malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013 സെപ്റ്റംബർ 19, വ്യാഴാഴ്‌ച

അവൾ


ഗർഭപാത്രത്തിൽ വെച്ചുതന്നെ
അവൾ ഗ്രഹിച്ചു കാര്യങ്ങൾ
പുരിചുട്ടൊരു പുത്രിയാവാൻ
ഭദ്ര സ്നേഹത്തിന്റെ ഭാര്യയാവാൻ
സ്നേഹപുരുഷന് സമർപ്പിക്കും
ഉന്മാദിനിയാവാൻ
കണ്ണീർ തടവറ കടന്നു പോകുവാൻ
കൃഷ്ണ രാധയാകുവാൻ
ജരായുവിൽ നിന്നുതന്നെ അവൾ
ജാഗ്രതയായി
ജനനത്തിന്റെ തീവ്ര നിമിഷങ്ങളിൽ
പൊട്ടിക്കരയെണ്ടവൾ
ഉന്മാദിനിയെപ്പൊലെപൊട്ടിച്ചിരിച്ചു

ആധികാരികം




ആകാശനീലിമ,ആകാശ ഗംഗ
അമ്പിളി,താരകൾ
ആകാശത്തെക്കുറിച്ചു
ആധികാരികമായിപറയുവാൻ
കുളത്തിനു മാത്രമേ കഴിയു
ആകാശത്തെ മാത്രം നോക്കി
കഴിയുന്ന  കുളത്തിനു
കുളത്തിനകത്തെ കറുത്ത ലോകം
പായൽ,പച്ചപ്പ്‌
കുളത്തിനെക്കുറിച്ച് ആധികാരികമായി
പറയുവാൻ
നെറ്റിക്കണ്ണൻ  മീനിനുമാത്രമെകഴിയു
കുളത്തെ മാത്രം നോക്കി കഴിയുന്ന
നെറ്റിക്കണ്ണൻ മീനിനു

2013 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ശവമടക്ക്



ചുടലയിലേക്ക്                                              
ത്ധടുതിയിൽ ഞാൻ നടന്നു
എത്രനേര്!
ചടച്ചുമെല്ലിച്ച ഞാൻ
ജഡമായ്ക്കിടക്കുന്നു
ഞാനെപ്പോഴാണ് മരിച്ചത്
എങ്ങിനെയാണ് മരിച്ചത്
ജഡമനസ്സില് കൂട്ടിയും കിഴിച്ചും
ഞാനവനരികിൽ
അവന്റെ ഇച്ഛയും ഒച്ചയുമായി
ഞാൻ വീട്ടിലേക്കു നടന്നു
എന്റെ തലയിൽ ഒരു കരിഞ്ചേര
പുളഞ്ഞു കളിക്കുന്നു                                            
കണ്ണിലേക്കു കൊത്തുന്നു
ഇതെന്റെ  കണ്ണെല്ല
ഇതെന്റ  മണ്ണെല്ല
ഇതെന്റെ പെണ്ണല്ല
ഇച്ഛയുടെ പച്ചമണ്ണിൽ
ഞാൻ ഉറച്ചുനിന്നു
കണ്ണിലെ കടുംകെട്ട് അറുത്തു മാറ്റി
നാട്ടുകാരൊപ്പം
എന്റെ ശവമടക്ക് കഴിഞ്ഞ്
ഞാൻ വീട്ടിലേക്കു മടങ്ങി

വേനൽപ്പുറം





ചില്ലയിലെ കൂടൊഴിഞ്ഞ്‌ കിളികൾ
പോകുന്നു
ഇലപൊഴിഞ്ഞമരച്ചില്ല  ചില്ലുജാലക-
മാകുന്നു
ജാലമിതെന്തെന്നറിയാതെ
കിളിക്കൂട് കാറ്റിനെ നോക്കി വീർപ്പിടുന്നു
പുലരി സൂര്യൻ സൂര്യകാന്തി,ഉച്ചസൂര്യൻ
വെട്ടിമാറ്റിയ കാത്,സായം സൂര്യൻ പട്ടട
വെള്ളം വറ്റിച്ച് വെള്ളാട്ട മാടുന്നു
പൊട്ടക്കണ്ണൻ
വേനൽ പ്പുറത്ത് എ.സി.  റൂമിൽ
മഞ്ഞ വെള്ളത്തിന്റെ മണിപ്രവാളം
വെള്ളം വറ്റിയ തടാകത്തിൽ
പുളയും മീനിനെപ്പോലെ പെണ്ണ്
പൊള്ളുന്ന നെഞ്ചിലേക്ക്
അമ്ലവേഗത്തിന്റെ തീച്ചാല്
ബാഷ്പീകരിച്ച രേതസിന്റെ
ചിത്ര ശാല
മഴയെ,പുഴയെ ഇന്റർനെറ്റിലെ
മാന്ത്രിക ചെപ്പിലാക്കി
തലപ്പാവും മാന്ത്രിക വടിയുമായി
കുന്നുകയറുന്നുവേനൽ

അടുക്കളക്കാരി



അടുപ്പിൽ അടയിരുന്നു പൂച്ച
അടങ്ങാത്ത അഭിനിവേശത്താൽ
ഒരു പാതിരാപ്പുള്ള് പാടി
ജാരനെപ്പോലെ ചാരിയിട്ട
വാതിൽ തുറന്നു ഒരു ശീതക്കാറ്റ്
പാർവ്വതി പർവ്വതമുകളിലേക്ക് -
നോക്കുന്നു
ശിവൻ ശ്മശാനത്തിൽ ശയനത്തിൽ
സഹശയനത്തിനു ശിവനെ ക്കൊതിച്ച
പാർവ്വതിക്കു പർവ്വത ഖണ്ഡം കൂട്ട്
പാറു കാത്തിരിക്കുന്നു പാറാവ്‌ കാരനെ
പ്രായം തെറ്റിയവൾക്ക്ഒരു പാതിരാ -
കൂട്ടിനു
ക്ഷയം പിടിച്ച നെഞ്ചിൻ കൂടുമായെ
ത്തുന്നവനെ കാത്ത്‌
ക്ഷമയുടെ നെല്ലിപ്പടികാണ്ന്നു
മത്താപ്പ് പോലെ കത്തിനിൽക്കുന്നു
മിന്നാമിന്നിപോലെ കണ്ണിൽ  മിന്നി
പ്പാറുന്നു
ഞാറപ്പഴംപോലെ നീറി നീറി നില്ക്കുന്നു
കാത്ത്‌ കാത്തിരുന്നു ചിതൽ പുറ്റിൽ
മൂടുന്നു
അവൾ ഉടഞ്ഞുപോയ മണ്‍ വീണ
ഒടിഞ്ഞു വീണ ഓട്ടുമണി
മഴയ്ക്ക്‌ കാക്കും വേഴാമ്പൽ
പാതിമയക്കത്തിന്റെ പാല്പാത്രം
തട്ടി മറിഞ്ഞു
പൂച്ച കൈ നക്കി കാൽമുഖം-
കഴുകി
പുറത്തേക്കിറങ്ങി
ഭൂപാളത്തിന്റെ  ഒരുപാളി
അവളിലേക്ക്‌ വീണു
ഇരുണ്ട മുടി വാരിച്ചുറ്റി അടുക്കളക്കാരി
നേരം നന്നേ വെളുത്തു
അടുപ്പിൽ കനലായവളെരിഞ്ഞു

ചിത്രം




നഗരം നഗ്നമാണെങ്കിൽ
അവളെന്തിനു
നാണം മറയ്ക്കണം
അവൾ ഒരാപ്പിൾ മരം
ഹൃദയത്തിന്റെ സ്ഥാനത്ത്
ചുവന്നു തുടുത്ത ആപ്പിൾ
അവളുടെ മുടികൾ മരച്ചില്ലകൾ  
ചില്ലയിൽ നിന്നും ഊർന്നിറങ്ങി
  കഴുത്തിനെ ചുറ്റി ഒരു പാമ്പ്‌
അവളുടെ വലത്തെ മുലഞെട്ടിൽ
തലവെച്ചിരിക്കുന്നു
ഇടത്തെ മുലക്കണ്ണിൽ വാലുകൊണ്ട്
മെല്ലെ തലോടുന്നു
അവളുടെ  ഉയർത്തിയകൈപ്പടം
ആകാശവും
താഴ്ത്തിയ കൈപ്പടം ഭുമിയുമാകുന്നു
അരക്കെട്ടിൽനിന്നും ആൽമരം മുളച്ച്  
വരുന്നു
വലങ്കണ്ണ് സൂര്യനും ഇടങ്കണ്ണ് ചന്ദ്രനും
ഫാലം ദിക്ക് ,ചുണ്ട്ചിത്രശലഭങ്ങളുടെ
വീട്
നാസികയിൽനിന്നു വായുവും,വാതനു-
മുയരുന്നു
പാതങ്ങൾ പാതാളത്തിൽ ചെന്ന്
ഗംഗയെ കരയിലെക്കൊഴുക്കുന്നു
പാമ്പ് പൊക്കിൾ ച്ചുഴിയും കടന്നു
ബോധിയുടെ തണലിൽ
മൌന വാത്മീകത്തിൽ
അവൾ പാപത്തിന്റെ കനി
തിന്നവൾ
ചിത്രകാരന് ബോധോദയം
ബ്രഷും,ചായവും താഴെവെച്ച്
അവളിലേക്ക്‌ അലിഞ്ഞു ചേർന്നു

പാകം



അച്ഛന്റെ ചെരുപ്പ് ഇന്നും
കട്ടിലിനരികിലുണ്ട്
ആണിപ്പാട് തെളിഞ്ഞു കാണുന്നുണ്ട്
രാവിലെയും വൈകുന്നേരവും എന്നും
അമ്മ നോക്കിനില്ക്കും
കണ്ണീരിന്റെ ഒരിറ്റ് ചെരുപ്പ് കഴുകും
കട്ടിലിനുമുണ്ട് അച്ഛന്റെ മൂളലും ഞരങ്ങലും
പുതപ്പിനുമുണ്ട് മദിപ്പിക്കുന്ന
ആ വിയർപ്പുമണം
ഇന്ന് മകൾ ഓടിവന്നു പറഞ്ഞു
അച്ഛന്റെ ചെരുപ്പിലും ഓരാണി-
പ്പാടുണ്ടെന്നു
ആ മുട്ടി മുട്ടിയ്യുള്ള ചുമ യെങ്ങിയേങ്ങി
വരുന്നുണ്ട്
അച്ഛന്റെ ചില്ല് പൊട്ടിയ കണ്ണട
എനിക്കിപ്പോൾ പാകം