malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ഫെബ്രുവരി 28, വ്യാഴാഴ്‌ച

തിരിച്ചറിവ്



ജനിച്ചു വീണപ്പോൾ
സ്വന്തമെന്ന് കരുതിയത്
എരിച്ചു കളഞ്ഞു തിരിച്ചറിവ്.
മാടത്തിലേറിയിരിക്കുവതെങ്കിലും
മാളമില്ലെന്നറിയുന്നു
നാഗമല്ല ഞാനെങ്കിലും
നാണമില്ലാത്ത വിഷജന്തു
ദേവനെ പൂവിട്ടു പൂജിക്കുമെങ്കിലും
ചെകുത്താനാണു ഗുരു
വിലക്കപ്പെട്ടതെന്തും
വിലയ്ക്കെടുക്കും അഹങ്കാരം
അറിവിന്റെ കനിയെടുത്ത്
എറിഞ്ഞുടക്കുന്നു എല്ലാം
നഗരത്തിലാണ് പാർപ്പ്
ഹൃദയത്തിൽ കൊടുങ്കാട്.

ജീവിതം മറന്നു പോയവരോട്



ചിരിക്കുന്നത്
നിറഞ്ഞിട്ടല്ല
വിശന്നിട്ടാണ്
നിറഞ്ഞ വയറുമായി
നിൽക്കുന്ന നീ
എന്നരികിൽ എത്തു -
മ്പോൾ മാത്രമെന്തിനാണ്
മുഖം വീർപ്പിക്കുന്നത്?
ഒന്നും ചോദിച്ചില്ല ഞാൻ
നിന്നോട്
ചിരിച്ചു കൊണ്ട് മാത്രം
പോവുക നീ
കണ്ടില്ലെന്ന് നടിക്കുക
കുഞ്ഞുങ്ങളോട് -
ഒരു തെണ്ടിയെക്കുറിച്ച്
ഏണും കോണും വെച്ച്
പറഞ്ഞ് പൊലിപ്പിക്കുക
ജീവിതമെന്ന ലഹരി കുടിച്ച്
ഇടറി വീണവൻ ഞാൻ
പ്രണയത്തിന്റെ
ഞാറകൊക്കുകളെ
പോറ്റി വളർത്തി
അനന്തരം, കഴുകുകളാൽ
അക്രമിക്കപ്പെട്ടവൻ
പ്രണയിനിയുടെമനസ്സിൽ
എന്നേ ശവസംസ്ക്കാരം
നടത്തപ്പെട്ടവൻ
പീടികതിണ്ണകൾ കളിക്കള
മായുള്ളവൻ
ജീവിതം രചിച്ച സുഖങ്ങളെ
നുള്ളിയെടുത്ത്
മുൾമുനകളിൽ ദുഃഖത്തിന്റെ
ഏടും, രക്തത്തിന്റെ
തൂലികയും നൽകിയവർക്കായി
കവിത രചിക്കുന്ന അരചൻ
ഇത്രയൊക്കെയായിട്ടും
ഞാൻ ചിരിച്ചു കൊണ്ടേയിരി
ക്കുമ്പോഴും
ഒരിക്കൽ പോലും ചിരിക്കാൻ
കഴിയുന്നില്ലല്ലോ നിനക്ക്.

2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

മരിച്ചവരോട് ആരും ചോദ്യങ്ങൾ ചോദിക്കാറില്ല



കത്തി മുന പോലെ തിളങ്ങുന്ന
പകൽ
അദൃശ്യമായ കാടുപോലെ വേനൽ
തിരകളുടെ ഒച്ചയനക്കങ്ങളില്ലാതെ
തിളച്ചുമറിയുന്ന ക്രൂദ്ധമദ്ധ്യാഹ്ന കടൽ
ചീനവലകളുയർത്തി നിൽക്കുന്ന സൂര്യൻ
ഭാഗ്യം കെട്ട ജന്മങ്ങളുടെ മഹാസങ്കടങ്ങൾ
ശ്മശാനത്തിനരികിൽ
സമയദൂരങ്ങളുടെ മായയിലൂടെ ജന്മം
ഇരുളുറഞ്ഞ ഉൾവനമാകുന്നു മനസ്സ്
അവിടെ ആകാശമില്ല, നക്ഷത്രമില്ല
പൊള്ളുന്ന തൊണ്ടയുടെ ഇടുങ്ങിയ
ഇടനാഴി മാത്രം
കാലൻകോഴിയുടെ തൂവൽ പോലെ
കറുത്തും, വെളുത്തും ദിനങ്ങൾ
പുഴവക്കിലെ വള്ളിപ്പടർപ്പുകളെവിടെ?
പാതി വഴിയിൽ മുറിഞ്ഞുപോയ ജീവിത
മാണ് ജന്മം
ഇനി ഏത് യാത്രയിലാണ്
എന്നിൽ നിന്ന് ഞാൻനിന്നിലേക്ക്
നടന്നെത്തുക
മരിച്ചവരോട് ആരും ചോദ്യങ്ങൾ
ചോദിക്കാറില്ല
പക്ഷേ,
കാലമേ ,ജീവിച്ചിരിക്കുന്നവരോടോ?

2019, ഫെബ്രുവരി 24, ഞായറാഴ്‌ച

അനന്തരം



കടും ചായങ്ങൾ ചാലിച്ച
ചിത്രം
യുവത്വോന്മാദ ഹർഷം
പുളയുന്ന ഭാവമൂർച്ഛ
കാച്ചിയെടുത്ത പൊന്നിൻ നിറം
പാതികൂമ്പിയ കണ്ണിലെ വശ്യത
തലമുടിയുടെ തരംഗങ്ങൾ
പൊന്നരഞ്ഞാണത്തിൻ
ഇളകിയാട്ടം
അംഗലാവണ്യത്തിന്റെ
അപദാനങ്ങൾ പുകഴ്ത്താത
കരകളില്ല
ഭാവനയുടെ ചില്ലകളും,
ശിഖരങ്ങളും കൊണ്ട്
ആണിന്റെ ചിന്തയുടെ
ശൃങ്ഗത്തിൽ അവൾ.
അനന്തരം:
പെണ്ണിനെ കളിപ്പാട്ടമാക്കുന്ന
പെറ്റവയറിന്, കുടിച്ച പാലിന്
വിലയിടുന്ന
കാമ കോമരങ്ങളിൽ മടുത്ത്
വെൺചുമരിലെ
ചില്ലുകൂട്ടിനുള്ളിൽ
അവൾ എന്നന്നേക്കുമായി
സ്ഥാനം പിടിച്ചു.

2019, ഫെബ്രുവരി 23, ശനിയാഴ്‌ച

ഏകാന്തതയിലേക്ക് വീണുപോയ ഇല



കത്തിപ്പോയ ജീവിത്തിന്റെ
കരിഞ്ഞ വൃക്ഷം
ഓർമ്മയ്ക്കൊരു രൂപകം
അലങ്കരിച്ച വിശുദ്ധ വൃക്ഷം
നഗ്നമായി നിലവിളിക്കുന്നുണ്ട്
പാതിവെന്ത മനസ്സ്
ചരിത്രത്തിന്റെ ആദിയിലേക്ക്
നീളുന്നുണ്ട്.
തീപിടിച്ച തടിപോലെ
പുകയുന്നുണ്ട് ഉള്ളം
ശബ്ദം നിലച്ച കൂട്ടനിലവിളി
മുഴങ്ങുന്നുണ്ട് ഹൃദയത്തിൽ.
വിലാപങ്ങളുടെ
ഘോഷയാത്ര ഞാൻ.
തിരിച്ചു വരുമോ
മറഞ്ഞു പോയ കാലം
നക്ഷത്രങ്ങൾ
നിലാവുകൾ
പൂവുകൾ.
ചിതറിപ്പോയ
ഓർമ്മയാണ് ഞാൻ
ഏകാന്തതയിലേക്ക്
വീണു പോയൊരില

2019, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

മറന്നു വെച്ചത്



പരസ്യപ്പെടുത്തുവാനാണ്
പത്ര ഓഫീസിലേക്കാണ്
കട്ടിലിൽ
ചായക്കടയിൽ
ഓഫീസിൽ
മാർക്കറ്റിൽ
ഹൈവേയിലെ
സീബ്രവരയിൽ
നാൽക്കവലയിലെ
ബ്ലോക്കിൽ
ബസ് റ്റോപ്പിൽ
കുണ്ടിടവഴിയിൽ
തിരയാനിനി ഒരു സ്ഥലവുമില്ല
ഇന്നലെ മോന്തി മുതൽ
തുടങ്ങിയതാണ്
രാത്രി ഒരു പോള കണ്ണടച്ചില്ല
ആലോചിച്ചിട്ട് ഒരു പിടിയുമില്ല
ഇനിയും വച്ച്താമസിപ്പിച്ചുകൂട
പോലീസ് സ്‌റ്റേഷനിൽ പോയി
വരുന്ന വഴിയാണ്
എന്നാലും
എവിടെയായിരിക്കും
ഞാനെന്നെ
മറന്നു വെച്ചിട്ടുണ്ടാവുക.

2019, ഫെബ്രുവരി 21, വ്യാഴാഴ്‌ച

ഇങ്ങനേയും ജീവിതം



പാതിരാ നേരമായി
പാർക്കിൽ നിന്നാളൊഴിഞ്ഞു
പാതിവാടിയ പൂവുപോലൊരുവൾ
പടർവള്ളിക്കരികിൽ നിൽക്കുന്നു
കലങ്ങിയ കണ്ണിൽ നിന്നും
മഞ്ഞുതുള്ളി പൊഴിയുന്നു
കാറ്റു വന്നു മഞ്ഞ സാരിതൻ
ഇലയും ചില്ലയുമിളക്കുന്നു
തണുത്തൊരു തടിപോലെ
തളർന്നവൾ നിൽക്കുന്നു
നിഴലും നിലാവും
നൃത്തം ചെയ്തു കളിക്കുന്നു
കത്തും വയറിൽ നിന്നുമൊരു
കടൽകോള് ഉണരുന്നു
കാൽപ്പെരുമാറ്റം കേൾക്കാൻ
കാതു കൂർപ്പിച്ച് നിൽക്കുന്നു
ഒരു ചാൺ വയറിനായി
ചേല,യുരിയാൻ നിൽക്കുന്നു
ജീവിതമേ,
രാത്രി ഉറങ്ങിയവേളയിലും
ഉറങ്ങാതെ കാത്തിരിക്കും
അസ്ഥിമാടമീ ജന്മം.

2019, ഫെബ്രുവരി 19, ചൊവ്വാഴ്ച

ചിലത്



ചില മൗനങ്ങളുണ്ട്
പത്തി വിടർത്തിയങ്ങനെ
നിൽക്കും
ഇപ്പം കൊത്തും എന്ന
ഭാവത്തിൽ
ചില ചിരികളുണ്ട്
പൂത്തു വിടർന്നങ്ങനെ
ഉള്ളിലൊരു മുള്ളൊളിപ്പിച്ച്
ചില ദുഃഖങ്ങളുണ്ട്
നീർക്കുമിള പോലെ
ഭംഗിയാർന്ന്
ഏതു സമയത്തും
പൊട്ടാൻ ഭാവത്തിൽ
ചില ദേഷ്യങ്ങളുണ്ട്
ഉമിയിലെന്ന പോലെ
നീറി നീറി
കണ്ണിൽ തീ നിറച്ച്.

മൂന്നു കവിതകൾ



ജീവിതം
,,,,,,,,,,,,,,,,,,
പണിതീരാത്ത
വീട്
കണ്ണീര്
,,,,,,,,,,,,,,,,,,
ലിപിയില്ലാത്ത
ഭാഷ
മോഹം
,,,,,,,,,,,,,,,,,,,,,
ജീവിതത്തിനും
മരണത്തിനു
മിടയിലെ
അപ്പൂപ്പൻ താടി

2019, ഫെബ്രുവരി 18, തിങ്കളാഴ്‌ച

തുരുമ്പെടുക്കാത്തത്....!



ആഴമുള്ള
കിണറാണ് പെണ്ണ്
എത്തിനോക്കിയാൽ
കാണാം
അഴകുള്ള സ്നേഹ
തെളിനീർ
ഇരുട്ടു നിറഞ്ഞ
മുറിയാണ് പെണ്ണ്
ഹൃദയത്തിന്റെ വാതിൽ
മലർക്കെ തുറന്നാൽ കാണാം
മനസ്സിന്റെ ഭിത്തി നിറയെ
കണക്കുകളുടെ കള്ളികളുള്ള
കലണ്ടർ
വിങ്ങി വിങ്ങി വെന്തുപോയ
കരള്
നിരാശയുടെ നരച്ച മരഭൂമി
ദുഃഖത്താൽ വെന്തുമലച്ച
തലച്ചോറ്
പെണ്ണങ്ങനെയാണ്
ചില നേരങ്ങളിൽ
എല്ലാം തകർന്നെന്ന്
തോന്നുമ്പോൾ
കത്തുന്ന കൃഷ്ണമണികളാൽ
ഒരു കൈ പിടിച്ചുയർത്തലുണ്ട്
തുരുമ്പെടുക്കാത്ത
തൂണാണ് പെണ്ണ്.

2019, ഫെബ്രുവരി 17, ഞായറാഴ്‌ച

ഞാനും നീയും



നാം നട്ടുനനച്ച മഴകളെ
മോന്തിവറ്റിച്ച വെയിലുകളെ
പ്രണയച്ചൂടിനാൽ ഉരുകിയൊലിച്ച
മഞ്ഞിനെ
തണുപ്പുകളെ, തിണർപ്പുകളെ,
മൗനങ്ങളെ, മധുരങ്ങളെ,
പൊട്ടിത്തെറിക്കലുകളെ,
കെട്ടി പുണരലുകളെ,
ഇവിടെ,യീ വീട്ടിലുപേക്ഷിച്ച്
ഞാനെന്റെ ശരീരവുമായി
തിരിച്ചു പോകുന്നു
കൂട്ടുകാരീ....,
ഞാനില്ലെന്നു കരുതി നീ
പരിതപിക്കേണ്ട
നമ്മേ കെട്ടിപിടിച്ച കട്ടിൽകിടന്ന്
പൊട്ടിക്കരയേണ്ട
ഞാൻ നിന്നെയേൽപ്പിച്ചു പോകുന്ന
കാര്യമറിയാത്ത ഈ കുഞ്ഞിക്കണ്ണുകൾ
ഞാനും നീയുമാണ്
ചുമരുകൾ
ജനാലകൾ
ഇടനാഴികൾ
ഇലയനക്കങ്ങൾ
ഞാനും നീയമാണ്
ഒന്നും സംഭവിച്ചില്ലെന്ന പോലെ
സാധാരണയെന്ന പോലെ
ദിനങ്ങൾ കടന്നു പോകുമ്പോൾ
കുട്ടുകാരീ....
ഓർക്കുവാൻ നിനക്കും
നേരം കിട്ടിയെന്നു വരില്ല
മറക്കാതെ അപ്പോഴും
ഓർത്തിരിപ്പുണ്ടാവും
എന്തേ ഇത്രയും വൈകുന്നതെന്ന്
എത്തിനോക്കുന്നുണ്ടാവും
മഴയും വെയിലും മഞ്ഞുമെന്നില്ലാതെ
നമ്മുടെ ചോരയും നീരും
നെടുവീർപ്പും കൊണ്ട് പണിതുയർത്തിയ
ഞാനും നീയും നമ്മളായ
ഈ കൊച്ചു വീട്.

2019, ഫെബ്രുവരി 16, ശനിയാഴ്‌ച

സെമിത്തേരി



നിശ്ചലമായ മഞ്ഞുകാല രാത്രി
വായുവിൽ തറഞ്ഞ വാക്കു പോലെ
ശ്മശാനത്തിൽ കാറ്റിന്റെ ആത്മഗതങ്ങൾ
മണ്ണിന്റെ ആഴങ്ങളിൽ ചിതറിപ്പോയ
ചുണ്ടുകളിൽ
ചെണ്ടുമല്ലിക പൂക്കുന്നുണ്ടാകാം
പിഞ്ഞിയ പ്രത്യാശകളെ തുന്നിച്ചേർക്കു
ന്നുണ്ടാകാം
രാപ്പാടികളുടെ പാട്ട് അവരുടെതാകാം
രാവേറെ ചെല്ലും വരേയും വർത്തമാനം
പറയുകയാവാം
അവരുടെ കണ്ണുകളായിരിക്കണം
മിന്നാമിന്നികളുടെ കൂട്
ചായങ്ങൾ ചൂടിയ ചിത്രശലഭങ്ങൾ -
മണ്ണിനുള്ളിൽ നിന്ന് വിരുന്നു വരുന്നവയാകാം
കവിതകൾ പൂക്കുന്ന കാടാണ് സെമിത്തേരി
സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്തവനും
സ്വത്തായ് കിട്ടിയ,യിടം

2019, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

കട്ടിൽ



ഏതോ
ഒരു രാത്രിയിൽ.....!
ഉറക്കം
തിരിഞ്ഞു നോക്കാത്ത
വേളയിൽ......!
കട്ടിൽ കെട്ടി പിടിച്ച്
കാതിൽ പറഞ്ഞു:
വിരഹം തപിക്കുന്ന ഹൃദയമേ
ഒരിക്കൽ എനിക്കുമുണ്ടായിരുന്നു
ഒരിണ
എന്നും തുണയാകുമെന്നുകരുതി
പക്ഷേ, കുരുതിയായിരുന്നു ഫലം
മതം ഭരിക്കുമ്പോൾ മനുഷ്യനെന്തുവില.
പിടഞ്ഞു വീണ മണ്ണിൽ
ഒരു ചെടിയായ് തളിർത്തു പിന്നെ
തുടുത്തുവരും കാലത്ത്
പൂത്തു നിൽക്കാൻ കൊതിച്ചു പോയ്
കത്തിവെച്ചു പിന്നെയും കശ്മലർ
കൊത്തിയരിഞ്ഞീർന്ന് കൊതിതിർത്തു
കട്ടിലായ് കെട്ടിയിട്ടു
ജന്മഫലമെന്നല്ലാതെന്തു ചൊല്ലേണ്ടു ഞാൻ
ഇന്നും കൈനീട്ടി സ്വീകരിക്കുമ്പോഴും
തപിക്കുന്ന ഒരു ഹൃദയം ഞരിഞ്ഞമരുന്നു.




2019, ഫെബ്രുവരി 14, വ്യാഴാഴ്‌ച

വേരുകൾ



മരിച്ചുപോയ പ്രണയികളായി
രിക്കണം
മണ്ണിന്റെ ആഴങ്ങളിൽ ആണ്ടിറങ്ങി
കെട്ടിപ്പുണരുന്ന വേരുകൾ
അവിടെ ജാതിയും, മതവുമില്ലല്ലോ
സദാചാരത്തിന്റെ, അത്യാചാരത്തിന്റെ
ഖഡ്ഗമില്ലല്ലോ
അളന്നു നോക്കാതെ ആണും പെണ്ണുമായി
സമാധാനവും, സമതയുമുണ്ടല്ലോ
പിഞ്ഞിപ്പോയ പ്രത്യാശകൾക്ക്
പാലായനം ചെയ്യേണ്ടല്ലോ
അവരുടെ ചിതറിപ്പോയ ചുണ്ടുകളായി
രിക്കണം
ചിത്രശലഭങ്ങളായ് ചിരിച്ചു നിൽക്കുന്നത്
അവരുടെ ചുംബനങ്ങളായിരിക്കണം
ചുവന്ന പൂക്കളായ് വിരിഞ്ഞു വരുന്നത്
അവരുടെ സ്വപ്നങ്ങളായിരിക്കണം
പുതുമുളയായ് മുളച്ചുപൊന്തുന്നത്.

2019, ഫെബ്രുവരി 12, ചൊവ്വാഴ്ച

ഏകാന്തത



തണുപ്പൻ കല്ലിൽ നിശ്ശബ്ദത
ഉറഞ്ഞുണ്ടായ
ഒരു ശില്പമാണ് ഞാൻ
നിസ്സഹായതയുടെ തിളക്കുന്ന ലാവ
വേദനയുടെ വേലിയേറ്റങ്ങളുടെ ഓളം
മടുപ്പിന്റെ അരുവികളുടെ ഉറവ
ഏകാന്തതയുടെ ചിലന്തി മുട്ടകൾ -
പെരുകിക്കൊണ്ടിരിക്കുന്നയിടം
കൊഴിഞ്ഞു വീഴാറായ മഞ്ഞയിലകൾ
നിറഞ്ഞ ഒരു ശിഖരം
ഇരുളും തണുപ്പം ഒരിറ്റുവെളിച്ചം കടത്തി
വിടാത്ത അറ
ജീവിതത്തെ ഉറ്റുനോക്കി
ഏകാന്തതയുടെ കിടങ്ങിൽ ഞാൻ
വീണുപിടയ്ക്കുന്നു.

കവിതയെ തേടി



കവിത ഒളിവിലാണ്
വാക്കുകളുടെ കാട്ടിൽ
ഞാൻ തപ്പി നടക്കുന്നു
ഏത് അധോലോകത്തേ-
ക്കായിരിക്കും
മനസ്സിനെ ഒളിച്ചു കടത്തി -
യിട്ടുണ്ടാവുക
തലയ്ക്കുള്ളിൽ ഒരു മരുഭൂമി
രൂപം കൊള്ളുന്നു
ഹൃദയത്തിലൊരു ടൈംബോംബു -
മിടിക്കുന്നു
ഏറ്റുമുട്ടലിൽ തകർന്നു പോയ
അനാഥബിംബങ്ങൾ
അവിടവിടെ കിടക്കുന്നു
കവിതയുടെ കടുത്ത വഞ്ചനയിൽ
ദേഹം തളരുന്നു
താളം നഷ്ടപ്പെട്ട ഭാഷയുടെ വിജന -
പാതയിൽ ഞാൻ
സ്വപ്നങ്ങളൊക്കെ സ്വർഗത്തിലോ,
നരകത്തിലോ
അസ്വസ്ഥതയുടെ കാട്ടാളൻ
ഏതു നിമിഷവും അമ്പെയ്തു
വീഴ്ത്തുമെന്നറിഞ്ഞിട്ടും
ഞാൻ തപ്പി നടക്കുന്നു
വാക്കുകളുടെ കാട്ടിൽ കവിതയെ.

2019, ഫെബ്രുവരി 11, തിങ്കളാഴ്‌ച

രണ്ടു കവിതകൾ



രാത്രി
............
തിരിച്ചറിയപ്പെടാത്ത
ഒരു നിലവിളി
മണ്ണിര
...........
ഒരു പുരാതന
ലിപി

2019, ഫെബ്രുവരി 10, ഞായറാഴ്‌ച

അവൾ



ഉപ്പായലിയുന്നവൾ
ഒപ്പമെന്നുമുള്ളവൾ
എന്തിനും ഏതിനും
ഓരോ മാത്രയും
അവളിലൂടെ സഞ്ചാരം
എന്നിട്ടും ;
എന്നും
എവിടേയും
ഉപ്പില്ലാത്ത കറി പോലെ
മാറ്റിവെയ്ക്കപ്പെടുന്നു.

2019, ഫെബ്രുവരി 9, ശനിയാഴ്‌ച

മരണം



പൂച്ചയെ പോലെയാണ് വരിക
പാദപതനമില്ലാതെ
പതുങ്ങി പതുങ്ങി.
തണുപ്പിന്റെ നനക്കൈയ്യാൽ
അരിച്ചരിച്ച് മെയ്യാക്കെ
മൗനം കൊണ്ട് പുതപ്പിക്കും.
ചുടുചോരയെ ചൂടു പാലെന്ന
പോലെ
നക്കി നക്കി വെളുപ്പിക്കും
ഹൃദയത്തിൽ പ്രണയത്തിന്റെ
ഭാരം കയറ്റിവെയ്ക്കും
കണ്ണുകളെ ലഹരിയുടെ ആഴങ്ങളി
ലേക്കു
കൂട്ടിക്കൊണ്ടു പോകും
ആകാശത്തിന്റെ അനന്തതയിലേക്ക്
മഴവില്ലിന്റെ ഗോവണി ചാരിവെയ്ക്കും
അന്നേരം :
വെള്ളിക്കാശിന്റെ മണിക്കിലുക്കത്തിൽ
നിങ്ങൾ മൂന്നുവട്ടം തള്ളിപ്പറഞ്ഞ മണ്ണ്
രണ്ട് കൈയ്യും നീട്ടി കാത്തിരിക്കും
അപ്പോഴേക്കും തിക്കിതിരക്കുന്നുണ്ടാകും
നിന്നിലേക്ക് എന്നന്നേക്കുമായി
ആഴ്ന്നിറങ്ങി
അജ്ഞാതവും, അവർണ്ണനീയവുമായ
ലോകത്തേക്ക് ആനയിക്കുവാൻ
നിശ്ശബ്ദമായി പൊട്ടിച്ചിരിച്ചു കൊണ്ട്
വേരുകൾ.

2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ബന്ധങ്ങൾ



ബന്ധങ്ങൾ അങ്ങനെയാണ്
വടവൃക്ഷങ്ങൾ പോലെ പടർന്നതെന്ന് തോന്നും
എന്നാൽ,കാണാവേരുകളാൽ ചുറ്റിവരിഞ്ഞ്
തന്നിലേക്കു തന്നെ തളർത്തിയിടും.
നിറങ്ങളുടെ നറു മലർ വിരിയിച്ച്
മോഹങ്ങളുടെ മായക്കാഴ്ച്ചയായ്മാഞ്ഞു പോകും.
മധുരമിഠായിപോലെ കാട്ടിക്കൊതിപ്പിച്ച്
കയിപ്പുനീർ കുടിപ്പിക്കും.
സ്വയം ചിരിക്കുവാനാകാതെ
മറ്റുള്ളവർക്ക് ചിരിക്കാൻ പാകത്തിൽ
ഉരിഞ്ഞാലും ഉരിഞ്ഞാലും ഉരിയാത്ത
പാകമാകാത്ത കുപ്പായമാകും.
ദിനസരിക്കുറിപ്പുകൾ കൂട്ടിക്കിഴിച്ച്
ഗുണിച്ച് ഹരിച്ച്
ലാഭങ്ങളുടെ തട്ടിൽ മാത്രം കണ്ണുംനട്ടു നിൽക്കും.
തൊട്ടും തൊടാതെയും തെന്നിമാറി നിൽക്കു-
മ്പോഴും
ഉള്ളകത്തിൽ ഒട്ടിനിൽക്കും ചിലത്.
പക്ഷെ ,
എത്രയായാലും
എത്രയകന്നാലും
ഇത്രയും പ്രീയപ്പെട്ടതായി
ബന്ധമല്ലാതെ മറ്റെന്തുണ്ട്.

മൗനത്തിലെ ശബ്ദം



നിശ്ശബ്ദമായി പാടുന്ന പാട്ടാണ്
പ്രണയം
രണ്ട് ഹൃദയങ്ങൾ പരസ്പരം
തൊട്ടു കൊണ്ടിരിക്കുന്നു
നാലു കണ്ണുകൾ പരതിക്കൊണ്ടി
രിക്കുന്നു
വറ്റിവരണ്ടതൊണ്ടയ്ക്ക്
ശീതളപാനീയം പോലെ....
അവരെന്നും മനസ്സുകൊണ്ട്
കെട്ടിപ്പിടിക്കുന്നു
ചിരിച്ചുമ്മവെച്ച് മധുകണമായ്
ചിതറുന്നു
സ്വന്തമായൊരു സ്വപ്ന വീടൊരുക്കുന്നു
കുപ്പിവളയണിയുന്നു
അവർ അവരുടെ അഞ്ചൽക്കാരനാകുന്നു
മധുര മഴയിൽ നിന്ന് മൗന വെയിൽ
കായുന്നു
നഗരത്തിൽ, പാർക്കിലെ സിമൻറ് ബെഞ്ചിൽ,
ബസ് സ്റ്റോപ്പിൽ, സിനിമാശാലയിൽ,
ഓഫീസിലെ ഫയൽക്കൂമ്പാരങ്ങളിൽ
അവർ അവരെ പങ്കുവെയ്ക്കുന്നു
മനസ്സേ, നിന്റെ മയാജാലത്തിൽ
മൗനത്തിലെ ശബ്ദമാകുന്നു പ്രണയം.


2019, ഫെബ്രുവരി 5, ചൊവ്വാഴ്ച

പൊകപ്പൊട്ടൻ



വെയിൽ വേരൂന്നി തുടങ്ങിയാൽ
ഉള്ളിലൊരാന്തലാണ്
പട്ടാമ്പാളിന്റെ പറമ്പ് കത്തിയതിൽ
പിന്നെ
കരളിൽ തീയാണ്
പൊകപൊട്ടേട്ടൻ പശുവിനെ
മേയ്ക്കാൻ പോയാൽ
നാട്ടാരുടെ മനസ്സൊരു ഫയറെഞ്ചി -
നാകും
പൊരിയുന്ന നട്ടുച്ചയ്ക്കും
പൊട്ടേട്ടൻപൊകയിടും
നട്ടുച്ചവെയിലിനും തണുപ്പാണ്
പൊട്ടേട്ടന്
പൊകകാഞ്ഞ് പൊകകാഞ്ഞ്
പൊകഞ്ഞു പോയ പറമ്പുകൾക്ക്
കണക്കില്ല
അങ്ങനെ അങ്ങനെ പൊട്ടേട്ടൻ
പൊക പൊട്ടനായി
പട്ടു പോലത്തെ ഒരു മനസ്സുണ്ട്
പൊട്ടേട്ടന്
പൊട്ടനെന്നാരും വിളിക്കരുത്
പൊട്ടിപ്പോകുമാ ഇടനെഞ്ച്
പിഞ്ചുപൈതങ്ങൾ ദൈവങ്ങളെന്ന്
നാം പറയാറില്ലെ
ദൈവങ്ങളിലും ദൈവമാണ് പൊട്ടേട്ടൻ
മുറുക്കി ചുവന്ന മുരിക്കിൻ പൂ പോലുള്ള
പല്ലുകാട്ടി ഒരു ചിരിയുണ്ട്
എഴുത്തുകാരാ, കവിതയെന്നല്ലാതെ
ആ ചിരിയെ
നീയെന്തു പേരിട്ടു വിളിക്കും.
പൊക = പുക

ഇത്തിരി നേരം



എത്ര വഴിതെറ്റിയിട്ടും
ഞാൻ നിന്നിലേക്കു തന്നെ വന്നെത്തുന്നു
നമ്മിൽ നിന്ന് നമ്മിലേക്ക് നാമൊരു
ഒറ്റയടിപ്പാത പണിതിരിക്കുന്നു
വറ്റിപ്പോയ എന്റെ ചുണ്ടിന് ഇറ്റു നീരാണു നീ
തെറ്റി പോകാതെയെന്നും നാം നമ്മേ
തൊട്ടറിയുന്നു
സിരയിൽ നിന്ന് സിരയിലേക്കൊരു ശരംതൊടുക്കുന്നു
അപ്പോഴും, നീ നിന്റെ സ്വകാര്യതകളിലേക്ക്
നടക്കുന്നുണ്ടാകാം
ജീവിതത്തിന്റെ ചരൽക്കല്ലുകളിൽ
ഇടറുന്നുണ്ടാകാം
ബന്ധത്തിന്റെ കാണാ ചരടിൽ ബന്ധിതയു
മാകാം
മൗനത്തിന്റെ വാത്മീകത്തിൽ നുഴഞ്ഞു കയറാം
കയിപ്പുനീരിൻ കുഴിയാനക്കുഴി കുഴിച്ചൊളിച്ചിടാം.
ഞാനാണെങ്കിൽ അറിയാതെത്രയോ വഴികൾ
പിന്നിടാം
അലച്ചലിന്റെ അക്കരെയിക്കരെ ഒഴുകി നീങ്ങിടാം
ഓരോദിനവും എങ്ങനെ ജീവിതമെന്ന് നിനച്ചിടാം
ഇങ്ങനെയൊക്കെ നീങ്ങും നമ്മൾ എന്നാണെന്നാലും
എത്ര വഴി നാം തെറ്റീടുകിലും വന്നെത്തീടുന്നു
ഇത്തിരി നേരം കൊണ്ടൊരു ജീവിത ഗാനം
പാടുന്നു

2019, ഫെബ്രുവരി 4, തിങ്കളാഴ്‌ച

ഓർമ്മകൾ



കാലമെത്ര കഴിഞ്ഞാലും
മറക്കില്ല
നാംതൊട്ട
മഴ
പുഴ
വെയിൽ
ഉള്ളിലൊളിപ്പിച്ച കാട്
മൗനങ്ങളിൽ വെന്ത
മോഹങ്ങൾ.
ഉടുത്ത നഗ്നതയെ നോക്കി
അയവിറക്കിയ ആസക്തി.
തൊട്ടു നോക്കിയ
വടിവുകൾ
നിമ്ന്നോന്നതങ്ങൾ
ചുടുരക്തത്തിന്റെ
തീക്ഷണത.
ഉരിഞ്ഞെറിയുകയും
എരിഞ്ഞടങ്ങുകയും
ഞെട്ടറ്റു പോയതെങ്കിലും
ഞൊടിയിടയിൽ
ഓടിയെത്തുന്നുണ്ടിന്നും.

2019, ഫെബ്രുവരി 3, ഞായറാഴ്‌ച

ജീവിതവഴിയിൽ



കാലത്തിന്റെ കടപ്പുറത്ത്
നാമിരിക്കുന്നു
തിരകൾ വരുന്നതും പോകുന്നതും
നോക്കി നോക്കി
ചിലപ്പോൾ ചിലതെല്ലാം ഉപേക്ഷിച്ച്
പോകുന്നുണ്ട് ചില തിരകൾ
ചിലപ്പോൾ ചിലതൊക്കെ കൊണ്ടു
പോകുന്നുമുണ്ട്
ചില തിരകൾ അരികിലോളമെത്തി
മടങ്ങുന്നുണ്ട്
ഒരിക്കൽ വരുമായിരിക്കും ഒരു വലിയ
തിര
നമ്മേ കൊണ്ടു പോകാൻ
അതെ,ന്നെന്നു മാത്രമറിയില്ല
അതിനാൽ മഴയെന്നോ, വെയിലെന്നോ,
മഞ്ഞെന്നോ,
രാവെന്നോ, പകലെന്നോ യില്ലാതെ
കാലത്തിന്റെ കടപ്പുറത്ത് നാമിരിക്കുന്നു.

2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ഓർമ



അന്തിക്ക് ചന്തയിൽ
മുറുക്കി തുപ്പിക്കൊണ്ടിരുന്ന
ഇരുട്ട്
ഇടവഴിയിറങ്ങി നടന്നുവന്നു
വഴിയോരത്ത് നിന്ന്
ഞാൻ ചിരിച്ചിട്ടും
കാണാത്ത പോലെ പോയി
ഒയലിച്ച മുട്ടായിയും ചവച്ച്
ഒറ്റക്കണ്ണൻ അന്ത്രുവും പോയി
മൊട്ടാമ്പുളിയും, നെല്ലിക്കയും
മഷി തണ്ടും,കൊട്ടോടിയും
ഭൂതകാല കുളിരുമായി
ഇരുട്ടിന്റെ ചൂട്ടും കത്തിച്ച്
എന്റെ പിറകേ നടന്നു.