malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

പ്രണയക്കുന്ന്



അനുസരണയില്ലാത്ത
അവളുടെ മുലയും, മുടികളും
അവൻ അരുമകളെപ്പോലെ
തഴുകി.
വക്കാൻ വില്ലേജ് കുന്നുകളിലൂടെ
നടന്നു
ബിസ്മിഷ് ചെടികളിൽ
അവർ ചിത്രശലഭങ്ങൾ
വിളഞ്ഞ മുന്തിരി പോലെ
അവളുടെ ചുണ്ടുകൾ
കുന്നിനു മുകളിൽ നിന്ന്
കുന്നിനെ നോക്കുന്നു
കുന്നുപോലെ അഗാധമാം പ്രണയം
ഉയരങ്ങളിൽ നിന്ന് ഉറവയെടുത്ത
ഒര, രുവി
തൊട്ടുരുമികടന്നു പോകുന്നു
കുലച്ച കുളിരുകളെ കൈക്കുമ്പിളിൽ
കുടഞ്ഞെറിയുന്നു
പ്രണയത്തിന്റെ കുളിരിൽ ചിറകു
കുടയുന്ന
കുരുവികളെപ്പോലെ അവർ
ഉള്ളിച്ചെടികൾ എരിവുതിന്നപോലെ
തുള്ളുന്നു
കടലച്ചെടികൾ കാറ്റിൽ കണ്ണിറുക്കി
കാട്ടുന്നു
ഈ അരുവി അൽരഥയിലേക്കാണോ
ഒഴുകുന്നത്?
പ്രണയികൾ പാറയിൽ കയറി പകർ-
ത്തുന്നു
പ്രണയത്തിന്റെ വിദൂര ദൃശ്യങ്ങൾ
ഒരിക്കൽ, അടുത്തെങ്കിലും അകലെ -
യാകുമെന്ന്
അവർ ഓർക്കുന്നുണ്ടാകുമോ ?!
പൊള്ളുന്ന പ്രണയമേ
താഴ് വാരം തണുപ്പാണ്
ഇപ്പോൾ, റുസ്താക്കിൽ നിന്ന് വാഹനം
മസ്ക്കറ്റിനെ ലക്ഷ്യം വെയ്ക്കുന്നു
........................
കുറിപ്പ്
1, വക്കാൻ വില്ലേജ് - മസ്ക്കറ്റിലെ റുസ്താക്കിലെ
വലിയ മലമുകളിലെ ഒരു വില്ലേജ് (പത്തായിരം
അടിക്ക് മേലെ വരും)
2, ബിസ്മിഷ് ചെടി - അനാർ പോലുള്ള ചെടി
3, അൽരഥ- മലകൾക്കിടയിലെ വെള്ളമില്ലാത്ത
വീതിയേറിയഒരു നദി

അതിനാൽ



കടത്തിണ്ണയിലാണ്
കിടപ്പ്
ഉറങ്ങാനല്ല
ഉരുകി തീരാൻ
കടിച്ചെടുത്തേക്കാം
കിളുന്തു മക്കളെ
കൂരിരുട്ട്
കൃഷിയിൽ
കായ്ച്ച് നിന്നതൊക്കെ
കടമായിരുന്നു
കടം വിളഞ്ഞ്
കുടിലുപോയപ്പോൾ
കാഴ്ചവെയ്ക്കാൻ
കഴിയില്ലായിരുന്നു
കുഞ്ഞു മക്കളെ
കടത്തിണ്ണയിലാണ്
കിടപ്പ്
കൊതി കൊണ്ടല്ല
കുരുന്നു ജീവനുകളെ
കുരുതി കൊടുക്കാൻ
കഴിയാത്തതിനാൽ

2019, സെപ്റ്റംബർ 28, ശനിയാഴ്‌ച

പ്രണയപര്യന്തം



സ്നേഹത്തിന്റെ കോടതിയിൽ
നീ കേസു കൊടുക്കുക
പ്രണയ പീഡനമെന്ന്
മൊഴികൊടുക്കുക
മൗനം കൊണ്ടു നീ
വിചാരണ ചെയ്യുക
ഇരട്ട ജീവപര്യന്തം വിധിക്കുക
ഹൃദയത്തിന്റെ ജയിലിൽ
എന്നെ പൂട്ടുക
പ്രണയപര്യന്തം ഇനി -
നിന്നിലാകട്ടെ
എന്റെ ജീവിതം

2019, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

കവിതയുടെ വഴി



കവിതയുടെ വഴി അത്ര സുഗമമല്ല
മുള്ള്, മുരിക്ക്, മൂർഖൻ പാമ്പ്
കുണ്ടനിടവഴി, കാരാഗൃഹം
കവിതയുടെ വഴി അത്ര സുഗമമല്ല
കുടിക്കാൻ മൗനം
ചവച്ചിറക്കാൻ ശ്ലഥബിംബം
ഉറങ്ങാൻ ഞെരിഞ്ഞിൽ കിടക്ക
കവിതയുടെ വഴി അത്ര സുഗമമല്ല
ചരിത്രം
ചാരിത്ര്യം
ചോരമണം
കവിതയുടെ വഴി അത്ര സുഗമമല്ല
ഭ്രാന്തു പൂത്തവഴികൾ
തലയോട്ടിയിൽ പൊതിഞ്ഞ പാമ്പിൻ -
പുറ്റ്
ഇരുളിന്റെ ഭാണ്ഡക്കെട്ടുകൾ
കവിതയുടെ വഴി അത്ര സുഗമമല്ല
മോഹമറ്റ മനസ്സ്
ശിരസ്സറ്റ ഉടല്
മരണത്തിന്റെ മഹാഗർത്തം
കവിതയുടെ വഴി അത്ര സുഗമമല്ല
കവിത കടൽ പോലെ പരപ്പും
ആകാശം പോലെ ആഴവുമാണ്
കവിതയെകാണണമെങ്കിൽ
ആഴങ്ങളിലേക്കിറങ്ങിച്ചെല്ലണം
കവിത കാണുമ്പോലെ അത്ര സുന്ദരമല്ല
കവിതയുടെ വഴി അത്ര സുഗമവുമല്ല

2019, സെപ്റ്റംബർ 25, ബുധനാഴ്‌ച

അന്വേഷണം



എവിടെ ഞാൻ നിത്യം ചവിട്ടിപ്പോകാറുള്ള
ഒറ്റച്ചാലാം വഴി
കുറ്റിക്കാടുകൾ പിന്നെ തൊട്ടാവാടിക്കൂട്ടങ്ങൾ
തൊട്ടു തൊട്ടു നോക്കുമ്പോൾ നുള്ളിനുള്ളി -
കിന്നാരം പറഞ്ഞു ചിരിച്ചുള്ള പച്ചത്തലപ്പുകൾ
മഴ മിഴി നീട്ടീടവേ,യന്നോളമറിയാത്ത അത്യപൂർ
വ്വ സുഗന്ധം
വാപി യിലെങ്ങും വ്യാപിച്ചുള്ള പങ്കജങ്ങൾ
കോടി ജന്മങ്ങൾ മാറി മറിഞ്ഞു വന്നീടിലും
അന്തര്യാമിയായിന്നും കാന്തിയാൽ കാത്തീടുന്ന
ഹൃദയസരസ്സിലെ കുളിരാംകുരുന്നില പെണ്ണ്.
കള്ളിമുള്ളു പൂത്തുള്ള കാലത്തിലാണിന്നു ഞാൻ
കാടക, മുള്ളിൽ പേറി നടക്കും ജന്മങ്ങൾ -
കാടായ കാടൊക്കെയും കട്ടുമുടിക്കും കാലം.
ഇലക്കുമ്പിളും കോട്ടി ഓണപ്പൂ പറിക്കുവാൻ
കേറിയ കുന്നും ,കാടും ,ഊഷ്മള ശ്വാസങ്ങളും
വേനലും, വെളിമ്പ്രദേശവും ഇടവപ്പാതിതൻ -
തുടിതാളവും
താളം തെറ്റിപ്പോയല്ലോ തമസ്സുകിളിർത്തല്ലോ
നന്മയും ,നറുമലരും എങ്ങാണൊളിഞ്ഞിരിപ്പൂ
നിറങ്ങളെല്ലാം വറ്റി തിരിച്ചറിയാതായല്ലോ
ഗ്രീഷ്മങ്ങൾ പെയ്യുന്നല്ലോ
കാട്ടുതീയാണിന്നെങ്ങും
നട്ടുച്ചത്തിറയാട്ടം, ഗുരുസി കലിയാട്ടം
ഒറ്റച്ചാലാംവഴിപോൽ
ഒറ്റയ്ക്കു നിൽക്കുന്നു ഞാൻ
ഓർമ്മകൾ തൊട്ടാവാടി കൂട്ടമായ് തളിർക്കുന്നു
പഴയൊരാമുഖത്തിനെ മറച്ചീടുന്നു കാലം
മറക്കാനെളുതാമോ,യെനിക്കാ മുഖത്തിനെ
മാലേയ സുഗന്ധത്തെ.

2019, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

വഴി



പണ്ടൊക്കെ
ഒരുപാടു വഴികളുണ്ടായിരുന്നു
കിഴക്കുപുറമെന്നോ
അടുക്കള പുറമെന്നോ നോക്കാതെ
എത്ര എളുപ്പമായിരുന്നു
അന്നൊക്കെ
ഓരോ പോക്കുവരവും
ഇന്നിപ്പോൾ
വഴികളേ ഇല്ലാതായി
ഒരു മുറിയിൽ നിന്ന്
അടുത്ത മുറിയിലേക്ക് തന്നെ -
യെത്ര ദൂരം
അതുകൊണ്ടായിരിക്കണം
കടലാസുകളൊക്കെ
ചീന്തിയെറിയുന്നതു പോലെ
ചീന്തിക്കളയുന്നത്
ജീവിതത്തേയും.

2019, സെപ്റ്റംബർ 21, ശനിയാഴ്‌ച

അലിഞ്ഞലിഞ്ഞ്



പാതിവിടർന്ന പൂവ്
കറുകനാമ്പിലെ
മഞ്ഞുതുള്ളി
അടർത്തിമാറ്റാൻ
കഴിയാത്ത ഇഷ്ടം
സിരകളിൽ
പൊള്ളിനിൽക്കും
തീനാമ്പ്
അതിരുകളില്ലാത്ത
പറവകൾ
എരിതീയിലെ
കനൽ ശലാകകൾ
അലിയിച്ച,ലിയിച്ചു
ലയിക്കണം
വീഞ്ഞിന്റെ വീര്യമായ്
മാറണം
മൗനം കൊണ്ട്
മേളങ്ങൾ തീർക്കണം
പൂത്തുലഞ്ഞ് സുഗന്ധം
പരത്തണം പ്രണയം.

സമയം



ഇന്നലെ രാത്രി കൃത്യം പന്ത്രണ്ടേ -
മുപ്പതിനാണ്
വെട്ടിയിട്ട പോലെ നിട്ടാനീളത്തിൽ
മലർന്നടിച്ചു വീണത്
തട്ടിയും, മുട്ടിയും ഉണർത്താനെത്ര
ശ്രമിച്ചതാണ്
പ്രാഥമികമായി ചെയ്യേണ്ടതൊക്കെ ചെയ്തു
ഇപ്പോൾ ഐ.സി.യുവിൽ സ്ഫടികക്കൂട്ടിൽ
ഇടയ്ക്കെങ്ങാനൊരു ശ്വാസമെടുക്കുന്നതല്ലാതെ
മറ്റനക്കമൊന്നുമില്ല
ഡോക്ടർമാരുടെ സംഘം കിണഞ്ഞു പരിശ്രമി-
ക്കുന്നുണ്ട്
ആശങ്കാജനകമെന്നാണ് ജനസംസാരം
മരുന്നിനോട് പ്രതികരിക്കുന്നില്ലെന്ന്
സ്പെഷ്യലിസ്റ്റുകൾ എത്തിയിട്ടുണ്ട്
മസ്തിഷ്ക മരണം നേരത്തേ സംഭവിച്ചെന്ന്
ഹൃദയസ്പന്ദനം ഏതു നിമിഷവും
നിലയ്ക്കാമെന്ന്
ഓപ്പറേഷൻ തീയറ്ററിൽ ഉദ്വേഗത്തിന്റെ -
നിമിഷങ്ങൾ
വെളിയിൽ ലാഭനഷ്ടങ്ങളുടെ -
കണക്കുകൂട്ടലുകൾ
കൂട്ടിയും, കുറച്ചും, ഗുണിച്ചും, ഹരിച്ചും
ജീവിതത്തിന്റെ വിലകണക്കാക്കിയപ്പോൾ
നഷ്ടമെന്ന് ഒരേസ്വരത്തിൽ സ്വന്തക്കാർ
പിന്നെയെല്ലാം പെട്ടെന്നായിരുന്നു
ഏറ്റെടുക്കുവാൻ ആളില്ലാത്തതിനാൽ
അനാഥ ശവമെന്ന് എഴുതിച്ചേർത്ത്
മോർച്ചറിയുടെ മൂലയിൽ തള്ളപ്പെട്ട നിലയിൽ
പൊട്ടിയ ചില്ലുകൾക്കിടയിൽ
ക്ലോക്കിലെ സമയം ചത്തു കിടന്നു.



2019, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഭാഷ



സന്ധ്യയ്ക്ക്
ചേക്കേറിയ കാക്ക
സൗഹൃദം പുതുക്കി
കാ... കാ...
രാവിലെ
ഒരു കാക്ക
വിളിച്ചുണർത്തി
ക്യാ.... ക്യാ....
അങ്ങനെയാണ്
ഭാഷ നിരോധിച്ചതായി
അറിഞ്ഞത്

2019, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

പുതുവേദാന്തം



കാലവണ്ടി കുതിച്ചുപായുകയാണ്
പുരോഗതിയുടെ പടവുകൾതാണ്ടിത്താണ്ടി.
മിഴി കീറിത്തെളിച്ച മലയാളം പുലരിയിൽ
പത്രത്താളിൽ ഞാൻ കാണുന്നു .
പുത്തൻ ശീലങ്ങളും, ശീലുകളും -
പുതു നിറക്കൂട്ടുമായി രാജാധിരാജൻ,
നിയമസംഹിതകൾ രചിക്കുന്ന അഗ്രഹാരങ്ങൾ,
കുട്ടനും, മുട്ടനും ദ്വന്തയുദ്ധത്തിൽ
കുറുക്കൻചോരപ്പാടുള്ള കീഴiച്ചുണ്ട് നക്കി തുടയ്ക്കുന്നു
നോക്കൂ ,മരക്കൊമ്പിൽ തൂങ്ങിയാടുന്നത്
ഊഞ്ഞാലയല്ല ജഡങ്ങൾ!
തൊടികളിൽ, പാടത്ത് ,പട്ടിയും, എലിയുമല്ല
കർഷക ജഡങ്ങൾ!
അതാ, തൂലിക തീ പന്തമാക്കിയ ഒരു കവി
നാവറ്റ്, കാതറ്റ്, വിരലറ്റ്........!
കാണാം തൊട്ടപ്പുറത്ത് കുറേക്കുട്ടികൾ
ഗാന്ധിയുടെ നെഞ്ചിൽ ഉന്നം തെറ്റാതെ
വെടിവെച്ചു പഠിക്കുന്നു
അവർ നാളെ രാജ്യം കാക്കേണ്ടവർ !
പുരോഗതി ഭാഗം വെയ്ക്കലിലൂടെ മുന്നേ-
റുകയാണ്
പറ്റാവുന്നിടത്തോളം വെട്ടിമുറിക്കുക
പൊതുമുതൽ ഇനിയൊന്നുംവേണ്ട
മുതല് മുതലാളിക്ക്
നമുക്ക്പുതു മന്ത്രങ്ങൾ

2019, സെപ്റ്റംബർ 18, ബുധനാഴ്‌ച

ഇങ്ങനെ ഇങ്ങനെ....!



ഭൂമി ആകാശം നോക്കി
നിൽക്കുന്നതു പോലെ
ഞാൻ
നിന്നെ തന്നെ നോക്കി
നിൽക്കുന്നു
ആകാശം ഭൂമിയിലേക്ക്
പെയ്യുന്നതു പോലെ
നീ
എന്നിലേക്ക് പെയ്തു
കൊണ്ടേ യിരിക്കുന്നു
കാറ്റിന്റെ കൈകൾ വന്ന്
കണ്ണ് പൊത്തുമ്പോൾ
കവിളിൽ തലോടുമ്പോൾ
എന്നോടെന്ന പോലെ
നീ നാണിക്കുന്നതെന്ത്?
ചില്ലകൾ മർമ്മരം ഉതിർക്കു -
മ്പോലെ
നിന്റെ ചുണ്ടുകൾ
വിറക്കുന്നതെന്ത്?!
കാറ്റിന്റെ കൈ പിടിച്ച്
വെയിലിന്റെ വടിയൊടിച്ച്
കുന്നിൻ ചരുവിലൂടെ നടക്കണം
നമുക്ക്
മേഘത്തിന്റെ തൂവാലപ്പട്ടം
പറത്തണം
പൂമ്പാറ്റകൾ പൂവിലെന്നപോലെ
നമുക്ക് നമ്മിലെ മധു നുകരണം
ആകാശം
ഭൂമിയിലേക്കെന്ന പോലെ
ഭൂമി
ആകാശത്തിലേക്കെന്ന പോലെ
നമുക്ക് നമ്മേ
നോക്കി നോക്കി
പെയ്തു പെയ്ത്
ഇങ്ങനെ ഇരിക്കണം

2019, സെപ്റ്റംബർ 17, ചൊവ്വാഴ്ച

വിശ്വാസം



കണ്ണാ,നിന്നുടെ ലീലകൾ കണ്ടീ-
ക്കാലം നിന്നെ നമിക്കുന്നു കണ്ണാ
വിരുതൻമാരവരോർക്കുന്നതില്ല
ചതുരൻ നീ തന്നെയെന്നുള്ള സത്യം
തിണ്ണം നിലവിളിക്കുന്നൊരു ബാലേ
ദണ്ണം യെന്തെന്നു ചൊല്ലുക നീയേ
കുചേലൻയെന്ന സതീർത്ഥ്യനുപണ്ട്
ഇണ്ടൽതീർത്തതറിയുക കന്യേ
കണ്ണാ,ഞാനെത്ര പിഴചെയ്തോളെങ്കിലു-
മെന്നു മനസ്സിൽ നിനക്കുന്ന നേരം
തൂർണ്ണം നിന്നുടെ പാദത്തിലണയാൻ
കൊതിയേറേയെന്ന് ഉള്ളം തുടിക്കേ
പൂർണ്ണം ധന്യത നൽക്കുവോനല്ലോ
കണ്ണാ നീയെന്ന് ഭക്തർ ചൊല്ലുന്നു
നേരും നെറിയും മറക്കാതെ നിന്നാൽ
കണ്ണീർ തൂവാതെ സൗഖ്യമായ് വാഴാം
സ്നേഹം കൊണ്ടൊരു സ്വർഗ്ഗം പണിയാം
ഹൃദയം തന്നെ ദേവാലയമാക്കാം
അപരന്നു നന്മകൾ ചെയ്തു നാം നമ്മളീ
മന്നിലേ മന്നവനായി വാഴ്ക
കണ്ണാ,നിന്നുടെ ലീലകൾ കണ്ടീ-
ക്കാലം നിന്നെ നമിക്കുന്നു കണ്ണാ



2019, സെപ്റ്റംബർ 16, തിങ്കളാഴ്‌ച

ചരിത്ര പാഠം



ക്ലാസിൽ
സംസ്ഥാനങ്ങളെക്കുറിച്ച്
പഠിപ്പിക്കുകയായിരുന്നു
അദ്ധ്യാപകൻ
പഠിപ്പിച്ചു കൊണ്ടിരിക്കെ
ചരിത്ര പാഠപുസ്തകത്തിലെ
ഒരു സംസ്ഥാനത്തെ കാണാനില്ല!
അത് എവിടെയുണ്ടെന്ന്
ഇപ്പോഴാർക്കുമറിയില്ല

2019, സെപ്റ്റംബർ 14, ശനിയാഴ്‌ച

മധ്യേ



എനിക്കും
നിനക്കുമിടയിൽ
ഒരു മറയുമില്ലെന്ന്.
പിന്നെയെന്നാണ്
മറവി
മുറു മറുക്കാൻ
തുടങ്ങിയത്

2019, സെപ്റ്റംബർ 10, ചൊവ്വാഴ്ച

മുക്കുറ്റിപ്പൂവ്



സുന്ദരിപ്പൂവേയെൻ കൊച്ചുപൂവേ
മുറ്റത്തിറമ്പിലെ മുക്കുറ്റിപ്പൂവേ
വാരുറ്റ പൂക്കളെ പോലെനീയും
ചേലിലൊന്നാടുമോ കുഞ്ഞു പൂവേ
നാണിച്ചു നാണിച്ചു നിന്നിടല്ലേ
നീളെ പരത്തുന്നു നീ സുഗന്ധം
തെന്നൽ തെളിമയാർന്നുണ്ട് നീളെ
പാടിപൊലിപ്പിക്കും നിന്റെ രാഗം
പുള്ളിയുടുപ്പിട്ട പൂമ്പാറ്റകൾ
മധു തേടി മാറിലണയുന്നല്ലോ
ആവോളമമൃതേകി പരിപാലിക്കും
നിൻമനമെത്രയോ ഉന്നതിയിൽ
മുല്ലയും, പിച്ചിയും, ചേമന്തിയും
പിന്നെ പലതരം സൂനങ്ങളും
പൂത്തുലഞ്ഞുള്ളോരി പൂവാടിയിൽ
നാണിക്കവേണ്ടന്റെ കുഞ്ഞു പൂവേ.

2019, സെപ്റ്റംബർ 7, ശനിയാഴ്‌ച

കഴിയില്ല .....!



ഓർമ്മിക്കുന്നതൊന്നും
വർത്തമാനത്തെക്കുറിച്ചോ
വരുംകാലത്തെ കുറിച്ചോ അല്ല
കഴിഞ്ഞ കാലത്തെകുറിച്ച്
കണ്ടവും ,കുണ്ടനിടവഴിയും,
കുളവും, കൈത്തോടും,
കരക്കാരെ മുഴുവനുള്ള പരിചയം
കാലിയെ മേച്ചുള്ള നടത്തം
കുഞ്ഞിന്റെയച്ഛോയെന്ന നീട്ടി വിളി
കഞ്ഞിയിലെ ചീരപ്പറങ്കിയുടെ -
എരുവ്
കണ്ടം മൂരലും, കറ്റകെട്ടും
മനസ്സിന്റെ ഇലഞരമ്പിൽ നിന്നും
പഴമ പിഴിഞ്ഞ് പിഴിഞ്ഞ്........
ഉപ്പിലിട്ട മാങ്ങ പോലെ
പഴമയുടെ കേമം.
എത്ര ഭ്രാന്തവേഗത്തിലാണ്
കാലം കടന്നു പോകുന്നത്
വേരുകൾ പോലെ ആഴ്ന്നിറങ്ങിയ
ബന്ധമിന്നെവിടെ
പരന്നൊഴുകും സ്നേഹമെവിടെ
ഒറ്റത്തടി പോലെ ഇന്ന് ഓരോരുത്തരും.
ഇത്രമേൽ സ്നേഹമരുത്
ഇന്നലയോട്
വെറുപ്പരുത് ഇന്നിനോടെന്ന് മനസ്സ്
കാലത്തിന്റെ കവിഞ്ഞൊഴുകലിൽ
പ്രതിഷ്ഠിച്ചതെല്ലാം
ഇളക്കി മാറ്റുവാൻ കഴിയില്ല എനിക്ക്

2019, സെപ്റ്റംബർ 3, ചൊവ്വാഴ്ച

പ്രണയ പ്രളയം



പ്രിയപ്പെട്ടവളെ,
നമ്മളിപ്പോൾ പ്രണയ പ്രളയത്തിലാണ്
ഇനിയും അടച്ചു വെയ്ക്കുവാൻ കഴിയില്ല
നിറഞ്ഞുതൂവുന്നതിനു മുന്നേ തുറന്നു വിടുക
അത്രമേൽ നാം അനുരാഗവിവശരാണ്
ജീവന്റെ പുഷ്പമാണ് പ്രണയം
നമ്മിൽനിന്ന് ക്ഷമ അമ്പേ പിൻവാങ്ങിയിരി-
ക്കുന്നു.
പ്രിയപ്പെട്ടവളെ ,
പ്രണയം മഴയാകുന്നു
പ്രണയത്തിന് രാവും, പകലുമില്ല
ഇരുട്ടും, ഭയവുമില്ല
പ്രണയം വരുംവരായ്കകളെ കാണാറില്ല
എല്ലാറ്റിനും മീതെ പ്രളയമായ് പെയ്തിറങ്ങുന്നു
പ്രണയത്തിന്റെ വേരുകൾ ആകാശത്തിലേക്ക്
പടരുന്നു
ഇലകൾ ഭൂമിക്കടിയിലേക്ക് വിടരുന്നു
പ്രണയം പ്രകൃതി യാകുന്നു.
പ്രിയപ്പെട്ടവളെ,
മഴപ്പുഷ്പങ്ങൾ പൂത്തുലയുന്ന വൃക്ഷമാണ്
പ്രണയം
മഴച്ചില്ലുകളേറ്റ നിന്റെ ചുണ്ടിൽ നിന്നും
ഞാനെന്റെ വെയിലിൻ ചൂടേൽക്കും
നീയൊരു മഞ്ഞു പുഷ്പമായ് ഞെട്ടറ്റു വീഴുമ്പോൾ
സിരകളിൽ ഞാൻ അഗ്നിയായ് ജ്വലിക്കും.
നാമിപ്പോൾയാത്രയിലാണ് പ്രണയത്തിന്റെ
പ്രളയ യാത്രയിൽ
നാം രണ്ട് മദിരാലയങ്ങൾ
പരസ്പരം കോരിക്കുടിച്ച്
നുരയുന്ന ലഹരിയാൽ നിറയെ പൂത്തിരിക്കുന്ന
പ്രണയത്തിന്റെ പ്രളയ പുഷ്പങ്ങൾ
പ്രിയപ്പെട്ടവളെ,
നാം എവിടെയൊക്കെ സഞ്ചരിച്ചു
കണ്ടിട്ടുണ്ടോ ഇത്രയും മനോഹരമായ പുഷപം
നുകർന്നിട്ടുണ്ടോ ഇത്രയും ഉന്മത്ത ഗന്ധം
മുന്തിരിവള്ളി പോലെ പടരണം നമുക്ക്
ചുണ്ടിലെ മുന്തിരിച്ചാറുകൾ ഊറ്റിക്കുടിക്കണം
സിരകളിൽ തീപാമ്പ് പുളയപ്പോൾ
കണ്ണിൽ വിടർന്ന നക്ഷത്ര പൂക്കളിലൂടെ
നമുക്ക് ആകാശത്തിന്റെ കുന്നിൻ ചരുവിലേക്ക്
ഒറ്റ മഴമേഘമായ്പറന്ന്
പ്രണയത്തിന്റെ മഴത്തുള്ളിയായ് ഇറ്റിയിറ്റി
മണ്ണിൽ മലർന്ന് പുതുപൂക്കളായ് പൂത്തു കിടക്കാം


2019, സെപ്റ്റംബർ 1, ഞായറാഴ്‌ച

ചായും മരങ്ങൾ



നെടുമരമൊന്നുണ്ടുയരേനിൽപ്പൂ
ചെറുമരമൊത്തിരി ചാരെ നിൽപ്പൂ
ചായും ചെറുമരച്ചില്ലകൾ താങ്ങി
നെടുമരമാനന്ദം നുകരുന്നു
ചില്ലകൾ തോറും കൂടുകൾകൂട്ടി
പക്ഷികൾ പലജാതികൾ പാർക്കുന്നു
മഞ്ഞിൽ, മഴയിൽ, വെയിലിൽ ഇലയാൽ
താങ്ങായ്, തണലായ് മരംകാക്കുന്നു
വിശന്നുവലഞ്ഞു വരുന്നൊരു മർത്യന്
ചാരിയിരിക്കാൻ വേടേകുന്നു
വാടിയിരിക്കും ദ്ദേഹത്തിന്
കുളിർക്കാറ്റേകി ക്ഷീണമതാറ്റും
വേടൻ വില്ലുകുലയ്ക്കും നേരം
വേടാൽതട്ടികാക്കും കിളിയെ
വെയിലുകളേറെ കൊണ്ടെന്നാലും
പരിഭവമില്ലാനിൽക്കും നെടുമരം
മഴയിതെത്ര നനഞ്ഞും കൊണ്ട്
വെള്ളമിതെത്ര മണ്ണിനു നൽകി
വെയിലുകളെത്ര തലയിൽച്ചൂടി
മണ്ണിന്നീർപ്പം കാത്തു കൊടുത്തു
മക്കളെ പോറ്റി വളർത്തീടുന്ന
അച്ഛനു,മമ്മയുമെന്നതുപോലെ
രക്ഷിതാക്കൾ മരമെന്നോർക്കുക
ചായും ചെറുമരംനമ്മൾ ഓർക്കുക
.................................................