malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഡിസംബർ 31, തിങ്കളാഴ്‌ച

മൂന്ന് കവിതകൾ





പ്രണയം
......''.........


ഭൂതകാലത്തിലേ -
ക്കുള്ള
പ്രയാണം

ദാമ്പത്യം
...................

ചേർന്നിരിക്കുമ്പോൾ
ചോർന്ന് പോകുന്നത്

കുടുംബം
.................


പൊള്ളുന്ന
കണ്ണീർ തുള്ളി

2018, ഡിസംബർ 29, ശനിയാഴ്‌ച

പ്രണയം ഒരു സ്വതന്ത്ര റിപ്പബ്ലിക്കാകുമ്പോൾ




എഴുതുന്നുണ്ട് ചിലർ
പ്രണയത്തിന്റെ ചിഹ്നങ്ങൾ
പെൻസിൽ കൊണ്ട്,
പേന കൊണ്ട്
ചോക്ക് കൊണ്ട്.
നോക്ക് കൊണ്ട്,
വാക്ക് കൊണ്ട്,
ചിരി കൊണ്ട്.
കോറിയിട്ട്, കൊത്തിവെച്ച്,
ഈരടിയായി .
സ്മരണയിൽ മിന്നിമറയുന്നത്
മങ്ങി നിൽക്കുന്നത്
കണ്ണീരണിയുന്നത്
അവശേഷിക്കാത്തത്.
ഒറ്റ അസ്ത്രത്താൽ
തുളയ്ക്കപ്പെട്ട
രണ്ട് ഹൃദയം നാം
നമ്മുടെ വാക്യാംശങ്ങൾ
തീനാളങ്ങൾ പോലെ
ജ്വലിക്കുന്നു
പ്രണയത്തിന്റെ വാതിലുകൾ
അകത്തേക്കല്ല തുറക്കുന്നത്.

2018, ഡിസംബർ 28, വെള്ളിയാഴ്‌ച

ജീവിത കവിത



കടലാസും, പേനയുമായി അയാളിരുന്നു
കവിത വരുന്നേയില്ല
കൂട്ടംതെറ്റിയ ഒട്ടകത്തെ പോലെ
എപ്പോഴെങ്കിലും ഒരു വാക്ക്
നിങ്ങൾ വാക്കിനായി എന്തിനാണിങ്ങനെ
വ്യയം ചെയ്യുന്നത്
ഉദാസീനനായിരിക്കൂ
അവ മഴമേഘങ്ങളപ്പോലെ വരട്ടെ
ആഞ്ഞു പെയ്യട്ടെ
ചിക്കിയും, ചികഞ്ഞും കളഞ്ഞുപോയ
ഗതകാലത്തെ മാന്തി നോക്കൂ
വരും കാലത്തെക്കുറിച്ച് വലയൊന്ന്
നീട്ടിയെറിയൂ
കനവിൽ, നിനവിൽ, കിടക്കയിൽ, യാത്രയിൽ
മായാതെ പിൻതുടരുന്ന ഓർമ്മകളാണ് കവിത
അടുക്കളയിൽ നിന്ന് ഒളിഞ്ഞു നോക്കുന്ന
പെണ്ണ്
ഒന്നാവില്ലെന്നറിഞ്ഞിട്ടും ഒരിക്കലെങ്കിലും -
യെന്നമനസ്സിന്റെ പരിഭവം
എന്തും ചവയ്ക്കാതെ വിഴുങ്ങുന്ന കുട്ടി
മാവിൻ ചോട്ടിലും, സ്കൂൾ മുറ്റത്തും
പാഞ്ഞുകളിക്കുന്നഅട്ടാച്ചൊട്ട
മീൻകാരി പെണ്ണുങ്ങളുടെ കൊട്ടയിലെ മീൻ
ചരിത്രവും, ചന്തയും തമ്മിൽ കള്ളനും
പോലീസുംകളി
ചാരുകസേരയിൽ കാലാട്ടി കിടക്കുന്ന മുത്തച്ഛൻ
അസൂയയില്ലാത്ത അയൽപക്കക്കാരൻ
കുന്നിൻ ചരുവിലെ തെങ്ങിൻ കള്ള്.
കറങ്ങി നടക്കണം കവിതയുമായി കോടമഞ്ഞിൽ
പ്രണയത്തിന്റെ മൂർത്തനിമിഷങ്ങളെ കോർത്തെ
ടുക്കണം
നോക്കൂ ;
വിയർത്തു കുളിച്ച് വില്ലുപോലെ വളഞ്ഞ്
തെങ്ങിന് തടമെടുക്കുന്ന
ഒരു വയസ്സൻ കവിത
സുഹൃത്തേ, ഇതിനേക്കാൾ വലിയ ജീവിതകവിത
മറ്റെന്തുണ്ട് എഴുതാൻ.

ഞാൻ തന്നെ നീ ....!



തിരുനെല്ലിയിലെ
മുളങ്കാടുപോലെ നീ
നിന്റെ ഹൃദയം നിറയേ
സ്നേഹത്തിന്റെ
മുളന്തണ്ടുകൾ,
പ്രണയത്തിന്റെ ഗാനനിർഝരി
എന്റെ ജടപിടിച്ച മൗനത്തിന്റെ
മുള്ളുകളെ
നി നുള്ളിക്കളയുന്നു
പ്രകാശത്തിന്റെ ലയവിന്യാസങ്ങൾ
പോലെ
നമ്മിൽ പ്രണയം
നിന്റെ കണ്ണിലെ കടൽത്തിള-
ക്കത്തിൽ
തൃഷ്ണയുടെ കൃഷ്ണമണികളിൽ
ഞാൻ എന്നെ തന്നെ കാണുന്നു.

2018, ഡിസംബർ 27, വ്യാഴാഴ്‌ച

ആർക്കു വേണ്ടി



കലാപത്തിന്റെ കറകൾ ഇറ്റിയിറ്റി വീഴുന്നു
ഒലീവിലകൾ തളിർക്കുന്നേയില്ല
മാടപ്പിറാവുകൾ കുറുകുന്നില്ല
ഓരോ കാഴ്ചയും ഓരോ തീവേവാണ്
ജീവിതത്തിന്റെ നീളവും വീതിയും
ആരു കണ്ടു?!
ചുറ്റും ഇരുട്ടിന്റെ ചുഴികളും ഭീകരതയുടെ
മലരികളും
അസ്വസ്ഥതയുടെ ഗർത്തങ്ങളിൽ നിന്ന്
എങ്ങനെ രക്ഷപെടും
മനസ്സും, ശരീരവും ചതഞ്ഞിരിക്കുന്നു,
കണ്ണീർ ചാലുകളൊഴുക്കുന്നു
തെറിച്ചുവീണ ചോരപ്പൂക്കൾ
ഭൂപടം വരയ്ക്കുന്നു
ജാതി മതങ്ങളുടെ കോമരം തുള്ളലിൽ
അവസാനത്തെ സമ്പാദ്യമായ ജീവനും
പിടയുന്നു
വാൾമുനരാകുന്നതിന്റെ ഒച്ചമാത്രമെങ്ങും
കാലത്തിന്റെ കള്ളികളിൽ
കളങ്കം മാത്രം കുറിക്കുന്നു ചിലർ
മനുഷ്യനു വേണ്ടിയല്ലാതെ എന്താണ്
നമുക്കിവിടെ ചെയ്യാനുള്ളത്?!

2018, ഡിസംബർ 26, ബുധനാഴ്‌ച

ഓർമ്മയിൽ ഇന്നും....!




പഴനിലാവിന്റെ ചാരുതയിന്നുമീ
മിഴിയിണകളിൽ മാ |യാതെ വെച്ചു ഞാൻ
പുഴതൻപുളിനത്തിൽ പാലൊളി ചിന്നുമാ
രാവിൽ നിന്നോർമ്മ തുഹിനമായ് തൂകവേ

പഴയ വൃന്ദാവനത്തിലെ രാധയെ
കായാവിനെപ്പോലെ കാത്തു നിൽക്കുന്നു
ഞാൻ
ഋതുക്കൾപോലും ഋണഭാരത്താലെന്ന
പോൽ
കാലംതെറ്റി കടന്നുപോകുന്നിതാ

പ്രളയമായ് മഴ ഒരിക്കലെത്തുന്നു
വരൾച്ച തൊട്ടുപിന്നാലെ വന്നെത്തുന്നു
പുഴകൾവറ്റി ,യിന്നുവറ്റി കണ്ണീരും
തരിശു മണ്ണായി നെഞ്ചകപാടവും

നഞ്ചുതിന്നപോൽ നെഞ്ചിലെങ്ങുമേ
എരിപൊരിസഞ്ചാരം പട്ടുപോയ് തല
പാടമെന്നതോ പഴയൊരോർമ്മയായ്
കാടകം പിന്നെ രാമായണ കഥയായ്

വർഷമിന്നു പെയ്യുന്നതോ ഗ്രീഷ്മത്തെ
വസുധ വിധുരയായ് വിലപിക്കും കാഴ്ച
പവിഴമല്ലികളെന്നോ കൊഴിഞ്ഞു പോയ്
പ്രണയരാഗങ്ങളെങ്ങോകളഞ്ഞു പോയ്

ജീവിതം, യേതിടവരമ്പത്തൂടെ
നിരങ്ങി നീങ്ങുന്നുവെന്നറിയുന്നില്ല
എങ്കിലും പഴനിലാവിന്റെ ചാരുത
മിഴിയിണകളിൽ മായാതെ വെച്ചു ഞാൻ

2018, ഡിസംബർ 25, ചൊവ്വാഴ്ച

ക്രിസ്തുമസ് ഒരു സ്നേഹമതിൽ



സ്നേഹത്തിന്റെ മഞ്ഞു മണികളുമായി
ക്രിസ്തുമസ് നാളെത്തി
സന്തോഷത്തിന്റെ നവവത്സരത്തിലേക്ക്
നമ്മേക്കൂട്ടിക്കൊണ്ടു പോകുവാൻ.
കേൾക്കുന്നില്ലെ ,ഖലീൽ ജിബ്രാൻ പാടുന്നത്
ഡിസംബറിന്റെ ഈ തണുപ്പിൽ
ഇനി ജറുസലേമിൽ വെടിയൊച്ചകളില്ല
കണ്ടില്ലെ ഗോലാൻ കുന്നുകൾക്കു മേലെ
നക്ഷത്രങ്ങൾ പൂക്കുന്നത്
സിഡാർ മരങ്ങൾ തളിർക്കുന്നത്
തിരിച്ചറിവിന്റെ അക്ഷരങ്ങൾ നമുക്കുമെഴുതാം
സ്നേഹത്തിന്റെ പുൽക്കൂട്ടിൽ
നിഷ്ക്കളങ്കതയുടെ ഉണ്ണികളാകാം
ഊരിയ വാളുകളെല്ലാം ഉറയിലിടുക
നമുക്ക് പണിയുവാനുള്ളത്
സ്നേഹത്തിന്റെ മതിൽ
സമത്വത്തിന്റെ ,ശാക്തീകരണത്തിന്റെ
മതിൽ
ശാന്തി മന്ത്രങ്ങൾ പോലെ ഇനി സ്നേഹഗാന
ങ്ങൾ പാടാം
അസഹിഷ്ണുതയുടെ കൊടും തണുപ്പിൽ നിന്ന്
പാടിപ്പാടി ജനതയെ
സഹിഷ്ണുതയുടെ പുതുകാലത്തിലേക്കു
നയിക്കാം

2018, ഡിസംബർ 23, ഞായറാഴ്‌ച

ഫ്ലാറ്റിൽ



നാലു ചുവരുകൾക്കുള്ളിൽ
ഞാൻനടന്നു കൊണ്ടിരിക്കുന്നു
ചക്രവാളം കാണാത്ത ചിത്രപതംഗം
ഇല്ല ഇനിയെനിക്ക് വസന്തം,
വയലേലകൾ
മേഘങ്ങൾ.
ചാമ്പമരങ്ങൾ,
പേരക്കൂട്ടങ്ങൾ,
തൈമണിക്കാറ്റ്.
മ്ലാനമായ മൗനം മാത്രം എനക്ക് കൂട്ട്
ഉന്മാദിയെപ്പോലെ അറിയാത്തൊരു
പുലമ്പൽ
ജനൽ പാളിയിലൂടെ മഴത്തുള്ളികളെന്ന
പോലെ
ഒലിച്ചിറങ്ങുന്നു ഓർമ്മകൾ
രുചിയറ്റ ഉരുളപോലെ ഉതിർന്നു വീഴുന്നു
വാക്കുകൾ
ഫ്ലാറ്റ് ഒരു പെട്ടകമാണ്
പെട്ടുപോയ ഒരു ജന്മത്തെ
ജീവനോടെ അടക്കലാണ്
ഇനിയുമൊരു വായില്ലാക്കുന്നിലപ്പനായി
ജനിക്കണമെനിക്ക്

തിരുവാതിര



അംഗനമാർതന്നുടെ
ഇംഗിതമെന്ന പോലെ
ധന്യമാമൊരു മാസം
വന്നെത്തി ധനുമാസം
മഞ്ഞിലൂടരിച്ചെത്തും
മഞ്ജുള നിലാ ദീപ്തി
പാതിരാ പടവേറി
പാലപ്പൂ പറിക്കുന്നു
കൈ കൊട്ടിക്കളിയുടെ
കങ്കണ മണിനാദം
കാട്ടാറിൻകൽപ്പടവിൽ
കല്ലോല മുതിർക്കുന്നു
കുമ്മിയടിക്കും കന്യമാരുടെ
വേണി പോലെ
വിയത്തിൽ പാറീടുന്നു
മേചകവർണ്ണമേഘം
തിരുവാതിര നാരിമാർക്കൊരു
നവ്യ മേള
കേരള കരയാകെ
കൈ കൊട്ടും കലാമേള

2018, ഡിസംബർ 22, ശനിയാഴ്‌ച

മൗനാനുരാഗം



പകൽനേരങ്ങളിൽ
മിന്നാമിന്നികളെല്ലാം
നിന്റെ കണ്ണിലാണ്
കൂടുകൂട്ടുന്നത്.
പിടി തരാത്ത
വഴുതികളിക്കുന്ന
മീനാണ് നിന്റെ മിഴികൾ
പച്ചിലച്ചാർത്തുപോലെ
നീയെന്നിൽ പടർന്നു
കയറുന്നു
മനസ്സ് വേഗം കൂടിയ
പക്ഷിയാകുന്നു.
നിന്നിലെ ഏത് ചൂണ്ട -
ക്കൊളുത്താണ്
എന്നെ വലിച്ചു പിടിക്കു
ന്നത്
നിന്നിലെയേതോ
പ്രകാശത്തിൽ
ഞാൻ നനഞ്ഞു നിൽ
ക്കുന്നു
ചൂടുപിടിച്ച മണ്ണിലേക്ക്
ജലമിറങ്ങി പോകുന്നതു
പോലെ ഉള്ളിൽ
മൗനം കൊണ്ടൊരു ഭാഷ
നാം വായിച്ചെടുക്കുന്നു
അനുരാഗത്തിന്റെ മഴ
നാം നനയുന്നു
വലിയ മൗനത്തിൽ നിന്നും
പ്രണയം മുളയിട്ടു നിൽ-
ക്കുന്നു

2018, ഡിസംബർ 20, വ്യാഴാഴ്‌ച

കറുപ്പ്



കറുത്തവളോടൊത്ത് നിന്ന്
ഒരു സെൽഫി
കറുത്തവരോടൊത്ത് ഒരൂണ്
പാവപ്പെട്ടവനായി ഒരു കവല
പ്രസംഗം
നിരക്ഷരർക്കായി ഒരു നിരാഹാരം
ഇന്ന്, വെളുത്തവളെ തിരഞ്ഞു
നടക്കുന്നു
പതിനാറായിരത്തെട്ട് പെണ്ണുകാണൽ
കഴിഞ്ഞു
കറുപ്പിനേഴഴകെന്നു പറഞ്ഞ്
ഇറങ്കല്ലിറങ്ങി നടന്നു
കളറു പോരെന്ന് ചെരുപ്പടി മൊഴിഞ്ഞു
സ്കൂളിലെ ഗ്രൂപ്പ് ഫോട്ടോയിൽ
ഒന്നിച്ചു നിൽക്കാമെന്ന് ഒയലിച്ച മിഠായി
പങ്കുവെച്ചവനെ
പിന്നിലറ്റത്ത് നിർത്തിയത് ഓർമ്മ വന്നു.
നിറം, കാഴ്ച, പണം, പഠിപ്പ്, പ്രശസ്തി
പെണ്ണു തേടി ഒരു അശ്വമേധം തന്നെ
നടക്കുകയാണിപ്പോൾ.

2018, ഡിസംബർ 19, ബുധനാഴ്‌ച

കുടക്



ദുബാരയാണ്
കാവേരി പുഴയാണ്
പുഴ കടക്കാൻ ബോട്ട് വേണം
പുഴയുടെ കിഴക്ക്ആനപ്പന്തി
ഉറുമ്പ് ചാലിട്ട പോലെ
രാവിലെ നിൽപ്പാണ്
ഒഴുകുന്ന വെള്ളത്തിലെ
ഉറുമ്പിൻകൊട്ടപോലെ
പുഴയിൽ ബോട്ട്
പാറക്കെട്ട് പോലെ
ആനക്കൂട്ടം കുളിക്കുന്നു
കുങ്കിയാനകുമ്പകുലുക്കുന്നു
മെരുങ്ങാത്തൊരാന
അഴിക്കൂട്ടിൽ വട്ടം തിരിയുന്നു.
ബാംബു ഫോറസ് റ്റൊരു കവിതയാണ്
കലയിൽ കുളിരും കവിത
കുടകിൻ മടിയിൽ
കുശാൽനഗറിൽ
കുടികൊള്ളുന്നുഗോൾഡൻ ടെമ്പിൾ
ബുദ്ധിസ്റ്റുകളുടെ നഗരം
തിബത്തെന്നൊരു തോന്നൽ
മടിക്കേരിക്കുന്നിൽ, രാജാ സീറ്റിൽ
കാഴ്ചകൾ കവിതകളാകുന്നു
കോടകളിറങ്ങും കുന്നിൻ താഴെ
കോടിയുടുത്ത് കുണുങ്ങിയിരിപ്പൂ
കേരളമെന്നൊരു പെണ്ണ്

2018, ഡിസംബർ 18, ചൊവ്വാഴ്ച

പുഴ



പരന്നൊഴുകുമ്പോൾ
പായക്കടലാസിൽ ഒതുങ്ങുമായി -
രുന്നില്ല
ഇന്ന്, ഒറ്റവരയിൽ എല്ലാം.
നായ കടിച്ചു തുപ്പിയ എല്ലുപോലെ
ഗവേഷണത്തിനായ് കമിഴ്ന്ന്
കിടന്നപ്പോലെ
ആകൃതി നോക്കി വേണം
വികൃതിയറിയാൻ
ആഴം നോക്കി വേണം
ആക്ക മറിയാൻ
പ്രതാപത്തെപാറക്കെട്ടുകളുടെ
പരപ്പിൽ നിന്നറിയാം
പനിയളക്കുന്നതു പോലെ
പച്ചപ്പുകളെ നോക്കി വേണം
പഴക്കമറിയാൻ
മണൽമാംസം പണ്ടേ അറുത്തു പോയി
പണ്ടങ്ങളുടെ പിണ്ടിയാണീ കാഴ്ച
ഇപ്പോഴും കരുതുന്നുണ്ടാവണം
ഒളിച്ചിരിക്കുന്ന പുഴയെ
വലിച്ചു പുറത്തിടാമെന്ന്
അതുകൊണ്ടായിരിക്കണം
അവസാനത്തെ തരിയും
കുഴിച്ചെടുത്തു കൊണ്ടേയിരിക്കുന്നത്

പിന്നെയും .... പിന്നെയും



രാവിലെ എഴുന്നേറ്റത്
കുയിലിന്റെ പാട്ടു കേട്ടാണ്
അതിന് പാട്ടെന്ന് പറയാമോ
കൂവലെന്നല്ലാതെ !
കാവിലെ കാറ്റിൽ വലംചുറ്റി
കൂവൽ കാടിന്റെ പടിയിറങ്ങി
പോകുന്നു
മഞ്ഞിൽ, മഴതുടങ്ങും കാലത്ത്
കേൾക്കാൻ ഒരു സുഖമുണ്ട്
രാവിലെ മാവിൻ കൊമ്പിൽ
പിന്നെ മലമുകളിൽ
പിന്നെ പിന്നെ അകന്നകന്ന്
കാറ്റിൻകൈകളിലൂടെ
ഇതെന്ത് പാട്ടെന്ന് മനസ്സ്.
പ്രശംസിച്ച് പ്രശംസിച്ച് കുയില -
ങ്ങേകൊമ്പത്ത്
കുയിൽ നാദം എന്നൊക്കെ
പറയുന്നതു കേട്ടാൽ തോന്നും
എന്തോ മഹാകാര്യമെന്ന്
അല്ലെങ്കിലും എല്ലാ കാര്യവും
അങ്ങനെയല്ലെ
പറഞ്ഞു പറഞ്ഞ് പൊലിപ്പിക്കുന്ന
തല്ലെ
നാലാൾ വിചാരിച്ചാൽനടക്കാ-
ത്തതെന്ത്?!
നമുക്ക് നമ്മോട് തോന്നുന്ന എന്തോ
ഒരിതില്ലെ
അതുപോലൊരു ആകർഷണീയത
കുയിലിന്റെ ആ പാട്ടിലുമുണ്ട് അല്ലേ.
അതല്ലെ കേട്ടാലും കേട്ടാലും
പിന്നെയും കേൾക്കാൻ തോന്നുന്നത്

2018, ഡിസംബർ 17, തിങ്കളാഴ്‌ച

നാം.....!



നാം രണ്ടു നദികൾ
കുതിച്ചും ,കിതച്ചും
കലർന്നും, കുളിർന്നും
ചിരിച്ചും, ചിതറിയും
തരു ഛായയിൽ
തളർന്നും
കയങ്ങളിൽകെട്ടിപ്പി -
ടിച്ചും
രമിച്ചും രസിച്ചും,
ഗോപികമാരുടെ
നഗ്നതയിൽ തൊട്ടും
കണ്ണനോട് കൊഞ്ഞ -
നം കുത്തിയും
മുളങ്കൂട്ടത്തിൽ
മുരളികയായും
കായാവിൽ പൂവായും
രാധാമാധവലീലകളാടി
നാം ഒറ്റനദി.
പിന്നെയെന്നാണ് ഏതു
കൈവഴിയിൽവെച്ചാണ് 
പിരിഞ്ഞു പോയത്
നാംരണ്ട് നദികളായത്.

2018, ഡിസംബർ 16, ഞായറാഴ്‌ച

വഴിക്കണ്ണുമായ്....!



വഴിക്കണ്ണുമായി അവൾ
വിളക്കുകാലിനരികിൽ.
ബൈക്കിൻഒച്ച കേൾക്കുമ്പോൾ
വഴിയിൽ കയറി നിന്നു നോക്കും.
നിഴൽ പിന്നിലേക്ക് നടന്നപ്പോൾ
അവൾ മുന്നിലേക്ക്.....
പിന്നിൽ കണ്ണില്ലാത്തതിനാൽ
തിരിഞ്ഞു തിരിഞ്ഞു നോക്കി ...
ബൈക്കിൻ ചെത്തംകേൾക്കേ
ചെമ്പകം പോലെ പൂത്തു
വഴിപോക്കനെന്നു കണ്ടപ്പോൾ
കുമ്പളം പോലെ വാടി
കാച്ചിൽ വള്ളി പോലെ
ഞറുങ്ങണെ പിറുങ്ങണെ വഴി.
നിരാശയുടെ ഒരു നരന്തവള്ളി
മനസ്സിനെ ചുറ്റുന്നു
മഴക്കോള് മാനത്ത്
മുഷിവേറെമിഴിത്തുമ്പത്ത്
തൊട്ടാവാടികൾ തൊട്ടു വിളിക്കേ
ഒരു ഇടിനാദം
മിന്നലിനൊപ്പം വിരുന്നു വന്നു -
ആദ്യത്തെ മഴത്തുള്ളി.
പിന്നാലെ ബൈക്കിൽ അവനും
ആദ്യത്തെ വളവിൽ വെച്ച്
അവളിലൂടെ ഇറക്കങ്ങളിറങ്ങി -
യിറങ്ങിയവൻ.
ഒരു വാഴയിലക്കുടയിൽ അവൾ.

2018, ഡിസംബർ 15, ശനിയാഴ്‌ച

നോവ്



അൽ ഫ്രാക്സ് പൂജ്യം പോയന്റ്-
അഞ്ചിന്റെ പകുതി മുറിച്ച്
അവൾ നൽകുന്നു
നാവു വരണ്ട്, കണ്ണടഞ്ഞ്
വേദനയെ അഗാധമായി മയക്കി കിടത്തുന്നു
നട്ടെല്ലിലെ ഡിസ്കിനുള്ളിൽ രോഗാണുക്കൾ
എന്തു ചെയ്യുകയായിരിക്കുമിപ്പോൾ?
ഒന്നുമറിയാതെ മൂന്ന് കുഞ്ഞുങ്ങൾ
അച്ഛനെ മുത്തങ്ങൾ കൊണ്ട് മൂടുന്നു
രണ്ട് കണ്ണുകൾ കണ്ണീർപ്പുഴയിൽ
കൂമ്പിയടഞ്ഞ് പ്രാർത്ഥനയിൽ
വിഷാദത്തിന്റെ മങ്ങിയവെളിച്ചം തപസ്വിയാകുന്നു
മരണത്തിലെന്ന പോലെ കിടക്കുന്നവന്റെ
മുന്നിൽ
അവളുടെ സ്വപ്നങ്ങൾ അന്ധനായ കുട്ടി.
നിരങ്ങി നീങ്ങുന്ന നിരാലംബ തയാണ് ജീവിതം
ചിറകരിയപ്പെട്ട പക്ഷി
രാവിന്റെയേതോയാമത്തിലും നിഴൽചിത്രമായ്
ചുമരുചാരി കൈപ്പുനീരുകുടിച്ച് അവൾ
ഇരുട്ടിൽ ഇലയനക്കംപോലും മുട്ടിവിളിക്കുന്ന ഭയം
മൈലാഞ്ചിയണിഞ്ഞ നിലാവ് വേദനയാണ്
വ്യഥകളുടെചുമടുതാങ്ങി കഴുത്തൊടിയുന്നു
നോവുകളിൽപണിഞ്ഞ കുഞ്ഞു വീട്
നോവിനാൽപുണരുന്ന രണ്ടു ജന്മങ്ങൾ
നോവുകളിൽചിരിക്കുന്ന മൂന്നു കുഞ്ഞുങ്ങൾ
മതി, ഇനിഎങ്ങനെയൊക്കെ ജീവിച്ചുതീർക്കണം
ഒരു ജന്മം
പുലരിവന്ന് വേദനയെതൊട്ടുണർത്തുന്നു
അടഞ്ഞുപോകുന്നകണ്ണ് വലിച്ചുതുറന്ന്
ഉറക്കച്ചടവോടെ അവൾചാടി എഴുന്നേൽക്കുന്നു
വേദനയുടെ ആവിളറിയമുഖം
പ്രതീക്ഷയുടെ പൂവാണവൾക്ക്.

2018, ഡിസംബർ 13, വ്യാഴാഴ്‌ച

തുമ്പത്ത്



ഇന്നീ പുലരിതൻ നാരായത്തുമ്പിലേ-
യേകാന്തബിന്ദുവിൽ ധ്യാനിച്ചിരിപ്പു ഞാൻ
അക്ഷരത്തുമ്പെന്റെ നാരായത്തുമ്പത്ത്
തൊട്ടെന്തെ ചിക്കെന്ന് മാറിക്കളിക്കുന്നു
വാതായനം തുറന്നുഷസ്സുമ്മറത്തതാ
കിണ്ടിയും ഉമിക്കരി, ഈർക്കിലും വെക്കുന്നു
ഒരുകാക്ക ഓട്ടക്കണ്ണിട്ടു നോക്കുന്നതാ
കവിതയെ കൊത്തിപറക്കുവാനെന്നോണം
ഇരുട്ടിന്റെ കാട്ടമടിച്ച ചൂൽ വന്നതാ തൊട്ടിയിൽ
ചാണകം തെളിച്ചു നടക്കുന്നു
മഞ്ഞൊന്നു മുഞ്ഞി കുത്തി വീണ തക്കത്തിൽ
കുഞ്ഞു കോഴികൊത്തി കൊക്കാട്ടി നിൽക്കുന്നു
നൊന്തും സ്വയം നുള്ളി നോവിച്ചൊരക്ഷരം
എന്തേ യെൻ തൂലിക തുമ്പത്തണയാതു
വന്ധ്യമേഘംപോലെ എന്തേയെൻ മാനസം
ഏതോ നിശൂന്യത തൊട്ടുകളിക്കുന്നു
തൊടിയിലെ കാക്ക വിളിച്ചധിക്ഷേപിച്ചിതാ
മുന്നിലെ പത്രവും കൊത്തിപറന്നേപോയ്

2018, ഡിസംബർ 12, ബുധനാഴ്‌ച

ജീവിത വഴികളിൽ



ചരിഞ്ഞു കിടന്ന ഓർമ്മകളെല്ലാം
ചുറഞ്ഞു കയറുന്നു
പുഴയൊഴുക്കുപോലെ അത്ര എളുപ്പ
മാകില്ല
ജീവിതമലകയറ്റം
കാണാമലയുടെ കയത്തിലേക്കുള്ള കയറ്റം
സ്വന്തമെന്നു കരുതിയതൊന്നും
സ്വന്തമല്ലെന്ന തിരിച്ചറിവിൽ
കുടിയൊഴുപ്പിക്കപ്പെട്ട ഓർമ്മകളെല്ലാം
ഒന്നിച്ചു വന്നു ചേരും
നാട്ടുവഴികൾ നടന്നു വരും
പാടങ്ങൾ പച്ചവിരിക്കും
പറമ്പുകൾ ഒറ്റക്കാലിൽ കക്ക് കളിക്കും
ഇറയം കൊത്തങ്കല്ലാടും
മുറ്റംഗോലിക്കുഴികൾ നിറയും
നിന്നിലെ ഒരു മൊട്ടാമ്പുളി നെഞ്ചിൽ
നിന്നു നൊട്ടി നുണയും
നാണത്തിന്റെ ഒരു പൂവ് നുള്ളിയെടുക്കും
ഒറ്റക്കാലിൽ ഒരു ജന്മം കൊക്കാവാൻ
കൊതിക്കും
മണ്ണിന്റെ മണം ഉടലിനെ മദിപ്പിക്കും
തൃഷ്ണകൾ തളിർക്കും
കളഞ്ഞു പോയ കാലത്തെ തിരഞ്ഞു നടക്കും
എത്ര തിരഞ്ഞാലും കണ്ടു കിട്ടില്ല
തിരഞ്ഞ് തിരഞ്ഞ് കമ്പും, കരിയിലയും
ചേർത്ത്
കാലം പണിഞ്ഞ
കള്ളക്കുഴിയിൽ പതിക്കുക തന്നെ ചെയ്യും.

2018, ഡിസംബർ 11, ചൊവ്വാഴ്ച

ഉള്ളങ്കൈയ്യിലെ വെല്ലം



പണ്ട് വെല്ലം ഉള്ളങ്കൈയിലിട്ട് നക്കി
കട്ടൻ ചായ കുടിക്കുമ്പോലെ
ഞാൻ ഓർമ്മകളെ നക്കിയിരിക്കുന്നു
കണ്ടത്തിൽ വിത്തിട്ട് ഞാറിട്ട്
കൊയ്തത്
കറ്റകെട്ടിമെതിച്ച് പതമളന്നത്
കുളത്തിൽ കൂട്ടുകാരൊത്തു മുങ്ങി
കല്ലെടുത്തത്
തുമ്പിയുടെ വാലിൽ നൂലു കെട്ടി
പട്ടമാക്കിയത്
മുരിക്കിൽ ഏണി വെച്ച് കമ്പ് കൊത്തി
യത്
കഞ്ഞി കിട്ടാതെ കപ്പതിന്നത്
രാജനെവിടെ? എന്ന് ചോദിച്ചു കൊണ്ട്
പുസ്തകം വിറ്റവരെ
ആരാധനയോടെ നോക്കി നിന്നത്
അടിയന്തരാവസ്ഥ അറബിക്കടലിലെന്ന
കരിവെള്ളൂരെ ചുമരെഴുത്ത് കണ്ടത്
വെള്ളം കുടിച്ചാൽ പാത്രം കമിഴ്ത്തേണ്ട
വരുടെ
പടിഞ്ഞാറ്റയിൽ കയറിയത്
കാടെല്ലാം നാടായി, തോട് റോഡായി
പച്ചപ്പുകൾ പണമുള്ള വീട്ടിൽ പാറാവായി
കുളങ്ങൾ കുടത്തിലെ ഭൂതത്തെ പോലെ
കണ്ണടച്ചു തുറക്കുമ്പോഴേക്കും നിരന്ന്
നിരപ്പായി
കുന്ന് കൂപ്പയിലെ തടി പോലെ ഊടുവഴിയിലേ
പോയി.
കാണക്കാണെകാലം മാറി
മരണമിന്നെന്നെ ഉള്ളങ്കൈയിലെ വെല്ലം
പോലെ
നക്കിക്കൊണ്ടിരിക്കുന്നു

2018, ഡിസംബർ 10, തിങ്കളാഴ്‌ച

പങ്കുവെയ്ക്കൽ



സമുദ്രത്തിൽ ഉപ്പെന്നതു പോലെ
നമ്മിൽ പ്രണയം
കാറ്റും, കാലടികളും,
തിരയും, മണൽത്തരികളും
കളിപറഞ്ഞിരിക്കുമ്പോൾ
പ്രണയത്തിന്റെ പതാക ഉയരേ,യുയ-
രുന്നു
തിരകളുടെ അനസ്യൂതത പോലെ
പ്രണയം
സമുദ്രവും, തീരവും ഇണചേരുന്ന
ഈ സായന്തനത്തിൽ
മെയ്യോടു മെയ്ചേരും ഇണകളുടെ
കവിളിൽ
കത്തി നിൽക്കുന്നു ശോണിമ
പെണ്ണിണകളും, ആണിണകളും
ലിംഗഭേദമില്ലാതെ
സ്വർണ്ണ നിറമാർന്ന മണലിൽ
വരഞ്ഞു വെയ്ക്കുന്നു ചിഹ്നങ്ങളെ
സിരകളിലെ രക്തത്തിന്
ചുകപ്പു കൂടുന്നു
സമുദ്രത്തിലെന്ന പോലെ തിരയടിക്കുന്നു
ഉപ്പു രുചിയുള്ള പ്രണയം
അവർ പരസ്പരം പങ്കുവെയ്ക്കുന്നു.

ക്രോധം



മെരുങ്ങാത്ത കടലാണ് മനസ്സ്
മൗനങ്ങളെ കുടിച്ചു വറ്റിക്കാനേ
കഴിയുന്നില്ല
ആനന്ദമൂർച്ഛയിലും പതഞ്ഞൊ
ഴുക്കുന്നത് ക്രോധം
ഓരോ ചിരിയിലും ഒരായിരം ചതി
യുടെ തിരമാലകൾ
എളിമയിലേക്ക് ആഴ്ന്നിറങ്ങുന്നു
ഉളികൾ
ഒരു ചിരി പൊട്ടുമ്പോലെ പൊട്ടിപോ
കുന്നു ക്രോധം
അവസാനമില്ലാത്ത ചതി -
അട്ടഹസിച്ചു കൊണ്ടേയിരിക്കുമ്പോൾ
മനസ്സിൽ ക്രോധത്തിന് കടലാഴം.

2018, ഡിസംബർ 8, ശനിയാഴ്‌ച

നീര്



പ്രളയത്തിന്റെ പെരുവെള്ളത്തിൽ
കലങ്ങിപ്പോയി നല്ല വെള്ളവും
കുടിവെള്ളമില്ലാതെ കുടവുമായലഞ്ഞ
കുഞ്ഞുനാള്
കൂവലിലെ കലക്കു വെള്ളമരിച്ചു
കുടിച്ചനാള്
വെള്ളമില്ലാതെ വേദനയായി
മണ്ണിലടിഞ്ഞവർ
വേരോടെ പിഴുതു പോയവൻമരങ്ങൾ
ഇന്ന്; മലപോലെ വെള്ളംവന്ന്
വെള്ളം കലക്കുന്നു
ചെളിയുടെ കറുത്ത കാടുകൾ നാടുകടത്തുന്നു
ഇരവും, പകലും, നിഴലും, നിലാവും
ഒഴുകി പോകുന്നു
നീരുവറ്റിയ തൊണ്ട വരണ്ടു വിണ്ടു കീറവേ
ഉപ്പുനീരിൽ ഉപ്പാ,യലിയുവോർ
ഒപ്പമെത്തുന്നു
അന്തിപിന്നെ പുലരിയായി പൂത്തുനിൽക്കുന്നു
നല്ലനീര് ദാഹനീരായവരണയുന്നു

2018, ഡിസംബർ 7, വെള്ളിയാഴ്‌ച

ശേഷം



മൃതി വന്നു പുണർന്നാലും
സ്മൃതിയിലെന്നും നീമാത്രം
കനൽ നിറഞ്ഞ പട്ടടയും
കരൾ വിരിഞ്ഞ പൂവാകും
കിനാവു കണ്ടുനീ നിൽക്കുകിൽ
നീലാവായി ഞാൻ പെയ്തിടും
പ്രണയം പടുക്കുവാനായി ഞാൻ
അടുക്കി വെച്ച വാക്കുകൾ
ഘടമുടയ്ക്കുന്നേരം
നെഞ്ചിൻ കൂടുപൊട്ടുമ്പോൾ
ഉടയാത്ത വാക്കായി
ഉയരുമാ പുകയ്ക്കുള്ളിൽ ഉയർന്നേ
വന്നിടും.
എന്നാൽ;
അടർന്നു പോയ കാലത്തെ കൊരുത്ത -
മാലനീയൂരുക
മുറിഞ്ഞുപോയ പുഞ്ചിരി
വഴിഞ്ഞ, ണിഞ്ഞു നിൽക്കുക
കരിഞ്ഞു പോയ പൂവിനെ
കരുതിക്കൂട്ടിയെറിയുക
നീണ്ട കൈയ്യിലെന്നുമേ വിരിഞ്ഞ പുഷപം
വെയ്ക്കുക
പതിഞ്ഞ പാദമുദ്രകൾ പെരുവിരലിനാൽ
മായ്ക്കുക
പുതിയ പാദമുദ്രകൾ നോക്കി മുന്നേറീടുക
യൗവ്വനം അതിന്നു മാത്രം കളഞ്ഞു പോകാതെ
നോക്കുക.
മരിച്ചവൻ ഞാനെനിക്കെന്നുമെന്നും
നിന്നെ മാത്രം നിനച്ചിടാം.

2018, ഡിസംബർ 6, വ്യാഴാഴ്‌ച

വാഴ്ച



എഴുതുവാനെനിക്കെഴുത്തുമേശയില്ല
തുടുത്ത വെളിച്ചത്തിൻ വെള്ളി ശോഭയില്ല
അനന്തമാകാശം കണ്ടു നിൽക്കുവാൻ
തുറന്നു വെയ്ക്കാനൊരു ജനാലയില്ല
ചില്ലയില്ല വന്നിരിക്കാനൊരു കിളിയുമില്ല
ചീത്തയെങ്കിലും ചിലക്കാനൊരു പല്ലിയില്ല
വ്യഥിത ചന്ദ്രന്റെ വിളർത്ത മുഖം നോക്കി
വിശന്ന വാക്കെന്നിൽ കവിതയെഴുതുന്നു
ഇരുട്ടുവന്നിട്ടും ഉറക്കുവന്നില്ല
മുനിഞ്ഞു കത്തുന്ന വഴി വിളക്കരികിൽ
മുല്ല പൂത്തൊരുവള്ളിയായ് നിൽക്കുന്നു
കൂട്ടിയും, കുറച്ചും, ഗുണിച്ചും, ഹരിച്ചും
ഹരിണ വേഗത്തിൽ പായുന്ന കാലമേ
നിശ്ചലമെന്റെ ജീവിതമെത്ര മെച്ചമെന്നു നീ
പരിഹസിക്കയോ?
കവച കുണ്ഡലം അറുത്തു മാറ്റി നീ
കുലച്ച വില്ലുമായ് കാത്തുനിൽക്കയോ ?!
കവിത വന്നെന്റെ കണ്ണുപൊത്തുന്നു
കവിത വന്നെന്റെ കാതു പൊത്തുന്നു
കവിത വന്നെന്റെ വായ മൂടുന്നു
കവിത വന്നെന്റെ വാക്കിൻവാളിനെ
വേരറുത്തു പിഴുതുമാറ്റീടുന്നു
കവിത പൂക്കുന്ന കാലം കഴിഞ്ഞെന്ന്
കാലം കാലനാൽ കാക്കപ്പെടുന്നെന്ന്
പകുതിയിൽ വെച്ച് മരിക്കുന്നതേ കാമ്യം
കവിത ചൊല്ലിപ്പിരിഞ്ഞു പോകുന്നു.
കാലനെത്ര കാലം ഭരിച്ചാലും
കാത്തുവെക്കുമീ കവിതയെന്നു ഞാൻ
കവിതയെ പിടിച്ചു നിർത്തുന്നു.

തീവ്രവാദി



വാക്കിന്റെ വാളിനെയെടുത്ത്
നാക്കിന്റെ ഉറയിലിട്ടു
പിന്നെ ഒട്ടും താമസിച്ചില്ല
വടി വാളെടുത്ത്
വെട്ടൊന്ന് തുണ്ടം രണ്ട്.

2018, ഡിസംബർ 5, ബുധനാഴ്‌ച

ഇന്നത്തെ ദൃശ്യം



വന്നിറങ്ങിയതേ വെളിവില്ലാതായി
വളവിലെ പെട്ടിക്കട താംബൂലച്ചുവയായ്
പല്ലിനിടയിൽ ചുവന്നു
ഇടവഴികളെല്ലാം ഇറങ്ങിപ്പോയിരിക്കുന്നു
പരിചയത്തിന്റെ ലാഞ്ഛന പോലുമില്ല
യെങ്ങും
പറമ്പുകളൊക്കെ ഏത് പിമ്പുകളുടെ
പിറകെയാണ് പോയത്
ഇവിടെയൊരു പുഴയുണ്ടായിരുന്നു
എന്നതിന് തെളിവായി
പാറക്കെട്ടും ചാലും
പൊളിഞ്ഞ തോണികളുടെ അസ്ഥികളും
വല കഷ്ണങ്ങും
മുഷിഞ്ഞ് മുഷിഞ്ഞങ്ങനെയിരിക്കുമ്പോൾ
ഗലിയുടെ പുറകിലെ ചെളിവെള്ളത്തിൽ
നിന്ന്
ഒരു മുഷി മീശയുയർത്തുന്നു മേലനക്കുന്നു
എന്തൊരത്ഭുതം
'എങ്കിലും കൂട്ടുകാരാ വന്നല്ലൊ നീ'
കാലമെത്ര മാറിയാലും കൂട്ടുമനസ്സുകൾ
മാറില്ലെന്നായിരിക്കാം പറയുന്നത്
മതി, ഇത്രയും മതി
ഇതിൽ കൂടുതലെന്ത് പ്രതീക്ഷിക്കണ-
മിന്നു നാം.

2018, ഡിസംബർ 4, ചൊവ്വാഴ്ച

സീബ്രാ വര



ഇരുവശത്തു നിന്നും
ഇരമ്പി വരുന്നു വാഹനങ്ങൾ
സീബ്രാവരയിൽ
നൂൽപാലത്തിലെന്നോണം
സർക്കസ്സ് കളിക്കുന്നു ആളുകൾ
വാക്കുകൾ നോക്കുകളാക്കുന്നു
ജീവനെ ഉള്ളംകൈയ്യിൽ മുറുക്കി -
പിടിച്ചിരിക്കുന്നു
ഉടുത്തൊരുങ്ങിയ ഉടലുകൾ
പുഴയായൊഴുക്കുന്നു
ആലോചിച്ചു നോക്കൂ:
ഇതിനിടയിൽ ഇതൊക്കെ കണ്ടു -
കണ്ടു മടുത്ത സീബ്ര
അവിടെ നിന്നെഴുന്നേറ്റു പോയാൽ
എന്തായിരിക്കു ,മവസ്ഥ.

2018, ഡിസംബർ 3, തിങ്കളാഴ്‌ച

ഒറ്റമുറി വീട്



ഒരു ഒറ്റമുറി വീട് പണിയണം
എന്തിനാണ് മുറികളേറെ?
രണ്ടുനില ?
ഓരോരാൾക്കും ഓരോ മുറിയായതാണ്
ഒറ്റ, യെറ്റയായിപ്പോയത്
ഓല മേഞ്ഞഒറ്റമുറിയായിരുന്നപ്പോൾ
എല്ലാവരും ഒന്നായിരുന്നു
മുത്തച്ഛനും, മുത്തശ്ശിയുമുണ്ടായിരുന്നു
കുട്ടികൾക്ക് കൂട്ടും
കഥയും,കവിതയും, ഗുണപാഠവുമുണ്ടായി
രുന്നു
എല്ലാവരും കൂടിയിരിക്കാറുണ്ടായിരുന്നു
സംസാരിക്കാറുണ്ടായിരുന്നു
സങ്കടവും സ്നേഹവും പങ്കുവെയ്ക്കാറു-
ണ്ടായിരുന്നു
ഇന്ന് ആർക്കും ഒരു കൂറുമില്ല
കണ്ടാൽ മിണ്ടാറില്ല
അടുത്തവരൊക്കെ അകന്ന് അപരിചിത
രായി.
ഇന്നലെ പാതിരാവിലാണ് വാതിലിലൊരു
മുട്ടകേട്ടത്
തുറന്നു നോക്കിയപ്പോൾ മുത്തച്ഛൻ
അകൽച്ചകളടുക്കിവെച്ച വീടൊരു വീടല്ലെന്ന്
പടിക്കു പുറത്തുവെച്ച് പറഞ്ഞു മടങ്ങി
പ്പോയി
ഇനിയൊരു ഒറ്റമുറി വീടുപണിയണം.

2018, ഡിസംബർ 2, ഞായറാഴ്‌ച

മസ്ക്കറ്റിൽ നിന്ന് സലാലയിലേക്ക് പോയാൽ ...!



മസ്ക്കറ്റിൽ നിന്ന്
സലാലയിലേക്ക്
ബസ്സിൽ തന്നെ പോകണം
ആയിരത്തി ഇരുന്നൂറോളം
കിലോമീറ്റർ
പന്ത്രണ്ട് മണിക്കൂർ കൊണ്ട്
താണ്ടണം
ആറിയിട്ട തൂവാല പോലെ
ആദ്യമൊരു മരുഭൂമിയുടെ
തുണ്ടു കാണും
കാണക്കാണെ വളർന്ന്
വികസിച്ച്
കണ്ണെത്താ ദൂരത്തോളം
മദാലസയെപ്പോലെ
മലർന്നു കിടക്കും
വായിച്ചറിഞ്ഞ,സിനിമയിൽകണ്ട
വാനോളമുയർന്ന മണൽ -
ക്കുന്നല്ലെന്നു മാത്രം
പെട്ടെന്ന് മരുഭൂമി പരന്നു കിടക്കുന്ന
പാടമാകും
കാസർഗോഡൻ പുകയിലപാടം,
കുട്ടനാടൻ പുഞ്ചപ്പാടം.
ജലംമിനുക്കിയെടുത്ത കല്ലുകൾ
വസന്തത്തിലെ പൂപ്പാടമാകും
കാറ്റിന്റെ കഥ പറച്ചലിൽ
എണ്ണയുടെമണമുണ്ടാകും
വണ്ടിയൊരു മുങ്ങിക്കപ്പലാകും
കടലിനടിയിലേക്കെന്നോണം
താഴ്ന്ന് താഴ്ന്ന് പോകും
മരുക്കാട് പിന്നിലേക്ക് പായും
പച്ചപ്പുകൾ അരികിലേക്കു വരും
ഇപ്പോൾ നിങ്ങൾ പന്ത്രണ്ടാമത്തെ
മണിക്കൂറിലാണ്
കടലിനടിയിലെ കരയിൽ സലാലയിൽ
പൂത്തുമ്പികൾ പറന്നു കളിക്കുന്നു
കുചകുംഭങ്ങളുമായി തരുണികളെ
പ്പോലെ
തൈതെങ്ങുകൾ
ആര്യവേപ്പിൻ തണൽ തരുക്കൾ
കടലാസു പൂക്കൾ, കോളാമ്പിപൂക്കൾ
മയിൽ, ആട്, പശു
ഇതാ പരശുരാമൻ മഴുവെറിഞ്ഞുയർ
ത്തിയകേരളം.