malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ഒക്‌ടോബർ 16, ചൊവ്വാഴ്ച

അഗ്നി




ലിപിയില്ലാത്ത ഭാഷയിൽ
ജീവിതത്തെ വരയ്ക്കുന്നു അവൾ
ഉപ്പുലായനിയായ, ലിഞ്ഞു തീരുന്നു.
മാറ്റമില്ലാത്ത ദിനസരിക്കുറിപ്പ് പോലെ
കുതിച്ചും ,കിതച്ചും, ഏന്തിയും, വലിഞ്ഞും
തിളച്ചുതുവാതെ അടച്ചു വെച്ച കലമായി,
കെടാത്ത ഒരടുപ്പായി .
നനക്കല്ലിൽ ഉടഞ്ഞു തീരുന്ന സോപ്പു
കുമിളപോൽ സ്വപ്നങ്ങൾ.
സ്വത്വമില്ലാതെ ഒടിഞ്ഞ ചിറകിനാൽ
പിടഞ്ഞു വീഴുമ്പോഴും
കൂടു മുതുകിലേറ്റിയ ഒച്ചിനേപ്പോൽ
കുടുംബത്തെ മുതുകിലേറ്റി നടക്കുന്നു.
വിഴുപ്പുകളുടെ വഴുക്കലിനേക്കുറിച്ചല്ല
വാടിത്തളർന്നു വീഴുന്നതിനേക്കുറിച്ചല്ല
കൈക്കലയായ് കൈയ്യൊഴിയുന്നതിനെ
ക്കുറിച്ചല്ല
പാതിരാത്രിയിലുംപേറുന്ന പശിയെക്കുറി
ച്ചല്ല
വീട്ടുകാരുടെ വാടിപ്പോകുന്ന മുഖത്തേ
കുറിച്ചാണാധി
മുഖത്തടിച്ച കൈകൾക്കുനേരെ
മുഖം തിരിക്കാതിരിക്കുന്നു.
പക്ഷേ, ഒന്നുണ്ട്
നിങ്ങളുടെ ഓരോ ചെയ്തികളും
അഗ്നിയിലേക്ക് എണ്ണ ഒഴിക്കലാണ് .


2018 ഒക്‌ടോബർ 15, തിങ്കളാഴ്‌ച

വിപ്ലവം




വെറുപ്പിനെ മറമാടുക
സ്നേഹത്തിന്റെ പൂന്തോട്ടം പണിയുക
വർഗീയ വാദികളിലെ
മൃഗീയതയെ മുളയിലേ നുള്ളുക
കാഴ്ചകളെ വീണ്ടെടുക്കുക
കേൾവികളെ തിരിച്ചറിയുക
നന്മ നിറങ്ങൾ തുന്നിച്ചേർക്കുക
ഇരുട്ടിനെ വെളിച്ചം കൊണ്ട കറ്റുക
മാറ്റങ്ങളുടെ കാറ്റാകുക
വിശപ്പിനെ നശിപ്പിക്കുക
വ്യഭിചാരത്തെ നാടുകടത്തുക
സമാധാനത്തിന്റെ വീടുകൾ പുലരുക
ശരിമയുടെ തേജസ്സുണരുക
ജോലി, കൂലി, വസ്ത്രം, മനസ്സുഖം
ചങ്ങലകളില്ലാത്ത സ്വാതന്ത്ര്യം
പുലരിയാകാശവും സാന്ധ്യാകാശവും
പോലെ
ചുവന്നു തുടുത്ത ലോകം
കാലമേ,
വിപ്ലവമെന്ന ആ കുഞ്ഞിനോടാണെനി -
ക്കേറെ,യിഷ്ടം

2018 ഒക്‌ടോബർ 14, ഞായറാഴ്‌ച

ഇരുട്ടിൽ




ഞാൻ നിന്നെ കാത്തിരിപ്പാണ്
നിന്നെ കാണാതെ എനിക്ക് ഭ്രാന്ത്
പിടിക്കുന്നു
ഈ സമയത്തും നീ ഒളിച്ചു കളിക്കുന്ന
തെന്താണ്
എന്നെ എന്നത്തേയും പോലെ
ഓടിവന്നാശ്ശേഷിക്കാതെ ?!
ഞാനെന്നത്തേയും പോലെ
പോയൊളിക്കട്ടെ
നീയെന്നെ തേടി പിടിക്കണം
അതിനുള്ള സമ്മാനം നിനക്കറിയാലോ...?
പക്ഷേ ,നീ പോയൊളിച്ചിരിക്കുന്നു
എന്നോടു പറയാതെ
ഈക്കളിയിൽ നീയെന്നെ കൂട്ടിയില്ലല്ലോ
എന്നിട്ടും ഞാൻ തേടിക്കൊണ്ടിരിക്കുന്നു
ഇല്ലിക്കാട്ടിൽ, പറങ്കിമാവിൻ ചോട്ടിൽ,
വാതിൽപാളികളിൽ ,അകത്തളത്തിൽ,
അതിഥിമുറിയിൽ
ഇല്ലല്ലോ എങ്ങും നീ
ഒറ്റപ്പെട്ടു പോകുന്ന മനസ്സ് വിങ്ങിപ്പൊട്ടു
ന്നുണ്ട്
കളിച്ചു കളിച്ചു നീയെന്നെ കളിപ്പിച്ചു -
കടന്നുകളഞ്ഞല്ലോ
സന്ധ്യയുമിന്ന് ശോകമൂകമായിരിക്കുന്നു
പ്രണയമേ,
ഇനിയുമീ മൺകൂനയിൽ ഒളിച്ചുകളിക്കാതെ വേഗം വരിക
എനിക്ക് ഭ്രാന്തു പിടിക്കും മുമ്പേ
ഇരുട്ട് വീഴുംമുമ്പേ

2018 ഒക്‌ടോബർ 13, ശനിയാഴ്‌ച

ഹേമന്തം




പഞ്ഞിപോൽവന്നെത്തി മഞ്ഞുകാലം
മുയൽക്കൂട്ടംപോലെ ഹേമന്തമേഘം
മഴമാറി ചുഴലിയും പോയ്മറഞ്ഞു
ചുറ്റുമേപൂവുകൾ കൺമിഴിച്ചു
പുലരിയിൽ പൂർവ്വാംബരത്തിൽ നോക്കൂ
മലമടിയിലൊരുപൂവുണർന്നിരിപ്പൂ
പുലർവാന പൂന്തോപ്പും മലരണിഞ്ഞു
അഴകുറ്റപെണ്ണായ് ചിരിച്ചു നിൽപ്പൂ
ഊർവ്വിതന്നുച്ഛ്വാസവായു നേർത്തോ-
രാവിയായ് മേലോട്ടുയർന്നിടുന്നു
ആനന്ദമോടെ തരുക്കളാകെ
ചെറുചിരിയാലൂയലാടിടുന്നു
മഞ്ഞിൻ പുതപ്പുകൾ നീക്കി മെല്ലെ
മഞ്ഞക്കിളികളുണർന്നിടുന്നു
എന്തിഷ്ടമാണെനിക്കിപ്പൂക്കളെ
എന്നാൽ ,തെല്ലുമില്ലെന്റേതു മാത്രമാക്കാൻ

2018 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

പ്രണയ നിറം




നീ മൗനം കുടിച്ച് വറ്റിക്കുന്നു
ഞാനെന്റെ ഹൃദയത്തിൽ
 നിന്റെ ചിത്രം വരച്ചുകൂട്ടുന്നു
പച്ചവില്ലീസുനെയ്തപുലരിപ്പുഴ
പോലെ
നമ്മിൽ പ്രണയമൊഴുകുന്നു
നമ്മിൽ നാമൊരു ആകാശം
വരച്ചു ചേർക്കുന്നു
വലാകങ്ങളായ് പാറിപ്പറക്കുന്നു
നിരന്ന കുന്നുകൾക്കിടയിലെ
ഉദിച്ചുയരും സ്നേഹസൂര്യനാകുന്നു
മഴയെ മതിവരാതെ വീണ്ടും വീണ്ടും
വരച്ചു ചേർക്കുന്നു
വെയിൽ ചുംബനങ്ങളാൽ ചുംബിച്ചു
തുടുക്കുന്നു
കാടുകൾക്കു മീതെ പൂവായ് വിരിയുന്നു
താഴ്വരത്താരയിൽ തരുവായ് തളിർ -
ക്കുന്നു
കുങ്കുമസന്ധ്യകൾ മന്ദം ഗമിക്കവേ
നിറന്ന ദീപമായ് തെളിഞ്ഞു നിൽക്കുന്നു
പ്രണയമേ,
നാം നമ്മുടെ സ്വപ്നങ്ങളുടെ നിറം
വരച്ചു ചേർത്തുകൊണ്ടേയിരിക്കുന്നു .

2018 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ദൈവത്തിന്റെ വിരലുകൾ




ദുഃഖത്തിന്റെ തടാകമല്ലാതെ
ഞാൻ മറ്റെന്താണ്
കാലമേ നീയാണു സാക്ഷി
സ്വപ്നത്തിന്റെ സമുദ്രനീലിമയിൽ
ഭയത്തിന്റെ മുയൽക്കൂട്ടം എന്നിലേക്കു
ചാടുന്നു
അവളുടെകണ്ണിലെ അനന്തത
സൂര്യനിലേക്കു നടക്കുന്നു
മാംസത്തിന്റെ മധുരത്തിൽ വെള്ളമിറക്കി
മുരണ്ടുവരുന്ന മരണത്തിന്റെ മുനമ്പ്
ഞാൻ കാണുന്നു
മൗനം കാവലൊഴിയാത്ത വൃക്ഷമാണു -
ഞാൻ
കെട്ടുപോയ അടുപ്പിൻകാഞ്ഞകല്ലിൽ
ചൂടേറ്റിരിക്കുന്നവൻ
ഇരുട്ടിന്റെ കൂട്ടക്ഷരം
ചെറുകല്ലിലും തട്ടിവീണേക്കാവുന്ന
കനത്തുവിങ്ങിയ ദുഃഖം
നിലവിളിയിലേക്കുനീണ്ടിട്ടില്ല ഇന്നുവരെ
ദൈവത്തിന്റെ വിരലുകൾ
നീളമളക്കാൻകഴിയാത്ത മുരടിച്ച
വിരലുകളാണവ
വറ്റിപ്പോയ ആഴനീർച്ചോലഞാൻ
നിശ്ശബ്ദയുടെ കൊടും ചൂട്
വിഷാദത്തിന്റെ വീണുടഞ്ഞതടി

2018 ഒക്‌ടോബർ 10, ബുധനാഴ്‌ച

മറഞ്ഞു പോകുന്നവർ....!



ഞാൻ,
നിറങ്ങളെല്ലാം മാഞ്ഞു പോയ ചിത്രം
കാലം കുത്തിയൊഴുകിപ്പോയതിൻ   ശിഷ്ടം.
മറമാടുവാൻ കഴിയില്ല ഓർമ്മകളെ
വെള്ളത്തിൽ ഇലയെന്നപോൽ
ഒഴുകിപ്പോയ ജീവിതകാലങ്ങളെ
മഴതോർന്നിട്ടും മരം പെയ്യുന്നതുപോലെ
ഓർമ്മകൾ
മൗനമാണുഞാൻ ,ശവമൗനം
മുന്നോട്ടു വെയ്ക്കുന്ന ഓരോഅടിയും
പിന്നിട്ട കാലത്തിലേക്ക് വഴുതി മാറുന്നു
കൂടെ നിന്നവരെല്ലാം കൂടുവിട്ടു പോയ്
സ്വപ്നങ്ങൾ ചവച്ചരച്ചവർ
ദുഃഖങ്ങൾ കുടിച്ചിറക്കിയവർ
ദേഷ്യങ്ങൾ കടിച്ചമർത്തിയവർ
സ്നേഹങ്ങൾ ചാലിച്ചവർ
സഹനത്തെ ചുംബിച്ചവർ.
പിരിഞ്ഞു പോയവരെ
പത്രത്താളിലാണിന്ന് കണ്ടുമുട്ടുന്നത്
കരിന്തിരി കത്തിയ കണ്ണിൽനിന്ന്
കാഴ്ച്ചകളിലേക്ക് ഇറങ്ങി വരുംമുമ്പേ
അവർ പുകഞ്ഞു കത്തി മറഞ്ഞു
പോകുന്നു.