malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ജീവൻ്റെ നാൾവഴികൾ

 

പൂമൊട്ടു പോലൊരു പൈതലായ് ബ്ഭൂമി-
യിലാദ്യമായൊന്നെത്തി നോക്കുന്നേരം നേർത്തൊരാർത്തസ്വരത്താലെ നാമാദ്യ-
ജീവിതപാഠം പഠിച്ചിടുന്നു

പിന്നെ പതുക്കനെ പൂവിതളെന്നപോൽ
മന്ദം മിഴികൾ തുറന്നു നോക്കേ
കാണുന്നതെല്ലാമേകാലത്തിൻ സാക്ഷിയായ്
മൂകമായ് നോക്കിക്കിടന്നിടുന്നു

ഒട്ടുനാളിങ്ങനെ പോയവാറേ മട്ടുമാറിപ്പുതു -
കളികളായി
പാരിതിൽ പിച്ചകപ്പൂവുപോലെ പിച്ചവെച്ചോടി
ക്കളിച്ചിടുന്നു
അങ്കണത്തട്ടിലിറങ്ങിമെല്ലേ അങ്കത്തിനു -
കോപ്പുകൂട്ടിടുന്നു
അല്ലിതെന്തെന്നുമറിഞ്ഞിടാതെ വല്ലികളായി -
ച്ചമഞ്ഞിടുന്നു

കാലം പതുക്കെക്കഴിഞ്ഞുപോകെ കാര്യമൊ-
ട്ടൊക്കെയറിഞ്ഞിടുന്നു
ജീവിത പാരാവാരത്തിലേക്ക് ജീവൻ്റെ വഞ്ചി -
യിറക്കിടുന്നു
ആശിപ്പതൊക്കെയും കൈക്കലാക്കാൻ -
വാശിപ്പുറത്തേറിപ്പോയിടുന്നു
ദോഷമിതെന്തെന്നതോർത്തിടാതെ തോഷി-
ക്കുവാൻവക തേടിടുന്നു

കാലക്കലണ്ടർ മറിഞ്ഞിടവേ ജീവിതത്തിൻ -
ഗതി മാറിടുന്നു
കാതങ്ങൾ താണ്ടിയ കാലുകളോ കുഴമ്പിൽ -
ക്കുളിച്ചു കിടന്നിടുന്നു
കുഞ്ഞിനെപ്പോലെ ഞെളിപിരിയായ് ഞെട്ടി-
വിറച്ചു കരഞ്ഞിടുന്നു
ആദിയുമന്തവുമൊന്നെന്നപോൽ നിത്യഗർഭ -
ത്തിൽ പോയ് ചേർന്നിടുന്നു


2020 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഹൃദയപക്ഷം



അറപ്പാലന്നു നമ്മൾ ചളിയെ തൊട്ടതില്ല
ഉറപ്പില്ലിന്നൊട്ടുമേഅരി കിട്ടീടുമെന്ന്
എരിപൊരി കൊള്ളും കാലം കേന്ദ്രം -
കണ്ണുരുട്ടുന്നു
പിന്നെ, കണ്ടില്ലെന്നപോൽ തിരിഞ്ഞു് -
നടക്കുന്നു

ചളിയിൽ ജലജമീകൃഷകരെന്നു ചൊല്ലി
കേരള സർക്കാരുടൻമാറോടു ചേർത്തീടുന്നു
അച്ഛനപ്പൂപ്പൻമാരന്നു പട്ടിണി കിടന്നിട്ടും
വളർത്തി പഠിപ്പിച്ചു അന്നം വിളയിക്കുവാൻ.
അന്നമില്ലെങ്കിലെന്ത് പദവി, പത്രാസ്, പണം!
അന്നമുണ്ടെങ്കിലേ ജീവൻ തന്നെയും -
നിലനിൽക്കൂ

ഇടതുപക്ഷമെൻ്റെഹൃദയപക്ഷമല്ലോ
കർഷകരെല്ലാമിന്ന് നെഞ്ചിൽ തൊട്ടു ചൊല്ലുന്നു
ഇന്ത്യയിലെങ്ങും കർഷകാത്മഹത്യ പെരുകുമ്പോൾ
ഇല്ലില്ലകേരളത്തിൽ കർഷക ആത്മഹത്യ

വിത്തായും, വളമായും, ആനുകൂല്യങ്ങളേറെ
പ്രോത്സാഹനമായി പണവുമേകീടുന്നു
വിളവുകളേറ്റെടുത്ത് വിലകൾ നൽകീടുന്നു
കടത്തിൻവലകളേ മുറിച്ചു കടക്കുന്നു

കർഷകരല്ലോ നാടിൻ നട്ടെല്ലെന്നോർക്കുന്നത്
കഷ്ടതയറിയുന്ന ഭരണം വന്നാൽ മാത്രം
ഇഷ്ടമീ,യിടതിൻ്റെ ഭരണം മറക്കൊല്ല
നഷ്ടപ്പെടുത്തീടാതെ കൃഷ്ണമണിപ്പോലെ നാം
പരിപാലിച്ചീടുക......

2020 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

കാലികം


 സത്യത്തിൻ്റെ നാവറുത്ത്
കണ്ണിൽ കറുത്ത തുണിയും
കെട്ടി
കൈയ്യിലൊരു തുലാസും
കൊടുത്ത്
ചില്ലിട്ട് ചുമരിലിരുത്തി
നുണ രാജ്യഭരണം തുടങ്ങി

2020 ഒക്‌ടോബർ 14, ബുധനാഴ്‌ച

പറയപെടാത്തത്


നാം തമ്മിൽ പറയപ്പെടാത്ത
ഏതു വാക്കിൻ്റെ
അകലത്തിലാണ് നീയിപ്പോൾ
അന്യോന്യം അറിയപ്പെടാത്ത
ഏതു വേദനയുടെ അറ്റത്ത്

മൗനത്തിൻ്റെ വാത്മീകത്തിൽ
അസ്വസ്ഥതയുടെ ചിതലരിക്കുന്നു
സമാധി തേടുന്ന ഉൾവിചാരങ്ങൾ
ഊഷരതയിൽ ഉറവ തേടുന്നു

ഇല്ല നമ്മളിൽ വർഷം
കത്തുന്നു ഗ്രീഷ്മം
അഹം അടക്കിവെയ്ക്കുന്നു
ശിശിരം

നിരാശയുടെ ഇടിത്തീ വീണ്
പൊളളിക്കരിഞ്ഞ ഹൃദയം
കണ്ണീരാണിന്ന് ദാഹജലം
പറയപ്പെടാതെ പോകുന്ന പ്രണയം
ജീവിതം പോലെ അപൂർണ്ണം

2020 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

അടരുമെന്നറിഞ്ഞിട്ടും


കാലം കല്പാന്തം
പ്രളയജലത്തിൽ പ്രാണൻ്റെ പിടച്ചിൽ.
ജീവിതം
പൂജ്യങ്ങൾ ഇട്ടിട്ടുനിറച്ച കടലാസ്,
വഴുതിയകലുന്ന ഓർമ്മത്തെറ്റ്,
ചിറകറ്റ ശലഭം

തണുപ്പിൻ്റെ വിരലുകൾക്ക്
ബോധത്തിൻ്റെ ജാലകങ്ങളെ തുറക്കുവാൻ
കഴിയില്ല
ഭ്രാന്തനിമിഷങ്ങൾ നിറച്ചു തന്നത്
മിഴികളിൽ ഗ്രീഷ്മം
ഇല്ല,യിനി കിനാക്കളും, കാവുകളും

ഇല്ല, ഉല്ലാസത്തിൻ്റെ ചില്ലകൾ
ഇരു ഹൃദയങ്ങൾ ചമയ്ക്കുന്ന രൂപകങ്ങൾ
കൊടുങ്കാറ്റിൻ്റെ ശിഖരതലത്തിൽ
ശിശിരം തേടുന്നവൻ ഞാൻ

നിലാവില്ല, നക്ഷത്രമില്ല
കഴുകുകൾ എൻ്റെ കാവൽക്കാർ
കാർക്കോടകൻ കൊത്തിപ്പോയതെങ്കിലും,
അടരുമെന്നറിഞ്ഞിട്ടും
പടരാതിരിക്കുന്നതെങ്ങിനെ?!

2020 ഒക്‌ടോബർ 11, ഞായറാഴ്‌ച

ഹാഥ് രസ്

 

ഹാഥ് രസ്

വിശാലമായ രാജ്യത്തെ
കുഞ്ഞു ജില്ലയല്ല
നമ്മുടെ പെൺമക്കളാണ്

ബലാൽസംഘികൾ
സ്നേഹത്തേക്കുറിച്ചും
സാന്ത്വനത്തെക്കുറിച്ചും
പ്രഭാഷണം നടത്തുന്നിടത്തോളം
മുതലക്കണ്ണീരൊഴുക്കുന്നിടത്തോളം
അത് സംഭവിച്ചുകൊണ്ടിരിക്കും

മുറിഞ്ഞ നാവ് തെറിച്ചു വീണ്
പിടഞ്ഞു മരിക്കും
സ്വപ്നങ്ങളെ ചിതയിലേക്കെടുക്കും
ആരുമറിയാതിരിക്കാൻ
അരനിമിഷം കൊണ്ട് തീർക്കാൻ
പെട്രോളൊഴിച്ച് കത്തിക്കും

പുത്തൻ കുപ്പായങ്ങളെക്കുറിച്ച്
മുടിവെട്ടിയതിൻ്റെ സൗന്ദര്യത്തെക്കുറിച്ച്
പെൺമക്കളെ എങ്ങനെ സംസ്ക്കാരത്തോ-
ടെ വളർത്താം !എന്നതിനെക്കുറിച്ച്
അവർ കൊച്ചുവർത്തമാനം പറഞ്ഞു ചിരിക്കും

അപ്പോഴും;
അത് സംഭവിച്ചുകൊണ്ടേയിരിക്കും
വാഴയിലക്കീറുപോലെ
പെൺമക്കൾ പിച്ചിച്ചീന്തപ്പെടും
പാടങ്ങളിൽ ബജ്റയുടെ വിത്തുകൾ
രക്തത്താൽ മുളയിടും

അപ്പോഴും,
അത് സംഭവിച്ചുകൊണ്ടേയിരിക്കും
.............
ഹാഥ് രസ് - ഉത്തർപ്രദേശിലെ ഒരു ജില്ല

ജീവിതമേ സഖി


നിന്നനുരാഗാനുഭൂതിയിലെൻ മനം
സംഗീതസാന്ദ്രമാകുന്നു
സുന്ദരി, കാമുകി നിൻകൺമുനത്തെ -
ല്ലിനാലെന്നിലാകെ
പുളകങ്ങൾ പൂത്തു പ്രഭവിടർന്നു.

അക്കൈകളാലെന്നെ കെട്ടിപ്പുണരവേ
കോരിത്തരിച്ചു ഞാൻ നിൽപ്പൂ
എത്ര മനോഹരം നിൻ്റെയാകാൽത്തണ്ട
ചാർത്തുന്നു ഞാൻ സ്നേഹചിലങ്ക

എന്തൊരാനന്ദം കരിമിഴിക്കണ്ണാളെ
അല്ലിലും സ്നേഹം വിടർത്താം
തെല്ലു സന്ദേഹവും വേണ്ടെൻ്റെ മലകളെ,
ആദിത്യചന്ദ്രരേ, വൃക്ഷലതകളേ, നക്ഷത്ര -
വൃന്ദമേ
കവർപ്പുകളെത്രയാണെങ്കിലും സഹിച്ചിടാം
ജന്മമിതൊന്നെന്നറികേ
ജീവിതമേ സഖി; സുന്ദരി, കാമുകി
വിടരുക നീയെന്നിൽ വാടാത്ത സുമ,മായി
സ്നേഹമായ്, സാന്ത്വനമായ്