malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

ഒറ്റത്തണ്ട്




ഞാൻ ഹൃദയത്തിൽ എഴുതിവെച്ച
കവിതയാണു നീ
ആർക്കും പകർത്താനാവാത്ത,
കണ്ടെടുക്കാനാവാത്ത കവിത
നീ എന്നിൽ മാത്രം ജീവിക്കുന്നു
മരണവും അതു തന്നെ
നീ തളിർക്കുന്നതും, പൂവിടുന്നതും
എന്നിൽ മാത്രം
നിന്റെ ഓരോ ഉണർച്ചയും, തളർച്ചയും
എന്നിലൂടെ മാത്രം
ഇടയ്ക്കിടേ നീ,യെന്നെ മറന്നു വെയ്ക്കാറു ണ്ടെങ്കിലും
ഓർമ്മിപ്പിക്കാറുണ്ട് ഞാൻ
നെറ്റിയിലെ പൊട്ടായി,മുടിയിലെ പിന്നായി.
നീയിന്നു കുടിച്ചവെയിലില്ലെ, അതു
ഞാനായിരുന്നു
കുളിരുമായ് വന്ന കാറ്റും
ഇടയ്ക്ക് പിറകിലും, ഇടയ്ക്ക് മുന്നിലും
നിഴലുകളിൽ നമ്മുടെ ഇണചേരലുകൾ
ആ ഒറ്റയിലയിലേക്ക് നോക്കൂ ,
മരക്കൊമ്പിലെ ഒറ്റക്കിളി,
എന്നെ ഇനിയും നിനക്ക് കാട്ടിത്തരേ_
ണ്ടതുണ്ടോ
തിടം വെച്ചു വരുന്ന നമ്മുടെ പ്രണയം
തളം കെട്ടി മലിനമാകാതെ ഒഴുകട്ടെ
ഇക്കിളിയുടെ ഒരില്ലിക്കാട്ടിൽ
ഒറ്റത്തണ്ടിലെ ഇരുപുഷ്പം നാം.


2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പിടപ്പ്




പെണ്ണായ, യെന്നെ നോക്കുമ്പോൾ
നിന്റെ കണ്ണിനെന്തൊരു കൂർപ്പ്
പിന്നെയെന്തൊരു മൂർപ്പ്
ഉരച്ചുരച്ച് മുന കൂർപ്പിക്കുന്ന
ഉരക്കല്ലോ ഞാൻ?!
ഇരയുടെ നേരെ തൊടുത്തു
നിൽക്കുന്ന
അമ്പിൻ മൂർച്ചപോലെ നിൻ
കൺ തിളക്കം.
ഇരയെന്നപോലെ , യെരിഞ്ഞു കൊണ്ട്
ശ്വാസമടക്കിപ്പിടിച്ച്
ഉഴറുന്ന കണ്ണാലെ നോക്കുന്നു ഞാനും.
ഉറക്കത്തിലും
ചാരിവെച്ച അമ്പുപോലെ
ഇപ്പൊവീഴും,യെന്ന മൂർച്ച തിളക്കം -
നിന്നോർമ്മയായ് വന്ന് കുത്തുന്നു.
ആസക്തിയുടെ ഞാണൊലി നിൻ
ശ്വാസോച്ഛ്വാസത്തിൽ കേൾക്കുന്നു.
ഞാനെന്ത് ,ചിത്രപ്പണി ചെയ്ത്
ശിലയിൽ തീർത്ത ശില്പമോ?
എന്നിലുളള , നീ കണ്ണിലേന്തുന്നതെല്ലാം
നിന്നെ നീയാക്കി വളർത്തിയതാണ്
അമ്പിന്റെ തുമ്പു കൊണ്ടു നീ കുത്തുന്ന
ഈ മാറിടമാണ് നിന്റെ ആദ്യ അന്നം
ആ അന്നത്തിലേക്കാണ് നിന്റെ
ചോരക്കൊതി കൂർത്തു മൂർത്തു
വരുന്നതെന്ന്
എന്റെ ,യിടനെഞ്ചിൽ പിടക്കുന്നുണ്ട്.


2018 സെപ്റ്റംബർ 5, ബുധനാഴ്‌ച

പൊട്ടിയ മൺകുടം




ഓർമ്മകൾ പതുക്കെയനങ്ങുന്നു
കറുത്ത പുള്ളികളുള്ള മിനുത്തഉടൽ
ചുരുൾ നിവരുന്നു
ചിന്തയിലേക്ക് മെല്ലെ മെല്ലെയിഴയുന്നു
ഭയത്തിന്റെ പത്തി ഉയർന്നു വരുന്നു
കൊത്തുമെന്നുള്ളൊരു ശങ്ക
ഹൃദയത്തിൽ പുളയുന്നു
പാർത്തിരുന്ന് പിടിക്കാൻ ഇരയുടെ
ചലനങ്ങൾ
വീക്ഷിക്കുന്നതുപോലെ .
ഇത്രയും കാലമായിട്ടും കൃത്യമായും
ഹൃദയത്തിലേക്കു തന്നെ നീ വീഴ്ത്തുന്നല്ലോ
ഓർമ്മയുടെ വീതുളി
ചരിച്ചുകെട്ടിയ പടിക്കെട്ടിനുള്ളിൽ
വലിച്ചെറിഞ്ഞ മൺകുടം പോലെ ഞാൻ
ചാരിനിൽക്കുവാൻ ചരിഞ്ഞുപോകാത്ത
സ്നേഹത്തിന്റെ
മരമാവണമായിരുന്നു ,യെനിക്കു നീ.


2018 സെപ്റ്റംബർ 4, ചൊവ്വാഴ്ച

പ്രണയമെന്നാൽ....




പ്രണയമെന്നാൽ
രണ്ട് ഹൃദയങ്ങൾ
ഒറ്റപുഷ്പമാകുന്നതാണ്.
രണ്ടു പുഴകൾ
ഒന്നായ് ചേരലാണ്.
ഒറ്റ പക്ഷിയുടെ
ഇരു ചിറകുകളാണ് .
വറ്റിയ നദിയുടെ
നിറഞ്ഞൊഴുകലാണ് .
ചൂടിൽ കുളിരും
കുളിരിൽ ചൂടുമാണ്.

പ്രണയമെന്നാൽ
ഹൃദയത്തിൽ കൊളുത്തിയ
നിലവിളക്കിൻ ദീപത്തിൻ
പുറത്തേക്കുപടരുന്ന
പ്രകാശമാണ്.

2018 സെപ്റ്റംബർ 3, തിങ്കളാഴ്‌ച

നോട്ടങ്ങൾ



നോട്ടങ്ങളെ നിങ്ങളെങ്ങനെ
വിലയിരുത്തും
വെറും നോട്ടങ്ങളെന്നോ?
അല്ലേ...., യല്ല....!
ഒരു പാട് ധ്വനികളുണ്ട്
ഓരോ നോട്ടത്തിലും
അനേകം രൂപകങ്ങളുണ്ട്.
എല്ലാനോട്ടങ്ങളേയും
കണ്ണിൽ നോക്കി നേരിടാനാവില്ല
ചിലതിനെ കണ്ണിൽ നോക്കാതെയും.
ചില നോട്ടങ്ങളിലേക്ക് നിങ്ങൾ -
നോക്കൂ
തെളിഞ്ഞു കാണാം ഒരു ജീവിതം -
തന്നെ
കരഞ്ഞു തളർന്നതിന്റെ, തകർന്ന-
ടിഞ്ഞതിന്റെ
തച്ചുതകർത്തതിന്റെ, ഭയന്നു -
പിൻമാറിയതിന്റെ .
ആൺനോട്ടങ്ങൾ, പെൺനോട്ടങ്ങൾ
ഏതു നോട്ടങ്ങളിൽ നിന്നാണ്
കടലിനെ, കവിതയെ നിങ്ങൾക്ക്
വേർതിരിക്കുവാൻ കഴിയുക?!
ഏതു നോട്ടങ്ങളിലാണ് നിങ്ങൾക്ക് -
നിങ്ങളെ കണ്ടെടുക്കുവാൻകഴിയുക?!!
നോട്ടങ്ങളെ നിങ്ങളെങ്ങനെ
വിലയിരുത്തും.?

2018 സെപ്റ്റംബർ 2, ഞായറാഴ്‌ച

പാടുവാനില്ലിനിപാട്ട്




വാസന്ത പക്ഷി മറഞ്ഞു പോയി
മുകുളങ്ങളെല്ലാം കൊഴിഞ്ഞു പോയി
കാറ്റിന്റെയൊച്ചയോകൂട്ടർതൻ കരച്ചിലോ
എന്താണു കേൾക്കുന്നു ദൂരെ.
പാടുവാനില്ലിനിപാട്ട്
കാടായിരുന്ന ഞാൻ തളിർത്തു പൂത്തീടു
വാനെത്ര കൊതിച്ചിരുന്നു
തേടിയലഞ്ഞു നടപ്പൂ
തൊടികളും താഴ്വരത്തോപ്പും
ഏതോ കരിങ്കാക്ക പാറി വന്നി,ന്നെന്റെ
യെതിരെ മൺതിട്ടേലിരിപ്പൂ
പൂവിളി,യുയരേയുയരേ,യെന്നാർപ്പു -
വിളിക്കേണ്ട നേരം
ദുഃഖത്തിര വീണ്ടും വീണ്ടും
തത്തി വന്നെത്തി നോക്കുന്നു
വയൽപക്ഷിയെല്ലാം മരിച്ചു
യെൻ നെഞ്ചോ ശ്മശാനഭൂമി.
കാലങ്ങൾ പിന്നെയും മാറും
കതിരോൻ കതിരിട്ടു നിൽക്കും
കിളികൾ പുനർജനിച്ചീടും
കളികളോ പിച്ചവെച്ചീടും
ആശ നശിക്കാതെ വന്ന്
വസന്തം വിടർന്നു ചിരിക്കും.





2018 സെപ്റ്റംബർ 1, ശനിയാഴ്‌ച

കൽക്കരി




കറുത്തതെന്ന്ചൊല്ലി
നിങ്ങൾക്ക് തട്ടിമാറ്റാം
ചവുട്ടിയരയ്ക്കാം
എന്നാലും;
എത്ര കണ്ണീർ കുടിച്ചും
ഒട്ടും പരിഭവിക്കാതെ
ഉള്ളിലെ കനൽ
കളങ്കമില്ലാതെ ജ്വലിപ്പി -
ക്കുന്നത്
നിങ്ങൾക്കു വേണ്ടി
 തന്നെയല്ലെ.