malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 സെപ്റ്റംബർ 25, ബുധനാഴ്‌ച

അന്വേഷണം



എവിടെ ഞാൻ നിത്യം ചവിട്ടിപ്പോകാറുള്ള
ഒറ്റച്ചാലാം വഴി
കുറ്റിക്കാടുകൾ പിന്നെ തൊട്ടാവാടിക്കൂട്ടങ്ങൾ
തൊട്ടു തൊട്ടു നോക്കുമ്പോൾ നുള്ളിനുള്ളി -
കിന്നാരം പറഞ്ഞു ചിരിച്ചുള്ള പച്ചത്തലപ്പുകൾ
മഴ മിഴി നീട്ടീടവേ,യന്നോളമറിയാത്ത അത്യപൂർ
വ്വ സുഗന്ധം
വാപി യിലെങ്ങും വ്യാപിച്ചുള്ള പങ്കജങ്ങൾ
കോടി ജന്മങ്ങൾ മാറി മറിഞ്ഞു വന്നീടിലും
അന്തര്യാമിയായിന്നും കാന്തിയാൽ കാത്തീടുന്ന
ഹൃദയസരസ്സിലെ കുളിരാംകുരുന്നില പെണ്ണ്.
കള്ളിമുള്ളു പൂത്തുള്ള കാലത്തിലാണിന്നു ഞാൻ
കാടക, മുള്ളിൽ പേറി നടക്കും ജന്മങ്ങൾ -
കാടായ കാടൊക്കെയും കട്ടുമുടിക്കും കാലം.
ഇലക്കുമ്പിളും കോട്ടി ഓണപ്പൂ പറിക്കുവാൻ
കേറിയ കുന്നും ,കാടും ,ഊഷ്മള ശ്വാസങ്ങളും
വേനലും, വെളിമ്പ്രദേശവും ഇടവപ്പാതിതൻ -
തുടിതാളവും
താളം തെറ്റിപ്പോയല്ലോ തമസ്സുകിളിർത്തല്ലോ
നന്മയും ,നറുമലരും എങ്ങാണൊളിഞ്ഞിരിപ്പൂ
നിറങ്ങളെല്ലാം വറ്റി തിരിച്ചറിയാതായല്ലോ
ഗ്രീഷ്മങ്ങൾ പെയ്യുന്നല്ലോ
കാട്ടുതീയാണിന്നെങ്ങും
നട്ടുച്ചത്തിറയാട്ടം, ഗുരുസി കലിയാട്ടം
ഒറ്റച്ചാലാംവഴിപോൽ
ഒറ്റയ്ക്കു നിൽക്കുന്നു ഞാൻ
ഓർമ്മകൾ തൊട്ടാവാടി കൂട്ടമായ് തളിർക്കുന്നു
പഴയൊരാമുഖത്തിനെ മറച്ചീടുന്നു കാലം
മറക്കാനെളുതാമോ,യെനിക്കാ മുഖത്തിനെ
മാലേയ സുഗന്ധത്തെ.

2019 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

വഴി



പണ്ടൊക്കെ
ഒരുപാടു വഴികളുണ്ടായിരുന്നു
കിഴക്കുപുറമെന്നോ
അടുക്കള പുറമെന്നോ നോക്കാതെ
എത്ര എളുപ്പമായിരുന്നു
അന്നൊക്കെ
ഓരോ പോക്കുവരവും
ഇന്നിപ്പോൾ
വഴികളേ ഇല്ലാതായി
ഒരു മുറിയിൽ നിന്ന്
അടുത്ത മുറിയിലേക്ക് തന്നെ -
യെത്ര ദൂരം
അതുകൊണ്ടായിരിക്കണം
കടലാസുകളൊക്കെ
ചീന്തിയെറിയുന്നതു പോലെ
ചീന്തിക്കളയുന്നത്
ജീവിതത്തേയും.

2019 സെപ്റ്റംബർ 21, ശനിയാഴ്‌ച

അലിഞ്ഞലിഞ്ഞ്



പാതിവിടർന്ന പൂവ്
കറുകനാമ്പിലെ
മഞ്ഞുതുള്ളി
അടർത്തിമാറ്റാൻ
കഴിയാത്ത ഇഷ്ടം
സിരകളിൽ
പൊള്ളിനിൽക്കും
തീനാമ്പ്
അതിരുകളില്ലാത്ത
പറവകൾ
എരിതീയിലെ
കനൽ ശലാകകൾ
അലിയിച്ച,ലിയിച്ചു
ലയിക്കണം
വീഞ്ഞിന്റെ വീര്യമായ്
മാറണം
മൗനം കൊണ്ട്
മേളങ്ങൾ തീർക്കണം
പൂത്തുലഞ്ഞ് സുഗന്ധം
പരത്തണം പ്രണയം.

സമയം



ഇന്നലെ രാത്രി കൃത്യം പന്ത്രണ്ടേ -
മുപ്പതിനാണ്
വെട്ടിയിട്ട പോലെ നിട്ടാനീളത്തിൽ
മലർന്നടിച്ചു വീണത്
തട്ടിയും, മുട്ടിയും ഉണർത്താനെത്ര
ശ്രമിച്ചതാണ്
പ്രാഥമികമായി ചെയ്യേണ്ടതൊക്കെ ചെയ്തു
ഇപ്പോൾ ഐ.സി.യുവിൽ സ്ഫടികക്കൂട്ടിൽ
ഇടയ്ക്കെങ്ങാനൊരു ശ്വാസമെടുക്കുന്നതല്ലാതെ
മറ്റനക്കമൊന്നുമില്ല
ഡോക്ടർമാരുടെ സംഘം കിണഞ്ഞു പരിശ്രമി-
ക്കുന്നുണ്ട്
ആശങ്കാജനകമെന്നാണ് ജനസംസാരം
മരുന്നിനോട് പ്രതികരിക്കുന്നില്ലെന്ന്
സ്പെഷ്യലിസ്റ്റുകൾ എത്തിയിട്ടുണ്ട്
മസ്തിഷ്ക മരണം നേരത്തേ സംഭവിച്ചെന്ന്
ഹൃദയസ്പന്ദനം ഏതു നിമിഷവും
നിലയ്ക്കാമെന്ന്
ഓപ്പറേഷൻ തീയറ്ററിൽ ഉദ്വേഗത്തിന്റെ -
നിമിഷങ്ങൾ
വെളിയിൽ ലാഭനഷ്ടങ്ങളുടെ -
കണക്കുകൂട്ടലുകൾ
കൂട്ടിയും, കുറച്ചും, ഗുണിച്ചും, ഹരിച്ചും
ജീവിതത്തിന്റെ വിലകണക്കാക്കിയപ്പോൾ
നഷ്ടമെന്ന് ഒരേസ്വരത്തിൽ സ്വന്തക്കാർ
പിന്നെയെല്ലാം പെട്ടെന്നായിരുന്നു
ഏറ്റെടുക്കുവാൻ ആളില്ലാത്തതിനാൽ
അനാഥ ശവമെന്ന് എഴുതിച്ചേർത്ത്
മോർച്ചറിയുടെ മൂലയിൽ തള്ളപ്പെട്ട നിലയിൽ
പൊട്ടിയ ചില്ലുകൾക്കിടയിൽ
ക്ലോക്കിലെ സമയം ചത്തു കിടന്നു.



2019 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഭാഷ



സന്ധ്യയ്ക്ക്
ചേക്കേറിയ കാക്ക
സൗഹൃദം പുതുക്കി
കാ... കാ...
രാവിലെ
ഒരു കാക്ക
വിളിച്ചുണർത്തി
ക്യാ.... ക്യാ....
അങ്ങനെയാണ്
ഭാഷ നിരോധിച്ചതായി
അറിഞ്ഞത്

2019 സെപ്റ്റംബർ 19, വ്യാഴാഴ്‌ച

പുതുവേദാന്തം



കാലവണ്ടി കുതിച്ചുപായുകയാണ്
പുരോഗതിയുടെ പടവുകൾതാണ്ടിത്താണ്ടി.
മിഴി കീറിത്തെളിച്ച മലയാളം പുലരിയിൽ
പത്രത്താളിൽ ഞാൻ കാണുന്നു .
പുത്തൻ ശീലങ്ങളും, ശീലുകളും -
പുതു നിറക്കൂട്ടുമായി രാജാധിരാജൻ,
നിയമസംഹിതകൾ രചിക്കുന്ന അഗ്രഹാരങ്ങൾ,
കുട്ടനും, മുട്ടനും ദ്വന്തയുദ്ധത്തിൽ
കുറുക്കൻചോരപ്പാടുള്ള കീഴiച്ചുണ്ട് നക്കി തുടയ്ക്കുന്നു
നോക്കൂ ,മരക്കൊമ്പിൽ തൂങ്ങിയാടുന്നത്
ഊഞ്ഞാലയല്ല ജഡങ്ങൾ!
തൊടികളിൽ, പാടത്ത് ,പട്ടിയും, എലിയുമല്ല
കർഷക ജഡങ്ങൾ!
അതാ, തൂലിക തീ പന്തമാക്കിയ ഒരു കവി
നാവറ്റ്, കാതറ്റ്, വിരലറ്റ്........!
കാണാം തൊട്ടപ്പുറത്ത് കുറേക്കുട്ടികൾ
ഗാന്ധിയുടെ നെഞ്ചിൽ ഉന്നം തെറ്റാതെ
വെടിവെച്ചു പഠിക്കുന്നു
അവർ നാളെ രാജ്യം കാക്കേണ്ടവർ !
പുരോഗതി ഭാഗം വെയ്ക്കലിലൂടെ മുന്നേ-
റുകയാണ്
പറ്റാവുന്നിടത്തോളം വെട്ടിമുറിക്കുക
പൊതുമുതൽ ഇനിയൊന്നുംവേണ്ട
മുതല് മുതലാളിക്ക്
നമുക്ക്പുതു മന്ത്രങ്ങൾ

2019 സെപ്റ്റംബർ 18, ബുധനാഴ്‌ച

ഇങ്ങനെ ഇങ്ങനെ....!



ഭൂമി ആകാശം നോക്കി
നിൽക്കുന്നതു പോലെ
ഞാൻ
നിന്നെ തന്നെ നോക്കി
നിൽക്കുന്നു
ആകാശം ഭൂമിയിലേക്ക്
പെയ്യുന്നതു പോലെ
നീ
എന്നിലേക്ക് പെയ്തു
കൊണ്ടേ യിരിക്കുന്നു
കാറ്റിന്റെ കൈകൾ വന്ന്
കണ്ണ് പൊത്തുമ്പോൾ
കവിളിൽ തലോടുമ്പോൾ
എന്നോടെന്ന പോലെ
നീ നാണിക്കുന്നതെന്ത്?
ചില്ലകൾ മർമ്മരം ഉതിർക്കു -
മ്പോലെ
നിന്റെ ചുണ്ടുകൾ
വിറക്കുന്നതെന്ത്?!
കാറ്റിന്റെ കൈ പിടിച്ച്
വെയിലിന്റെ വടിയൊടിച്ച്
കുന്നിൻ ചരുവിലൂടെ നടക്കണം
നമുക്ക്
മേഘത്തിന്റെ തൂവാലപ്പട്ടം
പറത്തണം
പൂമ്പാറ്റകൾ പൂവിലെന്നപോലെ
നമുക്ക് നമ്മിലെ മധു നുകരണം
ആകാശം
ഭൂമിയിലേക്കെന്ന പോലെ
ഭൂമി
ആകാശത്തിലേക്കെന്ന പോലെ
നമുക്ക് നമ്മേ
നോക്കി നോക്കി
പെയ്തു പെയ്ത്
ഇങ്ങനെ ഇരിക്കണം