malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ജനുവരി 31, വ്യാഴാഴ്‌ച

തമ്മിൽ തിരയുമ്പോൾ....!



നീ ഉമ്മകളുടെ മഞ്ഞുതുള്ളി
നീലക്കടലിനെ കണ്ണിലൊളിപ്പിച്ചവൾ
എന്റെ പടർച്ചകളെല്ലാം നിന്നിലേക്ക്
നീ തിളങ്ങുന്ന ഒറ്റ നക്ഷത്രം
പെയ്തൊഴിയാത്ത ഷെല്ലി
പ്രണയ മുതിരും സൈഗാൾ
ശമിക്കാത്ത ജ്വാല
സ്നേഹത്തിന്റെ കൊടുമുടി
ഏകാന്തതയിൽ മേലാപ്പിലേക്ക്
ഉയർത്തിവെച്ച ഗോവണി
മൂളിപ്പാട്ടിന്റെ വാത്സല്യപ്പൊതി
പ്രണയത്തിന്റെ പവിഴമല്ലിപ്പൂവേ
ഇനിയും നമുക്ക് നമ്മിൽ തിരഞ്ഞു
കൊണ്ടേയിരിക്കാം

2019, ജനുവരി 29, ചൊവ്വാഴ്ച

രക്തസാക്ഷിദിനം



ലോകം നമിക്കുവാൻ
ലോകം നയിക്കുവാൻ
വേണ്ട പാപ്പാസും, കളസവും.
അർദ്ധനഗ്നനാം ഫക്കീറിന്
അഹിംസതൻ ഊന്നുവടിയതൊ
ന്നേ വേണ്ടു.
അഹിംസയേ ഹിംസിക്കും ക്രൂരതേ
അറിയില്ല നിനക്കതിൻ പൊരുൾ
ഗാന്ധി ഗീതയിലും, നവഖാലിയിലും
അന്വേഷിപ്പൂ സത്യത്തെ
നീളുന്നുവതിൻ വീഥി
ഇന്ന് വിസ്ത്രിതമാകുന്നു.
ഉരുളുന്നു രഥചക്രം
ഹിംസതൻ കാഹളം മുഴക്കുന്നു
ഇന്ന് രക്തസാക്ഷി ദിനം
ഗാന്ധിമാർഗം വെടിഞ്ഞ്
കൈത്തോക്കെടുക്കുവോരുടെ ദിനം
അറിയില്ല ക്രൂരതേ നിനക്ക്
മഹാത്മാവിൻ മാഹാത്മ്യം
നിണം തൂവുമാ, യിടനെഞ്ചിൽ
കൈ ചേർത്ത് മന്ദമുരുവിട്ടിരിക്കാം
"ഒരോയൊരിന്ത്യ ഒരൊറ്റ ജനത "
ആചരണധൂളിയെൻ
ശിരസ്സിലണിയാൻ കഴിഞ്ഞിരുന്നെങ്കിൽ

ചില നിമിഷങ്ങളിൽ....!



ബന്ധങ്ങളെ
സൂക്ഷിച്ച് കൈകാര്യം ചെയ്യണം
ചില്ലുഗ്ലാസുപോലെ
തമ്മിലുരയാതെ.
ഓർമവേണം
ഉള്ളിന്റെ പൊള്ളുന്ന ഒരു തരിമതി
ഒരു ജന്മം തന്നെ കത്തി തീരുവാൻ.
ചട്ടിയും കലവുമാകുമ്പോൾ
തട്ടീം മുട്ടീം ഇരിക്കും
അതെ ,ആ തട്ടിനും,മുട്ടിനുമുണ്ട്
ഒരു മട്ടും ഭാവവും.
തലയിലൊരു കടലരുത്
ഇരുമ്പുന്ന തിരയാകരുത്
മൃതമാവാത്ത വീര്യമായി
ഒന്നും മനസ്സിൽ കൊണ്ടു നടക്കരുത്.
അറിയില്ല നമുക്ക്
എപ്പോഴാണ് അഗ്നിപർവ്വതം പൊട്ടുന്നതെന്ന്
സുനാമിയടിക്കുന്നതെന്ന്
ഭൂകമ്പമുണ്ടാക്കുന്നതെന്ന്
മനസ്സിനെ മാത്രം മനസ്സിലാക്കാൻ
കഴിഞ്ഞിട്ടില്ല ഇന്നുവരെ ആർക്കും
ഉള്ളിൽ ഒരു,രുളനക്കം തോന്നുമ്പോൾ
എടുത്തണിയണം
മൗനത്തിന്റെ ഒരാദിമഭാഷയെ.

2019, ജനുവരി 27, ഞായറാഴ്‌ച

തെരുവിൽ നൃത്തം ചെയ്യുന്ന പെൺകുട്ടി


വിശപ്പിനെ അവൾ നൃത്തം ചെയ്തു
തോൽപ്പിക്കുന്നു
നൃത്തം സമുദ്രം പോലെയാണ്
കനവും കവിതയും അലയടിച്ചു
കൊണ്ടിരിക്കും
വാക്കുകളെ ആട്ടത്തിൽ കൊരുത്ത്
പാട്ടിന്റെ നൃത്ത മണ്ഡപം തീർക്കും.
ശരീരമെഴുതുന്ന വിശപ്പിന്റെ മുള്ളിനെ
ആട്ടത്തിന്റെ അഗ്നിയാൽതടുത്ത്
ജീവിതത്തിന്റെ കവിത വരയ്ക്കുന്നു
അവൾ.
വേർപെടുത്താനാവാത്ത ഒരുവേരാണ്
നൃത്തം
വേദനയുടെ തായ് വേര്
വെയിലിനെ കുടിച്ച്,മഴക്കുടപിടിച്ച്
കരളിലേക്ക് കയറി വന്നവൾ
കത്തുന്ന വയറിന്റെ കുതിപ്പാണ് നൃത്തം
പട്ടിണിയുടെ ദംശനമേറ്റവരുടെ പ്രാണ -
പ്പിടച്ചലാണ് തെരുവു നൃത്തം
വയറിലാളുന്ന ചണ്ഡവാതമായിരിക്കണം
അവളെ ഇത്രയും ദ്രുതപാദയാക്കുന്നത്
ഉടഞ്ഞഘടം പുനർനിർമ്മിക്കാൻ ശ്രമി
ക്കുന്നകുശവനെപ്പോലെ
അവൾ ജീവിതത്തെ മെനഞ്ഞു കൊണ്ടേ -
യിരിക്കുന്നു.

2019, ജനുവരി 25, വെള്ളിയാഴ്‌ച

ചില വീടുകൾ അങ്ങനെയാണ്




ഓരോ പുലരിയും ഓരോ സ്വപ്നമാണ്
കുളിച്ച് കുറി തൊട്ട് പ്രൗഢയെപ്പോലെ
നിൽക്കുന്നുണ്ടാവുംവീട്
പുറത്തു പോയവർമടങ്ങി വരുന്നതുവരെ
കാത്തുനിൽക്കും
നുള്ളി നോവിച്ചിട്ടില്ല ഇന്നോളമാരെയും
പുറത്തു നിന്നു നോക്കിയാൽ എത്ര ഗംഭീരം.
ചില വീടുകൾ അങ്ങനെയാണ്:
കണ്ണീരു തോരാത്ത അടുക്കള
പ്രാക്കും, കുത്തിനോവിക്കലും മാത്രം
കത്തിയും, കത്ത്യാളുമെടുക്കും
കിടപ്പറയിൽ പോലുമില്ല സ്വൈര്യം
മദ്യത്തിന്റെ തെറിയഭിഷേകത്തിൽ
യുദ്ധക്കളമായി മാറി
അച്ഛനെന്നോ, അമ്മയെന്നോ, ഭാര്യയെന്നോ
മകളെന്നോ യില്ലാതെ
തച്ചുടക്കലും, തളർന്നുറങ്ങലും
എന്നിട്ടും മുഖം തിരിഞ്ഞു നിന്നിട്ടില്ല ഇന്നോളം
ആഗ്രഹിച്ചു പോയിട്ടുണ്ട് പലപ്പോഴും
ഇത്രയും സ്നേഹിച്ചിട്ടും ഇത്തിരിയെങ്കിലും
തിരിച്ചു തന്നിരുന്നുവെങ്കിലെന്ന്
ഒരു നേരമെങ്കിലും എല്ലാവരും ഒന്നിച്ചിരു
ന്നുവെങ്കിലെന്ന്
സ്നേഹത്തിന്റെ ഒരു മുല്ലവള്ളി തളിർ -
നീട്ടിയെങ്കിലെന്ന്.




2019, ജനുവരി 20, ഞായറാഴ്‌ച

മൂന്ന് കവിതകൾ




മൗനം


ഉച്ചരിക്കപ്പെടാത്ത
വാക്ക്

ജീവിതം


വൈകാതെ
മുങ്ങാൻ പോകുന്ന
കറുത്ത തുരുത്ത്

സമരം


മൃതമാവാത്ത
വീര്യം

2019, ജനുവരി 19, ശനിയാഴ്‌ച

വേവലാതി



വാടിത്തളർന്ന ചേമ്പിൻ
തണ്ടു പോലെ
ബസ്സിലെ പിൻസീറ്റിൽ
അയാൾ ഒതുങ്ങിയിരുന്നു
ഓർമ്മകൾ ശൂന്യമായതു
പോലെ
വിദൂരതയിൽ കണ്ണും നട്ട്‌
ബസ്സിൽ തിരക്ക് കൂടിക്കൂടി
വന്നു
ചിലർ ഇറങ്ങി, ചിലർ കയറി
അയാൾ ഇടയ്ക്ക് ഉറക്കം
തൂങ്ങി
തല അടുത്തയാളുടെ
ദേഹത്ത് തട്ടുമ്പോൾ
ഞെട്ടിയുണർന്നു
വീണ്ടും ഉറക്കം തൂങ്ങി
ഇതു തുടർന്നുകൊണ്ടിരുന്നു
വേഗവും, വേവലാതിയും
ചിലർ പങ്കുവെയ്ക്കുന്നു
കള്ളിന്റെ പുളിച്ച മണം
വായുവിൽ പരക്കുന്നു
ഇറങ്ങേണ്ട സ്ഥലമെത്തിയ
പ്പോൾ
അറിയാതെയ,യാൾ എഴുന്നേ
ൽക്കുന്നു
സൂക്ഷിച്ച് അന്നത്തേക്കുള്ള
അന്നവുമായി നടക്കുന്നു
ശൂന്യമെന്ന് തോന്നിയ മനസ്സിൽ
നാളെത്തേക്കുള്ള കൊറ്റിന്
എന്തു വഴിയെന്ന്
പെരുവഴിയിലേക്ക് കണ്ണുനീട്ടുന്നു

2019, ജനുവരി 17, വ്യാഴാഴ്‌ച

സ്വപ്നത്തിൽ



രാവിൻ നിറമൗനമെൻ
നറുമലരായ് പെയ്യുന്നു
നിന്നോർമ്മ
കരിമേഘമെല്ലാം പോയ് -
മറഞ്ഞു
കിരണമണി കിലുക്കുന്നു
പഞ്ചമി ചന്ദ്രിക
മഴക്കാറ്റു മാറിനിൻ മിഴി
ത്തിളക്ക മെന്നിൽ
കുതൂഹലമുണർത്തി
സ്വരരാഗസുധയായ് നീ -
യെന്നിൽ
അലിഞ്ഞു ചേരുമീനിമിഷം
കഷ്ടം, അറിയുന്നു ഞാൻ
നിദ്രവിട്ടകന്നല്ലോ
എങ്ങോ പോയ് മറഞ്ഞു നീ
കാണാ,കൈയ്യെത്താതകലെ
ഇപ്പോഴും അരികിലെന്നൊരു -
തോന്നൽ ബാക്കിയാക്കി
സ്വപ്നമേ എന്നെയൊരു
മുൾമുനയിൽ നിർത്തി
പോയ്മറഞ്ഞതെന്തു നീ
എത്രദയാഹീനയീനിദ്ര
വീട്ടുകോലായാലെത്തിഘട-
മുടക്കുവോൾ

കുരുതിക്കോഴി



ഓർമ്മകൾ തൊണ്ടയിൽ
കുരുങ്ങി നിൽക്കുന്നു
ചൂണ്ടയിൽ കുരുങ്ങിയ
മീൻ പോലെ ഞാൻ പിടയുന്നു
തൊട്ടു തൊട്ടു നടന്ന മക്കൾ
തൊട്ടുകൂടാത്തോരായ്
അകന്നു നിൽക്കുന്നു
മക്കളെല്ലയോ മഹാനിധിയെന്നു
കരുതി കാത്തൊരാ നാളുകൾ
കുരുതി നൽകുവാൻ കാത്തുവെ
ച്ചൊരാ
കോഴിയേപ്പോലെയിന്നു ഞാൻ
സുഖിച്ചുവാണൊരാ കാലമെത്ര -
നൈമിഷികമെന്നറിയുന്നു
നരക വേദനയേകുവാൻ കാലം
നീണ്ടുനീർന്നു കിടക്കുന്നു

2019, ജനുവരി 13, ഞായറാഴ്‌ച

ഞാൻ



രൂപ രഹിതമായ ഒരു മാറാപ്പാണ് ഞാൻ
കാലമെന്തിനായിരിക്കും ഇത്രയും
കുപിതയാകുന്നത്
നിഴലുകളിൽ വീർപ്പുമുട്ടിക്കുന്നത്
ജീവിതത്തിന്
ഒരു സുരക്ഷിതത്വവും നൽകിയിട്ടില്ല
ഇന്നുവരെ.
അകലങ്ങളിലേക്കു പോകുന്ന തീവണ്ടി
യെ,യെന്നോണം
നിർന്നിമേഷം നിശ്ശബ്ദം കാലത്തെ നോക്കി
നിന്നു
ചില നേരങ്ങളിൽ കാലത്തിനുമപ്പുറത്തേക്ക്
പൊട്ടിവീണു
ഓർമ്മയുടെ നൂലിഴ മുറിഞ്ഞുതാണു
ഞാനെന്നെതന്നെ കൗതുകതോടെ, അമ്പര
പ്പോടെനോക്കി നിന്നു
ഉള്ളിൽ നിന്ന് എന്തോ ഒന്ന് നുരഞ്ഞുപൊ
ന്തുന്നു
പൊതിഞ്ഞു നിൽക്കുന്ന തണുത്ത കാറ്റിൽ
ശവമഞ്ചത്തിലെ മൃതദേഹം പോലെ ഞാൻ
എല്ലുന്തിയ നെഞ്ചിൻ കൂടിനുള്ളിൽ
ടിക് ടിക് ശബ്ദം മാത്രം
കഴുതയുടെ കുഞ്ചിരോമം പോലുള്ള കുറ്റിത്താടിയിൽ
തടവിയങ്ങനെ....

2019, ജനുവരി 12, ശനിയാഴ്‌ച

അങ്ങനെയാണ്.....!



അങ്ങനെയാണ്,
അവധൂത പഥത്തിൽ വഴിയറിയാത്തലയൽ
വാങ്മയ സൃഷ്ടിയിലെ മൗന ചാതുരി
വെള്ളോട്ടു കുടം
സ്വപ്നം കാണുന്ന പൂവ്
പെട്ടെന്നുള്ള ദിവ്യപ്രകാശം
മുടി നീട്ടിയ മുനി
ഉപ്പിലിട്ട കുട്ടകം.
അങ്ങനെയാണ്,
പറയാതെ വിട്ട വാക്കുകൾ മുഴുക്കെ
യുള്ളചിരി
പരിഭ്രമത്തിന്റെ അണക്കെട്ട്
ഉത്സാഹം, ആവേശം, ആയിരം ശിഖരങ്ങളുടെ
ജീവപരിണാമം
വറ്റാത്ത ഉറവ പോലുള്ള വെറുംകാലിലെ നിൽപ്പ്.
പ്രണയം അങ്ങനെയാണ്,
കൊച്ചു ചെടിയുടെ പച്ചില പോലെ
ലയബദ്ധരാഗങ്ങളിൽ .

2019, ജനുവരി 10, വ്യാഴാഴ്‌ച

കണ്ണാടി



അമ്മയുടെ സ്നേഹം
കണ്ണാടി പോലെയാണ്
ആയിരം കഷ്ണങ്ങളായി
ചിതറിച്ചാലും
ഓരോ കഷ്ണത്തിലും
കൂടുതൽ കൂടുതൽ
ശക്തവും, പൂർണ്ണവുമായി
തെളിഞ്ഞു നിൽക്കും

2019, ജനുവരി 6, ഞായറാഴ്‌ച

ഈ പുലരിയിൽ



കൂട്ടുകാരി കൊടിയ വേദന
എന്തിതെന്നോടു ചൊല്ലു നീ
എത്രയും അകലെയാകിലും
അത്രയും അരികിലല്ലെ നാം
അരിയസ്വപ്നങ്ങൾ തളിരിടു
ന്നൊരീ
പുലരിയിൽ മിഴിനീരിലോ?
ഹൃത്തിലത്രയും നിന്റെ ഓർമ്മകൾ
പൂത്തുനിൽക്കുകയാണെടോ
എത്ര താളിൽ ഞാൻ കുറിച്ചുവെച്ചാലും
കൂടുകില്ലതു നിശ്ചയം
പുഴകൾ പോലെ ,പൂവ്പോലെ ,
കാടുപോലെ , മലകൾ പോലെ
എത്ര മോഹനം എനിക്കു നീ
അരിപ്പിറാവിന്റെ കുറുകലായി നീ
ഇടനെഞ്ചിലെന്നു,മറിയുക
ചിത്രലേഖയായെന്നിലെന്നും നീ
ചാന്ദ്ര വെളിച്ചമായ് തിളങ്ങണം
ഇരുകരങ്ങൾ പിടിച്ചുനാമെന്നീ
നടവഴിയിൽ നടന്നിടും
മോഹനങ്ങളാം മൗന ചാരുത
മിഴികളിൽ തെളിയിച്ചിടും
നാണം പൂക്കുമാ കവിൾചില്ലയിൽ
നുണക്കുഴിപൂക്കൾ വിരിഞ്ഞിടും
എത്രയെത്ര തിരക്കിലും കേൾപൂ
നിന്റെ പ്രണയസംഗീതിക
എന്തിനായ് സഖീ പതിവിലേറിന്നു
മൗനം കുടിച്ചിരിപ്പു നീ
ചക്രവാകവിരഹമായിമാറുമോ,യീ
നാം സഖീ?

2019, ജനുവരി 5, ശനിയാഴ്‌ച

ജലം



ജലം ആകൃതിയിൽ വികൃതി
വൃത്തം, ചതുരം, കോൺ-
യേതും രൂപകം
ജലമാണഗ്നി
ആഗ്നേയാസ്ത്രവും ജലം തന്നെ
കയങ്ങളിൽ നീല
കണ്ണിൽ കദനത്തിൻ ചുഴി
ഓരോ തുള്ളിയും ആവിയായ്
ഒരായിരം തുള്ളിയായ്
തുള്ളിക്കൊരു കുടമായ്
പിന്നെയും പുനർജ്ജനി
ജലം തന്നെ ജീവനം
ജലം തന്നെ ഉദകവും

2019, ജനുവരി 2, ബുധനാഴ്‌ച

മരണം



അതിരാവിലെവന്ന വർത്തമാന -
പത്രത്തിൽ
ഞാനന്റെ ചരമലേഖനം വായിച്ചു
കാഴ്ചകൾ സത്യമെന്നറിയാൻ
കണ്ണുകൾ തൊട്ടപ്പോൾ അവിടെ
രണ്ടു കുഴികൾ മാത്രം
ചൂണ്ടുവിരലിലെ തിളങ്ങുന്ന അസ്ഥിയെ
തീക്കൊളുത്തി
കരിഞ്ഞ തീപ്പെട്ടിക്കൊള്ളിയാക്കി
അക്ഷരങ്ങളെല്ലാം സൂക്ഷിച്ച് മായിച്ചു
അനങ്ങാതെ നിന്ന് സൂക്ഷ്മമായി
പരിശോധിച്ചു
വീട്ടുകാര് വായിച്ച് വിഷമിച്ചാലോ!
ചുറ്റും നോക്കി ആരും ഉണർന്നിട്ടില്ല
പത്രം മടക്കി അതേപോലെ വെച്ചു
രാത്രിയുടെ ശവത്തിൽ പുതയ്ക്കാൻ
പുലരിവെള്ളപുതപ്പുമായ് വരുന്നുണ്ട്
പിന്നെ ഒട്ടും താമസിച്ചില്ല
എല്ലാവരും ഉണരുന്നതിനു മുന്നേ
വെള്ളപുതപ്പു മൂടി കട്ടിലിൽ മലർന്നു കിടന്നു