malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

അക്വേറിയം


കടലിനെ കടുകുമണിയാക്കി
നിരത്തി വെച്ചിരിക്കുന്നു
കടത്തിണ്ണയിൽ
കടലിന്റെ പേര് കൊത്തി
വെച്ചിരിക്കുന്നു
ചൂണ്ടയിൽ മീനെന്നപോലെ
തൂങ്ങിയാടുന്നു വിലകൾ
പൂഴിയുടെ പായ വിരിച്ച്
വലയില്ലാ വലയിൽ
കുഞ്ഞു മീനുകളെ
കളിക്കാൻ കിടത്തിയിരിക്കുന്നു
ദൈവമേ ഇനി വന്നു പോകുമോ
ഒരു സുനാമിത്തിര
ഈ അക്വേറിയം പൊട്ടിച്ച്
കരയാകെ കടലെടുക്കുമോ?!

ശംഖുമുഖം കടപ്പുറം



ശംഖുമുഖം കടപ്പുറത്ത്
കാത്തിരിക്കുന്നു
കാനായിയുടെ കന്യക
വെളുത്തു തുടുത്ത്‌ കടൽക്കാറ്റിൻ-
 ശീതളിമയിൽ
സുഖാലസ്യത്തിൽ ലാവണ്യവതി
മുഴുപ്പും,തുടിപ്പുമുള്ളംഗങ്ങൾ കാട്ടി
കൊതിപ്പിക്കും സാഗരകന്യക
സാഗരവീചികൾ ,സായാഹ്നവേളയിൽ
'സുഖിനോഭവന്തു'വെന്നോതുന്നു പല്ലവി
അശ്വാരൂഡരായ് കളിക്കുന്നു കുട്ടികൾ
ആശ്വാസ നിശ്വാസമുതിർക്കുന്നു മണ്‍തരി
വിശാലമാംവാനിൽ വെള്ളക്കൊക്കുകൾ പറക്കുന്നു
താഴെ വെള്ളക്കൊലുസിട്ടു സാഗരം തുള്ളീടുന്നു
കൽ മണ്ഡപത്തിൽ പതഞ്ഞൊഴുകുംപ്രണയികൾ
കതിരോൻകവിളിൽ തൊടും കുങ്കുമവർണ്ണം
പാഞ്ഞുവന്നൊരു വൻ തിര
പുടവയൂരി എറിഞ്ഞു മണൽതിട്ടിൽ
മലർന്ന് കിടന്നു

2013 സെപ്റ്റംബർ 9, തിങ്കളാഴ്‌ച

മാവുമരം



എവിടെനിന്നോ
എങ്ങുനിന്നോഎന്നറിയില്ല
പറമ്പിലെ പാതാറിനരികെ
മുളച്ചുവന്നു ഒരു മാവ്
പരാതിയോ,പരിഭവമോ പറഞ്ഞില്ല
പറഞ്ഞു തീരുമ്പോഴേക്കും
വളർന്നുവന്നുപെണ്ണിന് പ്രായ-
മാകുന്നതുപോലെ
മാവ്,മരമായി പടര്ന്നു പന്തലിച്ചു
മധുരക്കനി തന്നു
ഒരപരാധവും ചെയ്തിട്ടില്ല ഇതേവരെ
തണലെകിയിട്ടുണ്ട് ,ഉറക്കിയിട്ടുണ്ട്
ഉണർത്തിയിട്ടുണ്ട് ഉണ്മയിലേക്ക്
എന്നിട്ടും;
മൂക്കും,മുലയും ചെത്തി
കരചരണങ്ങൾ ഛെദിചു
മാറ്റിയിട്ടിരിക്കുന്നുവാസവ ദത്തയെപ്പൊലെ

ഉപേക്ഷിക്കപ്പെട്ട പ്രണയം


അന്നുപെയ്ത മഴയിൽ
കവിഞ്ഞൊഴുകിയ പുഴയിലൂടെ
ഒലിച്ചു വരുന്നവയുടെ കൂട്ടത്തിൽ
ഉപേക്ഷിക്കപ്പെട്ട ഒരു പ്രണയം
ഉണ്ടായിരുന്നു
കൈതക്കാടിനു മറഞ്ഞ്
കമിഴ്ന്നുകിടന്ന്
കുട്ടികൾ നീന്തം പഠിക്കുന്നത്
പോലെയായിരുന്നു
കഴുക്കോലുകുത്തികാടിളക്കിയപ്പോൾ
ഈർഷ്യയെതുമില്ലാതെ മലർന്നു
കിടന്നു
മീനുകൾ വരച്ചിട്ട വർണ്ണ ചിത്രങ്ങളാൽ
ആളാകെ മാറിയിരുന്നു
ഇന്നുപെയ്ത മഴയിൽ
പുഴയെല്ലാം ഒലിച്ചുപോയി
തവളക്കണ്ണൻ കുഴിമാത്രം ബാക്കി
ഉപേക്ഷിക്കപ്പെട്ട പ്രണയത്തിന്റെ
അപേക്ഷ ഇനിയാരു സ്വീകരിക്കും

ഒഴിയാബാധ

എലിയെ ഇതുവരെ തൊട്ടിട്ടില്ല -
ഈപുലി
മൃഷ്ട്ടാന്ന ഭോജനം
അടുപ്പിൻ തണയിൽഇളം ചൂടേറ്റു
ചുരുണ്ടുകൂടി,യുറക്കം
മീൻ മണമേറ്റാൽ
മൂരിനിവർന്ന് വാലാട്ടി തലയാട്ടി
കാലിനിടയിലൂടെകറക്കം
എന്നിട്ടും അതൊന്നും കാര്യമാക്കിയില്ല
എപ്പോഴാണീ ശീലം മാറിയത്
പാതിരാത്രിയിൽ പുതപ്പിനിടയിൽ
ശരീരത്തിനോടോട്ടി കിടന്നപ്പോൾ
കൂച്ചിപിടിച്ച് കല്ലി റുമ്പിനുപുറത്ത്
എറിഞ്ഞതാണ്
കാലുമടക്കികരണക്കുറ്റിക്കു കൊടുത്തതാണ്  
എന്നിട്ടൊന്നും ഒന്നും കാര്യമാക്കിയില്ല
അടുപ്പിൽ അപ്പിയിട്ട് മാന്തിപൊത്തി-
യപ്പോഴാണ്
പൂച്ച പുറത്ത് ചാടിയത്.
ചാക്കിൽകെട്ടി  കാതങ്ങൾക്കപ്പുറം
കാട്ടിൽ കളഞ്ഞതാണ്
എന്നിട്ടും പാതി വെളുപ്പിന്
പടിപ്പുരവാതിലിൽ മാന്തി വിളിക്കുന്നു
ആ ഒഴിയാബാധ 

പച്ചക്കറി സ്റ്റാൾ




നിരത്തി വെച്ചിരിക്കുന്നു സ്റ്റാളിൽ
പച്ചക്കറികൾ
തുടുത്ത കവിളുമായ്ചിരിച്ചു നില്ക്കുന്നു
തക്കാളി
നീലക്കുപ്പായമിട്ടവഴുതിനയും
പച്ചക്കുപ്പായമിട്ട വെള്ളരിയും
പതിഞ്ഞ വാക്കുകളിൽ പ്രണയം
കൈമാറുന്നു
 പടിക്കരികിൽ നില്ക്കുന്നു
പാണ്ടിലോറി കയറിവന്ന പടവലം
ചേനയുടെ ചൊറിയൻ വാക്കുകൾക്കു
മുട്ടുകൊടുക്കുന്നു മുരിങ്ങാക്കോല്
എരിവു കണ്ണുമായ് ഒളിഞ്ഞു നോക്കുന്നു
പച്ചമുളക്
ഉള്ളാലെ ചിരിച്ചു കണ്ണീർ വാർക്കുന്നു-
ഉള്ളി
കഷായം കുടിച്ചപോലെ കണ്ണിറുക്കുന്നു
പാവയ്ക്ക
മലർന്നു കിടന്ന് കഴുക്കോൽ എണ്ണുന്നു
മത്തങ്ങ
അരികെ ഒരു മൂലയ്ക്ക് ഇരിക്കുന്നു ഞാൻ
നരയൻ കുമ്പളമായി  

ഉള്ളി


ഉള്ളി ഉള്ളിയാണ്
ഉടയാടകളിലാത്ത
ഒരു പൂർണ്ണത
ഉള്ളിയുടെ ഉള്ളിലേക്ക്
ഉള്ളിക്ക് നോക്കുവാൻ കഴിയും
രഹസ്യങ്ങളിലാത്ത
നിഗൂഡതകളില്ല്ലാത്ത
മജ്ജയും,മാംസവും,ഞരമ്പുകളു-
മില്ലാത്ത
തൊലിമാത്രമുള്ളസത്യം
അതുകൊണ്ടായിരിക്കണം
ഉള്ളിക്കുമുന്നിൽ
ഏതു ശിലാ ഹൃദയവും
ഒരുതുള്ളികണ്ണീർചുരത്തുന്നത്