malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014 ഡിസംബർ 12, വെള്ളിയാഴ്‌ച

വേദന ച്ചില്ല



എന്നും രാവിലെ
കരളിന്റെ ചില്ലയിൽ
ഒരു കിളി വന്നിരിക്കുന്നു
സ്വപ്നങ്ങളിലെ അത്തി വൃക്ഷം
പൂവിടുന്നു
സങ്കൽപ്പത്തിലെ കുതിരകൾ
കുതിക്കുന്നു
നേരം വളരുന്തോറും
വേദനയുടെ മുള്ളുകൾ
കൂർത്തു കൂർത്തു വരുന്നു
പെയിൻ കില്ലറിൽ
പിടിച്ചു നില്ക്കുമ്പോഴും
കട്ടിൽപ്പടി ഞെരിഞ്ഞമരുന്നു
കാലം കാത്തു വെച്ച കുസൃതികൾ
കരളിനെ കാർന്ന് തിന്നുന്നു
ചില്ലകൾ വാടി കുഴയുന്നു
സന്ധ്യ മുഖത്തേക്ക് ഇരച്ചു കയറി
തുടുത്തു നില്ക്കുന്നു
മരുന്നിന്റെ മാജിക്കിൽ സുഷുപ്തിയുടെ
കടലിൽ ആണ്ടു പോകുന്നു
രാവിലെ കരളിന്റെ ചില്ലയിൽ
ഒരു കിളി വന്നിരിക്കുന്നു

2014 ഡിസംബർ 2, ചൊവ്വാഴ്ച

മുയൽപ്പേടി




വീടിനുചുറ്റുംമുയൽപാർപ്പുകളായിരുന്നു
ദുഖത്തിൽ നിന്ന് സുഖ ത്തിലേക്കും
മരണത്തിൽ നിന്ന് ജീവിതത്തിലേക്കും
മറിച്ചും-
ഒറ്റ കുതിപ്പിന്റെ ദൂരമെന്നു
മുയലാണെന്നെ പഠിപ്പിച്ചത്
മുന്നേറും തോറും മുയൽപ്പേടി
ബാക്കിയുണ്ടാവണ മെന്നും
എനിക്ക് പറഞ്ഞു തന്നു
അതെല്ലാം പഴയ കാലം
ഇന്ന് മുയലിനെ തേടിയാണ്
ഞാൻ തിരിച്ചു വന്നത്
എങ്ങുമില്ല ഒരു മുയലടയാളം
ബാക്കിയില്ല മറന്നു വെച്ച
പഴയ കാലം
സൌമ്യതയുടെ മുയലുകളെ
ഇനിയും പ്രതീക്ഷി ക്കേണ്ടതില്ല
നാടുകളിൽ
ഉള്ളതെല്ലാം മാംസത്തിന്റെയും
കൊല്ലലിന്റെയും മുയൽ ക്കാലം 

നടപ്പാത


സായാഹ്നങ്ങൾ  നടപ്പാതയുടെതാണ്
ഓരോ കാലടിപ്പാടുകളും അവ അടയാള
പ്പെടുത്തുന്നു
ഓരോ കാൽനഖ ചിത്രവും  അവയെ
രോമാഞ്ചം കൊള്ളിക്കുന്നു
കാമുകിയുടെ കാർകൂന്തലിൽ നിന്നും
കൊഴിഞ്ഞു വീണ പൂവുകൾ
സുഗന്ധവും വഹിച്ച് തന്റെ ശിരസ്സിൽ
പറ്റിച്ചേർന്നു മയങ്ങുന്നു
ഓരോ ചുവടുകൾക്കും ശുഭ യാത്ര നേർന്നു കൊണ്ട്
ജീവിതത്തിന്റെ നടപ്പാത കാട്ടി കൊടുക്കുന്നു
നടപ്പാത അനന്തമായ നിശ്ചലമായ കടൽ
അതിന്റെ ഒഴുക്കുകളാകുന്നു നമ്മൾ    
നമ്മെ അത് വന്ന്
മരണത്തിന്റെ അനന്ത മായ
കാഴ്ചയിലേക്ക് കൂട്ടി ക്കൊണ്ട് പോകുന്നു

മഞ്ഞു കാലം



ധനുമാസ പുലർ മഞ്ഞിൻ
തുള്ളി ചേർത്ത്
കിഴക്കൻ മല തൊട്ടു
ചാന്തു പൊട്ട്
കരനെല്ലിൻ തളിരോല
താള മിട്ട്
കുണുങ്ങി  കുണുങ്ങുന്നു
കുഞ്ഞു കാറ്റ്
പുത്തൻ തളിരാട ചുറ്റി
ഭൂമി
മലർ വാകപൂത്തു മലർ
ചൊരിഞ്ഞു
കൈ തോല ഈറൻ
മുടി നിവർക്കെ
നീർമണി മുത്തു  ചിതറിടുന്നു 

വെള്ളപ്പൊക്കം

കാറ്റ് മഴയോട് പറഞ്ഞു:
കലികയറിയ പുഴ
കരയേറി വന്ന്
എഴുതി വെച്ച് ഇറങ്ങിപ്പോയ
ക്ഷോഭ വാക്യമാണ്
കൽച്ചുമരിൽ  കാണുന്നത് 

പിടച്ചിൽ

കരകവിഞ്ഞ പുഴയിൽ
മുങ്ങിപൊങ്ങുന്ന
ചെടികൾ ക്കിപ്പോഴറിയാം
കരയിൽ പിടിച്ചിട്ട
മീനിന്റെ പിടയൽ

പുഴയോർമ്മ


വരണ്ട പുഴയുടെ
മണൽതിട്ടയിലിരിക്കുംപോൾ
കുഞ്ഞുകാല പുഴയോർമ്മയൊരു
രാപക്ഷി ചിറകനക്കമായ്
ഉള്ളിലുണരുന്നു
കയങ്ങളും,ചുഴികളുമായ്
തിടം വെയ്ക്കുന്നു
ഏതു പുഴയെക്കാളും
ഒഴുക്കുള്ളതാകുന്നു
ചെറു പാറകളിൽ
കൈ കൊട്ടി കടന്നു പോകുന്നു
നെരൂദ കണ്ട എട്ടുകാലി വള്ളങ്ങൾ
വലയുമായി നീങ്ങുന്നു
ദൈവം കൊടുത്തയച്ച
തീനായ് മീനുകൾ
ജല പരപ്പിലൂടെ
തെന്നി നീങ്ങുന്നു