അടുപ്പിൽ തീയായ് പുകഞ്ഞ്
നനക്കല്ലിൽ വിഴുപ്പായ് കുതിർന്ന്
രാവിലെ കട്ടൻ ചായയായ്
ഉച്ചയ്ക്ക് ഊണായ്
വൈകുന്നേരം നാലുമണിച്ചായ-
യായ്
രാത്രിയിൽ നിനക്കു മെത്തയായ്
അണിഞ്ഞും
അഴിഞ്ഞും
കരിഞ്ഞും
പൊരിഞ്ഞും
ദിവസത്തിൻ്റെ മുക്കാൽ പങ്കും
കഴിഞ്ഞ്
ഉറങ്ങുമ്പോഴാണ്
ഞാൻ നീയാകുന്നത്
എവിടേയും തോറ്റുപോകുന്ന ഞാൻ
ജയിച്ച് തലയുയർത്തുന്നത്
കൽപ്പിച്ചും കവിത മൂളിയും
സ്വതന്ത്രമാകുന്നത്
ഒന്നു പൊട്ടിച്ചിരിക്കുന്നത്
ഉറങ്ങുമ്പോൾ മാത്രമാണു ഞാൻ
ഉണർന്നിരിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ