malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ഒക്‌ടോബർ 30, ബുധനാഴ്‌ച

മായ്ച്ചാലും മായാത്തത്



രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ
പിറകേ വന്ന് തൊട്ടു വിളിക്കും
ഒരു പിൻവിളി
റബ്ബറ്, കടലാസു പെൻസില്,
നാരങ്ങാമുട്ടായി
കുഞ്ഞുകുഞ്ഞാവശ്യങ്ങളെ
അണലിലിട്ട് അലിയിച്ച്നടക്കും അയാൾ
പിളർന്നു പോയ പെൻസിലിന്റെ
പൊട്ടിയ മുനകൊണ്ടെഴുതി
മായ്ച്ചാലും മായ്ച്ചാലും തേഞ്ഞു തീരാത്ത
പ്രതീക്ഷയോടെ അപ്പനെകാത്തു -
നിൽക്കും മകൾ
വെയിലു കൊണ്ട് തളർന്ന സൂര്യൻ
കുന്നത്തെ ഷാപ്പിൽ നിന്ന്
ഇത്തിരി വെളിച്ചം നിലാവിന്ചെരിച്ചുകൊടുത്ത്
നടന്നു മറയുമ്പോൾ
കുന്നിറങ്ങിവന്ന കാറ്റിനൊപ്പം
ആടിയാടി കൊള്ളു കയറി വരും അപ്പൻ
ഇടയ്ക്കിടേ തുപ്പിക്കൊണ്ടിരിക്കും
നാടൻപാട്ടിന്റെ വരികളെ
കോയക്കാന്റെ കടയിൽ നിന്ന് കയറിയിരിക്കും
ചെവിക്കുടയിൽ കടലാസുപെൻസിൽ
കള്ളിന്റെ മണമുള്ള കീശയിൽ
നാരങ്ങാ മുട്ടായി
തലയിലെ വട്ടക്കെട്ടിൽ റബ്ബറ്, ബീഡി, തീപ്പെട്ടി
ഇറങ്കല്ലിന്റെ അനക്കം കേട്ടാൽ
ഏതിരുളിലും ഓല വാതിൽ വലിച്ച് തുറന്ന്
ഓടിയെത്തുമവൾ അപ്പനരികിൽ
നാരങ്ങാ മുട്ടായി അലിയിച്ച് പെൻസിലിന്റെ
റബ്ബറിന്റെ പുതുമണം മണപ്പിച്ച്
അപ്പന്റെ ഒപ്പമിരിക്കും


ഓർമ്മ



നോക്കി നോക്കി,യവളുടെ കണ്ണുകൾ
കുന്നേറിപ്പോകുന്നു
കുടമണിയാട്ടി,യൊരു കന്ന്
കുന്നുമ്പള്ളയിൽ നിൽക്കുന്നു
നോക്കി നോക്കി,യിരിക്കുവോനെ
കാണാതെ കണ്ണുഴറുന്നു
അവനന്നത്തെപ്പോലെയിന്നും
അവളിലേക്കിറങ്ങി നടക്കുന്നു
കാച്ചിൽ വള്ളിപോൽ പ്രണയം
ഞറുങ്ങണെ പിറുങ്ങണെകിടക്കുന്നു
മനസ്സിന്റെ വയൽക്കോണിൽ
മരമില്ലാമരക്കൊമ്പിൽ
രണ്ടു കിളികളിരിക്കുന്നു
പൂത്ത കപ്പച്ചെടികളിൽ
മൂത്ത തിരിപ്പട്ടക്കായ.
വെണ്ടപ്പുളിയുടെ അല്ലിയായ്
നുണഞ്ഞു നിൽക്കുന്നു ഓർമ്മ
തോട്ടുവക്കപുല്ലാങ്കണ്ണിയിൽ
മിഴിയെഴുതാൻ ഹിമസുറുമ
കുമ്പള വള്ളിപോൽക്കുന്നിൻ നെറുക
തൊടും ബാല്യ വഴികൾ
പാവയ്ക്കപോൽ കയപ്പേറുമീ ജീവനിൽ
മധുരനെല്ലിക്കതൻ ഇനിപ്പായി ഓർമ്മകൾ
അവനിന്നു മാഞ്ഞു
മുറ്റത്തെ മാവും മുറിഞ്ഞു
നോക്കി നോക്കിയിന്നുമീ കുന്നേറുന്നു
കണ്ണുകൾ
തോട്ടുചാലിലെക്കണ്ണിയായ് പിടയ്ക്കുന്നു
ഉള്ളം


2019, ഒക്‌ടോബർ 29, ചൊവ്വാഴ്ച

എല്ലാവരിലുമുണ്ട്



എല്ലാവരിലുമുണ്ട്....!
എല്ലാവരിലുമുണ്ട് ഒരു ഇരുണ്ട ഇടം
അസൂയയുടെ
ഈർഷ്യയുടെ
ദാർഷ്ട്യത്തിന്റെ
ക്രൂരതയുടെ
അപ്പോഴും കനിവിന്റെ ഒരു വെളിച്ചം
കത്തിച്ച്
ഇരുളിനെ അകറ്റുന്നു
എല്ലാവരിലുമുണ്ട് ഒരു വെള്ളച്ചാട്ടം
ഉളളു തുരന്ന് ഉറവ യെടുക്കുന്ന
വെള്ളച്ചാട്ടം
സ്നേഹത്തിന്റെ
സാഹോദര്യത്തിന്റെ
പ്രണയത്തിന്റെ
ചിരിയുടെ ചില്ലകളിൽ പൂത്ത് അവ
സുഗന്ധം പരത്തുന്നു
എല്ലാവരിലുമുണ്ട് ഒരു അറിയാത്തുരുത്ത്
തൂക്കണാം കുരുവിയുടെ കൂടുപോലെ
ആടിക്കളിക്കുന്നത്
ദുഃഖത്തിന്റെ
മൗനത്തിന്റെ
ഏകാന്തതയുടെ
തണൽ തേടുന്ന വെയിലായി
ഇരുൾ മായ്ക്കുന്ന വെളിച്ചമായി
തിരിച്ചെത്തുന്ന ശബ്ദമായി
സ്വപ്നമെന്നതു പോലെ
ഇലപൊഴും പോലെ
അറിയാത്ത ഉറവിടങ്ങൾ തേടി
തിരിച്ചെത്താൻ വെമ്പുന്നത്

2019, ഒക്‌ടോബർ 27, ഞായറാഴ്‌ച

വിലാപവൃക്ഷം



ഇരുട്ട് പെയ്തു കൊണ്ടേയിരുന്നു
വിലാപവൃക്ഷം പോലെ അവളുടെ -
കണ്ണീരും
വിഹ്വലമായ മുഖം, ഇരുളിന്റെ സമുദ്രം
തീക്കാറ്റു ചുറ്റും
ഇനി കിനാവിൽ മാത്രം യാത്ര
ദു:ഖത്തിന് ചിറകുകളുണ്ടായിരുന്നെങ്കിൽ
അവ പാറിയകന്നേനെ
ചെന്നായപറ്റമാണ് ചുറ്റും
നാട്ടപ്പെട്ട നോക്കുകുത്തിയായ്
ഒരു ജന്മം
പതുങ്ങിയിരുന്ന പൊൻമ
കോരിയെടുത്തിരിക്കുന്നു
ജീവിത മത്സ്യത്തെ
ഊർന്നിറങ്ങാനുള്ള പിടച്ചിൽ മാത്രം
ബാക്കി
സെമിത്തേരിയിലെ മരങ്ങൾ
ജീവിതകാലം ഓർമ്മിപ്പിക്കുന്നു
വരണ്ടുപോയ പുഴയാണ് ഇന്ന് ജീവിതം

2019, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ആറ്റൂർ



ആറ്റിക്കൊഴിച്ചെടുത്ത വാക്കുകളെ
ആറ്റൂരെന്നല്ലാതെയെന്തുവിളിക്കും
വാക്കുകളുടെ വിപിനത്തിൽ,
വഹ്നിയിൽ, വാപിയിൽ
അനന്തമാംആകാശത്തിൽ
കവിതയുടെ കാതലുകളാൽ
കോറിയിട്ട ചിത്രങ്ങളെ
ജീവിത യാഥാർത്ഥ്യങ്ങളെ
ആർദ്രതയെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും.
അഴൽ ജീവിതങ്ങളെ
വിതുമ്പും മനസ്സിനെ
പുളിച്ചുപോയ ജീവിതക്കഞ്ഞി മോന്തീടുന്ന
അടുപ്പുകല്ലായെരിഞ്ഞടങ്ങുവോളെ
ത്രയും അറിഞ്ഞ കവിവര്യനെ
ആ മേഘരൂപനെ, ഒറ്റയാനെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും
നേരിന്റെ വഴികളിൽ
നിറനിലാവെളിച്ചമായ്
കാവ്യപുഷ്പമായുദിച്ച താരത്തെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും

2019, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

എന്നേ മരിച്ച ഞാൻ....!




അന്ന്,
ഒരു പൂമ്പറ്റയെപ്പേലെ പാറിപ്പറന്നു
പ്രണയത്തിന്റെ അലകടൽ തീർത്തു
സ്നേഹത്തിന്റെ ഭൂമിയും ആകാശവും -
പണിതു
സുന്ദരമായൊരു സ്വാതന്ത്ര്യം സ്വപ്നം -
കണ്ടു.
ഇന്ന്,
പപ്പും, പൂടയും പറിച്ച്
ഉപ്പും, മുളകും പുരട്ടി
നിന്റെ പാകത്തിന്
പൊരിച്ചെടുത്തില്ലെ
കാലിലൊരു കാണാച്ചരടിട്ട്
ചിന്തകൾക്ക് ചിന്തേരിട്ട്
വഴങ്ങാത്തതൊക്കെവശപ്പെടുത്തി
കാണാ കമ്പിയുടെ കൂട്ടിലടച്ച്
ചിരിയുടെ ചായങ്ങൾ കൊണ്ട്
ചുണ്ടുകളെ കെട്ടി
കണ്ണീരിനെ കാണാക്കയത്തിലൊളി -
പ്പിക്കാൻ മെരുക്കിയെടുത്ത്
ഇഷ്ടാനുസരണം മേയ്ച്ചു നടന്നില്ലെ
വളരാതിരിക്കാൻ വേരുകൾ പിഴുതു
പടരാതിരിക്കാൻ ശാഖകളും
ഭൂമിയും
ആകാശവും
കടലും
വർണ്ണപ്പെട്ടിയിലടച്ച്
സ്വർണ്ണമത്സ്യത്തെപ്പോലെ പിടിച്ചിട്ടില്ലെ
എന്നിട്ടും,
ആഹ്ലാദാ,ഭിമാനത്തോടെ നീ പറയുന്നു
രാജകുമാരിയെപ്പോലെ ജീവിതം!
ഞാനില്ലെങ്കിൽ നീ എന്താകുമായിരുന്നു?
എന്റെ അലച്ചിലെല്ലാം
നിന്നെ ഉയർത്തുക എന്ന ലക്ഷ്യം.
പക്ഷേ,
അറിയുന്നില്ലല്ലോ നീ
ആചിരി കരച്ചിലിന്റെ ബഹിർസുഫുരണമെന്ന്
ഇല്ലാതാക്കിയത് സർഗ്ഗ സാന്നിദ്ധ്യമെന്ന്
കരളിലൊളിപ്പിച്ച കൊച്ചു കൊച്ചു സ്വപ്നമെന്ന്
എന്നെ ഞാനാക്കുന്ന വർണ്ണങ്ങളെന്ന്
ഞാൻ എന്നേ മരിച്ച ഞാനെന്ന്.







2019, ഒക്‌ടോബർ 22, ചൊവ്വാഴ്ച

അവസാനം



അണിവിരലാണ്
കെണിയൊരുക്കിയത്
കെട്ടിപ്പിടിച്ചാണ്
രാജ്യം വെട്ടിപ്പിടിച്ചത്
ചിരിയുടെ കാലം
ചിതലെടുത്തു പോയ്
ചതിയുടെ ചിതയിൽ
വിറകായ് വാക്കുകൾ
ഓരോ ദിനവും
ഓരോ മാൻപേട
എരുവുള്ള ഇരയായി
സിംഹത്തിന് കാഴ്ച
വേട്ടക്കാരനൊരുക്കിയ
രാമരാജ്യം
ഇരയ്ക്കുള്ളതാണ്
വേട മൊഴി
പുണ്ണ്യ വചനം
പാനസുഖം എനിക്ക്
യാനസുഖം നിനക്ക്.
നൃപനാക്കേണ്ടയെന്നെ
കൃപ മാത്രം മതി
മണൽപ്പായയിൽ
അന്തിയുറങ്ങാൻ
നിളയോരം മാത്രം മതി

2019, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

പ്രതീക്ഷ



കൊടുങ്കാറ്റ്
നീ തന്നു
കൊടുംവേനലും
കൊതിതീരാതെ
പ്രളയം വിതച്ച് നീ
മരണം കൊയ്തെ
ടുത്തു
ഭയത്തിന്റെ
അഭയത്തിൽ ഞാനിന്ന്
യതിയും, വിരാമവും,
ചോദ്യവും, ചേതനയും
നീ തന്നെ
ഉണ്ട് പ്രതീക്ഷയുടെ
ഒരു ചെറുപക്ഷി
ചിറകനക്കി,
കൊക്കുരുമ്മി

2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

കാത്തിരിപ്പ്



യാചിച്ചത് അന്നത്തിന്
അനുവദിച്ചത്അടിവയറ്റിൽ
അഗ്നി
ഗണിച്ചതെല്ലാം തെറ്റ്
സർപ്പമിഴയുന്നു ചുറ്റും
കീറിപ്പോയി ഭൂപടം
ഇനി ഞാനേത് രാജ്യത്ത് ?
മൂടുപടംതരിക എനിക്ക്
കാലമേ
കത്തുന്ന ഉള്ളകം മറച്ചിടാൻ
ചിലമ്പുകൾ എന്നേ അഴിച്ചു
ചിലമ്പിച്ച സത്യങ്ങൾ ബാക്കിയായ്
നപുംസക ലിംഗങ്ങളെങ്ങും
പത്തി വിരിക്കുന്നു കൊത്താൻ
പൊത്തിലൊളിക്കുന്നു നീതി
പൊട്ടി മുളക്കും പുതു രീതി
പ്രണയമിന്ന് കയ്ക്കുന്ന മുന്തിരി
കാമക്കരിഞ്ചേര പാർക്കുന്നമാളം
മയിൽപ്പീലിപ്പേറുപോലാകുന്നു
മോഹം
വരയ്ക്കുന്നതൊന്നും തെളിയു-
ന്നതില്ല
തികട്ടുന്നതൊക്കെയും ചോരച്ചുവ
അന്നമൊരാർത്തിയായ് ഞാൻ
വന്നനേരം
വിശപ്പിന് നീതന്ന വിഷവിത്ത് മുളച്ചു
കാത്തിരിപ്പാണു ഞാൻ
ഈ വഴിയോരത്ത്
കാലന്റെ കയറിനായ് കാലൊച്ചയും
കാത്ത്

2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

രണ്ട് കവിതകൾ



നീ


പറിച്ചെറിഞ്ഞാലും
മുളച്ചുപൊന്തുന്നു നീ
കളയെന്നു പറഞ്ഞ്
കളയുവാൻ കഴിയുന്നില്ല
കള്ളം പറയരുതെന്ന് -
ഹൃദയം

ആഴം


കാത്തിരിപ്പിന്
സുഖമുണ്ട്
സൗന്ദര്യവും
വരാതാകുമ്പോഴാണ്
വേദനയുടെ
ആഴമറിയുന്നത്

വാൻഗോഗിനെ ഓർക്കുമ്പോൾ


വാൻഗോഗിനെ ഓർക്കുമ്പോൾ
ഓർമ്മച്ചായങ്ങൾ കൊണ്ട്
ഞാനെത്ര വരച്ചു നിന്നെ
ഓമൽ സ്വപ്നങ്ങളിൽ
കൊറിച്ചു നിന്നു
നിനക്കായ് പകുത്തു -
ഞാനെന്റെ കാത്
ചെത്തിച്ചുവപ്പായി
പൂത്തു നിന്നു
പ്രണയിനി നീയെന്റെ
കേൾവിയായി
കരൾ നിറച്ചീടുന്ന
സിംഫണിയായ്
സൂര്യകാന്തിപ്പൂവിനെ
സ്നേഹിച്ച സൂര്യനായ്
ഉച്ചിയിൽ ചൂടിയ
തീജ്വാല ഞാൻ
നിൻമിഴി ഞാനെന്റെ
കണ്ണാടിയാക്കി
സ്നേഹത്തിൻ മുറ്റത്ത്
കാത്തിരുന്നു
ഭ്രാന്തു പിടിച്ചൊരു
ലോകത്തിൻ മുന്നിൽ ഞാൻ
പ്രണയത്തിൻ നിറമാർന്ന
മഴനനഞ്ഞു
നീയെന്നിൽ തട്ടി മറിച്ചിടുന്ന
വർണ്ണനിറക്കൂട്ടുകൊണ്ടു ഞാനേ
തീർക്കുന്നു പ്രണയമഴവില്ലൊളി
കോർക്കുന്നു കുടമഞ്ഞിൻ
മൂർത്തരതി

2019, ഒക്‌ടോബർ 15, ചൊവ്വാഴ്ച

പ്രേമാക്ഷരം



നിന്റെ നക്ഷത്രക്കണ്ണിൽ
വരച്ചിട്ട അക്ഷരത്തിന്റെ
പേരെന്താണ്?
നീയെന്റെ ശിശിരത്തിൽ
തീക്കൊളുത്തിയവൾ
എന്റെ ഗ്രീഷ്മത്തിൽ
കുളിർ പടർത്തിയവൾ
ഏതു വേരിൽ നിന്ന്
പൊട്ടി മുളച്ചതീ മരം
തളിരിതളുകളാൽ വീശും
കുളിർ ചാമരം
എവിടെ നിന്നുറവിട്ടതീ
നീർച്ചാല്
വറ്റി തീർന്നെന്നു തോന്നുമ്പോൾ
കുതിച്ചു പായുന്ന കാട്ടാറ്
കയ്പും, ഇനിപ്പും
കറുപ്പും, വെളുപ്പും
കാടകം പൂകിയും
ആകാശമേറിയും
രക്തമാപിനികളിൽ
രസലായനിയായും
സ്വേദമേകുന്ന സ്വാദുമാകുന്ന
സ്നേഹാക്ഷരം
ഉറവയായെന്നുമൂറിനിൽക്കുന്ന
പ്രേമാക്ഷരം

2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

വിശപ്പ്



വിശന്ന വികാരങ്ങൾ
പങ്കുവെച്ചതിൽ
പിറന്നു വീണതാണീക്കുരുന്നുകൾ
പങ്കുവെയ്ക്കുവാനില്ല അന്നങ്ങൾ
കരഞ്ഞു തളരുന്നു വിശപ്പിൻ
നോക്കുകുത്തികൾ
കൊറ്റിനായ് വകയേതുമില്ല
കുറ്റമിതെന്റേതു തന്നെ
കുട്ടികൾ;എന്റെ കുരുന്നുകൾ
കഷ്ടമിതിങ്ങനെ ഭവിച്ചല്ലോ
കുരിശു ചുമക്കുന്നു ജീവിതം
വേരറ്റുപോയ,യീ പാഴ്മരം
എരിയുന്നു ദു:ഖത്തിന്നഗ്നിയിൽ
താഴുന്നു നിലയില്ലാക്കയങ്ങളിൽ
കുരുതി നൽകിടാമെന്നെ
എന്റെ കുരുന്നുകൾകന്നമാകുകിൽ
പിഴച്ചു പോയി, യീ ജന്മം
പഴി ചൊല്ലിയിട്ടെന്തു കാര്യം
പുഴുവായ് ജന്മമെങ്കിലോ
എത്രയും മെച്ചമായേനെ

2019, ഒക്‌ടോബർ 13, ഞായറാഴ്‌ച

കണ്ണീർക്കുടം



പെയ്യാതെ നിൽക്കുന്ന മഴമേഘംപോലെ
അവൾവീർപ്പുമുട്ടി
എങ്ങും വന്ധ്യവും ഏകാന്തവുമായ
തുരുത്ത്
നീരസത്തിന്റെ ഉറവകളാണെങ്ങും
എന്നോ ഖബറടക്കിയ കിനാവുകൾക്കു
മുകളിലെ
മീസാൻ കല്ലുപോലെ അവളരുന്നു
അതിർത്തികളാണെങ്ങും
വഴികളെല്ലാം തെറ്റു വഴികളാകുന്നു
തെറ്റു വഴികളോ അസ്വാതന്ത്ര്യത്തിന്റേതും
വരണ്ടുപോയി ജീവിതം
ദാഹനീർ തേടിയലയുന്ന വേരിന്റെ നിശബ്ദ
വിലാപം ഇലകളിൽ മർമ്മരമാകുന്നതുപോലെ
ഹൃദയതാളം മാത്രം ബാക്കി
ചിന്തകൾ ചിലമ്പിട്ടുതുള്ളുന്നു
അറുത്തുമാറ്റപ്പെട്ടവ എങ്ങനെ തിരികേ കിട്ടും?
ജന്മാന്തര ശാപമെന്ന കാലപ്പാമ്പ് -
കൊത്തുന്നുവോ?!
ഏതു നിമിഷവും അർന്നു വീണേക്കാവുന്ന
ഒരു കുടംകണ്ണീരേന്തിയ ഇലത്തുമ്പുപോലെ
അവൾ

2019, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

മോഹനം




പൊന്നൊളി തൂകും പൂവേ നിന്നുടൽ
മോഹനമായികരൂപം
മുഖമതിലോല കലാവൃതമല്ലോ
മുകിലൊളി മാഞ്ഞൊരു നേരം
കോമളരൂപിണി പ്രിയേ നീയും
കാമിതമാകും രൂപം

രാഗിണി നിന്നുടെ രാഗം മാറി
രാഗവിലോലിത രൂപത്തിൽ
ഉച്ചിയിലുഗ്രപ്രതാപം ചൂടി
തെച്ചിപ്പൂപോൽ നിൽക്കുന്നു
പൂവേ നിന്റെ സുഗന്ധം ഇന്നീ
തരുണിയിലല്ലോ പ്രസരിപ്പൂ

കലയുടെ കമ്പികൾ മീട്ടുന്നു നീ
കളകളരാഗം കാട്ടാറും
മഞ്ഞല പോലെ മനോഹരി പൂവ്
നീയോ മഞ്ഞിളവെയിലൊളി പോൽ
പ്രീയേ നീയെൻ ചാരെ നിൽക്കേ
നിർവൃതി തൻ പൊൻകതിർ ഞാനും

2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

അന്ന് 16.27 ന് റെയിൽവേ സ്റ്റേഷനിൽ



കണ്ടാൽ കോമളാംഗി
ഗുണവതിയെന്നു തോന്നും
ഗണിക്കാൻ കഴിയില്ലല്ലോ
ഗണികനു പോലും മനം
നാലരയ്ക്കുള്ള വണ്ടി ( 16.30)
നേരം നാലേ ഇരുപത്തിയേഴ് ( 16.27)
പാളം പോലെ നീണ്ടു നിൽക്കും -
സമാന്തരം ടിക്കറ്റിൻ വരി
ഒച്ചകൾ ഉച്ചത്തിലാണെന്നാലൊ
ഒച്ചുപോൽ വരിതൻ നീക്കം
വരിയിൽ നിൽക്കുവോരൊക്കെ
അഞ്ചിനുള്ള വണ്ടിക്ക് (1 7.00)
കണ്ണൂർ പാസഞ്ചർ തൻ ആനപോൽ
ചിന്നം വിളി
ഞെട്ടി ഞാൻ നഷ്ടമാകുമോ പാസഞ്ചർ
പാസാകുമോ
കോമളാംഗി കനിഞ്ഞില്ല ടിക്കറ്റു തരുന്നില്ല
മുന്നിൽ നിൽക്കുന്നോർക്കാണേൽ
ഇല്ലൊട്ടുംഅനിഷ്ടവും
വലയ്ക്കുള്ളിലിരുന്നാ നാരി
നരി പോലമറുന്നു
വണ്ടി നീങ്ങിടുമിപ്പോൾ
വണ്ടുകുത്തിയ പോലാമുഖം
മുന്നിൽ നിന്നൊരുചേട്ടൻ
കനിഞ്ഞു കൃശഗാത്രൻ
ടിക്കറ്റെടുത്തു തന്നു ഒരു കൈ -
സഹായമായ്
കിട്ടാക്കനിയീ ജോലി
കരയും ആദ്യം ചിലർ
ജോലി കിട്ടിയാൽ പിന്നെ
മുളയ്ക്കും തേറ്റയും, കൊമ്പും,

2019, ഒക്‌ടോബർ 8, ചൊവ്വാഴ്ച

പ്രണയം



കിട്ടാത്ത
വാക്കുകളുടെ
പേരാണ് നീ
     (2)
നീയെന്നിലേക്ക്
ഒരു മൊട്ടു നുള്ളിയെറിയുക
ഞാൻ നിന്നിലേക്ക്
ഒരു വസന്തമായി വിരിയാം



2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

ഇങ്ങനെയൊക്കെയല്ലാതെ



ഓർക്കുന്നുവോ രാധേ, ഓർത്തോർത്തു
നമ്മള,ന്നാർത്തരായുള്ള രാത്രികൾ
ഒട്ടുമേയില്ല സമാധാനമെങ്കിലും
സമാധിയിലെന്ന പോലന്നു നാം
സാന്ദ്ര ചന്ദ്രിക പോലെപ്രേമ നിലാവു -
പെയ്തുള്ള രാവുകൾ
മൗനമായി നീ അകലെ വിങ്ങുമ്പോൾ
മമതയേറുന്ന നേരങ്ങൾ
മഞ്ഞു പെയ്യുന്ന മനസ്സിൽ ,കുളിരുകോരും -
നിമിഷങ്ങൾ
തരളമാനസ്സരായി പിന്നെ നാം
അരികിലിരുന്ന നേരങ്ങളിൽ
കഴിഞ്ഞതോർത്തോർത്ത് മിഴി നിറച്ചുള്ള
ഹൃദയയാനത്തിൻവേളകൾ
വിമലേ, യെങ്ങിനെ വിസ്മരിക്കും നാം
വിമലരാഗ നേരങ്ങൾ
പ്രണയലോലരായ് പുണർന്നുനിൽക്കവേ
മറന്നു ലോകത്തെയന്നു നാം
കടലലപോൽ കുതിച്ചുപൊങ്ങുന്ന പ്രണയ
ഹർഷത്തിലപ്പോൾ നാം
ഇപ്പൊഴോർക്കുമ്പോൾ അത്രമേലിഷ്ടം
എത്ര സുന്ദരനാളുകൾ
ഇന്ന് ഇവിടെയീ ഏകാന്തതീരത്ത്
ചിന്തതൻ ചേരപാമ്പു പുളയുമ്പോൾ
സ്വപ്നദൃശ്യമാ,മാനല്ല നാളുകൾ
അത്രമേലിഷ്ട മോടെയോർത്തിടാം


2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

ഒരിക്കൽ കൂടി



കണ്ണീരുപ്പ് കഞ്ഞിയായിരുന്ന കാലം
വിയർപ്പിന്റെ ഉപ്പ് ദേഹത്ത് വിളഞ്ഞി-
രുന്ന കാലം
ഞങ്ങൾക്കു വേണ്ടി ഒരാൾ ഉപ്പു കുറു-
ക്കാൻ പോയി
പിന്നിൽ സമുദ്രം പോലെ ജനങ്ങളും
ആ മെലിഞ്ഞ കൈകൾക്ക്
തട്ടി മാറ്റാൻ കഴിയാത്ത വിലങ്ങുകളില്ലാ-
യുന്നു
ആ അർദ്ധനഗ്നശരീരം ഞങ്ങളുടെ -
പ്രതീകമായിരുന്നു
ആ പുഞ്ചിരി അധികാരികൾക്ക്
അങ്കലാപ്പും.
ഉപ്പുകുറുക്കിയ ആ കൈകളിൽ
ലോലമായ ലവണമൊട്ട് വെള്ള പതാക-
യുയർത്തവേ
കാരിരുമ്പും,കൻമതിലുമുയർത്തിയ
അധികാരികൾക്ക് കഴിഞ്ഞില്ല
ആ ലവണ പുഞ്ചിരിയേ മായ്ക്കാൻ
സ്വാതന്ത്ര്യത്തെ തടവിലിടാൻ
അവകാശത്തെ ആറ്റികുറുക്കാൻ
അന്യന്റെ അകത്തളത്തിൽ നിന്ന്
അധികാര ദണ്ഡും ഉപേക്ഷിച്ച് പോകാ-
തിരിക്കാൻ
എന്നിട്ടും;
ഇത്രയും വർഷമായിട്ടും
നാം തന്നെ നമ്മേ ഒറ്റിക്കൊടുക്കുന്നല്ലോ!
ഉപ്പിന്റെ വെള്ളക്കൊടിയെ രക്തം
കൊണ്ട് ചുവപ്പിക്കുന്നല്ലോ
നീ ഈ നാട്ടുകാരനേയല്ലെന്ന് പറയുന്നല്ലോ.
ഇന്നിപ്പോൾ ദണ്ഡിയിലേക്ക് പോകേണ്ടിയി-
രിക്കുന്നു
ഗാന്ധിയുടെ ഉപ്പിന്റെ വെളുപ്പ് പതാക ഉയർ
ത്തേണ്ടിയിരിക്കുന്നു
നാം തന്നെ നമ്മിൽ സ്നേഹവും, സമത്വവും
ഉപ്പിൽ വിളയിച്ചെടുക്കേണ്ടിയിരിക്കുന്നു



2019, ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഒക്ടോബർ



സത്യം വെടിയേറ്റു വീണതാദ്യം
ഓർമ്മയിൽ ഓടിയെത്തുന്നു
ആ മഹാസ്വാധിതൻ ജന്മനാളെന്ന്
പിന്നെയേ ഓർമ്മയിലെത്തു
അന്നു തൊട്ടിന്നോളം മൃതിയുടെ താണ്ഡവം
കൂടി വരുന്നതേയുള്ളു.
ദീപാവലികൾതൻ പൂരമാണെങ്ങും
ഉളളിൽ കനക്കും വെടിമുഴക്കം
ജന്മനാളാഘോഷിച്ചാർക്കുന്നു കുട്ടികൾ
വിദ്യാലയങ്ങൾക്കവധി
ഉദ്യോഗ മുള്ളോർക്ക് ഉല്ലസിച്ചീടുവാൻ
ആപ്പീസുകളെല്ലാമവധി
കന്നിക്കൊയ്ത്തുകൾ കണ്ടങ്ങൾ തോറും
കർഷകർ നെട്ടോട്ടമെങ്ങും
പ്രണയപ്പിറാവുകൾ ചേർന്നു പറക്കുന്നു
വെൺ ചിറകെങ്ങുമേവീശി
തട്ട മുട്ടിയെത്തിടും തുലാമേഘപയ്യുകൾ
വാനിടം ഉത്സവ തിമർപ്പിൽ
ആകെയൊരവിയൽ പരുവമായ് പോകുന്നു
എങ്ങും കലപില ശബ്ദം