malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

വഴിയരികിൽ



ഓണ മെത്തിയിട്ടും
എത്തിനോക്കാത്ത  പൂവുകൾ
അവനിൽ ഓർമ്മ പ്പെട്ടു
വേലി തലപ്പിലെ ഒറ്റ പൂവിന്റെ
ഏകാന്തതയെ ക്കുറിച്ച് ഓർത്തു-
 നിന്നു
അപ്പോൾ കാട്ടുവഴിയുടെ
അരികിലേക്ക് ഇറങ്ങി ചെന്ന്
വിളറിയ ചിരിയോടെ ആ പൂവ്
ഇത്തിരി സൗരഭം തെറിപ്പിച്ചു .
അതാകട്ടെ പരസ്പര ബന്ധ മില്ലാതെ
ഒറ്റയ്ക്ക് സംസാരിക്കുകയും
സ്വപ്നം കാണുകയു മാണെന്ന് -
അവനു തോന്നി
ഗാസ തെരുവ് പോലെ
സാന്ധ്യാകാശം ചുവന്നു
ഇസ്രായേൽ മിസൈൽ പോലൊരു -
കാക്ക
പടിഞ്ഞാട്ടേക്ക് പറന്നു
ഗുജറാത്തിലെ വൃക്ഷ ശാഖയിൽ
കെട്ടി ഞാത്തിയ പോലൊരു പെണ്‍ പൂവ്
കാട്ടു വള്ളിയിലാടുന്നു.
ഇപ്പോൾ;
ഉപേക്ഷിക്ക പ്പെട്ട  നിലയിൽ
പിച്ചി ചീന്ത പ്പെട്ട ഒരു കുഞ്ഞു പൂവ്
വഴിയരികിൽ    

കത്തുകൾ വംശനാശം നേരിടുമ്പോൾ




ചരിത്ര ത്തിലേക്ക്
നടന്നു പോകുന്നു
ഒരു കാലൻ കുട
ഓർമ്മകളും സ്വപ്നങ്ങളും
നിറഞ്ഞു കവിഞ്ഞ
ഒരു ക്യാൻവാസ് ബാഗ്
ഹൃദയത്ത ലക്കോടിലാക്കി
കഞ്ഞി പശയൊട്ടിച്ച
ഒരു ചങ്ങമ്പുഴക്കാലമുണ്ടായിരുന്നു
ഇന്ന്,രമണനും,ചന്ദ്രികയും,
ശകുന്തളയും, ദുഷ്യന്തനുമൊന്നുമില്ല
കൂലം കുത്തിയൊഴുകാൻ
കത്തെന്ന കടലാസ് തോണിയേറ്റുന്ന
അനുരാഗ നദി യൊഴുകും
ക്യാമ്പസുകളില്ല
ഇടപ്പള്ളി കവികളുടെ
വിഷാദ കാമുകരില്ല
കത്തുകളെല്ലാം കുത്തും,
കോമയുമാകുമ്പോൾ
എസ്, എം,എസും ,ഇ മെയ്ലും-  
ചാറ്റിങ്ങുമായി ചുറ്റി തിരിയുന്നു 

കർക്കിടക വാവ്



കെട്ടണഞ്ഞ,ടുപ്പിനരികിൽ
കണ്ണീരണിഞവൻ നില്ക്കുന്നു
നെഞ്ചിൻ കുടുക്കയുടെ വക്കിൽ
മഞ്ഞൾ ചോറു ണങ്ങി ക്കിടക്കുന്നു
ദുഖത്തിൻ കാക്ക ക്കാലുകൾ
തട്ടി മറിച്ചു എള്ളും പൂവും
ഇന്ന് കർക്കിടക വാവ്
അമ്മേ....മാപ്പ്.
ബലികാക്ക മുരിക്കിലിരുന്നു
പറയുന്നത് എന്താണാവോ?
വേണ്ട,ബലി വേണ്ട
അമ്മതൻ നിത്യ ബലിനീ,യാകുംപോൾ
എന്നാകുമോ?
വിറയ്ക്കുന്ന കൈകളിൽ,
തുടിക്കുന്ന നെഞ്ചിൽ,
കണ്ണുനീരുപ്പിൽ,-
അമ്മയുള്ളപ്പോൾ
എന്തിനു ബലിയെന്നു
അവനും നിനപ്പൂ
     

അമ്മ മനസ്സ്



കുത്തിതറക്കുന്ന ചോദ്യാവലി
അയാളുടെ കണ്ണിൽ ഉയിർ കൊള്ളുന്നു
മറവിയുടെ ഒരു കൈത്തലം അവൾ തന്റെ
തലയിൽ സമർപ്പിക്കുന്നു
അവൾ ഇടം വലം നോക്കാതെ
നിഷ് പ്രയാസം റോഡു  മുറിച്ചു കടക്കുന്നു
ഒരു ബൈക്ക് അവളുടെ സാരിത്തുമ്പിൽ
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്നു പോയി
അമ്പല നടയിൽ അവളിലെ അമ്മ
നീരുറവയായ് ഉത്ഭവിച്ച്
പുഴയായ് ഒഴുകുന്നു
ബാക്കിയായ ദുഃഖം ഘനീ ഭൂതമാവുന്നു
ചുമർ ചിത്രത്തിലെ ഉണ്ണി
അവളെ നോക്കി പുഞ്ചിരിക്കുന്നു
കരിങ്കൽ മുലകൾ അവനുവേണ്ടി
പാൽ ചുരത്തുന്നു
അറിയാതൊരു നനവ്‌
അവളുടെബ്ലൌസിൽ ഒറ്റ ഉറുപ്പിക
വട്ടത്തിൽ  പടരുന്നു 

സന്ധ്യ




ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്ന
ആകാശത്ത്
വെയിലിന്റെ വടി ഒടിഞ്ഞു തൂങ്ങി
നില്ക്കുന്നു
മേഘ കുന്നുകൾ അവിടവിടെ
ഉയർന്നു നില്ക്കുന്നു
കുന്നിന്റെ പള്ളയിൽ ഒരാട്
പുറമുരച്ചു ചൊറിയുന്നു
പാൽക്കുട മേന്തിയ കാർമുകിൽ -
പെണ്ണ്
പടിഞ്ഞാട്ടേക്ക് നീങ്ങുന്നു
ഇപ്പോൾ,പതിറ്റടിച്ചെടിയുടെ
മൊട്ടുകൾ പോലെ
കണ്‍ തുറക്കുന്ന  നക്ഷത്രങ്ങൾ
മെല്ലെ മെല്ലെ ഓട്ടു വിളക്കിലെ
തീനാമ്പു പോലെ പ്രകാശിച്ചു
നിശ ചിത്രശാലയിൽ പെയ്ന്റിങ്ങുകൾ
തൂക്കിയിട്ടു തുടങ്ങി

ഹാവൂ........!



പാതിരയായ്കാണും നേരം
പിടഞെണീറ്റു വന്ന്
മുട്ടിവിളിക്കുന്നു ഒരു കവിത
ഇരുട്ടിനെ പുതച്ച് ചുരുണ്ടുകൂടി
കൂർക്കം വലിക്കുന്നു അവൾ
നരച്ച നിലാവ് മിഴിച്ചു നില്ക്കുന്നു -
പുറത്ത്
ഇറയരികിൽ ഇറങ്ങിയെത്തി
നഖം കടിച്ചും വിരൽ ഞൊട്ട
പൊട്ടിച്ചും നില്ക്കുന്ന
ഇരുട്ടിന്റെ കണ്ണ് നനഞ്ഞിരിക്കുന്നു
പറങ്കി മാവിൻ കാട്ടിലൂടെ
കുന്നു കയറിപോകുന്നു
ഒരു ഒറ്റയടിപ്പാത
ഭാരം പേറി തളർന്ന് ഹാവൂയെന്നു
ഇറക്കി വെച്ചപൊലെയായി
ഇപ്പോൾ മനസ്സ്  

ക്ഷമ



മരമായ്‌ വളരണം
മഴയും വെയ്ലുമേറ്റ്
പായൽ പച്ച പടരണം
ചിതൽ തിന്ന കാലിൽ
വിരൽ തുമ്പത്ത് നാമ്പിടണം
രോമങ്ങൾ വേരുകളായ്‌
പിണഞ്ഞങ്ങനെ വളരണം
കൈകൾതൻ ശിഖരത്തിൽ
വിരൽ ചില്ലകൾ കിളിർക്കണം
വസന്തത്തിൽ പൂക്കണം
കിളിക്കൂട്കൂട്ടണം
ഭൂമിയോളം ക്ഷമിക്കണം
ഭൂമിയിൽ ജീവിക്കാൻ