malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

പാവ ജീവിതം



ഇരുണ്ട ജനൽ പാളികളിലൂടെ വന്ന്
ശിശിരം കൊഞ്ഞനം കുത്തുന്നു
മഴക്കാറും ചാറ്റൽ മഴയും കൂട്ടുവരുന്നു
നോക്കു ;
അലങ്കരിച്ചു കഴിയുന്നതുവരെ
ഈ ക്രിസ്മസ് മരം കുട്ടികൾ കാണരുത്
ഇബ്സന്റെ പാവവീട് പോലെ എത്ര
യാഥാർത്ഥ്യം  ജീവിതം
വസന്തം വരും, വർണ്ണങ്ങൾ വിരിയും,
ആനന്ദഭരിതമാകും, പാടും, നൃത്തമാടും
ചിറകിനടിയിൽ തികച്ചും സുരക്ഷിതമാ-
യിരിക്കും
എത്ര മനോഹരം
ആശകൊണ്ടൊരു ജീവിതം
കഴിയില്ല ഇനിയുമീപാവ ജീവിതം
കളി വീട്ടിലെ കുഞ്ഞു കിളിയുടേതു പോലുള്ള
ദിനചര്യ
പാവക്കുഞ്ഞിനെയെന്നോണമുള്ള
ഈ തട്ടിക്കളി
അച്ഛനും, അമ്മയും, ഭർത്താവും, -
കുട്ടികളും
തട്ടിക്കളിക്കുന്നൊരീക്കളി
വയ്യ ഇനിയുമീ കഴമ്പില്ലാക്കളി
കുമ്പിളിലെങ്കിലും ഈ ജീവജലം
ഇറ്റിറ്റു വീണ് വറ്റി തീരുന്നില്ലല്ലോ .
.......
കുറിപ്പ് :- ഇബ്സന്റ പാവ വീട് വായിച്ചപ്പോൾ
തോന്നിയത്

2019, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ഫാസിസ്റ്റ് ഭീകരതയുടെ പ്രായോഗികരീതി



ആളിൽ നിന്ന് അളന്നെടുത്ത്
താളിൽ
താളിൽനിന്ന് തിണർപ്പിച്ചെടുത്ത്
വാളിൽ

2019, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

അവൻ



കീറച്ചെരുപ്പിന്റെ ചെത്തംചിനക്കി
കുറ്റിരോമം മുറ്റിയമുഖവുമായി
എന്തോ കൂറിയും കുറുകിയും നടന്നകലുന്നു
ഒരു കുറിയ മനുഷ്യൻ
ആരിവൻ വാൻഗോഗോ ?!
സൂര്യകാന്തിപ്പൂവ് കാതിൽചൂടിയവൻ!
നിലാവിന്റെ നിറക്കൂട്ട്
ഇതളിതളായിഴവിരിക്കുന്നു
നാരങ്ങാ മിഠായിയുടെ നറുംപുളിയിനിപ്പ്
രസനയിൽ ബാല്യത്തിൻ കുതിപ്പ്
മനസ്സിന്റെ വിങ്ങലുകൾ കലങ്ങി അനുരണ-
നങ്ങളായണയുന്നു ഷഹനായ്സംഗീതം.
അപ്പോഴും ചിറ്റലയും, ചിറകും വിടർത്തി
ഓളത്തിലെ പോളപോലെ
ചുണ്ടിൽ പുഞ്ചിരിപുരട്ടി നിൽക്കുന്നു -
ഒരുവൻ
മിന്നുന്ന അഭ്ര ശകലങ്ങൾ പോലെ
ചോർന്നിറങ്ങിയ ചാരുതയിലും
സിരാപടലത്തിലേക്ക്, സന്ധി ബന്ധങ്ങളി-
ലേക്ക് പടർന്നേറുന്നു
ചടുലമായ ചാടു വാക്യവുമായി അവൻ.
വേദനകൾക്ക് വേർപാടില്ല
പ്രണയത്തിന് ഭാഷയില്ല ഭാവമുണ്ട്
എന്നതുപോലെ
ചിത്തഭ്രമത്തിൽ ചീന്തിയെടുത്ത
ചന്തപ്പൊലിപോലെ
മനസ്സിന്റെ മായാജാലത്തിൽ
നിലാവിന്റെ നിഴലും, നിറവും ചൂടി
പൊടി മഞ്ഞിൽ ചുഴൽവഴി തേടുന്നു
ഒരുവൻ.
.......,,,,,,,,,,,,,,
കുറിപ്പ് :-എം.ഗോവിന്ദന്റ സർപ്പം എന്ന നോവൽ വായിച്ച്

2019, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ഇനി എത്രനാൾ.....!



പറമ്പിന്റെ വക്കിൽനിന്ന്
പാടത്തേക്കെത്തി നോക്കുന്നു
ഒരു വീട്
ഏകാന്തതയിലേക്ക് നീണ്ടു നിൽക്കുന്നു
നടവരമ്പ്
വെയിൽ പുള്ളികുത്തിക്കളിക്കുന്നു
ഇറയത്ത്
ഇലകൾ ആടിക്കൊണ്ടേയിരിക്കുന്നു -
ഭാഷയില്ലാത്തതിന്റെ ശേഷിയെന്നോണം.
ചിലവേദനകൾ ഓർക്കാപ്പുറത്ത്
കുത്തിയൊലിച്ചു വരുന്നു
ഓർമ്മകൾ വാതിൽക്കൽ വന്നു നിൽക്കുന്നു
കടലെടുത്തതുപോലെ കാലമെടുത്തു -
പോയിരിക്കുന്നു കഴിഞ്ഞ കാലത്തെ.
അങ്ങനെ ഒരു വീടും, നാടും, കാലവും
ഓർമ്മകൾ ഇനി എത്രനാൾ
'

2019, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഇങ്ങനേയും ജന്മം



പതിവു യാത്രയിൽ നാം പലതും കാണുന്നില്ല
ആൾക്കൂട്ടത്തിൽ തനിച്ചായിപ്പോകുന്ന ഒരാൾ - അനുഭവിക്കുന്ന ഏകാന്തത പോലെ
മറ്റൊന്നില്ലെന്ന് ആരുമറിയുന്നില്ല
ഇഴയടുപ്പമുള്ള മനുഷ്യജീവിതത്തെക്കുറിച്ച്
ഓർക്കുന്നില്ല
അസ്തിത്വമെന്തെന്ന് അറിയുന്നില്ല
ചിലയാളുകൾ ജീവിച്ചിരിക്കുന്നു എന്നറിയുന്നതു തന്നെ
എന്തെങ്കിലുമൊക്കെ തട്ടി മറിഞ്ഞ് ശബ്ദമുണ്ടാ
ക്കുമ്പോഴാണ്
ക്ഷമാപൂർണ്ണമായ തേച്ചുരയ്ക്കലില്ലാത്തതിനാൽ
ആണിയുടെ മൊട്ടു പോലെ തുരുമ്പെടുത്തിരി ക്കുന്നു ചിന്ത
അന്ധവിശ്വാസങ്ങൾ കൂടി വരികയും സൗന്ദര്യത്തോ
ടും മനസികാരോഗ്യത്തോടും താൽപ്പര്യമില്ലാതെ
വരുമ്പോൾകുറഞ്ഞു വരുന്നു ബഹുമാനം
മത്സ്യം ജലത്തെ ചിറകു കൊണ്ട് കീറി മുറിക്കുന്നതു
പോലെ
ചിന്തയെ കീറി മുറിച്ച് വിശകലനം ചെയ്യാൻ കഴിയാതെ വരുമ്പോൾ
തടാകം പോലുള്ള ശാന്തതയെവിടെ?
എപ്പോഴും ചിന്തിക്കാതെ പ്രവർത്തിക്കുന്നു
മറ്റുള്ളവർക്ക് സുഖം മാത്രം പ്രധാനം ചെയ്യുന്നു
ഒരു ഇടവേള കിട്ടിയാൽ
കടലിൽ ഒഴുകി നടക്കുമ്പോൾ ഒരു പലക കിട്ടിയതുപോലുള്ള ആശ്വാസം
അർദ്ധരാത്രിയിൽ പേക്കിനാവ് കണ്ട് ഞെട്ടിയുണർന്ന്
ലൈറ്റിട്ട് ചുറ്റുപരതുന്ന ഭയപ്പാട്
ജീവിതം എന്തൊക്കെയാണ്
കിടക്ക മുറി
നടപ്പാത
തൊഴിലിടം
പിന്നെ ഒന്നും ഓർമ്മയില്ലാതെ വഴുതി വീഴുന്നു
പൊങ്ങി മറയുന്നു
എന്തിനാണ് ഇങ്ങനെ ഒരു ജന്മം ഒച്ചായ്
ജീവിതഭിത്തിയിൽ ഒട്ടിപ്പിടിച്ചു നിൽക്കാനായ്

2019, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

വാക്ക്



പറഞ്ഞാലും പറഞ്ഞാലും
തീരില്ലായിരുന്നല്ലോ
പിന്നെയെന്നാണ് എല്ലാം പറഞ്ഞു
തീർന്നെന്ന്
മൗനം ഇടയിൽ കയറി നിന്നത്
ചിഹ്നങ്ങളെ ചേർത്തു നിർത്താറേ -
ഉണ്ടായിരുന്നില്ല നാം
എന്നാലിപ്പോൾ കുത്തും, കോമയും -
ആശ്ചര്യവും, ചോദ്യവും നിവർന്നു
നിന്ന് ഭയപ്പെടുത്തുന്നു
പൂരിപ്പിക്കാതെപോയ രണ്ടു വാക്കു -
കളോടെന്നപോൽ
എനിക്കും നിനക്കുമിടയിൽ മനസ്സി-
ലേക്കെത്താതെ ഏതു വാക്കായിരിക്കും
തികട്ടിക്കൊണ്ടിരിക്കുന്നത്
എഴുതിയും, മായ്ച്ചും, പിന്നെയും -
പിന്നെയും ശരിയാകാതെ
പാതിയിൽനിലച്ചുപോയ ആ വാക്ക്
മുറിഞ്ഞുപോയി ഹൃദയം
അറിഞ്ഞ് ചെയ്തില്ല ഒന്നും
പറിഞ്ഞു തൂങ്ങുന്നു ദുഃഖം
പറഞ്ഞ വാക്കെന്ത് ചൊല്ലുമോ?
ചോദ്യമിന്നൊരു മരണക്കുരുക്കായ്
നീണ്ടുനീണ്ടു വരുന്നു
പ്രിയമുള്ളപ്പോൾ പറഞ്ഞതെല്ലാം
പാൽപായസമെന്നുര ചെയ്യുന്നു
ഇഷ്ടമില്ലായ്മ കടന്നു വന്നെന്നാൽ
കഷ്ടമെല്ലാം വിഷമയം
ഒടുവിൽ നമ്മളോ എങ്ങുമെത്താതെ
തീർന്നു പോയൊരിടവഴി


2019, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

നുണ



നുള്ളി നോവിക്കാനേ കഴിയുന്നില്ല
നുണയെ
വിളവിലെ കളപ്പോലെയത്.
എത്ര വരണ്ടിരുന്നാലും
മണ്ണിട്ട് മറച്ചാലും
എത്രവേഗമാണ് നുണയ്ക്ക്
വേരുപിടിക്കുകയും
വളരുകയും ചെയ്യുന്നത്

2019, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

അന്ന് നിനക്കെന്നെ അറിയില്ല



എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്
സുന്ദരിക്ക് പൊട്ടുതൊട്ടലിൽ
സമ്മാനം കിട്ടിയത്
അന്ന് നിനക്ക് എന്നെ അറിയില്ലായിരുന്നു.
സൈക്കിളോടിച്ച് നടന്ന കാലം
സൈക്കിളിന്റെ മുൻ തണ്ടിൽ നിന്നെയിരുത്തി
ഓടിച്ചു പോകുന്നതാണ്
ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും
പത്തു കഴിഞ്ഞപ്പോൾ
പഞ്ചായത്തു മാറി നാം ടൗണിൽ കോളേജിൽ -
പോയി
അവിടെ വെച്ചാണ് നാടൻ പ്രേമത്തിൽ നാം
കുടുങ്ങിയത്
അന്ന് നിനക്ക് എന്നെ അറിയില്ലായിരുന്നു
പാത്തുമ്മാന്റെ ആട് വായിക്കുമ്പോൾ
അസുരവിത്തെന്ന് അമ്മാവൻ നടുപ്പുറത്ത്
ചവുട്ടിയത് ഇന്നും അടയാളമുണ്ട്
കരിങ്കൽ ക്വാറയിൽമെറ്റലടിച്ച് തളർന്ന്
കോളേജിലെത്തുമ്പോൾ
നീ കവിതയെഴുതി കൂട്ടുകാരൊത്ത്
കുസൃതി പറഞ്ഞിരിപ്പുണ്ടാകും
അന്ന് നിനക്കെന്നെ അറിയില്ലായിരുന്നു
എത്ര തവണ നാടുവിട്ടിട്ടുണ്ട് നാം സ്വപ്നത്തിൽ
ഒറ്റയ്ക്ക് കണ്ടുമുട്ടിയ ചില നേരങ്ങളിൽ
ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന
വരുടെപരിഭ്രമമായിരുന്നു നമുക്ക്
ഇന്ദിരഗാന്ധി കൊല്ലപ്പെട്ട ദിവസം
ബസ്സുകളുടെ ഓട്ടം നിലച്ചതറിയാതെ
ബസ്റ്റോപ്പിൽ നാം രണ്ടു പേരുമാത്രമാണ്
ഉണ്ടായിരുന്നത്
അന്ന് നിനക്കെന്നെ അറിയില്ലായിരുന്നു
കാലം അതിന്റെ ഉറവകളെ നമുക്ക് നേരെ
ഒഴുക്കിയതേയില്ല
പിന്നെ മാസം തികയാതെ നീ പ്രസവിച്ചപ്പോൾ
രക്തം നൽകി ഒന്നും മിണ്ടാതെ മടങ്ങി
അന്ന് നിനക്കെന്നെ അറിയില്ലായിരുന്നു
നാം എന്നും അപരിചിതരായിരുന്നു
പിന്നെ എഫ്.ബി യിൽ നിന്നെ തിരഞ്ഞു -
തിരഞ്ഞാണ് കണ്ടെത്തിയത്
മെസഞ്ചറിൽ ഞാൻ നൽകിയ ശുഭദിനത്തിലേ
ക്ക് മിഴി നീട്ടിയതേയില്ല നീ
എങ്കിലും എന്നും ഡൈചെയ്ത്
സെൽഫി പോസ്റ്റ്‌ചെയ്ത് കമൻറിനായി
കാത്തു നിന്നു
അന്ന് നിനക്കെന്നെ അറിയില്ലായിരുന്നു.
ഇന്ന്, തൊട്ടടുത്ത് ഈ കല്ലറയിൽ കിടക്കു-
മ്പോഴും
നിനക്കെന്നെ ഒട്ടും അറിയുന്നുണ്ടാവില്ല
........
കുറിപ്പ് :-
നാടൻ പ്രേമം = എസ്.കെ.പൊറ്റക്കാടിന്റെ നോവൽ പാത്തുമ്മാന്റെ ആട് = വൈക്കം മുഹമ്മദ് ബഷീർ
അസുരവിത്ത് = എം.ടി.വാസുദേവൻ നായർ

2019, ഓഗസ്റ്റ് 17, ശനിയാഴ്‌ച

എത്ര കരയണം



ഒരുതുള്ളികൂടിവീണാൽ തൂവിപ്പോകുന്ന  സങ്കടക്കടലിനു നടുവിൽ ഞാൻ
മണ്ണാണ് മരണമായി വന്നത്
ജലമാണ് ഉദകക്രീയ ചെയ്തത്
കരച്ചിലുകളുടെ ഉള്ളിലാണിപ്പോൾ മണ്ണ്
വേദനയുടെ മിന്നൽ മാത്രമാണ് അവശേഷി -
ച്ചിരിക്കുന്നത്
ഓരോ മനസ്സും പ്രതീക്ഷയുടെ ഓരോ -
തുരുത്താണ്
കാണാതെപോയവർ ഏതുനിമിഷവും
മണ്ണിനെ,മഴയെ വകഞ്ഞു മാറ്റി തിരിച്ചെത്തു
മെന്ന പ്രതീക്ഷയുടെ.
നഷ്ടങ്ങളുടെ കണക്കാവുന്നു ജീവിതം.
ചിലർ ഒറ്റയ്ക്ക് മൂകമായി
ചിലർ ആൾക്കൂട്ടത്തിൽ തനിയെ
ചിലർ ദുഃസ്വപ്നങ്ങളുടെ ഒറ്റത്തുരുത്തിൽ
എത്ര പെട്ടെന്നാണ് ജീവിതം ചില്ലു ഗ്ലാസ് -
പോലെ ചിതറിപ്പോയത്
എത്ര കരയണം ഇനിയുമീ ജീവിതം

2019, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ജീവിത സായാഹ്നം



സ്നേഹങ്ങൾ ലഭിക്കാതെ പോകുന്നവരെ
എന്തുവാക്കുകൾ കൊണ്ട് സമാധാനിപ്പിക്കും.
ജീവിത സായാഹ്നത്തിൽ
പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്നവർ
പറയാനാകാതെ ശബ്ദങ്ങൾ തൊണ്ടയിൽ
കുരുങ്ങിപ്പോയവർ
ചിരിക്കാൻ കഴിയാതെ പോകുന്നവർ
നിസ്സഹായാവസ്ഥയിൽ വെറുക്കപ്പെട്ടവരായി
ജീവിക്കുന്നവർ
പൂക്കളെന്തെന്ന്, വർണ്ണമെന്തെന്ന്, ആകാശമെന്തെന്ന് തിരിച്ചറിയാനാകാതെ
ജീവിക്കേണ്ടി വരുന്നവർ
ഭാരമെന്നും, ശാപമെന്നും കുത്തുവാക്കിൽ
കുരുങ്ങി പോകുന്നവർ.
ഒരിക്കൽ കാത്തിരിപ്പും പ്രതീക്ഷയുമായിരുന്നവർ
സ്വപ്നങ്ങൾക്ക് ചിറകു നൽകി, സ്നേഹങ്ങളെ
വിളമ്പിക്കൊടുത്തവർ
എങ്ങനെ ഓർക്കാതിരിക്കും പഴയ സ്വപ്നങ്ങളെ
ശൂന്യതയല്ല ഈ മൗനമെന്നാരോർക്കുന്നു.
അനന്തതയിലേക്ക് നീളുന്ന പാളംപോലെ ജീവിതം

2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

പ്രണയ വഴി



കൈപ്പത്തിയിലെ രേഖകൾ പോലെ
നാം പ്രണയത്തെ
ഹൃദയത്തിൽ കൊണ്ടു നടക്കുന്നു
നൂറു നൂറു യാത്രകൾ നാം നമ്മിലേക്കു
നടത്തുന്നു
കരകണ്ട നാവികനെപ്പോലെ നമ്മുടെ ഉള്ളം.
ചരിച്ചുകെട്ടിയിട്ടില്ല നാം ഇന്നേവരെ ഒറ്റ-
വാക്കിനേയും
ചരിച്ചും, തിരിച്ചും തുഴഞ്ഞിട്ടില്ല പ്രണയത്തിന്റെ വള്ളം
രഹസ്യത്തിന്റെ കപ്പൽ പാതയാണ് പ്രണയം.
വീണ്ടും വീണ്ടും നാം കടന്നു പോയിക്കൊണ്ടേ യിരിക്കുന്നു
വിരൽ ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്നു
ഓരോ നിമിഷവും സങ്കടങ്ങളുടെ ജലശ്ലഥങ്ങ
ളെമാറ്റി
വികാരത്തിന്റെ ശലഭങ്ങളെ പറത്തുന്നു
ശലമോന്റെ പ്രണയഗീതങ്ങൾ പാടുന്നു.
പക്ഷേ, ചില പ്രണയങ്ങളുണ്ട്
സ്നേഹത്തിന്റെ സാധാരണത്വത്തിൽ നിന്ന്
എത്ര പെട്ടെന്നാണ്സൗഹൃദത്തിന്റെ പടം പൊഴിക്കുന്നത്
കീറത്തുണിയെന്നപോലെ ജീവിതത്തിന്റെ
പിന്നാമ്പുറത്തേക്ക് വലിച്ചെറിയുന്നത്
പിന്നെ, യാചനയോടെ പിറകേ പോയിട്ട്
ഒരു കാര്യവുമില്ല.
പ്രണയം നാൽക്കവലയാണ്
എപ്പോഴാണ് ഏത് വഴിയിലേക്കാണ് തിരിയു ന്നതെന്ന് അറിയില്ല
പൂർണ്ണതയില്ലാതെ പാതി വഴിയിലെപ്പോഴാണ്
അവസാനിക്കുന്നതെന്നറിയില്ല
ചില സ്വപ്നങ്ങൾ പോലെ
ചില ജിവിതങ്ങൾ പോലെ
ഈ കവിത പോലെ.

എവിടെയവൾ



രസനയിലുണ്ടിന്നും
താളാംചപ്പിൽ പൊതിഞ്ഞുതന്ന
ഉപ്പുമാങ്ങ രുചി
മിഴികളിലൊളിപ്പിച്ച
സ്നേഹത്തിൻദ്യുതി
ചുണ്ടിലെ കണ്ണിമാങ്ങാച്ചുന -
പൊള്ളലിലെ
കൈവിരൽക്കൊതി
മറന്നുവെച്ചപോൽ തിരഞ്ഞുവന്ന്
കവിളിൽ കോറിയ കവിത.
കറുകപുല്ലിൽ കർക്കടമഴയിൽ
കാട്ടിക്കൂട്ടിയഹ്ലാദം
മഷിത്തണ്ടിനായ് പിറകെനടന്ന്
മിഴികളൊഴുക്കിയ ജലപാതം
മൊട്ടാമ്പുളികൾപറിക്കാൻ പോയി
നെഞ്ചിലെ മൊട്ടാമ്പുളിയിൽ നുള്ളി
ഓടിപ്പോയൊരു പേടി.
ഒട്ടിയവയറിൻ പട്ടിണിമാറ്റിയ
പൈപ്പിൻചോട്ടിലെ നാള്
പൊട്ടിയസ്ലേറ്റും, ബുക്കുമെടുത്ത്
ഇല്ലാക്കുടയുടെ ഇല്ലികൾ കണ്ണിൽകുത്തി
കരഞ്ഞുപോയൊരു കാലം
എവിടെയവൾ
പ്രണയത്തിന്റെ പൊതിച്ചോർതന്ന്
പെരുവഴിപാതാളത്തിൽ നിന്നും
നേരിൻ നടവഴികാട്ടിത്തന്നോൾ
അറിയാത്തക്ഷരം വിരലിൻ തുമ്പാൽ
നിൻനാവിൻതുമ്പിൽ എഴുതിയവൻ ഞാൻ
ചൊല്ലിയതില്ലവൾ
യാത്രാമൊഴിതൻ അക്ഷരമാങ്ങ
താളാം ചപ്പിൽ തന്നതുമില്ല






2019, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ഉള്ളി



നീറ്റലുള്ളിലൊളിപ്പിച്ച
ഉള്ളിയുടെ
ഉള്ളം കാണണം
നീറി നീറി കരഞ്ഞു
പോകും നാം

2019, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

ഒരു പകലിന്റെ വിശേഷം



ഞാൻ രാത്രിയിൽ  പുസ്തകവുമായി
ഇറയത്തെ കസേരയിലിരിക്കുന്നു
മുറ്റത്തുമ്പിലെ സിമൻറ് തറയിലെ
പൈപ്പ്, കുറ്റ്യാട്ടൂർ മാവ്, ആകെയുള്ള
രണ്ട് തെങ്ങ്
ഒരു റോസ, ഒരു പിച്ചകം, പടിഞ്ഞാറുനിന്ന്
ഇറയത്തേക്ക് എത്തി നോക്കുന്ന
പ്ലാവിൻ കടയ്ക്കിലെ ഒരു ചക്ക
ഒന്നും മിണ്ടാതെ, അനങ്ങാതെ നിൽക്കുന്നു
എന്റെ കൈയ്യിൽ പുസ്തകമുണ്ടെന്ന വിചാരമേ
എനിക്കില്ല
കുറച്ചു നേരത്തിനു ശേഷം, ഒരു പകലിന്റെ
വിശേഷം പറഞ്ഞു തീർന്നെന്ന മാതിരി
മാവിൻ കൊമ്പിൽ ഒരു ചെമ്പോത്ത് അനങ്ങി -
യിരുന്നു
ഒരു ചെറുകാറ്റ് കോട്ടുവായിട്ടുകൊണ്ട്
ഉറങ്ങാൻ പോയി
ഞാൻ പുസ്തകത്തിലേക്ക് തല താഴ്ത്തി.

2019, ഓഗസ്റ്റ് 3, ശനിയാഴ്‌ച

കവിത



അർത്ഥ ഭാരം
താങ്ങാനാകാത്ത
ചെറു ചിറകുള്ള
വാഗ്ശലഭമാണ്
കവിത

2019, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

ഓടകളിൽ ഒഴുക്കപ്പെട്ടത്


ഓടകളിൽ ഒഴുക്കപ്പെട്ടത
രണ്ട് നദിയായിരുന്നു നാം
തൊട്ടാൽ പൊള്ളുന്ന തീ
വായിക്കാത്ത പുസ്തകം
വക്കു കവിഞ്ഞ വാക്കുകൾ
മോഹന സ്വപ്നങ്ങളിൽ
മരുഭൂമിയിൽ അലഞ്ഞു തിരിയുന്ന
ഒട്ടകം
നിന്റെ കണ്ണുകൾ
മിന്നാമിനുങ്ങിൻ കൂട്
നിന്റെ മുടികൾ കാട്
നാം നമ്മളെ വായിച്ചു കൊണ്ടേ -
യിരിക്കുന്നു
ഏതോ പുരാതന ലിപികളാൽ
നമ്മേ നാം നെയ്തു കൊണ്ടേ -
യിരിക്കുന്നു .
പ്രണയം ചരിത്രമാണ്
ചോര ചീന്തിയ ചരിത്രം
വേഴ്ചകളിലൂടെ വാഴ്ചകൾ -
വീണ ചരിത്രം
എല്ലാ പ്രണയങ്ങളും
ചരിത്രത്തിലുണ്ടാവണമെന്നില്ല
ചതികൾ ചിതമാക്കിയ കുറേ പ്രണയ -
ങ്ങളുണ്ട്
ചരിത്രത്തിലിടം നേടിയാൽ
ചിതലരിക്കുമെന്ന് ഭയന്ന്
ഉടവാളിനാൽ തടഞ്ഞു നിർത്തിയ
വാക്കുകളെ ഗളഛേദം ചെയ്ത്
ആരുമറിയാതെ ഒടുങ്ങിപ്പോയത്
ഓടകളിൽ ഒഴുക്കപ്പെട്ട ഏടുകളാണവ.
പ്രണയം ലോകത്തെ മാറ്റിമറിക്കുന്നു

ഈ ജീവിയെ പരിചയമില്ലെന്ന് നടിക്കുമോ



രാത്രി കറുത്ത എലിയും
പകൽ വെളുത്ത പൂച്ചയുമാണ്.
ഒരിക്കലും പൂച്ചയ്ക്ക് എലിയെ-
പിടിക്കുവാൻ കഴിയുന്നില്ല!
അല്ലെങ്കിൽ, വേണ്ടെന്ന് വെച്ചിട്ടാകും
ഇഷ്ടം പോലെ മാംസം കഴിച്ച്
അടുപ്പിൻതണയിൽ തല ചായ്ച്ച്
കിടപ്പാകും.
അല്ലെങ്കിലും ഇന്ന് എല്ലാവരും
മാംസക്കൂനകളാണല്ലോ
മാംസം കഴിച്ച് തടിച്ചു കൊഴുത്ത
കാട്ടുപൂച്ചകൾ .
എലി എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്
പണ്ട്, തട്ടിൻപുറത്ത് മാത്രമായിരുന്നു
പിന്നെ നടുത്തളത്തിലിറങ്ങി
ഇപ്പോൾ തെരുവിലും
കാലം പോയ പോക്ക്.
അമ്മയുടെ കൂടെ ഉറങ്ങിക്കിടന്ന
കുഞ്ഞിനെയാണ് ഇന്നലെ കാണാതെ
എടുത്തു കൊണ്ടുപോയത്
ദീർഘകാലമായി കിടപ്പിലായ ഒരു വൃദ്ധയാണ്
ബലാത്സംഗം ചെയ്യപ്പെട്ടത്
സ്വർണ്ണമെന്ന് കരുതിയാണ് ഇമിറ്റേഷൻ-
ഗോൾഡിട്ട ഒരു യുവതിയുടെ കഴുത്തറത്ത്
സ്നേഹം നടിച്ചാണു പോലും ഒരു പെൺകുട്ടി
യെ ചീട്ടു പോലെ പങ്കിട്ടുകളിച്ചത്
ഒരു മദ്ധ്യവയസ്കയെ പ്രണയം നിരസിച്ചതിനാൽ
റോഡിൽ കുത്തി വീഴ്ത്തി പെട്രോളൊഴിച്ചു -
കത്തിച്ചു
തൊരപ്പൻമാരെക്കൊണ്ടുള്ള തൊന്തരവ്
പറഞ്ഞറിയിക്കാൻ കഴിയാതെയായി.
പകൽപൂച്ച പാവത്താനെപ്പോലെ പുറത്തേ
ക്ക് തോന്നുമെങ്കിലും പാവത്താനേയല്ല
കണ്ണിറുക്കി കട്ടുതിന്നും
എന്തൊക്കെയാണ് തട്ടിമറിക്കുന്നത്
നിന്ന നിൽപ്പിൽ കാണാതാക്കുന്ന ജാലം
ഒരു ബസ്സിനെ കൊക്കയിലേക്ക് മറിക്കുന്നു
ഒരു ബൈക്കിനെ പറത്തിക്കൊണ്ടുപോയി
ചോര പൂക്കൾ വിരിയിക്കുന്നു
ഒരു പെൺകുട്ടിയെ സ്കൂൾ വണ്ടിയിൽ
കൊണ്ടുപോയി
ലഹരിയുടെ വനത്തിൽ മേയാൻ വിടുന്നു.
പൂച്ചയും, എലിയും നേർവരയിൽ വരുന്ന
ഒരു നേരമില്ലെ
അപ്പോഴെങ്ങനെയായിരിക്കും
കണ്ടിട്ടും കാണാതെ പോകുമോ?
ഈ ജീവിയെ പരിചയമില്ലെന്ന് നടിക്കുമോ?
അതോ പിൻതിരിഞ്ഞ് നടക്കുമോ?!
ഒരിക്കലെങ്കിലും ഒരു പൂച്ച കയറിച്ചെല്ലണം
എലിയുടെ മടയിലേക്ക്
അപ്പോഴറിയാംപൂരം