വഴിയിറമ്പിൽവെച്ച് അവൾതന്ന
പുളിയിൽനിന്നാണ്
പ്രണയമെന്തെന്ന് ഞാനറിഞ്ഞത്
പ്രണയത്തിന് മധുരമുള്ളപുളിയായിരുന്നു
അവളുടെ വിരൽത്തുമ്പിൽനിന്നാണ്
പ്രണയച്ചൂടറിഞ്ഞത്
കുളിരുന്നചൂടെന്ന് അന്നാണറിഞ്ഞത്
പിന്നെയെന്നാണ് വേരുകളാഴ്ത്തി
ചില്ലകൾനിവർത്തിയ പ്രണയം
പട്ടുപോയത്.
പൂരിപ്പിക്കാതെപോയ ഒരുകോളമാണ് ഞാൻ
കെട്ടിയിട്ട പ്രതീക്ഷകളെല്ലാം
കൈവിട്ടുപോയിരിക്കുന്നു
കരയിൽപിടിച്ചിട്ട മീൻപോലെയിന്ന്.
മിണ്ടാതെപാടിയ പാട്ടുകളൊക്കെ
ഇറങ്ങിപ്പോയിരിക്കുന്നു
സങ്കടങ്ങൾചേക്കേറുന്ന ഒറ്റമരംഞാൻ
