malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 മാർച്ച് 6, ചൊവ്വാഴ്ച

പുത്തന്‍ പഠിപ്പ്

കോഴിയുണരുന്ന കുഞ്ഞു കാലത്ത്
കുട്ടികളെ തട്ടിയുണര്‍ത്തും
കൊല്ലപ്പരീക്ഷയ്ക്ക് കാലമായി .
കൊത്തി ക്കൊറിക്കുമവര്‍ അക്ഷരങ്ങള്‍
കൂനിയിരിക്കും കുളിര്‍ പ്പെയ്ത്തില്‍
കോട്ടുവായിട്ടു കണ്ണടച്ചിരിക്കുമ്പോള്‍
കുലുക്കിയുണർത്തി കൂട്ടിരിക്കും .
കിട്ടിയിരുന്നില്ലഎനിക്കീകുഞ്ഞുകാലം
ഒട്ടിയ വയറ്റിലേക്ക് ഉരുളയായെത്തിയില്ല-
അക്ഷരങ്ങള്‍ .
കുറവൊട്ടു മില്ലിന്നു അണിഞ്ഞൊരുങ്ങുവാനും
ഉണ്ടുറങ്ങുവാനും.
ഒട്ടുമുയരുന്നില്ലിവര്‍
കുത്തുവിളക്കിന്റെ വെളിച്ചത്തില്‍
കത്തും പന്തമായ് മാറിയവരെത്ര.
ഇന്നീ വെള്ളി വെളിച്ചത്തില്‍
പടുതിരി കത്തിപോകുന്നു
പശിയറിയാതെ പഠിച്ചവര്‍
പടിച്ചുകൊണ്ടിരിക്കയാണ്
മൊബൈലില്‍ ചൂടന്‍ രംഗങ്ങള്‍

ട്രെയിന്‍

ട്രെയിന്‍ ഒരു വീടാണ്
അല്ല;
ഹൌസിങ്ങ്കോളനിയാണ്
അതുമല്ല;
ഒരു രാജ്യം തന്നെയാണ് .
പല വേഷക്കാര്‍,ഭാഷക്കാര്‍
ജാതി മതക്കാര്‍ .
വലിയവരുടെമണിമാളികപോല്‍
എ.സി കമ്പാര്‍ട്ട്മെന്റു
ഇടത്തരക്കാരുടെ റിസര്‍വ്വ് -
കമ്പാര്‍ട്ട്മെന്റു
പാവപ്പെട്ടവന്റെത് പോലെ
ജനറല്‍ കമ്പാര്‍ട്ട്മെന്റു
അവിടെയുമുണ്ട് വലുപ്പവും,-
ചെറുപ്പവും
നോക്കിലും,വാക്കിലും,ഇരിപ്പിലും .
ഇടയ്ക്കിടെ കാണാം ചെറു ടൌണുകള്‍
ഭിക്ഷാടനവും ,പാട്ടും ചായ പലഹാരങ്ങളും-
ഭക്ഷണപ്പൊതികളും
കുതിച്ചു കൊണ്ടുള്ള ഓട്ടവും
കിതച്ചു കൊണ്ടുള്ള നില്‍പ്പും
ആടിയുലയലും.
ട്രെയിന്‍ ഒരു ജീവിതം തന്നെയാണ് .

അലമേലു

അലമേലു അലക്കി തേച്ചതാണ്‌
അണിയിച്ചൊരുക്കിയതാണ്
ഇത്തിരിപ്പോന്ന പെണ്ണെങ്കിലും
ഒത്തിരി ഒത്തിരി അറിവാണ് .
അലമേലു അപ്പനും,അമ്മയും -
ഇല്ലാത്തവളാണ്
ആരാലും തിരസ്കൃതയാണ്
ആരുമേ ഇല്ലെന്നതിനാല്‍
ഒപ്പം കൂട്ടിയതാണ്.
ആണൊരുത്തന്‍ അക്കരെയാണ്
കൂട്ടിനൊരാളെന്നേ കരുതി.
അലമേലു ആണിനും തൂണിനും-
ഒത്തവള്‍
അടക്കവുമൊതുക്കവുമേറിയവൾ
വീട്ടിനൊരു വിളക്കു മരം
കൂട്ടിനൊരേ ഹൃദയസ്വരം

2012 മാർച്ച് 5, തിങ്കളാഴ്‌ച

വിരുന്നു

മണിയഞ്ചാകുംപോഴാണ്
നെഞ്ചിലൊരാന്തല്‍ വരിക
വിളിയുടെ മണി മുഴക്കം
നിലവിളിയായുയരുക
ഉപ്പു,മുളക്,......കര്‍പ്പൂരം!
ഇനി,യിന്നെന്തു ?
അച്ഛനും,അമ്മയും വിരുന്നു വന്നെന്നു.
നാളേറെ ചെന്ന് വരികയല്ലേ
ഒരു ചിക്കനെങ്കിലും;
കോഴികളേറെ വീട്ടിലുണ്ടെങ്കിലും
എങ്ങിനെ;
പപ്പുംപൂടയു മൊതുക്കി
അവള്‍ ചിനച്ചു .
ബസ്സ് പിടിക്കാനുള്ള
പരക്കം പാച്ചലില്‍
ബ്രോയിലര്‍ ചിക്കനും തേടി
ചിക്കന്‍ സ്റ്റാളിലേക്ക്
അങ്കവാലും ,പൂവുമുയർത്തി ഞാന്‍

നരകം

നേരമറിയുവാന്‍ ഒരു പക്ഷി
നാഴികമണിതേടിപ്പോയി
നേരറിയുവാന്‍ഒരുപക്ഷി
നേരെയുള്ള കുന്നിന്‍ മുകളിലേക്കും .
നേരത്തെ മറഞ്ഞു പോയ ഒരു -
കഴുകന്‍
ആകാശ പേരാലിന്റെ നിറുകയില്‍
ആശ്രമം കെട്ടി വസിക്കുന്നു .
ആശ്രയ മില്ലാത്തവന്
വിശ്രമിക്കാമെന്നു കൂര്‍ത്തകൊക്ക്
നൊട്ടി നുണയുന്നു.
പണ്ഡിതനെപ്പോലെ
പുണ്ഡ്റമണിഞ്ഞവന്റെ
കാമക്കണ്ണ് കത്തുന്നു .
നരകത്തിനുമേലുംകീഴ്‌ മില്ലെന്നു
നാഴിക മണി ചിലക്കുന്നു

2012 മാർച്ച് 2, വെള്ളിയാഴ്‌ച

ഭ്രാന്തു വിചാരം

ഭ്രാന്തു ഒരു രോഗമല്ല
ജീവിതത്തില്‍ നിന്നുള്ള -
ഒളിച്ചോട്ടമല്ല .
ഒഴിഞ്ഞു പോയ ഓര്‍മ്മകളുടെ
ഒരുക്കൂട്ടലുകളാണ് !
മസ്തിഷ്ക്കത്തിലെ
കഴുകികളയപ്പെട്ടവയെ
കണ്ടെ ത്തലുകളാണ്!.
കടന്നലിന്റെ ഒരു കൂടിളക്കം
ചിലപ്പോള്‍,ബുദ്ധിയുടെ -
മുനമ്പിലേക്ക്‌
ഒരു കല്ലുരുട്ടിക്കയറ്റം .
വായില്ലാക്കുന്നിലപ്പന്‍.
കരിന്തിരികത്തുന്നകാലത്തിനു
കൂച്ചു വിലങ്ങിടാന്‍ ഒരു ശ്രമം .
വെട്ടി പ്പിടിക്കുന്നോരുടെ
വിചിന്തനത്തിനു ഒരു ശ്രമം
പച്ച ഞരമ്പിലെ ചുവന്ന പാമ്പുകള്‍
പത്തി വിടര്‍ത്തുമ്പോള്‍
ഭ്രാന്തു ഒരു രോഗമല്ല.
ജീവിതത്തില്‍ നിന്നുള്ള -
ഒളിച്ചോട്ടമല്ല .
കാലത്തോടുള്ള കലമ്പലാണ്
ഭ്രാന്തു

വൃദ്ധ ദമ്പതികള്‍

ശൂന്യമാം മിഴി നാലും
ശൂന്യതയിലേക്കൂന്നി
അച്ചെറുകുടിലിലായി-
രിക്കുന്നിരുവരും .
കാലം മെനഞ്ഞു വെച്ച
കളിമണ്‍ പാത്രം പോലെ
കാത്തു കാത്തിരിക്കുന്നു
ആ വൃദ്ധ ദമ്പതികള്‍ .
കണ്ടു മതിവരാതെ
തൊട്ടു കൊതി തീരാതെ
തൊട്ടു തൊട്ടില്ലെന്ന പോല്‍
മുട്ടി മുട്ടിയിരിപ്പൂ .
നേര മൊട്ടില്ലോരാള്‍ക്കും
തിരിഞ്ഞു നോക്കീടുവാന്‍
സ്വന്ത മെന്നുരചെയ്യാന്‍
സന്താനങ്ങള്‍ഉണ്ടെന്നാലും .
ധൂസരസ്വപ്നത്തിന്‍റെ
ധൂളികള്‍തുടച്ചവര്‍
ചായവും,ചമയവും
ചികഞ്ഞു നോക്കിടുന്നു
ധന്യമെന്നന്നുതോന്നി
അന്യമായ് തീര്‍ന്നുഇന്ന്
എങ്കിലുംഭൂവില്‍ വാസം
എത്രയോ മഹത്തരം