malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 ഏപ്രിൽ 10, ശനിയാഴ്‌ച

വാക്കുകൾ മരിക്കുന്നില്ല





മരിച്ചുപോയ ഒരാൾ ഒരു വാക്കാണ് !

ഭൂമിക്കടിയിൽ മലർന്നു കിടക്കുന്ന -

ഒരു വാക്ക്

ആ വാക്കാണു നമ്മേ നാമാക്കുന്നത്!

ആ വാക്കാണു നമ്മേ മുന്നോട്ടു നയിക്കുന്നത് !!

ആ വാക്കാണുനമ്മുടെ സംസ്കാരം!!!


ആ വാക്ക് മൗനത്തിൻ്റെ ഭാഷയിൽ -

നമ്മോടു സംസാരിക്കുന്നു

ആ വാക്ക് മരിച്ചിട്ടില്ലെന്ന് ചിലപ്പോൾ -

നാം തന്നെ നമ്മോട് വെളിപ്പെടുത്തുന്നു


അച്ഛനായി,മകനായി, ഭർത്താവായി,

കാമുകനായി, ഭരണാധികാരിയായി

ചില നേരങ്ങളിൽ നമ്മിൽ നിന്ന് നമ്മിലേ -

ക്കു വന്ന്

നമ്മേനിയന്ത്രിക്കുന്നു

അങ്ങനെ, നഷ്ടപ്പെട്ടു പോയിയെന്നു നാം -

കരുതിയ ഒന്നിനെ ഒരു നിമിഷം നമുക്കു -

തിരിച്ചു കിട്ടുന്നു


ശ്മശാനത്തിലുള്ള ഒരാൾ ഇപ്പോൾ ഇവിടെ -

ഉണ്ടായിരുന്നു എന്ന് തോന്നാറുണ്ട്

അപ്പോൾ ,ചിലനേരംനാം കണ്ണുകളടച്ചു നിൽ-

ക്കാറുണ്ട്

ശരീരത്തേക്കാൾ വാക്കുകൾ കേൾക്കാനെ-

ന്നോണം

അങ്ങനെ ഒരുവാക്കും മരിച്ചു പോകുന്നില്ലെന്ന

ഒരു രൂപകം നമ്മിൽ രൂപപ്പെടും

2021 ഏപ്രിൽ 8, വ്യാഴാഴ്‌ച

വർത്തമാനത്തിൽ




നാട്ടിൻ പുറത്തെ

നാൽക്കവലയില്ല

നാലാൾ കൂട്ടമില്ല

നാട്ടുവർത്തമാനമില്ല

നാലും കൂടിയ മുക്കിലിരുന്ന്

നാലും കൂട്ടിമുറുക്കാറില്ല


നടവഴിയില്ല

നെടും വരമ്പില്ല

നെടിയ പിലാവിൻ

തണലും ഇല്ല

അയൽപക്കത്തെ വീട്ടിൽ നിന്നും

നീട്ടി വിളിയുടെ കൂറ്റും ഇല്ല


വാഴ്ത്തുകളെങ്ങും

വീഴ്ത്തുകൾ ചുറ്റും

വഴിയുടെ വായ്ത്തലയിൽ

നിൽപ്പൂ ഞാൻ

കരുണാ ശൂന്യ കഴുകക്കണ്ണുകൾ

കനവുകൾ കൊത്തിവലിച്ചീടുന്നു


2021 ഏപ്രിൽ 7, ബുധനാഴ്‌ച

സ്ത്രീ


രാവിലെയവൾ കട്ടൻചായതന്നു
കുടിക്കുമ്പോൾ രക്തത്തിൻ്റെ ചുവ
പ്രാതലിന് ചുടുവെള്ളം തന്നു
കണ്ണീരിൻ്റെ ചുവ.

മനസ്സ് പൊള്ളയെന്നറിഞ്ഞിട്ടും
പൊള്ളുന്ന രുചിതന്ന്
വിഴുപ്പലക്കി
നിന്നെ നീയാക്കുന്നത്
അവളുടെ രക്തവും, കണ്ണീരുമെന്ന്
ഇനിയെന്നാണ് നീയറിയുക ?!

വേരുകൾ


വേരുകളെപ്പോലെ സ്നേഹം
വേറൊന്നിനുമുണ്ടാകില്ല
മണ്ണിലലിഞ്ഞ പിതൃക്കളെ തൊട്ട്
വംശസ്മൃതികളിൽ ജീവിക്കുന്നു
അതുകൊണ്ടായിരിക്കണം
ആ പ്രാചീനമായ അടയാളങ്ങൾ
ഇന്നും മരത്തിലവശേഷിക്കുന്നത്

വെയിലും നിലാവും ഭക്ഷിച്ചു കഴിഞ്ഞിട്ടും
ബാക്കിയാവുന്ന മരത്തിൻ്റെ വിശപ്പിന്
ഭക്ഷണമേകുന്നുവേര്
മഴയും കാറ്റുമായുള്ള മൈഥുനത്തിൻ്റെ
ആഘോഷങ്ങളിൽ
മരങ്ങൾ വേരുകളെ ഓർക്കാറേയില്ല

ഭോഗത്തെ ത്യാഗംകൊണ്ട് നേരിടുന്നു -
വേരുകൾ
ആഴങ്ങളിലേക്ക് അരിച്ചിറങ്ങി
അടരുകളിലേക്ക് ആഴ്ന്നിറങ്ങി
ചോര വിയർപ്പാക്കി
വിയർപ്പിൻ്റെ ഉപ്പേകിയാണ്
വേരുകൾ മരത്തിനെ പച്ചപിടിപ്പിച്ചത്

പട്ടിണിയുടെ കഷ്ടപ്പാടെന്തെന്ന്
അറിയിച്ചിട്ടേയില്ല
പച്ചയിലേക്ക് നോക്കി പ്രാർത്ഥിക്കാറു-
ണ്ട് വേര്
ഒരിക്കൽ പഴുത്തടിയുമല്ലോയെന്ന്
വ്യാകുലപ്പെടാറുണ്ട്

വായനക്കാരാ; ഇത്രയും വായിച്ചിട്ടും
നിന്നിൽ എന്തുവികാരമാണ് നുരയിട്ടത്
വെളുത്ത വാക്കുകൾ നെയ്ത്
കടയ്ക്കൽ കത്തിവെച്ച്
മരത്തിൻ്റെ ചോരയും, മാംസവും അരച്ചു -
ചേർത്ത് നെയ്തെടുത്ത പുത്തൻ -
വസ്ത്രമല്ലെ  നിന്നെ സുന്ദരനാക്കുന്നത്
അല്ലാതെ എന്തു പാവനത്വമാണ്
നിനക്കവകാശപ്പെടാനുള്ളത്
....................................
രാജു.കാഞ്ഞിരങ്ങാട്





ഇറച്ചി


അച്ഛൻ അരുമയായി വളർത്തി
അമ്മയില്ലാത്ത ദുഃഖം അവളറി-
ഞ്ഞതേയില്ല
മകൾ വളർന്ന് ഒത്ത പെണ്ണായി

ഒരു രാത്രിയിൽ,
അച്ഛൻ വേട്ടക്കാരനായി
മകൾ ഇരയും

പിന്നെ താമസിച്ചില്ല
അവൾ, അവളെ അറുത്തുമുറിച്ച്
പാകത്തിന് ഉപ്പും, മുളകും ചേർത്ത്
കറി വെച്ചു!

പ്രാതലിന് മേശപ്പുറത്ത്
ആവി പറക്കുന്ന ഇറച്ചിക്കറി.
അച്ഛൻ ആവോളം കഴിച്ചു
മകളുടെ വെന്തമാംസം

2021 ഏപ്രിൽ 4, ഞായറാഴ്‌ച

ഈസ്റ്റർ




വെട്ടി മൂടിയവരറിഞ്ഞിരുന്നില്ല

വിത്തായിരുന്നെന്ന്

എല്ലാറ്റിനും

ഒരു മൂന്നാംപക്കമുണ്ടെന്ന്


വെള്ളരിപ്രാവുകൾ

പിറവിയെടുക്കുക തന്നെ ചെയ്യും

ഒലീവിലകൾ തളിർക്കുകയും 

2021 ഏപ്രിൽ 3, ശനിയാഴ്‌ച

ദൈവം എത്രകാരുണ്യവാനാണ്


ദൈവം എത്ര കാരുണ്യവാനാണ് !
പ്രളയകാലത്ത് വെന്തനെഞ്ചുമായി
ഒരു തുള്ളി വെയിലിന് ആർത്തലച്ചതിന്
ഇതാ വെയിലിൻ്റെ ഒരു വർഷപാതം തന്നെ
നമ്മിലേക്കു ചൊരിയുന്നു

ദൈവം എത്ര കാരുണ്യവാനാണ് !
അസുഖമുള്ള കുഞ്ഞിനെ ആശുപത്രിയിൽ -
കിടത്താൻ കാശില്ലാതെ വന്നപ്പോൾ
ചെടിയിൽ നിന്ന് പൂവിനെയെന്നപോലെ
അമ്മയിൽനിന്നും കുഞ്ഞിനെയടർത്തി
രോഗമില്ലാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടു -
പോയിരിക്കുന്നു

ദൈവം എത്ര കാരുണ്യവാനാണ് !
ഈ പട്ടിണിക്കാലത്തും
അന്നത്തിന് കന്നത്തരം കാണിക്കില്ലെന്ന്
എനിക്കുറപ്പുണ്ട് !!
അങ്ങനെ ഈ കാലത്തോട്
ഞങ്ങൾ പ്രതികാരം ചെയ്യുക തന്നെ ചെയ്യും !!!