malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ജൂലൈ 15, ഞായറാഴ്‌ച

ശൈശവം




ശൈശവം കൈതവം കാട്ടി നിൽക്കും
സ്മരണകളുണ്ടിന്നുമെന്റെയുള്ളിൽ
കൈതോലപ്പായ വിരിച്ചു വെച്ച്
കടപ്പുറമാക്കിയ കുഞ്ഞുനാള്
കൈത്തോട്ടിൽ കണ്ണിമീൻ ചൂണ്ടയിട്ട്
കാറ്റോട് കഥ ചൊല്ലിയുള്ള നാള്
ഇട്ടിയും കോലും കളിച്ചു കൊണ്ട്
എട്ടു നാടുംചുറ്റി വന്നനാള്
നെടിയ പിലാവിന്റെ പീടികയും
കണ്ണാഞ്ചിരട്ടയും മണ്ണപ്പവും
കൊത്തങ്കല്ലാട്ടവും ,ഗോലികളി
ഗോപാലനും, കള്ളക്കണ്ണനുമായ്.
ഒട്ടിയ വയറിലെ താളമേളം
ദിനചര്യയായിക്കഴിഞ്ഞ കാലം
പൊട്ടിയ സ്ലേറ്റിലേ തറ, പറയും
സ്കൂളിലെ ഉപ്പുമാവിൻ കൊതിയും
ഓർമ്മക്കിളിയോലപാറിടുന്നു
ഓണ മഴവില്ല് തൂകിടുന്നു
അഴലുകളെത്രയുണ്ടെന്നാകിലും
ശൈശവകാലമതെത്ര ഭംഗി.


2018 ജൂലൈ 14, ശനിയാഴ്‌ച

അസ്തമയം




അരുണശോഭയാ,യുദിച്ചുയർന്നൊരീ-
ജീവിതസൂര്യനെ കടലെടുക്കുന്നു
എന്തെന്തു മോഹങ്ങൾ, ദാഹങ്ങൾ
ഹോമിച്ചു
എന്തെന്തു ത്യാഗം സഹിച്ചു മരവിച്ചു
കണ്ണിൽ കരിമ്പടക്കെട്ടുകൾ മൂടുന്നു
സിരകളിൽ തീപാമ്പ് ആഞ്ഞുകൊ ത്തീടുന്നു
മുണ്ടു മുറുക്കി മറുവാക്കു ചൊല്ലാതെ
ഭൂമിയായ് ഭൂമിയോളംക്ഷമ പുതച്ചുഞാൻ
കൺകണ്ട ദൈവമായ് കാത്തുരക്ഷി
ക്കുവാൻ
കൽപ്പിച്ചു തന്നതീ മക്കളെയെന്നോർത്തു.
അസ്തമയത്തിന്നരികത്തണയവേ
അസ്ഥികൂടക്കോലമായി ഞാൻ മാറവേ
സ്നേഹമായൊരു വാക്ക് ചൊല്ലാ,നൊരു
തുള്ളി
വെള്ളമെന്നണ്ണാക്കിലിറ്റിച്ചുനൽകുവാൻ
ആരുമേ,യരികിലില്ലാതെയീ കണ്ണീർ
കടലിലലിയുന്നു ജീവിത സൂര്യൻ

2018 ജൂലൈ 13, വെള്ളിയാഴ്‌ച

മറ്റെന്തുണ്ട് ...!




അമ്മ തന്നതല്ലാതെ
മറ്റെന്തുണ്ടെനിക്കു സ്വന്തമായ്
അമ്മ മൂളിയ പാട്ടല്ലോ
ഞാൻ പാടി നടക്കുന്നു.
അടുക്കളക്കരികളാൽ അമ്മ -
തുന്നിയ ചിത്രമായ്
എന്റെ ചിത്രമെഴുത്തിന്
അമ്മ തന്നെ മോഡലായ്.
മല്ലി, മഞ്ഞൾ, മുളകിനാൽ
അമ്മ ചാർത്തിയ ചായങ്ങൾ
എന്റെ ചിത്ര രുചിക്കൂട്ടായ്
ഇന്നുമൂറി നിൽക്കുന്നു.
അമ്മ ചുട്ട അപ്പങ്ങൾ
നല്ല നല്ല ചിത്രങ്ങൾ
അമ്മ തന്നെ വരച്ചുള്ള ചിത്രമ
ല്ലോ ഞാൻ തന്നെ.
ഇത്രയെല്ലാമായിട്ടും എത്ര നിസ്സാ
രമായ്
തള്ളിടുന്നു ദിനംപ്രതി
നുളളിടുന്നു വാക്കിനാൽ.

2018 ജൂലൈ 12, വ്യാഴാഴ്‌ച

ഓർമ്മപെൻഡുലം




ക്ലോക്കിലെ പെൻഡുലം
 ഞാത്തിയിട്ടോർമ്മയെ
അങ്ങോട്ടുമിങ്ങോട്ടും
തട്ടിക്കളിക്കുന്നു
രാവിന്റെ ഉന്മാദ ശാലയിൽ
സാഗരകന്യമാരൊത്തുള്ള
നൃത്തച്ചുവടുകൾ
സിരകളിൽ ചോരതൻ
സർപ്പ പുളച്ചലിൽ ഉതിർന്നു
വീഴുന്നൊരു
സീൽക്കാരനാദങ്ങൾ
സ്ഫടിക പാത്രത്തിലെ
രക്തച്ചുവപ്പിനെ
ആർത്തിയാൽ നൊട്ടിനുണ
ഞ്ഞുള്ള യൗവ്വനം
വിഗ്രഹമായുള്ള വിധ്വംസനങ്ങളെ
വിപ്ലവ ജ്വാലയിൽ വേവിച്ച
നാളുകൾ
ജന്മജന്മാന്തര പുണ്യങ്ങൾ തേടി
അലയുന്ന അർത്ഥമില്ലാത്ത
ജന്മങ്ങളെ
കർമ്മങ്ങൾ ചെയ്തു കാലത്തി
ന്റെ യർത്ഥമാം നിത്യസത്യ
ങ്ങളെ കാട്ടിക്കൊടുത്തവൻ
വേദന തിന്നു പിടയും മനസ്സിന്
വേദാന്തമല്ലാവിളമ്പേണ്ടതെന്നോ
തിയോൻ
കാലം കറുത്തും വെളുത്തും
കടന്നു പോയ്
പുഴകളിലെത്രയോ മഴകളൊ
ഴുകിപ്പോയ്
എങ്കിലും ഇന്നുമാ പൊള്ളും
ദിനങ്ങളെ
പെൻഡുലങ്ങോട്ടുമിങ്ങോട്ടു
മാട്ടുന്നു

2018 ജൂലൈ 11, ബുധനാഴ്‌ച

ഓർമ്മകൾ




ഓർമ്മതൻ അന്നനാളത്തിൽ നിന്നും
തികട്ടുന്നു അയവിറക്കുന്നു വീണ്ടും
പിന്നിപ്പിരിഞ്ഞു പോകും വഴികൾ
പിന്നിട്ട നാളിന്നടയാളങ്ങൾ
പനിവിങ്ങി നിൽക്കുന്ന ബാല്യകാലം
മുല്ലമലർഗന്ധമായ കാലം
ആകാശ താഴ്വരക്കുന്നരികിൽ
മഴ മേഘം കണ്ണാരം പൊത്തി നിന്നു
കാറ്റുടനേ വന്ന് അച്ചുതൊട്ടു
തോറ്റ മേഘം തല താഴ്ത്തി നീങ്ങി
വലയിൽ പിടയും പരൽമീൻപോലെ
മോഹങ്ങൾ കരേറി വന്നുള്ള കാലം
വഴുതും വയലിൻ വരമ്പിൽ നിന്ന്
ഒറ്റയ്ക്ക് ചിരിച്ചു കളിച്ച ബാല്യം
മാനത്തെ കരിമേഘ കലങ്ങൾ നോക്കി
പാട്ടുകൾ മൂളി നടന്ന കാലം
ഇടതൂർന്ന മുടിയും, ഇലക്കുറിയും
ശ്രീയെഴും മിഴിയിലെ സ്വപ്നങ്ങളും
എല്ലാം യെനിക്കെന്നും സ്വന്തമെന്ന്
കരുതിയ പഴങ്കഥ തുമ്പിയായി
ഓർമ്മയെ തുമ്പിതൻ വാലിൽക്കെട്ടി
ഇന്നും പറത്തി നടക്കുന്നു ഞാൻ

2018 ജൂലൈ 10, ചൊവ്വാഴ്ച

ദർശനം



കണ്ടതില്ല നബിയെ, ക്രിസ്തുവെ,
കൃഷ്ണനെ, ഗാന്ധിയെ ,
മാർക്സിനെ, ബുദ്ധനെ.
ഹേ.... മഹാരഥൻമാരെ
കണ്ടതില്ല ഞാനിതേവരെ
എവിടെയാണു നിങ്ങൾ?
കേട്ടു ഞാനേറെ
സ്നേഹനിധിയാം നബിയെ
മാനവകുലം ചെയ്ത പാപ-
ച്ചുമടുമായ് കുരിശു വരിച്ചൊരു
ക്രിസ്തുവെ.
ധർമ്മാധർമ്മത്തിൻ തേരുതെളി-
ച്ചൊരു കൃഷ്ണനെ .
അഹിംസയാലൊരു ലോകം -
പണിഞ്ഞൊരുഗാന്ധിയെ.
അദ്ധ്വാന വർഗ്ഗത്തിൻകാൽച്ചങ്ങല
തകർത്ത മാർക്സിനെ.
മൗനമാം ബോധിതൻ തീരത്തു നിന്നും
സത്യമെന്തെന്നു പറഞ്ഞൊരു
ബുദ്ധനെ.
ഹേ ..... മഹാരഥൻമാരെ, എവിടെ
യാണു നിങ്ങൾ ?!
എങ്ങുനിന്നെന്നറിയില്ല കേട്ടു ഞാനൊ-
രശരീരി
നിന്നിലുണ്ട് ഞങ്ങൾ കൺ തുറന്നു നീ
കാണുക!
പിന്നെയാ തെരുവിൻ തിരക്കിലേക്ക്
നോക്കുക
പാതി നഗ്നനായ്, പിച്ചയെടുക്കും പാവമായ്,
സഹായഹസ്തമായ്, സ്നേഹവായ്പ്പായ്,
അഭിമാനമോടെ തൊഴിൽ ചെയ് വോരെ.

2018 ജൂലൈ 8, ഞായറാഴ്‌ച

അൽഷിമേഴ്സ്




പെട്ടെന്ന് ലോകം അവസാനി
ച്ചതു.പോലെ
ഭൂമി പിളർന്നു മാറിയതു പോലെ
മണ്ണിടിഞ്ഞതുപോലെ
തുരന്നെടുത്തതുപോലെ
കടലെടുത്തതുപോലെ
പുഴവറ്റിയതു പോലെ
ശുദ്ധ ശൂന്യമാം
വെള്ളക്കടലാസു പോലെ
തലക്കൂട്ടിൽ നിന്നും
ചിന്തയുടെ വാതിൽ തുറന്ന്
ഓർമ്മ പക്ഷികൾ
എങ്ങോ പറന്നു പോയി
ഇപ്പോൾ തൂവൽ ലാഘവത്തോടെ
പറന്നു നടക്കുന്നു