malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ജൂലൈ 7, ശനിയാഴ്‌ച

രണ്ടു കവിതകൾ




പ്രണയം
..................
ഓർക്കുന്തോറും
മധുരം പോലെ
അലിഞ്ഞലിഞ്ഞ്

ദാമ്പത്യം
.................
നിലവിളിക്കാൻ
കഴിയാത്ത
സഹനം. കവിതകൾ



2018 ജൂലൈ 6, വെള്ളിയാഴ്‌ച

നീ....!




നീയെനിക്കാരുമല്ലെന്നാകിലും
നീയെനിക്കെല്ലാമെന്നറിയുന്നു ഞാൻ
നീ ചുരത്തിയുള്ളോരമൃതമല്ലോ
എന്നെ ഞാനാക്കീ വളർത്തിയത്
കോടി ജന്മങ്ങൾക്കു , മമ്മയാണെങ്കിലും
കന്യയായ്നീയെന്നും വാണിടുന്നു
എത്ര വെയിലിൻ തീ തിന്നുന്നു നീ
എത്ര പെയ്ത്തിൻ ജലം മോന്തുന്നു നീ
എന്തു പേരിട്ടു വിളിക്കും നിന്നെ?'
ഏതു വാത്സല്യത്താൽ മൂടും നിന്നെ
മക്കൾ കിരാതരായ് വാണിടുന്നു
കരുണവറ്റിക്കരൾ കറുത്തിടുന്നു
വെൺപ്രാക്കളെയവർ കൊന്നിടുന്നു
കഴുകുകളെയവർ വാഴ്ത്തിടുന്നു
ശലഭച്ചിറകു പറിച്ചിടുന്നു
ശവക്കൂനകൂട്ടിയുറഞ്ഞിടുന്നു
സഹനമെന്നാലതു നീയല്ലയോ
സ്നേഹമെന്നാലതു നീയല്ലയോ
എൻ മൺചെരാതു തെളിയിക്കുന്നുനീ
ഇരുളിൽ വിളക്കായ് ജ്വലിക്കുന്നു നീ
എന്നിലാനന്ദം നിറയ്ക്കുന്നു നീ
കൈപിടിച്ചെന്നേ നടത്തുന്നു നീ
എനിക്കെന്നുമമ്മയും, ഉൺമയും നീ
അറിവിന്റെ പാലാഴി തീർത്തവൾ നീ
അരുണോദയമായുണർത്തുവോൾ നീ
നീയെനിക്കാരുമല്ലെന്നാകിലും
നീയെനിക്കെല്ലാമെന്നറിയുന്നു ഞാൻ.

2018 ജൂലൈ 5, വ്യാഴാഴ്‌ച

അകലെയാണെങ്കിലും




നിയെൻ ഹൃദയ നികുഞ്ജത്തിൽ
സ്മൃതി തൻ പൂവായ് വിടരുന്നു
സ്നേഹത്തിൻ ചെറുതാഴ്വരയിൽ
ലില്ലി പൂവായ് വിടരുന്നു
കാറ്റിൻ കൈയ്യാൽകരളിൽ തൊട്ട്
പ്രണയത്തിൻ കുളിരേകുന്നു
പല്ലവി പാടി ഞാൻനിർത്തുമ്പോൾ
അനുപല്ലവി നീ പാടുന്നു
മാമ്പൂവിൻ മദഗന്ധം നീ
മാടപ്രാ,പോൽ സ്നിഗ്ധം നീ
അകലേ നാമിരു പേരെന്നാൽ
സ്വപ്നത്തിൽ നാമൊരുമിച്ച്
എന്നുടെ മാനസപുസ്തകത്താളിൽ
നീ പെറ്റുപെരുകും മയിൽ പീലി
പ്രിയേ, നീയൊരു പൂവരശ്
പാരിൽ നേരിൻ പനിനീര്
നീയെൻ ഹൃദയാകാശത്തിൽ
വിടർന്നു നിൽക്കും പൂന്തിങ്കൾ
നീയെൻ പ്രണയക്കുന്നുകളിൽ
പതഞ്ഞു പെയ്യും മഴമേഘം
നീയെൻസ്നേഹ നിലവിളിക്കിൽ
ജ്വലിച്ചു നിൽക്കും നിറദീപം
നീയാമെന്നിൽ നിറഞ്ഞു നിൽക്കും
വാടാ പ്രണയത്തിൻ പൂവ്.

2018 ജൂലൈ 4, ബുധനാഴ്‌ച

ഒക്കെയും....!




ഒക്കെയും പോയി! നേരമിരുട്ടി വെളുത്തപ്പോൾ
ഒക്കെയു,മാരോകവർന്നുപോയി
ഒക്കെ പഴങ്കഥയായി, ഓർക്കുവാനിനിയെ
ന്തുബാക്കി
നന്മയെ നുള്ളിയെടുത്തു ,ഒരു നുള്ള് ഉള്ളതു
കൂടി
വാർത്തകൾ വാനേറി പോയി
ചാനലിൽ ആർത്തു കരേറി
ഹർത്താലുകൾ ആഘോഷമാടി
വർത്തമാനം പിന്നെ നിർത്തി.
എത്ര മഴകൾക്കു കുടയായി നിന്നു
എത്ര വെയിലുകൾക്കു തണലായി
നിന്നു
എത്ര പഥികർക്കു വീടുമായി
എത്ര പ്രണയത്തിൻ കൂടുമായി
എത്ര വീരൻമാരെ കണ്ടു നിന്നു
എത്ര വീരസ്യങ്ങൾ കേട്ടു നിന്നു
എത്ര ഉത്സവത്തിൻ കൊടികളേറി
എത്ര മത്സരത്തിൻ പോർവിളികളാടി
എത്ര സമരങ്ങൾക്ക് സാക്ഷിയായി
രക്തസാക്ഷിത്വത്തിന്നു സാക്ഷിയായി
എത്ര കാലങ്ങൾ കടന്നു പോയി
എത്ര കോലങ്ങൾ മുടിയഴിച്ചു
കീഴാളരെത്ര തളർന്നുവീണു
മേലാളരെത്ര മണ്ണടിഞ്ഞു
തലമുറയെത്രയോ മാറി മറിഞ്ഞിട്ടും
തലയുയർത്തി നിന്നൊരാ,മരമുത്തച്ഛൻ
താങ്ങായ് തണലായ് നിന്നൊരച്ഛൻ
ആരുടെ കോടാലിയാണാവോയിന്നലെ
ആശിരസ്സറുത്തു രക്തം കുടിച്ചു
ഒക്കെയും പോയി! നേരമിരുട്ടിവെളുത്ത
പ്പോൾ
ഒക്കെയുമാരോ കവർന്നു പോയി

2018 ജൂലൈ 3, ചൊവ്വാഴ്ച

കോണിയും,പാമ്പും



കലപിലയുടെ കാക്കവന്ന്
വാക്കിനെ കൊത്തിപ്പറക്കുന്നു
നോക്കിന്റെ കൂർത്ത കല്ലടുത്തു -
തുരുതുരാ,യെറിയുന്നു
കാലം എത്ര വേഗമാണ് മാറിപ്പോയത്
ദേശാടന പക്ഷിയായി മഴ,
നഗരങ്ങൾക്കെല്ലാം ഒരേ മുഖഛായ,
പഴയൊരു പുഴയിലൂടെ
വാഹനങ്ങൾ കുതിച്ചൊഴുകുന്നു
പുഴയെ തടഞ്ഞു നിർത്തുന്ന മലപോലെ
സിഗ്നൽ പോസ്റ്റുകൾ ഉയർന്നു നിൽക്കുന്നു
ദിനോസറിനെപ്പോലെ വാപിളർന്നു
നിൽക്കുന്നു നഗരം.
ഒന്നും മനസ്സിലാകാത്തകവിതയാണ് -
ജീവിതം
കണക്കിന്റെ, കളികളുടെ .
കണ്ണീർ പോലെ ഒലിച്ചുപോകുന്നു ഒരു ദിനം,
കടൽപോലെ ആഴമേറിയ മറുദിനം,
കുരിശിലേറ്റപ്പെടുന്ന മറ്റൊരു ദിനം.
ആർക്കും തിട്ടമില്ല ജീവിതത്തെ
ഓരോ ദിനവും ഓരോ സൂര്യൻ കടലിൽ
പതിക്കുന്നു .
ജീവിതം ഒരു വിലാസമാകുന്നു -
പേരുപോലെ
ജീവിച്ചിരിക്കുന്നു എന്നറിയാനുള്ള വിലാസം.
ഓട്ടമാണ് ജീവിതം
പാതകളെല്ലാം പതിൻമടങ്ങ് വികസിച്ചു
കൊണ്ടിരിക്കുന്നു
മനസ്സിന്റെ പാതകൾ ചുരുങ്ങിക്കൊണ്ടും
കോണിയും പാമ്പും കളിക്കുന്നു നഗര-
ത്തിൽ ജീവിതങ്ങൾ

2018 ജൂലൈ 2, തിങ്കളാഴ്‌ച

ജൂലായ്




മിഥുന മോഹങ്ങൾ
കുതിച്ചു പെയ്യുന്നു
മധുര മോഹങ്ങൾ
കിതച്ചു നിൽക്കുന്നു
മദിരയുണ്ടു മദിച്ചവനെപ്പോലെ
മിഥുന മേഘങ്ങളാടി തിമർക്കുന്നു
കർക്കിടകക്കരിമേഘങ്ങൾ വന്നെത്തി
കാർക്കോടകനെപ്പോൽ തുള്ളി വിറയ്ക്കുന്നു
ഇടതടവില്ലാ,തിടിമുഴക്കുന്നു
ജലതരംഗങ്ങളുയർന്നു നിൽക്കുന്നു
കാറ്റു വന്നു മുടിക്കെട്ടിൽ പിടിക്കുന്നു
വലിച്ചിഴക്കുന്നു ,തൊഴിച്ചു തള്ളുന്നു
പീഡനമേറ്റു പിടയുന്നു കാടുകൾ .
കടപുഴകുന്നു മരങ്ങൾ മഹിതിയിൽ
നഷ്ട കഷ്ടങ്ങൾ, ദു:ഖഭാരങ്ങൾ
കരളുകൊത്തിവലിക്കുന്ന ഓർമ്മകൾ
അപ്പോഴും കാണാം അകലെ പച്ചപ്പിൻ
തെളിവെളിച്ചങ്ങൾ മുളയെടുക്കുന്നു

2018 ജൂലൈ 1, ഞായറാഴ്‌ച

അനശ്വരം




പ്രണയത്തിന്റെ നാൽക്കവലയിൽ,
നഷ്ടപ്പെട്ട എന്റെകാഴ്ച്ചയെ
അവൾ ചുംബിക്കുന്നു
വ്യസനങ്ങളിൽ ഒരു വാസന പൂവു -
മായിവരുന്നു
ശാപമായ ജഡത്തിന്
ജീവവായു ,വേകുന്നു
പ്രണയമെന്ന ഒറ്റവാചകത്തിന്
ഹൃദയ നൊമ്പരം മുഴുവനറിയുന്നു
ഓർമ്മകളുടെ കൈവളകിലുക്കങ്ങ
ളിലേക്ക്
മനസ്സുഖത്തിന്റെ താഴ്വരകളിലേക്ക്
ഊർന്നിറങ്ങുന്നു
സ്നേഹം മുയൽക്കുഞ്ഞുങ്ങളാണ്
കുറ്റിക്കാടുകൾക്കിടയിലൂടെ
കറുകനാമ്പുകൾ കൊറിച്ച്
പ്രണയത്തിന്റെ താജ്മഹൽതീർത്ത്
പരസ്പരമൊന്നാകുന്നവർ
ദുഃഖത്തിന്റെ നെരിപ്പോടിൽ
നീറിപ്പിടയുമ്പോഴും
ജാതി, മത, വർണ്ണവെറിയുടെ
സാലമുയർത്തിയവരോട്
സലാം പറഞ്ഞുള്ള പോക്കാണ്
പ്രണയത്തോളം അനശ്വരമായത്
മറ്റെന്തുണ്ട്.