malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 ഡിസംബർ 11, ബുധനാഴ്‌ച

ജീവന്റെ വേര്



പരിസ്ഥിതിയേപറ്റി
പറഞ്ഞു പറഞ്ഞു നാം
നാവു വെച്ചുടൻ
വാ കഴുകുന്നു
കൈ തുടയ്ക്കുന്നു
കാടുവെട്ടിയ
കണക്കെടുക്കുന്നു
കുപ്പിവെള്ളം
കുടു കുടേ മോന്തി
ഞെരിച്ചമർത്തി
മണ്ണിലേക്കെറിയുന്നു
മണ്ണരികിലെ കല്ലിളക്കുന്നു
കുന്നിൻ കണ്ണുകൾ
ചൂഴ്ന്നെടുക്കുന്നു
പണക്കണക്കുകൾ മാത്രം
നോക്കവേ
കുന്നിടിഞ്ഞൊരാ
പുഴ നിവരുന്നു
കടലുവന്നാ കരയെ
തൊട്ടപ്പോൾ
കരകുഴഞ്ഞുവീണൊ
ലിച്ചു പോകുന്നു
കുന്നിനുള്ളിൽ
നിലവിളിക്കുമേൽ
കടലൊഴുകി കടലിനെ
തിരയുന്നു
പറിഞ്ഞ വേരുകൾ
പഴയ കാലത്തിൽ
കുന്നിനെ ചുറ്റി കാത്ത -
തോർക്കുന്നു
പിന്നെയും,
പറഞ്ഞു പറഞ്ഞു നാം
നാവു വെച്ചുടൻ
കൈ കഴുകുന്നു
പറയുന്നതൊന്ന്
പ്രവർത്തി മറ്റൊന്ന്
തെറിച്ച വിത്തും
മുളച്ചു വരും മുമ്പേ
പറിച്ചെടുത്തു നാം
കണക്കുകൂട്ടുന്നു

ജീവിത ചിത്രം



വരയ്ക്കുന്നുണ്ട് ഒരാൾ
ജീവിത ചിത്രം
പാടത്തും, പറമ്പിലും.
പെരുമ്പാമ്പുപോലെ നീണ്ടു -
വളഞ്ഞ വഴി മൂടി കിടക്കുന്ന
തൊട്ടാവാടികളും, തുമ്പച്ചെടികളും
മാടിയൊതുക്കുന്നുണ്ട്
പച്ചച്ചായം പോലെ നുള്ളിനുള്ളി -
വെയ്ക്കുന്നുണ്ട്
തകര താളാം ചപ്പിൽ
തോട്ടരികിലെ ചാലിലൂടെ
ഒഴുകി വരുന്ന കവിതയെ
തിരിച്ചുവിടുന്നുണ്ട്
പല കൈവഴികളായി
പാവലിൽ, വെണ്ടയിൽ വരച്ചു
ചേർക്കുന്നുണ്ട്
പൂവിൻ ചിത്രങ്ങൾ
കവിതാക്ഷരമായ് വിരിഞ്ഞു
നിൽപ്പുണ്ട് കായകൾ
ഒരു മരം വരച്ചു ചേർത്തിരിക്കുന്നു
താഴെ തണൽ
വിയർപ്പു വരച്ച ഉപ്പിൻ ചിത്രം
ഒപ്പിയെടുക്കുന്നു അയാൾ
വാഴക്കൂമ്പിൽ ഉഞ്ഞാലാടുന്നു
അണ്ണാൻ
പൊട്ടിയ സ്ലേറ്റിൽ കണക്കുമാഷ്തന്ന
മൊട്ട പോലെ
വിണ്ടനിലത്ത് ചാഞ്ഞു കിടക്കുന്നു
മത്തൻ
മഞ്ഞവെയിൽ പടിഞ്ഞാട്ടെ കുന്നിറ-
ങ്ങുന്നു
തൊടിയിലൊരാൾ വരച്ച ചിത്രത്തിന്റെ
മിനുക്ക് പണിയിലാണ്


2019 ഡിസംബർ 7, ശനിയാഴ്‌ച

അതിജീവനം



ഒരു കവിത വന്നെന്റെ കൈയ്യിൽ 
കയറി പിടിച്ചു
എടുത്ത കയർ ഞാൻതാഴെയിട്ടു
ഒരിക്കൽ പാഞ്ഞു വരുന്ന
വണ്ടിക്കടിയിലേക്ക്
കുളത്തിലേക്കെന്ന പോലെ
ഊളിയിടാൻ ആഞ്ഞപ്പോൾ
ഒരു കവിത വന്നെന്റെ കരണ-
ത്തടിച്ചു
പുകയുന്ന കുഞ്ഞു കണ്ണുകളെ
കാട്ടിത്തന്നു
പിന്നെയൊരിക്കൽ
കവിത വന്നെന്റെ കഴുത്തിൽ -
പിടിച്ചു
കാളകൂടത്തെപ്പോലെ കഴുത്തു
നീലിച്ചെങ്കിലും
കാലന് കൂട്ടായ് പോകാൻ കഴി-
ഞ്ഞില്ല
മരണത്തെ കട്ടെടുക്കാൻ
സമ്മതിക്കില്ലെന്ന്
ഇന്ന്
കവിത കണ്ണുരുട്ടി കാണിക്കുന്നു.
കവിത അതിജീവനമെന്ന്
ഈ പുതുജീവിതത്തിലിരുന്ന്
ഞങ്ങൾ പരസ്പരം ചിരിക്കുന്നു

ആശുപത്രി



അസുഖമായി നിങ്ങളെന്നെങ്കിലും
ആശുപത്രിയിൽ കിടന്നിട്ടുണ്ടോ?
ജീവിതത്തിലേക്കും മരണത്തിലേക്കും
തുല്ല്യദൂരംഅളക്കാവുന്ന ഒരളവുകോലാണ്
ആശുപത്രി
നിലവിളികളുടേയും പൊട്ടിച്ചിരിയുടേയുമിടം
പുടവയുടുത്ത ഓർമ്മകൾ പട്ടുപോവുകയും
ചിന്തേരിട്ട് മിനുക്കി മിനുക്കിയുമെടുക്കും.
കിടന്നു പോയി നടന്നും
നടന്നു പോയി കിടന്നും വരും
ഒരു മാത്രപോലുമുറങ്ങാതെ
ചപലതയുടെ താപനിലയിലുരുകും
ഒരു മാത്രപോലുമുണരാതെ
തമോദ്വാരത്തിൽ ഉറങ്ങും
ചില നേരങ്ങളിൽ കാല്പനികതയിലേക്ക്
എടുത്തുയർത്തും
ചില നേരങ്ങളിൽ സംസാരദുഃഖത്തിലേക്ക്
വലിച്ചു താഴ്ത്തും
ചിലപ്പോൾ തൃഷ്ണയാൽ ജ്വലിക്കും
ചിലപ്പോൾ വെറുപ്പിന്റെ ചിതൽപുറ്റിലൊ-
ളിക്കും
ആശുപത്രിക്ക് ഒരേ സമയം മോർച്ചറിയുടെ
തണുപ്പും
മണിയറയുടെ ചൂടുമാണ്.
എന്തു തന്നെയായാലും ആശുപത്രി
അവസാനത്തെ അഭയമാണ്, സമാധാനവും
കിടക്കുന്നവർക്കും, കിടത്തുന്നവർക്കും





2019 ഡിസംബർ 5, വ്യാഴാഴ്‌ച

നാട്ടുപാട്ട്



തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
ഞാറുപറിക്കും നങ്ങേലിപെണ്ണിന്
നാണംനുരിയിട്ട് പൊന്തുന്നേ
കാലിപൂട്ടുന്നേരം കമ്മാരൻചെക്കന്റെ
കരളിൽ കുതികൊള്ളും തന്തോയം
ഓ.....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
പുതുഞ്ഞാറുപോലൊരു പെണ്ണൊരുത്തി
കൊഴുവിന്നുറപ്പാകു ,മാണൊരുത്തൻ
ഇമ്പ.... മ്പ ചൊല്ലുന്നു കണ്ണ്നാലും
പ്രേമമിതമ്പമ്പോകെങ്കേമം
ഓ.....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
കളപറിക്കുന്നുണ്ടേ കന്നിപ്പെണ്ണ്
കരളിൽപിട്ടലായി മോഹമുണ്ടേ
ചിങ്ങം പിറന്നെന്നാൽ കമ്മാരൻ ചെക്കനും
നങ്ങേലിപെണ്ണിനും മാംഗല്യം
ഓ....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
കതിരിട്ടമോഹത്തിൻ കാവൽപ്പുരകെട്ടി
വിളകാത്തിരിക്കുന്നു കമ്മാരൻ
ചാറൂറ്റും തമ്പ്രാനാൽ ചാഴിയാകാതാവാൻ
നാളെണ്ണിതീർക്കുന്നു നങ്ങേലി
ഓ......തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
കണ്ടം മൂരുന്നോരു കാലംവന്നേ
കാത്തു കാത്തുള്ളോരു കാലംവന്നേ
വിളനെല്ലു പോലൊരു പെണ്ണൊരുത്തി
കറ്റകൾ താളത്തിൽ കൊയ്തുകൂട്ടി
ഓ....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
വല്ലംനിറഞ്ഞു ,യില്ലംനിറഞ്ഞു
മുറ്റംനിറഞ്ഞു കളംനിറഞ്ഞു
പതക്കറ്റപോലുള്ള പെണ്ണവൾക്ക്
പുടമുറി നാള് കുറിച്ചുവച്ചു
ഓ......തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ

2019 ഡിസംബർ 4, ബുധനാഴ്‌ച

ഉള്ളടക്കം



ഉള്ളിയുടെ ഉള്ളംപോലെ -
യായിരിക്കണം ഉള്ളം
എള്ളോളമറിയരുത് ഭള്ള്
ഉള്ളിയുടെ ഉള്ളിൽ
ഒന്നുമില്ലെന്ന് നിങ്ങൾക്ക് -
തോന്നുന്നുണ്ടോ?
പൊളിച്ചു കഴിയുമ്പോൾ
കള്ളം പറഞ്ഞ പോലെ -
തോന്നുന്നുണ്ടോ?!
ഉള്ളിയുടെ ഉള്ളിൽ ഒന്നുണ്ട്-
ഉള്ള്
എരിവും, ഗുണവും, മണവുമുണ്ട്.
നമുക്കില്ലാത്തതും
അതുതന്നെയല്ലേ
ഉള്ളിയേപ്പോലെ നഗ്നനാവാൻ
ഏതു മനുഷ്യനാണ് കഴിയുക

2019 ഡിസംബർ 2, തിങ്കളാഴ്‌ച

ചെമ്പരത്തി



വക്കൊടിയാത്ത വാക്കായി
വീട്ടുവഴിയിൽ വിരിഞ്ഞു നിൽക്കും
ഒരു ചെമ്പരത്തി പൂവ്
കത്തുന്ന മനസ്സോടെ കാത്തു നിൽക്കും
തെറ്റാത്ത വഴിയെന്ന് ഉറപ്പ് തരും
താളിക്കുളിര് പകർന്നുതരും
ശാഠ്യംപ്പിടിച്ച കുഞ്ഞുകുഞ്ഞുകരച്ചിലുകളെ
പിച്ചവെച്ച വാക്കുകളായ് വിവർത്തനം ചെയ്യും
പാതിരാവിലും പടികയറി വരുന്നവർക്ക്
പിടിവള്ളിയാകും
കയ്പ്പിന്റെ കാട്ടിൽ നിന്ന് കലികയറി വന്നാലും
കറുത്ത മുഖം കാട്ടാതെ ചിരിച്ചു നിൽക്കും
പ്രണയികൾവിവർത്തനം ചെയ്യുന്ന ഒറ്റവരി
ക്കവിതയാണ് ചെമ്പരത്തി
അകത്തൊരു അടുപ്പ് തീർത്ത്
കനലു തിന്ന് ചുവന്നോൾ
നട്ട് നനയ്ക്കാതെ
തൊട്ടുതലോടാതെ
പരിഭവമില്ലാതെ
പരാതി പറയാതെ
അതിരരികിലേക്ക് മാറി നിന്നിട്ടും
ചാഞ്ഞും ചരിഞ്ഞും നോക്കീന്നും
ചിരിച്ചു കാട്ടീന്നുംപറഞ്ഞ്
ചെവിയിൽ ചൂടാമെന്ന് പരിഹസിക്കുന്നു
ഭ്രാന്തത്തി പൂവെന്ന് കുത്തിനോവിക്കുന്നു