malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

മനസ്സ്


മനസ്സിനെ
മനസ്സിലാകുന്നേയില്ല
എത്രമാത്രം
നിഗൂഢവും
അപരിചിതവുമാണ്

ഏതു നിമിഷവും
ദംഷ്ട്രകൾ മുളച്ചേക്കാം
ദൃഷ്ടികൾ കൂർത്തേക്കാം

എരിയുന്ന കനലിൽ
ഇരപിടഞ്ഞേക്കാം
പൊരിയുന്ന മൗനം
വീണുടഞ്ഞേക്കാം

വെളുപ്പ് കറുപ്പിന്
വഴിമാറിയേക്കാം
ആദിമ കാടത്തം
അരങ്ങേറിയേക്കാം

മനസ്സ്
ഒരു മഹാഗുഹയാണ്
ധ്യാന ബുദ്ധൻ
തപസ്സിലാണ്

2021 ഒക്‌ടോബർ 6, ബുധനാഴ്‌ച

കാലം




ഋതുക്കൾ തന്നതെല്ലാം

ഋണഭാരം

രജസ്വലയ്ക്ക്കൂട്ട് ശ്യാമം

ആട്ടിൻതോലിട്ട ചെന്നായകൾചുറ്റും

ചെന്നിനായകം പുരട്ടിയമുലകൾ

കയപ്പു ചുരത്തുന്നു


ചിതലെടുത്ത പുസ്തകത്തിലെ -

ഏടാണുഞാൻ

വായിച്ചെടുക്കാൻ കഴിയാത്തവിധം

ദ്രവിച്ചുപോയ അക്ഷരമാണുജീവിതം


ചുവന്നുപോയ അക്കങ്ങൾകൊണ്ടൊരു -

കലണ്ടർ

കാണാത്തൊരണുവന്നു കാർന്നുതിന്നതി -

ൻ സാക്ഷ്യം

നരച്ചസന്ധ്യകൾക്കൂട്ട്

നുരിവെച്ചുവരുന്നുണ്ട് ഇരുട്ട്


ശ്യാമദൈവത്തിനു മുന്നിൽ

തലകുനിച്ചുനിൽക്കുന്നു ദിക്കുകൾ


2021 ഒക്‌ടോബർ 5, ചൊവ്വാഴ്ച

നോക്കിലെ വാക്ക്




നോക്കിലൊരു വാക്കുണ്ട്

വാക്കിൽ ചില വളവുണ്ട്

മുളപൂത്തതുപോലെയതിൽ

മൂപ്പിളമ പലതുണ്ട്

വെള്ളിടിയും തണു കാറ്റും

പുഞ്ചിരിയും, പരിഹാസവും

പലതുള്ളി പെരുവെള്ളം

പോലെയതിൽ വകഭേദം

ചടുലതയിൽ നൊടിനേരം

വിരിയുന്ന നോക്കിൻ്റെ

നിറമെന്ത് നറുപച്ചയോ

നെറികേടിൻ തെറിയേറ്റത്തിറ -

യാട്ട പുറപ്പാടോ

മിഴികളിലെ മൊഴിയറിയാൻ

ഇനിവേണ്ട മണിയൊട്ടും

ത്രസിക്കുന്ന നക്ഷത്ര കിരണത്തിൽ

വെളിവാകും

ആ വാക്കിൻ തരംതിരിവിൽ

ഹൃദയത്തിൻ തുടികേൾക്കാം

പെരുവിരലിൽ നിന്നുമൊരു

പെരുമീനുദിച്ചുപൊന്തും

ചെന്നിവഴി ചെറുചാലുകൾ

ചെറ്റെന്ന് ഉറവയിടും

കണ്ഠത്തിൽ ഒരു ശബ്ദം

ടപ്പേന്ന് വന്നടയും

തലയിലൊരു മണൽക്കൂന

നിലക്കടല വറുത്തീടും

ഉടലാകെ ഒടുക്കത്തെ

തുടലിന്നാൽ തളച്ചീടും

ആ നോക്കിൽ കയപ്പുണ്ട്

ആ നോക്കിൽ ഇനപ്പുണ്ട്

ആ നോക്കിൻ പുളിയാണ്

നോക്കിൻ്റെ പെരു വാക്ക്

ശ്യാമം


ശ്യാമം അടയാളം
അർബുദം പോലെ അമർത്തി -
പ്പിടിക്കുന്നു
അധമചുംബനത്താൽ
അധരംപൊള്ളിക്കുന്നു

രാത്രി പ്രസവിച്ച പുലരിക്കുഞ്ഞിൻ്റെ
കഴുത്ത് ഞെരിച്ചു കൊന്ന്
പടർന്ന ചോരയിൽ ചവുട്ടി നടന്ന്
രാത്രി മറഞ്ഞിരിക്കുന്നു
ഓരോ കാൽപ്പാടിൽ നിന്നും
കുട്ടികളുടെ നിലവിളികളുയരുന്നു

നഗ്നതയിൽ നിശാഗന്ധി പൂക്കുന്നു
ബലിഷ്ഠഭോഗത്തിൽ
ശ്യാമവസ്ത്രമുലയുന്നു
തലചതഞ്ഞ പാമ്പ് പിടഞ്ഞു മരിക്കുന്നു
ചത്ത പാമ്പുപോലെ ജീവിതം

ഋതുക്കളെ കോർത്തു വലിക്കുന്നു
കാലചക്രം
ശ്യാമമെന്നെ പരിണയിക്കുന്നു
ഒരു കമ്പും, ഫോസ്ഫറസും
എനിക്കു തരിക
ഇരുട്ടിൻ്റെ ആയുധപ്പുരയിൽ നിന്ന്
സൂര്യജ്വാലയായെനിക്ക്
വെളിച്ചപ്പെടണം

2021 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

വരും.... !


നേരറ്റുപോകരുത്
നെറികെട്ടു നടക്കരുത്
നിരാലംബയെന്നുനീ
മനംനൊന്തു കേണു
തളരരുത്

നിശയെഭയക്കരുത്
നിരാശയിൽവേവരുത്
സ്നേഹതീർത്ഥത്തിലാ-
റാടിക്കുമവൻ തീർച്ച

നഷ്ട ഋതുക്കളെയോർ -
ത്തുനീ കേഴാതെ
വരുമിനിയും വസന്തവും, -
ഹേമന്ത,ശിശിരസുഖദി -
നങ്ങൾ

നീലക്കടമ്പായവൻപൂത്തു -
നിൽക്കും
കാളിന്ദിയായ്നീ കരകവി -
ഞ്ഞൊഴുകും
ഇളമുളംതണ്ടൂതിയവൻ -
പ്രണയംവിതക്കും
പൂർണ്ണേന്ദുപോലെ നീ-
നൃത്തമാടും

2021 ഒക്‌ടോബർ 2, ശനിയാഴ്‌ച

കാമുകി


ഇന്നലെവരെ പൂക്കാതിരുന്ന-
കൈതക്കാട്
ഇന്നുപൂത്തുലഞ്ഞ് എന്നെ -
കൈമാടിവിളിച്ച്
കാതിൽപറഞ്ഞു
ഇന്നുനീ വന്നിരുന്നുവെന്ന്

ഇഷ്ടം


ഇഷ്ടത്തിൻ്റെ താക്കോൽ
കൊണ്ടാണ്
ഹൃദയത്തിൻ്റെ ഉള്ളറ തുറന്നത്

അന്ന് നിന്നെ കയറ്റിയിരുത്തി
അടച്ചു പൂട്ടിയതാണ് ആ അറ

തുറന്നാൽ പുറത്തിറങ്ങിപ്പോകു-
മെന്നതിനാൽ
കണ്ണടച്ച് കാണാതിടത്ത് വലിച്ചെറി-
ഞ്ഞു താക്കോൽ

ഇപ്പോൾ ഒറ്റ പ്രാർത്ഥനയേയുള്ളു :
'കണ്ടുകിട്ടരുതേ എവിടെയെങ്കിലും -
വെച്ച്
കളഞ്ഞ ആ താക്കോൽ'