malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഓഗസ്റ്റ് 16, ബുധനാഴ്‌ച

നിങ്ങളാൽ അവൾ.....




വംശവൃക്ഷമായ് വളരേണ്ടവൾ പെണ്ണ്
വരും തലമുറയേ വാർത്തെടുക്കേണ്ടവൾ
അവളുടെ കണ്ണീരെണ്ണയിലല്ലോ നിങ്ങൾ
തിരി തെളിയിക്കുന്നു
അവളുടെ,യിളം മേനിയിലല്ലോ നിങ്ങളു
റഞ്ഞാടിടുന്നു
പൂമ്പാറ്റയായുല്ലസിക്കേണ്ട ശൈശവം
ആടിയും, പാടിയും തിമർക്കേണ്ട ബാല്യങ്ങൾ
സ്വപ്നങ്ങൾ മൊട്ടായ് കിളിർക്കേണ്ട കൗമാരം
പൂവായ് സുഗന്ധം പരത്തേണ്ട യൗവ്വനം
ഇല്ലില്ലവർക്കിന് .
കിടപ്പറയിൽ, വേട്ടയാടപ്പെടും മുയൽ  ക്കുഞ്ഞുങ്ങളായ് പിടയുന്നു
പൂമേനിയിൽ പൊൻപണം കായ്ക്കുന്ന
വഴിവാണിഭ വസ്തുവാകുന്നു
രജകനായുള്ളൻ അവളുടെ കൊഴുപ്പും
തഴപ്പും പൊലിപ്പിച്ച്
അരചനായ് വാണരുളുന്നു
പാനോത്സവത്തിന് മദിരയവൾ
മദം കൊണ്ടിടുന്നോർക്ക് മാംസമവൾ.
അവളുടെയുള്ളിൽ മുളയിട്ടവർ നിങ്ങൾ
ആ മുലപ്പാലുണ്ട് വളർന്നവർ നിങ്ങൾ.
ആ ഗർഭപാത്രം തകർക്കുന്നു നിങ്ങൾ
ആ അരക്കെട്ടുപിളർക്കുന്നു നിങ്ങൾ
ആ ചുടുമാംസം ചുട്ടുതിന്നു രസിക്കുന്ന
കാട്ടാളർ നിങ്ങൾ

മരുക്കാട്ടിൽ....



നേരമൊത്തിരിയായി
രാവുറക്കമായി
നിശ്ചലം എങ്ങും ഭയാനകം
എങ്കിലും തിരക്കിലാണെന്നിട്ടും
ഞാനിപ്പൊഴും.
ഉടൽ പിണങ്ങുന്നെന്നാലും
പണി ചുമടായ്ക്കിടപ്പൂ
കിടപ്പറയിൽ നിന്നു കേൾക്കാം
കൂർക്കംവലി ക്രമാൽ
ചേടിയായുള്ളവൾ ഞാൻ
ചൊടിച്ചിട്ടെന്തു കാര്യം
ഇച്ചേതിവക്കിലെങ്ങാൻ
നടുനിവർത്താൻ കഴിഞ്ഞാൽ
അതു താൻ ഭാഗ്യമെന്ന് കരുതേ
ണ്ടുന്നോളല്ലോ
പൂർവ്വാംബരം ചുവക്കാൻ ഇല്ലിനി
നേരമേറെ
തീർക്കണം അപ്പോഴേക്കും ബാക്കി
യുള്ള ജോലിയും
പാതിരാവോളം പാനോത്സവമാ,യാണും
പെണ്ണും
പണക്കൊഴുപ്പിൻമേളങ്ങൾ ആർപ്പുകൾ
അട്ടഹാസങ്ങൾ
വെട്ടിയിട്ട വാഴപോൽ പിന്നെ സ്വസ്ഥമാ, മുറക്കങ്ങൾ
ഈ മരുക്കാട്ടിൽ വേലക്കാരിയാംപെണ്ണി
വൾ
ഈ കനൽവഴിയിൽ പൊള്ളിപ്പിടഞ്ഞീടുന്നു

2017 ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

പ്രണയമേ....!




മഴയാജനാലയിൽ ശോകാർത്തമായി
തലയടിക്കുന്ന,വളെപ്പോൽ
തോരാതെ പെയ്യുന്നുമഴ മിഴിനീർപോലെ
ഹൃദയത്തെ പൊള്ളിച്ചിടുന്നു
എത്രനിന്നെ പ്രണയിക്കുന്നുഞാനെന്ന്
പതംപറയുന്നു തേങ്ങുന്നു
എന്റെഏകാന്തമാം രാത്രിതൻ അന്ത്യം ക്കുറിക്കും പ്രഭാതം നീ യെന്നുനിനച്ചു ഞാൻ
എന്റെ പ്രഭാതത്തെ ഞെരിച്ചടർത്തീടുന്ന
കൂരിരുളായിഭവിച്ചല്ലൊനീ
എന്തിനായെന്നോട് ചൊല്ലീ പ്രണയം നീ
എന്തിനാ യെന്നിലേയെന്നെയുണർത്തി നീ
വഞ്ചനതൻ കഞ്ചുകം പുതച്ചുംകൊണ്ടേ
കുഞ്ചിരാമൻ കളിച്ചുപറ്റിച്ചു നീ
സത്യമായല്ലോഞാൻ നിന്നേപ്രണയിച്ചു
സ്വന്തമെന്നല്ലോഞാൻ നിന്നേകരുതി
എന്തിനായെന്തിനായ് ഈയന്ധകാരത്തിൽ
എന്നെയെറിഞ്ഞു കളഞ്ഞു നീ പ്രണയമേ

2017 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

മീൻ മാർക്കറ്റിൽ



പരുന്തുകളുടെ പറക്കലും
ഈച്ചകളുടെ ആർപ്പും
ഉളുമ്പ് മണത്തിന്റെ
തുളുമ്പലും കൊണ്ടറിയാം
മീൻമാർക്കറ്റ് എവിടെയെന്ന് .
ശ്വാസംമുട്ടലിന്റെ ആ ഒറ്റനിമിഷ
ത്തിന്റെ ഭയംകൊണ്ട്
ഇമകൾ പൂട്ടാൻ മറന്നതു
കൊണ്ടായിരിക്കണം
ചില്ലുപാത്രംപോലെ മീനുകളുടെ
കണ്ണുകൾ തിളങ്ങി നിൽക്കുന്നത്.
കലങ്ങിയ ഒരു കടലായിരിക്കണം
മുറിഞ്ഞ മീനിൽനിന്ന് ചോരയായ്
ഒഴുകുന്നത്.
മരണത്തിന്റെ ഒരു കടലാണ്
മാർക്കറ്റ്.
തലച്ചോറ്ചിതറി, ഹൃദയംനുറുങ്ങി
എല്ലും തൊലിയുമായ് തറഞ്ഞുകൊണ്ടി
രിക്കുമ്പോഴും
കൊന്നിട്ടും കൊതിതീരാതെയെന്ന
ഭയാശങ്കയല്ല
ഇത്രയേയുള്ളൂ,യെന്ന ഒരുപുച്ഛച്ചിരി കാണാം
ചില മീന്തലകളിൽ.
ഇരകളെയെന്നപോലെ പിൻതുടരുന്നുണ്ട്
ചിലകണ്ണുകൾ
മീൻമാർക്കറ്റിലെത്തുന്ന സ്ത്രീകളെ
പച്ചയോടെ മസാലചേർത്ത് പൊരിച്ച്
തിന്നുന്നുണ്ട് !
അപ്പോഴാണറിയുക
മരണം മേഞ്ഞുനടപ്പുണ്ട് നമ്മിലുമെന്ന്.


2017 ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

വീട്ടിലേക്കുള്ള വഴി




ഇടനേരങ്ങളിൽ ഇടയ്ക്ക്
ഇന്നും ഇറങ്ങിനടക്കാറുണ്ട്ഞാൻ
അന്നത്തെകുന്നിറമ്പായ ഇന്നത്തെ
നാഷണൽ ഹൈവേയിലൂടെ.
നാലാൾകൂടുന്ന നാലുംകൂടിയ മുക്കിൽ
കാത്തുനിൽക്കാറുണ്ട്
കുഞ്ഞിക്കണ്ണേട്ടനെ, സെയ്തലവിയെ, -
ജോസഫിനെ
ഇന്നത്തെ സൂപ്പർമാർക്കറ്റിന്റെ
ആളൊഴിഞ്ഞ കോണിൽ.
മുറുക്കിചുവന്ന ചാറൊലിപ്പിച്ച് കുഞ്ഞി -
ക്കണ്ണേട്ടൻ,
തലയിലൊരു വട്ടക്കെട്ടുമായ് സെയ്ദലവി
പിരിച്ച മീശയും, ചുണ്ടിൽ ബീഡിയുമായി
ജോസഫ്
നാട്ടുവർത്തമാനം ചൊല്ലിചിരിച്ച് നടക്കു
മ്പോൾ
ഭ്രാന്തനെന്ന്,ഭ്രാന്ത്ചൊല്ലാറുണ്ട് ചിലർ
പഴയ പുഴയരികിലൂടെ നടക്കുമ്പോൾ
പുഴവെള്ളംപോലെ കുതിച്ചുവരുന്നു
ക്രിക്കറ്റ്ബോള്
കുളക്കോഴികൾ, കണ്ണാംതുമ്പികൾ
പുഴയിറമ്പിലുണ്ടോയെന്ന് നോക്കുമ്പോൾ
പുഴ ക്രിക്കറ്റ്കോർട്ടെന്ന് കുട്ടികൾകൂവി
വിളിക്കുന്നു
നാണുവേട്ടന്റെ നാലുകാൽ ചായക്കടയിൽ
കയറി
ചായപ്പറ്റ് കണക്കിൽഎഴുതിക്കോ,ന്ന് പറയുമ്പോൾ
കുണ്ടൻമേസ്തരിമകൻ കനകരാജന്റെ
രണ്ട്നില ഹോട്ടൽവരാന്തയിലെന്ന്
കലമ്പലിന്റെ കല്ലുകൾ കർണ്ണപുടം
പൊട്ടിക്കുന്നു
സന്ധ്യവറ്റിയനേരത്ത് വീട്ടിലേക്ക് പോകുമ്പോൾ
ആദ്യവളവിലെ ഓലപ്പുരയെവിടെ?
ഉമ്മറപ്പടിയിൽ ഏക്കം പിടിച്ച്
എങ്ങിയിരിക്കുന്ന താങ്ങുവടിയെവിടെ?
എന്നോമൺമറഞ്ഞുപോയ കുഞ്ഞി-
ക്കണ്ണേട്ടനും, സെയ്തലവിയും, ജോസഫു
മെവിടെ?!
കൊളളും, കോണിയും, പറമ്പുകയറിപ്പോ
കുന്ന വഴികളും,
കണ്ടാ മിണ്ടുന്നവരും, കന്നുകാലികളും
എവിടെ
വീട്ടിലേക്കുള്ള വഴിയും, വീടും, അന്നത്തെ
ഞാനുമെവിടെ ?!!


2017 ഓഗസ്റ്റ് 6, ഞായറാഴ്‌ച

ഒച്ച് ജീവിതം




പൂർത്തീകരിക്കാത്ത
ഒരു സിംഫണി പോലെയവൾ!
ഏതു പാട്ടിലായിരിക്കും മാഞ്ഞു
പോയിട്ടുണ്ടാവുക?!
എന്റെ മനസ്സിൽ കപ്പൽച്ചേതങ്ങളും,
ശൂന്യ ദ്വീപുകളും മാത്രം.
നിറങ്ങൾ നിശ്ശബ്ദം മരിച്ചൊടുങ്ങിയ ഇടവഴിയിലാണു ഞാൻ.
മൂവന്തി നേരമെങ്കിലും
ഉരുകിയ ഈയ്യത്തിൽ ഒഴുകുന്ന ജലം
പോലെ
ഇഴഞ്ഞിഴഞ്ഞ് ഒരുപാടു പോകുവാനു
ണ്ടാവണം ഇനിയും ജീവിതം
അതുകൊണ്ടായിരിക്കണം
കാറ്റിൽപറക്കുന്ന കരിയിലപോലെ
നടപ്പാതയില്ലാത്ത വാക്കുകളുടെ വന
ത്തിൽ
ഞാൻ ഒറ്റപ്പെട്ടു നിൽക്കുന്നത്
തളിർക്കാതെ പോയ മോഹങ്ങൾ
മുരടിച്ചായിരിക്കണം
പൂക്കാതെ, കായ്ക്കാതെ പോയിട്ടും
ഓർമ്മകളുടെ വേദനതിന്നാനായ്
ഒര് ഒച്ച്ജീവിതം കാലം നീട്ടിനീട്ടി
തരുന്നത്

2017 ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

കണ്ണാടി




കണ്ണാടിയിൽ ഞാനെന്നുമെന്നെ കാണാറുണ്ട്
സുന്ദരമായമുഖവും ഭംഗിയാർന്ന
ശരീരവുംകണ്ട്
എന്നെതന്നെ മറന്നുനിൽക്കാറുണ്ട്
ഇന്നു ഞാനെന്നെ കണ്ട് ഞെട്ടിത്തരിച്ച്
നിൽക്കുന്നു!
സ്വയം വെറുക്കുന്നു ,പേടിക്കുന്നു!!
കണ്ണാടി ഇന്നെന്നോട് ഒത്തിരിക്കാര്യം
പറഞ്ഞുതരുന്നു
എന്റെ വിഡ്ഡിത്തത്തെ, വാക്കുകളെ, കോമാളിക്കളികളെ.
വൃത്തികെട്ടമുഖംമൂടി ഞാനഴിച്ചുവെയ് ക്കുന്നു
ഞാനിങ്ങനെയാവുമെന്നൊന്നും
വിചാരിച്ചിരുന്നില്ലല്ലോ!
ഞാൻ ആരിൽനിന്നൊക്കെയാണോ
മുഖംതിരിഞ്ഞുനിന്നത്, തുറിച്ചുനോക്കി
യത്
അവരൊക്കെ കണ്ണാടിയിൽ നിന്നെന്നെ
യിന്ന് തുറിച്ചുനോക്കുന്നു
ആർക്കുവേണ്ടിയാണോ ഞാനെല്ലാം
വെട്ടിപ്പിടിച്ചത്
അവരെല്ലാം വെറും കാഴ്ച്ചക്കാരായിരി
ക്കുന്നു
അസംതൃപ്തിയുടെവേരുകൾ അവരിൽ
മുളച്ചുതുടങ്ങിയിരിക്കുന്നു
എല്ലാചായങ്ങളും കൂട്ടിക്കലർത്തി ഒഴിച്ച
തുപോലെഞാൻ
തോടിനുള്ളിലൊളിച്ചു നിൽക്കുന്ന
ഒച്ചുപോലെഞാനെന്ന് ഇന്നറിയുന്നു
വിച്ഛേദിക്കപ്പെട്ട ചിലന്തിയുടെ കാലുകൾ
പോലെന്നിൽ
ജീവൻ പിടഞ്ഞുകൊണ്ടിരിക്കുന്നു