malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, മേയ് 18, ശനിയാഴ്‌ച

നീ


ഉള്ളിൽ ഒരു തീയുണ്ടെന്ന്
കാട്ടി തന്നവൾ നീ
അടുത്തിരുന്നാലും
അകന്നിരുന്നാലും
ഒരേ ചൂടെന്ന് അനുഭവിപ്പിച്ച -
തും നീ

എൻ്റെ സ്പർശമാപിനിയിൽ
നിനക്കെന്നും
നൂറു ഡിഗ്രി ചൂടായിരുന്നു

നിൻ്റെ കൈവെള്ളയിലെ
ഒളിഞ്ഞും തെളിഞ്ഞുമുള്ള _
രേഖയിൽ
ഏതിലായിരിക്കും ഞാനുണ്ടോ -
യെന്നറിയുക?
വെട്ടപ്പെടാത്ത ഒരു രേഖ
ഉള്ളിലുണ്ടെന്ന് നിൻ്റെ മറുമൊഴി.
അന്നെനിക്ക് എന്നെക്കാണാൻ
നിൻ്റെ മിഴിക്കണ്ണാടി

ഇന്ന്,
വരണ്ട രസനയും
പിപാസയും മാത്രം തന്ന്
കാടിൻ്റെ ഹരിദശാദ്വലത്തിലേക്ക്
പ്രണയത്തിൻ്റെ മാൻപേട
മറഞ്ഞിരിക്കുന്നു

പൊള്ളുന്നു കണ്ണുകൾ

2024, മേയ് 17, വെള്ളിയാഴ്‌ച

അടക്കം


ഇത്തിരി നേരം നിശ്ശബ്ദം
തേങ്ങി നിന്ന്
ഇറങ്ങിപ്പോയി ഒരു ഇളം -
തെന്നൽ

എന്തോ ഭയപ്പെട്ടതു പോലെ
കൊക്കി നിന്നു
കോഴികൾ മുറ്റത്ത്

അടക്കം പറഞ്ഞുകൊണ്ട്
ഒരാട്
തൊടിയിലെ തൊട്ടാവാടിക്കരികെ

ചിലക്കാൻ മറന്നു പോയൊരണ്ണാൻ
ചുറ്റിപ്പിടിച്ചുകിടക്കുന്നു മാവിൻ -
കൊമ്പിനെ

അങ്ങിങ്ങായ് കൂട്ടംകൂടി നിൽക്കുന്നു
ആളുകൾ
വേലിയിൽ വിളർത്തു കിടക്കുന്നു
വെളളപ്പൂവ്

വെയിലാറിയ നേരത്ത്
ഭാവമേതും കൂടാതെ
വെള്ളവിരിപ്പിൽ നിന്നെഴുന്നേറ്റ്
വെളിയിലെ തൂമ്പയുമെടുത്ത്
നടന്നു മുത്തശ്ശൻ

തെക്കേ തൊടിയിലെ
താഴ്ന്ന നിലത്ത്
തന്നത്താൻ കുഴിയെടുത്ത്
തന്നെത്തന്നെ അടക്കം ചെയ്തു

2024, മേയ് 16, വ്യാഴാഴ്‌ച

ഓർമ്മിക്കാൻ


രാപ്പാതിനിറവിലും കണ്ണീരണിഞ്ഞവൻ
നീറി നീറിപ്പിടയുന്നു
നേർത്തു നേർത്തു പിഞ്ഞിപ്പോമൊരു ചുമ
ശ്വാസത്തെ പിടിച്ചു പരാക്രമം കാട്ടുന്നു
അപ്പോഴും കാണാം കണ്ണീർ പെയ്ത്തായ് -
യേശു
പള്ളി നിറുകിൽ ക്രൂശിൽ ബന്ധസ്ഥനായ്
കിടക്കുന്നു

കരുണ കാട്ടുവോനെല്ലാം കുരിശോ കാല-
ത്തിൻ നീതി
കരവാളുയർത്തുവോനാമോ കരഗതം
ന്യായാസനം
വിങ്ങുന്ന മേഘമൊന്നുവാർന്നൊഴിഞ്ഞ -
പോൽ
അല്പമൊരാശ്വാസമിപ്പോൾ ക്രൂശിത രൂപം
കാൺകേ

നീറുന്നു ഉള്ളകം നറുനിലാവെട്ടത്തിലും
ഞെട്ടിത്തരിക്കുന്നീ ജീവിതം ഓർത്തിടുമ്പോൾ
തണുത്തു വിറയ്ക്കുവോന് സ്വപ്നം നെരിപ്പോട്
വിശന്നുവലയുവോന് വെറുപ്പിന്നപ്പം മാത്രം

സ്മൃതിയെ ഭയമാണ് ,മൃതി തന്നെയുദാത്തമെ -
ന്നു ചിന്തിച്ചീടുകിൽ കുറ്റം പറയാമോ
പട്ടിണി മാറ്റീടാതെ പടക്കോപ്പുകൂട്ടുന്ന
ഭരണാധികാരിക്കുണ്ടോ അനശ്വരമാം ജീവിതം

2024, മേയ് 15, ബുധനാഴ്‌ച

പുലരി


തലപൊക്കി നോക്കുന്നുണ്ട് വീട്
നേരം പുലർന്നോയെന്ന്
കുണ്ടനിടവഴിയുടെയപ്പുറം
വെള്ളകീറിയോയെന്ന്

കുറുക്കൻ ഓരിയിടുന്നതു കേട്ട
നായ
കുരയ്ക്കുവാൻ തുടങ്ങി
പൂച്ചയുടെ പള്ളയിൽ തലവെച്ചു -
റങ്ങിയ എലി
തട്ടിപ്പിടഞ്ഞെഴുന്നേറ്റ്
തട്ടിൻ പുറത്തേക്ക് ചാടി

രോമവില്ലു കുലച്ച പൂച്ച
ഉറയിലെ ഉടവാൾ നഖമുയർത്തി
കീയോകിയോക്കിടയിലൂടെ
ഒരു കൊക്കരക്കോ ഓടക്കുഴലൂതി

വരിയിട്ടു വരുന്ന ഉറുമ്പുകളോട്
അണ്ണാൻ കുശലം ചൊല്ലി
അങ്ങിങ്ങു കീറിയ വെള്ളയിലൂടെ
കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന
മരച്ചാർത്തുകൾ കണ്ടു

മരിച്ച രാത്രിയുടെ ശവം
വലിച്ചുകൊണ്ടു പോകുന്നു
ഉറുമ്പുകൾ

2024, മേയ് 14, ചൊവ്വാഴ്ച

വേദന


പ്രസവവേദനയോളം വരില്ല
പ്രാണവേദന
പുരുഷ വേദന ആരുമറിയില്ല
പ്രണയമേ,
പ്രതീക്ഷിച്ചതല്ല
സഫലമാകുന്നത്

വിഫലമെന്ന് വിഷാദിക്കുന്നു
നിഷ്ഫലമെന്ന് നിഷേധിക്കുന്നു
വിഷതടാകത്തിൻവാസം
വിഷം തന്നെ അന്നം
വിഷയം വിശ്വാസം

ഓരോ ആളും
ഒരു ജഡതടാകം
വിറ്റുപോയ ആകാശവും കടലും
ഓർമ്മയുടെ അഗ്നിയായി അലറുന്നു
പെയ്യുന്നു

മത്സ്യം കരയിലെന്നപോലെ
വായുവിനായി വാ പിളർത്തുന്നു
കണ്ണീരിൻ്റെ ഉപ്പു മഴ
കരിഞ്ഞ ജഡത്തെ പൊളളിക്കുന്നു

മതിയായിരുന്നു
മത്സ്യജന്മം
വെള്ളമില്ലെങ്കിലും, വായുവില്ലെങ്കിലും
വെളിവില്ലാത്തവരിൽ നിന്നും
വെളിയിലേക്കിറങ്ങി
വറച്ചട്ടിയിലെങ്കിലും പൊരിയാമായിരുന്നു

ഒരു ജന്മം
സഫലമാക്കാമായിരുന്നു

2024, മേയ് 13, തിങ്കളാഴ്‌ച

പരിചയം


തോട്ടു മീനും കൂട്ടി കപ്പ
തിന്നൊരു കാലം
ചിരട്ടകൊണ്ട് കള്ള് മുക്കി
മോന്തിയ കാലം

മോന്തിവറ്റി മന്ത്കാലൻ
രാത്രി വന്നിറ്റ്
മുണ്ടഴിച്ച് തലയിൽ കെട്ടി
കൈപിടിച്ചിറ്റ്

ബീഡിച്ചൂട്ടും പേടിപ്പാട്ടും
പാടിതന്നിറ്റ്
കോണികേറുമ്പം ചന്തികുത്തി
കൊഴഞ്ഞു വീണിറ്റ്

ഓള് വന്ന് പിടിച്ച് വെലിച്ച്
കോണികേറ്റീറ്റ്
നെഞ്ഞടിച്ച് തൊള്ള കീറി
പ്രാക്ക്‌ പ്രാകീറ്റ്

കെണറ്റ് വക്കില് കൊണ്ടിരുത്തി
വെള്ളൊയിച്ചിറ്റ്
മോര് വായില് കോരിപ്പാരി
പള്ളനെറച്ചിറ്റ്.

കട്ടൻകപ്പ തിന്നു കട്ട് പിടി -
ച്ചൊരുകാലം
കാറിത്തൂറി കൊഴഞ്ഞുവീണ -
കഴിഞ്ഞൊരാക്കാലം

ഒരുമവറ്റിപ്പോയതില്ല
എരിഞ്ഞു നിന്നില്ല
ഇരുട്ടിലിഴഞ്ഞു വന്ന വഴികൾ
കൊത്തിവീഴ്ത്തീല

ഞാറ്റുവേല ചാറ്റലന്ന്
ചേർത്തു നിർത്തീലെ
നാട്ടുമാവിൻ തണലുവന്ന്
തഴുകി നിന്നില്ലെ

പലവിചാരങ്ങളാലെയിന്ന്
മനസ്സു മറിയുന്നു
കാത്തിരുന്ന കനലിലേക്ക്
കാലിറക്കുന്നു

കുതിച്ചു പായും കാലമേ നീ
എങ്ങു പോകുന്നു
കണ്ട പരിചയം തീണ്ടാപ്പാടകലെ
പ്പോലുമില്ലല്ലോ

2024, മേയ് 9, വ്യാഴാഴ്‌ച

നവമാധ്യമ സുഹൃത്തിന്


നാം
എത്രയും അകലെയെങ്കിലും
അത്രയും അടുത്തിരിക്കുന്നു

നാം
പരസ്പരം കണ്ടില്ലയെങ്കിലും
ഒന്നായലിഞ്ഞു ചേരുന്നു

പകലിൻ്റെ
പങ്കപ്പാടിനൊടുവിൽ
നിശയിൽ നാം കണ്ടുമുട്ടുന്നു

എങ്കിലുമെന്ത് ?
രാവിനെ പകലാക്കി മാറ്റി
നാം
അല്പം ആശ്വസിക്കുന്നു

ദുഃഖത്തിൻ്റെ
പാരാപാരം മറന്ന്
പരസ്പരം കെട്ടിപ്പിടിക്കുന്നു

നാം
എത്രയും അകലെയാണെ-
ങ്കിലെന്ത് ?
അത്രയും
തീവ്രമായ അടുപ്പം