malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ഏപ്രിൽ 29, തിങ്കളാഴ്‌ച

ജീവിച്ചിരിക്കുന്ന മരിച്ചവർ



മരിച്ചവർ അരികിൽ തന്നെയുണ്ട്
മൗനം കൊണ്ട്
മറഞ്ഞിരിക്കുന്നതു കൊണ്ട്
കാണുന്നില്ലെന്നേയുള്ളു.
നമ്മോടൊപ്പം നടക്കുന്നുണ്ട്
പാദമൂന്നാത്തതിനാൽ
കാലടിപ്പാടുകൾ
ഇല്ലെന്നേയുള്ളു
വാക്കുകളിലെ
കവിതയാണവർ
ബാക്കിയായ ചില്ലക്ഷരങ്ങൾ
മരിച്ചവർ
മറഞ്ഞിരിക്കുന്നേയില്ല
നാം മരിച്ചവരായതുകൊണ്ടാണ്
അവരെ കാണാതെ പോകുന്നത്.


ആരു നീ



ആരു നീ ,
ചങ്ങമ്പുഴ കാവ്യമോ
വെള്ളത്താമര പൂവോ
വെള്ളിത്തിര ചിന്നിയ
വെൺനിലാ നിഴൽപൂവോ
പച്ചവില്ലീസ്സണിഞ്ഞ
പ്രണയപൂപ്പാലികേ
എങ്ങനെ മറക്കും ഞാൻ
എരിവെയിലായ് പൊരിയുന്ന
നെഞ്ചിതിൽ തണുവായി
തഞ്ചത്തിൽ കൊഞ്ചും നിറ-
നവയൗവ്വനോർജ്ജമേ
മഴച്ചാറലായ് വന്ന്
പെരുമഴയായ് തിമർത്ത്
മന്ദവാതമായ് സൗമ്യ സ്നേഹമായ്
തഴുകിയും
പ്രീയേ,പ്രണയിനി
പ്രിയമെനിക്കീ സ്മൃതി

2019, ഏപ്രിൽ 28, ഞായറാഴ്‌ച

അടയാളം



മെലിഞ്ഞ്
മഴനാരുപോലൊരുവൻ
അവനെ
എന്തു പേരിട്ടും വിളിക്കാം
ആർദ്രത
പങ്കിടൽ
സ്നേഹം
കണ്ണീർ.
ഭൂതവും
പൂർവ്വസങ്കട കടലും കടന്ന്
സ്നേഹ പുസ്തകം തുറന്ന്
വർത്തമാനത്തിന്റെ അടയാള
മായവൻ
ആശയത്തിന്റെ ഒരാകാശം
കനൽ ചുവപ്പുള്ള ഒറ്റ നക്ഷത്രം.
തൊട്ടുരുമിനിൽക്കുമ്പോൾ
അറിഞ്ഞിരുന്നില്ല
ഉള്ളിലൊരു കഠാരയുള്ളത്
ഉടൽ പിളർക്കുമെന്നത്
തോറ്റുപോയെന്ന് കഴിയില്ല
കണ്ണടയ്ക്കുവാൻ
ഉണ്ട് ,സ്നേഹത്തിന്റെ പതാക
യുമേന്തി
അവനെന്നും നമ്മുടെയിടയിൽ

2019, ഏപ്രിൽ 27, ശനിയാഴ്‌ച

വ്യഥ



ജീവിതയാത്ര
തുടങ്ങിയപ്പോൾതന്നെ
അച്ഛന്റെ മരണമറിഞ്ഞ്
പാതിവഴിയിലിറങ്ങിയ
മകനാണു ഞാൻ
ചിതയ്ക്കുമുന്നിൽ
ചേർത്തണയ്ക്കപ്പെടാത്ത
ചില്ലക്ഷരമായ്
മാറ്റിനിർത്തപ്പെട്ടവൻ
ചതിയുടെ,യീലോകത്ത്നിന്ന്
ഒറ്റവരിക്കവിതയായി
കത്തിയമരണമെനിക്ക്.

2019, ഏപ്രിൽ 26, വെള്ളിയാഴ്‌ച

വിവർത്തനം



പ്രണയം
പുരാതന ലിപിയാണ്
പ്രണയികൾക്കേ
വായിച്ചെടുക്കുവാൻ കഴിയൂ
ഉണ്ട്പോലും ഇതിലും
ഗവേഷകർ
ഡോക്ടറേറ്റ് കിട്ടിയവർ
പച്ചവെള്ളം പോലെ
ചവച്ചരച്ചു കുടിച്ചവർ
ഉന്മാദത്തിന്റെ
സൂര്യകാന്തിപ്പൂവ്
കാതിൽ വിരിയിച്ച്
വിവർത്തനം ചെയ്യപ്പെട്ടവർ.

2019, ഏപ്രിൽ 25, വ്യാഴാഴ്‌ച

ജീവിത വണ്ടി



ഓടിക്കൊണ്ടിരിക്കയാണ്
ജീവിത വണ്ടി
വളവും, തിരിവും,
കയറ്റവും, ഇറക്കവും താണ്ടി
അള്ളും, ഭള്ളും,
ചതിയും, ചകിത യൗവനവും
കടന്ന്
എവിടെ നിർത്തുമെന്നറിയാതെ.
വാളാതെ, വിതയ്ക്കാതെ
കൂർത്തും, മൂർത്തും തഴച്ചു -
വളരുന്നുണ്ട് നുണകൾ
കുഴികുത്തി നട്ടോളു സത്യത്തെ
കടുത്ത വേനലിലും
പെരുത്ത മഴയിലും
നനുത്ത മഞ്ഞിലും
ഒരിക്കലും മുളയ്ക്കില്ലെന്ന
ധൈര്യത്തോടെ
ചവക്കുമ്പോൾ ഇനപ്പും
ഇറക്കുമ്പോൾ കയപ്പും ജീവിതം.

2019, ഏപ്രിൽ 24, ബുധനാഴ്‌ച

എന്റെ കവിത



കാലത്തെഴുന്നേറ്റ്
കഞ്ഞി കാലമാക്കുന്നു
കാപ്പിയിട്ട്
കണവനെയുണർത്തുന്നു
കുട്ടികളെയുണർത്തി
കുളുത്ത് വിളമ്പുന്നു
മടിപിടിച്ചിരിക്കാതെ
മുടി ചീകാതെ
കണ്ണെഴുതാതെ
പൊട്ടു തൊടാതെ
ഒട്ടിയ വയറിൽ
മുണ്ട് മുറുക്കിയുടുത്ത്
പൊള്ളുംവെയിലിൽ, മഴയിൽ
വള്ളിച്ചെരിപ്പു പോലുമില്ലാതെ
ഉള്ളുരുകി, ഉഴറും മനസ്സാലെ
കൊള്ളുകയറി കൊറ്റിനുള്ള
വകതേടി പോകുന്നു.

2019, ഏപ്രിൽ 20, ശനിയാഴ്‌ച

ഞാൻ നീയാകുമ്പോൾ



പുറപ്പെട്ടു പോകണം
എനിക്ക്
മറവിയിലേക്ക്
നീ,യെന്നേ
പുറപ്പെട്ടുപോയവൾ
മൗനത്തിന്റെ
ഇരുണ്ട ഇടനാഴിയിൽ
പരസ്പരം കാണാതെ
നാം രണ്ടുപേർ
തീ കൊണ്ട്
എന്റെ സിരകളിൽ
സരയൂഒഴുക്കുന്നു നീ
വറ്റാത്ത
കത്തും മഴയിൽ
നിർത്തിയിരിക്കുന്നു
ഗ്രീഷ്മവും
വർഷവും നീയാകുമ്പോൾ
മറ്റു ഋതുക്കളെല്ലാം
ഋജുവായ്
എങ്ങോ മൃതിയാകുന്നു
പുറപ്പെട്ടു പോകണം -
എനിക്ക്
ഞാൻ
നീ തന്നെയാക്കുമ്പോൾ
മറവിയിൽ നിന്ന്
ഓർമ്മകളെ ചുംബിക്കുവാൻ

2019, ഏപ്രിൽ 19, വെള്ളിയാഴ്‌ച

ദുഃഖപർവ്വം




ഓരംചേർന്ന
ഓർമ്മകളെല്ലാം ചേർന്ന്
ഒരാദിമ മൃഗത്തെപ്പോലെ
അയവെട്ടിക്കൊണ്ടിരിക്കുന്നു
ടെന്നീസ് പന്തുപോലെ ജീവിതം
ഉന്നം പിടിച്ചും,പിഴച്ചും
ഓങ്ങിയും, വാങ്ങിയും
മേലേക്കും, താഴേക്കും
വശങ്ങളിലേക്കും, വശംകെട്ടും
എറിഞ്ഞും, അടിച്ചും
അങ്ങനെ, അങ്ങനെ......
കണ്ണുകളിൽ നീറി നീറിപ്പിടിക്കുന്ന കടൽ
കടലിന്റെ ചുളിവുകളിൽ, മടക്കുകളിൽ
ചുഴികളിൽ, ആഴങ്ങളിൽ
ആദിമമായ തീയുണരുന്നു
പൊട്ടിത്തെറിച്ച അഗ്നിപർവ്വതത്തിൽ നിന്നും
ലാവകൾ ഒഴുകിയിറങ്ങുന്നു.

2019, ഏപ്രിൽ 18, വ്യാഴാഴ്‌ച

മായാജാലം



മരണം
ഒരു മാന്ത്രികനാണ്
മായാജാലം
എപ്പോഴാണ് കാട്ടുക
എന്നറിഞ്ഞുകൂട
രാവിലെ വിളിച്ചുണർത്തി
പ്രാതലിനു മുമ്പിൽ,
പ്രസംഗവേദിയിൽ,
മാർക്കറ്റിൽ
കുട്ടികളോടൊത്ത്
കളി ചിരി കഴിഞ്ഞ്
ശാന്തമായ ഉറക്കത്തിൽ.
ഒറ്റത്തോന്നലിൽ
മരക്കൊമ്പിൽ ആടിയാടി.
ബൈക്കിന്റെ രൂപത്തിലാണ്
ചീറി വന്നാണ്
ഇടിയുടെ ആഘാതത്തിൽ
പറന്നു പറന്നാണ്
തിരക്കുള്ള റോഡിൽ വെച്ച്
ഇന്ന് രാവിലെ
ഒരു മായാജാലം കാട്ടിയത്.
മരണം ഒരു മായാജാലമേയല്ല
പരമമായ സത്യം

2019, ഏപ്രിൽ 17, ബുധനാഴ്‌ച

അടയാളം



നേരിൽ കണ്ടിട്ടില്ല നാം
ചിത്രത്തിൽ മാത്രം കണ്ടിട്ടുണ്ട്
ഒരു പാട് പ്രണയിച്ചിട്ടുണ്ട്.

ആൾക്കൂട്ടത്തിൽവെച്ച്
എന്നെ നീയും, നിന്നെ ഞാനും
തിരിച്ചറിയുമോ ?!

വെച്ചിട്ടുണ്ട് ഞാൻ നിന്നെക്കുറി -
ച്ചൊരടയാളം !
നീയെന്നെക്കുറിച്ചോ?!

2019, ഏപ്രിൽ 16, ചൊവ്വാഴ്ച

ജന്മജാതകം



മീനുകൾ
മൗനമായി വിലപിക്കുന്നു
അള്ളാ....,
വലയിൽ നിന്ന്
വലയിലേക്കുള്ള
ദൂരമാണ് ജീവിതം
മറ്റുള്ളവയ്ക്ക്
ആഹാരമാകുവാൻ
ഒരാകാരം
എരിതീയിൽ നിന്ന്
വറചട്ടിയിലേക്കെന്ന പോലെ
വേവലാതികളുടെ ജന്മ ജാതകം

2019, ഏപ്രിൽ 14, ഞായറാഴ്‌ച

വിഷു പക്ഷിയോട്



വരിക വിഷുപക്ഷീവീണ്ടും വരികനീ
പാടുക സർഗ്ഗഗീതങ്ങൾ
കൃഷ്ണനും, ക്രിസ്തുവും, നബിതിരുമേനിയും
വാണിരുന്നുള്ളോരീമണ്ണിൽ
തോക്കുകൾ, ബോംബുകൾ, വേല്, വടിവാളുകൾ
കഥ പറഞ്ഞീടുന്നിതെങ്ങും
പേക്കിനാവിന്നിരുൾവഴികളേയാണ്
കണി കണ്ടുണരുന്നിതെന്നും
വരിക വിഷു പക്ഷീ വീണ്ടും വരിക നീ
പാടുക പുത്തൻപുലരി ഗീതം
അഗ്നിച്ചിറകുമായ്‌, ഉഗ്രവിഷവുമായ്
കുടില തന്ത്രങ്ങൾ മെനഞ്ഞിടുന്നോർ
ചുറ്റിലും തീർക്കും ചതുപ്പുനിലങ്ങളിൽ
വീണടിഞ്ഞീടുന്നു മർത്യ ജന്മം
മാവേലി വാണൊരീ നാട്ടിലെങ്ങും കാണാം
വാമനാവതാരങ്ങൾ മാത്രം
മനുഷ്യവർഗ്ഗങ്ങൾ വർഗ്ഗീയതയുടെ
സങ്കടക്കണ്ണീരിലെങ്ങും
വരിക വിഷു പക്ഷീ, മേടപ്പിറവിയായ്
പാടുക ഉദയഗീതങ്ങൾ
മനുഷ്യൻ മനുഷ്യനെ മാനിച്ചിടുന്നൊരു
മാറ്റത്തിൻഹൃദയഗീതങ്ങൾ

2019, ഏപ്രിൽ 12, വെള്ളിയാഴ്‌ച

നിലവിളി



നെടുനീളത്തിൽ വീണ
ഒരു നിലവിളിയെ
താങ്ങിയെടുത്ത് കിടത്തുന്നു -
വരാന്തയിൽ
മരിച്ചവനിൽ നിന്നും വളരെയകലെ
വായുസഞ്ചാര,മധികമുള്ളിടത്ത്
കൂട്ടംകൂടി നിന്നവരെല്ലാം അകന്നു -
മാറുന്നു
അർദ്ധബോധത്തിലും അലമുറയിടുന്നു-
നിലവിളി
മരിച്ചവന്റെ അരികിലെത്താൻ വഴി -
യന്വേഷിക്കുന്നു
മോർച്ചറിയിൽ,
ചിതയിൽ,
കല്ലറകളിൽ
റെയിപ്പാളത്തിൽ
മരക്കൊമ്പിൽ,നിന്നെല്ലാം പിടിച്ചിറക്കി -
നിലവിളിയെ
അന്വേഷിച്ച വഴികളെല്ലാം അടഞ്ഞപ്പോൾ
ജലപാനമുപേക്ഷിച്ചു നിലവിളി.
ഇപ്പോൾ,
മരണംകാത്തുകിടന്ന നിലവിളി
ജീവിതംകാത്തു കിടക്കുന്നു
ആശുപത്രിയിൽ

2019, ഏപ്രിൽ 11, വ്യാഴാഴ്‌ച

അത്മഹത്യാക്കുറിപ്പ്



എല്ലാ കുറിപ്പുകളും പോലെയല്ല
ആത്മഹത്യാക്കുറിപ്പുകൾ
കറുപ്പിന്റെ അടയാളമാണത്
കുറിക്ക് കൊള്ളുന്നതും.
മറുപടിക്ക് കാത്തുനിൽക്കാത്ത -
എഴുത്തുകളാണ്
ആത്മഹത്യാക്കുറിപ്പുകൾ.
ചലനമറ്റതെന്നു തോന്നാം
ജ്വലിച്ചുയർന്നിടാം ചിലപ്പോൾ
ചെയ്യുന്ന ( ചെയ്യിക്കുന്ന)പാതകത്തിന്
ചമയ്ക്കുന്ന ന്യായീകരണം
ശവപ്പറമ്പു പോലുള്ള കടലാസിൽ
മൺകൂനകളും, മീസാൻ കല്ലുകളും
പോലെ അക്ഷരങ്ങൾ
മരണത്തിന്റെ നിയമം കൊണ്ട്
ജന്മദിനത്തെ റദ്ദ് ചെയ്യൽ
സന്തോഷത്തിന്റെ ഒരു കീറാകാശത്തിലേക്ക്
അമാവാസിയുടെ കടന്നുകയറ്റം.
ആത്മഹത്യ ചെയ്യുന്നവരെല്ലാം
കുറിപ്പുകളെഴുതി വെയ്ക്കാറില്ല
ജീവിച്ചിരിക്കുന്നവരോടൊന്നും പറയാ-
നില്ലാത്തതുകൊണ്ടായിരിക്കില്ല
മരിച്ചവരാണിനികൂട്ട് എന്നതുകൊണ്ടാകാം

സങ്കടൽ



ചുമച്ചും, കിതച്ചും
കോലായിൽ കൂനിയിരിക്കുന്നു
ഓർമ്മ.
പിന്നിട്ടുപോയ പരശ്ശതം ഓർമ്മകളെ
ഏങ്ങി വലിക്കുന്നു ശ്വാസം.
കടലിൽ
ആകാശത്തിൽ
നഗര കാന്താരത്തിൽ
വറുതിയുടെ നാളുകളിൽ
പൊറുതിക്കായ്
പുറപ്പെട്ടു പോയിമറുകരയിൽ.
ചതുപ്പുകൾ
ചതിക്കുഴികൾ
കുരുതിത്തറകൾ
ചോരച്ചാലുകൾ
കാണാപ്പച്ചകൾക്കായ് കടൽക്കയം
താണ്ടി
കുരുത്ത വിശപ്പിൻ കരുത്തിൽ നിന്ന്
കൊരുത്തെടുത്ത ജീവിതം.
ഇന്ന്;
ചതുപ്പുകൾ കാമനയുടെ തീ കുണ്ഡങ്ങൾ
ചതികളുടെ ചരിത്രത്താളുകൾ -
മോടിയുടെ മേടകൾ
അധ്വാനത്തിന്റെ അവകാശികളെ
ചെളിയിലമർത്തുന്ന ജാലങ്ങൾ.
ജാരനായെത്തുന്നു അധിനിവേശത്തിന്റെ
മാരീചൻ
ഫൂൽക്കാരങ്ങളിൽ രതിരസം
സങ്കടലിലേക്ക് അമ്ലലായനിയുടെ
പതഞ്ഞൊഴുകൽ
പ്രഛന്നങ്ങളുടെ പ്രായശ്ചിത്തം
ഇവിടെ ഇപ്പോഴും ശേഷിച്ചിരിപ്പുണ്ട്
ശോഷിച്ചു പോയൊരു ഓർമ്മയുടെ
ശ്വാസോച്ഛ്വാസം.

2019, ഏപ്രിൽ 10, ബുധനാഴ്‌ച

ഒടുവിൽ



സന്ധ്യ കഴിഞ്ഞാണ്
സത്രത്തിലെത്തിയത്
വാതുറന്ന വ്യാഘ്രത്തെ
പോലൊരു ഗുഹ.
ഇരുട്ടിന്റെ കൂട്ടിൽനിന്നൊരു
പാട്ടുകേൾക്കുന്നു
പാട്ടുവരച്ച വൃത്തത്തിൽ
നിഴലാട്ടം
ഓർമ്മകൾക്ക് അമ്ലവീര്യം
നിഷ്ക്കളങ്കതയുടെ നഗ്നത
യുമായി
പൊരുൾതേടി ശിരസ്സിലൊരു
നദി
ആകാശച്ചരുവിൽ അങ്ങിങ്ങ്
സർപ്പപുളച്ചൽ
പുരാതന വാതിൽ തുറന്ന്
കയറി വരുന്നത് പ്രഭാതം
കൂടെ വന്ന വൃദ്ധന് ഞാൻ
പുത്രനായി
ഇനിയും കാത്തിരിക്കാൻ കാല
മില്ലെന്ന്
അന്വേഷിക്കാൻ ഇടവും
കൈവെള്ളയിൽ നാണയത്തുട്ട് -
കിട്ടിയതുപോലെ ചിരിക്കുന്നു
വൃദ്ധൻ
മണ്ണിനറിയാം വിത്തിന്റെ രഹസ്യം
പടുത്തുകെട്ടിയ ജീവിതച്ചുമരുകൾ
എത്ര വേഗമാണ് ഇടിഞ്ഞു വീഴുന്നത്

2019, ഏപ്രിൽ 9, ചൊവ്വാഴ്ച

അച്ഛന്റേയും എന്റേയും മരണ ദിവസം



എന്റെ അച്ഛൻമരിച്ച ദിനത്തെ
അച്ഛനായഞാൻ ഒരുമകൻ
എങ്ങനെഓർക്കുമെന്ന്
ഓർത്തുനോക്കുന്നു.
എനിക്ക് ആൺമക്കളില്ല.
ആൺമക്കൾ ഓർക്കുന്നതുപോലെ -
യാകുമോ
പെൺമക്കൾ ഓർക്കുന്നത്?
വിവാഹിതരായവരും,അല്ലാത്തവരുമായ
പെൺമക്കൾക്ക്
രണ്ട്തരം ഓർമ്മയായിരിക്കുമോ?
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ
ഉണ്ടാകുമോസമയം?
ഓർമ്മിപ്പിക്കുമായിരിക്കും
ഫേയ്സ്ബുക്ക്.
ഓർമ്മയ്ക്കായി അമ്മയെടുത്തു വെച്ച
അച്ഛന്റെചെരിപ്പ്, കണ്ണട, ചൂടുകുപ്പായം
ഇന്നുംവീട്ടിൽ കയറിയാൽ ആദ്യ,മുരിയാ -
ടുന്നത്
അച്ഛന്റെ ഓർമ്മ
അങ്ങനെയൊന്നുണ്ടാകുമോ ഇനിയുള്ള
കാലം ഈവീട്ടിൽ.
കമ്മീഷൻകിട്ടുന്നതുകൊണ്ട് ചിലപ്പോൾ
അന്നുംപത്രഏജന്റുമാരായിരിക്കാം
ആദ്യമോർമ്മിപ്പിക്കുന്നത്.
ഓർക്കുവാൻ ഒട്ടുംസമയമില്ലെങ്കിലും
ഓർമ്മയുടെഅടിത്തട്ടിൽ ഒട്ടിപ്പോയെങ്കിലും
ഓർമ്മകൾകിളിർത്തു കിളിർത്തുവരുന്ന
ഒരു കാലമുണ്ട്
ഓർമ്മയുടെഇറഞ്ചാലിലേക്ക്കാലും നീട്ടിയിരിക്കുന്ന ഒരുകാലം


2019, ഏപ്രിൽ 8, തിങ്കളാഴ്‌ച

ഇഷ്ടം



ഇഷ്ടം
ഒരു ചുംബനത്തിന്റെ ഓർമ്മയാണ്
നീയെന്ന്
വേണമെങ്കിലെനിക്ക് അശ്ലീലപ്പെടുത്താം
എന്നാൽ, ചുടുചോരയുടെ ഭാഗമെന്ന്
ചേർത്തുവെയ്ക്കാനാണേറെയിഷ്ടം
പ്രണയരക്തത്താൽ ഞാനെഴുതിയ
കവിതയാണു നീ
സത്യത്തിന്റെ ഈറനുടുത്തയെന്റെ നേർക്ക്
പ്രണയത്തിന്റെ നെടുംവാതിൽ
കൊട്ടിയടച്ചവളാണു നീ
പ്രണയത്തിന്റെ പ്രതിഫലം
പഴയകിനാക്കൾ എന്നെന്നറിഞ്ഞു
വിഡ്ഢിവേഷംകെട്ടിയ രാജാവെന്ന്
നിനക്കാർത്തു ചിരിക്കാം
എന്റെരക്തത്തിൽമുക്കി നീ പുതിയ -
പ്രണയം ചമയ്ക്കുക
പക്ഷേ,
നക്ഷത്രമില്ലാത്ത മനസ്സിന്റെ ആകാശത്തിൽ
ഒറ്റമിന്നലിൽ നക്ഷത്രമായ് വിരിയുന്ന
കവിതയാണ്,യിന്നും നീയെനിക്ക്.

2019, ഏപ്രിൽ 7, ഞായറാഴ്‌ച

ഉടലുരുക്കം



ഉടലിന്റെ ഉപ്പുരുചിച്ചവൻ
അപ്പത്തിനുള്ള വകനൽകിയില്ല
വാക്കിന്റെ വലയിൽകുടുക്കി
പാപത്തിന്റെ പങ്കുഭുജിച്ച്
ഇരുട്ടിലേക്ക് ഇണപിരിഞ്ഞു
ഭോഗത്തിന്റെ ചവർപ്പുകുടിച്ചവൾ
മുറിഞ്ഞുവീണ മാംസത്തുണ്ടായി
നിലാവിലേക്ക് നിറഞ്ഞുതുളുമ്പും -
കണ്ണീരായി
ചിതയെടുത്താലും തീരില്ല
ചതിയുടെ അടയാളം
പകയുടെ ഉപ്പ്ചേർത്ത്
തീപ്പിടിച്ച ആസക്തിയെ
അറുത്തെടുക്കാനറിയാഞ്ഞിട്ടല്ല
നീ വിരിച്ചവലയിൽ
നിന്നെതന്നെ ഇരയാക്കുവാനറി-
യാഞ്ഞിട്ടല്ല
പൊരിവയുറുമായി പ്രാർത്ഥനയാൽ
കാത്തുനിൽക്കുന്നവരുടെ
നെടുനിശ്വാസം നെഞ്ചിൽ
തട്ടുന്നതുകൊണ്ടാണ്


2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

പ്രായം



പ്രായത്തിന്റെ പടവുകൾ
ഓരോന്നായിറങ്ങി
ഇപ്പോൾ
ഏകാന്തതയില്ല
ഒറ്റപ്പെടലില്ല
വ്യഥകളില്ല
ശൂന്യതയില്ല.
കിളികൾ
കളികൾ
പൂവ്
പുഞ്ചിരി
മഴ
പുഴ
ആകാശം
ആഹ്ലാദം
ഇത്രയും പ്രായമാകേണ്ടിവന്നു
അത്രയും കുഞ്ഞാവാൻ

2019, ഏപ്രിൽ 3, ബുധനാഴ്‌ച

കവിത



കുന്നിറക്കത്തിലാണ്
കുറ്റിക്കാട്ടിലാണ്
കൂട്ടുകാർ പിരിഞ്ഞപ്പോഴാണ്
കിളികളോട് കിന്നാരംപറഞ്ഞ്
തൊട്ടുനോക്കുന്ന
തൊട്ടാവാടികളേയും
ഇക്കിളിയാക്കുന്ന
ഇലകളേയുംനുള്ളി
കള്ളികളെന്ന് കളിപറഞ്ഞ്
കൂട്ടില്ലെന്ന് പരിഭവിച്ച്
കട്ടിയെന്ന് കൈയ്യാംഗ്യംകാട്ടി
കല്ലിനെ കാറ്റിൽപറത്തി
കണ്ണിമാങ്ങച്ചുന രുചിച്ച്
കൊട്ടക്കാ കണ്ണിറുക്കി
കാട്ടിയപ്പോൾ
കൂനനുറമ്പാണ് വഴികാട്ടിയത്
കീറിപ്പോയ
കേരളപാഠാവലിക്കുള്ളിൽ
കോറിയിട്ട കൂട്ടക്ഷരംപോലെ
ചുരുണ്ടുകിടക്കുന്നു കവിത
ചെക്കിച്ചെടിയിൽ പൂത്തിരി
ക്കുന്നു ചോര

2019, ഏപ്രിൽ 1, തിങ്കളാഴ്‌ച

ഏപ്രിൽ



വിഷു വന്നു വിളിക്കുന്നു
വസന്തം വർഷിക്കുന്നു
പാടുക, കൂടേ ചേർന്നു പാടുക നാം
വിഷു പക്ഷി തൻ സ്നേഹ ഗാനം
കർണ്ണികാരമലർക്കണി
പുലരിയിൽ കാണുക
മേടത്തിൻ പുലരിയിൽ കുളിരട്ടെ -
കൃഷകമനം
ഉത്തരായനക്കൂട്ടിൽ നിന്നും കേട്ടിടാം
വിഷു പക്ഷിതൻ ചിറകടി
രാപ്പകലുകൾ തുല്ല്യമായ് ഭാഗിച്ച്
നമുക്കേകുന്നു പ്രപഞ്ചവും
വിഷുഫലം നമുക്കേകുന്നു
വിണ്ണു മണ്ണിനെ പുണരും മഴപ്പൂക്കളായ്
വിത്തുകൾ ഉജ്ജ്വലകാന്തിയായ്
ചെടിയായ് കുരുക്കുന്നു
ചിത്തിരക്കിളി പാടിയകറ്റുന്നു, യിരുളിനെ
ശുഭ്ര നാളമായ് പുത്തനുടുപ്പിട്ട്
കരേറുന്നു മേടപ്പെണ്ണ്
പൂത്തു തളിർത്തവൾ കുളിരേകുന്നു
ഫലമൂലാദികൾ തൻ
സർവ്വാണി തുടരുന്നു