malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, മാർച്ച് 31, ഞായറാഴ്‌ച

ചില നിമിഷങ്ങളിൽ



ചില നിമിഷങ്ങളിൽ ചാരെയാണു നീ
ചിതലെടുക്കാത്ത ഓർമ്മയാണു നീ
പ്രണയമേ നിന്റെ സ്നേഹ സൗരഭം
സിരകളിൽ പടർന്നേറും കന്മദം

ഒളി തെളിമയാർ,ന്നുറവയാർന്നുള്ള
പഴയ നാളുകൾക്കിടയിലെത്തവേ
ദ്രുതകവനമായ് ഉണർത്തിടുന്നു നീ
പെരുംകുളിരാർന്ന പ്രണയഗാനമായ്

കുനുവാർകുന്തളത്തിൻ ഗന്ധമായ്
പടർന്ന പാരിജാത മലർ സുഗന്ധമായ്
മന്ദമെന്നുള്ളിൽ തിരയിളക്കവേ
അമലെ ഞാൻ നിന്നിലലിഞ്ഞു ചേരുന്നു.

2019, മാർച്ച് 29, വെള്ളിയാഴ്‌ച

അരുതുകൾ പെയ്യുമ്പോൾ



അതിരുകളിൽ
അരുതുകൾ പെയ്യുന്നു
സ്വപ്നങ്ങൾ
ചിതറിക്കിടക്കുന്നു
ചോര കൊണ്ടൊരു കവാടം
പണിയുന്നു
കണ്ണീരിൽ കുതിർന്ന ഒരു
മരുഭൂമിയും
അലയടിക്കുന്നഒരു സമുദ്രവും
ഇടനെഞ്ചിൽ വെച്ചുതരുന്നു
മനസ്സിലൊരു സ്നേഹത്തിന്റെ
ആകാശക്കീറുമായ് നിൽക്കുന്നവൻ
ആയിരം നക്ഷത്രപ്പൊട്ടായ്
പൊട്ടിത്തെറിക്കുന്നു
മോഹത്തിന്റെ ഒരുകുന്നുമായ്
സ്വപ്നത്തിന്റെ മഞ്ചലിൽ
സ്നേഹത്തിന്റെ താഴ് വരയിൽ
കാത്തു കാത്തിരിക്കുന്നവരിലേക്ക്
മൗനത്തിന്റെ വിമാനവേഗമേറി
അധികാരത്തിന്റെ അടയാളമായി
വഴിയിൽ വെച്ച് വറ്റിപ്പോയ ഒരുറവയായി
വരണ്ടു നിൽക്കുന്നു.

2019, മാർച്ച് 27, ബുധനാഴ്‌ച

എന്നാൽ



ഒരാൾ
ഒറ്റയ്ക്കാണെന്ന്
നമുക്ക് തോന്നാം
എന്നാൽ,
ഒരാൾ ഒറ്റയ്ക്കല്ല
ഒരു രാജ്യമാണ്
ആൾക്കൂട്ടമാണ്
സംസ്കാരമാണ്
വസന്തവും, ഗ്രീഷ്മവും
മഴയും, മഞ്ഞും
നദിയും
ആകാശവും
പൂവും.
എന്നാൽ,
ഏതൊരാൾക്കൂട്ടത്തിലും
ഒരാൾ ഒറ്റയാകുന്ന
ചില നിമിഷങ്ങളുണ്ട്
എല്ലാം നിശ്ചലമാകുന്ന
ഏകാന്തമായ
എല്ലാം നഷ്ടമാകുന്ന
എന്നെ തന്നെ നഷ്ടമാകുന്ന
ചില നിമിഷങ്ങൾ.

2019, മാർച്ച് 24, ഞായറാഴ്‌ച

കടലെടുത്തത്.......!



പ്രീയേ, ഏതു രാവിലാണ്
നമ്മിലെ പ്രണയത്തെ കടലെടുത്തത്
ഉടൽ പൂത്ത രാവുകളിൽ
ഉരുകിയുടഞ്ഞ ഉന്മാദവേളകളിൽ
ശിലാ മൗനമായുറഞ്ഞു പോയ നേരങ്ങളിൽ
വേറിട്ട ശരീരങ്ങളിലെ വിയർപ്പാർന്ന മനസ്സുകൾ
എന്നാണു പരസ്പരം വെറുത്തു തുടങ്ങിയത്.
നഗ്നശരീരങ്ങളിൽ നാണം കുമിഞ്ഞത്
നേരുകളിൽ നുണമുളച്ചത്
തപിക്കുന്ന നഗ്നതകൾ ശാപമേറ്റു തണുത്തത്
കരളിൽ കള്ളിമുള്ള് പൂത്തത്
കണ്ണിൽ നിന്ന് ചിത്രശലഭങ്ങൾ ഒഴിഞ്ഞു പോയത്
ഓർമ്മയിലെവിടെയോ ഒരു ചെണ്ടുമല്ലിക പൂക്കുന്നു
പ്രീയേ, നീ, യോർക്കുന്നുവോ
ഏതു രാവിലാണ് പ്രണയത്തെ കടലെടുത്തത്
വാക്കുകളുടെ വാൾത്തലപ്പുകൾ മിന്നിയത്
ചുണ്ടുകളിൽ ചോര കിനിഞ്ഞത്
താലോലിച്ച കരങ്ങളെ തട്ടി മാറ്റിയത്
പ്രണയമൊഴികളെ, നനഞ്ഞ കണ്ണുകളെ
പച്ചയായി കുഴിച്ചിട്ടത്
ഉടലൂരിയെറിഞ്ഞ് തിരിഞ്ഞു നോക്കാതെ പോയത്
പ്രീയേ, എന്നാണു നാം ഇനി കണ്ടാലും മിണ്ടില്ലെന്ന്
നെഞ്ചോടു നെഞ്ചുചേർത്തുറപ്പിച്ചത്
അന്നായിരിക്കണം നമ്മിലെ പ്രണയത്തെ
കടലെടുത്തത്

2019, മാർച്ച് 23, ശനിയാഴ്‌ച

കവിത ഇങ്ങനെ



വിശന്നുവലഞ്ഞ
ഒരു വയസ്സൻ കവിത
പീടികത്തിണ്ണയിൽ
കാത്തിരുന്നു.
ഭക്ഷണം കഴിച്ച്
പല്ലിടയിൽ കുത്തി
സ്വയം മണത്ത്
സൊറ പറഞ്ഞ് പോയ -
വരൊന്നും
തിരിഞ്ഞു നോക്കിയില്ല
വയറെരിയും കവിതയെ
ഭക്ഷണശാലയ്ക്കരികിൽ
ചെന്നിട്ടും
അടഞ്ഞതൊണ്ടയാൽ
വിറക്കുന്ന ശബ്ദത്തിൽ
കവിത ചൊല്ലിയിട്ടും
ഭക്ഷണങ്ങൾ കുപ്പത്തൊട്ടി
യിലിട്ടതല്ലാതെ
തിരിഞ്ഞു നോക്കിയില്ല
മനംനൊന്തകവിതയെ
രാവേറെ ചെന്നിട്ടും
വാടിവീണിട്ടും,
കണ്ടിട്ടും കാണാതെ
പോയവരും, പൗരപ്രമുഖരും
എന്തൊരു തിരക്കായിരുന്നു
ഒരു നോക്കു കാണാനും
തൊഴുതു വലംവെയ്ക്കാനും
കവിതയുടെ ശവമടക്കിന്.

2019, മാർച്ച് 21, വ്യാഴാഴ്‌ച

മായ്ച്ചു കളഞ്ഞേക്കാം ആഒരു തുണ്ട്



എല്ലായിപ്പോഴും
ചുണ്ടിൽ ഒരു തുണ്ട്
ചിരി സൂക്ഷിക്കണേ
പരിചയമില്ലാത്ത ഒരു നാട്ടിലെത്തിയാൽ
പരിചിതനല്ലാത്ത ഒരാളെ കണ്ടാൽ
അപരിചിതനായ ഒരാളല്ലയെന്ന്
ഒറ്റനോട്ടത്തിൽ തോന്നിക്കാൻ.
സഹായത്തിനായി എത്തുന്ന ഒരാളോട്
"നിങ്ങളെ കണ്ടതായി ഓർക്കുന്നല്ലോ?
എന്തൊക്കെയുണ്ട് വിശേഷം?! " -യെന്ന്
വെറുതേയെങ്കിലും ചോദിക്കണേ.
അത്താണിയെന്നു കരുതി
ഹൃദയത്തിലെ അല്പം ഭാരമെങ്കിലും
കുറയുമയാൾക്ക്.
മസിലുപിടിക്കാതെ
മനസ്സു തുറന്നൊന്നു മിണ്ടണം
മഴപ്പെയ്ത്തായ് ചിതറി വീണിടും
ഏതു മൗനവും
ഇപ്പോഴത്തെ വെയിൽ ചൂട്
മഴ
രാത്രിയിലെ ചൂടും, തണുപ്പും
കാലാവസ്ഥയിലെ മാറ്റം
വിലക്കയറ്റം
യുദ്ധം
പത്രവാർത്ത
കഴിഞ്ഞകാലം
നാട്ടുവർത്തമാനത്തിന്റെ
ഒരു നീട്ടിയെറിയൽ
മതി.... എത്ര വേഗമാണ്
ഞാനും നീയും എന്നില്ലാതെ
നമ്മളായി മാറിയത്.
എന്നാൽ,
എല്ലായിപ്പോഴും
ചുണ്ടിൽ ഒരു തുണ്ട്
ചിരി സൂക്ഷിക്കരുതേ!
സ്വന്തമെന്ന് കരുതിയവർ തന്നെ
അപരിചിതത്വത്തിന്റെ ഒരു മേലങ്കി
യണിഞ്ഞ്
ചുണ്ടിൽ നിന്ന് ആ ഒരുതുണ്ട്
മായ്ച്ചു കളഞ്ഞേക്കാം.




2019, മാർച്ച് 19, ചൊവ്വാഴ്ച

കാലം



കാലത്തെ സാക്ഷിയാക്കി
നാം ഇണകളായി
മാറാത്ത നൊമ്പരം ബാക്കിയായി
നദിയും, മരുഭൂമിയും നമ്മളായി
കത്തുന്ന പച്ചമരക്കാടുകളായ്
പൊള്ളുന്ന കണ്ണീരിൻഉപ്പു നോക്കി
ചിരിയാലെ കാലം ഒഴുകി നീങ്ങി.

2019, മാർച്ച് 17, ഞായറാഴ്‌ച

ഉത്തരക്കടലാസ്



വാക്കു കൊണ്ടു വരച്ചിട്ട കവിതയാണ്
ഉത്തരക്കടലാസ്
അക്ഷരങ്ങളെ അടുക്കി വെയ്ക്കുന്ന
ശില്പവിദ്യ
എല്ലാറ്റിനുമെന്നതു പോലെ
ഇതിനുമുണ്ടൊരു സാമാന്യ നിയമം
എന്നാൽ;
നിർവചനങ്ങൾക്കുമതീതമായി
ഭാവനയുടെ ചിറകിലേറി
പാവനമായ തീർത്ഥയാത്ര ചെയ്യണം
അദ്ധ്യാപകർ
ഒരേ നിറം കൊണ്ട് പല ചിത്രങ്ങൾ
എന്നതുപോലെ
ഒരേ അക്ഷരങ്ങളെ പല വാക്കുകളാക്കി
കൊത്തി വച്ചിരിക്കും
സൂക്ഷിക്കണം
പൊലിഞ്ഞു പോകുന്നത് സ്വപ്നങ്ങളാണ്
നഷ്ടമാകുന്നത് ജീവിതമാണ്
ഉറക്കമില്ലാത്ത കുറേ രാത്രികളുണ്ട്
ഉള്ളുരുക്കമുണ്ട്.
ക്രമനമ്പറുകളേ സൂക്ഷിക്കണേ,
ക്രമത്തിലാകണമെന്നില്ല
ചെറിയ അശ്രദ്ധമതി
ഒരു ജന്മം തന്നെ കറങ്ങി പോകാൻ
കണ്ണും കാതും ഹൃദയവും ഒന്നായി തീർന്ന
മൂന്ന് മണിക്കൂറിനെ വാർത്തെടുത്തത്
മുന്നൂറ് ദിനത്തിലും കൂടുതലാണ്
ഓർമ്മിക്കണേ,
നിങ്ങളുടെ വിരൽത്തുമ്പിലെ
പേനയിൽ നിന്ന് ഇറ്റി വീഴുന്നത്
ഒരു ജന്മം തന്നെയാണേ

2019, മാർച്ച് 15, വെള്ളിയാഴ്‌ച

കുങ്കുമ തുടുപ്പ്



പ്രണയികൾ പറവകളെപ്പോലെ
സ്വതന്ത്രരും തിരക്കില്ലാത്തവരുമാണ്
ചില്ലിൽ വീണ വെയിൽ പോലെ
തിളങ്ങി നിൽക്കുന്നവരാണ്
ഏതാൾക്കൂട്ടത്തിലും ചേർത്തു പിടിച്ചു
പോകുന്നവരാണ്
കണ്ണിൽ കാന്തവുമായി കാത്തു നിൽക്കുന്ന
വർ പ്രണയികൾ
ചീട്ടുകൊത്തിയ പക്ഷിയെപ്പോലെ
ഫലം കേട്ടിരിക്കുന്നവർ
കവിളുകളിൽ ചോപ്പും
കണ്ണിൽ കുങ്കുമത്തുടുപ്പുമായ് എപ്പോഴും
നിൽക്കുന്നവർ

2019, മാർച്ച് 13, ബുധനാഴ്‌ച

യുദ്ധങ്ങൾ ബാക്കിയാക്കുന്നത്



ഒരു തുള്ളി ജലമെങ്കിലും വേണം
ഒന്ന് മുങ്ങി നിവരുവാൻ
പാപക്കറകളെ ഒഴുക്കി കളയുവാൻ
എത്ര വേണമെങ്കിലും കുഴിക്കാം
സ്നേഹത്തിന്റെ ഇത്തിരി നനവ്
കിട്ടുമെങ്കിൽ
അടയാളങ്ങളെല്ലാം
കുരിശ്ശിന്റെ വഴിക്കാണ്
ഇരുണ്ട മൂലകളാണ് ഏറി വരുന്നത്
വരണ്ട കാറ്റുകളാണ് ചുറ്റി തിരിയുന്നത്
രാത്രിയായ ജീവിതത്തിന്
യാത്രയാണ് ഉത്തരം
എന്നിലൊരായിരംപുഴുക്കൾ നുരയുന്നു
എന്റെ ദുർഗന്ധം ഞാൻ തന്നെ സഹിക്കേ
ണ്ടി വരുന്നു
പൊട്ടിയ തലയോട്ടികളുടെ മൊട്ടക്കുന്നുകൾ
കൂടുന്നു
യുദ്ധങ്ങൾ തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടേ
യിരിക്കുന്നു
ചെക്കി പൂക്കളല്ല പൂത്തിരിക്കുന്നത്
പറിഞ്ഞു പോയ ഹൃദയങ്ങളാണ്
രക്ത കാളിന്ദിയിൽ കാളിയ വിലാസം
അമ്മബ്ഭൂമി, വരണ്ട കണ്ണാലെ
കലങ്ങിയ കരളാലെ
കരിഞ്ഞ ജഡങ്ങളെ
മാറോട, ടുക്കി പുണർന്നിരിക്കുവാൻ
വിധിക്കപ്പെട്ടവൾ.

2019, മാർച്ച് 11, തിങ്കളാഴ്‌ച

അടുക്കള അമ്മ അഥവാ കടൽ



കടലിൽ നിന്ന്
കൊട്ടയേറി വന്ന
മത്തി, അയല, തിരുത, ബേളൂരി
അടുക്കളയിലെ വട്ടളയിൽ
മുട്ടോളം വെള്ളത്തിൽ
കത്തിക്ക് പാകത്തിന്
മലർന്നു കിടക്കുന്നു
ചട്ടീം കലവും തട്ടീം മുട്ടീം ഇരിക്കുന്നു
വലിയ പിഞ്ഞാണത്തിൽ
തേങ്ങ ചിരവുന്നുണ്ടൊരു ചിരവ
നനക്കല്ലിൽ പടോപടോന്ന്
തല്ലി നനയ്ക്കുന്നുണ്ടൊരു
തെരുവൻതോർത്ത്
തട്ടുകളിൽ തൊട്ടു തൊട്ടിരിക്കുന്നു
കുഞ്ഞനളുക്കുകളും ഭരണികളും
നൊട്ടിനുണഞ്ഞു കൊണ്ടൊരു പുളി ഭരണി
മൂലയിലൊരു മൂപ്പര് ഉപ്പുമാങ്ങഭരണി
വട്ടച്ചെമ്പിൽ മണം പരത്തി
തേങ്ങ വെന്ത വെളിച്ചെണ്ണ
തെട്ടപ്പുറം, പൊട്ടിത്തെറിക്കാൻ ഭാവത്തിൽ
കടുക്
ഉപ്പും മുളകും മുട്ടി മുട്ടിയിരിക്കുന്നു
കുപ്പിക്കോപ്പയിൽ
കല്ലുമരിയിൽ കരയാൻ പാകത്തിൽ
ഉള്ളി
കാഞ്ഞ വയറുമായി കത്തിനിൽക്കുന്നു
അടുപ്പ്
അലകടൽ പോലെ കാലവും, നേരവു
മില്ലാതെ
വെന്ത് ,വിയർത്ത് ,വെച്ച്, വിളമ്പി
ഊട്ടി, ഉറക്കി വളർത്തുമ്പോഴും
മാറ്റിയിട്ട കൈക്കല പോലെ
തട്ടിമാറ്റുമ്പോഴും
ഒട്ടും പരിഭവവും, പരാതിയുമില്ലാതെ
കാത്തിരിക്കുന്നു അമ്മയെപ്പോലെ





2019, മാർച്ച് 10, ഞായറാഴ്‌ച

നക്ഷത്രം



ദൈവം എല്ലാ സുഖ സൗകര്യങ്ങളും
നൽകിയാണ്
ഈസ്വർഗത്തിലേക്ക് പറഞ്ഞയച്ചത്
എന്നാൽ, നാമെല്ലാവരും ചേർന്ന്
ഇവിടം നരകമാക്കുന്നു
ചിതലരിച്ചു പോയ ചിലർ
ചരിത്രത്തിന്റെ ചെരാത് തല്ലിക്കെടുത്തുന്നു
ചതിയുടെ വാരിക്കുഴി പണിയുന്നു
പണം കൊണ്ട് പരവതാനി നെയ്യുന്നു
തൊടുത്ത അമ്പിനാൽ തന്നെ
കൊമ്പുതകർന്ന ചിലർ
ശരശയ്യയിൽ കിടക്കുന്നു.
അടുപ്പമുള്ള ചിലർ
തൊടിയിൽ വിരിഞ്ഞു നിൽക്കുന്നു.
കുറേ പേരുണ്ട്
മുളളിനെ, മുരിക്കിനെ, കർക്കിടകത്തെ
കറുത്ത കരളുകളെ
മഞ്ഞു പോലെ ശുദ്ധമായ മനസ്സോടെ
സ്നേഹിക്കുന്നവർ
മറ്റുള്ളവർക്കായ് തന്റെ ജീവിതം ഉഴിഞ്ഞു
വെച്ചവർ
അവരിൽ ചിലരാണ്
കൊടിമരങ്ങളിൽ പൂത്തു നിൽക്കുന്നവർ
നല്ലതിലേക്ക് നടക്കുന്നവർക്കായി
നക്ഷത്രമായി മുന്നേ നടക്കുന്നവർ.

2019, മാർച്ച് 8, വെള്ളിയാഴ്‌ച

എവിടെ വെച്ച്......!



കവിതയിലെ
വാക്കിന്റെ
ഏതു വളവിൽ
വെച്ചാണ്
നാം
കണ്ടുമുട്ടിയത്.
ചില്ലക്ഷരത്തിന്റെ
ഏതു ചില്ലയിലാണ്
പ്രണയം പൂത്തത് .
കൂട്ടക്ഷരത്തിൽ
കുരുങ്ങി നി
കാൽനഖം കൊണ്ട്
വരച്ചത്
വളളിയുടെ
ഊഞ്ഞാലിലിരുന്ന്
ഞാൻ
കളിയാക്കി
ചിരിച്ചത്
കവിതയുടെ
ഏത്
കയറ്റത്തിൽ
വെച്ചാണ്
നീയോടി,യൊളിച്ചത്
അക്ഷരങ്ങളുടെ,യേത്
ചരിവിൽ വെച്ച്
ഇനി നാം കണ്ടുമുട്ടും.


പെൺമിഴി



അഴകും
അഴലും
ആഴവുമുള്ള
ആഴിയാണ്
പെൺമിഴി
തുള്ളി പോലും
തുളുമ്പാതിരിക്കാൻ
തപിച്ച് തപിച്ച്
ബാഷ്പീകരിക്കാൻ
അടുപ്പായെന്നും
എരിഞ്ഞുകത്തുമവൾ
അറിയാതിരിക്കാൻ
മഞ്ഞു തുള്ളിയെന്നു തോന്നും
മുറ്റച്ചെടിയിലെ പൂവുപോൽ
ചിരിക്കും
മുറുമുറുപ്പിനും
മറു വാക്കോതാതെ
കുളിർ തെന്നലായ്
കൂട്ട് നിൽക്കും.
ഹൃദയം കൊണ്ടൊന്നു
തൊട്ടു നോക്കണം
കണ്ണീരെഴുതിയ
സഹനത്തിന്റെ
സഹ്യപർവ്വതം

2019, മാർച്ച് 7, വ്യാഴാഴ്‌ച

കയ്പ്പ്



പ്രണയം
പൂവു പോലെന്ന്
ഞാനെഴുതി
മുറിവ്
സമ്മാനമായ്
ലഭിച്ചു.
പുഞ്ചിരിയെന്നു
പറഞ്ഞു
പൊട്ടിക്കരച്ചിൽ
തന്നു .
ഹൃദയം കൊണ്ട്
കെട്ടിപ്പിടിച്ചു
വാക്കിന്റെ
വാളിനാൽ
വെട്ടിമുറിച്ചു.
ഇളങ്കാറ്റായ്
തലോടി
കൊടുങ്കാറ്റായ്
തട്ടിമാറ്റി.
പ്രണയം കൊണ്ട്
പണിത വീട്ടിൽ
പ്രേതത്തിന്റെ
തേർവാഴ്ച.
കവിതേ,
നീ കയ്പ്പെന്നറിഞ്ഞത്
പ്രണയത്തിന്റെ
കയത്തിൽ നിന്നാണ് .

2019, മാർച്ച് 6, ബുധനാഴ്‌ച

മരണം കാത്തിരിക്കുമ്പോൾ



ഓരോ
വളവിലും
ആരോ
വിളിക്കുന്നു
കൊഴിഞ്ഞൊരിലയെ
നോക്കി
കുഴിഞ്ഞ കണ്ണാലെ
നടക്കേ,
പാതി
കരിഞ്ഞൊരു
പൂവിന്നരികെ
പ്രിയമോടൊന്നു
നിൽക്കേ,
നോക്കിലുടക്കി
വാക്കിലിടറി
കാലു കുഴഞ്ഞ്
കുരുക്കിലിഴഞ്ഞ്
കാണാക്കണ്ണിൻ
കുഴിയാൽ തപ്പി
തടഞ്ഞു ,തളർന്നു
നടക്കേ,
കാത്തിരിപ്പൂ
അങ്ങൊരു വളവ്
വാ പിളർന്നൊരു
വ്യാഘ്രം പോലെ


2019, മാർച്ച് 4, തിങ്കളാഴ്‌ച

ഇതാ നിനക്കായ്



മനസ്സു നൊന്തിട്ടു വയ്യ
മുറിച്ചെടുക്കൂ ഓർമ്മയുടെ
മോതിരം
മുറിവുണക്കാൻ മറുമരുന്നില്ല
കരിഞ്ഞു പോട്ടേ
കണ്ണീരുപ്പിനാൽ
കാഞ്ഞിരമാകുന്നു കാലം
കയ്ക്കുന്നു ജീവിതം
അലറുന്ന കടലിൽ
ആടിയുലയുന്നുതോണി
അമ്ല നീരു മോന്തി
വ്രണിത ലഹരികൂട്ട്
ഇതാ നിനക്കായ്
ഈ ആകാശം
ഭൂമി
സ്വപ്നങ്ങൾ
സുഖങ്ങൾ
മോഹങ്ങൾ
മൗനത്തിന്റെ പക്ഷി
മഹാഗർത്തത്തിലേക്ക്
പോകുന്നു
ഓർമ്മയുടെ ചിറക്
നീയരിയുക
മറവിയുടെ കമ്പിൽ
കെട്ടി തൂക്കുക.



പ്രൊഫൈൽപിക്ച്ചർ



പ്രൊഫൈൽപിക്ച്ചർ മുയലായുള്ള
ഒരുവളെ അവൻ പ്രണയിച്ചു
അവളുടെ രണ്ടു മുയൽക്കുഞ്ഞുങ്ങളെ
അതിരറ്റു ലാളിച്ചു
ഇടതൂർന്ന പച്ചപ്പുല്ല്, കുറ്റിക്കാട്, കണ്ടാൽ
അവളെ ഓർമ്മ വരും
കാണുന്ന മുയലുകളെല്ലാം അവളെന്ന്
തോന്നും
ഏതു നേരവും മൊബൈൽ പാത്രത്തിൽ
നിന്ന്
വറുത്ത പ്രണയാക്ഷരങ്ങൾ കൊറിച്ചുകൊണ്ടി
രുന്നു
അവർ അവരെ മുഴുവനായും പങ്കുവെച്ചു
അവളുടെ കൊഞ്ചുന്ന അക്ഷരപ്പൂവിൽ നിന്ന്
പ്രണയത്തേനുകൾ ഉറവയെടുത്തു കൊണ്ടേ
യിരുന്നു
മുയൽ മുഖത്തിൽ നിന്ന് മനുഷ്യമുഖത്തിലേക്ക്
അവൾ മാറിയതേയില്ല
മധുരാക്ഷരങ്ങളുടെ മായികതയിൽ
അവളാരെന്ന് അവനറിഞ്ഞതേയില്ല
മാറു മറയ്ക്കാനുള്ള സമരം കഴിഞ്ഞിട്ടും
ജനകീയ സർക്കാരുകൾ മാറി മാറി വന്നിട്ടും
മാറുമറിച്ചില്ലേൽ നടപടിയുണ്ടായിട്ടും
മാറു മറയാതിരിക്കാനുള്ള ഫാഷൻ വന്നിട്ടും
മുയൽക്കുഞ്ഞുങ്ങളെപ്പോലുള്ള
മുലയുമാട്ടി ഒരു മുത്തശ്ശി
പുത്തൻ തലമുറയ്ക്ക് പ്രണയത്തിന്റെ
ചേരുവകൾ പകർന്നാടിക്കൊണ്ടിരുന്നു
പ്രൊഫൈൽപിക്ച്ചറിലെ മുയലിന്
ചെവിയുണ്ടായിരുന്നില്ല
കൊമ്പായിരുന്നു.


2019, മാർച്ച് 3, ഞായറാഴ്‌ച

പ്രഭാതം



ഇടത്തേ ഒക്കത്ത്
ഇരുട്ടിന്റെ ഘടവും
വലത്തേ കൈയിൽ
നിന്റെ ഓർമ്മകളേ -
യുംഞ്ഞേറ്റി
ഞാൻ നടന്നു
കോണിയിലെത്തിയപ്പോൾ
ഘടം വീണുടഞ്ഞതിൽ നിന്നും
മഞ്ഞും പുലരിയും പിറന്നു.

2019, മാർച്ച് 1, വെള്ളിയാഴ്‌ച

കുരിശേറ്റം



ഇലകളിൽ നിന്ന് മുലപ്പാൽ പോലെ
മഴത്തുള്ളികൾ ഇറ്റി വീഴുന്നു
കീറിയ വാഴയിലകൾ തോരണം
പോലെ
കാറ്റിലാടുന്നു
ചീറി വന്ന ചാറ്റൽ മഴ
മണ്ണിൽ ചലനമറ്റു കിടന്നു
ജൂതൻമാർ കുന്തംകൊണ്ടു കുത്തിയ
തിരുഹൃദയത്തിലെ രക്തമായിരിക്കുമോ
മഴയായ് ചിതറി വീഴുന്നത് ?!
കറുത്ത മേഘത്തുടകൾ വകഞ്ഞുമാറ്റി
പിറവിയുടെ ആദ്യ രക്തം ഇറ്റി വീണു
കിഴക്കൻ മാനത്ത് രക്തത്തിൽ കുളിച്ച്
കുഞ്ഞു സൂര്യൻ ജന്മമെടുത്തു
ഇന്ന് ഞായറാഴ്ച്ച
ഉയിർത്തെഴുന്നേൽപ്പ് ദിനം
എന്നിട്ടും;
എന്തുകൊണ്ടായിരിക്കും കാലം ഇന്നും
രണ്ട് ഇരുമ്പാണി എന്റെ കൈവെള്ളകളിൽ
വെച്ചു തന്നത്
മനുഷ്യൻ ഒരു മരുഭൂമിയാണ്
സ്നേഹം കൊണ്ട് നിറഞ്ഞതെന്നു തോന്നും
ഓട്ടക്കലമെന്ന് പിന്നീടറിയും
ചിരിയുടെ നഷ്ടത്തിൽ നിന്ന് തുടങ്ങുന്നു
അകൽച്ചയുടെ പെരുക്കം
ലിപികളില്ലാത്ത ഒരാകാശം നാം പണിയുന്നു
മനസ്സിൽ കണ്ണീരിന്റെ ജലാശയം തീർക്കുന്നു
നട്ടുനനച്ച് വളർത്തിയെടുത്തതൊക്കെ
കള്ളിമുള്ളുകളായ് രൂപാന്തരപ്പെടുന്നു