malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ജനുവരി 7, ഞായറാഴ്‌ച

കവിത ഇങ്ങനെ



എഴുതുവാനെടുത്തു വെച്ചാലേ
കവിതയുടെ കളിയറിയൂ
ചിലത് അരിപ്പിറാവിനെ പോലെ
യാണ്
കുറുകിക്കൊണ്ടിരിക്കും
കൊത്തിപ്പെറുക്കുമ്പോഴും
ശ്രദ്ധയിരുപുറവുമായിരിക്കും.
ചിലത് ആട്ടിൻകുട്ടിയെ പോലെ
കാണുന്ന പച്ചപ്പിലെല്ലാം ഒന്ന് കടിച്ച്
നോക്കും
പിന്നെ ഓടിയകലും.
ചിലത് പട്ടിക്കുട്ടിയെപോലെയും
പുറത്തേക്കിറങ്ങിയാൽ മുട്ടിയുരുമി
വിടാതെ പിറകേ നടക്കും
എത്ര ആട്ടിയോടിച്ചാലും ഒട്ടുനേരം
കഴിഞ്ഞ് പിന്നെയും
പടിക്കകത്തെങ്കിൽ പുറത്ത് നിന്ന്
വാലാട്ടുന്നതല്ലാതെ
അകത്തേക്ക് കടക്കില്ല.
മറ്റു ചിലതുണ്ട് കുറുഞ്ഞി പൂച്ചയെ
പ്പോലെ
മുട്ടിയുരുമി,നടക്കാൻ വിടാതെ,
മടിയിൽ ചാടിക്കയറി
പുതപ്പിനുള്ളിൽ നുഴഞ്ഞു കയറി
ചേർന്നു കിടന്ന് ചൂടു പറ്റി.
ഇങ്ങനെയൊക്കെയാണെങ്കിലും
കവിതയൊന്ന് കറങ്ങി നടക്കുന്നത്
മനസ്സിനൊരു സുഖം തന്നെയാണ്

2018 ജനുവരി 6, ശനിയാഴ്‌ച

മറച്ചു വെയ്ക്കുമ്പോൾ




ഇരുണ്ടുവെളുക്കുമ്പോൾ
റെയിൽ പാളത്തിൽ,
കുറ്റിക്കാട്ടിൽ,
വെള്ളക്കെട്ടിൽ,
സ്ത്രീ ശരീരം.
മുഖം വികൃതമായതിനാൽ
ആളെയറിയുന്നില്ല
പത്രങ്ങളിൽ, ചാനലുകളിൽ,
വാട്സാപ്പിൽ, കൂട്ടായ്മകളിൽ
ചിത്രങ്ങൾ ,വാർത്തകൾ
അന്വേഷിച്ച് ആരും എത്തു
ന്നില്ല
പോലീസ് സ്റ്റേഷനിലൊന്നും
കാണാതായപരാതിയില്ല.
ദിവസങ്ങൾ കഴിയുമ്പോൾ
ദുരഭിമാനത്തിന്റെ മുഖം മൂടി
മാറ്റുന്നു
പരാതികൾ സ്റ്റേഷനിലെത്തുന്നു
മോർച്ചറികൾ കയറിയിറങ്ങുന്നു
നാം തന്നെ തെളിവുകളെല്ലാം
നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു
ക്രൂരത കൈ കഴുകി നടന്നു
 മറയുന്നു.


2018 ജനുവരി 5, വെള്ളിയാഴ്‌ച

അമ്മ അനുഭവം




സ്നേഹത്തിന്റെ
ഉപ്പു തടാകമാണ,മ്മ
അലിഞ്ഞലിഞ്ഞു
തീരുവാൻ കഴിയാതെ
വറ്റിവറ്റി തീരുന്ന തടാകം
തിളച്ചു കൊണ്ടിരിക്കുന്ന
അഗ്നിപർവ്വതമെങ്കിലും
തൂവാതെ ഉള്ളിൽ അടക്കം
ചെയ്യപ്പെട്ടുകൊണ്ടിരി
ക്കുന്നു
ജലത്തിൽ മത്സ്യമെന്ന
പോലെ
ഹൃദയത്തിൽ സ്നേഹത്തിന്റെ
ഭൂപടം വരച്ചുകൊണ്ടേയിരി-
ക്കുന്നു അമ്മ.
 മരണംഅജയ്യതയുടെ പതാക
പറത്തുമ്പോഴും
ജീവിതത്തിന്റെ കളിക്കളത്തി
ലേക്ക്
നമ്മേ കൂട്ടിക്കൊണ്ടു വരുന്ന നന്മ
ശിലയിൽ മറഞ്ഞിരിക്കുന്ന
ശിൽപം പോലെ
മനസ്സിനുള്ളിൽ അമ്മ.
അനുഭവമാണ് അമ്മ.

2018 ജനുവരി 4, വ്യാഴാഴ്‌ച

കൊടിയേറ്റം




ഇന്നാണാദിനം
മഴയുത്സവക്കൊടിയേറ്റം
കാറ്റ് പ്രചരണം തുടങ്ങി
മരങ്ങൾ ആർപ്പുവിളിയാൽ
ആടിത്തുടങ്ങി
ഞെക്കു വിളക്കും തെളിച്ച്
മിന്നാമിന്നുകളെത്തുന്നു
വാദ്യഘോഷം വാനിട
ത്തിൽ മുഴങ്ങി
ചീവീടുകളുടെ കൊമ്പുവിളി
തവളകളുടെ കുഴലുവിളി
ഫോട്ടോയെടുപ്പിന്റെ മിന്നൽ
വെളിച്ചം
എങ്ങും ആരവങ്ങൾ
നെറ്റിപ്പട്ടംകെട്ടിയ മേഘങ്ങൾ
എഴുന്നള്ളിയെത്തി
തുമ്പികൈവണ്ണത്തിൽ മഴതീർത്ഥ
മൊഴുക്കി
കൊടിയേറ്റം ഗംഭീരം
ഇനിനാട്ടിലെന്നും മഴയുത്സവം

2018 ജനുവരി 3, ബുധനാഴ്‌ച

അറിയേണ്ടത്




വേനലിൽ വേരറ്റു വീണടിയാത്തൊരു
വാകയായ് വാനോളംപൂത്തുനിന്നീടണം
കണിക്കൊന്നയായി കിലുകിലേചിരിക്കണം
പ്രണയവർണ്ണത്തിൻ വസന്തങ്ങൾ തീർ
ക്കണം
കുരുവിയായ് പാടി, ശലഭമായാടി,
താളമിട്ടാടും തളിർ തൊത്തായ് -
വിരിയണം
വേപഥു ചില്ലകൾ വെട്ടിമാറ്റീടണം
വേനൽ മഴയായ് കുളിർക്കേ പെയ്
തിറങ്ങണം
വാടിയ സ്വപ്നത്തിൽ മഞ്ഞു പെയ്യി
ക്കണം
വാടാർ മല്ലിയായ് പൂവിട്ടുനിൽക്കണം
വേടറ്റു വീഴുവാൻ മാത്രമീ ജീവിതം
എന്നു നിനയ്ക്കാതുണർന്നെഴുന്നേ-
ൽക്കണം
പുത്തൻ പുതുമുളകൾക്കുനേർസാക്ഷി
യായ്
അരുണിമയാർന്നഴകായ്വർത്തിക്കണം
വേരറ്റു വീഴാതെ പൂത്തമരമായി
പ്രതീക്ഷയും, സ്വപ്നവുമായി നിന്നീടണം.


2018 ജനുവരി 2, ചൊവ്വാഴ്ച

തിരുവാതിര





അംഗനമാർതന്നുടെ
ഇംഗിതമെന്നപോലെ
ധന്യമാമൊരു മാസം
വന്നെത്തി ധനുമാസം
മഞ്ഞിലൂടരിച്ചെത്തും
മഞ്ജുള നിലാദീപ്തി
പാതിരാപടവേറി
പാലപ്പൂപറിക്കുന്നു
കൈകൊട്ടിക്കളിയുടെ
കങ്കണമണിനാദം
കാട്ടാറിൻകൽപ്പടവിൽ
കല്ലോലമുതിർക്കുന്നു
കുമ്മിയടിക്കുംകന്യമാരുടെ
വേണിപോലെ
വിയത്തിൽ പാറീടുന്നു
മേചക വർണ്ണമേഘം
തിരുവാതിര നാരിമാർക്കൊരു
നവ്യമേള
കേരളക്കരയാകെ
കൈകൊട്ടും കലാമേള

2018 ജനുവരി 1, തിങ്കളാഴ്‌ച

ജനുവരി




തേൻ മഞ്ഞുതുള്ളി തലോടും
പുലരിയിൽ
ഇരു മുഖത്താലെ നോക്കുന്നു ജനുവരി
ഭൂതവും, ഭാവിയും ഒപ്പത്തിനൊപ്പം
ഓർത്തുനോക്കുന്നു പുതു ദിനത്തിൽ
എന്തെന്തു കാഴ്ച്ചകൾ കണ്ടു നമ്മൾ
കാണുവാനിനിയുമെന്തൊക്കെയുണ്ട്
കരളു പറിക്കുന്ന കാഴ്ച്ച കണ്ടു
കണ്ണെടുത്തെറിയേണ്ട കാഴ്ച്ച കണ്ടു
വറ്റിവരണ്ട പുഴകൾ കണ്ടു
വെട്ടിത്തെളിച്ചുള്ള കാടു കണ്ടു
പൊട്ടിക്കരയും ബന്ധങ്ങൾ കണ്ടു
പട്ടിണി പേറും വയറുകണ്ടു.
കാഴ്ച്ചകൾ പിന്നെയും കണ്ടു നമ്മൾ
കുളിരു കോരുന്നൊരു നേർക്കാഴ്ച്ചകൾ
മകരത്തണുപ്പിൽ തീ കായുന്നതും
തിരുവാതിരപ്പാട്ട് പാടുന്നതും
പൂവാംകുരുന്നില പുണരലുകൾ
മെയ് പുണർന്നാടും പ്രണയകാവ്യം
കാണുവാനിനിയുമെന്തൊക്കെയുണ്ട്
ജീവിതം മുന്നോട്ട് പോയിടട്ടെ
തളരാതെ തകരാതെ പോയിട്ടെ
മണ്ണിതിൽ ജീവൻ തളിർത്തിടട്ടെ
പൂവുകൾ എങ്ങും വിരിഞ്ഞിട്ടെ
ശാന്തി സമാധാനം കൈവരട്ടെ
മകരമഞ്ഞിന്റെ തണുപ്പുമേറ്റ്
മധുരം നുണയാൻ കഴിഞ്ഞിടട്ടേ
.....................................................................
കുറിപ്പ് :- രണ്ടു മുഖമുള്ള റോമൻ ദേവതയാ
യ ജാനസിൽ നിന്ന് ജനുവരി എന്ന പേര്
രണ്ട് മുഖങ്ങൾ _ ഭൂതവും, ഭാവിയും