malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 സെപ്റ്റംബർ 17, ചൊവ്വാഴ്ച

വിശ്വാസം



കണ്ണാ,നിന്നുടെ ലീലകൾ കണ്ടീ-
ക്കാലം നിന്നെ നമിക്കുന്നു കണ്ണാ
വിരുതൻമാരവരോർക്കുന്നതില്ല
ചതുരൻ നീ തന്നെയെന്നുള്ള സത്യം
തിണ്ണം നിലവിളിക്കുന്നൊരു ബാലേ
ദണ്ണം യെന്തെന്നു ചൊല്ലുക നീയേ
കുചേലൻയെന്ന സതീർത്ഥ്യനുപണ്ട്
ഇണ്ടൽതീർത്തതറിയുക കന്യേ
കണ്ണാ,ഞാനെത്ര പിഴചെയ്തോളെങ്കിലു-
മെന്നു മനസ്സിൽ നിനക്കുന്ന നേരം
തൂർണ്ണം നിന്നുടെ പാദത്തിലണയാൻ
കൊതിയേറേയെന്ന് ഉള്ളം തുടിക്കേ
പൂർണ്ണം ധന്യത നൽക്കുവോനല്ലോ
കണ്ണാ നീയെന്ന് ഭക്തർ ചൊല്ലുന്നു
നേരും നെറിയും മറക്കാതെ നിന്നാൽ
കണ്ണീർ തൂവാതെ സൗഖ്യമായ് വാഴാം
സ്നേഹം കൊണ്ടൊരു സ്വർഗ്ഗം പണിയാം
ഹൃദയം തന്നെ ദേവാലയമാക്കാം
അപരന്നു നന്മകൾ ചെയ്തു നാം നമ്മളീ
മന്നിലേ മന്നവനായി വാഴ്ക
കണ്ണാ,നിന്നുടെ ലീലകൾ കണ്ടീ-
ക്കാലം നിന്നെ നമിക്കുന്നു കണ്ണാ



2019 സെപ്റ്റംബർ 16, തിങ്കളാഴ്‌ച

ചരിത്ര പാഠം



ക്ലാസിൽ
സംസ്ഥാനങ്ങളെക്കുറിച്ച്
പഠിപ്പിക്കുകയായിരുന്നു
അദ്ധ്യാപകൻ
പഠിപ്പിച്ചു കൊണ്ടിരിക്കെ
ചരിത്ര പാഠപുസ്തകത്തിലെ
ഒരു സംസ്ഥാനത്തെ കാണാനില്ല!
അത് എവിടെയുണ്ടെന്ന്
ഇപ്പോഴാർക്കുമറിയില്ല

2019 സെപ്റ്റംബർ 14, ശനിയാഴ്‌ച

മധ്യേ



എനിക്കും
നിനക്കുമിടയിൽ
ഒരു മറയുമില്ലെന്ന്.
പിന്നെയെന്നാണ്
മറവി
മുറു മറുക്കാൻ
തുടങ്ങിയത്

2019 സെപ്റ്റംബർ 10, ചൊവ്വാഴ്ച

മുക്കുറ്റിപ്പൂവ്



സുന്ദരിപ്പൂവേയെൻ കൊച്ചുപൂവേ
മുറ്റത്തിറമ്പിലെ മുക്കുറ്റിപ്പൂവേ
വാരുറ്റ പൂക്കളെ പോലെനീയും
ചേലിലൊന്നാടുമോ കുഞ്ഞു പൂവേ
നാണിച്ചു നാണിച്ചു നിന്നിടല്ലേ
നീളെ പരത്തുന്നു നീ സുഗന്ധം
തെന്നൽ തെളിമയാർന്നുണ്ട് നീളെ
പാടിപൊലിപ്പിക്കും നിന്റെ രാഗം
പുള്ളിയുടുപ്പിട്ട പൂമ്പാറ്റകൾ
മധു തേടി മാറിലണയുന്നല്ലോ
ആവോളമമൃതേകി പരിപാലിക്കും
നിൻമനമെത്രയോ ഉന്നതിയിൽ
മുല്ലയും, പിച്ചിയും, ചേമന്തിയും
പിന്നെ പലതരം സൂനങ്ങളും
പൂത്തുലഞ്ഞുള്ളോരി പൂവാടിയിൽ
നാണിക്കവേണ്ടന്റെ കുഞ്ഞു പൂവേ.

2019 സെപ്റ്റംബർ 7, ശനിയാഴ്‌ച

കഴിയില്ല .....!



ഓർമ്മിക്കുന്നതൊന്നും
വർത്തമാനത്തെക്കുറിച്ചോ
വരുംകാലത്തെ കുറിച്ചോ അല്ല
കഴിഞ്ഞ കാലത്തെകുറിച്ച്
കണ്ടവും ,കുണ്ടനിടവഴിയും,
കുളവും, കൈത്തോടും,
കരക്കാരെ മുഴുവനുള്ള പരിചയം
കാലിയെ മേച്ചുള്ള നടത്തം
കുഞ്ഞിന്റെയച്ഛോയെന്ന നീട്ടി വിളി
കഞ്ഞിയിലെ ചീരപ്പറങ്കിയുടെ -
എരുവ്
കണ്ടം മൂരലും, കറ്റകെട്ടും
മനസ്സിന്റെ ഇലഞരമ്പിൽ നിന്നും
പഴമ പിഴിഞ്ഞ് പിഴിഞ്ഞ്........
ഉപ്പിലിട്ട മാങ്ങ പോലെ
പഴമയുടെ കേമം.
എത്ര ഭ്രാന്തവേഗത്തിലാണ്
കാലം കടന്നു പോകുന്നത്
വേരുകൾ പോലെ ആഴ്ന്നിറങ്ങിയ
ബന്ധമിന്നെവിടെ
പരന്നൊഴുകും സ്നേഹമെവിടെ
ഒറ്റത്തടി പോലെ ഇന്ന് ഓരോരുത്തരും.
ഇത്രമേൽ സ്നേഹമരുത്
ഇന്നലയോട്
വെറുപ്പരുത് ഇന്നിനോടെന്ന് മനസ്സ്
കാലത്തിന്റെ കവിഞ്ഞൊഴുകലിൽ
പ്രതിഷ്ഠിച്ചതെല്ലാം
ഇളക്കി മാറ്റുവാൻ കഴിയില്ല എനിക്ക്

2019 സെപ്റ്റംബർ 3, ചൊവ്വാഴ്ച

പ്രണയ പ്രളയം



പ്രിയപ്പെട്ടവളെ,
നമ്മളിപ്പോൾ പ്രണയ പ്രളയത്തിലാണ്
ഇനിയും അടച്ചു വെയ്ക്കുവാൻ കഴിയില്ല
നിറഞ്ഞുതൂവുന്നതിനു മുന്നേ തുറന്നു വിടുക
അത്രമേൽ നാം അനുരാഗവിവശരാണ്
ജീവന്റെ പുഷ്പമാണ് പ്രണയം
നമ്മിൽനിന്ന് ക്ഷമ അമ്പേ പിൻവാങ്ങിയിരി-
ക്കുന്നു.
പ്രിയപ്പെട്ടവളെ ,
പ്രണയം മഴയാകുന്നു
പ്രണയത്തിന് രാവും, പകലുമില്ല
ഇരുട്ടും, ഭയവുമില്ല
പ്രണയം വരുംവരായ്കകളെ കാണാറില്ല
എല്ലാറ്റിനും മീതെ പ്രളയമായ് പെയ്തിറങ്ങുന്നു
പ്രണയത്തിന്റെ വേരുകൾ ആകാശത്തിലേക്ക്
പടരുന്നു
ഇലകൾ ഭൂമിക്കടിയിലേക്ക് വിടരുന്നു
പ്രണയം പ്രകൃതി യാകുന്നു.
പ്രിയപ്പെട്ടവളെ,
മഴപ്പുഷ്പങ്ങൾ പൂത്തുലയുന്ന വൃക്ഷമാണ്
പ്രണയം
മഴച്ചില്ലുകളേറ്റ നിന്റെ ചുണ്ടിൽ നിന്നും
ഞാനെന്റെ വെയിലിൻ ചൂടേൽക്കും
നീയൊരു മഞ്ഞു പുഷ്പമായ് ഞെട്ടറ്റു വീഴുമ്പോൾ
സിരകളിൽ ഞാൻ അഗ്നിയായ് ജ്വലിക്കും.
നാമിപ്പോൾയാത്രയിലാണ് പ്രണയത്തിന്റെ
പ്രളയ യാത്രയിൽ
നാം രണ്ട് മദിരാലയങ്ങൾ
പരസ്പരം കോരിക്കുടിച്ച്
നുരയുന്ന ലഹരിയാൽ നിറയെ പൂത്തിരിക്കുന്ന
പ്രണയത്തിന്റെ പ്രളയ പുഷ്പങ്ങൾ
പ്രിയപ്പെട്ടവളെ,
നാം എവിടെയൊക്കെ സഞ്ചരിച്ചു
കണ്ടിട്ടുണ്ടോ ഇത്രയും മനോഹരമായ പുഷപം
നുകർന്നിട്ടുണ്ടോ ഇത്രയും ഉന്മത്ത ഗന്ധം
മുന്തിരിവള്ളി പോലെ പടരണം നമുക്ക്
ചുണ്ടിലെ മുന്തിരിച്ചാറുകൾ ഊറ്റിക്കുടിക്കണം
സിരകളിൽ തീപാമ്പ് പുളയപ്പോൾ
കണ്ണിൽ വിടർന്ന നക്ഷത്ര പൂക്കളിലൂടെ
നമുക്ക് ആകാശത്തിന്റെ കുന്നിൻ ചരുവിലേക്ക്
ഒറ്റ മഴമേഘമായ്പറന്ന്
പ്രണയത്തിന്റെ മഴത്തുള്ളിയായ് ഇറ്റിയിറ്റി
മണ്ണിൽ മലർന്ന് പുതുപൂക്കളായ് പൂത്തു കിടക്കാം


2019 സെപ്റ്റംബർ 1, ഞായറാഴ്‌ച

ചായും മരങ്ങൾ



നെടുമരമൊന്നുണ്ടുയരേനിൽപ്പൂ
ചെറുമരമൊത്തിരി ചാരെ നിൽപ്പൂ
ചായും ചെറുമരച്ചില്ലകൾ താങ്ങി
നെടുമരമാനന്ദം നുകരുന്നു
ചില്ലകൾ തോറും കൂടുകൾകൂട്ടി
പക്ഷികൾ പലജാതികൾ പാർക്കുന്നു
മഞ്ഞിൽ, മഴയിൽ, വെയിലിൽ ഇലയാൽ
താങ്ങായ്, തണലായ് മരംകാക്കുന്നു
വിശന്നുവലഞ്ഞു വരുന്നൊരു മർത്യന്
ചാരിയിരിക്കാൻ വേടേകുന്നു
വാടിയിരിക്കും ദ്ദേഹത്തിന്
കുളിർക്കാറ്റേകി ക്ഷീണമതാറ്റും
വേടൻ വില്ലുകുലയ്ക്കും നേരം
വേടാൽതട്ടികാക്കും കിളിയെ
വെയിലുകളേറെ കൊണ്ടെന്നാലും
പരിഭവമില്ലാനിൽക്കും നെടുമരം
മഴയിതെത്ര നനഞ്ഞും കൊണ്ട്
വെള്ളമിതെത്ര മണ്ണിനു നൽകി
വെയിലുകളെത്ര തലയിൽച്ചൂടി
മണ്ണിന്നീർപ്പം കാത്തു കൊടുത്തു
മക്കളെ പോറ്റി വളർത്തീടുന്ന
അച്ഛനു,മമ്മയുമെന്നതുപോലെ
രക്ഷിതാക്കൾ മരമെന്നോർക്കുക
ചായും ചെറുമരംനമ്മൾ ഓർക്കുക
.................................................