malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 ജനുവരി 14, വ്യാഴാഴ്‌ച

ധ്യാനം


ധ്യാനത്തിലിരുന്ന് ധന്യനായെന്നു -
പറഞ്ഞതുകൊണ്ട് കാര്യമെന്ത്!
ഒരെറുമ്പിനെപ്പോലും നീ വെറുതെ
വിടുന്നില്ലല്ലോ!
കാരുണ്യത്തിൻ്റെ കണ്ണുകൾ നീട്ടുന്നി-
ല്ലല്ലോ!

കൽത്തരിയെപ്പോലും കൽക്കണ്ട -
മാക്കുന്നു
യഥാർത്ഥ ധ്യാനം
സ്നേഹത്തിൻ്റെ കാശ്മീരമുതിരുന്നു -
കണ്ണിൽ നിന്നും
ദയയെന്നധനം ലോഭമില്ലാതെനൽകുന്നു

ജീവിതം കൊണ്ട് ജീവിതമെന്തെന്ന്
അവൻ പഠിപ്പിക്കുന്നു
നശ്വരമായ ലോകത്തിലെ അനശ്വരമായ
സ്നേഹം കാണിച്ചുതരുന്നു
സമ്പത്തെന്നത് പണ സമ്പാദനമല്ലെന്നും
ബന്ധങ്ങളാണെന്നും അനുഭവിപ്പിക്കുന്നു

ഓടിപ്പോകേണ്ടിവന്നാലും അവിടമൊക്കെ
ഉടയോരുണ്ടാകും
ഉടയാത്തൊരു വെളിച്ചം ഉള്ളിലുണ്ടാകും
നന്മയുടെ നറുമലരെന്ന് അവന് പേര്
ഗുഹയുടെ വായയിലേക്ക് ഗഹനചിത്ത-
നാകാതെ അവൻ നടന്നു കയറും

2021 ജനുവരി 11, തിങ്കളാഴ്‌ച

ഓർമ്മ


മുറ്റത്തെ മുത്തശ്ശിമാവു മുറിച്ചു
എൻ്റെ മുത്തശ്ശിയുമെങ്ങൊപോയി
മുത്തശ്ശി,കഥയെത്ര ചൊല്ലി
ഗുണപാഠകഥകളും ചൊല്ലി
ഉണ്ണിക്കവിതകളുരുളയാക്കിത്തന്ന് -
ഉൺമകളേകി മുത്തശ്ശി.
ഉറങ്ങാതൊരുണ്ണിക്ക് ഉമ്മ
മുത്തശ്ശിക്കഥയുടെ വെൺമ
അമ്മ മൂളുന്നൊരു താരാട്ടുപാട്ടല്ല
മുത്തശ്ശി പാടും താരാട്ട് .
ഉറുമ്പിൻ ഗുണപാഠകഥയില്ലയിന്ന്
അമ്മുമുയലിൻ്റെ കഥയുമില്ല
ആമയും, മുയലിൻ കഥയെങ്ങുമില്ല
സൂചി തിരയും കഥയുമല്ല.
മുത്തശ്ശിക്കഥകേട്ടു വളർന്നുള്ള കുട്ടികൾ
സ്വപ്നങ്ങൾ കാണാൻ പഠിച്ചിരുന്നു
കാര്യം ഗ്രഹിക്കാൻ കൊതിച്ചിരുന്നു
പടവെട്ടും മങ്കതൻ കഥയറിയില്ലിന്ന്
പടതോറ്റ നായർതൻ കഥയുമറിയില്ല
മുത്തശ്ശിക്കഥയുടെ മൂല്യങ്ങളെല്ലാമേ
മറന്നു പോകുന്നൊരു കാലമിത്

അച്ഛനെ ഓർക്കുമ്പോൾ


തുള്ളിത്തുളുമ്പുന്നു അച്ഛൻ
ഉള്ളിൽനിന്നുള്ളുണർത്തുന്നു
പൂണ്ടടക്കം പുണരുന്നു , തഴുകി -
തലോടിടുന്നു

ആ കരസ്പർശത്തിൻ ചോരച്ചൂടിന്നും
ഓളമായ് കുഞ്ഞല തീർത്തിടുന്നു
അലിയുന്നു രാവിൻ്റെ തിമിര വർണ്ണം
കനവിൻ്റെ യവനിക താഴ്ത്തുന്നു

പുലർകാല വൃശ്ചിക കുളിരില്ലയിന്നെന്നിൽ
തപിക്കുന്നു താതൻ്റെയോർമ്മ മാത്രം
ശകലം നനഞ്ഞൊരു ഒച്ചയെന്നുള്ളിൽ -
നിന്നെന്നെ തൊട്ടുണർത്തുന്നു

കൈമോശം വന്നൊരു നന്മയാണെനിക്കച്ഛൻ
പൊലിഞ്ഞു പോയുള്ളൊരു തിരിനാളം
എത്ര ഞാൻ കൂട്ടിക്കിഴിച്ചുവെന്നാകിലും
നഷ്ടങ്ങൾ മാത്രമാം ജീവിതം

2021 ജനുവരി 7, വ്യാഴാഴ്‌ച

മരിച്ച അമ്മ കുഞ്ഞിനെ ഓർക്കുമ്പോൾ ....!


വിരിച്ചു വെച്ചെരു ശവക്കുഴിയിൽ
മരിച്ച പെണ്ണവളുണരുന്നു !
സ്നിഗ്ദം ചൊടിയിൽ ചോരി വായിൽ
മുഗ്ധം ദുഗ്ധം നൽകി നിർവൃതിയടയാ-
നെളുതാതുഴറുന്നു

മുലകടഞ്ഞവൾ കരയുന്നു ചുരന്ന മുല -
യിൽ നിന്നിറ്റും പാൽ
മണ്ണിൽ വീണു പരക്കുന്നു
ചേതന,യറ്റവളാണെന്നാലും
അവളമ്മ, കണ്ണീരുപ്പു കുടിച്ചെൻ കുഞ്ഞിനെ
ജരായുവിൽ പോറ്റിയൊരമ്മ
ആരിതു കേൾക്കാൻ അമ്മ വിലാപം
ശവമാടത്തിന്നരികെ .

കുഞ്ഞിക്കാലുകൾ, കൈയുകൾ, കണ്ണുകൾ
പൂപ്പോലുള്ളൊരു മേനി
അമ്മച്ചൂടു പകർന്നെൻ കുഞ്ഞിനെ
ഊട്ടിയുറക്കുവതാര് ?
കുഞ്ഞേ നിന്നുടെയാശയുണർത്താൻ
കഴിയാപ്പോയൊരു പാപി

എങ്ങനെയമ്മയെയോർമ്മിക്കും നീ
എങ്ങനെ കൊഞ്ചൽ കേൾക്കും ഞാൻ
ഒരു മാത്രയായോർമ്മ ,തൻമാത്രയായമ്മ
മണ്ണിൽ പുതഞ്ഞലിയുന്നു

2021 ജനുവരി 6, ബുധനാഴ്‌ച

ചരിഞ്ഞുകൊണ്ടിരിക്കുന്ന ഗോപുരം ....!



ഒട്ടും പിടികിട്ടാത്ത കാട്ടുവള്ളിപോലെ -
മനസ്സ്
വ്യാകരണത്തിനു വഴങ്ങാത്തത് ജീവിതം

പടുത്തുയർത്തിയവയൊക്കെ
ഉടഞ്ഞു കിടക്കുന്ന മണ്ണടരുകളെന്ന്
നിശ്ശൂന്യമെന്ന് തിരിച്ചറിയുന്ന ഒരു കാലം -
വരികതന്നെ ചെയ്യും !

കണ്ണീരിൻ്റെ ലവണ ജലത്തിൽ കടലിൽ
അന്നുമുങ്ങുക തന്നെ ചെയ്യും
ഒരു കരിയിലയനക്കമായ് ഞരക്കമായ്
മൗനം പൊടിഞ്ഞമരും !

അഹല്യാശിലപോലെ നീതികേടിൻ്റെ -
ചിഹ്നമായി അടിഞ്ഞുകിടക്കും
കാലത്തിൻ്റെ നുകത്തിനു കീഴെ
നിരങ്ങി നീങ്ങും ജീവിതം

നോക്കൂ ;
ചിന്തയുടെ നൂലിനെ ശരാശരിയൊന്നു
വലിച്ചു പിടിച്ചാൽ
ചരിഞ്ഞുകൊണ്ടിരിക്കുന്ന ഗോപുരമാണ് -
ജീവിതമെന്നു കാണാം

ഒരർത്ഥത്തിൽ
ചുറ്റും ചിതയാണ് ഭൂമിയിൽ

രണ്ടു കവിതകൾ



വിഷവൃക്ഷം

വേറെയില്ല
സംശയത്തെപ്പോലെ
ഇത്രയും വേഗം
തഴച്ചുവളരുന്ന
വൃക്ഷം

പെണ്ണ്

പൊരിയുമ്പോൾ
പൊട്ടിത്തെറിക്കുന്ന -
താകണം

2021 ജനുവരി 2, ശനിയാഴ്‌ച

ജീവിതത്തിൻ്റെ പേര്


ഉടൽ രീതികൾ മാറി
ഉടയാട രീതികളും മാറ്റേണ്ടി വന്നു
നിലാവിൻ്റെ നിറം മറന്നു
മനസ്സിൽ മഴ കൂടുകൂട്ടി

വെള്ളിമീൻ പോലെ വയസ്സ് കുതിച്ചു
വാക്കു മുറിഞ്ഞതിനിടയിൽ മൗനം -
കയറിയിരിപ്പായി
മൺ നിറസാരി ചുറ്റുമ്പോഴും
മനസ്സിലൊരു പച്ചത്തുമ്പിയിരുന്നു

രാവിലെ പണിക്കിറങ്ങിയാൽ
മഞ്ഞു നിറമുള്ള പൂക്കളെ പ്രസവിക്കു-
മ്പോഴാണ് തിരിച്ചെത്തുക
അവയിലൊന്നു തൊട്ടാൽ മതി
അടർന്നുവീഴു ,മിതളുകളവളെപ്പോലെ

രാവിലെ ജോലിക്കിറങ്ങുന്നു
വിശ്രമമില്ലാതെ ജോലി ചെയ്യുന്നു
വാടിതളർന്ന് വീട്ടിലേക്ക്
ഇരുട്ടുന്നു നേരം വെളുക്കുന്നു

ആരൊക്കെ ഉണ്ടായിരുന്നു കൂട്ടിന് -
യെല്ലാം കുറച്ചു കാലംമാത്രം
ഒറ്റയ്ക്ക് നടന്നു കയറേണ്ടുന്ന ചില -
യിടങ്ങളുണ്ട് ജീവിതത്തിൽ
അവസാനം,രാവുംപകലുമെന്നില്ലാതെ
കുഴമറിഞ്ഞു തീരുന്നതിൻ്റെ പേരാണ് -
ജീവിതം