malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 ഓഗസ്റ്റ് 7, ബുധനാഴ്‌ച

പ്രണയ വഴി



കൈപ്പത്തിയിലെ രേഖകൾ പോലെ
നാം പ്രണയത്തെ
ഹൃദയത്തിൽ കൊണ്ടു നടക്കുന്നു
നൂറു നൂറു യാത്രകൾ നാം നമ്മിലേക്കു
നടത്തുന്നു
കരകണ്ട നാവികനെപ്പോലെ നമ്മുടെ ഉള്ളം.
ചരിച്ചുകെട്ടിയിട്ടില്ല നാം ഇന്നേവരെ ഒറ്റ-
വാക്കിനേയും
ചരിച്ചും, തിരിച്ചും തുഴഞ്ഞിട്ടില്ല പ്രണയത്തിന്റെ വള്ളം
രഹസ്യത്തിന്റെ കപ്പൽ പാതയാണ് പ്രണയം.
വീണ്ടും വീണ്ടും നാം കടന്നു പോയിക്കൊണ്ടേ യിരിക്കുന്നു
വിരൽ ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്നു
ഓരോ നിമിഷവും സങ്കടങ്ങളുടെ ജലശ്ലഥങ്ങ
ളെമാറ്റി
വികാരത്തിന്റെ ശലഭങ്ങളെ പറത്തുന്നു
ശലമോന്റെ പ്രണയഗീതങ്ങൾ പാടുന്നു.
പക്ഷേ, ചില പ്രണയങ്ങളുണ്ട്
സ്നേഹത്തിന്റെ സാധാരണത്വത്തിൽ നിന്ന്
എത്ര പെട്ടെന്നാണ്സൗഹൃദത്തിന്റെ പടം പൊഴിക്കുന്നത്
കീറത്തുണിയെന്നപോലെ ജീവിതത്തിന്റെ
പിന്നാമ്പുറത്തേക്ക് വലിച്ചെറിയുന്നത്
പിന്നെ, യാചനയോടെ പിറകേ പോയിട്ട്
ഒരു കാര്യവുമില്ല.
പ്രണയം നാൽക്കവലയാണ്
എപ്പോഴാണ് ഏത് വഴിയിലേക്കാണ് തിരിയു ന്നതെന്ന് അറിയില്ല
പൂർണ്ണതയില്ലാതെ പാതി വഴിയിലെപ്പോഴാണ്
അവസാനിക്കുന്നതെന്നറിയില്ല
ചില സ്വപ്നങ്ങൾ പോലെ
ചില ജിവിതങ്ങൾ പോലെ
ഈ കവിത പോലെ.

എവിടെയവൾ



രസനയിലുണ്ടിന്നും
താളാംചപ്പിൽ പൊതിഞ്ഞുതന്ന
ഉപ്പുമാങ്ങ രുചി
മിഴികളിലൊളിപ്പിച്ച
സ്നേഹത്തിൻദ്യുതി
ചുണ്ടിലെ കണ്ണിമാങ്ങാച്ചുന -
പൊള്ളലിലെ
കൈവിരൽക്കൊതി
മറന്നുവെച്ചപോൽ തിരഞ്ഞുവന്ന്
കവിളിൽ കോറിയ കവിത.
കറുകപുല്ലിൽ കർക്കടമഴയിൽ
കാട്ടിക്കൂട്ടിയഹ്ലാദം
മഷിത്തണ്ടിനായ് പിറകെനടന്ന്
മിഴികളൊഴുക്കിയ ജലപാതം
മൊട്ടാമ്പുളികൾപറിക്കാൻ പോയി
നെഞ്ചിലെ മൊട്ടാമ്പുളിയിൽ നുള്ളി
ഓടിപ്പോയൊരു പേടി.
ഒട്ടിയവയറിൻ പട്ടിണിമാറ്റിയ
പൈപ്പിൻചോട്ടിലെ നാള്
പൊട്ടിയസ്ലേറ്റും, ബുക്കുമെടുത്ത്
ഇല്ലാക്കുടയുടെ ഇല്ലികൾ കണ്ണിൽകുത്തി
കരഞ്ഞുപോയൊരു കാലം
എവിടെയവൾ
പ്രണയത്തിന്റെ പൊതിച്ചോർതന്ന്
പെരുവഴിപാതാളത്തിൽ നിന്നും
നേരിൻ നടവഴികാട്ടിത്തന്നോൾ
അറിയാത്തക്ഷരം വിരലിൻ തുമ്പാൽ
നിൻനാവിൻതുമ്പിൽ എഴുതിയവൻ ഞാൻ
ചൊല്ലിയതില്ലവൾ
യാത്രാമൊഴിതൻ അക്ഷരമാങ്ങ
താളാം ചപ്പിൽ തന്നതുമില്ല






2019 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ഉള്ളി



നീറ്റലുള്ളിലൊളിപ്പിച്ച
ഉള്ളിയുടെ
ഉള്ളം കാണണം
നീറി നീറി കരഞ്ഞു
പോകും നാം

2019 ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

ഒരു പകലിന്റെ വിശേഷം



ഞാൻ രാത്രിയിൽ  പുസ്തകവുമായി
ഇറയത്തെ കസേരയിലിരിക്കുന്നു
മുറ്റത്തുമ്പിലെ സിമൻറ് തറയിലെ
പൈപ്പ്, കുറ്റ്യാട്ടൂർ മാവ്, ആകെയുള്ള
രണ്ട് തെങ്ങ്
ഒരു റോസ, ഒരു പിച്ചകം, പടിഞ്ഞാറുനിന്ന്
ഇറയത്തേക്ക് എത്തി നോക്കുന്ന
പ്ലാവിൻ കടയ്ക്കിലെ ഒരു ചക്ക
ഒന്നും മിണ്ടാതെ, അനങ്ങാതെ നിൽക്കുന്നു
എന്റെ കൈയ്യിൽ പുസ്തകമുണ്ടെന്ന വിചാരമേ
എനിക്കില്ല
കുറച്ചു നേരത്തിനു ശേഷം, ഒരു പകലിന്റെ
വിശേഷം പറഞ്ഞു തീർന്നെന്ന മാതിരി
മാവിൻ കൊമ്പിൽ ഒരു ചെമ്പോത്ത് അനങ്ങി -
യിരുന്നു
ഒരു ചെറുകാറ്റ് കോട്ടുവായിട്ടുകൊണ്ട്
ഉറങ്ങാൻ പോയി
ഞാൻ പുസ്തകത്തിലേക്ക് തല താഴ്ത്തി.

2019 ഓഗസ്റ്റ് 3, ശനിയാഴ്‌ച

കവിത



അർത്ഥ ഭാരം
താങ്ങാനാകാത്ത
ചെറു ചിറകുള്ള
വാഗ്ശലഭമാണ്
കവിത

2019 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

ഓടകളിൽ ഒഴുക്കപ്പെട്ടത്


ഓടകളിൽ ഒഴുക്കപ്പെട്ടത
രണ്ട് നദിയായിരുന്നു നാം
തൊട്ടാൽ പൊള്ളുന്ന തീ
വായിക്കാത്ത പുസ്തകം
വക്കു കവിഞ്ഞ വാക്കുകൾ
മോഹന സ്വപ്നങ്ങളിൽ
മരുഭൂമിയിൽ അലഞ്ഞു തിരിയുന്ന
ഒട്ടകം
നിന്റെ കണ്ണുകൾ
മിന്നാമിനുങ്ങിൻ കൂട്
നിന്റെ മുടികൾ കാട്
നാം നമ്മളെ വായിച്ചു കൊണ്ടേ -
യിരിക്കുന്നു
ഏതോ പുരാതന ലിപികളാൽ
നമ്മേ നാം നെയ്തു കൊണ്ടേ -
യിരിക്കുന്നു .
പ്രണയം ചരിത്രമാണ്
ചോര ചീന്തിയ ചരിത്രം
വേഴ്ചകളിലൂടെ വാഴ്ചകൾ -
വീണ ചരിത്രം
എല്ലാ പ്രണയങ്ങളും
ചരിത്രത്തിലുണ്ടാവണമെന്നില്ല
ചതികൾ ചിതമാക്കിയ കുറേ പ്രണയ -
ങ്ങളുണ്ട്
ചരിത്രത്തിലിടം നേടിയാൽ
ചിതലരിക്കുമെന്ന് ഭയന്ന്
ഉടവാളിനാൽ തടഞ്ഞു നിർത്തിയ
വാക്കുകളെ ഗളഛേദം ചെയ്ത്
ആരുമറിയാതെ ഒടുങ്ങിപ്പോയത്
ഓടകളിൽ ഒഴുക്കപ്പെട്ട ഏടുകളാണവ.
പ്രണയം ലോകത്തെ മാറ്റിമറിക്കുന്നു

ഈ ജീവിയെ പരിചയമില്ലെന്ന് നടിക്കുമോ



രാത്രി കറുത്ത എലിയും
പകൽ വെളുത്ത പൂച്ചയുമാണ്.
ഒരിക്കലും പൂച്ചയ്ക്ക് എലിയെ-
പിടിക്കുവാൻ കഴിയുന്നില്ല!
അല്ലെങ്കിൽ, വേണ്ടെന്ന് വെച്ചിട്ടാകും
ഇഷ്ടം പോലെ മാംസം കഴിച്ച്
അടുപ്പിൻതണയിൽ തല ചായ്ച്ച്
കിടപ്പാകും.
അല്ലെങ്കിലും ഇന്ന് എല്ലാവരും
മാംസക്കൂനകളാണല്ലോ
മാംസം കഴിച്ച് തടിച്ചു കൊഴുത്ത
കാട്ടുപൂച്ചകൾ .
എലി എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്
പണ്ട്, തട്ടിൻപുറത്ത് മാത്രമായിരുന്നു
പിന്നെ നടുത്തളത്തിലിറങ്ങി
ഇപ്പോൾ തെരുവിലും
കാലം പോയ പോക്ക്.
അമ്മയുടെ കൂടെ ഉറങ്ങിക്കിടന്ന
കുഞ്ഞിനെയാണ് ഇന്നലെ കാണാതെ
എടുത്തു കൊണ്ടുപോയത്
ദീർഘകാലമായി കിടപ്പിലായ ഒരു വൃദ്ധയാണ്
ബലാത്സംഗം ചെയ്യപ്പെട്ടത്
സ്വർണ്ണമെന്ന് കരുതിയാണ് ഇമിറ്റേഷൻ-
ഗോൾഡിട്ട ഒരു യുവതിയുടെ കഴുത്തറത്ത്
സ്നേഹം നടിച്ചാണു പോലും ഒരു പെൺകുട്ടി
യെ ചീട്ടു പോലെ പങ്കിട്ടുകളിച്ചത്
ഒരു മദ്ധ്യവയസ്കയെ പ്രണയം നിരസിച്ചതിനാൽ
റോഡിൽ കുത്തി വീഴ്ത്തി പെട്രോളൊഴിച്ചു -
കത്തിച്ചു
തൊരപ്പൻമാരെക്കൊണ്ടുള്ള തൊന്തരവ്
പറഞ്ഞറിയിക്കാൻ കഴിയാതെയായി.
പകൽപൂച്ച പാവത്താനെപ്പോലെ പുറത്തേ
ക്ക് തോന്നുമെങ്കിലും പാവത്താനേയല്ല
കണ്ണിറുക്കി കട്ടുതിന്നും
എന്തൊക്കെയാണ് തട്ടിമറിക്കുന്നത്
നിന്ന നിൽപ്പിൽ കാണാതാക്കുന്ന ജാലം
ഒരു ബസ്സിനെ കൊക്കയിലേക്ക് മറിക്കുന്നു
ഒരു ബൈക്കിനെ പറത്തിക്കൊണ്ടുപോയി
ചോര പൂക്കൾ വിരിയിക്കുന്നു
ഒരു പെൺകുട്ടിയെ സ്കൂൾ വണ്ടിയിൽ
കൊണ്ടുപോയി
ലഹരിയുടെ വനത്തിൽ മേയാൻ വിടുന്നു.
പൂച്ചയും, എലിയും നേർവരയിൽ വരുന്ന
ഒരു നേരമില്ലെ
അപ്പോഴെങ്ങനെയായിരിക്കും
കണ്ടിട്ടും കാണാതെ പോകുമോ?
ഈ ജീവിയെ പരിചയമില്ലെന്ന് നടിക്കുമോ?
അതോ പിൻതിരിഞ്ഞ് നടക്കുമോ?!
ഒരിക്കലെങ്കിലും ഒരു പൂച്ച കയറിച്ചെല്ലണം
എലിയുടെ മടയിലേക്ക്
അപ്പോഴറിയാംപൂരം