malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 ജനുവരി 18, ശനിയാഴ്‌ച

അമ്മ



അലകടലും
അഗ്നിയും.

നിലവിളിയുടെ
ഹിമപാതം
നിലയില്ലാക്കയം

കുരിശും
കുരുക്ഷേത്രവും
പേറുന്ന
ഒരു രാജ്യം

2020 ജനുവരി 15, ബുധനാഴ്‌ച

ഹാർട്ട് അറ്റാക്ക്


ഹാർട്ട് അറ്റാക്ക്

നടക്കുമ്പോഴാണ്
ഒരു കിതപ്പു വന്നത്
ഒരു കനപ്പും
ഹൃദയത്തിൽ തൊട്ടു നോക്കുമ്പോൾ
കാറ്റിലാടുന്നയില ഒരു നിമിഷം
നിശ്ചലമാകുന്നതു പോലെ
ഒരു മിടിപ്പ് കുറവ്
ചുറ്റും പരതിനോക്കി എങ്ങുമില്ല
എങ്ങു കളഞ്ഞു പോയിരിക്കും -
ആമിടിപ്പ്?!
എത്രയും പെട്ടെന്ന്
ആശുപത്രിയിലെത്തി
അതാ, ഓപ്പറേഷൻ ടേബളിൽ
ചിരിച്ചു കൊണ്ട് കാത്തിരിക്കുന്നു
ആ മിടിപ്പ്
ഡോക്ടർ പതുക്കെ അതെടുത്ത്
ഹൃദയത്തിൽ വെച്ചു
ഇപ്പോൾ ഒഴുകുന്നു സിരയിലൂടെ
ഒരു സരയൂ

2020 ജനുവരി 14, ചൊവ്വാഴ്ച

തറ, പറ



ഇടറും കൈപ്പത്തി വെറിപിടിച്ചെ
ഴുതുന്നു
പതറും പെരുവിരൽ അമർത്തി
പ്പിടിക്കുന്നു
കരളിനെ കാർന്നുതിന്നും
വ്യഥകൾതൻ
കവിതകണ്ഠത്തിലാഞ്ഞു
കൊത്തുന്നു
വിരിച്ച ചാക്കിൽ കുനിഞ്ഞിരുന്ന്
കുറിക്കുവാൻ ശ്രമിക്കും
കുഞ്ഞിനേപ്പോലിന്ന്
മുനിഞ്ഞു കത്തുന്ന
വിളക്കിൻവെട്ടത്തിൽ
സ്ലേറ്റിൽ കോറിവരയ്ക്കുന്നു
തറ, പറ, പന,
ചിതറി നിൽക്കുന്നു
അവിടവിടെയായ്
ലിപികളതോപുരാണ
വട്ടെഴുത്തും കോലെഴുത്തുമായ്.
വിരലുകൾവിങ്ങി വീർത്തു
നിൽക്കുന്നു
കുനിഞ്ഞ കണ്ണിൽ ഇരുട്ട്കയറുന്നു
എഴുതി തളർന്നുറങ്ങിയകുഞ്ഞിനെ
അമ്മ കുന്നിഞ്ഞെടുത്തുമ്മ
വെയ്ക്കുന്നു
വിരൽ പിടിച്ചമ്മ മുന്നേ നടക്കുന്നു
പിടിവിടില്ലെന്ന് മെല്ലേ മൊഴിയുന്നു
മെല്ലെ മെല്ലെ നടന്നു നടന്നങ്ങ്
മഞ്ഞു പോലമ്മ മാഞ്ഞു പോകുന്നു
പുലരി വന്നങ്ങു പുരനിറഞ്ഞപ്പോൾ
പഴയ പോലെ ഞാൻ പതറിപ്പോകുന്നു
മരണരേഖകൾ എവിടെയെന്നെന്റെ
കൈവെള്ളയിലെങ്ങുമേ കണ്ണു പായി -
ക്കുന്നു
തുരുമ്പെടുത്ത മുഖങ്ങളെ
കാണുമ്പോൾ
തരിമ്പും ജീവിതം വേണ്ടെന്നതോർ-
ക്കുന്നു

2020 ജനുവരി 12, ഞായറാഴ്‌ച

സന്ധ്യ



ചേറിയുടഞ്ഞ വർണ്ണങ്ങൾ
സാഗരം പതയും സിംഫണി
സൂര്യകാമത്തിൻ ചിതറിയ
രേതസ്സുകൾ
രസത്തിൻ നുരഞ്ഞ രക്ത
ത്തിൻ ഋഷഭം
രാഗസപ്തസ്വരങ്ങൾ തൻ
രാസലീലകൾ
ഓളത്തിൽ കുളിരും കിക്കിളി
കൊമ്പില്ലാ ഗഗനമരത്തിൽ
കനിയായ് ഞാന്നു നിൽക്കും
പ്രകാശ രേണുക്കൾ
സന്ധ്യേ വ്രീളാവിവശേ
നീയല്ലാതാരുണ്ടിത്രയും സുന്ദരി

2020 ജനുവരി 8, ബുധനാഴ്‌ച

വേഷങ്ങൾ



വേഷം കെട്ടി നടക്കാതെ
നന്നാവാൻ നോക്കെന്ന്
അച്ഛൻ ഇടയ്ക്കിടെ പറഞ്ഞു -
കൊണ്ടിരുന്നു
എന്നിട്ടുവേണം എനിക്കീ വേഷ-
മഴിച്ചു കളയാനെന്ന്.
ഞാൻ
വേഷങ്ങൾ മാറി മാറിയാടി
ആട്ടങ്ങളെല്ലാം പിഴച്ചു .
ഇന്ന്
അച്ഛൻ എന്നേക്കുമായി
വേഷമഴിച്ചു വെച്ചിരിക്കുന്നു
(അഴിച്ചു കളയാനായില്ലെന്ന്
കാലം പറഞ്ഞു കാണും)
കീറിയതും, നിറം മങ്ങിയതു -
മെങ്കിലും
എനിക്കണിയാൻ പാകത്തിൽ



2020 ജനുവരി 6, തിങ്കളാഴ്‌ച

പ്രണയത്തിന്റെ രാപ്പാടി



പ്രണയം ചൈതന്യത്തിന്റെ
ലോലമായ വെളുത്ത പാറയാണ്
ആ പാറമേൽ പടുത്തുയർത്തണം
ജീവിതത്തെ
നനഞ്ഞ പുഷ്പം പോലെയാണ്
പ്രണയം
അവളോട് ഒന്നും ചോദിക്കരുത്
പേരുപോലും
കാരണം, വേർപെടുത്തുന്ന ഒന്നും
ചെയ്യരുത്
വൃക്ഷങ്ങളിലെ നിറഞ്ഞ പുഷ്പം
പോലെ
നിറമുള്ളതാകട്ടെ
പാടത്തിലെ പയർത്തോട്ടം പോലെ
സുഗന്ധം പരത്തട്ടെ
പുഷ്പിക്കുവാൻ പോകുന്ന പച്ചില
നിറഞ്ഞ വൃക്ഷമാകട്ടെ.
പ്രണയം നഗ്നമായിരിക്കണം
ഉപാധികളില്ലാത്ത ഉപമപോലെ.
അദൃശ്യമായ സൂര്യ വെളിച്ചമാണ്
പ്രണയം.
വസന്തമെന്ന സത്യം പോലെ
റോസാപ്പൂക്കളുടെ സത്തു പോലെ.
പ്രിയേ,
നിന്റെ സ്നേഹത്തിന്റെതാഴ് വരയിൽ
പ്രണയത്തിന്റെ രാപ്പാടിയായ്
ഞാനെന്നുമുണ്ടാകും

2020 ജനുവരി 3, വെള്ളിയാഴ്‌ച

വാക്കുകൊണ്ട്



കാടേറുകയെന്നാൽ
വീടേറുകയെന്നാണ്
കാടുമുടിച്ചെന്നാൽ
വിളക്കണച്ചെന്നാണ്
നീർപ്പാമ്പിഴഞ്ഞിഴഞ്ഞ്
ഫണംവിരിച്ചതു കണ്ടില്ലെ
നീലമല ചോടോടെ
കടപുഴകിയതു കണ്ടില്ലെ
കൂരിരുളുകൾ കുടിവാഴാൻ
കുടമുടച്ചോർ നമ്മൾ
മുടിയാട്ടി തുള്ളുന്ന
രാവെക്ഷിയും നമ്മൾ
കരിമലതൻ കരളരിഞ്ഞ്
കുരുതിയുണ്ടോർ നമ്മൾ
കൊതിപെരുത്ത് കരുതിവെച്ച
വിത്തു കുത്തി തിന്നോർ.
കരുകരേ കൊറിച്ചില്ലെ
മണ്ണടങ്ങേ മരമടങ്ങേ
മടുമടേ കുടിച്ചില്ലെ
കാട്ടുനീരിൻ നാട്ടുയിര്
ഉലകം ചുട്ടുറഞ്ഞാടി
അലറിത്തുള്ളീടുന്നൂ നാം
പാടില്ല പാടില്ലെന്നു പാടുന്നതു
നാം തന്നെ
ഒരു കൈയിൽ ഹരിത മേന്തി
മറുകൈയിൽ മഴുവേന്തി
വാക്കിലൊരു വെള്ളരിപ്രാവ്
ചിറകറ്റതോ ചിറകടിപ്പതോ ?!