malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

കാലികം


 സത്യത്തിൻ്റെ നാവറുത്ത്
കണ്ണിൽ കറുത്ത തുണിയും
കെട്ടി
കൈയ്യിലൊരു തുലാസും
കൊടുത്ത്
ചില്ലിട്ട് ചുമരിലിരുത്തി
നുണ രാജ്യഭരണം തുടങ്ങി

2020 ഒക്‌ടോബർ 14, ബുധനാഴ്‌ച

പറയപെടാത്തത്


നാം തമ്മിൽ പറയപ്പെടാത്ത
ഏതു വാക്കിൻ്റെ
അകലത്തിലാണ് നീയിപ്പോൾ
അന്യോന്യം അറിയപ്പെടാത്ത
ഏതു വേദനയുടെ അറ്റത്ത്

മൗനത്തിൻ്റെ വാത്മീകത്തിൽ
അസ്വസ്ഥതയുടെ ചിതലരിക്കുന്നു
സമാധി തേടുന്ന ഉൾവിചാരങ്ങൾ
ഊഷരതയിൽ ഉറവ തേടുന്നു

ഇല്ല നമ്മളിൽ വർഷം
കത്തുന്നു ഗ്രീഷ്മം
അഹം അടക്കിവെയ്ക്കുന്നു
ശിശിരം

നിരാശയുടെ ഇടിത്തീ വീണ്
പൊളളിക്കരിഞ്ഞ ഹൃദയം
കണ്ണീരാണിന്ന് ദാഹജലം
പറയപ്പെടാതെ പോകുന്ന പ്രണയം
ജീവിതം പോലെ അപൂർണ്ണം

2020 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

അടരുമെന്നറിഞ്ഞിട്ടും


കാലം കല്പാന്തം
പ്രളയജലത്തിൽ പ്രാണൻ്റെ പിടച്ചിൽ.
ജീവിതം
പൂജ്യങ്ങൾ ഇട്ടിട്ടുനിറച്ച കടലാസ്,
വഴുതിയകലുന്ന ഓർമ്മത്തെറ്റ്,
ചിറകറ്റ ശലഭം

തണുപ്പിൻ്റെ വിരലുകൾക്ക്
ബോധത്തിൻ്റെ ജാലകങ്ങളെ തുറക്കുവാൻ
കഴിയില്ല
ഭ്രാന്തനിമിഷങ്ങൾ നിറച്ചു തന്നത്
മിഴികളിൽ ഗ്രീഷ്മം
ഇല്ല,യിനി കിനാക്കളും, കാവുകളും

ഇല്ല, ഉല്ലാസത്തിൻ്റെ ചില്ലകൾ
ഇരു ഹൃദയങ്ങൾ ചമയ്ക്കുന്ന രൂപകങ്ങൾ
കൊടുങ്കാറ്റിൻ്റെ ശിഖരതലത്തിൽ
ശിശിരം തേടുന്നവൻ ഞാൻ

നിലാവില്ല, നക്ഷത്രമില്ല
കഴുകുകൾ എൻ്റെ കാവൽക്കാർ
കാർക്കോടകൻ കൊത്തിപ്പോയതെങ്കിലും,
അടരുമെന്നറിഞ്ഞിട്ടും
പടരാതിരിക്കുന്നതെങ്ങിനെ?!

2020 ഒക്‌ടോബർ 11, ഞായറാഴ്‌ച

ഹാഥ് രസ്

 

ഹാഥ് രസ്

വിശാലമായ രാജ്യത്തെ
കുഞ്ഞു ജില്ലയല്ല
നമ്മുടെ പെൺമക്കളാണ്

ബലാൽസംഘികൾ
സ്നേഹത്തേക്കുറിച്ചും
സാന്ത്വനത്തെക്കുറിച്ചും
പ്രഭാഷണം നടത്തുന്നിടത്തോളം
മുതലക്കണ്ണീരൊഴുക്കുന്നിടത്തോളം
അത് സംഭവിച്ചുകൊണ്ടിരിക്കും

മുറിഞ്ഞ നാവ് തെറിച്ചു വീണ്
പിടഞ്ഞു മരിക്കും
സ്വപ്നങ്ങളെ ചിതയിലേക്കെടുക്കും
ആരുമറിയാതിരിക്കാൻ
അരനിമിഷം കൊണ്ട് തീർക്കാൻ
പെട്രോളൊഴിച്ച് കത്തിക്കും

പുത്തൻ കുപ്പായങ്ങളെക്കുറിച്ച്
മുടിവെട്ടിയതിൻ്റെ സൗന്ദര്യത്തെക്കുറിച്ച്
പെൺമക്കളെ എങ്ങനെ സംസ്ക്കാരത്തോ-
ടെ വളർത്താം !എന്നതിനെക്കുറിച്ച്
അവർ കൊച്ചുവർത്തമാനം പറഞ്ഞു ചിരിക്കും

അപ്പോഴും;
അത് സംഭവിച്ചുകൊണ്ടേയിരിക്കും
വാഴയിലക്കീറുപോലെ
പെൺമക്കൾ പിച്ചിച്ചീന്തപ്പെടും
പാടങ്ങളിൽ ബജ്റയുടെ വിത്തുകൾ
രക്തത്താൽ മുളയിടും

അപ്പോഴും,
അത് സംഭവിച്ചുകൊണ്ടേയിരിക്കും
.............
ഹാഥ് രസ് - ഉത്തർപ്രദേശിലെ ഒരു ജില്ല

ജീവിതമേ സഖി


നിന്നനുരാഗാനുഭൂതിയിലെൻ മനം
സംഗീതസാന്ദ്രമാകുന്നു
സുന്ദരി, കാമുകി നിൻകൺമുനത്തെ -
ല്ലിനാലെന്നിലാകെ
പുളകങ്ങൾ പൂത്തു പ്രഭവിടർന്നു.

അക്കൈകളാലെന്നെ കെട്ടിപ്പുണരവേ
കോരിത്തരിച്ചു ഞാൻ നിൽപ്പൂ
എത്ര മനോഹരം നിൻ്റെയാകാൽത്തണ്ട
ചാർത്തുന്നു ഞാൻ സ്നേഹചിലങ്ക

എന്തൊരാനന്ദം കരിമിഴിക്കണ്ണാളെ
അല്ലിലും സ്നേഹം വിടർത്താം
തെല്ലു സന്ദേഹവും വേണ്ടെൻ്റെ മലകളെ,
ആദിത്യചന്ദ്രരേ, വൃക്ഷലതകളേ, നക്ഷത്ര -
വൃന്ദമേ
കവർപ്പുകളെത്രയാണെങ്കിലും സഹിച്ചിടാം
ജന്മമിതൊന്നെന്നറികേ
ജീവിതമേ സഖി; സുന്ദരി, കാമുകി
വിടരുക നീയെന്നിൽ വാടാത്ത സുമ,മായി
സ്നേഹമായ്, സാന്ത്വനമായ്

2020 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

മൂഷിക സത്രീ


ഒരു ചെടിയിൽ ഇരുനിറപ്പൂക്കളോ
ഒരമ്മയ്ക്കിരുമുഖക്കാഴ്ച്ചയോ
ഇല്ലെനിക്കു ബാല്യ, കൗമാരങ്ങൾ
സാന്ത്വന സ്നേഹങ്ങൾ അമ്മതൻ -
താരാട്ട്
അനുഗ്രഹിച്ചില്ലമ്മ അക്ഷതം കൊണ്ട്
ആശ്വസിപ്പിച്ചില്ല ഒരു ചെറു വാക്കിനാൽ
ആക്രോശിക്കുന്നമ്മ, നിറുകയിൽ -
കൈചേർത്ത്
നശിച്ചുപോകുവാൻ നാമം ജപിക്കുന്നു
അഹല്യയാകുവാനാശിച്ചു ഞാനന്ന്
സീതയായ് ധരപിളർന്നു താഴാനും
പാഴ്ച്ചെടിയെന്നു പറിച്ചെറിഞ്ഞിട്ടും
'ചൊറിയണം' യെന്നുപേർ ചേർത്തു -
വിളിച്ചിട്ടും
ആരും തിരിഞ്ഞു നോക്കാതേയിരുന്നിട്ടും
തളിരിട്ടുതാനെയാ പെൺകൊടിമണ്ണിതിൽ
കൂടപ്പിറപ്പുകൾ കോർത്തെടുത്തീടുന്നു
അച്ഛനോ നിസ്സംഗമേലാപ്പണിയുന്നു
നൊന്തു പെറ്റുള്ളൊരമ്മയിതെങ്ങിനെ
സ്വന്തം ചോരയേ കൊല്ലാക്കൊല ചെയ്യുന്നു
മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി
അമ്മയെന്നപരനാമത്തിലറിയുന്നുണ്ടിന്നും

വ്യാധി

 

പകൽ പനിച്ചു തുള്ളുന്നു
മഹാ മൗനത്തിൻ്റെ നട്ടുച്ച
പൊട്ടിച്ചിതറുന്നു
വെളിച്ചം കുടിച്ച കണ്ണുകൾ
വേച്ചുവേച്ചു നടക്കുന്നു

അനന്തകാലങ്ങൾ
ഉള്ളിൽ അള്ളിപ്പിടിച്ചു -
തുള്ളുന്നു

കോളറയുടെ കർക്കിടകപ്പെയ്ത്ത്,
വസൂരിയുടെ വെന്ത ഗന്ധം,
ഞരക്കങ്ങൾ, ഞെരിഞ്ഞമരുന്ന
പച്ചവിറകിൻഏങ്ങലടികൾ
ദുരിതങ്ങൾ പെയ്യുന്ന കുരുതി തെയ്യ-
ങ്ങളുടെ അലറിവിളികൾ

കുലച്ച തെങ്ങുപോൽ പൂത്തുലഞ്ഞു്
നിൽക്കുന്നുമിന്നുമോർമ്മകൾ
വ്യഥിതഹൃദയത്തിനിന്നുമില്ലസ്വാസ്ഥ്യം
കുരിപ്പ് കുരുക്കുന്നു ചുറ്റും കൊറോ-
ണയായ്
കാർന്നുതിന്നുന്നുജീവൻ