malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, മേയ് 31, വെള്ളിയാഴ്‌ച

മാറ്റം



നാട് മാറി
നാട്ടാരും മാറി
നെടിയ ഓർമ്മകൾ
ബാക്കിയായി
മാറ്റത്തിന് മാത്രം
മാറ്റമില്ല.

2019, മേയ് 30, വ്യാഴാഴ്‌ച

സത്യം



സത്യം
വിളിച്ചു പറയരുത്
ഒരിക്കലും
ഗാന്ധിയാണെ സത്യം.
മിത്രമേ,
ഒറ്റമാത്രമതി
ജീവിതം തന്നെ
ചിതലരിച്ച
ചിന്തകൾക്ക്
ചിതൽപ്പുറ്റാകാൻ.

2019, മേയ് 28, ചൊവ്വാഴ്ച

കവിത എഴുതിയാൽ



കലാപമിപ്പോൾ
കരളിലാണ് നടക്കുന്നത്.
എങ്ങിനെയെഴുതുംകവിത?
കൈ, കാല്, കണ്ണ്, ഉടല്
ഏതാകും ആദ്യം!
അക്ഷരങ്ങളെ ചേർത്തു വെച്ചൊരാ
വാക്കിൻവാൾ വന്നെടുക്കുക.
വന്നുണർത്തുമോർമ്മയൊക്കെയും
അമർത്തി വെയ്ക്കുവാൻ വയ്യ
ഞെരിച്ചു കൊല്ലുവാൻ പാർത്തു നിൽക്കുന്ന
കാഴ്ച്ച കടങ്ങൾ പോക്കുന്നു
സന്ധ്യ തൊട്ട സിന്ദൂരമെല്ലാം കറുത്ത് -
രക്തമാകുന്നു
വരണ്ട ദേഹങ്ങൾ
വിണ്ട ചുണ്ടുകൾ
അറ്റ ശലഭച്ചിറകുകൾ
മതി, മതി, ആർത്തുപെയ്യുവാൻ
ആഞ്ഞു നിൽക്കുന്ന സ്മൃതികളെ
കെട്ടവേളയിതെങ്കിലും, ഞാൻ കൊഴി-
ഞ്ഞു വീഴുമെങ്കിലും
എഴുതാതിരിക്കുവാൻവയ്യ
കവിതയെ
പുൽകാതിരിക്കുവാൻ വയ്യ.

2019, മേയ് 27, തിങ്കളാഴ്‌ച

സങ്കട മഴ



മഴവെള്ളംപോലെ
മിഴിനീർവീണ കാലമുണ്ടായിരുന്നു
കാലംതെറ്റിയ മഴയിൽ
ചോർന്നൊലിച്ചൊരു വീടുണ്ടായിരുന്നു.
അച്ഛനുമമ്മയും മൂന്നുമക്കളും
മൂലയിലിരുന്ന് നേരംവെളുപ്പിച്ചിരുന്നു
തീപ്പിടിച്ചമനസ്സിനെ തേകിയകറ്റി
ചോർന്നുവീണ വെള്ളംപോലെ.
ആയുസ്സിന്റെ പുസ്തകം
തറ,പറ, യെഴുതി പൊട്ടിയസ്ലേറ്റിൽ
കെട്ടിമേയാത്ത പുരയിൽ
കാലവർഷ രാത്രിയിൽ
പൊട്ടിയപ്ലേറ്റിൽവീഴും വെള്ളത്തിൻ
കൊട്ടവാദ്യം കേട്ട്
കോട്ടുവായിട്ട് കീറിയതുണിയെ-
പുതപ്പായ് ചുറ്റി
ഉറക്കത്താൽ കനംതൂങ്ങും തലയെ-
മുട്ടുകാലിൽ താങ്ങുമ്പോൾ
ഓർത്തതൊക്കെയും വെയിൽദിനത്തെ-
ക്കുറിച്ചായിരുന്നു.
അച്ഛനിന്നില്ല, അമ്മ കിടപ്പിലായി
മക്കൾ മൂന്നും മൂന്ന് വഴിയായി.
മഴപെയ്തനാളിൽ മാറോട്ചേർത്ത
അമ്മയെ യോർത്ത്
പാതിരാവിൽ പകർന്നുതന്ന അച്ഛന്റെ -
ചൂടിനെയോർത്ത്
ഓർക്കാപ്പുറത്ത് ഓടിയെത്തുന്ന
വിശപ്പിനെക്കുറിച്ച്
കഷ്ടപ്പാടിനെക്കുറിച്ച്
വിറച്ചുതുള്ളും പനിയെക്കുറിച്ച്
അമ്മയുടെ വിറയാർന്നകൈ -
കൈകളിലമരുമ്പോൾ
കഴിഞ്ഞകാലം ഓർമ്മച്ചെരാത് -
തെളിക്കുമ്പോൾ
മഴയില്ലാതെ ഈചുട്ടുപൊള്ളുന്ന -
കാലത്തും
പെയ്തുകൊണ്ടേയിരിക്കുന്നു മഴ
എന്നിൽ തോരാത്ത സങ്കട തീമഴ.

2019, മേയ് 25, ശനിയാഴ്‌ച

രാവണ ഭരണത്തിൽ



രാവണൻമാർ വാഴുമ്പോൾ
രാമനിൽ നിന്നും
എത്ര കാടിൻ ദൂരം ഭരണം
പണം കൊണ്ട് പട്ടാഭിഷേകം
കണ്ണില്ലാത്തവർ, കാതില്ലാത്തവർ,
നാക്കില്ലാത്തവർ, വാക്കില്ലാത്തവർ.
ജ്ഞാനത്തിന്റെ പതിനെട്ടാംപടിയും -
കയറി
അജ്ഞതയുടെ വക്കത്ത് കുത്തിയി
രിക്കുന്നു
കാഴ്ചക്കാരായി
ഗാന്ധിയുടെ ഇടനെഞ്ചിൽ ചുംബിച്ച -
തോക്കിനിന്നും യൗവ്വനം
ചുംബനപൂമാലയാലെ,യെത്ര,യെത്ര -
ഗാന്ധിമാരെ സൃഷ്ടിക്കുന്നു
രക്ത സാക്ഷി മണ്ഡപത്തിൽ നിന്നുയ-
രുന്നതിപ്പോൾ
ഭക്തിഗാനമാണ്
പക്ഷേ, അറിയുന്നില്ലവർ
അസ്തമയം അകലെയല്ലെന്ന്

2019, മേയ് 23, വ്യാഴാഴ്‌ച

ചില ജീവിതങ്ങൾ




ജീവനം മണ്ണോർമകളിലെ ആഴങ്ങളിലേക്ക്
വേരുകളാഴ്ത്തണം
വൻമരമായ് മണ്ണാഴങ്ങൾക്കും
ആകാശവിസ്താരങ്ങൾക്കുമപ്പുറം
കഠിനപഥത്തിൽ നിന്നു കൊണ്ട്
പെയ്തിറങ്ങണം
ജീവിതം തുടങ്ങിയ, യിടത്തു നിന്നു തന്നെ
നിരാശയും തുടങ്ങുന്നു
എങ്ങനെ വാക്കുകളിലൊതുക്കാൻ കഴിയും ജീവിതത്തെ
ജീവിതം ചിഹ്നങ്ങളുടെ സമാഹാരമാണ്.
പക്ഷികൾ, നാലുദിക്കുകൾ
ആഹ്ലാദകരവും, ഭീതിദവുമായ കാഴ്ചകൾ
ഒറ്റനിമിഷംകൊണ്ട് ഒരേ ബിന്ദുവിൽ
പക്ഷേ, ഒന്നും കൂടിക്കലർന്നല്ല
ഭാഷയുടെ പരിമിതി പോലെ ജീവിതം
സൂര്യോദയവും, രാത്രിയും
ലോഹങ്ങൾ, മരുഭൂമി
രക്തസഞ്ചാരം, പ്രണയം, മരണം
ഭൂമി ഒരു കണ്ണാടി എല്ലാം പ്രതിഫലിപ്പിക്കുമ്പോഴും
എന്നെ മാത്രം പ്രതിഫലിപ്പിക്കുന്നില്ല
ജീവിതം അചിന്തനീയം.
ചില ജീവിതങ്ങളുണ്ട്
കാലം തെറ്റി വിളഞ്ഞ ധാന്യം പോലെ

2019, മേയ് 21, ചൊവ്വാഴ്ച

വേനൽ



വെയിൽച്ചീളു കൊണ്ടെന്നെ
വാരിവാരിയെറിയുന്നു
വേരറ്റചെടിപോൽ ഞാൻ
ആടിയാടി നിൽക്കുന്നു
ഉയരമെന്നില്ല താഴ്ച്ചയെന്നും
സമതല മെന്നതോ,യില്ലേയില്ല
മൂർച്ഛിച്ചു പോകുന്നു മൂർച്ചകൊണ്ട്
പൊള്ളിപ്പിടയുന്നു ഉള്ളമാകെ
അലഞ്ഞുവലഞ്ഞിറ്റു നീരിനായി
കലങ്ങി പിടഞ്ഞിടനെഞ്ചിതാകെ
കാലമിതു നിശ്ശബ്ദം നോക്കിനിൽപ്പൂ
കാലനാവാനോ,യീ കാത്തിരിപ്പ്?
കാലം പലതും കടന്നുവല്ലോ
കോലങ്ങളെന്തൊക്കെ കണ്ടവൻ ഞാൻ
കണ്ടതില്ലിന്നോള,മീവിധത്തിൽ
കത്തിയാളുന്ന പൊട്ടക്കണ്ണനെ
ഒന്നുകിലാശാന്റെ നെഞ്ചത്തെന്നോ
അല്ലെങ്കിൽ കളരിക്കു വെളിയിലെന്നോ
ഉമിത്തീയിലെന്നപോൽ നീറി നീറി
ഓർമ്മകൾ മാത്രമായ് മാറുമെന്നോ
എത്ര പഠിച്ചാലും പഠിക്കാത്തവർ
ഞാനെന്നു മാത്രം നിനച്ചിരിപ്പോർ
പാടില്ലയെന്നു പഠിപ്പിച്ചതിൻ നേർ -
വിപരീതംചെയ് വാൻ വൃതമെടുത്തോർ
മാനവൻ നമ്മളീ മന്ദിരത്തെ
മുച്ചൂടും മുടിച്ചേ അടങ്ങുവെന്നോ
വെയിലായ്, മഴയായ്, യശനിപാതമായി
പതിക്കുന്നിതാകാലം നമ്മിലേക്ക്.


ഗുണപാഠം



വെയിലിന്റെ നദിയിലേക്ക്
മാനത്തിന്റെ മൗനംതൊട്ട്
ജീവന്റെ ഒരില മെല്ലെ മെല്ലെ -
പതിക്കുന്നു
ബഹുവചനത്തിൽനിന്ന്
ഏകവചനത്തിലേക്ക്
എടുത്തെറിയപ്പെടുന്നു
നിലാവുചാറുമ്പോഴും നിളയൊന്ന്
ശരീരത്തിൽ ചാലിടുന്നു
മരിച്ചവരെകരച്ചിലോർമ്മിപ്പിക്കുന്നു
കാലം ഇരുട്ടിന്റെ വേനലിൽ
തുള്ളിപ്പൊരിയുന്നു
ഭൂതം പറഞ്ഞു:
കുഞ്ഞിൽനീ കുളിരായ് തുള്ളിക്കളിച്ചു
വർത്തമാനം പറഞ്ഞു:
യുവത്വത്തിൽനീ നട്ടുച്ചയായ്
പൊട്ടിത്തെറിച്ചു
ഭാവി അന്നേ പറഞ്ഞിരിക്കാം:
വെയിലിന്റെ വേലിയേറ്റത്തിൽ
കെട്ടുവള്ളം പോലെനീ,യാടി, -
യുലയുമെന്ന്
വള്ളത്തിന്റെ പള്ളയ്ക്കുവെച്ച കൈ
ഞാൻ പിൻവലിക്കുമെന്ന്
ഓർമ്മയുടെ അടരുക, ളൊന്നൊന്നായ്
അടർന്നു വീഴുന്നു
മൊട്ടക്കുന്നുകൾപോലെ ജീവിതം.
പക്ഷമടർന്ന പക്ഷി ഞാനിന്ന്
തണുപ്പില്ലാത്ത വേനൽത്തടം.
ഇപ്പോൾ, പ്രഭാതം
തീയുടെ വാഴ് വ്,  പുകച്ചിൽ,
അഗ്നിയുടെ ചമൽക്കാരം
ദാഹനിലവിളിയുടെ നീറുന്ന സംത്രാസം
വിയർത്തു വിറച്ച് തിന്മയുടെ
തീതുപ്പുന്നഡ്രാഗൺ
അവിവേകത്തെ വിവേകമായി
തിരുത്തുമ്പോൾ
കാലം കൈവെള്ളയിൽ വെച്ചുതരുന്നു
ഒരു ഗുണപാഠ ലോകം.

2019, മേയ് 20, തിങ്കളാഴ്‌ച

ആയുസ്സ്



കെട്ടുപിണഞ്ഞ
കൈരേഖ നോക്കി
കാക്കാലത്തി പറഞ്ഞു:
ഇത്, മരിച്ചവന്റെ കൈപ്പത്തി.
ആയുർരേഖ വെട്ടപ്പെട്ടവന്റെ
ആയുരാരോഗ്യത്തിലേക്ക്
അസ്ത്രം പോലൊരു വാക്ക് .
മുറിഞ്ഞുപോയ രേഖകളിൽ
തളിർത്തു നിൽക്കുന്നു ജീവിതം.
രേഖകളില്ലാത്ത
രാഗത്തിന്നൊരടയാളം
ജീവിതത്തിന്റെ കലക്കു വെള്ളത്തിൽ
ജാതകമൊഴുക്കിയവൻ
വഴിത്താരയിൽ
വിലാസം വലിച്ചെറിഞ്ഞവൻ
അത്ഭുതങ്ങൾ
അരികിലെന്ന്
അതിശയം കൂറുന്നവർക്ക്
ഒരുമുറിപുഞ്ചിരി അറുത്തു കൊടുത്തവൻ
കിനാവില്ലാതെ
കണ്ണീരു മാത്രംതന്ന
കാലത്തിന്റെ കരണക്കുറ്റിക്ക്
കാറിത്തുപ്പി കണക്കു പറഞ്ഞവൻ.
അടുത്തക്ഷണം;
ആയുസ്സില്ലെന്ന്
അച്ചട്ടം പറഞ്ഞ
കാക്കാലത്തി
മരിച്ചുവീണു.

2019, മേയ് 19, ഞായറാഴ്‌ച

നഷ്ടം



സ്വപ്നത്തിലെ
സുരതം മുറിഞ്ഞു
വഴുവഴുപ്പുള്ള
ഇരുട്ടിന്റെകട്ടികളെ
കഷ്ണങ്ങളാക്കി
കൊത്തി പറക്കുന്നു കാക്ക
ഇന്ന്;
പ്രണയത്തിന്റെ
പർവത്തിലെ
കീറിപ്പോയതാളാണ്ഞാൻ

2019, മേയ് 18, ശനിയാഴ്‌ച

ശവപ്പെട്ടിയുടെ മൂടിയിടുന്നതിനു മുമ്പ്



ചൈതന്യമറ്റ്
അന്ധാളിച്ച്
മരവിച്ച്
നിശ്ശൂന്യതയുടെ ഒരു പ്രകമ്പനം
ജീവിതം ഒന്നുമല്ലാതായി തീർന്ന നിമിഷം
പൊള്ളി നീറുന്ന കണ്ണുകളോടെ
ശവപ്പെട്ടിയുടെ മൂടിയിടുന്നതിനുമുമ്പ് -
ഒന്നു കൂടി.....
ഒരു നിമിഷം;
കഴിഞ്ഞ കാല ജീവിതത്തെയാകെ
ശവപ്പെട്ടിയിലടക്കം ചെയ്ത് എടുത്തു
കൊണ്ടുപ്പോയെങ്കിലെന്ന്
വിഷാദ നിർഭരമായ ശൂന്യതയിലും
അയാളോർത്തു
ഭാര്യയെ യോർത്ത് ദാഹാർത്തനാകുന്നയാൾ
ഒറ്റയാകുമ്പോഴനുഭവിക്കുന്ന വേദന
തനിക്കു വേണ്ടി മാത്രം ജീവിച്ചവൾ
ഒരുമിച്ചു പങ്കിട്ട ജീവിതം
വിവസ്ത്രനാക്കപ്പെട്ട അവസ്ഥ
ദീനമായ കണ്ണുകൾ
ശവപ്പെട്ടി ക്കരികിലേക്കു തന്നെ നയിക്കുന്നു
ആ പേരു മാത്രം ഇടനെഞ്ചിൽ കിടന്നു -
പിടയുന്നു
കാലമേ,
എന്തിനാണുനീ
എന്നിൽനിന്നും
ഹൃദയത്തെമാത്രം
പറിച്ചുമാറ്റുന്നത്.

2019, മേയ് 17, വെള്ളിയാഴ്‌ച

മനസ്സ്



ചീവരമാകുന്നു
ചിന്തകൾ
ധമനികളിൽ
ദർപ്പത്തിന്റെ
സർപ്പമുണരുന്നു
തമം
തലയുയർത്തുമ്പോൾ
തഥാഗതാ
ദമം
പറഞ്ഞു തരൂ
നിർനിദ്രരാവിൽ
നീറുന്ന കണ്ണിൽ
കയങ്ങളും
ചുഴികളും
തഥാഗതാ.....
ഭ്രാന്ത ഗർഭത്തെ
ബോധി വൃക്ഷച്ചുവട്ടിലേ-
ക്കെടുക്കുക
പ്രശമനത്തിന്റെ
ഒരു പങ്ക്
പകുത്തുതരിക
കല്ലേറ്റ
കണ്ണാടി പോലെ
മനസ്സ്.

2019, മേയ് 16, വ്യാഴാഴ്‌ച

കാത്ത്



വേടനാര്?
വേട്ടവനാര്?
വേട്ടക്കാരനാരുമാകാം!
ഇര ഒന്നുതന്നെ.
വസ്ത്രം പോലും
അസ്ത്രമാണിന്ന്
സൂത്രത്തിലാണ് കാര്യം.
വാക്കുകൾക്കല്ല വില
വാളിന്
കുടിയൊഴിഞ്ഞുപോയി കാട്
കുന്നിറങ്ങിവന്നു മൃഗങ്ങൾ
മനസ്സിലൊരു കാടുവളർത്തി
അതിലേറി മനുഷ്യമൃഗം
നിഷാദം പാടിക്കൊണ്ടിരിക്കുന്നു
ഒരു നിഷാദൻ
പല്ലുകൊഴിഞ്ഞ സിംഹത്തിന്
സന്യാസമെന്ന് നീതിസാരം
അമ്ലനീരു കുടിച്ചതുപോലെ
വിഷാദത്തിന്റെ വീര്യവും പേറി
കാത്തിരിപ്പുണ്ട് ഇര
വേടനെ കാത്ത്
വേട്ടവനെ കാത്ത്.

2019, മേയ് 15, ബുധനാഴ്‌ച

കവിതക്കുറിഞ്ഞി



കുറുകുന്നുണ്ട് മനസ്സിൽനിന്ന്
കവിതയുടെ ഒരുകുറിഞ്ഞി
എന്നോ, എവിടെയോ,-
ഏതു ബാല്യത്തിലോകണ്ട്
മറക്കാതെ മനസ്സിൽ ചേക്കേറിയ
കുറിഞ്ഞി .
ഏത് ഇടവഴിയിൽ വെച്ച്
പാഠപുസ്തകത്തിൽ
ഉത്സവ പറമ്പിൽ
സിനിമാകൊട്ടകയിൽ.
നിരീക്കാത്ത നേരത്ത്
അവിചാരിതമായി ഉണർന്നെത്തി
ഞാനിവിടെ തന്നെയുണ്ടെന്ന്
ജന്മദീർഘ കൂട്ടെന്ന് കുറുകുന്നു
ഇരയുടെ മേലേക്കെന്നോണം
അനുഭവ ലോകത്തിലേക്ക് -
എടുത്തുചാടുന്നു
മറക്കാതെ കൈവെള്ളനക്കി
മുഖംതുവർത്തി ചടഞ്ഞിരിക്കുന്നു
കവിതക്കുറിഞ്ഞി.

2019, മേയ് 14, ചൊവ്വാഴ്ച

അധികാരം



വിഷാദിച്ചിരിക്കുന്നു
ഒരു നിഷാദൻ
അമ്പ് തൊടുക്കുമ്പോൾ
പാമ്പായ് കൊത്തുന്നു ഓർമ്മ
കഴിഞ്ഞു പോയൊരാകുലത്തിൽ
കണ്ണിയായതിൻ ശിക്ഷ
കൽപനവരും മുമ്പേ
കഴുത്തെടുക്കണമെനിക്ക്
ഖഡ്ഗത്തിന് കാഴ്ചവെക്കില്ല
കുനിഞ്ഞ ശിരസ്സ്.
കറുപ്പാണ് കൊടിയടയാളം
കാരാഗൃഹമാണ് വീട്
ചാമരവും, ഛത്രവുമുള്ളവന്
ചിത്രവധം ചെയ്യാൻ എന്തെളുപ്പം
ബുദ്ധവൃക്ഷത്തെയാണ്
വൃദ്ധ വൃക്ഷമെന്ന് പറഞ്ഞ് -
മുറിച്ചു മാറ്റിയത്
കാൽവരിയിലൂടെയാണ് യാത്ര
കാലിൽ തടയുന്നു കുരിശ്
ഗാത്രം നോക്കിയിരിപ്പുണ്ട് ഗൃധ്രം
പ്രാണൻ പിടയുന്നുണ്ട് കുരിശിൽ
പാമ്പേ, നീ തന്നെയാണ് ശരി
അപരാധത്തിലേ ആഴ്ന്നിരുന്നുള്ളു
നിന്റെ ഗരം

2019, മേയ് 13, തിങ്കളാഴ്‌ച

ഇന്നും കുരിശിൽ .......!



ഇന്നുമുണ്ട് നെറ്റിത്തടത്തിൽ
ആണിപ്പാട്
കൈവെള്ളയിൽ ചോരപ്പാട്
മുൾക്കിരീടത്തിന്റെ
മായാമുദ്ര
സഹനത്തിന്റെ സാഹസ-
ജീവിതങ്ങൾ.
ഇടനെഞ്ചിലേക്ക് പിടഞ്ഞുവീണ
വെടിയുണ്ട
ഗോഡ്സേയുടെ തോക്ക്.
കണ്ണീരാൽ കുറുകിയഉപ്പ്
അർദ്ധനഗ്നനായ ഫക്കീർ
ചിറകറ്റ വെള്ളരിപ്രാവ്
ധ്യാനബുദ്ധൻ
സ്മൃതിയുടെ മൃതി
ചിരിച്ചുകൊണ്ടുള്ള ചാരിത്ര്യ -
കവർച്ച
ചരിത്രത്തിലെ ചിതലുകളുടെ -
വാഴ്ച
ഇന്നുമുണ്ട് കാൽവരി
കാത്തുവെച്ച കുരിശ്.

2019, മേയ് 12, ഞായറാഴ്‌ച

മരിച്ചവർക്കായി



കർമ്മം ചെയ്യുന്നതിൽ കാര്യമെന്ത്
കുടമുടച്ചതേ നഷ്ടം!
അവശതയിൽ അടുത്തിരുന്ന്
അൽപം അന്നംനൽകി
ആശ്വസിപ്പിച്ചിരുന്നെങ്കിൽ
അണയില്ലായിരുന്നു
ആളിക്കത്തിയിരുന്ന
നമ്മേ ആളാക്കിയിരുന്ന
അരജീവൻ.
കരിയിലമാറ്റി കുളിരകറ്റി
കരിയുന്ന വേരിലേക്ക്
ചുടുവെള്ളമൊഴിച്ചു.
തിരകളെണ്ണുന്നവൻ നീ
കൈ നനയാതെ മീൻ പിടിക്കുന്നവൻ
അഭയം നൽകേണ്ടവനെ
ഉപായത്തിലൂടെ അപകടത്തിലാക്കുന്നവൻ.
മൃതിയുടെ കൊടി
സ്മൃതിയുടെ രുധിര വാഴ്ച
പാഞ്ഞു വരുന്നൊരമ്പ്.
കർമ്മങ്ങൾ ചെയ്ത്
കുടത്തിലടച്ച്
ഒഴുക്കിക്കളയുന്നു നീ നിന്റെ
പാപങ്ങളെ
ആശ്വസിക്കാം നിനക്ക്
മരിച്ചവരാരും
കണക്കു പറഞ്ഞ് വന്നിട്ടില്ല
ഇന്നേവരെ.

2019, മേയ് 10, വെള്ളിയാഴ്‌ച

ഒരുനാളിൽ



രസരാഗകഥപാടി
ആകാശവാണി
അതേറ്റു പാടിയവൾ
ചരണം ചേർന്നു പാടി
പ്രണയവേദന സ്വരത്തിന്നീരടി -
മൂളീടവേ
മധുരക്കൂമ്പുകളാകും മാറിടം -
പിടഞ്ഞുപോയ്
കരണംമറച്ചവൾ കുനിഞ്ഞശിരസ്സുമായ്
ബാഷ്പാർദ്ര നേത്രങ്ങളെ
മറയ്ക്കാൻ ശ്രമിക്കുന്നു
പ്രിയേനീ മനതാരിൽ
പൂത്താലം നിരത്തേണ്ടോൾ
പുലരിപ്പൂവുപോലെ
കവിത വിരിക്കേണ്ടോൾ
മഞ്ജുരൂപവും, മേനിക്കൊഴുപ്പും
നോക്കിച്ചിലർ
പണവും, പ്രതാപവും വാഗ്ദ്ധാനം -
ചെയ്തീടുന്നു
സ്വപ്നങ്ങളായിരംനിൻ
ഹൃത്തിലെന്നറിഞ്ഞീടാം
കദനം പെയ്യുന്നതിൻ
ചലനമറിഞ്ഞീടാം
ആശ്വസിപ്പിക്കാനെന്നിൽ
വാക്കുകളില്ലെന്നാലും
ആശാകിരണംനീ
തൂത്തുമായിച്ചീടാതെ
പ്രണയം പ്രഫുല്ലമാം
പ്രകാശമെന്നോർക്കനീ
ഒറ്റയാക്കില്ലനിന്നെ
ഒരുനാളിലൊന്നാകും നാം

2019, മേയ് 9, വ്യാഴാഴ്‌ച

സ്നേഹത്തിന്റെ വില



ഒറ്റയ്ക്കിരുന്നുനിന്നെക്കുറിച്ചോർക്കുവാ
നാണെനിക്കേറേയുമിഷ്ടം
മുറ്റിനിൽക്കും മുല്ലമൊട്ടുപോലുള്ളൊരാ
പല്ലുകാട്ടുന്ന ചിരിയും
കട്ടുതിന്നുള്ളൊരു കുട്ടിത്തംമാറാത്ത
കൊച്ചു പെണ്ണിന്റെ കളിയും
കെട്ടഴിഞ്ഞറ്റം നിതംബം മറയ്ക്കുമാ
കുസൃതികാട്ടും കുനുകൂന്തലും
കൺമഷികൊണ്ടു കളംവരച്ചുള്ളൊരു
വീതിയേറീടിനഫാലവും
കളിപറഞ്ഞെന്നെ കുളിരണിയിക്കുവാൻ
കെൽപ്പുള്ള കരിമിഴിക്കണ്ണും
ഒറ്റയ്ക്കിരിക്കുമ്പോൾ ഒരുമ്പെട്ടിറങ്ങുന്ന
ഓർമ്മയിൽ, നീയാണ് യെന്നും.
മോടിയിൽതീർത്തൊരു മേടയിലിന്നുനീ
മാടപ്പിറാവായി പാർക്കേ
മൂകമായുള്ളൊരീ,യോർമ്മയ്ക്ക്,യെന്തൊരു
കാരിയമെന്നു ഞാനോർക്കേ!
വേഗം നിനവിൽ തിരിച്ചെത്തി മനസ്സിന്റെ
മുറ്റത്തുലാത്തവേ വീണ്ടും
വറ്റാതെയുള്ളാരാ ഓർമ്മകളിറ്റിറ്റി
മനമാകെ വീണ്ടും കുളിർക്കേ
സ്നേഹത്തിനുണ്ടാമോമാളിക, ചെറ്റപ്പുര
സത്യസ്നേഹത്തിനു വിലയിടാമോ?!

2019, മേയ് 8, ബുധനാഴ്‌ച

ജലം



ലഗ്നംലംഘിച്ച് ജലമൊഴുകുന്നു
ലിഖിതമില്ലാത്ത ഭാഷയാണ്ജലം
ജലത്തെ എന്തുപേരിട്ട് വിളിക്കും ?!
പലപ്പോഴും പലപേരിൽ
ചിലനേരം പേരില്ലാതെ
ആകൃതിയിൽ വികൃതി
തളംകെട്ടിയും, തകൃതിയിലും
ഒരുബിന്ദുവിൽനിന്ന്
ഒരുകടൽ
മനുഷ്യൻ ജലമാണ്
ഒഴുകുന്ന ഉറവ
ഒരുബിന്ദുവായി ഒഴുകി ...ഒഴുകി -
ഉരുവം കൊള്ളുന്നു
അനസ്യൂതമായ ഒഴുക്കിൽ
മുഴുകി നിൽക്കേ
വറ്റിവറ്റിത്തീരുന്നു ജലമായ്

വേനൽക്കളികൾ



എത്രകിനാവുകൾ കണ്ടുനമ്മൾ
എത്രമോഹങ്ങൾ നാംപങ്കുവെച്ചു
ഇന്നാസമയം സമാഗതമായ്
വേനലവധിയും പകൽക്കിനാവും
മേഷമാസത്തിൻ മധുനിലാവും
നെടിയപിലാവിന്നരികിലിന്ന്
നെടിയൊരോർമ്മകള,യവിറക്കിനിൽപ്പൂ
അണിയോരണിപ്പന്തലായ് ഭുവനം
അരിയമോഹങ്ങൾ തന്നുള്ളകാലം
കണ്ണഞ്ചിരട്ടയും മണ്ണപ്പവും
കണ്ണാരംപൊത്തിയും കൊത്തങ്കല്ലും
ഡപ്പയും കൂത്തും കവടികളി
കള്ളനും പോലീസു ,മട്ടാച്ചൊട്ട
ചിത്രപതംഗങ്ങളായി നമ്മൾ
പാറിപ്പറന്നു മാന്തോപ്പിലെന്നും
വയലേലയിൽ വെള്ളകൊക്കുകളായ്
കുളത്തിൽ കുതിക്കും പരൽമീനുകളായ്
കുയിലായ് ,മയിലായ്, മുരളികയായ്
ബാലഗോപാലനായ് രാധികയായ്
കാളപൂട്ടിൻ മണിയൊച്ചകളിൽ
ശീമക്കൊന്നപ്പൂവിൻ തെയ്യമാടി
പകൽക്കിനാതോപ്പിലൂഞ്ഞാലിലാടി
വേനലവധി കെങ്കേമമായി

2019, മേയ് 6, തിങ്കളാഴ്‌ച

എല്ലാവരും



ക്യാൻവാസിൽ
കുടിയിരുത്തപ്പെട്ട
ഒരുകറുത്ത പെണ്ണ്
ഇറങ്ങിനടന്നു.
കാലാകാലമായി
ഗാത്രത്തെ മുൻനിർത്തി
ഗോത്രത്തെ വഞ്ചിക്കുന്നെന്ന്.
കാടിനുവേണ്ടി
കാട്ടു മക്കൾക്കു വേണ്ടി
ജീവൻ ത്യജിക്കാൻ
തയ്യാറായി നിൽക്കുന്ന,യാൾ
ഒരു കവിതയുടെ
കഴുത്തിനു പിടിച്ച്
പിന്നാമ്പുറത്തുകൂടെ
പുറത്തേക്കു തള്ളി
കുട്ടികളിലൊന്നും
കുട്ടിത്തമില്ല
പൂത്തു നിൽക്കുന്ന
കവിതയെ
കൈനീട്ടി പറിക്കുന്നില്ല
ഒരു കുഞ്ഞും
കാലത്തിനേക്കാൾ മുന്നേ
എങ്ങനെ നടന്നെത്താം
എന്ന ഗവേഷണത്തിലാ-
ണെല്ലാവരും.


മനസ്സ്



മരണവേദനയാൽ കഠിനം
ഇണപിരിഞ്ഞ ദു:ഖം.
ചിന്തകൾ
വേനൽക്കാലവെള്ളിടി പോലെ -
യാണ്.
അനക്കം കണ്ടിടത്ത്
അമ്പെയ്തിട്ടില്ലയിന്നേ വരെ
ഇണ ചേരുന്ന ഇണയിലൊന്നിനെ
അമ്പെയ്ത് കൊന്നിട്ടില്ല
പ്രാണൻ പിടയുന്നു
പ്രിയങ്ങളെ ഓർക്കുമ്പോൾ
വിനയുടെ വിത്തുകളാണ്
മുളയിടുന്നത്
ഇണയറ്റ കാട്ടുമൃഗത്തിന്റെ
ദുഃഖമായലയുന്നു മനസ്സ്

2019, മേയ് 4, ശനിയാഴ്‌ച

കളി



മരിച്ചു പോയവർ
തിരിച്ചു വരും കാലം.
പറിച്ചു മാറ്റും
മറച്ചുവെച്ചൊരീ
വിഷപ്പല്ലു ഞാൻ.
വചനങ്ങളുടെ
വാചാലതയാൽ
ഭ്രാന്തുപിടിച്ച ചെകുത്താൻ -
ഗുരുവിനെ പൂട്ടിയിടും
അന്തവിശ്വാസത്തിന്റെ
ലഹരിമോന്തിയ
അജ്ഞതയുടെ അടിമകൾക്ക്
അറിവിന്റെ കനിക്കൊടുക്കും
പുരാണത്തിന്റെ പഴമ്പറച്ചലുകളെ
പുനരുത്ഥാനത്തിലേക്കുള്ള
ആവാഹിക്കലുകളെ
ചരിത്രത്തിന്റെ തിരുത്തുകളെ
പഴകിപറിഞ്ഞ സ്മൃതി,യിസങ്ങളെ
കാമസൂത്രങ്ങളെ
കാണാക്കയങ്ങളിലേക്കെറിയും
അതുവരെ
മാളോരെ
കളിതുടരട്ടേ
ഈ വിനീതദാസൻ.



2019, മേയ് 3, വെള്ളിയാഴ്‌ച

സ്വന്തം



ഒടുവിലീ കടവിൽ ഞാനൊറ്റയ്ക്കിരിക്കുമ്പോൾ
ഒരു നാട്ടുപാട്ടിന്റെയീണം.
ഇന്നീകടവിൽഞാൻ നിന്നോർമ്മയേപുൽകി
താരകൾ കണ്ണു ചിമ്മിക്കാട്ടി നിൽക്കുന്ന
കുന്നിൻ ഗരിമയിൽ നിൽക്കും
ഞാനും കിനാക്കളും നിർനിദ്രയേപൂകി
ചുംബനപ്പൂക്കളെ നാംവിരിയിച്ചുള്ള
നാളിലൂടൊന്നു നടക്കും
ശോകങ്ങളല്ലാമെ ആനിമിഷത്തിൽ ഞാൻ
ഓളങ്ങളിലൊഴുക്കീടും
വയലുമാ, തോപ്പും, തണുവും, കുളിർമയും
ഉള്ളിൽ പതയുംവീഞ്ഞായ് നിറയ്ക്കും
നിറയൗവ്വനത്തിന്റെ നട്ടുച്ചയായി ഞാൻ
നെരിപ്പോടു പോലെ നീറീടും
നിറമിഴിയോടൊന്നു സുല്ലു ചൊല്ലി സിരയിൽ
പ്രണയത്തിൽ പൂന്തേൻ നിറയ്ക്കും
നിൻ നീല മിഴിയിലെ മൊഴികൾ ഞാൻ വായിച്ച്
മറുമൊഴിചന്തം വിരിയിക്കും
വിറയാർന്ന കൈയ്യിലെ ഞെരിയും തരിവള
ഇക്കിളിയാലെ ചിരിക്കും
പെരുമീൻ മിഴിപൂട്ടി, യീപുലരിയേ,യകറ്റണം
പിരിയുവാൻ കഴിയില്ലെനിക്കു നിന്നെ
ഗതകാല സ്മൃതിയിൽനിന്നുണർത്തരുതേയെന്നെ
ഞെട്ടറ്റൊരിലയായ്പതിച്ചുപോകും
നീയുമീനാട്ടുപാട്ടിൻചിലമ്പിച്ചൊരീ,യീണവും
മാത്രേ,യെനിക്കുസ്വന്തം

2019, മേയ് 2, വ്യാഴാഴ്‌ച

ഒളിച്ചുവെയ്ക്കുന്ന ജീവിതങ്ങൾ



ജീവതത്തെ നേർക്കുനേരെ -
നോക്കൂ
വണ്ടിക്കുമുന്നിൽ
പാളത്തിലകപ്പെട്ടപോലെ
അന്ധാളിച്ചു പോകും.
നീർപ്പോളകൾപോലെ
നീന്തിപ്പോകുമ്പോൾ
കൗതുകമാണ്,
കവിതയും.
കൻമതിലുകളാൽ
കെട്ടിപ്പൊക്കിയമോഹങ്ങൾ
പിന്നാമ്പുറത്തെ
പിമ്പുകളെ ആരറിഞ്ഞു
പഴയ കാലത്തെ
പാട്ടൊന്നുമതി
ഓർമ്മക,ളോളം വെട്ടും
ഇന്ന് ,
രാവും, പകലുമില്ല
ആരും ആരെയുമറിയുന്നില്ല
ഒളിക്കാൻ ശ്രമിക്കയാണ്
എല്ലാ ജീവിതങ്ങളും