malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, സെപ്റ്റംബർ 18, ബുധനാഴ്‌ച

കുട്ടിക്കവിത



അയ്യയ്യാ,
കയ്പ്പക്ക!


വയലിലെ വേലിയിൽ
നോക്കയ്യ !
കൊത്തുപണികൾ അയ്യയ്യ!
നീണ്ടു വളഞ്ഞും ചുരുണ്ടു -
മടങ്ങിയും
ശില്പംപോലെ കയ്പ്പക്ക!

2024, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

മനസ്സെന്ന ചിത്രശലഭം




മനസ്സിൻ്റെ മരപ്പൊത്തിൽ നിന്നും
ചിറകടി ഉയരുന്നു
വിചാരങ്ങളുടെ കടൽ അലയടി
ക്കുന്നു
ഭ്രമകൽപ്പനയിൽപ്പെട്ടതു പോലെ
നട്ടം തിരിയുന്നു
നിഗൂഢതയുടെ വഴിയിൽ
ഈർപ്പവും ഇരുട്ടും

ആകാശവും, കടലും മുദ്രവെച്ച
മനസ്സ്
കാറ്റിൻ്റെ കൈപിടിച്ചു നടക്കുന്നു
ചില വിടവുകൾക്കുള്ളിൽ ചിതറി
വീണ
നിലാവിലകളെ പെറുക്കിക്കൂട്ടുന്നു

ചിലപ്പോൾ,
മനസ്സിൻ്റെ വന്യതയിലൂടെ
പ്രണയത്തിൻ്റെ ധന്യതയിലൂടെ
ഒരു സ്വപ്നാടകനായ് നടക്കുന്നു

മറവിയുടെ കടലെടുത്തു പോയ -
വയിൽ ചിലതൊക്കെ
പതുക്കെ പതുക്കെ തെളിയുന്നു
ചില ചിത്രശലഭങ്ങളെപ്പോലെ
മിന്നിത്തെളിയുന്നു മനസ്സെന്ന
മായാജാലക്കാരൻ

2024, സെപ്റ്റംബർ 1, ഞായറാഴ്‌ച

കപോതകൻ


കെട്ടുപോയ്
ഉരസ്സിലെ ഉപ്പുരസം
ഊർജം
ഉതിർന്നു പോയ് ഉടജം
ഉടഞ്ഞുപോയ് ഘടം

ഇല്ലിനി നിലാവ്
കണ്ണിലെ തിളങ്ങും നക്ഷത്രം
സ്വന്തമെന്നു പറഞ്ഞവളും
അന്തിത്തിരിയും
എന്നേ പടിയിറങ്ങിപ്പോയി

കറുത്ത ഓർമ്മകൾ
കല്ലിച്ചു കിടക്കുന്നു
ഇടനെഞ്ചിൽ അടവെച്ചപോൽ
ഒരു വിങ്ങൽ
മോഹത്തിൻ്റെ വളപ്പൊട്ട് തന്ന്
സ്നേഹത്തിൻ്റെ ചെരാതു മൂതി-
ക്കെടുത്തി
ധനത്തിൻ്റെ ധവളിമയിലേക്കു -
നീ പോയി

നോക്കൂ ,ഇതാ
പ്രണയത്തിൻ്റെ കപോതകനാൽ
നീലിച്ചുപോയ ഒരുവൻ