malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 ജൂലൈ 7, ചൊവ്വാഴ്ച

ഉത്തരം



നീതിന്ന തീയിൽനിന്ന്
എൻ്റെപിറവി
നിൻ്റെ കണ്ണീരെൻ്റെ
കഞ്ഞി
ഇന്നുമുണ്ടെന്നിൽ
ഇരുണ്ട പുലരി
അടർന്ന ഞരമ്പിലെ
നീലിച്ച ചോരപ്പൂ
ഭൂമിയുടെ ഏത് ചരിവിലൂടെ
ചരിക്കുന്നു നീ
ഒരു കെട്ട്ചോദ്യങ്ങൾ
വിറകുകളായ്
അടുപ്പരികിൽ വെച്ച്
ചോര കൊണ്ട് ഉത്തരം
തന്നതെന്തിനു നീ.

2020 ജൂലൈ 6, തിങ്കളാഴ്‌ച

മതിൽ



മതത്തെ
അറിഞ്ഞതുകൊണ്ടാ
യിരിക്കണം
ബഷീറും
നാരായണിയും
മതിലിനപ്പുറവും
ഇപ്പുറവും നിന്ന്
പ്രണയിച്ചത്

കരയും, കടലും




കരപോലെ കടലും ഒരു ലോകമാണ്
മണൽ മാത്രമല്ല മരങ്ങളും, പാറക്കെട്ടുകളും
അഗാധഗർത്തങ്ങളും, കൊടുമുടികളും.
കടൽച്ചില്ലകൾ ജലത്തിലിളകിക്കൊണ്ടേയിരിക്കും
കരയിലെ മരക്കൊമ്പിൽ പക്ഷികളെന്നപോലെ
കടലിലുമുണ്ട് വലുപ്പച്ചെറുപ്പങ്ങൾ
വമ്പൻ സ്രാവുകളെ ഭയപ്പെടുക തന്നെ വേണം
ആനയും, കുതിരയും അവിടേയുമുണ്ട്.
ഭൂമിയിലെന്ന പോലെ, ആകാശത്തിലെന്ന പോലെ
കടലിലുമുണ്ട് കടൽപ്പാതകൾ
ഇവിടെ മണിമന്ദിരങ്ങളെന്ന പോലെ
അവിടെ പവിഴപ്പുറ്റിൻ മന്ദിരം
ജലത്തിനടിയിൽ നിന്ന് മുകളിലേക്കു നോക്കിയാൽ
കാണുന്ന നീലനിറമായിരിക്കണം കടലിൻ്റെ ആകാശം
സൂര്യൻ്റെ പ്രതിബിംബം കടലിൻ്റെ സൂര്യനും
ജലത്തിൽ ജീവിക്കുന്നതുകൊണ്ടാവണം
മീൻ കണ്ണുകൾക്കെല്ലാം കടലിൻ്റെ നീലനിറം.
കരയ്ക്ക് തീപ്പിടിച്ച് കടലുകത്തിയെന്ന് ഇതുവരെ
കേട്ടിട്ടില്ല
പക്ഷെ, സൂക്ഷിക്കണം;
കടലിനു തീപ്പിടിച്ചാൽ കത്തുന്നത് കരയായിരിക്കും.

2020 ജൂലൈ 3, വെള്ളിയാഴ്‌ച

പ്രണയം



കാട്ടുതേനിൻ്റെ കൂടാണവൾ
ചുണ്ടിൽ കാത്തുവെച്ചുള്ള
ചെറിപ്പഴം
മലയിലും, താഴ് വരയിലും
മധുരക്കനിയവൾ
മഴനാരു കൊണ്ടൊരു
വെയിൽപ്പാലം കെട്ടി
മിഴിമുനകൊണ്ടൊരു
മൊഴിമുത്തു ചൊല്ലി
അലിഞ്ഞു ചേരുമ്പോൾ
ഒലിച്ചു തീരുന്നൊരാലിപ്പഴം

തേനീച്ച



ഇത്തിരിയുള്ളൊരു തേനീച്ച
ഒത്തിരിക്കാര്യം ചെയ്യുന്നു
കാടുകൾ ,മേടുകൾ, വാടികൾ -
തോറും
പൂമധു തേടിപ്പോകുന്നു
ശില്പികളല്ലോ തേനീച്ച
ചാരുതയാർന്നൊരു തേനീച്ച
കോണുകളാറായ് കൂടിന്നറകൾ
ചേണിലൊരുക്കും തേനീച്ച
ഉണ്ണികളേനാം തേനീച്ചകൾപോൽ
ഉത്സുകരായി മാറേണം
അക്ഷരമാകും കാടും, മേടും
മേഞ്ഞു നടന്നു പഠിക്കേണം
അറിവിൻപൂന്തേൻ, അറകൾ -
നിറച്ച്
പുതുലോകം നാം പണിയേണം

2020 ജൂലൈ 2, വ്യാഴാഴ്‌ച

പെങ്ങൾക്കവിത



അവനെച്ചാരി ഒരു മരം നിൽക്കുന്നു
മരം അഗാധമായ ചിന്തയിലാണ്
കഴിഞ്ഞുപോയ കവിയരങ്ങിനെക്കുറി -
ച്ചായിരിക്കുമോ?
അതുകൊണ്ടായിരിക്കുമോ കവിതയുടെ
വരികൾക്കൊപ്പിച്ചെന്നോണം
വിരൽച്ചില്ലകൾ ഇടയ്ക്കൊന്നനങ്ങുന്നത്
അവനറിയാതെയെങ്ങാനുമൊന്നനങ്ങിയാൽ
അടിതെറ്റി വീഴും എന്ന നിലയിലാണ് മരം
അവനെന്തായിരിക്കും ഓർക്കുന്നത്
അവനുമൊരു കവിയായിരിക്കുമോ?
ചോര പൊടിയുന്ന ഓർമ്മകളെ
നോവിക്കാതെ ഊതി,യുണക്കുക-
യായിരിക്കുമോ?
എത്രയും ആത്മസംഘർഷത്തിലല്ലാതെ
ഇത്രയും പരിസരം മറന്ന്അനങ്ങാതെ
യെങ്ങനെ......?!
പെങ്ങൾക്കവിതയെ പൊരിവെയിലിൽ
നിർത്താൻ
ഒരു കവിക്കും കഴിയില്ല
അതുകൊണ്ടായിരിക്കണം
എല്ലാം സഹിച്ച് താങ്ങായി, തണലായി
വേരിറങ്ങി, ചില്ലകൾ കിളിർത്ത്
വീഴാത്തവണ്ണം അവൻ കവിതയെ
താങ്ങി നിർത്തുന്നത്



2020 ജൂലൈ 1, ബുധനാഴ്‌ച

കാലം



വിജനം പാത
പട്ടുപോയി വില്വവൃക്ഷം
മരണം വലവിരിച്ച് -
കാത്തിരിക്കുന്നു
കുടുങ്ങാതിരിക്കില്ല -
ജീവിതമത്സ്യം
ദ്വേഷമെങ്ങും പൂത്തുനിൽ -
ക്കുന്നു
രോഷമെങ്ങും കനത്തുനിൽ -
ക്കുന്നു
ദോഷം വരുന്നതിൽമാത്രം
തോഷംകണ്ടെത്തുന്നു ചിലർ
വാശി വേഷംകെട്ടി ഇറങ്ങി -
യിരിക്കുന്നു
നാശംതന്നെ ലക്ഷ്യം
ഉദിച്ചുനിന്ന ചന്ദ്രനും
ഒലിച്ചുപോയ്
ഓർമ്മയിൽനിന്നും
കണ്ണിലഗ്നി കവിഞ്ഞുപോയി
തീപ്പിടിക്കുന്നു കാലത്തിന്