malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 സെപ്റ്റംബർ 19, ഞായറാഴ്‌ച

മഴവില്ല്


ഓണ നാളിലാണ്
വീട്ടിലെ പൂക്കളമത്സരത്തിനാണ്
ഒരുത്രാട സന്ധ്യയിൽ

സ്കൂളിൽ നിന്ന് വരുമ്പോൾ -
വാങ്ങിയ മഷി ഗുളിക
നീല, പച്ച, ചുകപ്പ്, കറുപ്പ്.......
ഏഴു നിറങ്ങൾ

ഈർച്ചപ്പൊടിയിൽ നിറം പകരാൻ
ചിരട്ടകളിൽനിറച്ചുവച്ചു
കലികൊണ്ടഅച്ഛൻ കാലാൽതട്ടിമറിച്ചു
നിറങ്ങളേഴും

വിതുമ്പിക്കൊണ്ടച്ഛനെ നോക്കേ
ദേഷ്യം പൂണ്ട ചക്രവാളത്തിൽ
നിറഞ്ഞു നിൽക്കുന്നു
ഏഴു നിറത്തിൽ മഴവില്ല്

2021 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഭൂമി


ഭൂമി ഒരുമൺപാത്രമാണ്
ഉടയുന്തോറും ചുട്ടെടുക്കപ്പെ-
ടുന്ന മൺപാത്രം
ഭൂമിക്കടിയിൽ ചൂടുള്ള ഒരു -
ചൂളയുണ്ട്.

2021 സെപ്റ്റംബർ 15, ബുധനാഴ്‌ച

ഇന്നുമുണ്ട്


വർഷമെത്ര കഴിഞ്ഞുവെന്നാകിലും
ഹർഷങ്ങളൊക്കെയൊഴിഞ്ഞുവെന്നാ
കിലും
ഉണ്ടെൻ്റെയുള്ളിലാ നാട്ടുപൊട്ടിച്ചിരി
പണ്ടു ഞാൻ കേട്ട പാണൻ്റെ ഞാണൊലി

കൊയ്ത്തുപാടത്തെ പഴുത്ത കതിർക്കുല
കൊത്തുവാനെത്തും കിളിതൻ വിരുതുകൾ
മട്ടലിൽ തട്ടി വീണുള്ള മുട്ടിലെ മുറിവുണക്കിയ
കമ്മ്യൂണിസ്റ്റ് പച്ചകൾ

കുളങ്ങൾ ,തോടുകൾ, കാരപ്പഴക്കൂട്
മൊട്ടാമ്പുളി, മൂത്തു പഴുത്ത വാളൻപുളി
കണ്ണിമീനിനെ കോർത്തുള്ള ചൂണ്ടയിൽ
കുരുങ്ങി പിടയുന്ന നീർക്കോലിപ്പേടികൾ

കനിമരത്തിൻ്റെ തുഞ്ചത്തിലേറി
കയത്തിലേക്കൂളിയിട്ടുള്ള കളികൾ
പുളിമരക്കൊമ്പിലൂഞ്ഞാലിലാടി
ആകാശത്തിനാഴങ്ങൾ തൊട്ടുളളനിവരൽ

കൂട്ടുകാരാംകുസൃതിക്കുടുക്കകൾ
ചിങ്ങംമഴതീർത്ത കാവ്യശീലുകൾ
കാട്ടിലും കാരമുള്ളിലും തട്ടാതെ
നേർവഴിനുള്ളിത്തന്നുള്ള മുത്തശ്ശി

ചിത്രമെന്നപോലിന്നുമെന്നുള്ളിൻ ചുമരിൽ
തൂങ്ങിയാടുന്നു ഓർമ്മകൾ

വഴി


കോഴികൂവുംനേരത്ത്
കോർമ്പയുമായിയിറങ്ങുന്നു -
അച്ഛൻ
കൂർമ്പക്കാവിനപ്പുറത്തെ
കൈത്തോടിനരികിലൂടെ നടക്കുന്നു

പന്നിപ്പടക്കവുമായി നെല്ലിനുകാവലി -
രുന്നകാലം
മുയൽ, ഏള, എയ്യൻയെന്നിവയെ -
തുരത്താൻ
ടിന്നിൽ കല്ലിട്ടുമുട്ടിയകാലം
കാവൽമാടത്തിലെ കള്ളുകുടി, ബീഡി -
വലി
ബാല്യകാല ഓർമ്മയിൽ
തോട്ടിലെവെള്ളത്തെപ്പോലെ ഒഴുകി -
നടക്കുന്നു അച്ഛൻ

ഉച്ചയ്ക്ക് കഞ്ഞിയില്ലാതെ
വെയിലും, മഴയുമെന്നില്ലാതെ
കൊറ്റിനുവകതേടി കോർമ്പയുമായി
പോകുന്നുഅച്ഛൻ

കോഴികൂടുംനേരംകഴിഞ്ഞിട്ടും
അടുപ്പിൽ കഞ്ഞിക്കുവെച്ചവെള്ളം
വറ്റിയിട്ടും
അച്ഛനെകാണാഞ്ഞ് തിരക്കിയിറങ്ങി -
യപ്പോൾ

പുഴപ്പാലത്തിൻ കൈവരിയിൽ
ചാവാത്ത മീൻപോലെ
കോർമ്പയിൽ കോർത്ത്
തൂങ്ങിപ്പിടയുന്നു അച്ഛൻ

അടയാളം


എൻ്റേതും, നിൻ്റേതും
ഒരേ കാലടിപ്പാടുകൾ
പക്ഷെ;
പതിയാതെ നടക്കുവാൻ -
പഠിക്കണം
പ്രണയത്തിന്
അടയാളമെവിടെ

2021 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

പ്രണയവഴി


മെല്ലിച്ചനിൻ്റെ വിരലുകളാലെഴുതിയ
കവിതയാണു ഞാൻ
നിൻ്റെ ഉച്ഛ്വാസങ്ങൾക്കുതാഴെ
കരുത്തിൻ്റെ ഊഷ്മളതയിൽ
അമർന്നു കിടക്കുന്നു

സമുദ്രമേ,
അഴിമുഖത്തണഞ്ഞ പുഴയാണുഞാൻ
നിന്നിലേക്കൊഴുക്കുന്നത് അറിയുന്നേ-
യില്ലല്ലോ !
നിൻ്റെ മാന്ത്രിക വലയത്തിൽ ,കരുത്തിൽ
ഞാൻ കുളിർന്നേ പോകുന്നല്ലോ

പ്രീയനേ, നോക്കൂ ;
പടിഞ്ഞാറൻ ചക്രവാളത്തെ
നാമെന്നും സായാഹ്നത്തിൽ നടക്കാറുള്ള
ചെമ്മൺപാതപോലെ !!

പ്രീയനേ ,പ്രണയത്തിൻ്റെ ഒരു ചക്രവാളം
നാം തീർക്കുന്നു
ഒരിക്കലും അവസാനിക്കാത്ത ആ -
  പ്രണയത്തിൻ്റെ ചെമ്മൺപാതയിലൂടെ -
നമുക്ക്നടക്കാം

പ്രണയിനി


പൂക്കാറില്ലീ തൊടിയിലെച്ചെടികൾ
പൂവിലുംപൂവായ് നീയുള്ളപ്പോൾ
പാടാറില്ലപക്ഷികളും
പാട്ടുകൾ നീപകർന്നാടുമ്പോൾ

കളകളമൊഴുകാറില്ലീകാട്ടാർ
കളിചിരിയായ് നീയുള്ളപ്പോൾ
ഈ വഴിയില്ലനിലാവും ഇപ്പോൾ
നീ ചിരിതുടങ്ങിയതിൽപിന്നേ

കോടക്കാറുകളെങ്ങോമാഞ്ഞു
എന്നരികത്തുനീയെത്തുമ്പോൾ
ക്ലാവുപിടിച്ചൊരു മൗനംമാഞ്ഞു
കവിളിൻ കുങ്കുമപ്പൂകാൺകേ

പെണ്ണേ, പ്രണയപ്പൂവേയെൻമനം
പൂത്തുമ്പികളായ് തുള്ളുന്നു
നിൻചൊടിയിണയിലെ പ്രേമമരന്ദം
നുകരാൻ വെമ്പൽകൂട്ടുന്നു