malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ബാക്കിപത്രം




വിഭജനത്തിന്റെ വീറും വാശിയിലും
അഭിമാനം കൊള്ളുന്നവർ
മുറിവുകളെക്കുറിച്ച് ഓർക്കാറില്ല.
കാൽപ്പാടുകളെകവിതകളായി
കൊത്തിവെയ്ക്കുന്നവർ
പറിഞ്ഞു പോയ പ്രണയത്തെക്കുറിച്ച്
പറയുന്നില്ല.
ഇടുങ്ങിയ മുറികൾ ഇറങ്ങി വരുന്നു
എന്നിലേക്ക്
ദീനതയ്ക്ക്, വിലാപങ്ങൾക്ക് വിങ്ങി
പ്പൊട്ടുവാൻ പോലും ഇടമില്ലാത്തയിടം
നഷ്ടങ്ങളുടെ ആയിരം മുറിവുകൾ
ചങ്കിലേറ്റുന്നവർ
അറവുശാലയിലെന്ന പോലെ
നെറ്റിയിൽ നാമം ചാർത്തപ്പെട്ടവർ
അഭയാർത്ഥികൾ, അഗതികൾ
ഞരമ്പുകളിൽ വിഷം തിളക്കുന്നവർ -
തന്ന ബാക്കി പത്രങ്ങൾ.

ഭിക്ഷാടനം




ഉളുമ്പു മണമുള്ള
ഗലികളിലൂടെ
പ്രാഞ്ചി പ്രാഞ്ചി
വടിയും കുത്തി നടന്നു.
നിലയ്ക്കാത്ത
നിലവിളി പോലെ
വാഹനങ്ങളുടെ ശബ്ദങ്ങൾ.
വാടിയ പൂക്കളുടേയും
വിയർപ്പിന്റേയും ഗന്ധമുള്ള
പെണ്ണുങ്ങൾ
ചമഞ്ഞിരിപ്പുണ്ടവിടവിടെ.
തകർന്ന ഹൃദയങ്ങളുടെ
ശബ്ദങ്ങൾ കൂരകളിൽ.
ക്ലാവു പിടിച്ച കണ്ണുകൾ
എന്തൊക്കെ കണ്ടിരിക്കുന്നു.
വേദനയും ആനന്ദമായി
മാറിയിരിക്കുന്നു
തുള വീണഹൃദയങ്ങൾക്കു
മുന്നിൽ കൈനീട്ടുമ്പോൾ
കൈപ്പാർന്ന വെറുപ്പ്
സ്പന്ദിക്കുന്നു
തിളച്ചു തൂവിപ്പോകുന്ന ഒരു
മനസ്സ്
ആരും കാണുന്നില്ല
ചളുങ്ങിയ പിച്ച പാത്രത്തിലെ
നാണയ ക്കിലുക്കം പോലെ
ഉള്ളിൽ നിന്നോർമ്മകൾ
തുള്ളുന്നു
ലോകത്തെ അത്രയും പ്രണയിച്ച
ഒരു കാലമുണ്ടായിരുന്നു
എന്നും കാണണമെന്നും
സംസാരിക്കണമെന്നും
ചേർത്തു പിടിക്കണമെന്നും
ജാഗരത്തിലും നിദ്രയിലും
കൊതിച്ചിരുന്ന കാലം
ഇപ്പോൾ ലോകം ശൂന്യമായിരിക്കുന്നു
വസന്തം എത്ര ക്ഷണികം
ഇന്ന്,നിങ്ങൾ നീട്ടുന്ന നാണയ
ത്തുട്ടിൽ
നിരങ്ങി നീങ്ങുന്നു ജീവിതം

2018 ഓഗസ്റ്റ് 5, ഞായറാഴ്‌ച

ഉറുമ്പുകൾ



ഉറുമ്പുകൾ പലവിധം
കട്ടുറുമ്പ്, നെയ്യുറുമ്പ്
കൂനനുറുമ്പ് , ചോണ
നുറുമ്പ്

പക്ഷേ,
ഇരുകാലിൽ നടക്കുന്ന
ശവംതീനി യുറുമ്പുകളാണ്
നമുക്ക് ചുറ്റും

2018 ഓഗസ്റ്റ് 4, ശനിയാഴ്‌ച

നീർപ്പോള




അവൾ മുറ്റത്തെ ഇറവെള്ളത്തിലേക്ക്
നോക്കിയിരുന്നു
നിമിഷങ്ങൾ കൊണ്ട് പൊലിഞ്ഞു പോകുന്ന
നീർപ്പോളകളാണ് ജീവിതങ്ങൾ.
ഓർമ്മകളുടെ ഏതോ ഒരു സന്ധിയിൽ
അവൾ ബാല്യത്തിന്റെ അനാഥത്വത്തി ലേക്ക് പതിച്ചു
കോരിച്ചൊരിയുന്ന പകൽമഴ
സന്ധ്യയായിട്ടും നിലയ്ക്കുന്നില്ല
രാവിലെയിറങ്ങിയ അച്ഛൻ മയ്യലായിട്ടും
തിരിച്ചെത്തിയില്ല
അണമുറിയാത്ത കണ്ണീരായി അമ്മ.
രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല
തിരിച്ചു വന്നിട്ടില്ലയിന്നോളമച്ഛൻ
കാലത്തിന്റെ കണ്ണീർപ്പുഴയിൽ
അമ്മയും കാലം ചെയ്തു
ജീവിതത്തിന്റെ വ്യർഥതകൾ
നീർപ്പോളകൾ കാട്ടിത്തരുന്നു
തേങ്ങലുകൾ കണ്ണീർ തുള്ളിയായ്
ചിന്നിച്ചിതറുന്നു
ഓർമ്മകളെ നിങ്ങൾ നീർപ്പോളകളാകാതെ ഒച്ചായെന്തിനിഴയുന്നു.



2018 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

അമ്മയാകാതെ പോയവളുടെ സങ്കടം




ചില ദിവസങ്ങളിൽ
അവൾ മരുഭൂമിക്ക് കുറുകേ
യാത്ര ചെയ്യുന്നു
ആളുകൾക്കും
ആരവങ്ങൾക്കുമിടയിൽ
ഒറ്റപ്പെട്ടു പോകുന്നു
ചുരുങ്ങി ചുരുങ്ങി കുഴിയാന
യായി
ഓർമ്മകളുടെ പാറയും മണൽ
പരപ്പും മാന്തി
മനസ്സിന്റെ മൺകുഴിയിലൊ
ളിക്കുന്നു
അത്താഴം കഴിച്ചെന്നു വരുത്തി
അവനിൽ നിന്നകന്ന്
ഒഴിഞ്ഞ ഒരിടം തേടി നടക്കുന്നു.
സ്ത്രീയുടെ മൃദുലതനഷ്ടമായി
വാക്കിന്റെ കുന്തമുനകളിൽ
പിടയുന്നു
സ്നേഹത്തിന്റെ അളവുകോലിൽ
തപിക്കുന്നു
അമ്മയെന്ന സ്വപ്നഗർഭം മുറ്റിനിൽ
നിൽക്കുന്നു
ഒരു ഭീകര സ്വപ്നം പോലെ അവളെ
യലട്ടുന്നു
രാത്രിയുടെ യേതോ യാമത്തിൽ
അവനവൾക്കരികിലെത്തുന്നു
കിടക്കയെ ശരണം പ്രാപിക്കുന്നു
ശാന്തയായി അവൾ ശയിക്കുന്നു
മാറിടം അവനായ് ചുരത്തുന്നു
അമ്മയുടെ നിർവൃതിയവളറിയുന്നു
കുഞ്ഞിനെപ്പോലെയവനെ
ചേർത്തണയ്ക്കുന്നു
ഉറക്കത്തെ പുണരുന്നു

2018 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

പ്രവാസി




കൂട്ടിലടച്ച പക്ഷിയെപ്പോലെ
തന്റെ ജീവിതത്തെ
ഒരു ചട്ടക്കൂടിൽ
ഒതുക്കിയിരിക്കുന്നു .

രാവിലെ കൃത്യ സമയത്ത്
ജോലിക്കിറങ്ങുന്നു
അവർ പറയുമ്പോൾ മാത്രം
ജോലി നിർത്തുന്നു
മുറിയിലേക്ക് തിരിച്ചു
പോകുന്നു.

ഒട്ടും ധൃതിയില്ല, പെട്ടെന്ന്
എവിടേയ്ക്കും പോകാനി
ല്ലെന്ന ഭാവത്തിൽ
നിൽക്കുമ്പോഴും
അയാൾ തിരഞ്ഞു
കൊണ്ടേയിരിക്കുന്നു
മരങ്ങളോ, നിഴലുകളോ
യില്ലാത്തമരുഭൂമിയിൽ
എന്നോകളഞ്ഞു പോയ
 ജീവിതാർത്ഥത്തെ.

വർദ്ധിച്ചു വർദ്ധിച്ചുവരുന്ന ഒരു
ശബ്ദംകേൾക്കുമ്പോൾ
മനസ്സുകൊണ്ട്
മരുഭൂമിയെ ഉണർത്തുന്ന
ഒരുശബ്ദമുണരുന്നുണ്ടവരിൽ
തങ്ങളും ജീവിച്ചിരിപ്പുണ്ടെന്നും
തങ്ങളും ചലിക്കുന്ന ലോക
ത്തിന്റെ ഭാഗമെന്നുമോർ
ക്കുന്നുണ്ട്

എപ്പോഴും നമുക്കവർ ഒരു
കുന്നാണ്
കൂടുതൽ ഉയരത്തിലേക്കു
വളരുന്ന കുന്ന്.

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ഡ, ഢ

               

പത്രത്താളുകളിൽ
                              പീഡനവാർത്തകൾ
പതഞ്ഞുതൂവുന്നു.
                              അന്തിചർച്ചയിൽ
ആവേശംമൂത്ത അയാൾ
                            'ഡ' യെന്ന പെൺകുട്ടിയെ
കുടുക്കിട്ട് പിടിച്ച് (ഢ)
                  പീഢിപ്പിച്ചു കൊണ്ടേയിരിക്കുന്നു