malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, ഡിസംബർ 27, ഞായറാഴ്‌ച

പേര്


പ്രിയേ,
കാലം കരുതിവെച്ച കായ്കനികൾ
നാം ഭക്ഷിക്കുക തന്നെ ചെയ്യും !

വാകപ്പൂവിൻ്റെ ചുവപ്പാലും, മഞ്ചാടി -
മണികളുടെ ത്രസിപ്പാലും
സ്നാനം ചെയ്യപ്പെട്ടവർ നമ്മൾ

നാം നമ്മിൽ തമ്മിൽ വരച്ചു ചേർത്ത
രക്തഛായയ്ക്ക്
പ്രണയമെന്നല്ലാതെ മറ്റെന്തു പേരിട്ടു -
വിളിക്കും

2020, ഡിസംബർ 26, ശനിയാഴ്‌ച

വാക്ക്


എന്നോ ഞാനെഴുതിയ
കവിതകളോരോന്നായ് തിരിച്ചുവരുന്നു
ഒന്നിന് മൂക്കില്ല
ഒന്നിന് മുലയില്ല
മറ്റൊന്നിന് വിരലില്ല
വേറൊന്നിന് നാവില്ല
ഇനിയും വേറൊന്നിന് മിണ്ടാട്ടമേയില്ല

എങ്ങോട്ടായിരിക്കും ഇവയൊക്കെ ഇറങ്ങി -
പോയിട്ടുണ്ടാവുക?
എങ്ങുനിന്നാണ് വന്നിട്ടുണ്ടാവുക?
കാശ്മീരിൽനിന്നോ
ഉന്നാവിൽനിന്നോ
ഹൈദരാബാദിൽനിന്ന്
ത്രിപുരയിൽനിന്ന്
ജെ.എൻ.യുവിൽ
ജാമിയാമിലിയിൽ
ഇല്ല, എനിക്കറിയില്ല.

ഞാൻകേട്ട നിലവിളികൾ:
ദേവാലയത്തിന്റെ അകത്തളത്തിൽനിന്ന്
തെരുവീഥിയിൽനിന്ന്
കുറ്റിക്കാട്ടിൽനിന്ന്
അഗ്നിയിൽനിന്ന്
കരവാളത്തിൽനിന്ന്
രാത്രിയുടെ ശിഖരത്തിൽനിന്ന്
പുലരിയുടെ മഞ്ഞിൻ തലപ്പിൽനിന്ന്
ഇവരുടേതായിരിക്കുമോ?

ഞാനെല്ലാറ്റിനേയും ഒന്നുകൂടി സൂക്ഷിച്ചുനോക്കി
അപ്പോഴാണറിഞ്ഞത്
വാക്കുകൾ
വെറും വാക്കുകളല്ലെന്ന്
വാളിനേക്കാർമൂർച്ചയുണ്ടെന്ന്
വാക്ക് വരകളെന്ന്
നോക്കിൽ ചിത്രങ്ങളെന്ന്
ആശയവിനിമയോപാധിയെന്ന്
ചിലരുടെ ഉറക്കം കെടുത്തുന്നുവെന്ന്

ഈ പ്രായത്തിലും
നിസ്സാരനീ നിന്റെ ചോരയ്ക്ക് ഇത്രയുംതിളപ്പോ?!
കവിതകളെല്ലാം വട്ടംചുറ്റിനിന്ന് ചോദിക്കാതെ -
ചോദിക്കുന്നു.

ഇനിയെന്നായിരിക്കും
അവർ എന്നെത്തേടിവരുന്നത്.
.....................
രാജു.കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട് .പി.ഒ
കരിമ്പം .വഴി
തളിപ്പറമ്പ്- 670 142
കണ്ണൂർ ജില്ല
കേരള
ഫോൺ: 9495458138

2020, ഡിസംബർ 24, വ്യാഴാഴ്‌ച

മന്നിലെ സ്നേഹപ്പുൽക്കൂട്ടിൽ.....!


മഞ്ഞു പൂക്കുന്നൊരു നാളുവന്നു
മഞ്ഞക്കിളികളും കൂട്ടു വന്നു
മൗനങ്ങളെല്ലാമെ പോയ്മറഞ്ഞു
മന്ദാര പൂങ്കാറ്റും പെയ്തു നിന്നു

മന്നിലെ സ്നേഹപ്പുൽക്കൂട്ടിലന്ന്
മന്നനാമേശുഭൂജാതനായി
മന്ദസ്മിതം തൂകി വാനിടത്തിൽ
മന്ദംഗമിപ്പു നക്ഷത്രമൊന്ന്

മണ്ണിതിൽ ശാന്തി സമാധാനത്തിനായ്
മനതാരിൽ സത്യസരയുവാകാൻ
മിഴിവേറും സ്വപ്നങ്ങൾ പങ്കുവെയ്ക്കാൻ
മന്നനാമേശു ഭൂജാതനായി


സുഗതകുമാരി



അമ്മേ കവിതേ,
വിശുദ്ധിതൻ അമ്പലമണിമുഴ-
ക്കമായ്നീയെന്നിൽ നിറയുന്നു
തുലാവർഷപ്പച്ചയായ് ,ക്കുറിഞ്ഞിപ്പൂക്കളായ്
രാത്രിമഴയായെൻ വിങ്ങും നെഞ്ചിൻനടവരമ്പിൽ
കൃഷ്ണകവിതയായ് പൂത്തുനിൽക്കുന്നു

അമ്മേ കവിതേ ,
നിൻ കവിതതൻ മുത്തുച്ചിപ്പിയിൽ നിന്നും
ഒരു മുത്തു പോലുമെടുക്കാൻ ഞാനശക്തൻ
കലർപ്പറ്റ കവിതതൻ ഉറവയായ്
അറിവിൻ നിറകുടമായ്
പ്രകൃതിയാമമ്മയ്ക്കുമമ്മയായ് !
സ്നേഹമായ് ശക്തിയായ് കാത്തുരക്ഷിപ്പ -
വൾനീ

അമ്മേ കവിതേ,
ശാന്തികവാടത്തിലെങ്കിലും
ഒഴിയാത്തൂലികയായ് നീയെന്നിൽ വിരാജിക്കും
സുഗതവാക്യമായെൻ ഹൃദയ തന്ത്രിയിൽ
മീട്ടി നിൽക്കും കാവ്യതന്തു

2020, ഡിസംബർ 23, ബുധനാഴ്‌ച

കവിയും,കവിതയും


കാണുന്നതെല്ലാം സത്യമെന്ന്‌ -
കരുതിയേക്കരുതേ...!
കവിതയും!
കവിക്കുള്ളിലെ കലങ്ങിയ കിണ -
റാണ് കവിത
കവിതയ്ക്കുള്ളിലെ,യാഴം ഉരുണ്ടഭൂമി
പരന്നു കാണുന്നതുപോലെയും.

ഒരിക്കലും ജയിക്കാത്ത ഒരു കളിയിലാണ് -
ജീവിതം ഏർപ്പെട്ടിരിക്കുന്നത്
കൗരവരുടെ ദുരാഗ്രഹത്തിൻ്റെചൂതുകളി -
യിൽ
വിജയമെന്ന് തോന്നിക്കുന്ന ചിലതൊക്കെ -
കാണും
പാണ്ഡവരുടെ സത്യമാകുന്നു മരണം

കളിക്കളത്തിൽ കൂടെയുണ്ടെന്ന തോന്നലി-
ലാണ് നാം കളിക്കുന്നത്
കവിതയെന്നും ഒറ്റയ്ക്കാണ് !
ഏറ്റെടുത്തവരൊക്കെ കയ്യൊഴിയും
യേശുവിനെ ഒറ്റുകൊടുത്തതുപോലെ

മരിച്ചവൻ്റെ ഉയിർത്തെഴുന്നേൽപ്പാണ് -
കവിത

2020, ഡിസംബർ 16, ബുധനാഴ്‌ച

ആത്മഗതം


കടല കൊറിച്ചു കൊണ്ട് നിങ്ങൾ
കടലിനെക്കുറിച്ചും പ്രളയത്തെക്കുറിച്ചും
സംസാരിക്കുന്നു
എത്ര നിസ്സാരം
കൈയിൽ പറ്റിയ ചളി കഴുകികളയുമ്പോലെ
സാധാ ജീവിതത്തിലെത്തിക്കുവാൻ കഴി-
യുമെന്ന് വീമ്പിളക്കുന്നു.

അതേ കടലകൊറിച്ചു കൊണ്ട് നിങ്ങൾ
കടത്തേക്കുറിച്ചും രാജ്യത്തെ പൊതുസ്ഥാപ
നങ്ങൾ വിൽക്കുന്നതിനെക്കുറിച്ചുംസംസാരി
ക്കുന്നു
എത്ര ലാഘവത്തോടെ
അനിവാര്യമായതെന്ന് അടിവരയിട്ട് അഭിനന്ദി
ക്കുന്നു.

ജനതയുടെചിന്തയുടെ പഴുതടയ്ക്കാൻ പരിശ്ര
മിക്കുമ്പോൾ
ഒന്നോർത്തോളു
നിങ്ങളുടെ അടിത്തറകൂടിയാണ് ഇളക്കുന്നത്.

ചിലരുണ്ട് ചാനലിൽ ചാരിനിന്ന് ചർച്ചിച്ച് -
ചർച്ചിച്ച്
ചതി തന്നെ ചിതമാക്കിയവർ
അവരറിയുന്നില്ല
അവന്റെ പണിയാലയിലേക്ക് ഒഴുകുന്ന
പണം കൊണ്ട് ഉലയിൽ പഴുപ്പിച്ച് നിട്ടിയും,
കുറുക്കിയും എടുക്കുന്നതു പോലെ തന്നെ
യായിരിക്കും തന്റേയും അവസാനമെന്ന്!

'വാളെടുത്തവൻ വാളാലെന്ന് ' കോപ്പിയെഴുതി
പഠിച്ച നീയിന്ന്
പഠനമുറിയിലിരുന്ന് കപട ഗ്രന്ഥങ്ങൾ രചിക്കുന്നത്
കാലത്തിന് രുചിക്കുന്നില്ലെന്ന് ഒരിക്കൽ തിരി -
ച്ചറിയും
നിന്റെ ജാലക കാഴ്ചയല്ല ഭാവിയുടെ ജാതകം ഗണിക്കുന്നത്
നിന്റെ ജാതകം തന്നെ നിന്റെ അന്തകനെന്ന്
നീ തിരിച്ചറിയാതിടത്തോളം കാലം

2020, ഡിസംബർ 14, തിങ്കളാഴ്‌ച

പ്രതീക്ഷ

 

പ്രതീക്ഷ

മുതുക് മുന്നേ കുനിഞ്ഞുപോയ്
പ്രാണനും കൈയിൽപിടിച്ചാണ് നടപ്പ്
വേട്ടയാടുന്നു വാക്കിൻ്റെ വടുക്കൾ
വേടൻ്റെ അമ്പിൻ മൂർച്ച ഇതിലും ഭേദം

ഇന്നോളമറിഞ്ഞില്ല ഒരു രുചിയും
ഇന്നോളമേറ്റില്ല ഒരു തണുവും
തുണയില്ലാതെ തളർന്നു പോയവൻ
പഴന്തുണിക്കെട്ടായ് മാറ്റിയിടപ്പെട്ടവൻ

തിരസ്കാരങ്ങളിലേക്കു തിരിച്ചു
ചെല്ലാനില്ല
ജാടയും, നാട്യവുമറിയില്ല
വിലാപങ്ങളുടെ വിളിപ്പുറം എൻ്റെ ഭവനം
മുറിവുകൾ ഒരുക്കിത്തരുന്നു,യെനി-
ക്കു ശയ്യ

വാക്കുകൊണ്ടു നിങ്ങൾ വേരറുക്കുന്നു
വേഗത്തിലാഴുമെന്നതിനാൽ.
ജീവിതത്തിൻ്റെഏതു തിരിവിൽ
വെച്ചായിരിക്കും
എന്നെയൊരു ഗർജനം സ്നേഹത്തോടെ
സ്വീകരിക്കുക!

2020, ഡിസംബർ 10, വ്യാഴാഴ്‌ച

കണ്ണുപൊത്തിക്കളി


കളികളൊക്കെയും
കാട്ടുമുല്ല പൂത്തകാവിനടുത്തായിരുന്നു
കളിക്കൂട്ടുകാരൻ അച്ഛനായിരുന്നു
കണ്ണു പൊത്തിക്കളിയിൽ
ഞാൻ കാക്കയായിരുന്നു

ഒന്ന്, രണ്ട്, മൂന്ന്.....പത്തെണ്ണി
ഒളിച്ച,യച്ഛനെ തിരയാൻ പോകും
കള്ളിമുള്ളിനുള്ളിൽവരെ കാക്കതിരയും
കണ്ടു കിട്ടില്ല ഒരിക്കലും, സാറ്റ് പറഞ്ഞ് -
അടുത്തുള്ള സീറ്റിലിരിപ്പാകും അച്ഛൻ.

അന്നുമാദ്യം നറുക്ക് വീണതെനിക്ക്
കാക്കയായ് കണ്ണുപൊത്തി
കാക്കച്ചിറകു വീശി, കാക്കക്കണ്ണാൽ
നോക്കി
കണ്ടില്ലയെങ്ങും സാറ്റ് വിളിയുയർന്നില്ല
നേരം പോയി നിഴലു ചാഞ്ഞു

കരഞ്ഞു വിളിച്ചു , വീട്ടുകാർ കൂടി
കാവിനകത്ത് കാട്ടു മുല്ലയ്ക്കരികിൽ
കണ്ണുപൊത്തിചാഞ്ഞു കിടക്കുന്നുവച്ഛൻ
അച്ഛന് ശംഖുപുഷപത്തിൻ്റെ നിറം

ഇന്ന്, കാവില്ല
കാവിനടുത്ത് കാട്ടാറില്ല
കാട്ടുമുല്ലയതിരിട്ടു നിൽക്കുന്നില്ല
ഒരു ശംഖുവരയനെങ്കിലുമെന്നെയൊന്നു
തീണ്ടിയെങ്കിൽ.....

2020, ഡിസംബർ 9, ബുധനാഴ്‌ച

അടയാളം


പിരിയാൻ മടിച്ച മനസ്സ്
പിണഞ്ഞു കിടന്നിരുന്നു
ശരീരം പറഞ്ഞു:
സമയമായ് നമുക്ക് പിരിയാം

പിരിയാതെ തരമില്ല
മാടി വിളിക്കുന്നുണ്ട് പട്ടിണി

കൂട്ടുകാരാ, ഒരിക്കൽ നാം കണ്ടുമുട്ടും
എന്നാണെന്ന് ചോദിക്കരുത്
കൊച്ചു നാളിലെ നഗ്നത പോലെ -
യെനിക്കു നീ പ്രിയം

പ്രിയപ്പെട്ടവർ മൺമറഞ്ഞു
മനസ്സിലുണ്ട് നീ തന്ന ഉപ്പും ,ചോറും
നൊന്തു പെറ്റതല്ലെങ്കിലും
നോവുന്നൊരമ്മ മനസ്സ്
ഇന്നും പേരുചൊല്ലി വിളിക്കാറുണ്ട്

അമ്മേ, നീയാണെൻ്റെ -
ഉയിര്,
ഉൺമ

കൂട്ടുകാരാ, ഒരിക്കൽക്കൂടി
നമുക്കാ ബാല്യത്തിലേക്കു പറന്നു -
പോകണം
ഓർമ്മയുടെ ഒറ്റത്തൂവൽ പൊഴിച്ചിടണം
മരിച്ചാലും മറക്കാതിരിക്കാൻ
ഒരടയാളം

2020, ഡിസംബർ 8, ചൊവ്വാഴ്ച

കർക്കിടക മഴയിൽ

 


കർക്കടകത്തിൻ്റെ കുടില ബുദ്ധിയിൽ
നിഷാദനുണരുന്നു
കാറ്റിൻ്റെ കൂരമ്പിനാലെൻ്റെ കുടിലു-
തകർക്കുന്നു
സമുദ്രതാളമെൻ നെഞ്ച്
പറക്കുന്ന പക്ഷിയെൻ മനസ്സ്

പൊള്ളിയടരുന്നു കാല്
പൊടിപോലും കാരുണ്യമില്ലാത്ത കാലം
ഉഷ്ണമാപിനിയാകുന്നു ശരീരം
ഉഷസിൻ്റെ പക്ഷി ഇരുട്ടിൻ്റെ തടവറയിൽ

നരച്ചുപോയി മോഹം
നുരച്ചുപൊന്തുന്നു കണ്ണീർ
സെമിത്തേരിയിൽ ഇരുമ്പു ഗെയ്റ്റിൻ-
ശബ്ദം
മോഹത്തിൻ്റെ ഉതിർന്നു വീണ പുഷ്പം

അശാന്തിയുടെ ആരവങ്ങളെങ്ങും
ചിറകരിഞ്ഞ പക്ഷിയായ് മണ്ണ്
വാ തുറന്ന കർക്കടകം
ബകനായ് നിന്ന,ലറുന്നു

2020, ഡിസംബർ 6, ഞായറാഴ്‌ച

രണ്ടു കവിതകൾ


മനസ്സ്


ഉപരിമുഖത്തിൻ്റെ
പ്രശാന്തതയിൽ
ഭ്രാന്തിനെ ഒളിപ്പിച്ച
തമോഗർത്തം


വാക്ക്


ഉച്ചരിക്കാത്ത
വാക്കിനാണ്
ഉച്ഛലിതമുഴക്കം

2020, ഡിസംബർ 4, വെള്ളിയാഴ്‌ച

ഒറ്റവരികൊണ്ട്.......!


ഒറ്റവാതിലിന്നോരത്ത്
പിടഞ്ഞു വീഴുന്ന രണ്ടു
മഴത്തുള്ളികൾ

ഏകാന്തതയെരിച്ചു
കൊണ്ടിരിക്കുന്ന
ഒരു നെരിപ്പോട്

ഇരുട്ടിനെ കെട്ടിപ്പിടിച്ച്
കടൽത്തീരത്തുവാസം

രാവും, പകലും,
ഉള്ളകം പൊള്ളിക്കുന്ന
ഉഷ്ണഭൂമിയിൽ നടപ്പ്

നിലാവിൻ്റെ നീലവെളിച്ചം
അന്യമായ
കണ്ണുപൊട്ടിയ കാട്ടു പക്ഷി

വെയിലിൻ്റെ തണുപ്പ്തിന്ന്
ശിശിരവേരിൻവേവുതിന്ന്
മഴതാണ്ടി, മരുതാണ്ടി
തണലുതേടും പക്ഷി

പെണ്ണേ ,യെന്നാണിനി
മൗനത്തിൻ്റെ കുടമുടച്ച്
പാട്ടിൻ്റെ ഒറ്റവരിതൊടുമ്പോൾ
പെട്ടെന്ന് പൂത്തുലയുന്ന
മരമാകുന്നത്


എഴുതാത്ത കവിത

 



എഴുതാത്ത കവിതയായീവഴിത്താരയിലൊ
റ്റയ്ക്കു ഞാനിന്നു നിൽപ്പൂ
ബാല്യമെൻ കൈവിരൽത്തുമ്പിലൂഞ്ഞാലാടി
പിച്ചവെച്ചീടാൻ ക്ഷണിപ്പൂ

പൊട്ടിത്തരിച്ചു വിരിഞ്ഞു നിൽക്കുന്നൊരു
പൂവിനെ ഞാൻ നോക്കി നിൽക്കേ
നാണം തുളുമ്പുന്ന കൗമാരമെൻകരം ചുറ്റി -
പ്പിടിച്ചൂ വലിപ്പൂ

വാസന്ത പ്രണയമെൻ മനതാരിൽ മായിക
ചിത്രം വരയ്ക്കുന്ന നേരം
വാകമരച്ചോട്ടിൽ ചുവന്ന പട്ടാംബരം ആരോ
വിരിച്ചിട്ടപോലെ

സാന്ധ്യപ്രകാശങ്ങൾ ചില്ലയിൽ ചുംബന
മുദ്രകൾ ചാർത്തുന്ന നേരം
കുളിരന്തിമലരായി, ഒരു യുവ സന്ധ്യയായ്
കുതിക്കുന്നു യെന്നിലേ ഞാനും

പിന്നെയീസന്ധ്യമറയുന്ന നേരത്ത്
വെണ്ണിലാച്ചിരിയെന്നിൽ നിന്നൂർന്നു പോകുന്നു
ഏകാനായീവഴിത്താരയിൽ നിൽക്കവേ
കൂട്ടിന്നു വന്നു നിൽക്കുന്നു വിഷാദം

ഭയം


രസമാപിനിയിലെന്ന പോലെ
ഭയത്തിൻ്റെ കയറ്റിറക്കങ്ങൾ.
മനസ്സിലൊരു മുയൽക്കുഞ്ഞ്
അണച്ചു കൊണ്ടു നിൽക്കുന്നു

അടിമുടി പൊട്ടുന്നുവിയർപ്പിൻ്റെ
വേരുകൾ
വാചകത്തെ ഏതോ വഴിയിൽ
വെച്ച്
കുരുക്കിട്ടു പിടിക്കുന്നു
വാക്കിൻ്റെ സ്തൂപികാഗ്രത്തിൽ -
തട്ടിയ ഒരു വായുവിന്
ഭാഷാന്തരം സംഭവിച്ച് തിരിച്ചറി-
യാതെ പോയി

ആത്മഹത്യ ചെയ്തചില വാക്കുകളെ
വലിച്ചെറിഞ്ഞിരിക്കുന്നു
അനാഥ ശവങ്ങളെപ്പോലെ
മരണത്തിൻ്റെ ചിത്രം മാത്രം വരയ്ക്കു-
ന്നു മനസ്സ്

ഭയത്തിൻ്റെ മദപ്പാട് വന്ന്
വാക്കുകളെ ഏതോ പ്രാചീന കാലത്തേക്ക്
വഴി തെറ്റിച്ചു വിടുന്നു
എവിടെയായിരിക്കും വാ തുറന്ന വ്യാഘ്രം
നടക്കല്ലിറങ്ങിയ ഒരു വാക്കിനെ
എങ്ങും കാണാനില്ല !


2020, ഡിസംബർ 2, ബുധനാഴ്‌ച

നിന്നിൽ നിന്നും ഞാൻ


സഖി നിൻ പ്രണയത്തിന്നപൂർവ്വ-
സുഗന്ധത്തിൽ
മയങ്ങി നിൽപ്പേനെന്നനുരാഗം
ഇന്നീ നിമിഷം വരെ ഞാനൊരു -
തിരസ്കൃത തീരം
നീയെന്നിലണയവേ സാന്ദ്രഹരീ -
തിമ താഴ് വാരം

നവനീത മനോഹരി നീ പ്രകൃതി
അമ്മയും, മകളും, പ്രണയിനിയും നീ
നിൻ പൂങ്കവിൾ തുടുപ്പിൽ വിടരും -
പ്രഭാതം
ചെഞ്ചൊടിത്തുമ്പിൽ നിന്നുതിരും -
മധുര ഗാനം

പ്രിയേ, നീയെൻ പവിത്രരാഗ സരിത്ത്
എന്നെയോമനിക്കും പ്രാണത്തുരുത്ത്
അത്താമരമലർമടിയിൽ മയങ്ങുന്നു - ഞാനാ,മരയന്നം
പുതുകാലത്തിൻ മാദകമന്ദസ്മേരം

അരുണിമയാർന്നൊരു പനിനീർപ്പൂവേ
ഉൾത്തൃഷയാർന്നൊരു കടലേ
ആ ഹൃൽ സ്പന്ദനമെന്നിൽ പുതിയൊരു
ജീവനനീഡം തീർക്കേണം

2020, ഡിസംബർ 1, ചൊവ്വാഴ്ച

കുരിശുപാത


നാക്കിലയായ്
അറുത്തെടുക്കുന്നു നാവ്
അവസാനത്തെ
വാക്കിൻ്റെപക്ഷിയും കൂടൊ-
ഴിഞ്ഞു പോയി

ഉടൽ ഉഴുതുമറിച്ചിട്ട പാടം
എഴുതാപ്പുറം വായിക്കുന്നു
അധികാരം
ഇരയുടെ എരിവു നുണഞ്ഞ്
വേട്ടക്കാരൻ

ഇടുപ്പിലെ എരിതീയിൽ
പ്പൊരിയുന്നു ഇര
ആജ്ഞയുടെ നാവുകൾ
അജ്ഞത നടിക്കുന്നു

കറുത്തവാവുകൾ
കിളുന്തുമാംസം ചുട്ടുതിന്നുന്നു
പൊള്ളുന്ന മനസ്സുകളെ
നിങ്ങൾക്ക് കുരിശിൻ്റെ പാത

പോക്കറ്റ്


ഹൃദയത്തിൽ
ഇടയ്ക്കിടേയൊന്നു
തൊട്ടു നോക്കാനായിരിക്കണം
ഷർട്ടിൻ്റെ പോക്കറ്റ്
ഇടതു വശത്തുതന്നെ എപ്പോഴും
തുന്നിവെയ്ക്കുന്നത്

പിറന്നാളോർമ്മ


അടുപ്പിൽ ചേരയാണ് വാസം
കവിതയുടെ നൃപന്
അറുതിയില്ലാത്ത വറുതി
വരുതിന്ന് വിറച്ചതാണ്
പിറന്നാളിൻ്റെയോർമ്മ

ഉത്സവപ്പറമ്പ്
എൻ്റെ കണ്ണീർക്കളം
നിറമുള്ള പീപ്പികൾ, ബലൂണുകൾ
കിട്ടാക്കനി

ഭൂതകാലത്തിൻ്റെ വിത്തിന്
വർത്തമാനമില്ലാതെ, മൂകം
ഭാവി തമം

കണികണ്ടെഴുന്നേറ്റത്
പൊട്ടാൻ വെമ്പുന്ന മാലപ്പടക്കത്തി-
ലേക്ക്
പൊട്ടിത്തെറിച്ചത് മോന്താഴത്തിലേക്ക്
അച്ഛനുള്ളതിനാൽ
വീട് വെണ്ണീറായില്ല

വെണ്ണീറായത് അച്ഛൻ
കത്തിയമർന്നത് എൻ്റെ സ്വപ്നങ്ങൾ

മഴ പ്രണയം


ഇഷ്ടങ്ങളുടെ കനത്തമാറിലേക്ക്
അവളെന്നെ ചേർത്തു നിർത്തുന്നു
നിറമുള്ള നൂലുകളാൽ പരസ്പരം
തുന്നിച്ചേർക്കുന്നു
മിഴിയിലെ മീൻപിടച്ചൽ
ചുണ്ടിലൊരിക്കിളിയായിഴയുന്നു

പ്രണയമായ് പെയ്തിറങ്ങുന്നു
നാണമായ് ചാറിനിൽക്കുന്നു
സങ്കടക്കടലാകുന്നു
ഒഴിയാത്തിരയായെന്നില,ലയടിക്കുന്നു

ചില നേരങ്ങളിൽ ചുണ്ടോടു ചുണ്ടു
ചേർത്ത്
നനഞ്ഞിറങ്ങാറുണ്ട്
വിരലാലൊന്നുതൊട്ട് ഓടിപ്പോകാറുണ്ട്
പൊടുന്നനെവന്ന് കുളിരിൻ്റെ മധുരംതന്ന്
ആരും കാണാതെ നൊട്ടി നുണയും

നീരക്ഷരത്താൽ നീയെത്രയെഴുതിയെന്നിൽ
പ്രണയമെന്ന്
കുട്ടികളെപ്പോലെയാണു നീ
പെട്ടെന്ന് ചിരിക്കും
പെട്ടെന്ന് കരയും
എല്ലാം മറന്ന് വാരിപ്പുണരും.

എങ്കിലും;
നീ പറഞ്ഞു തന്ന കഥയെൻ്റെയുള്ളിലുണ്ട്
എന്നായിരിക്കും നീ ഉറഞ്ഞാടുന്നത്
കോപത്തിൻ്റെ കെട്ടഴിക്കുന്നത്
പെരുമഴയായ് പെയ്തിറങ്ങി
എന്നെ നിന്നിലേക്കൊളിപ്പിക്കുന്നത്
കരിമ്പന യക്ഷിയായി
പിൻകഴുത്തിൽ പല്ലാഴ്ത്തുന്നത്