malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 ഫെബ്രുവരി 14, ഞായറാഴ്‌ച

വാലന്റെന്‍സ് ഡേ


പ്രണയിനി
നിനക്കായിയേകുന്നു
ഞാനെൻ്റെ
ഇടനെഞ്ചിലെ തുടുത്ത
റോസാപ്പൂ

ഒറ്റതിരിയാതെ
ഒത്തൊരുമിച്ചിനി
പ്രണയം നമുക്കു പടുക്കാം

ഒരുമിച്ചു നുണഞ്ഞിടാം
നമുക്കീ മധുരവും, പുളിയും,
കവർപ്പുമിനിയെന്നും

ഒരായിര,മോർമ്മകൾ
പകുത്തു നൽകാമിനി
ഒറ്റമരമായി പൂക്കാം

സിരയിലൂടൊഴുകുമീ
സരയുവറ്റുവോളവും
ചുവന്ന വാകപ്പൂക്കളാകാം

2021 ഫെബ്രുവരി 12, വെള്ളിയാഴ്‌ച

എന്നുമെന്നിൽ


ഇല്ലാ വൃഥാവിലാകില്ലനിൻപട്ടട-
ച്ചൂടേറ്റിടം പോലും ധന്യമെന്നോർക്കുക.
ആഴിപോൽ നിന്നോർമ്മ ,യൂഴിയിലെന്നുമേ
തിരക്കൈകൾ നീട്ടി കരേറി വന്നീടുമേ

പുലരികൾ, സന്ധ്യകൾ ചോക്കുന്നതെന്നുമേ
ശോകാർദ്രമാംനിൻ്റെ ഓർമ്മയാലല്ലയോ
അപ്പൊഴും നിൻ്റെയാ കുസൃതി ചിരിയെൻ്റെ -
യുള്ളിൻ കുഹരത്തിൽ മെല്ലേ മുഴങ്ങുന്നു

കവിതകളക്ഷര പൂക്കളായെൻ മുന്നിൽ
വിരിയവേയുള്ളിൻ്റെയുള്ളിൻമുകുരത്തിൽ
നിൻമുഖമന്തിനക്ഷത്രമായ് പൂക്കുന്നു
എന്നിലാകെനറും കാന്തി ചൊരിയുന്നു

പുൽനാമ്പിൽ മഞ്ഞുകണംപോലെ നീയെന്നിൽ
പൂക്കളിൽ ശലഭച്ചിറകടിയായുള്ളിൽ
ഓമനക്കുഞ്ഞിൻ്റെമൂർദ്ധാവിലുമ്മവെച്ചീടുന്നൊ-
രമ്മതൻ സ്നേഹമാണിന്നു നീ
മയിൽപ്പീലി നിറമായി ,യുള്ളിൻ്റെയുള്ളിൽ
നീയെന്നുമെന്നിൽ വിളങ്ങും മഹാകവി
..................
(മഹാകവി ഒ.എൻ.വി.യെക്കുറിച്ചുള്ള ഓർമ്മ)

2021 ഫെബ്രുവരി 9, ചൊവ്വാഴ്ച

സമരഭൂവിലേക്ക് കണ്ണും നട്ട്



ഉപേക്ഷിക്കപ്പെട്ട പെണ്ണിനെപ്പോലെ
ഉഴവു ഭൂമി

കുഴഞ്ഞമണ്ണ് ജീവൻ്റെ തുടിപ്പോടെ
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു

പുതുപ്പെണ്ണിൻ്റെ ഉടലിൽ നിന്നെന്നോണം
മദഗന്ധമുയരുന്നു

ഉച്ചവെയിലിൽ വിയർത്തു കുളിച്ച്
പാതിരാവിൽ നനഞ്ഞു കുളിച്ച്
അവളവളെതന്നെ ഉഴുതുമറിക്കുന്നു

ചുട്ടുപൊളളുന്ന
തണുത്തു വിറക്കുന്ന
നടന്നു നടന്നു കുമിളകൾ ചുവന്നു -
വീങ്ങിയ

കാലുകൾ പലയിടത്തും പൊട്ടിയ
അസ്ഥികളിൽ വേദന തിങ്ങിയ

അരവയർ നിറയ്ക്കാൻ പോലും
അരിമണി നൽകാത്ത

അധികാര ഗർവ്വിനെതിരെ പടപൊരുതുന്ന
കർഷകനേയും കാത്ത്

കടൽത്തിരപോലെ മണ്ണ് അതിൻ്റെ തീക്ഷണ
ചൂരു പടർത്തി

തന്നത്തന്നെ ഉഴുതുമറിച്ചു കൊണ്ട്
കാത്തിരിക്കുന്നു

ബന്ധം


കെട്ടിപ്പൊക്കിയവയൊക്കെയും
സ്നേഹത്തിൻ്റെ സിരകളിലെ
സത്യത്തിൻ്റെ രക്തം ചാലിച്ചെന്നാണ്
കരുതിയിരുന്നത്

തകർന്നടിഞ്ഞപ്പോഴാണറിഞ്ഞത്
ചതുപ്പുനിലത്തെന്ന്

2021 ഫെബ്രുവരി 8, തിങ്കളാഴ്‌ച

ആഗ്രഹം


എന്നെങ്കിലും മനസ്സിൻ്റെ
ഒറ്റമരച്ചോട്ടിൽ
നിങ്ങൾ നിന്നിട്ടുണ്ടോ?!

പാതിരയുടെ പരവശമായ
ഉടലിനെ കണ്ടിട്ടുണ്ടോ?!

മഞ്ഞിൻ്റെ മേലാപ്പു പുതച്ച
ഒറ്റ നക്ഷത്രത്തിൻ്റെ
കണ്ണിറുക്കൽ

അവളുടെ കണ്ണുകളിലെ
പൂത്ത ആകാശം

ചുണ്ടുകളിൽ നിന്നും മയങ്ങി
വീഴുന്ന
കവിത മണക്കുന്ന
വാക്കുകളുടെ മർമ്മരം

അലസമായി കിടക്കുന്ന
ഇടവഴികളുടെ
എത്തിനോട്ടം

എന്നെങ്കിലും മനസ്സിൻ്റെ
ഒറ്റ മരച്ചോട്ടിൽ
നിങ്ങൾ നിന്നിട്ടുണ്ടോ  !

വെള്ളത്തിലേക്ക്
കണ്ണും നട്ടിരിക്കുന്ന
മീൻ കൊത്തിയാണ് ആഗ്രഹം

2021 ഫെബ്രുവരി 3, ബുധനാഴ്‌ച

മുന്തിരിപ്പാടം


അവളുടെ കണ്ണുകൾ
ചുണയുള്ള കുതിരയുടെ കണ്ണുകൾ -
പോലെ
വികാരപ്പെടുത്തുന്നു
മേലാസകലം മത്തുപിടിപ്പിക്കുന്നു !

പുളിപ്പിച്ചു മൂത്ത പഴച്ചാറുപോലെ
അവനവളെ
കോരിക്കുടിക്കുന്നു

ശരത്കാല രാവിൽപ്പോലും
അവളവനിൽ ഗ്രീഷ്മം വിതയ്ക്കുന്നു

നനവാർന്നചുണ്ടുകളാൽ
കുളിരാർന്ന മേനിയാൽ

മദോന്മത്തയായ്
അവളവനെ
ഹിമപക്ഷിയെപ്പോലെ
പുണരുന്നു
രമിക്കുന്നു

നോക്കൂ ;
രജത ശില്പം പോലെ
എത്ര മനോഹരമാണ്
മുന്തിരിക്കുലകൾ

2021 ഫെബ്രുവരി 2, ചൊവ്വാഴ്ച

പുഴ പറഞ്ഞത്.......!


പുഴ അവനോടു പറഞ്ഞു:
നീ വരുമെന്നെനിക്കറിയാം
ഞാൻ കാത്തിരിക്കുകയാരുന്നു

എൻ്റെ ഹൃദയത്തിൻ്റെ ഓളങ്ങളിലൂടെ
നീയൂന്നിയ വള്ളങ്ങൾ തത്തിക്കളിച്ച -
യൗവനം
കവിതയുടെ കാല്പനീകതയിലേക്ക്
പുഴയൊഴുകി

ഒരു തുള്ളിയായ് നിന്നോടൊപ്പമെന്നും
ഞാനുണ്ടായിരുന്നു
സുഖദുഃഖങ്ങളിൽ ഹൃദയമർമ്മരമായ്
ഒന്നിലും അലിഞ്ഞുചേരാതെ

അവൻ പുഴയെതൊട്ടു വാർദ്ധക്യത്തിൻ്റെ -
തണുപ്പരിച്ചു കയറി
അവൻ മൗനിയായി
ഓർമ്മകളുടെ ഓളങ്ങൾ നിലച്ചു

പുഴ എന്നേമരിച്ചിരിക്കുന്നു!
സന്ധ്യയുടെ ചുവപ്പിന് കരിഞ്ചോരയുടെ -
നിറം
ആകാശത്തുനിന്നും ഒരു തുള്ളി
അവൻ്റെ നെറുകയിലേക്കു പതിച്ചു
അവൻ പുഴയായൊഴുകി !