malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, നവംബർ 30, വെള്ളിയാഴ്‌ച

കണവ(ൻ)



അതിരാവിലെ
കൊറ്റിനുള്ള വകതേടി
കോർമ്പയുമായി പോയതാണ്
കണവൻ
നോക്കി നോക്കി കണ്ണിൽ
മഞ്ഞുതുള്ളി വീണു
മുട്ടവിളക്കിന്റെ പൊട്ടുവെളിച്ചത്തിൽ
കനച്ച കണ്ണുമായി നോക്കിയിരിക്കു
മ്പോൾ
കൊള്ളുകേറി വരുന്നുണ്ട്
കണവനെ കോർമ്പയിൽ കോർത്ത്
ഒരു കണവാ.

2018, നവംബർ 28, ബുധനാഴ്‌ച

മീൻ ജന്മം



ജീവിതത്തെ നാം വരച്ചു കൊണ്ടേയിരിക്കുന്നു
മീനുകൾ കടലിനെ വരയ്ക്കുന്നതു
പോലെ
എത്ര വരച്ചിട്ടും മുഴുവിപ്പിക്കുവാൻ
കഴിയുന്നില്ല
എവിടെയൊക്കെയോ എന്തൊക്കെയോ
മറന്നു വെച്ചതു പോലെ
മീനുകൾ കടലാഴങ്ങളിലെന്നപോലെ
നാം നമ്മേ തിരഞ്ഞു കൊണ്ടേയിരിക്കുന്നു
ആരുറപ്പുള്ള മരം പോലെയാണ് വിശ്വാസം
ആർത്തലയ്ക്കുന്ന പുഴയിൽ
നീന്തിയെടുക്കാൻ ശ്രമിക്കുന്നു ജീവത്തെ
പോര, പോര യെന്ന് ഓളങ്ങളിൽ ഊളിയിടുന്നു
ഓർക്കുന്നേയില്ല ,ഒറ്റക്കോരലിൽ പിടഞ്ഞു
തീരുന്ന മീൻ ജന്മമാണ് മനുഷ്യന്റേതെന്ന്.

മനുഷ്യൻ



മനുഷ്യൻ ഹാ....!മഹാ അത്ഭുതം
നന്മതൻ വിളനിലം
ധീരൻ, വീരനവൻ
പ്രപഞ്ച രഹസ്യം ഗ്രഹിക്കുന്നതിൽ
അഗ്രഗണ്യൻ
മഹാമേരു ,
ഉയരങ്ങൾ കീഴടക്കാൻ കുതിക്കും
ഉരുക്കിന്റെ പക്ഷി.
സൃഷ്ടിയിലവൻ കേമനെന്നാകിലും
ക്ലിഷ്ടതയില്ല പല നേരങ്ങളിൽ
സംഹാരമവന്റെ കളിക്കൂട്ടുകാരൻ
ഓരോ അണുവിനെത്തിരിക്കുമ്പോഴും
അണുബോംബവന് കളിപ്പാട്ടം
ചുണ്ടിലൊരു കുളിർചിരിയുമായ് നിൽക്കേ
കരളിലൊരു കാടുവളർത്തുന്നു
പൂവും, പൂന്തിങ്കളുമെങ്കിലും
പാമ്പും, പുലിയുമായ് മാറുന്നു
മാനവാഓർക്ക നീനേടിയതെല്ലാം
നിൻ വിനയാൽ നശിക്കുന്നു
രക്ഷകനും ശിക്ഷകനും നീയാകുന്നു

2018, നവംബർ 27, ചൊവ്വാഴ്ച

അറിവ്



നീലിമ
കണ്ടാലറിയാം
കടലിന്റെ
കയം.
നീലിമ
കണ്ടാലറിയാം
വാനത്തിൻ
വലുപ്പം .
പക്ഷേ;
എങ്ങനെ കണ്ടറിയും
മനുഷ്യന്റെ
മനസ്സിൻ
വലുപ്പം

2018, നവംബർ 26, തിങ്കളാഴ്‌ച

തുംറൈറ്റ്



നോക്കൂ:
ഞാനിവിടെഈ മരുഭൂമിയിൽ
ഒറ്റയ്ക്കു നിൽക്കുന്ന ഒരേയൊരു
പുൽക്കൊടി
ഇവിടെ ഒറ്റപ്പെടലോ,അന്യതാ ബോധമോ,
ആശങ്കയോ,സന്ത്രാസമോയില്ല
മഞ്ഞ പൂക്കൾ പൂത്ത മരമാണ് മരുഭൂമി
പ്രളയാന്ത്യത്തിലെ പ്രാവിന്റെ ചുണ്ടിലെ
ഒലീവില
കുന്തിരിക്കത്തിന്റെ സുഗന്ധം
വെയിൽ തുമ്പികളുടെ തലോടലേറ്റ്
വിളഞ്ഞ പാടത്തെ വരമ്പിലെന്നോണം
ഞാൻ നിൽക്കുന്നു
ഇരു സ്വർഗ്ഗത്തിലെന്ന പോലെ കരയിലും,
കടലിലും
തെല്ലകലെ തെന്നലിനോട് മിണ്ടിപറഞ്ഞ്
കുറ്റിച്ചെടികൾ
ഇലകളിൽ നിന്ന് ഇലകളിലേക്ക് വെയിൽ
ഗോട്ടിയിട്ടു കളിക്കുന്നു
ഒട്ടകക്കൂട്ടങ്ങൾ ജലകുടവുമേന്തി ദൂരേക്ക് -
ദൂരേക്ക് പോകുന്നു
അങ്ങകലെ പച്ചപ്പിന്റെ പൊട്ടുകൾ തെളി
ഞ്ഞു നിൽക്കുന്നു
ആര്യവേപ്പും, മൈലാഞ്ചിയും, ഇലന്ത മരങ്ങ
ളും
ഉള്ളിലൊരു തെളിനീരൊഴുക്കുന്നു
ഇപ്പോൾ ഞാൻ ;
തുംറൈറ്റ് കവാടത്തിലിരുന്ന്
ഒരു സുലൈമാനി ഊതി,യൂതി കുടിക്കുന്നു
,,,,,,,,,,,,,,,,,,,
തുംറൈറ്റ് :-സലാലയിലേക്ക് കടക്കുന്ന കവാട
മെന്ന് പറയാം

2018, നവംബർ 25, ഞായറാഴ്‌ച

കാലത്തെ കാത്ത്



ഒരു നെയ്ത്തിരിപോലെ
യെന്നുള്ളിൽ
തെളിഞ്ഞുകത്തുകയാണു നീ
എന്നുള്ളിൽ
രാപ്പകലില്ലാതെ
കെടാവിളക്കായി.
ഒന്നുമറിയാതെ നീ
എനിക്ക് ചുറ്റും ഓടിപ്പായുന്നു
ഓടംപോലെ.
രാത്രിയിൽ നീയെന്റെ സൂര്യൻ
ആറ് ഋതുക്കൾ
ഇനിയേതു കാലത്താണ് കാലം
എന്നിലുള്ള പ്രണയം നിന്നോട്
പറയുവാൻ പറയുക

2018, നവംബർ 24, ശനിയാഴ്‌ച

മഗ്സൈൻ



മരുഭൂമിയുടെ പാരാവാരത്തിൽ
ഒരു കടൽ പക്ഷിയെപ്പോലെ ഞാൻ പറന്നിറങ്ങുന്നു
കടലിനടിയിലെ കനൽപ്പാതയിലൂടെ
മീനിനെപ്പോലെ ഊളിയിടുന്നു
കടൽ ഒരു രാജ്യമെന്നും
കര ഒരു കടലെന്നു മറിയുന്നു
മഗ്സൈൻനീയെത്ര സുന്ദരി
നീല കണ്ണു കാട്ടി
വെള്ളി കൊലുസിട്ട് ചിരിമണി
കളുതിർത്ത്
നീതുള്ളി കളിക്കുന്നു
കുടപിടിച്ച കുന്നിനു താഴെയിരുന്ന്
ഞാൻ നിന്റെ കളികളെ നോക്കി കാണുന്നു
നിന്റെ ചിരിനാദം ഞാൻ അനുഭവിക്കുക
യും
നിന്റെ മൊഴി മണികൾ എന്നിലേക്ക് ചിത
റുകയും ചെയ്യുന്നു
കടലിനടിയിലെ കവിതയാണു നീ
മഗ്സൈൻ
തഴച്ചു വളർന്ന അറബി പെൺകൊടീ-
മലയാളി പെണ്ണല്ലാതെ എനിക്ക് നീയാര്!
എന്റെ സ്വപ്നങ്ങളിൽ നിന്റെ മനോഹാരിത
സ്നേഹസ്പർശമായ് നിൽക്കുന്നു
മഗ്സൈൻ നീസരിത്ത് പ്രണയത്തിന്റെ
സ്വർണ്ണമത്സ്യം
,,,,,,,,,,,,,,,
മഗ്സൈൻ = ഒമാനിലെ സലാലയിയിലെ കടലും
പ്രദേശവും

2018, നവംബർ 23, വെള്ളിയാഴ്‌ച

ചെരിപ്പ്



ചെരിപ്പിനോളം വലിയ മനസാക്ഷി
സൂക്ഷിപ്പുകാരനാര്?
രഹസ്യങ്ങളുടെ കലവറ
എന്തു കണ്ടാലും കണ്ടതായി നടിക്കില്ല
പാവത്താനെ പോലൊരു നോട്ടമുണ്ട്
പരിഭവമോ, പരാതിയോയില്ല
രാവെന്നോ പകലെന്നോയില്ല
കല്ലെന്നോ മുള്ളെന്നോയില്ല
പാർക്കിൽ, ബീച്ചിൽ, ബാറിൽ,
സിനിമാകൊട്ടകയിലെ ഇരുൾ മൂലയിൽ,
ഐസ് ക്രീം പാർലറിൽ
ചെരിപ്പിനോളംവലിയ ദൃക്സാക്ഷി വേറെ
യില്ല.
ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തുന്ന
ചെരിപ്പിനെ കസ്റ്റഡിയിലെടുക്കണം
വിട്ടു പറയില്ല ഒന്നും
പറയിപ്പിക്കുന്നതിലാണ് നമ്മുടെ മിടുക്ക്
പറയാൻ തുടങ്ങിയാൽ പറയും തത്ത
ചീട്ടെടുത്തതുപോലെ
അപ്പോഴറിയാം ചെരിപ്പിന്റെ നിഷ്കളങ്കത.

2018, നവംബർ 22, വ്യാഴാഴ്‌ച

ഒമാനിൽ ....!



അൽ രഥയിലെ അലയാഴിലിരുന്ന്
ഞാനൊരു കുഞ്ഞു കവിത കുറിക്കുന്നു
റുസ്താക്കിലെ വാക്കൻ വില്ലേജിൽ
അനാർ ചെടികൾക്കിടയിലൂടെ, മുന്തിരി
വള്ളികളിൽ പടർന്ന്
ബിസ്മിഷ് ചെടികളിലൂടെ താഴേക്കു കുതിക്കുന്ന
നീർച്ചോല പോലെൻ മനസ്സ്
ഇലന്തപ്പഴങ്ങളേ, ഐൻറസാത്ത് മലകളേ ,
പുഴകളേ, ഗുഹാമുഖങ്ങളേ,
വണങ്ങുന്നു വളർന്നുകൊണ്ടിരിക്കുന്ന
ഇബ്രാഹിം നബി തിരുസന്നിധിയെ.
മൈലാഞ്ചി കൈകൾ കൊട്ടി ഒപ്പന പാട്ടു പാടും
ബാദിനസീബിലെ ഓളങ്ങളേ
ബാദിനിർബാദിൽ പളുങ്കുമണികളുതിർത്ത് തുള്ളിച്ചാടും അറബി പെൺകൊടികളേ
തബാത്തീർകാന്തിക പ്രവാഹമേ
മത്സ്യത്തെ ആഹരിച്ച് മത്സ്യത്താലാഹരിക്കപ്പെട്ട
ദിവ്യനാം റൈസൂദിൻ ഇനൂസ് സല്ലാസാലം
നബിതൻ കബറിടമേ
ഐൻ ഗ്രേസിസ് ,അയൂബ് നബിക്കായ് ഉത്ഭവിച്ച
ഉറവകളിലെ ജലപ്രവാഹമേ,
ആദിവ്യ പാദസ്പർശനമേറ്റ പുണ്യബ്ഭൂവേ,
തിരുശരീരം സമർപ്പിതമായ സന്നിധിയേ,
മത്രാ ബീച്ചിലെ ഇളം തെന്നലേ
ഒട്ടകക്കൂട്ടങ്ങളേപ്പോലെ എന്റെ കവിതക്ഷരങ്ങൾ
നീണ്ടു കുറുകി വളഞ്ഞുപുളഞ്ഞ്
തലച്ചോറിന്റെ തുമ്പത്ത് സലാലാടവർ പോലെ
പ്രകാശമാനമാകുമ്പോഴും
ഒമാൻ,ഓമനേ നീയെന്നുമെന്റെ സ്വപ്ന സുന്ദരി
യായിരിക്കും

2018, നവംബർ 21, ബുധനാഴ്‌ച

മരുഭൂമി



മരുഭൂമി വെറും മരുഭൂമിയല്ല
ചിത്രശാലയാണ്
കാറ്റിന്റെ കൈകളാൽ വരച്ചു ചേർക്കുന്ന
കവിതകളാണ്
കാലങ്ങൾ നെയ്തുകൂട്ടിയ ചിത്രങ്ങളാണ്
നേരത്തെ കണ്ട പുഴയല്ല
ഇപ്പോഴുള്ളതെന്ന പോലെ
മരുഭൂമിയും മാറിക്കൊണ്ടിരിക്കുന്നു
ഒരു വലിയ മരുക്കുന്ന് ഒരു കാറ്റിലലിഞ്ഞ്
ചെറുകൂനയാകും
ഒരു ചെറുകൂന വലിയ മലയുടെ
മായാചിത്രമാകും
ഒരു വലിയ കോട്ടയാണ് മരുഭൂമി
കാലത്തിന്റെ കൈകൾ പണിതുയർത്തിയ കോട്ട
കടലിറങ്ങിപ്പോയ ഒരു മരുക്കാട്
മദാലസയെപ്പോലെ നഗ്നതയുടെ അഴകളവുകൾ -
കാട്ടി
മലർന്നും കമിഴ്ന്നും കിടന്ന്
ഭ്രമിപ്പിക്കുന്ന സുന്ദരി
ചിലപ്പോൾ ഒരു മലർവാടി
കടൽ
വനം
ആടയാഭരണങ്ങളണിഞ്ഞ്
നാണത്തിന്റെ നുണക്കുഴികളിൽ
നിറഞ്ഞു ചിരിക്കുന്ന സുന്ദരി
മാനും, മയിലും, കുയിലും, കുരുവിയും,
കരടിയും, കാട്ടാനയും, വന്യതയും വിതക്കുന്ന
മരമില്ലാത്ത മരുക്കാട്
ദാഹിച്ചുവലയുന്നവനെ
ജലത്തിന്റെ മായാജാലം കാട്ടി
വെള്ളമില്ലാതിടത്തെ
മത്സ്യമാക്കി മാറ്റും മരുഭൂമി
സ്നേഹവും, ദു:ഖവും, പ്രണയവും, പ്രാർത്ഥനയു
മാണ്
മരുഭൂമി വെറും മരുഭൂമിയല്ല
സ്വപ്നങ്ങൾ ചുരത്തിത്തരുന്ന
മോഹങ്ങളിൽ പറിച്ചു വെച്ച
സ്വർണ്ണഹൃദയമാണ് മരുഭൂമി

2018, നവംബർ 20, ചൊവ്വാഴ്ച

ആര്യവേപ്പ്



ആര്യവേപ്പോ?
അതെന്ത് കോപ്പെന്ന്
മലയാളികൾ.
പൈതൃകത്തിന്റെ നാമ്പു നുള്ളി
ഇളമുറക്കാരുടെ പെപ്സി ചിരിയിൽ
ഇളനീർ പുഞ്ചിരി തൂകി മസ്ക്കറ്റ്.
റോഡിനിരുവശത്തും കൈ വീശി -
കാത്തിരിക്കുന്നു ആര്യവേപ്പ്.
കടൽക്കരയിൽ, പാർക്കിൽ, പാർലറിൽ,
പാർലമെൻറിൽ
ആദരിച്ചിരുത്തുന്നു
സ്നേഹത്തിന്റെ കുളിർക്കാറ്റു വീശുന്നു
വൃദ്ധസദനത്തിൽ തള്ളിയെന്നാശ്വ-
സിച്ചവരെ
അകമഴിഞ്ഞ് സ്നേഹിക്കുന്നു
കടൽ കടത്തി കാണാതാക്കിയെന്ന്
ഊറ്റം കൊണ്ടവർക്ക്
ഉന്മേഷത്തിന്റെ ഔഷധവീര്യമേകുന്നു
ഇനിയൊരിക്കൽ പോകുമ്പോൾ
കാണുമായിരിക്കും
നടതള്ളിയ അച്ഛനമ്മമാരെ.

2018, നവംബർ 19, തിങ്കളാഴ്‌ച

എലി



തട്ടിൻപുറത്ത്
തട്ടലും മുട്ടലും കേൾക്കുമ്പോഴാണ്
പൂച്ചയെ ഓർമ്മ വരിക.
പൂച്ചകളിപ്പോൾ പഴയ പൂച്ചകളേയല്ല!
എലികളെ പിടിക്കാറേയില്ല.
ആട്ടുകട്ടിലിലല്ലാതെ
അടുപ്പുതണയിലുറങ്ങാറുമില്ല.
പണ്ട്, അച്ഛനമ്മമാർ നാടുകടത്തിയതിന്റെ
വൈരാഗ്യമായിരിക്കുമോ പൂച്ചയ്ക്ക്?!
മാളത്തിലൊളിച്ചവയൊക്കെ
വെളിയിലിറങ്ങിയിരിക്കുന്നു
വെളിയിലുള്ളവ മാളത്തിലും.
ഇന്ന് ;
എലി
അടുപ്പിൻ തണയിൽ
വാതിൽപ്പടിയിൽ
അകത്തളത്തിൽ
കാത്തിരുന്ന് കാലിലുരുമി
മീൻ മുറിക്കുമ്പോൾ അമ്മയ്ക്ക് കാവലി
രുന്ന്
ഊണുവേളയിൽ ഉരുളയ്ക്കു കാത്തിരുന്ന്
ഇടവേളകളിൽ മടിയിൽചാടിയിരുന്ന്
സ്നേഹം കൊണ്ടു പൊതിയുന്നു
പൂച്ചക്കണ്ണാലെ നോക്കുന്നു



2018, നവംബർ 10, ശനിയാഴ്‌ച

പ്രണയാർദ്രം




നിരഘരാഗാർദ്രം നിൻനീലനേത്രം
കനകതാര പ്രശാന്തപ്രശോഭം
കരളിലാനന്ദമേള പ്രവാഹം
കനവിലോയെന്നു നിനവിൽ സന്ദേഹം

ശുഭകരാംഗി നീ ചാരെ വന്നെത്തുകിൽ
ഭുവനമാകെയെന്നരികിലെന്നപോൽ
പരശ്ശതം മഞ്ഞുപാളിയേപ്പോലു-
മുരുക്കിടുംപ്രണയനിദാഘ സമ്മേളനം

ഇത്രയം ദൂരത്തിരുവരെങ്കിലും
എത്രയും കതിർവീശു മാവേശം
തമ്മിൽ തമ്മിൽ നാംപകർന്നു തന്നതാം
രാഗസമ്മോഹനാനുഭൂതികൾ

കനകതാരമേ,യരികിലെത്ത നീ
കവിതയായെന്നിൽ കുളിരു കോരുക
തനു തളിർത്തിടാൻ തണലു നൽകിടാൻ
വിമലമാം പ്രണയമാറതിൽ ചായുവാൻ

2018, നവംബർ 8, വ്യാഴാഴ്‌ച

കടൽക്കാഴ്ച്ച




തരളതരംഗ ചുഴിയീഹൃത്തിൽ
തരുണപ്പുഞ്ചിരി തേനലകൾ
പാലലപോലെ കളകളമാടും
മനസ്സിൽ നിരവധി സ്വപ്നങ്ങൾ
പരിഭവമെന്തേ തോഴീ പറയൂ
പ്രണയം നുരമണി ചിതറുമ്പോൾ
കലുഷം നിന്നുടെ മിഴിയിൽ നിന്നും
ചിതറുന്നയ്യോ നെന്മണികൾ
പിടയുന്നെന്തേ പരൽമീൻ പോലെ
ദീനദീനം കൃഷ്ണമണി
സത്വരമെന്തേ,യിങ്ങനെ,യിവ്വിധം
മാനസമാകേ മാറീടാൻ
അറിയില്ലല്ലോ തോഴീ നിന്നുടെ മനവും
കടലും ഒരുപോലെ
എൻഹാസത്തിൻ ചെറു വാക്കുകളോ
പളുങ്കായ് തറയിൽ തകരുന്നു
ഇന്നീക്കടലിൻ കാഴ്ച്ചകൾ ശോക -
ബാഷ്പത്തിൻ തിരമാലകളായ്.

സോദരിക്ക്..........!




നോവുമാത്മാവുകൾക്കാകുമോ
യേകുവാൻ
ശുഷ്കമാം വാക്കുകളെങ്കിലും
യെങ്കിലുമേകുന്നു നന്ദി നാം നാലഞ്ചു    കണ്ണുനീർ തുള്ളികളായി
ജീവിതം മുളയിട്ട കാലത്തിലന്നു നാം
വേർപിരിയാ കളിക്കൂട്ടുകാർ
ഒരമ്മ പെറ്റോരു മക്കളല്ലെങ്കിലും
ഒരു ഞെട്ടിൽ മൊട്ടിട്ട പൂവുപോൽ
പിന്നെയെന്നാണു നാം ,യേതു തിരിവിൽ നാം
ഒറ്റയൊറ്റയായ്പിരിഞ്ഞു പോയി
ദു:ഖശിഖരത്തിൽ വാടിക്കരിഞ്ഞു നാം
പാഴ്നിറമായിക്കൊഴിഞ്ഞു പോയി
പിന്നെയീജീവിത ദുഃഖങ്ങളും പേറി
ജീർണ്ണിച്ചകോലം ചമഞ്ഞു നടക്കവേ
ഭഗ്ന സ്വപ്നങ്ങളിൽ സ്പർശനമായി നീ
യെന്നും വന്നെത്തി നോക്കുന്നു.
എങ്ങോ മറഞ്ഞൊരാ ശരത്കാല - മോർക്കവേ
വിങ്ങിക്കരയുന്നുവുളളം
ആ സ്നേഹഗന്ധമെൻ ചിന്തയിലിന്നും
ഇനി ഞാൻ നടക്കട്ടെസോദരീ!


2018, നവംബർ 7, ബുധനാഴ്‌ച

വനം




കാനനമെത്ര മനോഹരം
കാരുണ്യദായകം
മാനവനാദ്യം പിറന്നുള്ള
വീടകം
കാലവർഷത്തിൽ കുളിച്ചും
വെയിലിൻ ഹേമമാലികയണിഞ്ഞും
മഞ്ഞിൻ മൃദുശൈത്യ കുപ്പായമിട്ടും
എന്നും ഹരിദാഭ യൗവ്വന യുക്തയായ്
മലർനികുഞ്ജത്തിൽ ശയിക്കും മനോഹരി
നീലശിലാതല തലയണയിൽ മുഖം - ചേർത്ത്
ശലഭ വർണ്ണത്തരുമുടി പാടേവിടർത്തി
നയനാമൃതജല വെള്ളിയരഞ്ഞാണ -
മണിഞ്ഞ്
വന ഹൃദയങ്ങളിൽ മേഘരാഗങ്ങൾ പാടി
കടക്കണ്ണുകാട്ടും മുഗ്ധയാം റാണി
സ്മൃതി ബിന്ദുവായിന്നുമുണ്ട്.
നാം തേടുന്നൊരാ കാട്ടുറാണി
എങ്ങുപോയ് മറഞ്ഞുവാ മനോഹരി

2018, നവംബർ 5, തിങ്കളാഴ്‌ച

ആ നിമിഷം........!




ആദ്യമായ് കടലുകണ്ട കുട്ടിയുടെ
ആഹ്ലാദം
തീയ്യിനെ അറിയാതൊന്നു തൊട്ടപോലെ
കാണാതെപോയ നമ്മളെ നാം
കണ്ടെത്തിയപോലെ.
നാമെന്തൊക്കെയായിരുന്നു
എന്തൊക്കെകൊണ്ടാണ് നാം
നമ്മളെ അടയാളപ്പെടുത്തുക.
നാം കണ്ട സ്വപ്നങ്ങൾ
നാം വരച്ച കവിതകൾ
നാം രചിച്ച ചിത്രങ്ങൾ
നാം രുചിച്ച ചുംബനങ്ങൾ
നാമിപ്പോൾ ഒരു രാജ്യമാണ്
ആരും ചെന്നെത്താത്ത രാജ്യം
ആഞ്ഞടിക്കുന്ന കടൽ
തട്ടി മറിഞ്ഞ അത്തറിൻ
സുഗന്ധം
സ്നേഹത്തിന്റെ നെൽപ്പാടം
പച്ചത്തട്ടത്തിൽ പറ്റിയ മിന്നാമിന്നി
നമ്മളിപ്പോൾ വായിച്ചിട്ടും വായിച്ചിട്ടും
തീരാത്ത പുസ്തകം
പ്രണയമേ നിന്റെ മുന്നിൽ മാത്രം
ഞാനാരെന്ന് ഞാനറിയുന്നില്ലല്ലോ.


2018, നവംബർ 4, ഞായറാഴ്‌ച

ഉഷസ്സ്




ഒരു വള്ളപ്പാട്ടിന്റെ തുഴയെറിഞ്ഞ്
ഒരു മഞ്ഞു തുള്ളിതൻ കഥ പറഞ്ഞ്
കുളിരിൻ കുറുനിര പാറിയാടി
പുലരി പതുക്കേ തുഴഞ്ഞു വന്നു
കായൽക്കടവിലേ പൂമരത്തിൽ
പൂത്തുള്ളപൂന്തിങ്കൾ മന്ദ,മന്ദം
രാക്കാവൽ കഴിഞ്ഞു മടങ്ങുമ്പോലെ
പടിഞ്ഞാട്ടുകുന്നു മറഞ്ഞിറങ്ങി
ഒരു കൊച്ചു കിളിയതാ പാടിടുന്നു
പൈക്കളോ പാലു ചുരത്തിടുന്നു
പൂർവ്വാംബരത്തിലുണർന്നൊരുണ്ണി
ചോരിവാ കാട്ടി ചിരിച്ചിടുന്നു
മലതൻ മുലകൾ ചുരന്നിടുന്നു
പാൽ നുര ചിതറിത്തെറിച്ചിടുന്നു
ആലില നാമം ജപിച്ചു നിൽപ്പൂ
അമ്പലമണികൾ മുഴങ്ങി നിൽപ്പൂ
അരിയോരണിപ്പന്തലായ് ഭുവനം
ഒരു നാടൻ പാട്ടിൽ കുളിച്ചു നിൽപ്പൂ
എത്ര വർണ്ണിച്ചാലും മതിവരില്ല
എത്ര കണ്ടെന്നാലും കൊതി തീരില്ല
ഉഷസ്സേ നീയെന്നുള്ളിൽ മദിരയായി
മദമേള താളമിട്ടാടിടുന്നു

2018, നവംബർ 3, ശനിയാഴ്‌ച

മഴവിചാരം




ദൂരെ നിന്നൊരു മഴയാരവം
കേൾക്കുമ്പോൾ
സ്കൂൾ വിട്ട് പുറത്തേക്കോടുന്ന
കുട്ടികളേയാണ് ഓർമ്മവരിക
മഴയിടയിലൊരു കാറ്റു മൂളുമ്പോൾ
മഴയിലാരോ പാടുന്നതാണ്തോന്നുക
കാറ്റിലുലയും ശിഖരംകാണുമ്പോൾ
കുളത്തിലുണ്ണികൾ ആടി തുള്ളിടും
പെരുമരമോർമ്മയിൽ
കലക്കവെള്ളം കുത്തിയൊലി
ക്കുമ്പോൾ
കൊയ്ത്തുപാടത്തെ കൊലുസുകിലുക്കും
തോട്ടു വെള്ളമെന്നോർമ്മയിൽ .
മഴക്കാറിന്ന് വാനിലേറിടുമ്പൊഴേ
നടുങ്ങുന്നു
പ്രളയമെന്നു മനസ്സുകലങ്ങുന്നു

2018, നവംബർ 2, വെള്ളിയാഴ്‌ച

യൗവ്വനസ്മരണ




സ്മരണയിലിന്നുമാ നനവാർന്ന
കാമനകൾ
മലർനികുഞ്ജത്തിൽ മലർന്നിടുന്നു
അനഘമാംപാവന ചുംബനത്തിൻകഥ
എങ്ങനെനാം മറന്നീടുംസഖീ
കാന്തിചിന്തും നിൻ മിഴിവിളക്കിൽ നിന്നും
കൃഷ്ണമണിദീപമുലയുന്നതും
സൗമ്യ സ്നിഗ്ദ്ധമാം നിൻ
മുഖകാന്തി കണ്ടെന്റെ
മനമാകെചിക്കെന്നു ജ്വലന മാർന്നും
കാലമിതെത്ര കഴിഞ്ഞുവെന്നാകിലും
ജാലമിതൊക്കെ മറക്കാമോ സഖീ
ദാവണിചുറ്റി നീ ചിന്നുംകുളിർക്കാറ്റിൽ
പുഴതൻപുളിനത്തിൽ പൂവായതും
തരള രശ്മിത്തരിയാകെപരന്നു നീ
വസന്താഭയായി സുഗന്ധമായും
ആ നിദാഘോഷ്മളദിനങ്ങൾ മറഞ്ഞാലും
ഈ ജീവിതനദി തട്ടിത്തടയുമ്പോഴും
ദുഃഖമാമിരുൾ മറനീക്കും പ്രകാശമായ്
സ്മരണയായുണരുന്നു
അനഘമാംപാവന ചുംബനത്തിൻ കഥ

2018, നവംബർ 1, വ്യാഴാഴ്‌ച

നവംബർ




മഴമെല്ലെമാറി നടന്നിടുന്നു
പ്രണയം മനതാരിൽ പെയ്തിടുന്നു
മിഴിയിൽ പ്രണയാർദ്ര മഴയിരമ്പം
നെഞ്ചിൽ ചുടുമിന്നൽ ദീപനാളം
പൂത്തമാമ്പൂമണം പരന്നിടുന്നു
ചാലുമുറിയാത്ത ചോലപോലെ
എങ്ങും പരക്കുന്നു പ്രണയജാലം
കാലമിതെന്തെല്ലാം കാട്ടിടുന്നു
കാലനാകുന്നു ,കതിരാകുന്നു ,
കലിയാ, യിരയായി, കാർത്തികയായ്.
മാനം തെളിഞ്ഞുവയൽപ്പൂ വിരിഞ്ഞു
കിളിയും, കിളിപ്പാട്ടും കൂട്ടു വന്നു
മഞ്ഞുനീർ മെല്ലെ മിഴി തുറന്നു
നിലാവും നിഴലും പുടവ ചുറ്റി
തളിരിട്ട താഴ്വര കുളിർന്നു നിന്നു
വൃശ്ചികം വന്നു വിളിച്ചിടുന്നു
കാവുകളിൽ കോല മാടിടുന്നു
ചെണ്ടപ്പെരുക്കമുയർന്നിടുന്നു
വയലിൽ തടങ്ങളുയർന്നിടുന്നു
വെള്ളരിവള്ളി പടർന്നിടുന്നു
ഉള്ളിൽ വിളക്കുതെളിഞ്ഞിടുന്നു
ചൊടിയും, ചുണയും തെളിഞ്ഞിടുന്നു
തണുപ്പു തലോടി വിളിച്ചിടുന്നു
രാപ്പനിയെങ്ങോ മറഞ്ഞിടുന്നു