുകളുടെ
കാരാഗൃഹത്തിൽ
അടക്കപ്പെട്ടേക്കും

സുഹൃത്തേ,
പ്രവാസിയായ
ഒരാളുടേയും
പ്രയാസങ്ങളറിയാറില്ല
ഒരാളും.

2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

സ്വപ്നത്തിൽ




ഏതോ കിനാവിൽ
മനസ്സിന്റെ മച്ചിൻ
കിളിവാതിൽ തുറന്നു
ഞാൻ നോക്കേ
പുള്ളിയുടുപ്പിട്ട
പൂമ്പാറ്റയും നീയും
വർണ്ണങ്ങൾ തൂവിനിൽ
ക്കുന്നു
കോർത്തൊരുപുഞ്ചിരി
പൂമാലയെല്ലാം നാം
ചുംബനത്താൽ ചുവപ്പിച്ചു
സന്ധ്യപോൽ സുന്ദര
നാണത്തിൻ പൂക്കൾ നീ
കവിളിലും തുന്നിവെച്ചു
യാമങ്ങൾ പൂച്ചതൻ
പാദപതനത്താൽ
മന്ദംപതുങ്ങി നീങ്ങുമ്പോൾ
ഓട്ടക്കണ്ണിട്ടതാ നോക്കുന്നു
പുലരി
നീ വെറും മഞ്ഞുതുള്ളി
പ്രണയങ്ങളിങ്ങനെ
യെന്തെന്തുജാലങ്ങൾ
കാട്ടുന്നു മാനസത്തിൽ
ഓരോപുലരി പ്രീയങ്ങളായ് -
നമ്മിൽ
എന്നും പുലർന്നു വെങ്കിൽ


2018, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

ചിത്രഗുപ്തൻ എന്നോട് പറഞ്ഞത്




ചിത്രഗുപ്തൻ :

മരണത്തിന്റെ
പുസ്തകത്തിൽ
അവസാനത്തെ
പേര് .
അരുതാത്തതിന്റെ
കൂട്ടത്തിൽ
അട്ടിയിട്ടിരിക്കുന്നു
അറിയാനും
അനുഭവിക്കാനുംയേറെ

ഞാൻ:
തഴയപ്പെട്ടവന്
തുഴയാനേ നേരമുള്ളു
തൊഴിയേറ്റവന്റെ
വേദന കാലനും
അറിയില്ല
മരണത്തിന്റെ
കുരുക്കും
വഴുതിമാറുന്നു

2018, സെപ്റ്റംബർ 23, ഞായറാഴ്‌ച

ജീവിതമേ ....!




എന്റെ ഇഷ്ടമൊന്നും
നിനക്കിഷ്ടമല്ലെന്നും
നിന്റെ ഇഷ്ടമൊന്നും
എനക്കിഷ്ടമല്ലെന്നും
തമ്മിൽ പറഞ്ഞിട്ടില്ല
നാംഇന്നേവരെ.
നീരസത്തിന്റെ കറുത്ത -
തൂവാലയാൽ
മുഖമൊന്ന് തോർത്തി -
യിട്ടുപോലുമില്ല.
നിന്റെ ഓർമ്മയിൽ നിന്ന്
ഞാനും
എന്റെ ഓർമ്മയിൽ നിന്ന്
നീയും
ഇറങ്ങിപ്പോയിട്ടില്ല നാമെന്ന്
നമുക്കറിയാം
ജീവിതത്തിൽ നിന്നും
ഇറങ്ങിപ്പോയിട്ടുണ്ടെങ്കിലും .
പിരിഞ്ഞിട്ടും പിണങ്ങാതെ
കണ്ടുമുട്ടാറുണ്ട് നാലുകണ്ണുകൾ.
ശരിക്കുംനമ്മുടെ ഇഷ്ടങ്ങൾ
എന്തായിരുന്നു
സഫലമാകാത്ത എന്താഗ്രഹ
മായിരിക്കും
നമ്മേപിരിച്ചിട്ടുണ്ടാകുക
ജീവിതമേ,
പിരിഞ്ഞുപോന്ന വഴിയിൽ
നിന്നും
തിരിച്ചുനടന്നാൽ എത്തുമോ
നിന്നിലേക്ക് !



2018, സെപ്റ്റംബർ 22, ശനിയാഴ്‌ച

ജീവിതം തുന്നുന്നത്




മണ്ണിൽ പണിയുന്നൊരാൾ
മണിമാളികയിലെത്തിയാലും
മണ്ണിലേക്ക്നോക്കും.
മനസ്സിൽ ആർദ്രതയാൽ
ഒരു കിണർ കുത്തും
സ്നേഹച്ചാലിലൂടെ
മോഹജലംതേവും
ഹൃദയത്തിൻകവരത്തിലേക്ക്
കൊടിയുയർത്തിക്കെട്ടും
മൗനത്തിന്റെ തടമെടുത്ത്
നിറങ്ങളുടെ വളമിടും
ചിരിയുടെ കിളിയോലപാറുമ്പോൾ
കുശുമ്പിന്റെ കീടങ്ങളെ
നുള്ളിക്കളയും
ഓർമ്മയുടെ വേരിലെക്ക്
സങ്കടത്തിന്റെ ഉപ്പുവളം ചേർക്കും
വിളകളെ കാക്കാനെന്നോണം
കൂക്കിരിയനായി നിൽക്കും
രാവു പകലെന്നില്ലാതെ
കഴിഞ്ഞകാലത്തിന് കാവൽ
നിൽക്കും
ഒരോ ദിനത്തിനും ജീവിതം തന്നെ
തുന്നിച്ചേർക്കും.
.............
കുറിപ്പ് :-
കൊടി = കുരുമുളക് കൊടി



2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ഒഴുകിയെത്തുന്നത്




കാലത്തിന്റെ കരയിലിരുന്ന് നാം
ജീവിതത്തെ നോക്കിക്കാണുന്നു
എന്നോ ഞാൻ ഹൃദയത്തിലെഴുതിയ
ഒരു വാക്കാണു നീ
അക്ഷരങ്ങളില്ലാതെ വാക്കുകൾ
കോർക്കുന്നു നാം മിഴികളിൽ
ചിലനേരങ്ങളിൽ വഴിക്കണ്ണിന്റെ
അറ്റത്ത്
നിന്റെ നിഴലാട്ടത്തിനായി കാത്തു
നിൽക്കുന്നു
ഭ്രാന്ത് എറുമ്പിനെപ്പോലെ
പെരുവിരലിലൂടെ ഉടലിലൂടെ ശിരസ്സി
ലേക്ക് കയറുന്നു
ഒടുങ്ങാത്ത ഓർമ്മയാണ് നീ
മനസ്സിന്റെ നീലിമയിലേക്ക്
നിറന്നു വിരിയുന്ന പൂവ്.
ഹൃദയവനത്തിലെ സവിശേഷമായ
പൂവും തേനുമാണ് പ്രണയം
നുറുങ്ങ് ഓർമ്മകൾ നറുമലരാകയും
അവയെ ഹൃദയത്തോട് ചേർക്കുകയും
ചെയ്യുമ്പോൾ
ഇത്രയുമധികംസ്നേഹം എവിടെ നിന്നാ-
ണൊഴുകിയെത്തുന്നത്?!

2018, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

എങ്ങനെയൊക്കെ ...!




ഒരിക്കലും
കൂട്ടിമുട്ടാത്ത
സമാന്തര
രേഖ നാം.
എന്നിട്ടും
നാം നമ്മേ
പങ്കുവെയ്ക്കുന്നു .

നമ്മുടെ
സ്നേഹങ്ങൾ
സ്വപ്നങ്ങൾ
മോഹങ്ങൾ

എല്ലാ ഋതുക്കളും
നമ്മിലൂടെ നടക്കുന്നു
പ്രായത്തിന്റെ
പടവുകൾ കയറുന്നു
പ്രണയം
വസന്തം വിരിക്കുന്നു

അകലെയെന്ന
തോന്നലേയില്ല
അകതാരിലെന്നും

കൂട്ടുകാരീ,
ഇങ്ങനെയൊക്കെ-
യല്ലാതെ
ഇനിയെങ്ങനെയാണ്
നാം.....!

2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

പ്രീയപ്പെട്ടത്





വിശ്വാസത്തെ
വിളക്കിച്ചേർക്കുവാൻ -
കഴിയില്ല
തുരന്നു നോക്കുവാനും

വിശ്വാസം
ഒരു വിശ്വാസമാണ്

എന്നെ ഞാനായും
നിന്നെ നീയായും
നമ്മളേ നമ്മളായും

നോക്കിലെ
വാക്കിലെ
മൗനത്തിലെ
വാചാലതയിലെ

വാതിൽ തുറന്നിട്ടവീട്
മുനിഞ്ഞു കത്തുന്ന -
വിളക്ക്
നീ നൽകിയ
ഓർമ്മകൾ
ഞാനേകിയ
ചുംബനങ്ങൾ

പ്രീയപ്പെട്ടവളെ,
വിശ്വാസങ്ങളാണ്
എല്ലാം
പ്രീയതരമാക്കുന്നത്
ഒന്നായ്
ചേർക്കുന്നതും.

2018, സെപ്റ്റംബർ 18, ചൊവ്വാഴ്ച

ഭയം




മനസ്സിൽ
ഒരുമുയൽ
പതുങ്ങുന്നു

അടുത്ത
ചുവടിലേക്ക്
ചുമടിന്റെ ഭാരം

അരികിലുള്ളതെല്ലാം
ഏറെഅകലെ

ഭയത്തിന്റെഎലി
കരള്
കാർന്നുതിന്നുന്നു

ഉദരത്തിൽ
അധര മുരുമ്മുന്നു
മുലകളിൽ
പാൽകിനിയുന്നു

ഏത,മ്മയുടെ
നാഭിയിൽ നിന്നാണ്
ത്രിശൂലം
പിറക്കാൻപോകുന്നത്.



2018, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

അണുകുടുംബം




വീട്
ഒരു പുരാതന
ഗുഹ

തുരുമ്പെടുത്ത
സൗഹൃദങ്ങളുടെ
തൂണുകൾ

നിശ്ശബ്ദതയുടെ
കാടെടുത്ത
അകത്തളങ്ങൾ

ചില നേരങ്ങളിൽ
സീരിയൽ തിരകളുടെ
കണ്ണീർ പ്രളയം

വിളറി വെളുത്ത
ഭിത്തിൽ
സമയസൂചിയുടെ
ഭൂസഞ്ചാരം

ഒരു മുറിക്ക്
കിണറാഴം

മറ്റൊന്നിൽ
മരുഭൂമി

വേറൊന്നിൽ
മഴക്കാട്

ഇനിയും ....
സങ്കടക്കടൽ

നോക്കൂ:
ആണിക്കല്ലില്ലാത്ത
അണുകുടുംബത്തിൽ
എല്ലാം
ഒറ്റയൊറ്റയാണ്.

2018, സെപ്റ്റംബർ 16, ഞായറാഴ്‌ച

വഴിയിൽ .......!




വഴിയിലുണ്ട്
സദാചാരത്തിന്റെ
ഖഡ്ഗം

സംശയത്തിന്റെ
വടിവാളിൽ
ജീവൻ കൊരുക്കുന്ന
ജാലം

നീലക്കണ്ണുകൾ
തുറന്നു വെച്ചിരിക്കുന്ന
നീരാളികൈകൾ

കൗരവ
ഭരണത്തിൽ
പാണ്ഡവർ
കാട്ടിൽ

നനുപ്പുകൾ
നാളമായ്
ജ്വലിക്കുന്നു

മിടിപ്പുകൾ
കിതപ്പായ്
ഒടുങ്ങുന്നു

സൂക്ഷിക്കണം:
ഒരു കൃഷ്ണനു
മില്ലിന്ന്
കൃഷ്ണയെ
രക്ഷിക്കാൻ.







2018, സെപ്റ്റംബർ 15, ശനിയാഴ്‌ച

മത വർഗ്ഗീയത




അടിമകളെ
അടയാള
പ്പെടുത്തുകയാണ്

സ്വപ്നങ്ങളുടെ
ശവത്തിൽ
പുതപ്പിച്ച
കരിമ്പതാക

മസ്തിഷ്ക്ക -
ത്തിലേക്ക്
കുത്തിവെച്ച
വിഷം

നിമിഷം കൊണ്ട്
പൊട്ടിത്തെറിക്കുന്ന
സ്ഫോടക
വസ്തു.

2018, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

സങ്കടമരം




വഴിയിറമ്പിൽവെച്ച് അവൾതന്ന
പുളിയിൽനിന്നാണ്
പ്രണയമെന്തെന്ന് ഞാനറിഞ്ഞത്
പ്രണയത്തിന് മധുരമുള്ളപുളിയായിരുന്നു
അവളുടെ വിരൽത്തുമ്പിൽനിന്നാണ്
പ്രണയച്ചൂടറിഞ്ഞത്
കുളിരുന്നചൂടെന്ന് അന്നാണറിഞ്ഞത്
പിന്നെയെന്നാണ് വേരുകളാഴ്ത്തി
ചില്ലകൾനിവർത്തിയ പ്രണയം
പട്ടുപോയത്.
പൂരിപ്പിക്കാതെപോയ ഒരുകോളമാണ് ഞാൻ
കെട്ടിയിട്ട പ്രതീക്ഷകളെല്ലാം
കൈവിട്ടുപോയിരിക്കുന്നു
കരയിൽപിടിച്ചിട്ട മീൻപോലെയിന്ന്.
മിണ്ടാതെപാടിയ പാട്ടുകളൊക്കെ
ഇറങ്ങിപ്പോയിരിക്കുന്നു
സങ്കടങ്ങൾചേക്കേറുന്ന ഒറ്റമരംഞാൻ

2018, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

വായന




കവിത
വായനക്കാരനോട് പറഞ്ഞു:
ഞാൻ നിനക്ക് അപരിചിതൻ
നീ എനക്ക് അപരിചിതൻ
രണ്ട,പരിചിതരുടെ
കണ്ടുമുട്ടലും,
പരിചയപ്പെടലുമാണ്
വായന.

2018, സെപ്റ്റംബർ 12, ബുധനാഴ്‌ച

ശ്മശാനത്തിൽ....!




മരിച്ച ഒരാളെ അടക്കം ചെയ്യുമ്പോഴാണ്
ശ്മശാന മൂകതയിലെ വാചാലത
നാമറിയുന്നത്
നിത്യജീവിതത്തിൽ മരിച്ചു ജീവിച്ചൊരാൾ
ജീവിതം തുടങ്ങുന്നത്
മീസാൻ കല്ലുകൾ വെറും കല്ലല്ലെന്നും,
കല്ലറ വെറുമറയല്ലെന്നും, മൺകൂന
കൂനയല്ലെന്നു മറിയുന്നത്.
മരണമെന്ന ബോധം നമ്മിൽ ജനിക്കു
ന്നതും
പൊടുന്നനെ നിത്യജീവിതത്തിലേക്ക്
നാം മരിക്കുന്നതും
ശ്മശാനങ്ങളിലാണ് ജീവിതം തഴച്ചു
വളരുന്നത്
അവനവനു വെണ്ടിയല്ലാതെയെന്നുള്ളത്
അവിടുന്ന് തുടങ്ങുന്നു
വളളിയായ്,ചെടിയായ് ,പൂവായ്, കായായ്
പരോപകാരിയായ് .
മതിലില്ല, പട്ടിയുണ്ടെന്ന ബോർഡില്ല,
മണിമാളികയില്ല, പണ്ഡിതനോ പാമരനോ
യില്ല
ചതിയില്ല, ചിന്തേരിട്ട മുഖങ്ങളില്ല, പിടിച്ചു
പറിയോ, കുതിക്കാൽ വെട്ടലോയില്ല
ആവശ്യങ്ങളുടെ നിരന്തര അലട്ടലില്ല
ആനന്ദത്തിന്റെ കുളിർ കാറ്റു കൊണ്ട്
സ്നേഹമെന്തെന്ന് കാട്ടിത്തരും
രണ്ടു തുള്ളി കണ്ണീരിറ്റാതെ തിരിച്ചു വരാൻ
കഴിയില്ല നിങ്ങൾക്ക്.
ശ്മശാനം ഒരു രാജ്യമാണ്
അവിടെ പോയി നോക്കണം
ശരിക്കും മരിച്ചവരാരാണെന്ന് കാട്ടിത്തരും.

2018, സെപ്റ്റംബർ 11, ചൊവ്വാഴ്ച

ഫ്ലാറ്റു ജീവിതം




ഫ്ലാറ്റിന്റെ പത്താം നിലയിൽ
നിലച്ച ഘടികാരവും
നിശ്ശബ്ദതയും
തൂങ്ങി നിൽക്കുന്നു.
സംശയത്തിന്റെ നൂൽബലത്തിൽ
ഒന്നു കൂടി നോക്കി ഉറപ്പു വരുത്തുന്നു
നിസ്സംഗതയിലേക്ക് ഉറഞ്ഞു പോകുന്നു
അനാഥമാക്കപ്പെട്ടതു പോലെ
മൗനത്തിന്റെ ആഴങ്ങളിൽ
ആണ്ടു പോകുന്നു.
നാടും വീടും കഴിഞ്ഞ കാലവും
മനസ്സിൽ ചാടിക്കയറുന്നു
പാഞ്ഞു കളിക്കുന്നു
പച്ചപ്പുൽതകിടിയിലേക്ക് കുതിക്കുന്നു
മരങ്ങളിൽ മാറി മാറി കയറുന്നു
മലർന്നു കിടന്ന് ആകാശം നോക്കുന്നു
ഉരുണ്ടു മാറി കളിക്കുന്നു.
ഈ മുറിക്കുള്ളിൽ നിസ്സഹായനായി
പൊള്ളി നീറുന്ന വെറും മാംസം.
ചുമരിൽ നിന്നൊരു ഗൗളി
വാൽ മുറിച്ചിട്ട് ഓടിപ്പോയി
ഇല്ല എനിക്ക് മുറിച്ചിട്ട് പോകാൻ
ഒരു പ്രതീക്ഷയും
ഉറക്കം ഊതി വീർപ്പിക്കുന്ന
പാതിമയക്കത്തിലങ്ങനെ
പൊങ്ങുതടി പോലെ
എങ്കിലും ആകാശവീഥിക്ക് താഴെ
നാടിന്റെ തല വെട്ടത്തെ
അസൂയ മൂത്ത നോട്ടത്തിൽ
ഞാൻ ചുറ്റിപ്പിടിക്കുന്നു.

2018, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

നമ്മൾ



ഇവിടെ ഞാനും
അവിടെ നീയും
ഒറ്റയ്ക്കല്ല
ഒരു പറ്റം ഓർമ്മകൾ
കൂടെയുണ്ട്
നമ്മിൽ നാമറിയാതെ
ഒരു നിലാപ്പുഴ പിറക്കുന്നു
എതോ യാമവും
സ്വപ്നങ്ങളും ചേർന്ന്
നാം ക്രീഡ തുടങ്ങുന്നു
ഒരു പറ്റം കിന്നര തുമ്പികൾ
നമ്മേവലം വെയ്ക്കുന്നു
സ്ത്രീയും പുരുഷനുമെന്തെ-
ന്ന് നാമറിയുന്നു
ഭൂമിയും ആകാശവുമറിയുന്നു.
നമ്മുടെ ക്രീഡയ്ക്ക്
കൂട്ടുന്നിൽക്കുന്നു
നക്ഷത്രങ്ങളും, രാവും.
നമുക്കിടയിൽ ഒരു താജ് മഹൽ
ഉയരുന്നു
ഞാനും നീയുമത് നോക്കി നിൽ
ക്കുന്നു
ആനന്ദത്തിന്റെ അരനാഴികയല്ല
പ്രണയമെന്ന്
നാം നമ്മേ ചുംബിക്കുന്നു.

2018, സെപ്റ്റംബർ 9, ഞായറാഴ്‌ച

പ്രളയം പറഞ്ഞത്




കണ്ണീരിന്റെ ആഴമളക്കാൻ
കഴിയില്ലെന്ന്
കർക്കടമഴ.
കരകവിഞ്ഞതെല്ലാം
കണ്ണീരെന്നും .
ഏതുമലയേയും മറിച്ചിടും
കണ്ണീര്
ശാന്തമെന്ന് നിങ്ങൾ കരുതുന്നതിന്റെ
ചുട്ടുപൊള്ളൽ നിങ്ങളറിയുന്നില്ല.
നിങ്ങളുടേതെന്നതു പോലെ
കരക്കടിഞ്ഞതത്രയും
എന്റെയും സ്വപ്നമായിരുന്നു
എത്രയെത്ര പ്രാക്കുകളിൽ
ജീവിച്ചു ഞങ്ങൾ
മരവിച്ചു മടുത്തപ്പോൾ
അടക്കാൻ കഴിഞ്ഞില്ല.

2018, സെപ്റ്റംബർ 8, ശനിയാഴ്‌ച

ആർത്തി



നാടാണു ഞാൻ ,നവ സ്വപ്നങ്ങൾ -
കണ്ടു കണ്ടങ്ങനെ തോഷിച്ചിരിക്കേ
കാടും മലകളും പാടംപുഴകളും
മാന്തി രസിച്ചു കളിക്കേ
പണത്തിൻ പിറകേ പറന്നു പറന്നങ്ങ്
കഴുക മനസ്സായതറിഞ്ഞതില്ല
പെരുകുംപണത്തെ മടിയിൽ വെച്ചെന്നും
ഞാൻ
നിർവൃതിയാലെ തലോടിനിൽക്കേ
ഞാനെന്നെയല്ലാതെ, ഉയരങ്ങളല്ലാതെ
മറ്റൊന്നുമേ കണ്ടതില്ല
എല്ലാമെ നേടുവാൻ ഒന്നാമനാകുവാൻ
ഓടുന്ന നേരത്തൊരിക്കൽ
കേൾക്കുന്നൊരാരവം എന്നേക്കാൾ -
മുന്നേ
വന്നാരോ വെട്ടിപ്പിടിച്ചോയിതെല്ലാം -
യെന്നു സന്ദേഹിച്ചൊരു നിമിഷം കൊണ്ട്
പ്രളയം പാഞ്ഞു വന്നെത്തി
വെട്ടിപ്പിടിച്ചവയൊക്കെയും വട്ടത്തിൽ
ഒന്നു കറങ്ങി നിലംപൊത്തി
എല്ലാ,മില,യൊലിച്ചു പോകുന്ന പോൽ
ഏതോ പഴങ്കഥയായി
ഉടുതുണിയല്ലാതെയില്ല മറുതുണി
ഓർത്തില്ലിതൊന്നുമേയന്ന്
ആർത്തിയാലന്നു നാം തീർത്തുള്ള
തെല്ലാമെ
നീർ തന്നെ കൊണ്ടു പോയല്ലോ
എത്ര കണ്ടാലും പഠിക്കാത്ത നാമുണ്ടോ
കൊണ്ടാൽ പഠിക്കുന്നു ബ്ഭൂവിൽ
ആർത്തികൾ കൊണ്ടല്ലോ മർത്യനെ
സൃഷ്ടിച്ചു വിട്ടിരിക്കുന്നു ,യീ കാലം.

2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

ഒറ്റത്തണ്ട്




ഞാൻ ഹൃദയത്തിൽ എഴുതിവെച്ച
കവിതയാണു നീ
ആർക്കും പകർത്താനാവാത്ത,
കണ്ടെടുക്കാനാവാത്ത കവിത
നീ എന്നിൽ മാത്രം ജീവിക്കുന്നു
മരണവും അതു തന്നെ
നീ തളിർക്കുന്നതും, പൂവിടുന്നതും
എന്നിൽ മാത്രം
നിന്റെ ഓരോ ഉണർച്ചയും, തളർച്ചയും
എന്നിലൂടെ മാത്രം
ഇടയ്ക്കിടേ നീ,യെന്നെ മറന്നു വെയ്ക്കാറു ണ്ടെങ്കിലും
ഓർമ്മിപ്പിക്കാറുണ്ട് ഞാൻ
നെറ്റിയിലെ പൊട്ടായി,മുടിയിലെ പിന്നായി.
നീയിന്നു കുടിച്ചവെയിലില്ലെ, അതു
ഞാനായിരുന്നു
കുളിരുമായ് വന്ന കാറ്റും
ഇടയ്ക്ക് പിറകിലും, ഇടയ്ക്ക് മുന്നിലും
നിഴലുകളിൽ നമ്മുടെ ഇണചേരലുകൾ
ആ ഒറ്റയിലയിലേക്ക് നോക്കൂ ,
മരക്കൊമ്പിലെ ഒറ്റക്കിളി,
എന്നെ ഇനിയും നിനക്ക് കാട്ടിത്തരേ_
ണ്ടതുണ്ടോ
തിടം വെച്ചു വരുന്ന നമ്മുടെ പ്രണയം
തളം കെട്ടി മലിനമാകാതെ ഒഴുകട്ടെ
ഇക്കിളിയുടെ ഒരില്ലിക്കാട്ടിൽ
ഒറ്റത്തണ്ടിലെ ഇരുപുഷ്പം നാം.


2018, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പിടപ്പ്




പെണ്ണായ, യെന്നെ നോക്കുമ്പോൾ
നിന്റെ കണ്ണിനെന്തൊരു കൂർപ്പ്
പിന്നെയെന്തൊരു മൂർപ്പ്
ഉരച്ചുരച്ച് മുന കൂർപ്പിക്കുന്ന
ഉരക്കല്ലോ ഞാൻ?!
ഇരയുടെ നേരെ തൊടുത്തു
നിൽക്കുന്ന
അമ്പിൻ മൂർച്ചപോലെ നിൻ
കൺ തിളക്കം.
ഇരയെന്നപോലെ , യെരിഞ്ഞു കൊണ്ട്
ശ്വാസമടക്കിപ്പിടിച്ച്
ഉഴറുന്ന കണ്ണാലെ നോക്കുന്നു ഞാനും.
ഉറക്കത്തിലും
ചാരിവെച്ച അമ്പുപോലെ
ഇപ്പൊവീഴും,യെന്ന മൂർച്ച തിളക്കം -
നിന്നോർമ്മയായ് വന്ന് കുത്തുന്നു.
ആസക്തിയുടെ ഞാണൊലി നിൻ
ശ്വാസോച്ഛ്വാസത്തിൽ കേൾക്കുന്നു.
ഞാനെന്ത് ,ചിത്രപ്പണി ചെയ്ത്
ശിലയിൽ തീർത്ത ശില്പമോ?
എന്നിലുളള , നീ കണ്ണിലേന്തുന്നതെല്ലാം
നിന്നെ നീയാക്കി വളർത്തിയതാണ്
അമ്പിന്റെ തുമ്പു കൊണ്ടു നീ കുത്തുന്ന
ഈ മാറിടമാണ് നിന്റെ ആദ്യ അന്നം
ആ അന്നത്തിലേക്കാണ് നിന്റെ
ചോരക്കൊതി കൂർത്തു മൂർത്തു
വരുന്നതെന്ന്
എന്റെ ,യിടനെഞ്ചിൽ പിടക്കുന്നുണ്ട്.


2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

പൊട്ടിയ മൺകുടം




ഓർമ്മകൾ പതുക്കെയനങ്ങുന്നു
കറുത്ത പുള്ളികളുള്ള മിനുത്തഉടൽ
ചുരുൾ നിവരുന്നു
ചിന്തയിലേക്ക് മെല്ലെ മെല്ലെയിഴയുന്നു
ഭയത്തിന്റെ പത്തി ഉയർന്നു വരുന്നു
കൊത്തുമെന്നുള്ളൊരു ശങ്ക
ഹൃദയത്തിൽ പുളയുന്നു
പാർത്തിരുന്ന് പിടിക്കാൻ ഇരയുടെ
ചലനങ്ങൾ
വീക്ഷിക്കുന്നതുപോലെ .
ഇത്രയും കാലമായിട്ടും കൃത്യമായും
ഹൃദയത്തിലേക്കു തന്നെ നീ വീഴ്ത്തുന്നല്ലോ
ഓർമ്മയുടെ വീതുളി
ചരിച്ചുകെട്ടിയ പടിക്കെട്ടിനുള്ളിൽ
വലിച്ചെറിഞ്ഞ മൺകുടം പോലെ ഞാൻ
ചാരിനിൽക്കുവാൻ ചരിഞ്ഞുപോകാത്ത
സ്നേഹത്തിന്റെ
മരമാവണമായിരുന്നു ,യെനിക്കു നീ.


2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

പ്രണയമെന്നാൽ....




പ്രണയമെന്നാൽ
രണ്ട് ഹൃദയങ്ങൾ
ഒറ്റപുഷ്പമാകുന്നതാണ്.
രണ്ടു പുഴകൾ
ഒന്നായ് ചേരലാണ്.
ഒറ്റ പക്ഷിയുടെ
ഇരു ചിറകുകളാണ് .
വറ്റിയ നദിയുടെ
നിറഞ്ഞൊഴുകലാണ് .
ചൂടിൽ കുളിരും
കുളിരിൽ ചൂടുമാണ്.

പ്രണയമെന്നാൽ
ഹൃദയത്തിൽ കൊളുത്തിയ
നിലവിളക്കിൻ ദീപത്തിൻ
പുറത്തേക്കുപടരുന്ന
പ്രകാശമാണ്.

2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

നോട്ടങ്ങൾ



നോട്ടങ്ങളെ നിങ്ങളെങ്ങനെ
വിലയിരുത്തും
വെറും നോട്ടങ്ങളെന്നോ?
അല്ലേ...., യല്ല....!
ഒരു പാട് ധ്വനികളുണ്ട്
ഓരോ നോട്ടത്തിലും
അനേകം രൂപകങ്ങളുണ്ട്.
എല്ലാനോട്ടങ്ങളേയും
കണ്ണിൽ നോക്കി നേരിടാനാവില്ല
ചിലതിനെ കണ്ണിൽ നോക്കാതെയും.
ചില നോട്ടങ്ങളിലേക്ക് നിങ്ങൾ -
നോക്കൂ
തെളിഞ്ഞു കാണാം ഒരു ജീവിതം -
തന്നെ
കരഞ്ഞു തളർന്നതിന്റെ, തകർന്ന-
ടിഞ്ഞതിന്റെ
തച്ചുതകർത്തതിന്റെ, ഭയന്നു -
പിൻമാറിയതിന്റെ .
ആൺനോട്ടങ്ങൾ, പെൺനോട്ടങ്ങൾ
ഏതു നോട്ടങ്ങളിൽ നിന്നാണ്
കടലിനെ, കവിതയെ നിങ്ങൾക്ക്
വേർതിരിക്കുവാൻ കഴിയുക?!
ഏതു നോട്ടങ്ങളിലാണ് നിങ്ങൾക്ക് -
നിങ്ങളെ കണ്ടെടുക്കുവാൻകഴിയുക?!!
നോട്ടങ്ങളെ നിങ്ങളെങ്ങനെ
വിലയിരുത്തും.?

2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

പാടുവാനില്ലിനിപാട്ട്




വാസന്ത പക്ഷി മറഞ്ഞു പോയി
മുകുളങ്ങളെല്ലാം കൊഴിഞ്ഞു പോയി
കാറ്റിന്റെയൊച്ചയോകൂട്ടർതൻ കരച്ചിലോ
എന്താണു കേൾക്കുന്നു ദൂരെ.
പാടുവാനില്ലിനിപാട്ട്
കാടായിരുന്ന ഞാൻ തളിർത്തു പൂത്തീടു
വാനെത്ര കൊതിച്ചിരുന്നു
തേടിയലഞ്ഞു നടപ്പൂ
തൊടികളും താഴ്വരത്തോപ്പും
ഏതോ കരിങ്കാക്ക പാറി വന്നി,ന്നെന്റെ
യെതിരെ മൺതിട്ടേലിരിപ്പൂ
പൂവിളി,യുയരേയുയരേ,യെന്നാർപ്പു -
വിളിക്കേണ്ട നേരം
ദുഃഖത്തിര വീണ്ടും വീണ്ടും
തത്തി വന്നെത്തി നോക്കുന്നു
വയൽപക്ഷിയെല്ലാം മരിച്ചു
യെൻ നെഞ്ചോ ശ്മശാനഭൂമി.
കാലങ്ങൾ പിന്നെയും മാറും
കതിരോൻ കതിരിട്ടു നിൽക്കും
കിളികൾ പുനർജനിച്ചീടും
കളികളോ പിച്ചവെച്ചീടും
ആശ നശിക്കാതെ വന്ന്
വസന്തം വിടർന്നു ചിരിക്കും.





2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

കൽക്കരി




കറുത്തതെന്ന്ചൊല്ലി
നിങ്ങൾക്ക് തട്ടിമാറ്റാം
ചവുട്ടിയരയ്ക്കാം
എന്നാലും;
എത്ര കണ്ണീർ കുടിച്ചും
ഒട്ടും പരിഭവിക്കാതെ
ഉള്ളിലെ കനൽ
കളങ്കമില്ലാതെ ജ്വലിപ്പി -
ക്കുന്നത്
നിങ്ങൾക്കു വേണ്ടി
 തന്നെയല്ലെ.