malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഫെബ്രുവരി 6, തിങ്കളാഴ്‌ച

പെയ്ത്ത്




പുതുമണ്ണിൻ ഗന്ധത്തിൽ
അവർ ഇഴുകിച്ചേർന്നു കിടന്നു
തികച്ചും പ്രാകൃതികമായമണം
അനാദികാലം തൊട്ടേ
ആണും പെണ്ണും ചേർന്ന
സ്ഥിത ബന്ധത്തിന്റെ ഗന്ധം
സന്തുഷ്ട്ടിയുടെ പാരമ്യത്തിൽ
അഗാധകയങ്ങളിൽ
ആകാശത്തിന്റെ ആഴങ്ങളിൽ
ഒരു പൊട്ടായവർ പറക്കുകയായിരുന്നു
നനഞ്ഞയിലയുടെ മർമ്മരങ്ങൾ
അവരിൽ നിന്നുമുതിർന്നു
കുളിച്ചുനിന്നചില്ലകളിൽ
മഴത്തുള്ളികൾ നക്ഷത്ര തിളക്കമായി
ചാരമേഘങ്ങൾ ചില്ലുജാലകത്തിലൂടെ
യെത്തിനോക്കി
മരച്ചില്ലയുടെ മർമ്മരയും പുതുമണ്ണിന്റെ
മണവും പേറി
ഒരു പെരുമഴയായവർ പെയ്തു 

കാവ്യനീതി




കറിക്കത്തിയാൽ കുറിച്ചിടുന്നു
ഞാനെന്നെ
കഴിഞ്ഞകാലത്തിൻബാക്കിപത്രമായ്
കൊണ്ടുപോകുവാൻ നേടിയില്ലഞാൻ
ഒന്നുമേ, യെന്നെതന്നെയും
വെയിൽകുടിച്ചു ഞാൻ
മഴതിന്നുഞാൻ
മൗനഗർത്തത്തിൽ പാർത്തുഞാൻ
പേർത്തും പേർത്തും വന്നുനിങ്ങളെൻ
കവിതതൻ കന്യാഛേദംനടത്തിയോർ
ഒരു കാട്ടിലിരുന്നും ഞാനിനി കവിത
യെഴുതില്ല!
നിന്റെ രക്തവും നിന്റെ രേതസ്സും ഈ
മണ്ണ് മുടിച്ചിടും
മരിക്കുന്നവന് മുഖവുരയെന്തിന്
പറയട്ടെ:
എന്റെരക്തം കൊണ്ട്  കുറിച്ചിട്ടയീകവിത
കന്യാഛേദം നടത്തിയവന്റെ
കണ്ഠമറുക്കും
ഇന്നല്ലെങ്കിൽ നാളെ ഇത് കാല (വ്യ) നീതി


നാടുവിടുന്നതിന് മുൻമ്പ്




സ്വന്തമാക്കുവാനെന്തുണ്ട് നമുക്ക്
സ്വന്തമെന്നു നാം കരുതിയതൊക്കെയും
സ്വന്തമല്ലെന്നറികനീ
നാം നമ്മേമണ്ണിൽനിന്നു കണ്ടെടുക്കുന്നു
മണ്ണിലേക്കു കൊടുക്കുന്നു
പിന്നെയെന്തിനായ്നീ മണ്ണിൽനിന്നവരെ
പിഴുതെറിയുന്നു
അവരുടെ കുടിലുകൾ ഭസ്മക്കൂമ്പാര
മാക്കുന്നു
അവരുടെ പെണ്ണിനെയക്രമിക്കുന്നു
അവരുടെ നിണപശിമയാൽ മണ്ണൊലിപ്പ്
തടയാമെന്നാശിക്കുന്നു
കൽപ്പനയുടെ കാട്ടാളത്വം കറുത്തവന്
ശവമഞ്ചമൊരുക്കുന്നു
നല്ലപിള്ള ചമഞ്ഞില്ലേൽ നാടുവിടാൻ
കൽപ്പിക്കുന്നു നാട്ടുപ്രമാണി
എവിടേയ്ക്ക്നാം പോകേണ്ടത്!
ആർക്കാണവിടം സ്വന്തം !!
നാടുകടത്തിയവരെല്ലാം
നാടു കടന്നത് ചരിത്രം
വിനോദയാത്രാവേളയിൽ വെറുതേ
മറിച്ചുനോക്കണമാചരിത്രത്താളുകൾ

2017 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

കത്തും മറുപടിയും



പ്രീയേ, കുറിക്കുന്നുരണ്ടുവാക്ക്
പ്രിയതരമാകും ഓർമ്മവാക്ക്
ദൂരെയീ,യേകാന്തശ്യാമനേരം
കാണാൻകൊതിയൂറും പ്രേമവാക്ക്
മാനസ്സക്കൂട്ടീലുരുമ്മിനിന്ന്
കൊക്കുരുമ്മുന്നുണ്ടിണപ്പിറാക്കൾ
ആരുമേകാണാതെ കാറ്റൊരുത്തി
മുട്ടിവിളിക്കുന്നുപാതിരാവിൽ
വാതിൽ തുറക്കില്ലയെന്നറീകേ
പിറുപിറുപ്പാലെ തിരിഞ്ഞിടുന്നു
ആറ്റുവക്കത്തെ മുളങ്കാട്ടിനുള്ളിൽ
ആറ്റുവഞ്ചിയുമായവൾ രാവുറങ്ങും
രാവു വെളുപ്പിന്റെ പൊട്ടുകുത്തേ
ആറ്റിൽ കുളിച്ചവളീറനോടെ
ഈവഴിയേമണ്ടും കൊച്ചുകള്ളി.
അയ്യേ! യെന്നോതിനീ പിൻതിരിയാൻ
ആയുന്നതു ഞാനറിഞ്ഞിടുന്നു
മഞ്ഞിൽകുളിച്ചുള്ള പൂവുപോലെ
നാണമുണരുന്നഞാനറിവൂ
                        (2)
പ്രീയാ,നിൻവാക്കുകൾ വായിക്കവേ
മൊട്ടിട്ടുപോയെന്റെ മോഹമുല്ല
വാരിപ്പുണരാൻ കൊതിച്ചു നിൽക്കും
വാരിളംചന്ദ്രികയായി ഞാനും
പാതിരാതെന്നലോ പാഞ്ഞുവന്ന്
കെട്ടിപ്പുണർന്നു മറഞ്ഞിടുന്നു
പൊട്ടിച്ചിരിയുടെനാദധാര
ഗാനവിപഞ്ചികമീട്ടിടുന്നു
മോഹമടങ്ങാത്തമോഹമെന്നിൻ

തുന്നിച്ചേർക്കുന്ന ജീവിതം



തുന്നിത്തീരാത്ത കുപ്പായമാണ്ജീവിതം
ജനിച്ചതുമുതൽമരണം സൂചിക്കുഴയിലൂടെ
നൂൽകയറ്റിരസിക്കുന്നു
മലർത്തിവെച്ച ജീവിതത്തുണിയിൽ
കഷ്ട്ടപ്പാടിന്റെകഷ്ണംകൊണ്ട്
ജീവിതരേഖയുടെ വെള്ളവരവരയ്ക്കുന്നു
പിന്നെപലപലവെട്ടിമുറിക്കലിലൂടെ
മരണംജീവിതത്തെതുന്നിതുടങ്ങുന്നു
കറുത്തനൂലിന്റെ വലിക്കലും കത്രികയുടെ
മുറിക്കലിന്റെശബ്ദവുമല്ലേ,യീ -
കോലാഹലങ്ങളൊക്കെ
സൂചിമുനയാൽകുത്തിയ വിരലിൽനിന്ന്
ഒരുതുളളിരക്തംപൊടിയുമ്പോഴാണ്
ജീവിച്ചിരിക്കുന്നുയെന്നതോന്നൽതന്നെ
ഉണ്ടാകുന്നത്
നോക്കൂ; പാതിരാമണിയടിച്ചിട്ടും
പലരുടേയുംപങ്കപ്പാടുകൾ
ഒരുവൾ,പൂത്തമരച്ചോട്ടിൽ രാത്രിവസ്ത്ര
മുരിഞ്ഞുകൊണ്ടിരിക്കുന്നു
ഒര,സ്ഥിപഞ്ജരരൂപമായിഉരുകി തീരുമ്പോഴും
സ്വപ്നത്തിന്റെമഞ്ഞദൃശ്യത്തിൽ മതിമറക്കുന്നു.
എന്നിട്ടുംതുന്നിത്തീർക്കാമെന്ന് കരുതിയിട്ടും
കഴിയുന്നില്ല ജീവിതക്കുപ്പായത്തിന്റെ
അവസാനബട്ടൺ തുന്നിച്ചേർക്കാൻ

എന്നിലെ പ്രണയം



എന്നിലെപ്രണയം പതിയിരിക്കുന്ന
ഒരുപൂച്ചയാണ്
പുലിയാകണമെന്നുണ്ട്
ഞാനും ആവർഗ്ഗത്തിൽ പെട്ടതാണല്ലോ!
എങ്കിലും; നിന്നെ കാണുമ്പോൾ
എന്നിലെപുലി(രുഷ)ത്വം പൂച്ചത്വം
വരിക്കുന്നു
നിന്റെപാദങ്ങളിൽ, കണങ്കാലുകളിൽ
നീയറിയാതെയുരുമിനിൽക്കുന്നു.
പിന്നെയെന്നാണുനമ്മളൊന്നായത്
പ്രണയത്തിന്റെ കൃഷ്ണരാധയായത്.
പ്രണയം നീയാണെന്നെ പഠിപ്പിച്ചത് !
പ്രണയത്തിന് പ്രായമില്ലെന്ന് പൂവായ്
വിരിഞ്ഞത്!!
ഇന്ന്;എന്നിലെപ്രണയം പതിയിരിക്കുന്ന
 പുലിയാണ്
നിന്റെ ഓർമ്മകളിലേക്ക് ഞാൻ
 മൂരിനിവരുന്നു
പ്രണയത്തിന്റെ നഖരമാഴ്ത്തുന്നു
നീയില്ലാതെയിനിയൊരു ജീവിത
മെനിക്കെന്തിന് !
പ്രണയമേ,ഈയേകാന്തഗഹ്വരത്തിൽ
നിന്ന്
ദാരിദ്ര്യത്തിന്റെമുള്ളും,മുരടുംനിറഞ്ഞ
തെങ്കിലും
 നിന്റെപ്രണയത്തിന്റെകൊടുംവനത്തിലേ
ക്ക്ഞാൻ കുടിയേറുന്നു
അല്ലെങ്കിലും, യഥാർത്ഥ പ്രണയം
സുഖ സുന്ദര സുഷുപ്തി മാത്രമല്ല
ദു:ഖസാന്ദ്രവുമാണ്

ചുവന്ന കവിത



അഗ്നിജ്വാലകൾവിഴുങ്ങുന്ന ഒരു കാടിനെ
ക്കുറിച്ച്
എനിക്ക്കവിതയെഴുതണം
എന്നാൽ, തീയിൽപിടയുന്നകുഞ്ഞുപക്ഷി
കളെ
എങ്ങനെഞാൻ വാക്കുകളിലാക്കും
ഭാവനയിലുണ്ട്, വിരലിലെത്തുന്നത്
വാക്കുകളുടെ നിലവിളിമാത്രം
വർണ്ണംകൊടുക്കുവാൻ കഴിയില്ലെനിക്ക്
പിഞ്ചോമനകളുടെ പിടഞ്ഞുവീഴലുകളെ.
എന്റെഓർമ്മകളെ, മനസ്സിന്റെവേവലാതി
കളെ
എവിടെഞാനൊളിപ്പിക്കും ?!
ഒരുതീപ്പിടിച്ചകാടായ് ഞാനാളിക്കത്തുന്നു
എന്നെനിങ്ങളെഴുതുമോ ?!
തീപ്പിടിച്ചയീകാട്ടിൽനിന്ന് ,യെന്നെയെനി
ക്കെഴുതാൻ കഴിയുന്നില്ല
നോക്കൂ,യീക്കാട്ടിൽ പീഡിപ്പിക്കപ്പെടുന്ന തത്രയും
പിഞ്ചു കുഞ്ഞുങ്ങളാണ്
ആ കുഞ്ഞുങ്ങളുടെ ചുവപ്പ് തെറിച്ചാണ്
ചുവന്നു പോയത്, യെന്റെയീ കവിത