malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 മേയ് 26, ചൊവ്വാഴ്ച

പ്രണയികൾ


പ്രണയികൾ പറവകളാണ്
പഥമില്ലാതിരുന്നിട്ടും
ചിറകിലേറുന്നവർ !

മോഹങ്ങളുടെ
മേഘങ്ങളിലൂടെ,യവർ
നീന്തിക്കൊണ്ടിരിക്കും;
മനസ്സിലെ മാരിവില്ലിൽ -
ഊഞ്ഞാലാടും,
കണ്ണിൽ നിന്നും കവിതപ്പൂക്കൾ
നക്ഷത്രങ്ങളായ് തിളങ്ങും.

സ്വപ്നങ്ങളാലവർ
സപ്രമഞ്ചമൊരുക്കും;
ഉന്മാദത്തിൻ മഞ്ഞുമലകളിൽ -
നിന്നും
പ്രണയച്ചൂടിലുരുകി,
ഭാരമറ്റ തൂവലായ് പൊഴിഞ്ഞു -
വീഴും!

2026 മേയ് 16, ശനിയാഴ്‌ച

പുതുകാലം


കാറ്റും, വെളിച്ചവും
ആട്ടിപ്പുറത്താക്കി
കെട്ടിമറിച്ചെങ്ങു ,മിരുട്ട -
റയായ്.
കുന്നില്ല, കൊക്കരണിയില്ല
കൈത്തോടില്ല
മുങ്ങിക്കുളിക്കാൻ കുളങ്ങളില്ല !

പാടങ്ങളില്ല, പറമ്പില്ല, പയ്യില്ല,
പൂത്താട എന്തെന്നറികയില്ല
ചാമയും, എള്ളും, ഉഴുന്നും, -
മുതിരയും
ചേലെഴും ഗ്രാമവും ഓർമയില്ല.

കളമില്ല, കറ്റകളില്ല,
നെല്ലില്ല, പത്തായപ്പുരയുമില്ല
ബാലകരുമില്ല വാദ്യഘോഷവു
മില്ല
മനസ്സില്ല മായാത്തവർണ്ണമില്ല

പുലരി മഞ്ഞില്ല, പുതു സന്തോഷ -
വുമില്ല
പണമെന്ന മന്ത്രമേയുള്ളു !
പണിയെന്തെന്നാരുമേ
ചോദിക്കാറേയില്ല
പണമുണ്ടോ;പദവിയായ്
പത്രാസായി!

മൂഢത പോലുമേ,
മൂടി വെയ്ക്കാം പിന്നെ
മഹാനായി മണ്ണിതിലെ-
ന്നും വാഴാം

2026 മേയ് 10, ഞായറാഴ്‌ച

ശാന്തി കുടീരം


അവളുടെ അവസാനത്തെ -
ചുംബനത്തിന്
ആദ്യ ചുംബനത്തോളം തീവ്രത -
യുണ്ടായിരുന്നു
ഇന്നോളം അനുഭവിക്കാൻ -
കഴിയാതത്രയും
രതിമൂർച്ഛയും സംതൃപ്തിയും -
അപ്പോൾ അവൾക്ക് ലഭിച്ചിരുന്നു!

ഒന്നിനും നവൾ ഒരു കുറവും -
വരുത്തിയില്ല;
ഭർത്താവിൻ്റെ ശവസംസ്കാര
ച്ചടങ്ങ്
വിവാഹാഘോഷംപോലെ തന്നെ
വിപുലമായിരുന്നു!

മണിയറപോലെ അലങ്കരിച്ചിരുന്നു
ശവപ്പെട്ടി !
പുത്തൻ വസ്ത്രങ്ങളണിയുകയും
ലേപനങ്ങൾ പുരട്ടുകയും ചെയ്തിരുന്നു
സുഗന്ധം എങ്ങും ഒഴുകിയെത്തി -
യിരുന്നു

കണ്ണീരുകൊണ്ട് കാൽപ്പാദം
കഴുകുകയ,ല്ലിനി വേണ്ടത് !
പുഞ്ചിരിയുടെ പനിനീർ പൂവുകളർപ്പി -
ക്കുക.
ജീവിതത്തിൻ്റെ കൊടുമുടിയേറിയവന്
പ്രിയപ്പെട്ടവൾ നൽകുന്ന സ്നേഹോ
പഹാരം !

ഒരു ജന്മം മുഴുവൻ ഒന്നിച്ചു ജീവിക്കു വാൻ
ഒരുങ്ങി പുറപ്പെട്ടവരിൽ
ഒരാൾ മാത്രം ബാക്കിയാകുമ്പോൾ
എന്നും ഓർമ്മിക്കുവാൻ
ശേഷിക്കുന്നവൾ പണിയുന്ന
ശാന്തികുടീരം!

2026 മേയ് 6, ബുധനാഴ്‌ച

മരിച്ചവരെ ഓർക്കുമ്പോൾ

 


മരിച്ചവരെ ഓർക്കുമ്പോൾ
മുമ്പില്ലാത്ത ഒരടുപ്പം അടുത്തു -
വരും
കണ്ണിലേക്കൊരിരമ്പൽ തേങ്ങി -
വരും
ഇടനെഞ്ചിലൊരുവിളി മുട്ടി-
നിൽക്കും !

കഴിഞ്ഞു പോയതെല്ലാം തികട്ടി -
വരും
എങ്കിലും ഇത്ര പെട്ടെന്നെന്ന്
ആത്മഗതം ചെയ്യും
ഇനിയും എന്തൊക്കെ ചെയ്യാനെന്ന്;
കടമകളും, കടമ്പകളും കയർത്തു -
നിൽക്കും !

മരിച്ചവരെ ഓർക്കുമ്പോൾ
മിന്നൽ പോലൊന്ന് ഉള്ളിലു-
ണരും!
കാലം കാത്തു വെച്ചതെന്ന് ;
ദീർഘനിശ്വാസമുതിരും !

മരിച്ചവരെ ഓർക്കുമ്പോൾ;
മരിച്ചാൽ മതിയായിരുന്നുവെന്ന്
ഒരു മാത്ര തോന്നിപ്പോകും !