പ്രതീക്ഷ
മഴ ചിണുങ്ങിക്കൊണ്ടു നിൽക്കുന്നേരം
പുഴ മെല്ലെ തലോടി തലോടി നിൽപ്പൂ
പഴയൊരാമഴയുടെ കഥകൾ കേട്ട്
പൂത്ത പുൽപ്പാടം തലയാട്ടി നിൽപ്പൂ
ഇരുൾ മാറി ഒളികണ്ണാൽ വെയിലു -
നോക്കേ
നിഴലു നിലംപൊത്തി നിന്നിടുന്നു
ചിരി ചുരത്തിച്ചിങ്ങ വെയിലുവന്നു
ചക്രവാളം മയിൽപ്പീലി നീർത്തി
ഒരു പൊൻമ നീല വര വരച്ച്
നീലക്കയത്തിൽ മുങ്ങി നിവർന്നു
കൊക്കിൽ പിടയുന്ന കുഞ്ഞുമീനോ
ഒന്നും തിരിയാതെ നിന്നു പോയി
വെയിലു വെള്ളം കുടിക്കാനിറങ്ങി
വെറുതേയൊരണ്ണാൻ മിഴിച്ചുനോക്കി
പ്രണയസല്ലാപം തുടർന്നു കൊണ്ടേ
പൂവിലൊരു വണ്ടിരുന്നിടുന്നു
മഴമെല്ലെ മാനത്തെ കുന്നുകേറി
പുഴ പിന്നെയും പാടി പാടിനിന്നു
വഴിപിന്നെയും മിഴി നീട്ടി നിൽപ്പൂ
ആരെയോ പ്രതീക്ഷിച്ചു കാത്തു നിൽപ്പൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ