malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ജൂലൈ 31, ബുധനാഴ്‌ച

കർക്കിടകവാവ്



കെട്ടണഞ്ഞ അടുപ്പിനരികിൽ
കണ്ണീരണിഞ്ഞവൻ നിൽക്കുന്നു
നെഞ്ചിൻ കുടുക്കയുടെ വക്കിൽ
മഞ്ഞൾച്ചോറ് ഉണങ്ങിക്കിടക്കുന്നു
ദുഃഖത്തിൻ കാക്കക്കാലുകൾ
തട്ടിമറിച്ചു എള്ളും, പൂവും
ഇന്ന്, കർക്കിടക വാവ് .
അമ്മേ.... മാപ്പ്!
ബലിക്കാക്ക മുരിക്കിലിരുന്ന്
പറയുന്നതെന്താണാവോ?
വേണ്ട, ബലി വേണ്ട
അമ്മതൻ നിത്യബലി നീയാകുമ്പോൾ
എന്നാകുമോ?
വിറക്കുന്ന കൈകളിൽ
തുടിക്കുന്ന നെഞ്ചിൽ
കണ്ണുനീരുപ്പിൽ അമ്മയുള്ളപ്പോൾ
എന്തിനു ബലിയെന്ന് അവനും നിനപ്പൂ.

2019, ജൂലൈ 29, തിങ്കളാഴ്‌ച

ഒരു പിച്ചക്കാരന്റെ ആഗ്രഹം



വാക്കുകൾ കൊണ്ട്
പിച്ചച്ചട്ടി നിറയുമോ?!
ആക്രോശം, പ്രാക്ക്, വെറുപ്പ്,
ദയ, സ്നേഹം
തന്റെ ചട്ടി നിറയെ വാക്കുകൾ മാത്രം.
പച്ചതൊടാൻ കഴിയാതെപോയ
പിച്ച കിട്ടിയൊരു ജീവിതം
മൂർച്ചയുള്ള അലർച്ച മാത്രം കൂട്ട്
നീരവം മരവിച്ചു
നന്മകൾ നിറമില്ലാത്തായി
ബുദ്ധ മൗനം പോലെ മുഖങ്ങൾ
പക്ഷികളുടെ അക്ഷരമാലക്കിലുക്കത്തിൽ
ജീവൻ തിരിച്ചറിയുന്നു
നോക്കു കൊണ്ടുള്ള വാക്കുകൾ തന്നെ മതി
ഒരു ജന്മം ഭസ്മമാകാൻ
പ്രാചീനതയുടെ ഒരു മണം എന്നെ -
ഉണർത്തുന്നു
പൂവിന്റെ ,പുലരിയുടെ ജന്മഗൃഹമായ -
മണ്ണിലേക്കെന്നെയും കൂട്ടിക്കൊണ്ടു പോയാലും.

2019, ജൂലൈ 28, ഞായറാഴ്‌ച

എന്നായിരിക്കും.....!



പ്രണയത്തിന്റെ നാരുകൊണ്ട്
നാം ഉടലുകളെ നെയ്യുന്നു
ഉടയാത്ത സ്നേഹത്തിന്റെ
തേൻ രുചിയറിയുന്നു
ഏതോ രണ്ട് ഉറവകളിലെ
ഒന്നായ്ച്ചേർന്ന ജലമായ്
ഒരിക്കലും പിരിയാതെ
ഒന്നായലിഞ്ഞു ചേരുന്നു
നമുക്കായൊരു ഭാഷ ഉരുവം -
കൊള്ളുന്നു
ഉടലുകൾ കൊണ്ട് ലിപിയില്ലാത്ത
ഭാഷ നാം എഴുതുന്നു
ഒച്ചയില്ലാതെ നാം ഉറക്കെ സംസാ-
രിക്കുന്നു
ചുണ്ടിൽ ചെണ്ടുമല്ലിക വിരിയിക്കുന്നു
നമുക്കായ് മുളയ്ക്കുന്നു ചിറകുകൾ
മുളങ്കൂട്ടങ്ങൾതൻ മൃദുല ഗാനങ്ങളിൽ
നൃത്തംചവിട്ടിന്നു
അനന്ത ഗഗനത്തിൽ ഖഗങ്ങളായ് -
പറക്കുന്നു
പുഴകളും മലകളും നമുക്ക് കൂട്ടു -
വരുന്നു
വെയിലും, മഞ്ഞും, മഴയും
നമ്മിലേക്ക് വേരാഴ്ത്തുന്നു
പ്രണയത്തിന്റെ പടർവള്ളിയിൽ
നാം പന്തലൊരുക്കുന്നു
ഓരോ മാത്രയും ഒരായിരം പൂക്കൾ
വിരിയുന്നു
പ്രിയങ്ങളെ നാം ഒപ്പിയെടുത്തു -
കൊണ്ടേയിരിക്കുന്നു
കവിതകളായ് പൂത്തുലയുന്നു.
പിന്നെയെന്നാണു നമ്മിൽ ഒരഗ്നി-
പർവ്വതം തിളയ്ക്കാൻ തുടങ്ങിയത്
വെറുപ്പിന്റെആണവനിലയം
പണിതുയർത്തിയത്

2019, ജൂലൈ 27, ശനിയാഴ്‌ച

ഒരു മഴ ദിനം



വെളിയിലെ മഴശബ്ദം വാക്കുകളെ വിഴുങ്ങി
അയാൾ ചുടുചായ ഊതിക്കുടിച്ചുകൊണ്ട്
പത്രത്തിലെ അക്ഷരങ്ങളെ പെറുക്കി പെറുക്കി
കൊറിച്ചു
ചുമർഘടികാരം അലസമായി, അശ്രദ്ധമായി
തന്റെ ചിറകുകളിൽ നിന്ന്
സമയദൂരത്തെ അനായാസം കുടഞ്ഞെറിഞ്ഞു
കൊണ്ടിരുന്നു
മണിയടി കൊണ്ട് മദ്ധ്യാഹ്നമെന്ന് പ്രഖ്യാപിച്ചു
നദിയിലുയർന്നജലം തീരങ്ങളെ മായ്ക്കുന്നതു
പോലെ
കുത്തിയൊലിക്കുന്ന ചെങ്കലക്കാർന്ന ജലം
റോഡിനെ മായ്ച്ചു കളഞ്ഞു.
മഴയുദ്ധം കഴിഞ്ഞു
സമാധാന ഉടമ്പടി ഒപ്പുവെച്ചു
കുന്നിൻ ചരുവിൽ സൂര്യൻ സ്വർണ്ണം പൂശിത്തുടങ്ങി
ഒരു കൊക്ക് പതിയെ പറന്നു പോയി
മനസ്സ് നക്ഷത്രമില്ലാത്ത രാത്രിപോലെ ഇരുണ്ടി
രിക്കുന്നു
ഇന്നത്തെ പണിയും പോയി
പലഹാരവുമായി എത്തുന്ന അച്ഛനെ കാത്തിരി - ക്കുന്ന ഒരു കുഞ്ഞു മുഖം മനസ്സിൽ തെളിഞ്ഞു
ബാക്കിയായ തണുത്ത ചായയിൽ വീണു പിടയുന്ന
ഈച്ചയെ നോക്കി അയാൾ ഇരുന്നു.

2019, ജൂലൈ 25, വ്യാഴാഴ്‌ച

മൃതയാനം



നുരമണികളുമായി വരുന്ന-
ഓളങ്ങളിൽ
കുരിശുപോലെ കൈകൾവിരിച്ച്
കമിഴുകിടന്ന്
ആടിയാടി വരുന്നു ഒരുശവം
നിർവ്വികാരത വിളമ്പിവെച്ച്
എത്തിനോക്കുന്നു ആളുകൾ
ഒരില എത്തിക്കടിക്കാൻനോക്കുന്ന -
ആടിനെപ്പോലെ
പുഴയിലേക്ക്നീണ്ട പുല്ലാനിക്കാടി-
നരികിലൂടെ
അത് ഒഴുകിനീങ്ങി.
ഘനീഭവിച്ച കഴിഞ്ഞുപോയ
യാഥാർത്ഥ്യങ്ങൾ
ഓർമ്മകളുടെ ഓളപ്പെരുക്കത്തിൽ ജലത്തുള്ളികളായ് ഇറ്റിറ്റു വീഴുന്നു
പെരുവഴിയിൽഒറ്റപ്പെട്ട പെൺകുട്ടിയെ -
പ്പോലെ
മൂകമായ വൃക്ഷങ്ങളിലേക്ക് നോക്കി -
അവൾ നിന്നു
നീളൻ വടിയാൽ സാഹസപ്പെട്ട്
അവർ മലർത്തിയിട്ടു ശവത്തെ
പൊട്ടിയ ചില്ലുപാത്രം പോലെ
അടർന്നു തൂങ്ങി നിൽക്കുന്നു ഒരു കണ്ണ്
വീർത്തശരീരത്തിനു ചുറ്റും
മരണത്തിന്റെ മണിപ്രവാളം പാടുന്നു
മണിയനീച്ചകൾ
വാക്കും, വരിയും വേർതിരിച്ചറിയാനാ-
കാതെ
വിയർപ്പും ,നെറ്റിയിൽ ചിന്തയുടെ -
ചാലുമായി
ആരെന്ന് ഓർത്തുനോക്കുന്നു
ഓരോരുത്തരും
ഒന്നോ രണ്ടോ വാക്കു മാത്രം ഉരിയാടി
പറന്നുപോകുന്നു ഒരു നീർപക്ഷി.
കാത്തിരിക്കുന്നുണ്ടാവും എവിടെയെങ്കിലും
പ്രതീക്ഷയോടെ ഒരമ്മ, പെങ്ങൾ,
ഭാര്യ, മക്കൾ.

2019, ജൂലൈ 24, ബുധനാഴ്‌ച

എത്ര ദൂരത്തെങ്കിലും



മഴയെത്ര വെയിലെത്ര തോർന്നീടിലും
മാമര,മിലകൾ പൊഴിച്ചീടിലും
ദുരമൂത്തൊരീക്കാല യാനത്തിലും
നീയെത്ര ദൂരത്തിലാണെങ്കിലും
ഓട്ടുവിളക്കിലെ പൊൻപ്രഭപോൽ
നീയെന്റെ,യുള്ളിൽ വിളങ്ങിനിൽക്കും.
നീവരുമെന്നു മനംപറയും
വരില്ലെന്നൊരുകാറ്റ് കാതിൽമൂളും
ചില്ലയിൽ ചിറകുകുടഞ്ഞ്കാറ്റ്
ഈറൻതെറിപ്പിച്ച് പാഞ്ഞുപോകും
മഴപെയ്തുതോർന്നാലും മരമെന്നപോൽ
എന്നുംനിന്നോർമ്മകൾ പെയ്തുനിൽക്കും
ചികയുന്നു ഞാൻനിന്നെ മാത്രതോറും
ചകിതമാ,മാമുഖം ഇന്നുമുള്ളിൽ
ചിരപരിചിതരായി പിന്നെനമ്മൾ
ചിരിയും, കളിയുമായ,ല്ലേ സഖീ
ആശകൾ നീർക്കുമിളകളാണെങ്കിലും
എങ്കിലും നീയുള്ളിലോളമാകും
വാനിലെ വെള്ളിപ്പറവപോലെ
മഴക്കാല മേഘത്തുവാല പോലെ
കോരിച്ചൊരിയും കർക്കടംപോൽ
തപിച്ചു തിളയ്ക്കുന്ന ഗ്രീഷ്മംപോലെ
നിന്നോർമ്മയെന്നിലേഹൃത്തടത്തിൽ
സഖി നീ,യെത്രദൂരത്തെങ്കിലും.



2019, ജൂലൈ 20, ശനിയാഴ്‌ച

വീട്



എല്ലാ വാതിലുകളും
തുറന്നിടണം.
അല്ലെങ്കിൽ
വാതിലുകളേ വേണ്ട!
എന്തിനാണ് വീടുകൾക്ക്
വാതിലുകൾ ?
'മാനുഷ്യരെല്ലാരും'
ഒന്നായാൽ
വാക്കില്ല, വക്കാണമില്ല,
വാതിലുമില്ല.
മുൻവശത്തു തന്നെ
ഉണ്ടാകണം
ആ ചാരുകസേല
മുറുക്കാൻ ചെല്ലം,
ഊന്നുവടി
നീട്ടിത്തുപ്പിയ ചുവന്നകറ.
മുൻവശത്തെ മൂലയിൽ
തൂക്കിയിടണം ഭസ്മക്കൊട്ട
പടിഞ്ഞാറ്റയിൽ പലക.
പതിഞ്ഞ ശബ്ദത്തിൽ -
ആ സന്ധ്യാനാമജപം.
അമ്പൂഞ്ഞിക്ക് ഒരു കഷ്ണം
പൊകേല ഞെട്ട്
ആമിനതാത്തക്ക് ഒരു കൂട്-
കാസറട്ട്
പണിയും കഴിഞ്ഞു വരുന്ന
ഏലിക്കുട്ടിക്ക് ഒരു
ചിരട്ടയിൽ തീ
അയൽവീട്ടിലെ വിരുന്നു
വന്നവർക്ക്
കഞ്ഞിക്കു കൂട്ടാൻ
വെള്ളരിക്ക ഓലൻ
ചുട്ട ഉണക്കുമത്തി
ചായപ്പൊടി, പഞ്ചസാര,
ഉപ്പ്, മുളക്
ഞാനും, നീയുമില്ല നമ്മൾ -
മാത്രം.
എല്ലാ വാതിലുകളും അടച്ച്
പൂട്ടണം
മുൻവാതിലിന് ഉറപ്പേറെ -
വേണം
ഇല്ലെങ്കിൽ വീട് ഇറങ്ങി -
പോയാലോ.
ആളനക്കമില്ലാത്ത
അകത്തളങ്ങൾ
ഓരോ ഭൂഖണ്ഡമാണ്
വിരുന്ന് വരാറുണ്ട് പോലും
ഇടയ്ക്ക്
അടുത്ത മുറിയിലേക്ക്
ഒരു ഫോൺ കോൾ
മൗനം കൊണ്ട് മടുത്തു
പോലും
വീടുകൾക്ക്.

കാമുകി



ചില കാമുകിമാരുണ്ട്
പ്രിയങ്ങൾ പറഞ്ഞു
കൊണ്ടേയിരിക്കും
ആശയുടെ പാശമെറിഞ്ഞു
തരും
മോഹത്തിന്റെ മുനമ്പിൽ
കൊണ്ടിരുത്തും
സ്വപ്നങ്ങൾ കൊണ്ട് നിറയ്ക്കും
കണക്കുകൂട്ടലുകളെല്ലാം
തെറ്റിക്കും
കരയേക്കാൾ വല്ലതാണ്
കടലെന്ന് പഠിപ്പിക്കും
മൗനത്തിൽ മധുരം നിറച്ച്
വിപണനതന്ത്രങ്ങൾ പയറ്റും
അണ്ടിയോടടുക്കുമ്പോൾ
മാങ്ങയുടെ പുളിയറിയാമെന്ന-
പോലെ
കാര്യത്തിലേക്കെത്തുമ്പോൾ
കുതറി മാറും
പ്രണയത്തിന് പാമ്പിന്റെ
പടമെന്നറിയും
തൊട്ടു പുരട്ടിയ വാഗ്ദാന
മധുരങ്ങൾ
കയപ്പെന്നറിയും
തന്ന വാക്കുകൾ ജലരേഖ
യെന്നും
പാതിവഴിയിൽ ഗൗനിക്കാതെ
അത് അതിന്റെ പാടു നോക്കി
പോകും.

2019, ജൂലൈ 18, വ്യാഴാഴ്‌ച

ചില യാത്രകൾ



വിശപ്പ്
രോഗം
പ്രണയം
മരണം
ചില യാത്രകളുണ്ട്
ഒറ്റയ്ക്ക് പുറപ്പെടേണ്ടവ.
ക്ലാവുപിടിച്ച പിത്തളശില്പം -
പോലെ അവളിരുന്നു
ഉലയിൽ വെച്ചതു പോലെ ചുവന്നു -
നിന്നിരുന്നു സങ്കടം
ആസുരമായി കറുത്തുനിന്നിരുന്നു രാത്രി
കുപ്പിയിൽ കുടുങ്ങിയ ശലഭത്തെപ്പോലെ
പിടിയുന്നു ഉള്ളം
ചിലനേരങ്ങളിൽ
ചുമർക്ലോക്കിലെ സമയസൂചിക്ക്
ഒച്ചിന്റെ വേഗത
(മനസ്സുകൊണ്ട് അവൾ ഓടിക്കൊ-
ണ്ടേയിരുന്നു)
അയാളുടെ കാലൊച്ചയ്ക്കായ്
ഇരുട്ടിലേക്ക് കണ്ണുംനട്ട്
അവളിരുന്നു
ചില യാത്രകൾ ഒറ്റയ്ക്ക്
പുറപ്പെടേണ്ടവയല്ലല്ലോ.

2019, ജൂലൈ 16, ചൊവ്വാഴ്ച

വാക്കും തോക്കും



വാക്ക്
സൃഷ്ടിയും
തോക്ക്
സംഹാരവും

2019, ജൂലൈ 13, ശനിയാഴ്‌ച

രണ്ടു കവിതകൾ


ജാതി

മത മരത്തിലെ
ജാതിച്ചില്ലയിലെ
ചിലപൂവുകൾ
പൂജയ്ക്കെടുക്കാ-
പൂവെന്ന്
ആചാര്യർ
വാക്ക്
തോക്കുമായവൻ
കാത്തു നിന്നു അയാളെ
വാക്കിന്റെ വെടിയേറ്റ്
മരിച്ചുവീണു അവൻ

മലയാളം



ഉടഞ്ഞ മുട്ടപോലെ
ചിതറിത്തെറിച്ചു ഊര്
മതിലു കെട്ടി മായ്ച്ചു -
മലയാളം.
കിണറുകുത്തി
പഞ്ചാര വെള്ളംകുടിച്ച
കാലം മറന്നു
കുഴൽ കിണർ കുത്തി
അവസാനത്തെ ജീവജലവും
ബോൺസായിച്ചെടികൾക്ക് -
തേവിരസിച്ചു.
ചിന്തകളെ വലിയഗെയിറ്റിന -
കത്ത് താഴിട്ടുപൂട്ടി
മുറ്റത്തെ മണ്ണിനെ മണലു നിറച്ച്
കളറുള്ള കട്ടകളുടെ പെട്ടകത്തിൽ
അടക്കം ചെയ്തു
ഇന്നലെ മിണ്ടിപ്പറഞ്ഞു നടന്നവർ
ഇന്ന് കണ്ടാലറിയാത്തവരായി
പേരിനു പിന്നിലെ മുറിഞ്ഞുപോയ
വാലുകൾ കിളിർത്തു പൊന്തി
മുഖം പറിച്ചെടുക്കാൻ കഴിയാത-
ത്രയുംബന്ധങ്ങൾ
മൊബൈൽ ഫോണിൽ നിന്നും
ഇറങ്ങി വന്നു
രണ്ടു നില വീട് നാട്ടുനടപ്പായി
അച്ഛൻ, അമ്മ, മക്കൾ ഒറ്റവീടി-
നകത്തെ
പ്രവാസികളായി മാറി
ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ്
ഒരു ഇരുചക്രവാഹനമെങ്കിലും
വേണമെന്നായി
നിവർന്നുനിന്ന കുന്നുകളൊക്കെ
മലർന്നുകിടന്നു
ആറുകളെ ആരോ ചുരുട്ടിയെടുത്ത്
കൊണ്ടുപോയി
ഏറിയാൽ ഇനിയെത്ര കാലമെന്ന്
തവളക്കണ്ണൻകുഴികൾ
മുഖത്ത് നോക്കുന്നു
കാലം കയറിപ്പോയ ഒരു വഞ്ചി
വഞ്ചനയുടെ മണലിൽ പൂണ്ട്
പൂതലിച്ചുകിടക്കുന്നു.
കണ്ടവരോടൊക്കെ മിണ്ടാൻ -
ശ്രമിക്കുന്ന കവിതേ
നിന്നെ ഭ്രാന്തനെന്നു പറഞ്ഞ്
കല്ലെറിയും സൂക്ഷിച്ചോ

2019, ജൂലൈ 11, വ്യാഴാഴ്‌ച

കവി



ഹോമറിന്റെ അന്ധത
ബിഥോവാന്റെ ബധിരത
വാൻഗോഗിന്റെ കാത്
അറിയാപൊരുൾതേടി
ഉറക്കം ഇറങ്ങിപ്പോയ
കണ്ണുമായി
അലയുന്നു രാവിൻ കാട്ടിൽ
കാണുവാൻ, കേൾക്കുവാൻ,
പറയുവാൻ.
ഉച്ചാടനം ചെയ്യപ്പെട്ട
ഓർമ്മകൾ
ഉത്ഘോഷിച്ചു വരുന്നു
ഒറ്റപ്പെട്ട അക്ഷരങ്ങളുടെ
കൈപിടിച്ച്
വാക്കുകളുടെ തുരുത്തി -
ലേക്കിറങ്ങുന്നു
അരിച്ചരിച്ചെടുക്കുന്നു ചില
അത്ഭുത ശബ്ദങ്ങളെ
ഉള്ളിലെ ഒരു പിരിയൻ ഗോവണി
യിലൂടെ കയറിയിറങ്ങി
ക്കൊണ്ടേയിരിക്കുന്നു
വെളിച്ചത്തിലേക്ക് ഇരുട്ടിന്റെ
വരമായുന്ന നേരം
അവസാനവരിയുടെ
നൊമ്പലം പേറി
കവിതയുടെ ജനനമെന്തെ -
ന്നറിയുന്നു

2019, ജൂലൈ 10, ബുധനാഴ്‌ച

നാട്



പണ്ടു മഹാകവികൾ പാടി ഗ്രാമഭംഗികൾ
കാലം കോർത്തുതന്നുള്ള സുന്ദര സ്വപ്നങ്ങളും
വറുതിക്കാലങ്ങളും വെറും പുറം കാഴ്ച്ചകളും
പട്ടിണി, ദാരിദ്ര്യവും, പട്ടട ദു:ഖങ്ങളും.
വേദനയെല്ലാം പേറി സഹിക്കും കാലത്തിലും
ഒന്നിച്ചൊന്നായ് നിന്നീടും മർത്ത്യ സ്നേഹങ്ങളും.
കഷ്ടതയേറെയെന്നാൽ ക്ലിഷ്ടത ജീവിതത്തിൽ
ഒട്ടുമേതെറ്റിക്കാത്ത കുടുംബ മഹിമകൾ
ജന്മിയും, കുടിയാനും ജന്മങ്ങൾ ഒന്നെന്നാലും
അന്തരം കണ്ടു കാലം മൂക്കത്തു വിരൽ വെച്ചു
എങ്കിലും തോറ്റതില്ല മണ്ണിൽ പണിയുന്നോര്
പണത്തിനും മേലെയുണ്ടോരാജ്ഞാശക്തി -
യെന്നറിയുവേർ
കാലത്തിൻചക്രം ഉരുണ്ടുരുണ്ടു നീങ്ങീടവേ
മാറ്റങ്ങളൊന്നൊന്നായി നാട്ടിലും, മനസ്സിലും
നേട്ടത്തിൽ മാത്രമായിനോട്ടങ്ങൾ സ്വന്ത,ബന്ധം
എല്ലാമേ വെറുംവാക്കായ് ജലരേഖയായ് മാറി
കുന്നിൽ നിന്നൊരുവന് കുന്നോളം പണം കായ്ച്ചു
കാടുകൊണ്ടല്ലോ വെട്ടിപ്പിടിച്ചീടുന്നു ലോകം
പുഴ കൊണ്ടൊരുവനോ പുണ്യവാളനാകുന്നു
പുണ്ണുപിടിച്ചീമണ്ണ് മൃതപ്രായയാകുന്നു
പണ്ടു മഹാകവികൾ പാടിപതിഞ്ഞുള്ള
ഗ്രാമമിന്നില്ല, ഗൃഹമില്ല,മർത്യനുമില്ല
മണ്ണിൽ ചവുട്ടാറില്ല അമ്മയെ അറിയില്ല
ബന്ധങ്ങളോ വെളുക്കേ ചിരിക്കാൻ മാത്രമായി

2019, ജൂലൈ 9, ചൊവ്വാഴ്ച

പോരല്ലേ.....!



എന്നോ ഒരിക്കൽ നീ എങ്ങനെയെന്നറിയാ-
തെന്റെയുള്ളിൽ വിരിഞ്ഞു വെൺപൂവായി
പിന്നെ നാമെന്നുമീ സ്നേഹപടവിൻമേൽ
ഓളങ്ങളായ് ഓർമ്മ ചിറകുവിരിക്കയായ്
പിന്നെയൊരു ദിനം വന്നതില്ലന്നു ഞാനേക
നായോർമ്മ ,യയവിറക്കിക്കാത്തു
പിന്നെയിടയ്ക്കിടെ യതുപതിവാക്കിനീ
യെന്നിൽ നിന്നകലാൻ കൊതിച്ചു നിൽക്കുന്ന -
പോൽ
പിന്നെ തിരഞ്ഞു തിരഞ്ഞു നടന്നു ഞാൻ
സ്നേഹനീർ നീരാവിയാണെന്നറിഞ്ഞു ഞാൻ
പാലിൽ ചാലിച്ചൊരു കാരസ്ക്കരക്കുരുവാണു നീ
യെന്നു ഞാൻ ഓർക്കാതെ പോയല്ലോ
വെൺപൂവിനിത്രയും വേദനയേക്കുവാൻ
കൂർത്ത മുള്ളുള്ളിലൊളിപ്പിക്കാൻ കഴിയുമോ
കാലം കണക്കുകൾ കൂട്ടിക്കിഴിച്ചിന്ന്
കുത്തും, വരകളും മാത്രം ശേഷിപ്പിക്കവേ
പോരരൂതേ സഖീ പ്രീയം പറയണ്ട
പഴമ്പുരാണത്തിന്റെ ഓലയെടുക്കണ്ട
ഓർമ്മിക്കുവാൻ നിന്റെ ഓർമ്മയുണ്ടെനിക്കേറെ
വേറെവേണ്ടിനിയും നിൻ പ്രിയമാം വാക്കുകൾ
ഹൃദയത്തിലെന്നേ നിറഞ്ഞിരിക്കുന്നു നീ
പോരല്ലെ നീയിനിയതു തുടച്ചു മാറ്റീടുവാൻ

2019, ജൂലൈ 8, തിങ്കളാഴ്‌ച

ചരിത്രം



ചരിത്രം ഒരു വൻവൃക്ഷമാണ്
ശാഖോപശാഖകളായിപടർന്നു 
പന്തലിച്ച്
കായും, പൂവുമായി ഭൂതകാലമണ്ണിൽ
പൂത്തു നിൽക്കുന്നു
ഭൂമിയും, ചരിത്രവും ഇരട്ടകളാണ്
ചരിത്രങ്ങളെല്ലാം ചോരകൊണ്ടാണ്
ചരിത്രഭൂതത്തിന്റെ കൈയ്യും പിടിച്ചാണ്
വർത്തമാനം നടക്കുന്നത്
ഭാവി ഇതൊന്നും ശ്രദ്ധിക്കാറേയില്ല!
തീവണ്ടിയുടെ കമ്പാർട്ടുമെൻറുപോലെ
ഒറ്റവരിയായല്ല ചരിത്രംവരുന്നത്
പാദസര കിലുക്കം പോലെ കുണുങ്ങി -
വന്നിട്ടേയില്ല
ഭൂതകാലത്തിന്റെ വരാന്തയിലൂടെയൊന്ന്
നടക്കണം
അപ്പോൾകാണം മനസ്സിൽ ചിറകടിക്കുന്ന
ഉത്കണ്ഠയെ
ഹൃദയത്തിലൊന്ന് തൊട്ടു നോക്കണം
ചിലപ്പോൾ തോന്നും നിശ്ശബ്ദം നിലവിളിക്കുന്ന
കവിതയാണ് ചരിത്രമെന്ന്
മണ്ണും, വിണ്ണും, പെണ്ണും, പൊന്നും
അടരടരുകളായ് ചോരകൊണ്ട് ചേർത്തു
വെച്ചതാണ് ചരിത്രം.

2019, ജൂലൈ 7, ഞായറാഴ്‌ച

ഉറ്റവർ നഷ്ടപ്പെടുമ്പോൾ



വിളഞ്ഞ ആകുലത
മൗനത്തിന്റെ നീലാകാശം
തണുത്ത സ്പർശം
സ്നേഹച്ചൂടിനായ്
ഓർമ്മയുടെ കെട്ടഴിച്ചുള്ള
തിരയൽ
വേർപാടിന്റെ നിസ്സഹായാ-
വസ്ഥയ്ക്ക് ഭാഷയില്ല.
മരവിപ്പ്
ഭാരം
നീറ്റൽ
തള്ളിവരുന്ന ദുഃഖത്തിര
പൊലിഞ്ഞ മോഹം
നഷ്ടമായ ഊന്നുവടി
വേലിയേറ്റത്തിന് തയ്യാറായ-
നദി പോലെ മനസ്സ്
ജീവിതത്തിന്റെ അളക്കലും,
ചൊരിയലും,
ആഴവും, പരപ്പുമോർക്കുമ്പോൾ
കാറ്റിനൊപ്പം ചായുന്നമരച്ചില്ല
യാകുന്നു
ജീവിതം ഭാരം പേറിതളർന്ന
മൂരിയാകുന്നു .

2019, ജൂലൈ 3, ബുധനാഴ്‌ച

പയർ മുള



മുട്ടുകുത്തി കുമ്പിട്ട്
മാറ് മാറോട് ചേർത്ത്
മുഖം മുഖത്തോടും
കണ്ണിൽക്കണ്ണിൽ നോക്കി
ചുണ്ടിനെചുണ്ട് രുചിച്ച്
ജീവ രഹസ്യത്തിന്റെ ഉൾ-
ത്തുടിപ്പുകൾ
ഇരുൾ വിരിപ്പിൽ ഒരിക്കൽ -
ക്കൂടിയറിഞ്ഞ്
മുളച്ച് മുട്ടുയർന്ന്
ഇരു കൈയ്യും വിടർത്തി .

2019, ജൂലൈ 2, ചൊവ്വാഴ്ച

തിരുത്ത്



എല്ലാ നേർവാഴ്ചകളിലും
തേർവാഴ്ച നടത്തുന്നു
ചരിത്രം തിരുത്തിക്കുറിക്കുന്നു .
വാളെടുത്തവൻ നീണാൾ വാഴുമെന്ന്
ആശംസിക്കുന്നു
സൗഹാർദത്തിനുമേൽ
സംഹാരം പെയ്തിറങ്ങുന്നു.
തെറ്റു ചെയ്തവനുമാത്രം
കല്ലെറിയുവനനുവാദം
അപ്പം നൽകിയവന്
അന്ത്യത്താഴമൊരുക്കി കാത്തിരിപ്പ്
വിശന്നു മരിച്ചവരൊക്കെ
അധി ഭക്ഷണത്താൽ
അജീർണ്ണം പിടിച്ചെന്ന്
സത്യം പറഞ്ഞ നാക്ക്
രാജ്യദ്രോഹവാക്കെന്ന്
കവിക്ക് കാരാഗൃഹം
കള്ളന് കുലഗൃഹം.

2019, ജൂലൈ 1, തിങ്കളാഴ്‌ച

ദുരിതപർവ്വം



മഴപ്പാമ്പൊലിച്ചിറങ്ങുമ്പോൾ
ഭയപ്പാമ്പു പത്തി നീർത്തുന്നു
കെട്ടിമേഞ്ഞില്ലെന്റെ കൂട്
കെട്ടുപ്രായംകെട്ട മകള്
കൂരിരുൾ പോത്തായി ഭാവി
അമറുന്നു ജീവിതപ്പാതയിൽ
പേപ്പക്ഷി കൊത്തുന്നു ശിരസ്സിൽ
സിരയിലശാന്തസമുദ്രം.
മഴ കുളിർകോരും പ്രണയം
പവിത്രമായ് പകരുന്നചുംബനം
നിർവൃതിയേകും രതിയും
പുലർകാലപൂവിൻ പുതുമയും
കവികൾ പാടിപ്പുകഴ്ത്തുമ്പോൾ
മഴയെനിക്കു കൊടുംവേനൽ
ഉള്ളിൽ പുളയും തീപ്പാമ്പ്
തോരാത്ത കണ്ണീർക്കിനാവ്
വ്യഥകൾമാത്രം മുളച്ചുള്ള
വളഞ്ഞ കൊമ്പായ്പ്പോയി ജന്മം
വിളയുന്നതോ ഭയംമാത്രം
വെട്ടിമാറ്റുവാൻ തോന്നുന്നു ജീവൻ