malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 ഫെബ്രുവരി 16, ഞായറാഴ്‌ച

കഴുമരങ്ങളേ സൂക്ഷിക്കുക



കവിതയെ കഴുമരത്തിലേറ്റാൻ
കൽപ്പിച്ചു ന്യായാസനം.
കൽത്തുറുങ്കിന്റെ കാതരമായ
നിലവിളികേൾക്കാൻ അവർക്ക്
കാതുണ്ടായിരുന്നില്ല
കൊലക്കയർ നെയ്യുന്ന കൈകളെല്ലാതെ.
തൂക്കിലേറ്റപ്പെട്ട കവിത മരിച്ചെന്ന് -
പരിശോധിച്ച് ഉറപ്പിച്ചവർ തൽക്ഷണം 
മറിഞ്ഞുവീണു.
കവിതയ്ക്ക് കൈകൾ മുളച്ചു കൊണ്ടേ
യിരുന്നു
അടക്കാനാവാത്ത ആനന്ദത്തോടെ
ചുരുട്ടിയ മുഷ്ടികൾ തെരുവിലേക്കിറങ്ങി
അധികാരത്തിന്റെ അകത്തളങ്ങൾ വിറച്ചു
ന്യായാസനങ്ങൾ ഇളകിയാടി
വെടിയുണ്ട വരച്ച ചിത്രങ്ങളിൽ നിന്ന്
കൈകൾ പിറന്നു കൊണ്ടേയിരുന്നു
കവിത കാറ്റായെങ്ങും പരന്നു
ന്യായാധിപർക്ക് പേനപിടിക്കാൻ കൈകളോ
കുത്തിപ്പൊട്ടിക്കാൻ പേനകളോയില്ലാതായി
അധികാരം വിട്ടൊഴിഞ്ഞവർ
കവിത കാലാതിവർത്തിയെന്നു പറഞ്ഞ്
കവിതയുടെ കൈകളെ പിൻതുടരാൻ തുടങ്ങി

2020 ഫെബ്രുവരി 11, ചൊവ്വാഴ്ച

പ്രണയോർമ്മ


ദൂരെയാണെങ്കിലും ചാരെയിരുന്നു ഞാൻ
ചികയുന്നു ചാരുതയാർന്ന സ്മരണകൾ
നാട്ടുവഴിയിലൂടൊട്ടു നാണത്താലെ
നോട്ടമെറിഞ്ഞു നടന്നു നീ പോയതും
തുമ്പക്കുടങ്ങളിലിമ്പംകലർന്നുള്ള
പൂത്തുമ്പിയായി നീ പാറിപ്പറന്നതും
വർഷമേഘത്തിന്റെ ഹർഷമായ് ചാറുന്ന
ചിരിതൻ മഴയിൽനീ,യെന്നേ നനച്ചതും
ഹരിനീലവർണ്ണപ്പാവാടയും ചുറ്റി നീ
കാലത്തിളം തെന്നലോളങ്ങൾ തീർത്തതും
ഹരിണമിഴിനീട്ടി കതിർമുടിത്തുമ്പാട്ടി
ചേലിലെന്നുള്ളത്തിൽ കവിത വിരിച്ചതും
ഏറ്റുമീൻ കേറിയെന്നാർത്തുല്ലസിച്ചന്ന്
കൂട്ടുകാരൊത്തുഞാൻ വന്നുനിൽക്കേ
ചാരുത കരകവിഞ്ഞൊഴുകുന്ന ശില്പംപോൽ
തോട്ടുവക്കത്തു നീ നിന്നതില്ലേ
അകലത്തകലത്തു കാലം മറയിലും
അരികത്തരികത്തീയോർമ്മയിന്നും
ചെമ്മൺ വഴിയിലെ കാലടിപ്പാടുകൾ
ചിട്ടയായിന്നുമീ നെഞ്ചകത്തിൽ








2020 ഫെബ്രുവരി 9, ഞായറാഴ്‌ച

അൽഷിമേഴ്സ്



തല വിചാരിച്ചു :
എനക്ക് ഉടലില്ലെന്ന്
ഉടലില്ലെങ്കിലെന്ത്,കണ്ണുണ്ടല്ലോ
കാഴ്ചകൾ കാണാൻ
വായുണ്ടല്ലോ, ഭക്ഷണം കഴിക്കാൻ
(ഉടലിനെ അറിയാത്തതുകൊണ്ടാ
യിരിക്കണം ഭക്ഷണം കഴിച്ചത് ഓർമ്മ
യില്ലാതാകുന്നത് )
മൂക്കുണ്ടല്ലോ ഗന്ധത്തെ അറിയാൻ
കാതുണ്ടല്ലോ സംഗീതത്തെ കേൾക്കാൻ
ഉടൽ വിചാരിച്ചു :
എനക്ക് തലയില്ലെന്ന്
തലയില്ലെങ്കിലെന്ത്, കൈയുണ്ടല്ലോ
കവിതകളെഴുതാൻ
കാലുണ്ടല്ലോ കാലത്തിലേക്ക് നടക്കാൻ
നിർവൃതി നുകരാൻ മറ്റവയവങ്ങൾ
എങ്കിലും;
എന്നെങ്കിലുമൊരിക്കൽ
തങ്ങൾ ഒന്നുചേരുമെന്ന
പ്രതീക്ഷയോടെ കാത്തിരുന്നു
ഉടൽ തലയ്ക്ക് കീഴെയും
തല ഉടലിനു മുകളിലും.

2020 ഫെബ്രുവരി 8, ശനിയാഴ്‌ച

പൗരത്വ കവിത



മറുഭാഷ വശമില്ലാത്തതിനാൽ
വിവർത്തന കവിതയ്ക്കായ്
ലൈബ്രറിയിലേക്ക് പോയി
സെലിബ്രിറ്റിയായിരുന്നു
എനക്ക് വിവർത്തന കവിതകൾ
അലമാരകൾ അരിച്ചുപെറുക്കി
അടിവശത്തും പിറകുവശത്തും
എവിടെയുമില്ല അന്യഭാഷ (മറ്റു
രാജ്യ) കവിത
കഴിഞ്ഞ ദിവസംവരേയുണ്ടായ
ബുക്കുകളൊക്കെയെങ്ങുപോയി
നാടുകടത്തപ്പെട്ട സ്വദേശാഭിമാനി
യോപുസതകങ്ങൾ
രജിസ്റ്റ്റിൽപരതിയപ്പോൾ
വെട്ടപ്പെട്ടിരിക്കുന്നു കുറേപേരുകൾ
പൗരത്വപട്ടികയിൽ (Accession Register)
പേരില്ലാതവയൊക്കെ
ഒറ്റരാത്രികൊണ്ട് നാടുകടത്തപ്പെ
ട്ടെന്ന്
വെട്ടപ്പെട്ട വരികൾക് താഴെയും
മുകളിലുമുള്ള വരികൾക്ക്
വല്ലാതെ അകലംവർദ്ധിച്ചു വരുന്നത്
എന്നെ ഭയപ്പെടുത്തുന്നു

2020 ഫെബ്രുവരി 3, തിങ്കളാഴ്‌ച

പുലരി



വിശ്രാന്തി വിട്ടുണർന്നുള്ള നിശീഥിനി
മന്ദമന്ദംപടിഞ്ഞാട്ടുഗമിക്കവേ
ചെല്ലക്കിടാങ്ങളുണർന്നു പതുക്കനെ
ചൊല്ലിക്കൂട്ടുന്നിതാ അന്നത്തെ പാഠങ്ങൾ
വടക്കേ പുളിമരക്കൊമ്പിലായ് കാക്കകൾ
കരഞ്ഞുണർത്തുന്നിതാ പുലരിയേ സത്വരം
പ്രാത: പ്രഫുല്ലമാം പൂക്കളുണർന്നതാ
മഞ്ഞിൻമിഴി തിരുമ്മി ,യെഴുന്നേൽക്കുന്നു
കളിചിരിക്കൂട്ടരാം കുഞ്ഞിക്കിളികളോ
കാവ്യങ്ങൾ ചൊല്ലി സമാസക്തിയാലേ
മധുമണമേറ്റുള്ളൊരാ ചെറുവണ്ടുകൾ
മാധുരി തേടിപ്പറന്നണഞ്ഞിടുന്നു
സ്വച്ഛന്ദകേളിയാടീടും പവനനോ
പിച്ചവെയ്പ്പിക്കുന്നു പവൻനിറപകലോനെ
മഹാമൗനം വെടിഞ്ഞുണർന്നുള്ള പുലരി
എങ്ങും മഹോത്സവ തിടമ്പുനൃത്തത്തിലായ്




2020 ഫെബ്രുവരി 1, ശനിയാഴ്‌ച

പ്രണയം ജീവിതം



സ്ഫുരിതശോഭം പ്രണയം
സുവർണപതംഗമം
ചിത്തത്തിൽ തിളങ്ങും ഭാവം
ചിത്രത്തിൽ തെളിയും രാഗം.
അന്തിയിൽ കുളിർക്കാറ്റു നീ
അംബരത്തട്ടിൽനിന്നുമുതിരും
പൂന്തേൻമഴ
അലിഞ്ഞലിഞ്ഞാലിപ്പഴമ്പോൽ
കുളിർന്നും
ഇറുകേപുണരുന്നയിലഞ്ഞിപ്പൂവിൻ -
ഗന്ധം.
വാനിൻവനികയിൽ പറന്നേറീടാം
നമുക്കാമലർത്തോപ്പിൽ പുതു -
പുഷ്പ്പങ്ങൾ വിരിയിക്കാം
ചേലണിക്കാർകൂന്തൽപോലിടതൂ -
ർന്നൊരുമാല്യം
കൊരുത്തും കൊണ്ടേ നമുക്കെങ്ങും
പറന്നീടാം
പാവനപ്രണയപരിമളമേൽക്കുകിലേ
ജീവനിലമൃതത്തെ വർഷിപ്പാൻ സാധി-
ച്ചീടൂ
തൂവെള്ള തുകിലിലെ സൗവർണ്ണക്കസ
വായി
എന്നുമേവിളങ്ങേണം പ്രണയം ജീവിത-
ത്തിൽ






അവനവനിസം



വിരൽ ഞൊട്ടപൊട്ടിച്ച്
അകത്തുനിന്ന് പുറത്തേക്കും
പുറത്തു നിന്ന് അകത്തേക്കും
കയറി
അവിടവിടെതിരഞ്ഞ് അമർത്തി
ചവുട്ടി
എരിപൊരി കൊള്ളുന്നുണ്ട് ഒരക്ഷമ.
ഇല്ലാത്ത ചരിത്രത്തിന്റെ
എല്ലും തോലും തിരഞ്ഞ്
പ്രാക്തനയുടെ പ്രാർത്ഥനകളെന്ന്
പയ്യപയ്യേ പറഞ്ഞു തരുന്നുണ്ട്
പുതു വാണിഭക്കാർ
ഒഴിഞ്ഞു കൊണ്ടിരിക്കുന്ന പാത്ര -
മാണ് മസ്തിഷ്കം
കലമ്പൽകൂട്ടുന്ന കവിതകളെ
കുഴമ്പിലിട്ടിരിക്കുന്നു
ആരുടെയോ ഇച്ഛയ്ക്കനുസരിച്ച്
പമ്പരമായി കറങ്ങുന്നു പച്ച ജീവനുകൾ.
മൗനത്തിലിരുന്നവർ
മനക്കണക്കിന്റെ വാൾമുനയിൽ
ഉന്നം പിടിക്കുന്നു
ആരവങ്ങളെ എരിതീയാൽ
മുക്കിക്കൊല്ലുന്നു
ഓർമ്മകളെ ഊടുവഴികളിൽ
അടക്കം ചെയ്യുന്നു.
തുറസുകളെ
തുറുങ്കിലടയ്ക്കുന്നു
മിണ്ടലുകളെ
മിന്നൽ പിണറുകൾ മായിക്കുന്നു
മൂർച്ചകളറുക്കുന്നു ആയുസ്സുകളെ.
അമ്ലത്തിന്റെ അരുചികളിൽ
കത്തുന്നു അടിവയർ
അമ്മയെന്ന നാമത്തെ അഗ്നി
നക്കി തുടയ്ക്കുന്നു
ഗാന്ധിസം
സോഷ്യലിസം
കമ്മ്യൂണിസം.
ഇതിഹാസങ്ങളും
ഇസങ്ങളും
പാതാളത്തിലേക്കെന്ന് പറഞ്ഞ്
അവനവനിസത്തിന്റെ
അഭിനവ വാമനൻ ആഗതനാവുന്നു