malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 ഡിസംബർ 4, വെള്ളിയാഴ്‌ച

എഴുതാത്ത കവിത

 



എഴുതാത്ത കവിതയായീവഴിത്താരയിലൊ
റ്റയ്ക്കു ഞാനിന്നു നിൽപ്പൂ
ബാല്യമെൻ കൈവിരൽത്തുമ്പിലൂഞ്ഞാലാടി
പിച്ചവെച്ചീടാൻ ക്ഷണിപ്പൂ

പൊട്ടിത്തരിച്ചു വിരിഞ്ഞു നിൽക്കുന്നൊരു
പൂവിനെ ഞാൻ നോക്കി നിൽക്കേ
നാണം തുളുമ്പുന്ന കൗമാരമെൻകരം ചുറ്റി -
പ്പിടിച്ചൂ വലിപ്പൂ

വാസന്ത പ്രണയമെൻ മനതാരിൽ മായിക
ചിത്രം വരയ്ക്കുന്ന നേരം
വാകമരച്ചോട്ടിൽ ചുവന്ന പട്ടാംബരം ആരോ
വിരിച്ചിട്ടപോലെ

സാന്ധ്യപ്രകാശങ്ങൾ ചില്ലയിൽ ചുംബന
മുദ്രകൾ ചാർത്തുന്ന നേരം
കുളിരന്തിമലരായി, ഒരു യുവ സന്ധ്യയായ്
കുതിക്കുന്നു യെന്നിലേ ഞാനും

പിന്നെയീസന്ധ്യമറയുന്ന നേരത്ത്
വെണ്ണിലാച്ചിരിയെന്നിൽ നിന്നൂർന്നു പോകുന്നു
ഏകാനായീവഴിത്താരയിൽ നിൽക്കവേ
കൂട്ടിന്നു വന്നു നിൽക്കുന്നു വിഷാദം

ഭയം


രസമാപിനിയിലെന്ന പോലെ
ഭയത്തിൻ്റെ കയറ്റിറക്കങ്ങൾ.
മനസ്സിലൊരു മുയൽക്കുഞ്ഞ്
അണച്ചു കൊണ്ടു നിൽക്കുന്നു

അടിമുടി പൊട്ടുന്നുവിയർപ്പിൻ്റെ
വേരുകൾ
വാചകത്തെ ഏതോ വഴിയിൽ
വെച്ച്
കുരുക്കിട്ടു പിടിക്കുന്നു
വാക്കിൻ്റെ സ്തൂപികാഗ്രത്തിൽ -
തട്ടിയ ഒരു വായുവിന്
ഭാഷാന്തരം സംഭവിച്ച് തിരിച്ചറി-
യാതെ പോയി

ആത്മഹത്യ ചെയ്തചില വാക്കുകളെ
വലിച്ചെറിഞ്ഞിരിക്കുന്നു
അനാഥ ശവങ്ങളെപ്പോലെ
മരണത്തിൻ്റെ ചിത്രം മാത്രം വരയ്ക്കു-
ന്നു മനസ്സ്

ഭയത്തിൻ്റെ മദപ്പാട് വന്ന്
വാക്കുകളെ ഏതോ പ്രാചീന കാലത്തേക്ക്
വഴി തെറ്റിച്ചു വിടുന്നു
എവിടെയായിരിക്കും വാ തുറന്ന വ്യാഘ്രം
നടക്കല്ലിറങ്ങിയ ഒരു വാക്കിനെ
എങ്ങും കാണാനില്ല !


2020 ഡിസംബർ 2, ബുധനാഴ്‌ച

നിന്നിൽ നിന്നും ഞാൻ


സഖി നിൻ പ്രണയത്തിന്നപൂർവ്വ-
സുഗന്ധത്തിൽ
മയങ്ങി നിൽപ്പേനെന്നനുരാഗം
ഇന്നീ നിമിഷം വരെ ഞാനൊരു -
തിരസ്കൃത തീരം
നീയെന്നിലണയവേ സാന്ദ്രഹരീ -
തിമ താഴ് വാരം

നവനീത മനോഹരി നീ പ്രകൃതി
അമ്മയും, മകളും, പ്രണയിനിയും നീ
നിൻ പൂങ്കവിൾ തുടുപ്പിൽ വിടരും -
പ്രഭാതം
ചെഞ്ചൊടിത്തുമ്പിൽ നിന്നുതിരും -
മധുര ഗാനം

പ്രിയേ, നീയെൻ പവിത്രരാഗ സരിത്ത്
എന്നെയോമനിക്കും പ്രാണത്തുരുത്ത്
അത്താമരമലർമടിയിൽ മയങ്ങുന്നു - ഞാനാ,മരയന്നം
പുതുകാലത്തിൻ മാദകമന്ദസ്മേരം

അരുണിമയാർന്നൊരു പനിനീർപ്പൂവേ
ഉൾത്തൃഷയാർന്നൊരു കടലേ
ആ ഹൃൽ സ്പന്ദനമെന്നിൽ പുതിയൊരു
ജീവനനീഡം തീർക്കേണം

2020 ഡിസംബർ 1, ചൊവ്വാഴ്ച

കുരിശുപാത


നാക്കിലയായ്
അറുത്തെടുക്കുന്നു നാവ്
അവസാനത്തെ
വാക്കിൻ്റെപക്ഷിയും കൂടൊ-
ഴിഞ്ഞു പോയി

ഉടൽ ഉഴുതുമറിച്ചിട്ട പാടം
എഴുതാപ്പുറം വായിക്കുന്നു
അധികാരം
ഇരയുടെ എരിവു നുണഞ്ഞ്
വേട്ടക്കാരൻ

ഇടുപ്പിലെ എരിതീയിൽ
പ്പൊരിയുന്നു ഇര
ആജ്ഞയുടെ നാവുകൾ
അജ്ഞത നടിക്കുന്നു

കറുത്തവാവുകൾ
കിളുന്തുമാംസം ചുട്ടുതിന്നുന്നു
പൊള്ളുന്ന മനസ്സുകളെ
നിങ്ങൾക്ക് കുരിശിൻ്റെ പാത

പോക്കറ്റ്


ഹൃദയത്തിൽ
ഇടയ്ക്കിടേയൊന്നു
തൊട്ടു നോക്കാനായിരിക്കണം
ഷർട്ടിൻ്റെ പോക്കറ്റ്
ഇടതു വശത്തുതന്നെ എപ്പോഴും
തുന്നിവെയ്ക്കുന്നത്

പിറന്നാളോർമ്മ


അടുപ്പിൽ ചേരയാണ് വാസം
കവിതയുടെ നൃപന്
അറുതിയില്ലാത്ത വറുതി
വരുതിന്ന് വിറച്ചതാണ്
പിറന്നാളിൻ്റെയോർമ്മ

ഉത്സവപ്പറമ്പ്
എൻ്റെ കണ്ണീർക്കളം
നിറമുള്ള പീപ്പികൾ, ബലൂണുകൾ
കിട്ടാക്കനി

ഭൂതകാലത്തിൻ്റെ വിത്തിന്
വർത്തമാനമില്ലാതെ, മൂകം
ഭാവി തമം

കണികണ്ടെഴുന്നേറ്റത്
പൊട്ടാൻ വെമ്പുന്ന മാലപ്പടക്കത്തി-
ലേക്ക്
പൊട്ടിത്തെറിച്ചത് മോന്താഴത്തിലേക്ക്
അച്ഛനുള്ളതിനാൽ
വീട് വെണ്ണീറായില്ല

വെണ്ണീറായത് അച്ഛൻ
കത്തിയമർന്നത് എൻ്റെ സ്വപ്നങ്ങൾ

മഴ പ്രണയം


ഇഷ്ടങ്ങളുടെ കനത്തമാറിലേക്ക്
അവളെന്നെ ചേർത്തു നിർത്തുന്നു
നിറമുള്ള നൂലുകളാൽ പരസ്പരം
തുന്നിച്ചേർക്കുന്നു
മിഴിയിലെ മീൻപിടച്ചൽ
ചുണ്ടിലൊരിക്കിളിയായിഴയുന്നു

പ്രണയമായ് പെയ്തിറങ്ങുന്നു
നാണമായ് ചാറിനിൽക്കുന്നു
സങ്കടക്കടലാകുന്നു
ഒഴിയാത്തിരയായെന്നില,ലയടിക്കുന്നു

ചില നേരങ്ങളിൽ ചുണ്ടോടു ചുണ്ടു
ചേർത്ത്
നനഞ്ഞിറങ്ങാറുണ്ട്
വിരലാലൊന്നുതൊട്ട് ഓടിപ്പോകാറുണ്ട്
പൊടുന്നനെവന്ന് കുളിരിൻ്റെ മധുരംതന്ന്
ആരും കാണാതെ നൊട്ടി നുണയും

നീരക്ഷരത്താൽ നീയെത്രയെഴുതിയെന്നിൽ
പ്രണയമെന്ന്
കുട്ടികളെപ്പോലെയാണു നീ
പെട്ടെന്ന് ചിരിക്കും
പെട്ടെന്ന് കരയും
എല്ലാം മറന്ന് വാരിപ്പുണരും.

എങ്കിലും;
നീ പറഞ്ഞു തന്ന കഥയെൻ്റെയുള്ളിലുണ്ട്
എന്നായിരിക്കും നീ ഉറഞ്ഞാടുന്നത്
കോപത്തിൻ്റെ കെട്ടഴിക്കുന്നത്
പെരുമഴയായ് പെയ്തിറങ്ങി
എന്നെ നിന്നിലേക്കൊളിപ്പിക്കുന്നത്
കരിമ്പന യക്ഷിയായി
പിൻകഴുത്തിൽ പല്ലാഴ്ത്തുന്നത്