malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഒക്‌ടോബർ 9, തിങ്കളാഴ്‌ച

നഷ്ടപ്രണയം



പ്രണയത്തിന്റെ
ജഡവും പേറി
ഞാൻ നടക്കുന്നു.
ജീവിതത്തിന്റെ
വഴികളോരോന്നും
താണ്ടി
ഇവിടെയെത്തി
നിൽക്കുന്നു.
എവിടെ സംസ്ക്ക
രിക്കും?!
ഇടമില്ലാത്ത ഇടങ്ങൾ
മാത്രമെങ്ങും.
അവസാനം;
ഞാനെന്നിൽ തന്നെ
സംസ്ക്കരിച്ചു

മുരിക്ക്




മുള്ളു മരത്തിന്റെ
ഉള്ളിൽ പെരുംസ്നേഹ
സാഗര പോളകളെന്നറി
ഞ്ഞീടുക.
ഉച്ചിയിൽ ചോപ്പിന്റെപൂവ
ണിയിച്ചതും
ഉച്ചപ്പിരാന്തെന്ന് ചുറ്റിച്ചതുംനീ
പൊത്തിപ്പിടിച്ചൊന്ന്
ചുറ്റിപ്പുണരുവാൻ
മോഹങ്ങളേറെയീ ഉള്ളിലു
ണ്ടെങ്കിലും
കുത്തിനോവിക്കാൻ കഠോര
മായുള്ളൊരു
മുള്ളേകിയെന്നെയകറ്റിയതും നീ

അല്ലെങ്കിലെന്തിനീ സുന്ദരമാകണം
പെണ്ണേ ,മുരിക്ക് മരമായി മാറുക

2017 ഒക്‌ടോബർ 7, ശനിയാഴ്‌ച

നീയും, ഞാനും




നിന്നിലുണ്ട് ഞാൻ കൊത്തിവെച്ച
നാലുവരിക്കവിത
പ്രണയത്താൽ ചുവന്നു തുടുത്ത
ഒരു ചുംബനം
നെഞ്ചോട് ചേർത്തു പിടിച്ചതിൻ
ചൂട്
കറുകനാമ്പിൽ നിന്നെന്നോണം
ഇറ്റി വീണ കണ്ണീർ ഒപ്പിയെടുത്ത
പെരുവിരലിന്നടയാളം
പ്രണയത്താൽ ഞെരിഞ്ഞമരുന്ന
പെണ്ണേ
നീയെന്നിൽ ഒരു കവിതാമരമായ്
പൂത്തുലയുന്നു

മരിക്കാത്ത മണ്ണിൽ ....!




നിങ്ങൾക്കു തോന്നാം
അമ്ലത്തിൽ അരണ്ട,രണ്ടു പോയ
ഒരു മനുഷ്യൻ
മരിച്ചു പോയതിലെന്തിരിക്കുന്നുവെന്ന്!
എന്നാൽ, ഏഴര വെളപ്പിനെഴുന്നേറ്റ്
കൈക്കോട്ടുമായി കണ്ടംകിളച്ചതവനാണ്
മേൽക്കുപ്പായമില്ലാതെ വിയർത്തു കുളിച്ച്
വിത്തിന്റെ കവിത വിതച്ചതവനാണ്
കാവലു കിടന്നതും, കൊയ്തതും
മെതിച്ചു പൊലിച്ചതും പത്തായം
നിറച്ചുതന്നതും അവനാണ്
ആട്ടും ,തുപ്പുമേറ്റിട്ടും, അകറ്റി നിർത്തിയിട്ടും
എത്ര അടുത്തായിരുന്നു അവൻ
നിങ്ങൾക്കവനാര്?!
കൈനനയാതെ മീൻ പിടിക്കുന്നവർ
നിങ്ങൾ
മാടി വിളിക്കുന്ന മാളും, പുത്തൻ പണവും
നിങ്ങൾക്ക് സ്വന്തം
മണ്ണ് ചോർന്നതറിയാൻ മണ്ണിലിറങ്ങാത്ത
വർ നിങ്ങൾ.
വേണമായിരുന്നു അവൻ
അന്തിക്കള്ള് കുടിച്ച് ആടിയാടി വന്ന്
കഴിഞ്ഞതെല്ലാം ഓർമ്മിപ്പിക്കുവാൻ
എന്നിലെ എന്നെ എനിക്ക് തിരിച്ചു തരാൻ
തോർത്തുമുണ്ടിൽ തെരുപ്പിടിപ്പിച്ച്
കാലത്തിന്റെ കണ്ണാടിയായി
കവിതയായിരിക്കുവാൻ

മനുഷ്യരാൽ ആട്ടിയിറക്കപ്പെടുമ്പോൾ...!




മുൻമ്പൊക്കെ നാം സ്നേഹത്തിന്റെ
ഭാഷയിൽ
വരച്ചു വെയ്ക്കാറുണ്ടായിരുന്നു
മലകളെ, മരങ്ങളെ, പുഴകളെ, _
പാറക്കെട്ടുകളെ.
തുന്നിക്കെട്ടാറുണ്ട് പട്ടിണിയിലും, ദുഃഖത്തിലും കീറിപ്പോയ _
ജീവിതങ്ങളെ.
കെടാത്ത ഒരു കൈത്തിരിയായ്
കനലായ് അനലാറുണ്ട്
അടുക്കളയിൽനിന്നടുക്കളയിലേക്ക് .
മരിച്ചവരാരും മരിച്ചിരുന്നില്ല അന്ന്
മനസ്സിലെ കുടിലിൽ കുടിയിരിക്കുക
യായിരുന്നു
മൗനവും, കരുപ്പട്ടി കടിച്ചുകൂട്ടിയ
മധുരവും ചേർത്ത്
ഒരു നാടൻപാട്ട് കോർത്തെടുക്കുക
യായിരുന്നു.
പാടേ പറത്തി വിടാറുണ്ട്
കോർത്തു നിൽക്കും കൂർത്ത
മുള്ളുകളെ, കുറുക്കുവഴികളെ.
ഇന്ന് ആട്ടിയിറക്കപ്പെട്ട ഒരു ജനതയെ
പ്പോലെ
പാലായനം ചെയ്യപ്പെട്ടിരിക്കുന്നു
മലയും, മരങ്ങളും, പുഴയും -
പെരുമകളും
പൊരുളറിയാത്ത മനുഷ്യനോട്
കഥയരുളിയിട്ടെന്തു കാര്യം

2017 ഒക്‌ടോബർ 4, ബുധനാഴ്‌ച

അവസ്ഥ




പലപ്പോഴും ഞാൻ പലതും
വെച്ച് മറന്നു പോകാറുണ്ട്
പുറത്തു പോകുമ്പോൾ
പേന, പേഴ്സ്, കണ്ണട, കാലുറ
മറവിയുടെ മാറിലിടിച്ച്
പഴിക്കാറുണ്ടെങ്കിലും
കണിശമല്ലാത്തതു കൊണ്ട്
കാര്യങ്ങൾ നടക്കാതിരുന്നിട്ടില്ല
ഇന്നിപ്പോൾ കാര്യങ്ങളെല്ലാം
മാറിയിരിക്കുന്നു
വളരെയധികം സൂക്ഷിക്കണം
എന്തുകാണണം, കേൾക്കണം,
പറയണം, പ്രവർത്തിക്കണം
എന്നൊക്കെ അവർ തിട്ടൂര
മിറക്കിയിട്ടുണ്ട്
മറക്കാതിരിക്കണമെന്ന് ഇടയ്
ക്കിടേ ഓർമ്മിപ്പിക്കുന്നുണ്ട് .
ഇനിയെനിക്ക് എന്നെ തന്നെ
മറന്നു വെയ്ക്കണം
പുറത്തു പോകുമ്പോൾ
ഇറങ്ങിപ്പോയാൽ തിരിച്ചുവരുമെ
ന്നതിന്
ഉറപ്പൊന്നുമില്ലല്ലോ

2017 ഒക്‌ടോബർ 2, തിങ്കളാഴ്‌ച

ഗാന്ധിയെ തേടി




കൂർത്ത മുനകൾക്കിടയിലൂടെ
ഈച്ചയാർക്കും കബന്ധങ്ങൾ -
ക്കിടയിലൂടെ
ഊന്നുവടിയുമായൊരു ഫക്കീർ
നടക്കുന്നു
അക്രമ, മവസാനിപ്പിക്കാതെ
ആഹാരം തൊടില്ലെന്ന് പ്രതിജ്ഞ
ചെയ്യുന്നു
ആത്മാവിന്റെ അഗാധതയിൽ
മൗനത്തിന്റെ സഹായത്താൽ
വെളിച്ചത്തെ തിരയുന്നു
സഹനത്തിനു മുന്നിൽ ശക്തി
ക്കെന്തു സ്ഥാനം ?!
കത്തികളും, കഠാരികളും, -
കൈത്തോക്കും, കൈ ബോംബു -
കളും
അർദ്ധനഗ്നനോട് മാപ്പിരക്കുന്നു
വർഗ്ഗീയത വകവെച്ചു കൊടുക്കി
ല്ലെന്ന്
ഒരു നഗരം പ്രഖ്യാപിക്കുന്നു .

നവഖാലികൾ ഉണ്ടായിക്കൊണ്ടേ
യിരിക്കുന്നു
ഗാന്ധി എവിടെ?!